മുഫീദ ഫയാദിലേയ്ക്ക് ബോര്‍ഡ് വച്ചിരുന്ന ഒരു ബസ്സിലേയ്ക്ക് കയറി. ഒരു പഴഞ്ചന്‍ ബസ്സായിരുന്നു അത്. സ്റ്റെപ്‌ബോര്‍ഡു പോലും 'ഇപ്പോ പൊളിയും' എന്ന മട്ടിലിരിക്കുന്നു. അവള്‍ കാലു വച്ചപ്പോള്‍ അതൊന്നുലഞ്ഞ് വികൃതമായൊരു ശബ്ദമുണ്ടാക്കി.
ഏഴു നിരയും ഏഴു സീറ്റും വിട്ട് എട്ടാമത്തെ സീറ്റില് ഇരുന്നു. പര്‍ദ്ദ പിടിച്ച് നേരെയിട്ടു. മോനുറങ്ങുകയായിരുന്നു. വായിത്തിരി തുറന്നിരിക്കുന്നു. മുഖത്തേയ്ക്കു വീണു കിടന്നിരുന്ന മുടിയിഴകള്‍ അവള്‍ ഒതുക്കി വച്ചു കൊടുത്തു. കുഞ്ഞ് ഉറക്കത്തില്‍ ചിരിച്ചു.
അല്ലാഹ്, നീ എന്തു കിനാവാണ് അവനെ കാട്ടിക്കൊടുക്കുന്നത്!
മുഫീദ അവനെ ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു. ഒന്നു് അലോസരപ്പെട്ട് ഉറക്കമുണരാതെ കുഞ്ഞിക്കൈകള്‍ കൊണ്ട് അവന്‍ അവളുടെ മുഖം തള്ളിമാറ്റി. പിന്നെ മാറിലേയ്ക്ക് അല്‍പം കൂടി പറ്റിക്കിടന്നു.
ബസ്സില്‍ അവളെക്കൂടാതെ വേറെ രണ്ടോ മൂന്നോ പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു ചെമ്പന്‍താടിക്കാരനായിരുന്നു ഡ്രൈവര്‍. അയാള്‍ കയറി വന്ന് കണ്ണാടിക്കു താഴെ തൂക്കിയിട്ടിരുന്ന കാ്‌അബയുടെ ചിത്രത്തിനടിയില്‍ മുത്തി. സീറ്റിലിരുന്ന് വണ്ടി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചു തുടങ്ങി.
'എനിക്കിനി വയ്യെ'ന്ന് വയസ്സന്‍ എഞ്ജിന്‍ മുരണ്ടു. പുറകിലെ പുകക്കുഴലിലൂടെ അത് ദീര്‍ഘനിശ്വാസങ്ങളുതിര്‍ത്തു. മൂന്നു നാലു തവണ കഴിഞ്ഞപ്പോള്‍ അതിനു ജീവന്‍ വച്ചു. ഡ്രൈവര്‍ ഒന്നു ഇരപ്പിച്ചു. നഷ്ടപ്പെട്ടുപോയ യൌവ്വനം തിരികെപ്പിടിക്കാന്‍ ശ്രമിച്ച് ബസ്സ് കിതച്ചു.
പുറത്തെ മഞ്ഞില്‍ കലര്‍ന്ന് പുക മാഞ്ഞു പോകാതെ നിന്നു. ഡീസലിന്‍റെ മണം ബസ്സിനുള്ളിലേയ്ക്ക് അടിച്ചു കയറി. മുഫീദ പര്‍ദ്ദയുടെ ഒരറ്റമെടുത്ത് കുഞ്ഞിന്‍റെ മൂക്കു മൂടി, യാത്ര തുടങ്ങുന്നതിനുള്ള ദിക്‌റു് ചൊല്ലി.
മസസ്സില്ലാ മനസ്സോടെ ബസ്സ് ഉലഞ്ഞുലഞ്ഞ് നീങ്ങാന്‍ തുടങ്ങി. അതു കുലുങ്ങിയപ്പോള്‍ മോനുണര്‍ന്നു. ഉറക്കം വിടാതെ ചിണുങ്ങി.
"നോക്ക് മുത്തേ.. പൊറത്തേക്ക് നോക്ക്.. " പുറത്തെന്തോ കാണാനുണ്ടെന്നുള്ള ഭാവത്തില്‍ അവള്‍ വെറുതേ പുറത്തേയ്ക്ക് ചൂണ്ടിക്കാണിച്ചു. തരിശുഭൂമിയുടെ നരച്ച നിറം അവന്‍റെ കണ്ണിലേയ്ക്കടിച്ചു കയറി.
"മ്മക്ക് മാമാടെ അടുത്ത് പോകണ്ടേ?"
കുഞ്ഞു കരച്ചില്‍ നിര്‍ത്തിയില്ല.
മുഫീദ തിരിഞ്ഞു ചുറ്റും നോക്കി. അടുത്ത സീറ്റുകളിലൊന്നും ആരും ഇരിക്കുന്നില്ല. അവള്‍ പര്‍ദ്ദയുടെ മുന്‍ഭാഗത്തെ ബട്ടന്‍സുകളഴിച്ച് കുഞ്ഞിനു മുലകൊടുത്തു.
കരച്ചില് നിര്‍ത്തി അവന്‍ മുല വലിച്ചു കുടിച്ചു. മുഫീദ അവന്‍റെ തലയില്‍ തലോടിക്കൊണ്ട് ജനലിലൂടെ പുറത്തേയ്ക്കു നോക്കി.
മഞ്ഞ് കാഴചയെ അധിക ദൂരം കടത്തി വിടുന്നുണ്ടായിരുന്നില്ല. നോക്കെത്തുന്നിടമെല്ലാം നരച്ച മണ്ണ്. ജീവന്‍റെ ഒരു പച്ചപ്പുപോലുമില്ലാതെ അതു കാഴ്ചയുടെ അതിരുകളെ വിഴുങ്ങി പരന്നു കിടന്നു.
ബസ്സ് എവിടെയോ കിതച്ചു കിതച്ച് നിന്നു. രണ്ടു പട്ടാളക്കാര്‍ കയറി വന്നു. ഒരാള്‍ യാത്രക്കാരെ ഓരോരുത്തരെയായി മുഖത്തേയ്ക്കു ടോര്‍ച്ചടിച്ചു നോക്കി. മുഫീദ മുലകൊടുക്കുന്നത് കണ്ട് അയാളൊരു വഷളന്‍ ചിരി ചിരിച്ചു. കുഞ്ഞിന്‍റെ മുഖത്തേയ്ക്കെന്ന മട്ടില്‍ അയാള്‍ അവളുടെ മുലയിലേയ്ക്ക് ടോര്‍ച്ച് മിന്നിച്ചു.
അയാളുടെ മുഖത്തേയ്ക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നതല്ലാതെ അവള്‍ മാറു മറയ്ക്കാന്‍ മെനക്കെട്ടില്ല. സീറ്റിനടില്‍ വച്ചിരുന്ന അവളുടെ ബാഗില്‍ തോക്കിന്‍റെ പാത്തികൊണ്ട് ഒന്നു കുത്തി നോക്കി ബോദ്ധ്യപ്പെട്ട് അയാള്‍ സ്ഥലം വിട്ടു.
ബസ്സ് വീണ്ടും മുരണ്ടു തുടങ്ങി. കുഞ്ഞ് ശബ്ദം കേട്ടുണര്‍ന്നു. ഉറക്കം വിട്ട് അവന്‍ പുറത്തേയ്ക്കു നോക്കിക്കൊണ്ടിരുന്നു.
കാഴ്ചയുടെ നരപ്പ് വിട്ടു തുടങ്ങിയിരുന്നു. അവിടവിടെയായി ചില വീടുകളും കടകളും കണ്ടു തുടങ്ങി. ആണുങ്ങള്‍ ഹുക്കയും വലിച്ച് കയറ്റുകട്ടിലുകളില്‍ സൊറ പറഞ്ഞിരിക്കുന്നു. സ്ത്രീകള്‍ തുണിയുടുക്കാത്ത കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നു. ആടുകളെ തീറ്റുന്നു.
ബസ്സ് തിരക്കിലേയ്ക്കാണു പാഞ്ഞു കൊണ്ടിരുന്നത്. ഓരോ നാഴിക കഴിയുംതോറൂം കാഴ്ചകള്‍ക്കു നിറവും ജീവനും വച്ചു. ബസ്സില്‍ തളം കെട്ടിയിരുന്ന നിശ്ശബ്ദതയൊഴിഞ്ഞുപോയി ചിരികളും കലപിലകളും കൊച്ചുവര്‍ത്തമാനങ്ങളും നിറഞ്ഞു.
മോന്‍ പുറത്തെ കാഴ്ചകള്‍ കണ്ണീമയ്ക്കാതെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്ക് അല്‍ഭുതം പങ്കു വയ്ക്കാന്‍ അവന്‍ ഉമ്മയുടെ മുഖത്തേയ്ക്കു നോക്കും.
"മ്മള്ളെവിടേയ്ക്കാ മുത്തേ പോണദ്?"
തലകുലുക്കി താളത്തില്‍ അവള്‍ തന്നെ ഉത്തരവും പറയും.. "മാമാടെ അട്ത്തേയ്ക്ക്.. മാമാടെ.."
താഴത്തെ നിരയില്‍ പുതുതായി വന്ന രണ്ടു കുഞ്ഞരിപ്പല്ലുകള്‍ ചിരിക്കും. കണ്ണുകള്‍ അപ്പോഴും പുറത്തെ നിറങ്ങളെ ആര്‍ത്തിയോടെ വിഴുങ്ങുകയാവും.
ബസ്സ് പട്ടണത്തിലെ തിരക്കില് അലിഞ്ഞു തുടങ്ങിയിരുന്നു. ആകാശത്തെ ചുംബിച്ചു നില്‍ക്കുന്ന കെട്ടിടങ്ങളെ മുഫീദ പുറത്തേയ്ക്കു തലയിട്ടു നോക്കി. ബസ്സിന്‍റെ ജനല്‍ചതുരത്തില്‍ അവയുടെ കൂര്‍ത്ത മുഖങ്ങള്‍ പിടികൊടുക്കുന്നുണ്ടായിരുന്നില്ല.
ബസ്സ് ബസ്റ്റാന്‍ഡിനകത്തു കയറി കിതപ്പാറ്റി.
"ഫയാദ്.. ഫയാദ്.. ഇറങ്ങിക്കോളീ.. " ചെമ്പന്‍താടിക്കാരന്‍ ഡ്രൈവര്‍ തിരിഞ്ഞു നോക്കി വിളിച്ചു പറഞ്ഞു.
കുഞ്ഞിനെ വാരിപ്പിടിച്ച് മുഫീദ അപരിചിതത്വത്തിലേയ്ക്ക് ചവിട്ടുപടിയിറങ്ങി. മുന്നുനാലടി മുന്നോട്ടു നടന്നു.
"പെങ്ങളേ.. ദാ ങ്ങളെ ബാഗ്.. " സീറ്റിനടിയില്‍ മറന്നു വെച്ച ബാഗുമായി ഡ്രൈവര്‍ ഓടി വന്നു.
മുഫീദ അയാളുടെ കണ്ണിലേയ്ക്കു നോക്കി. ചുറ്റിലുമുള്ള അപരിചിതത്വമല്ലാത്ത എന്തോ ഒന്ന്.. ബാഗ് വാങ്ങി ഒന്നു ചിരിച്ചു.
തിരിഞ്ഞു നിന്ന് കുഞ്ഞിന്‍റെ കണ്ണിലേയ്ക്ക് നോക്കി.
"മാമാടെ അടുത്തു പോണ്ടേ.. ?" അവന്‍ തൊണ്ണുകാട്ടി ചിരിച്ചു. കാലിട്ടടിച്ചു.
മുഫീദ പര്‍ദ്ദയുടെ ബട്ടനുകള്‍ക്കിടയിലൂടെ കയ്യിട്ട് എന്തിലോ അമര്‍ത്തി.
ഫയാദ് ബസ്റ്റാന്‍റില്‍ ഒരു അഗ്നിപുഷ്പം വിരിഞ്ഞു.
2008, ഡിസംബർ 31, ബുധനാഴ്‌ച
അഗ്നിപുഷ്പം
സമയം:
11:16 AM
26
പ്രതികരണങ്ങള്‍
Labels: കഥ
2008, ഡിസംബർ 8, തിങ്കളാഴ്‌ച
വീണ്ടുമൊരു ബഹു-സംഗീതം
ബഹുവ്രീഹി എന്‍റെ ഒരു പൊട്ടപ്പാട്ടിനു കൂടി ജീവനൂതിതന്നിരിക്കുന്നു.
മാനത്തെല്ലാം വിത്തുവിതച്ചതു..
(അത്യുഗ്രനൊരു ഈണം ലിറിക്സെഴുതി എങ്ങനെ കൊളമാക്കാം എന്നിവിടെ അനുഭവിച്ചറിയൂ.. :) )
ബഹു, പുള്ളി, ശ്രീകാന്ത് പുലിത്രയത്തിന് എന്‍റെ അകൈതവമായ നന്ദി കുപ്പിയിലാക്കി അയക്കുന്നു..
സമയം:
8:19 AM
10
പ്രതികരണങ്ങള്‍
Labels: സംഗീതം
2008, നവംബർ 30, ഞായറാഴ്‌ച
പനി
ശരീരത്തിനും മനസ്സിനും ഒരുപോലെ പനിപിടിച്ച ഒരു ദിവസമാണിന്ന്.
വകയില് ആരോ മരിച്ചുപോയെന്ന് ഫോണ്‍ വന്നിട്ട് കുട്ടികളേം കൂട്ടി ചാടിപ്പുറപ്പെട്ടുപോയതാണ് ഭാര്യ. ഒത്തിരി വിളിച്ചതാണ്. പോകാന്‍ തോന്നിയില്ല. ഒരു ടാക്സി പിടിച്ചു കയറ്റിവിട്ടു.
കുറേ നേരം ടീവീയ്ക്കു മുന്നില്‍ ചടച്ചിരുന്നു. അപ്പോഴാണ് ഒരു കുളിരും വിറയും വന്നു കയറിയത്. ഒരു ചെറിയ മേലു വേദന പോലെ. ആദ്യം വെറുതേ തോന്നിയതാണെന്നു കരുതി. ഒന്നൊന്നര മണിക്കൂറു കൊണ്ട് നല്ല ക്ഷീണവും ടെമ്പറേച്ചറും തുടങ്ങി.
ഛെ! വൈകിട്ടു ജോണിന്‍റെ അടുത്തു കൂടാമെന്നേറ്റതായിരുന്നു. രണ്ടു പെഗ്ഗും രണ്ടു വില്‍സും. അതാണു കണക്ക്. ശനിയാഴ്ച വൈകുന്നേരം, അല്പം തരിപ്പില്‍, അവനോടു കത്തിയും വെച്ച്, ഭൂമിയില്‍ നിന്ന് ആകാവുന്നത്ര ഉയരത്തിലൊരു കോണ്‍ക്രീറ്റ് തൂണിനു മുകളില്‍, ഒരു ചാരുകസേരയില്‍, വില്‍സും പുകച്ചുകൊണ്ട് നഗരത്തെ നോക്കി ഇരിക്കുന്നതിന്‍റെ സുഖം! ഇന്നാണെങ്കില്‍ അവളും ഇവിടില്ല. ഒമ്പത് ഒമ്പതരയാവുമ്പോള്‍ രസച്ചരടു മുറിച്ചു കൊണ്ടൂള്ള ആ ഫോണ്‍വിളിയുമുണ്ടാകുമായിരുന്നില്ല. നശിച്ച പനി!
ഒരു ചൂടു ചായ കുടിച്ചാല്‍ ഒരു സമാധാനമുണ്ടാകുമായിരുന്നു. പെട്ടെന്ന് അമ്മ ഉണ്ടാക്കാറുണ്ടായിരുന്ന ചുക്കുകാപ്പി ഓര്‍ത്തു. അതിന്‍റെ മണവും. തിളയ്ക്കുന്ന ഒരു ശനിയാഴ്ചപകല്‍, അതും പച്ചയ്ക്ക്, നൊസ്റ്റാള്‍ജിയയ്ക്ക് ഒട്ടും പറ്റിയ സമയമല്ല. ഇവിടിനി ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ലാ.
ടിവി ഓഫ് ചെയ്ത് എണീറ്റു. സന്ധികളിലൊക്കെ വേദന. ഒന്നു മൂരി നിവര്‍ത്തി. പേശികളൊക്കെ വലിയുന്നത് ഓരോന്നായി അറിയുന്നുണ്ട്. എന്തൊരു പനിയാണപ്പാ! ഒന്നൊന്നര മണിക്കൂറുകൊണ്ട് അതു കീഴടക്കിക്കളഞ്ഞല്ലോ.
കണ്ണാടിയിലൊന്നു നോക്കി. വയസ്സായിത്തുടങ്ങി. വയറധികം ചാടിയിട്ടില്ലെങ്കിലും ഒരു തൈക്കിളവന്‍റെ ലക്ഷ്ണങ്ങളൊക്കെയുണ്ട്. കഷണ്ടിക്കു വിട്ടുകൊടുത്തതില്‍ കവിഞ്ഞുള്ളടിത്ത് നര നോട്ടമിട്ടിരിക്കുന്നു. മുഖത്ത് പനിയുടെ വാട്ടം കാണാനുണ്ട്.
തന്നെ ചായയിടാന്‍ വയ്യ. തേയിലയോ മധുരമോ കൂടും. എല്ലാം പാകത്തിനായില്ലെങ്കില്‍ പിന്നെ കുടിക്കാന്‍ കൊള്ളില്ല. ഭക്ഷണമൊക്കെ അവള്‍ കാസ്റോളിലാക്കി വച്ചിട്ടാണു പോയിരിക്കുന്നത്. ഒന്നു തുറന്നു നോക്കി. ചിക്കന്‍ കറിയാണെന്നു തോന്നുന്നു. നല്ല എരിവുണ്ടാകണം.
നോട്ടം നേരെ കബോര്‍ഡിലേയ്ക്കാണു ചെന്നത്.
തലേ ആഴ്ച വാങ്ങിയ കുപ്പിയാണ്. അളിയന്‍ വന്നപ്പോള്‍. ഒരു നാലഞ്ചു പെഗ്ഗു ബാക്കി കാണണം. മനസ്സിനല്ല, കൈകള്‍ക്കാണു നിയന്ത്രണം. ശെരി, പനിച്ചു വിറച്ചൊരു ശനിയാഴ്ച കളയണ്ട. കറിയാച്ചന്‍ പറയാറുള്ളതുപോലെ ഇത്തിരി കുരുമുളകിട്ടൊരെണ്ണം പിടിപ്പിച്ചു നോക്കാം. "പനി പമ്പ കടന്നാലോ"..
സോഡയുണ്ടായിരുന്നില്ല. സാധാരണ ഗതിയില്‍ സോഡയില്ലാതെ അടിക്കാറില്ല. എന്നല്ല, സോഡയില്ലാത്തതുകൊണ്ടു അടിക്കാതിരുന്നിട്ടുണ്ട് പലപ്പോഴും. മടുപ്പ്. ഇനിയിപ്പോള്‍ ഷര്‍ട്ടെടുത്തിട്ട് താഴെയിറങ്ങിപ്പോയി, റോഡു ക്രോസു ചെയ്ത്.. ക്ളബ് സോഡ കിട്ടുകയില്ല. പിന്നെ സാദാ സോഡ. അതിലും നല്ലത് വെള്ളമൊഴിച്ചു കഴിക്കുകതന്നെ.
തണുത്ത വെള്ളമുണ്ട് ഫ്രിഡ്ജില്‍. വേണ്ട, ഇനി തൊണ്ടകൂടി പ്രശ്നമാക്കണ്ട.
ചാരുകസേര വലിച്ചു നീക്കി ബാല്‍ക്കണിയില്‍ കൊണ്ടിട്ടു. കാലുപൊക്കി ബാല്‍ക്കണിയുടെ ഗ്രില്ലിലേയ്ക്കു വച്ച് നടു നിവര്‍ത്തി.
സമയം രണ്ടു മണി കഴിഞ്ഞുകാണണം.വലിയ വെയിലില്ല. സന്ധ്യയ്ക്കു വഴിമാറികൊടുക്കാന്‍ സൂര്യനു തിടുക്കമുള്ളതുപോലെ.
ഒരു സിപ്പെടുത്തു. ഭയങ്കര കയ്പ്പ്! മുഖം കോടിപ്പോയി. ഒത്തിരി നാളായി വെള്ളമൊഴിച്ചു കഴിച്ചിട്ട്. അതും തണുപ്പുപോലുമില്ലാതെ.
ഛെ! ടച്ചിംഗ്സ് ഒന്നുമെടുത്തില്ല. ചിക്കന്‍ കറിയെ ഓര്‍ത്തു. എണീറ്റുപോകാന്‍ വയ്യ.
താഴെ നഗരം ഉച്ചയുറക്കമെണീറ്റ് സജീവമാകാന്‍ തുടങ്ങിയിരിക്കുന്നു. ശനിയെന്നോ മദ്ധ്യാഹ്നമെന്നോ ഇല്ല അവള്‍ക്ക്. തിരക്കു പിടിച്ചില്ലെങ്കില്‍ നഗരം നഗരമല്ലാതെ പോകുമായിരിക്കും.
കണ്ണുമടച്ച് ഗ്ളാസ്സു കാലിയാക്കി. ഇപ്പോഴത്ര പ്രശ്നം തോന്നുന്നില്ല. തൊണ്ടയില്‍ ചെറിയൊരെരിച്ചില്‍ മാത്രം. വീണ്ടും നിറച്ചു കയ്യില്‍ വെച്ചു. ജോണിനെ ഒന്നു വിളിച്ചാലോ? അവനു വര്‍ക്കുണ്ട് ഇന്നും. അഞ്ചരയ്ക്ക് എത്തുമെന്നാണു പറഞ്ഞിരിക്കുന്നത്. നേരത്തേ വരാന്‍.. അല്ലെങ്കില്‍ വേണ്ട. ഇനിയിന്നങ്ങോട്ടു കെട്ടിയെടുക്കാന്‍ വയ്യ. പനി മനസ്സിനെ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു.
റോഡിലൊരു ആള്‍ക്കൂട്ടം. ഒരു ബസ്സും ആട്ടോറിക്ഷയും തട്ടിയതാണെന്നു തോന്നുന്നു. കുറച്ചു പേര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ താങ്ങിപ്പിടിച്ച് മറ്റൊരു ഓട്ടോയില്‍ കയറ്റുന്നു. ഒരു നല്ല ബ്ളോക്കാവുന്ന ലക്ഷണം കാണുന്നുണ്ട്. ഏതാനും മിനുട്ടുകള്‍ മാത്രം. നഗരം പഴയ വേഗം വീണ്ടെടുത്തുകഴിഞ്ഞു. ആര്‍ക്കും നില്‍ക്കാന്‍ നേരമില്ലല്ലോ. ഒരു പോലീസുകാരനെപ്പോലും കണ്ടില്ല. ആളുകള്‍ തന്നെ എല്ലാം സെറ്റില്‍ ചെയ്തു, ട്രാഫിക്കും നിയന്ത്രിക്കുന്നു.
ആഹ്! കുപ്പി തീര്‍ന്നിരിക്കുന്നു! അല്‍പം വേഗത്തിലായിപ്പോയി. സോഡയില്ലാത്തതുകാരണം വലിച്ചു കുടിക്കുകയായിരുന്നെന്നു തോന്നുന്നല്ലോ.
നാലഞ്ചു പെഗ്ഗ് അകത്തു ചെന്നു കാണണം. അത്രേം വേണ്ടായിരുന്നു. ഇനി ഞായറാഴ്ച പോക്കാണ്. പോരാത്തതിന് കുപ്പി കഴുകി കമഴ്ത്തിയതിന് പെണ്ണുമ്പിള്ളയുടെ ശീതസമരവും. തലയ്ക്ക് ചെറിയൊരു പെരുപ്പ്. പിടിച്ചു തുടങ്ങീ..
ഒന്നു വലിക്കണം. സിഗററ്റ് പായ്ക്ക് എവിടെയാണോ ഇട്ടത്. പതുക്കെ ശ്രദ്ധിച്ച് എഴുന്നേറ്റു. ഒരു ചെറിയ ആട്ടമുണ്ട്. വല്യ കുഴപ്പമില്ല. ഭക്ഷണം കഴിക്കണം. അല്ലെങ്കില്‍ ഔട്ടായിപ്പോകും. ഒരു പ്ലേറ്റില്‍ രണ്ടു ചപ്പാത്തിയെടുത്തു. കറിയെടുക്കാന്‍ സ്പൂണു കാണുന്നില്ല. ഇവള്‍ക്കതൊക്കെ എടുത്തു വച്ചിട്ടു പോയിക്കൂടെ, നാശം!
അടുക്കളയില് എല്ലാം അലങ്കോലമായി കിടക്കുന്നു. സാധാരണ വല്യ അടുക്കും ചിട്ടയുമുള്ള ആളാണ്. പെട്ടെന്നു ഫോണ്‍ വന്നപ്പോള്‍ ഒക്കെ ഇട്ടേച്ചു പോയതാകണം. കുറച്ചു വെള്ളം കുടിച്ചേക്കാം. ഫ്രിഡ്ജ് തുറന്നു. മാമ്പഴം പൂളി വച്ചിരിക്കുന്നു. ഒരു കഷണം എടുത്തു കഴിച്ചു നോക്കി. ഔ! ഭയങ്കര പുളി.
ഫോണ്‍ റിങ്ങു ചെയ്യുന്നുണ്ടോ? ഇല്ല. അപ്പുറത്തെ ഫ്ലാറ്റില്‍ നിന്നായിരിക്കണം. സിഗററ്റു പായ്ക്കറ്റെവിടെയാണോ വച്ചത്. ടീപ്പോയില്‍ പേപ്പറുകള്‍ കൂട്ടിയിട്ടിരിക്കുന്നു. അവളു വരുമ്പോള്‍ ഇനി അതിനു വഴക്കാവും. എടുത്തു മടക്കി വച്ചേക്കാം. പനിയ്ക്കുന്നുണ്ടോ ഇപ്പോഴും? ഒരു പാരസെറ്റമോളു കഴിച്ചാലോ? അല്ലെങ്കില്‍ വേണ്ട, കള്ളിന്‍റെ പുറത്തു ഇനി അതുകൂടെ.. വേണ്ട.
പാട്ടു കേട്ടാലോ? റിമോട്ട് കയ്യിലെടുത്തു. ഭൂപീന്ദര്‍സിങ്ങിന്‍റെ 'ഏക് ശഹറൂ് മേം' ഒഴുകിയിറങ്ങി. ഒരു തണുപ്പ്. സോഫയില്‍ വിശാലമായി ഇരുന്നു. കാലെടുത്ത് ടീപ്പോയിയുടെ മുകളില്‍ കയറ്റി വെച്ചു. ഫാന്‍ കറങ്ങുന്നുണ്ട്. നേരത്തേ ഇട്ടു വച്ചതാകണം.
"ഒന്നും ഓഫാക്കരുത്. കറണ്ടു ബില്ലു നമ്മള്‍ തന്നെയാ കൊടുക്കേണ്ടത് എന്നു മറക്കണ്ട.." അടുക്കളയില്‍ നിന്നു ശബ്ദമുയരുന്നില്ല. ചിരി വന്നു. മനസ്സ് ലഘുവായിത്തുടങ്ങി. ബ്രാണ്ടി പണി തുടങ്ങുന്നുണ്ട്.
പുറത്തു നിന്നു ബാങ്കു വിളി കേള്‍ക്കുന്നു. സമയം എത്രയായോ ആവോ. ആരോ കതകിനു മുട്ടിയോ? തോന്നിയതായിരിക്കും. ജോണിങ്ങോട്ടു വരില്ല. ഭാര്യ നാട്ടില്‍ പോയത് അവനറിഞ്ഞിട്ടില്ല. കുറച്ചു വെള്ളം വേണം. ശ്ശോ. കാലു പെരുത്തു പോയിരിക്കുന്നു. കുറേ സമയമായോ ഇരുപ്പുതുടങ്ങിയിട്ട്? 'ഏക് ശഹറു്' വീണ്ടും പാടുന്നു. സീഡീ മുഴുവന്‍ പാടി തീര്‍ന്നിരിക്കണം.
വീണ്ടും മുട്ടു കേള്‍ക്കുന്നല്ലോ. കതകു തുറന്നപ്പോള്‍ അമ്മിണി ആണ്. ഇവളെ വിളിച്ചു പറഞ്ഞില്ലേ ഇന്നു വരേണ്ടെന്ന്? അടുക്കള വൃത്തികേടായി കിടക്കുന്നത് ഓര്‍ത്തു. ഹും! പണി ചെയ്തിട്ടു പോട്ടെ. തിരികെ സോഫയില്‍ പോയിരുന്നു. പാട്ടു മാറ്റാം. രണ്ടാമത്തെ സീഡീ സെലെക്റ്റു ചെയ്ത് പ്ലേ അടിച്ചു.
അത്താ-ഉള്ളാ ഖാന്‍. വിരഹം പെയ്തു നിറയുന്നു. എന്നെ ഒറ്റക്കാക്കിപ്പോയ നിനക്കും അള്ളാഹ് ഇതേ ശിക്ഷ വാങ്ങിത്തരട്ടെ.
ഇത്തിരി വെള്ളം കുടിക്കാന്‍..
അമ്മിണി അടുക്കളയില്‍ കുന്തിച്ചിരുന്നു നിലം തുടയ്ക്കുന്നു. സാരിമാറിപ്പോയി ബ്ളൌസിനിടയിലൂടെ യൌവ്വനത്തിന്‍റെ ബാക്കിയുള്ള തുടിപ്പ് കാണുന്നുണ്ട്. വിയര്‍പ്പുമണികള്‍.
"എന്താ സാര്‍?" പെട്ടെന്നു അവള്‍ മുഖത്തേയ്ക്കു നോക്കുമെന്നു കരുതിയില്ല. ശ്രദ്ധിച്ചു കാണുമോ?
"വെ.. വെള്ളം.." ഇത്തിരി വിക്കിപ്പോയി.
ഓടിപ്പോയി ഗ്ളാസ്സില്‍ വെള്ളമെടുത്തു തന്നു. ഒറ്റവലിയ്ക്ക് കുടിച്ചുതീര്‍ത്തു. ഒരു കടലു കുടിച്ചു വറ്റിക്കാനുള്ള ദാഹം!
"ആ ടംബ്ളറിങ്ങു തന്നേക്കൂ.."
"ഓ.."
അവള്‍ ജോലിയിലേയ്ക്കു തിരിഞ്ഞു. സാരി മുട്ടോളം തെറുത്തു കയറ്റിയിരിക്കുന്നു. നിലം തുടയ്ക്കുന്നതിനനുസരിച്ച് പിന്‍ഭാഗം ഉലയുന്നു. എന്തോ അവിടെത്തന്നെ അവളെ നോക്കിക്കൊണ്ടു നില്‍ക്കാനാണു തോന്നിയത്.
അവിടെ നില്‍പ്പുണ്ടെന്നു അറിഞ്ഞ മട്ടില്ല. ഇങ്ങോട്ടാണു നീങ്ങി വരുന്നത്. പിന്‍ഭാഗം കാലില്‍ വന്നു മുട്ടും.. ടംബ്ളര്‍ തിരികെ വയ്ക്കാന്‍ വന്നതാണെന്നു പറയാം. എല്ലാം ആദ്യമായിട്ടു കാണുന്ന കൌമാരക്കാരനെപ്പോലെ ഹൃദയം പെരുമ്പറ കൊട്ടുന്നു.
കാലില്‍ ചൂടു തൊട്ടു. ആഹ്! അവള്‍ ഞെട്ടിത്തിരിഞ്ഞു.
"ഝ്‌ലും" ടംബ്ളര്‍ നിലത്തു വീണു പൊട്ടി.
"അയ്യോ സര്‍.." കണ്ണില്‍ ക്ഷമാപണം.
"ദാറ്റ്സ് ഓക്കേ.. പെറുക്കിക്കളഞ്ഞേക്കൂ.."
"ഓ.."
തിരിഞ്ഞു നടക്കേണ്ടതായിരുന്നു. കാലുകളവിടെത്തന്നെ നില്‍ക്കുന്നു. കണ്ണുകള്‍ വേണ്ടാത്തിടങ്ങളില്‍ പരതി നടക്കുന്നു. വിയര്‍പ്പിന്‍റെ മണം! കിതയ്ക്കുന്നുണ്ടോ? കൈനീട്ടി തൊടാന്‍..
"എന്താ സാര്‍?"
"ഹേയ്.. ഒന്നുമില്ല.. കറിയെടുക്കാനൊരു സ്പൂണ്.."
"ദാ ഇപ്പോത്തരാം.."
അരക്കെട്ടിലെന്തൊക്കെയോ കെട്ടുപൊട്ടിക്കുന്നു. നെഞ്ചിലൂടെ വിയര്‍പ്പുചാലുകള്‍. തൊണ്ട വീണ്ടും വരളുന്നു. സ്പൂണ്‍ നീട്ടിയ കയ്യില്‍ ഉടയാന്‍ തയ്യാറായി നില്‍ക്കുന്ന കുപ്പി വളകള്‍.. പാത്രം കഴുകുന്നതിന്‍റെ തഴമ്പ്. ഹൃദയത്തിനു ഭ്രാന്തുപിടിച്ചോ? എന്താണീ ഓട്ടം? കൈ വിറയ്ക്കുന്നു..തൊടാന്‍..
"ദേ ഇങ്ങോട്ടൊന്നു വന്നേ.."
"ങ്ഹേ?.. " സ്പൂണു താഴെ വീണു പോയി. സ്വീകരണമുറീയില്‍ നിന്നാണ്.. അവളിത്ര വേഗം..
കാലുകള്‍ ഉദ്ദേശിക്കുന്നതുപോലെ നീങ്ങുന്നില്ല. വേച്ചു വേച്ചു ചെന്ന് സോഫയിലേയ്ക്കു വീണു. ഹൃദയം പെരുമ്പറകൊട്ടി തീര്‍ന്നിട്ടില്ല. ഫാന്‍ ഫുള്‍സ്പീഡീല്‍ കറങ്ങുന്നുണ്ട്. എന്നിട്ടും വിയര്‍ത്തൊഴുകുന്നു.
തോന്നിയതാണ്. കിതപ്പടങ്ങിത്തുടങ്ങി. അവള്‍ അദൃശ്യമായൊരു പൂട്ടിട്ടുണ്ട്.
ടീപ്പോയില്‍ പേപ്പറുകള്‍ കൂമ്പാരമായി കിടക്കുന്നു. അതിനടിയിലൂടെ വില്‍സിന്‍റെ പായ്ക്കറ്റ് കാണാം. ഡൈനിംഗ് ടേബിളില്‍ ഒരു പ്ലേറ്റില്‍ രണ്ടു ചപ്പാത്തി.. തണുത്തു കാണണം. പുറത്ത് വെയിലാറുന്നു. പതുക്കെ കണ്ണുകളടഞ്ഞുപോയി.
"സാര്‍.. ഞാനിനി പൊയ്ക്കോട്ടെ?" വിയര്‍പ്പിന്‍റെ മണം ചോദിക്കുന്നു.
സമയം:
7:43 AM
31
പ്രതികരണങ്ങള്‍
Labels: കഥ
2008, നവംബർ 7, വെള്ളിയാഴ്‌ച
സുന്ദരമനസ്സ്
സൈനൂന് പില്സ് കഴിക്കണ്ടാ.
മമ്മി വായില് പില്ല് ഇട്ടുതന്നിട്ട് വെള്ളം തരണതിനു മുന്പ് സൈനു അതു നാക്കിനടിയിലാക്കും. ഭയങ്കര കൈപ്പാണ്. ഓക്കാനം വരും. എന്നാലും വെള്ളം കുടിക്കുമ്പോ വിഴുങ്ങിപ്പോവില്ല. ഓടിപ്പോയി ടോയിലെറ്റ് ബൌളിലേയ്ക്കു തുപ്പും. എന്നിട്ട് മമ്മി കാണുന്നതിനു മുന്നേ ഫ്ളഷ് ചെയ്യും.
എത്ര നാളാച്ചാ ശ്രീജീനെ കാണാണ്ടിരിക്ക്യാ.
കബോഡിനു താഴെയുള്ള ഗ്യാപ്പില് സൈനു സ്പൈഡറിനെ വളര്‍ത്തണുണ്ട്. ബുക്സ് ഒക്കെ വെച്ച് മറച്ചു വെച്ചിരിക്ക്യാ. ആ അമ്മിണിക്ക് അതു മനസ്സിലായിട്ടുണ്ടെന്നാ തോന്നണത്. ഇനി ഹന്‍ഡ്രെഡ് ആന്‍ഡ് ട്വെന്റിഫൈവ് സ്പൈഡെറും കൂടി വേണം. ശ്രീജി പറഞ്ഞിട്ടുണ്ട് റ്റു തൌസന്‍റു് എണ്ണം വേണം ന്ന്. അമ്മിണി വന്ന് കണ്ടുപിടിക്കാണ്ടിരുന്നാ മതിയായിരുന്നു.
ഫോര്‍ ഡേയ്സായി ശ്രീജി വന്നിട്ട്. സൈനു സ്കൂളീന്നു വന്നാല്‍ ഹോം വര്‍ക്കൊക്കെ പെട്ടെന്നു ഫിനിഷ് ചെയ്തിട്ട് റൂമിന്‍റെ വിന്‍ഡോയിലൂടെ താഴേയ്ക്കു നോക്കി നില്‍ക്കും. അതിലെയാണ് ശ്രീജി സാധാരണ വരാറു്. ഫ്ളാറ്റിലാരുമില്ലെങ്കില് ഫ്രണ്ട് ഡോറിലൂടെയും വരും.
ഉറുമ്പു മനുഷ്യരു് അരിച്ചരിച്ചു പോകുന്നുണ്ട് റോഡിലൂടെ. ത്രീ തൌസന്‍റു് വരെ സൈനു എണ്ണീട്ടുണ്ട് ഒരു ദിവസം. ആ അമ്മിണി വന്ന് എണ്ണം തെറ്റിച്ചില്ലായിരുന്നെങ്കില് കറക്ടായിട്ട് അറിയാമായിരുന്നു. ഒരു ദിവസം മുഴുവന്‍ നോക്കിയിട്ടാണ് വൈറ്റ് ഷര്‍ട്ടിട്ടവരൊക്കെ ലെഫ്റ്റില്‍ നിന്ന് റൈറ്റിലേക്കാണു പോകുന്നതെന്നു മനസ്സിലായത്. വേറെ കളറില് ഡ്രെസ് ചെയ്തവരു് രണ്ടു സൈഡിലേയ്ക്കും പോകും.
പക്ഷേ ശ്രീജി നേരെ ആണു വരുക. രേണൂന്‍റെം വിനയ്ടേം ഫ്ലാറ്റിന്‍റെ നടുവിലൂടെ നടന്നു വന്ന് സൈനൂന്‍റെ ഫ്ളാറ്റിന്‍റെ അടുത്തെത്തും. വാച്മാന്‍ അവിടെ ഇല്ലങ്കില് ശ്രീജി നേരെ ഇങ്ങു കയറിപ്പോരും. അല്ലെങ്കില് അയാളിരിക്കണ ക്യാബിന്‍റെ ചോട്ടില് അയാള് മാറുന്നതുവരെ ഒളിച്ചിരിക്കും.
കഴിഞ്ഞകൊല്ലം മമ്മീടെ വീട്ടില്‍ പോയപ്പോഴാണ് ശ്രീജീനെ പരിചയപ്പെട്ടത്. ശ്രീജി ഒരു മുണ്ടാണ് ഉടുക്കുക. മുട്ടിനു താഴെ നീളമേ ഉള്ളൂ മുണ്ടിന്. എപ്പോഴും ഡേര്‍ട്ടി ആയിരിക്കും. മണ്ണില് കളിക്കണതുകൊണ്ടാണത്രെ. സൈനൂന് മണ്ണില് കളിക്കണത് ഇഷ്ടമല്ല. ഡേര്‍ട്ടിയാവും. ശ്രീജിയുടെ കൂടെ മണ്ണില്‍ കളിച്ചതിന് മമ്മിയുടെ കയ്യില്‍ നിന്ന് കിട്ടിയ തല്ലിന് കണക്കില്ല. ശ്രീജിയെ ചീത്തപറഞ്ഞ് ഓടിച്ചു വിടുകയും ചെയ്തു. പാവം ശ്രീജി. പിന്നെ മമ്മിയുള്ളപ്പോ വരാറില്ല.
രേണൂനേം വിനയ്നേം സൈനൂനിഷ്ടമല്ല. വീക്കെന്‍റ്സില് ചിലപ്പോ അവരു് സൈനൂന്റെ ഫ്ളാറ്റില് വരും. രേണു എപ്പോഴും കമ്പ്യൂട്ടറില് ഗെയിം കളിക്കണ കാര്യം പറയും. വിനയ്‌നാണെങ്കില് സൈനൂന്‍റെ ടോയ്സിലാണ് നോട്ടം. വിനയ് വരണുണ്ടെന്നു പറയണ കേട്ടാന്‍ സൈനു ടോയ്സൊക്കെ കബ്ബോഡിനടിയില് ഒളിപ്പിക്കും. അല്ലെങ്കില് ഒരെണ്ണം ബാക്കിയുണ്ടാവില്ല. ശ്രീജിക്കു കൊടുക്കാന്‍ വച്ചിരുന്ന ഹാന്‍ഡില് മുറിഞ്ഞുപോയ വല്യ സ്പൂണ് കഴിഞ്ഞതവണ അവന്‍ കൈക്കലാക്കി. സൈനു കുറേ കരഞ്ഞു ബഹളമുണ്ടാക്കി നോക്കി. അപ്പോ മമ്മി വഴക്കു പറഞ്ഞു. ഷെയറു് ചെയ്യണത്രെ.
പാവം ശ്രീജി. ശ്രീജിടെ വീട്ടില് ടോയ്സൊന്നും ഇല്ല. ശ്രീജിയ്ക്കും വേറെ ഫ്രന്‍റ്സൊന്നും ഇല്ലെന്ന് ശ്രീജി പറഞ്ഞിട്ടുണ്ട്. അതോണ്ടാണ് സൈനൂനെ കാണാന്‍ ഇത്രേം ദൂരത്ത്‌ന്ന് ശ്രീജി എന്നും വരണത്. പില്‍സ് കഴിച്ചാല് ശ്രീജി വരില്ലാത്രെ. ആദ്യം വിശ്വാസം ണ്ടായില്ല സൈനൂന്. അതോണ്ടാ സമ്മതിച്ചെ. പക്ഷെ ഇപ്പോ കൃത്യം ഫോര്‍ഡേയ്സായി ശ്രീജി വന്നിട്ട്. ഇന്നലേം ഇന്നും പില്ല് ടോയ്ലെറ്റ് ബൌളില് തുപ്പിക്കളഞ്ഞു. ഇന്നു വരുമായിരിക്കും.
ഇത്തവണേം സ്പൈഡറു് പറ്റിച്ചു. ആകെ ഫോര്‍ട്ടി ഫൈവ് സ്പൈഡര്‍കുഞ്ഞുങ്ങളേയുള്ളൂ. ഇനി എയ്റ്റി എണ്ണം കൂടി വേണം. സൈനൂന് സങ്കടം വരണുണ്ട്.
റ്റു തൌസന്‍റു് സ്പൈഡറു് വേണംന്നാ ശ്രീജി പറഞ്ഞത്. തലയില് ഇത്തിരി ബ്ളൂ കളറുള്ള സ്പൈഡറു് തന്നെ വേണം. യെല്ലോ സ്പൈഡറിന് പവറില്ലാത്രെ. ഓരോന്നിനേം പിടിച്ച് തല വേര്‍ പെടുത്തണം. സ്പൈഡറു് പെടയ്ക്കില്ല. പക്ഷെ അതിന്‍റെ തലയില് നിന്ന് ബോഡിയിലേയ്ക്ക് ഒരു നൂലു നീണ്ടു വരും. വലിച്ചാലും വലിച്ചാലും അതു പൊട്ടില്ല. ആ നൂലിലാണ് അതിന്‍റെ ജീവന്‍ എന്നാണ് ശ്രീജി പറയുന്നത്. ആ നൂലു പൊട്ടിയാലേ അതു മരിക്കൂത്രെ. വിഴുങ്ങുന്നതിനു മുന്‍പ് നൂലു പൊട്ടിപ്പോയാപ്പിന്നെ അതു കൌണ്ടു ചെയ്യാന്‍ പറ്റില്ല. വിഴുങ്ങിക്കഴിയുമ്പോ നൂലു താനെ പൊട്ടും.
കയ്യിലെ ഉള്‍ഭാഗം ചൊറിയണുണ്ട് സൈനൂന്. ശ്രീജി പറഞ്ഞിട്ടുണ്ട് അങ്ങനെ ഉണ്ടാവും ന്ന്. എന്നിട്ട് സ്കിന്‍ മാറി അവിടെന്ന് വെബ്ബ് വരണ ഗ്ളാന്‍റു് പുറത്തു വരും. ശ്രീജി ഒരിക്കല് തൊട്ടു നോക്കാന്‍ സമ്മതിച്ചിരുന്നു.
കയ്യില് ചൊറിയണ കണ്ടിട്ട് മമ്മി ഒരു ക്രീം വാങ്ങിത്തന്നിട്ടുണ്ട്. എത്ര ചൊറിഞ്ഞാലും സൈനു അതു പുരട്ടില്ല. വണ്‍തൌസന്‍റു് എയിറ്റ്‌ഹണ്‍ഡ്രഡ് ആന്‍ഡ് ഫിഫ്റ്റി-ഫൈവ് സ്പൈഡറിന്‍റെ പവറാണിപ്പോള്‍ ഉള്ളത്. സൈനൂന്‍റെ ഏജില് പവറു മുഴുവന്‍ കിട്ടണമെങ്കില് റ്റൂ തൌസന്‍റു് എണ്ണം വേണം.
കബോര്‍ഡിനു താഴേന്ന് ഒരു അനക്കം കേക്കണുണ്ട്. ഇനി ശ്രീജി മുന്നിലൂടെ വന്നു കാണുമോ? അല്ല. അമ്മ സ്പൈഡറു് പുറത്തു കടക്കാന്‍ നോക്കുവാ. ചിലപ്പോള്‍ അമ്മ സ്പൈഡറു തന്നെ പവറു കൂട്ടാന്‍ വേണ്ടി കുഞ്ഞുങ്ങളെ തിന്നു കളയും എന്നു ശ്രീജി പറഞ്ഞിട്ടുണ്ട്. എന്നും എണ്ണിനോക്കണം.
സൈനു വീണ്ടും വിന്‍ഡൊവിനടുത്തെത്തി. ഉറുമ്പു മനുഷ്യരു് റോഡിലൂടെ തിരക്കിട്ട് പൊയ്ക്കൊണ്ടിരിക്കുന്നു. വൈറ്റ് ഷര്‍ട്ടിട്ട് ലെഫ്റ്റിലേയ്ക്കു പോകുന്ന ഒരാള് മുകളിലേയ്ക്കു നോക്കി കൈ വീശുന്നുണ്ട്. സൈനൂനെ ആയിരിക്കില്ല. സൈനു വിന്‍ഡോയിലൂടെ താഴേയ്ക്ക് തുപ്പി. തുപ്പല് കുറേ നേരം നേരെ താഴേയ്ക്കു പോയി പിന്നെ സുമത്യാന്‍റീടെ ഫ്ളാറ്റില് ചെന്നിടിച്ചു.
അതാ ശ്രീജി വരണുണ്ട്! വാച്മാനെ പറ്റിച്ച് സൈനൂന്‍റെ വിന്‍ഡോവിന്‍റെ നേരെ താഴെ വന്നിട്ടുണ്ട്. എന്നിട്ട് ശബ്ദമൊന്നുമുണ്ടാക്കാതെ വാളിലൂടെ കയറി വരുന്നുണ്ട്. എന്തു ഫാസ്റ്റാണീ ശ്രീജി!
ഇത്രേം ദിവസം എവിടെ ആരുന്നു?
സമയം:
6:40 AM
42
പ്രതികരണങ്ങള്‍
Labels: കഥ
2008, ഒക്‌ടോബർ 28, ചൊവ്വാഴ്ച
പുഴയൊഴുക്കിക്കളഞ്ഞത്
പള്ളനെറഞ്ഞ പനങ്കള്ള് രാഘവേട്ടനെക്കൊണ്ട് ഒരു പെശക് പാട്ടാണ് പാടിപ്പിച്ചത്. രണ്ടു വരി അബദ്ധത്തിലാണെങ്കിലും മുറുക്കാന്‍ കുത്തിനിറച്ച കടവായിലൂടെ ഒലിച്ചിറങ്ങിയപ്പോള്‍ രാഘവേട്ടനൊന്നു ചൂളി. ആരേലും കേക്കുന്നുണ്ടോന്നു ചുറ്റുമൊന്നു പരതി.
ആരു കേള്‍ക്കാന്‍! നാലുപുറവും കൊയ്ത്തുകഴിഞ്ഞ പാടം പായ നീര്‍ത്തി കൂര്‍ക്കം വലിച്ചുറങ്ങുന്നു. മിന്നാമ്മിന്നികളും ചീവീടുകളും മാത്രം തങ്ങളുടെ നൈറ്റ്‌ഡ്യൂട്ടിയെ ശപിച്ച് ജോലിയില്‍ വ്യാപൃതരായിരിക്കുന്നു. മാനത്താണെങ്കില് ചന്ദ്രനും അഞ്ചാറു് നക്ഷത്രങ്ങളും മാത്രം. അവടവിടെയായി അഞ്ചാറു് മേഘങ്ങളും.
ഒരു ഇളിഭ്യച്ചിരി ചിരിച്ച് രാഘവേട്ടന്‍ പാട്ടിന്‍റെ ബാക്കി മൂളാന്‍ തുടങ്ങി. ഓരോ ഈരടിയും കഴിഞ്ഞുള്ള നിറുത്തില് ചൂണ്ടാണിവിരലുകൂട്ടിപ്പിടിച്ച് മുറുക്കാന്‍ വെള്ളം ചീറ്റിത്തെറിപ്പിച്ചു. പെശക് പാട്ടിന്‍റെ നിഗൂഢാര്‍ത്ഥങ്ങളോര്‍ത്ത് കുലുങ്ങിച്ചിരിച്ചു.
പുഴ, നിലാവില് സുന്ദരി ചമഞ്ഞു കിടന്നു. മുറുക്കാന്‍ തുപ്പിക്കളഞ്ഞ്, ഉടുമുണ്ട് പറിച്ച് പൊന്തക്കാട്ടിനു മേലേക്കെറിഞ്ഞ്, രാഘവേട്ടന്‍ അവളിലേയ്ക്കൂളിയിട്ടു. ഒന്നു മുങ്ങി നിവര്‍ന്ന്, അവളുടെ ഗാഢാലിംഗനത്തിനെ വിടുവിച്ച്, നിന്നു കിതച്ചു. മുറുക്കാന്‍ കറ കടന്ന് ഒരു പ്രണയഗാനത്തിന്‍റെ വരികളുതിര്‍ന്നു. കൈകള്‍ വിടര്‍ത്തി താളത്തില് വെള്ളം ചെപ്പിത്തെറിപ്പിച്ചു.
ഒന്നുകൂടി മുങ്ങി നിവര്‍ന്നത് ഒരു ആശ്ചര്യത്തിലേയ്ക്കായിരുന്നു. അടിവയറില് ഉമ്മവച്ചുകൊണ്ടിരുന്ന പുഴ കൂടി നിശ്ചലയായി. ധൈര്യവാനെന്ന് പേരെടുത്തു പോയതുകൊണ്ട് തികട്ടിവന്ന അലര്‍ച്ചയെ കടിച്ചമര്‍ത്തി. വായില്‍കൊണ്ടിരുന്ന പുഴവെള്ളത്തെ കുടിച്ചിറക്കി വരണ്ടുപോയ തൊണ്ടയെ ഉണര്‍ത്തി.
"ഹാരാ...?"
കടവില് വെളുത്തേടന്മാരു് ഉപേക്ഷിച്ചുപോയ ഒരു അലക്കുകല്ലില് കുന്തിച്ചിരിക്കുന്നു, ഒരു സ്ത്രീ രൂപം. മുങ്ങിച്ചത്ത വയറ്റുകണ്ണി മീനാക്ഷിയേടത്തി. വിളറിയ വെളുപ്പ്. നിറവയറു്. നീല കണ്ണുകള്. നനഞ്ഞു കുതിര്‍ന്ന മുണ്ടും നേര്യതും.
പരലുകൊത്തിത്തിന്ന നാക്കിന്‍റെ ബാക്കി പകുതി പുറത്ത് കാണിച്ച് മീനാക്ഷിയേടത്തി ശബ്ദമില്ലാതെ ചിരിച്ചു. പൊന്തക്കാട്ടിലെ ചീവീടുകള് രാഘവേട്ടന്‍റെ കടുക്കനിട്ട ചെവിയില് അതേറ്റുപറഞ്ഞു.
"ഹെനിക്ക്.. പെറണം.."
അല്‍പ്പനേരത്തെ അന്ധാളിപ്പ് മാറിയപ്പോള്‍ രാഘവേട്ടന്‍ കടവിനെതിരേ തിരിഞ്ഞു നിന്നു. നെഞ്ഞുനിറച്ചു ശ്വാസം പിടിച്ച് ഒന്നുകൂടി മുങ്ങി. രാഘവേട്ടനും ഒരു മേഘക്കീറിലേയ്ക്കു മുഖം മറച്ച് ചന്ദ്രനും പണിഞ്ഞുകൊടുത്ത സ്വകാര്യതയില്‍ മീനാക്ഷിയേടത്തി ആഗ്രഹങ്ങളൊന്നും ബാക്കിവയ്ക്കാതെ, മുക്രയിട്ടു പെറ്റു.
പുഴയുടെ മടിയില് കണ്ണടച്ച് കിടന്ന് രാഘവേട്ടന്‍ പ്രേമഗാനത്തിന്‍റെ ബാക്കി നീട്ടിപ്പാടി. വേളികഴിഞ്ഞ് അറയില്‍ കയറിയ ഭാഗമെത്തിയപ്പോഴേയ്ക്കും പുഴ അടിവയറ്റില് ഇക്കിളിയിട്ട് ചിരിച്ചു. രാഘവേട്ടനെ ഒന്നു കൂടെ വട്ടം പിടിച്ചു. അവളുടെ ചുംബനത്തില് ശ്വാസം മുട്ടാറായപ്പോഴേയ്ക്ക് പിടി വിടുവിച്ച് മുകളിലേയ്ക്കു പൊന്തി.
കടവത്ത് അലക്കുകല്ലിന്‍റെ മീതെയിരുന്ന് ചാപ്പിള്ളയുടെ തുറക്കാത്ത വായിലേയ്ക്ക് മുലക്കണ്ണ് കുത്തിച്ചീരുകയായിരുന്നു മീനാക്ഷിയേടത്തി. മുലകുടിക്കാന്‍ കൂട്ടാക്കാത്ത 'തല്ലുകൊള്ളായ്കയെ' പതം പറഞ്ഞ്, അതിനെ ഉറക്കാനെന്ന വണ്ണം ചന്തിക്ക് പതുക്കെ തട്ടിക്കൊണ്ടിരുന്നു.
"ഞ്ഞിപ്പം ഒരെറക്ക് ചാരായം എവിടെന്ന് കിട്ടും?" ന്ന് തലപൊകച്ച്, പെട്ടെന്നു കരയ്ക്കു കയറി ഉടുമുണ്ടെടുത്ത് അരയ്ക്കു ചുറ്റി ധിറുതിയില്‍ നടക്കാന്‍ തുടങ്ങി ധൈര്യവാന്‍ രാഘവേട്ടന്‍. പൂര്‍ത്തിയാവാത്തൊരു സുരതത്തിന്‍റെ വിങ്ങലില് പുഴ കിതച്ചു. ദേഷ്യം പൂണ്ട് മീനാക്ഷിയേടത്തിയെ ഒന്നുകൂടി തന്നിലേയ്ക്ക് വലിച്ചാഴ്ത്തി.
പിറ്റേന്ന് കാലത്തേ അലക്കാനെത്തിയ വെളുത്തേടത്തികള് കടവില് മുറുക്കിത്തുപ്പിയതും മഞ്ഞവെള്ളവും കണ്ട്, "ഇന്നലേം കമത്ത്യോ ആ എമ്പോക്കി രാഹവന്‍.." ന്ന് കാര്‍ക്കിച്ചു തുപ്പി. പുഴയില്‍ നിന്ന് വെള്ളം കോരിയൊഴിച്ച് പടവു വൃത്തിയാക്കി.
പുഴയില്‍ മലര്‍ന്നു കിടന്ന് ചാപ്പിള്ളയെ നെഞ്ഞത്തു കിടത്തി നീന്തല് പഠിപ്പിക്കുകയായിരുന്ന മീനാക്ഷിയേടത്തിയ്ക്കു പനങ്കള്ള് മണത്തു. ബ്രാണ്ടി മണമുള്ള ഗോവിന്ദവാര്യരുടെ ശരീരത്തില് രാഘവേട്ടന്‍റെ മുഖം വരച്ചു ചേര്‍ത്ത് കുഞ്ഞിനോട് 'അച്ച' എന്നു ചൂണ്ടിക്കാണിച്ചു. പുഴയ്ക്ക് ദേഷ്യം വന്നു. ചെമ്മണ്ണു കലക്കി കണ്ണുചുവപ്പിച്ച്, ഓളം വെട്ടിച്ച് അവളതു മായ്ച്ചു കളഞ്ഞു. പിന്നെ പടിഞ്ഞാറോട്ട് കുളിച്ചൊരുങ്ങാന്‍ പോയി.
സമയം:
11:54 AM
36
പ്രതികരണങ്ങള്‍
Labels: കഥ
2008, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച
മരണത്തിനപ്പുറം
മഴപെയ്യുന്ന രാത്രികളില്
മിന്നല്‍ വെളിച്ചത്തില് മാത്രമേ
മരണത്തിനപ്പുറത്തുള്ളവരെ കാണാന്‍ പറ്റൂ
ഒരു മിന്നലില്‍ കണ്ടിടത്തല്ല
അടുത്ത മിന്നലില്‍ കാണുക
ഒരു മിന്നലില്‍ കണ്ടതിനെയല്ല
അടുത്ത മിന്നലില്‍ കാണുക
മഴനനഞ്ഞു കുതിര്‍ന്ന
വിരല്‍ത്തുമ്പുകൊണ്ട്
അവര്‍ നമ്മെ
സ്പര്‍ശിക്കാന്‍ ശ്രമിക്കും
മരണത്തിന്‍റെ നേര്‍മ്മയോളം
അടുക്കുമ്പോഴേയ്ക്കും
മിന്നലവസാനിച്ചിട്ടുണ്ടാവും
മരണത്തോളം അടുത്തുവന്ന്
ജീവിതത്തോളം അകലത്തായിപ്പോകും,
മിന്നല്‍ വേഗത്തില്‍.
മരിച്ചവര്‍ ജീവിക്കുന്നവരെ
സ്നേഹിക്കുന്നതുകൊണ്ടാകണം
മിന്നലിന് ദൈര്‍ഘ്യമിത്ര കുറഞ്ഞുപോയത്
അല്ലായിരുന്നെങ്കില്‍ മരണത്തിന്‍റെ പാലത്തിലൂടെ
നമ്മളെത്ര യാത്ര നടത്തിയേനേ..
അറിയണമെന്നാഗ്രഹിക്കാത്ത
വിചിത്രമായൊരിഷ്ടം
മരണത്തോടില്ലാതെ പോയേനേ..
സമയം:
6:15 PM
29
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, സെപ്റ്റംബർ 7, ഞായറാഴ്‌ച
'പ്രണയത്തിന്‍റെ വ്യാകരണം'
വടക്കുമ്പാട്ടെ ഇടവഴി മൂന്നുതവണ വളഞ്ഞു നൂരുമ്പൊഴേയ്ക്കും നീ ഒറ്റയ്ക്ക് എന്‍റെ മുന്നില്‍ വന്നു പെടും.
നിന്‍റെ കൂട്ടുകാരികളൊക്കെ അതിനുമുന്നേ വഴിപിരിഞ്ഞു അവരവരുടെ വീടുകളിലേയ്ക്കു കയറിപ്പോയിട്ടുണ്ടാവും. മാറത്ത് ചേര്‍ത്തുപിടിച്ച നോട്ടുബുക്കുകളും ഇടത്തേക്കൈയില്‍ ഇത്തിരി പൊക്കിപ്പിടിച്ച പാവാടത്തുമ്പും നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പില്‍ അലിഞ്ഞുതുടങ്ങിയ ചന്ദനക്കുറിയും.. അല്ലെങ്കില്‍ത്തന്നെ എത്രപ്രാവശ്യം നിന്നെ ഇതേ വളവില്‍, ഈ മുറ്റിമുല്ലയുടെ മറവില്‍ ഇതുപോലെ നോക്കി നിന്നിരിക്കുന്നു! കുപ്പായത്തിന്‍റെ നിറവും പുസ്തകങ്ങളുടെ പൊതിയും മാത്രം മാറും. നിന്‍റെ വിയര്‍പ്പിന്‍റെ മണവും, കൂട്ടുകാരികള്‍ കൂടെയില്ലാതെ വിജനമായ ഈ ഇടവഴി താണ്ടുന്നതിന്‍റെ ഇത്തിരി പരിഭ്രമവും, മൂന്നു മണികള്‍ കൊഴിഞ്ഞുപോയ ഇടത്തേ വെള്ളിക്കൊലുസിന്‍റെ കുണുങ്ങിച്ചിരിയും, എല്ലാം എന്നും ഒരുപോലെ.
നിനക്കറിയാമോ, കഴിഞ്ഞയാഴ്ച നീ രണ്ടു ദിവസം ഈ വഴി പോകാതിരുന്നിട്ടുകൂടി നിന്‍റെ മണവും കൊലുസിന്‍റെ നനുത്ത ചിലമ്പലും ഇവിടെയുണ്ടായിരുന്നു. രണ്ടു ദിവസം നിന്നെക്കാണാതെ എങ്ങനെ ശ്വാസം കഴിക്കുമെന്നു എനിക്കാലോചിക്കണ്ടി വന്നതേയില്ല! ഇവിടെയീ കുറ്റിമുല്ലയുടെ ചോട്ടില്‍ പടിഞ്ഞിരുന്ന് ഒന്നു മൂക്കു വട്ടം പിടിച്ചാല്‍ എപ്പോവേണമെങ്കിലും നിന്‍റെ മണമെനിക്കു കിട്ടും. കണ്ണടച്ചിരുന്നാല്‍ മുന്നില്‍ നിന്‍റെ പാവാടയുലയും.
നീ സുന്ദരിയാണെന്നും നാട്ടിലെ ആണുങ്ങളെല്ലാം നിന്നെക്കാണുമ്പോള്‍ വെള്ളമിറക്കുന്നുണ്ടെന്നും പ്രാഞ്ചിത്തള്ള പൈപ്പിന്‍റെ ചോട്ടില്‍ ചവച്ചു തുപ്പുന്നതു കേട്ടു. നീയെങ്ങനെയാ സുന്ദരിയായത്? സ്ത്രീസൌന്ദര്യത്തിന്‍റെ വ്യാകരണം ചമച്ചതാരാണ്? പൊളിച്ച കുമ്പളങ്ങാപോലെ വെളുത്തിരിക്കുന്നതാണോ സൌന്ദര്യം? മുട്ടിനൊപ്പം മുടിയും പട്ടുപാവാടയിലും ബ്ലൌസിലുമൊതുങ്ങാത്ത ശരീരവുമാണോ സൌന്ദര്യം? നീ സുന്ദരിയാവണ്ട.
മുട്ടോളം നീണ്ടമുടിയും കൂമ്പിയ താമരക്കണ്ണുകളുമില്ലാതെയും നീ സുന്ദരിയാണ്. മാംസമുരുകിയൊലിച്ചിറങ്ങി, കണ്ണുകളുടെ സ്ഥാനത്ത് രണ്ടു കുഴികള്‍ മാത്രമായി, ചുവന്നു തുടുത്ത ചുണ്ടുകള്‍ അടര്‍ന്നുമാറി വെളുത്ത മുല്ലമൊട്ടുകള്‍ പുറത്തേയ്ക്കു തലനീട്ടി, മുടിയത്രയും കൊഴിഞ്ഞ്... എന്നാലും നീ സുന്ദരിയായിരിക്കും. നിന്‍റെ അടര്‍ന്നു തൂങ്ങിയ ചുണ്ടുകളില്‍ ഇതേ പാരവശ്യത്തോടെ അമര്‍ത്തിയമര്‍ത്തി ചുംബിക്കാനെനിക്കു കഴിയും. കണ്‍കുഴികളില്‍ നിന്നൂറിയെത്തുന്ന ഉപ്പുദ്രാവകത്തെ നക്കിയെടുത്ത് നുണച്ചിറക്കി അതിനു മധുരമുണ്ടെന്നു ഭാവിക്കാനും, മാംസമുരുകിയ നിന്‍റെ കവിളുകള്‍ എന്‍റെ മുഖത്തെ കുറ്റിരോമങ്ങളിലുരസി ഇക്കിളിപ്പെടുത്താനും കഴിയും. എനിക്ക്.. എനിക്കു മാത്രമേ നിന്‍റെ സൌന്ദര്യം കാണാന്‍ കഴിയൂ.
തട്ടാന്‍ ഗോപാലനോട് ഇരന്നു വാങ്ങിയതാണ് ഈ മഷിക്കുപ്പിയിലെ ആസിഡ്. ഒട്ടും വേദനിക്കില്ല നിനക്ക്. വേദനിക്കാന്‍ തലച്ചോറിനോടു പറയാന്‍ കഴിയുന്നതിനു മുന്പേ ഞരമ്പുകളൊക്കെ കരിഞ്ഞുപോകും. ഒരു നിമിഷം. ഒരേ ഒരു നിമിഷം മാത്രമേ വേണ്ടൂ. എനിക്കു മാത്രം കാണാന്‍ അര്‍ഹതപ്പെട്ട നിന്‍റെ സൌന്ദര്യം എന്‍റേതു മാത്രമാവാന്‍.
പ്രതീക്ഷിക്കാതെ ഇടവഴിയുടെ ഈ വളവില്‍ എന്നെക്കാണുമ്പോള്‍ നീ ഒന്നു ഞെട്ടും, എനിക്കറിയാം. ഒന്നു ചിരിക്കുമായിരിക്കും. നിന്‍റെ ചിരിയുടെ ഇടത്തേയറ്റത്തു നിന്ന് പതുക്കെ തല വെളിയില്‍ കാണിക്കുന്ന സ്ഥാനം തെറ്റിയ കുഞ്ഞിപ്പല്ലിനുപോലും എന്നെ അറിയാം. ഫോട്ടോഫ്ളാഷില്‍ പതിഞ്ഞുപോകുന്ന ഒരു നിമിഷത്തെപ്പോലെ നിന്‍റെ ചിരിയും മുഖവും എന്‍റെ മനസ്സിലൊട്ടിച്ചുവച്ച ഒരു ചിത്രം മാത്രമായിത്തീരും. മാംസമടര്‍ന്നുപോയ വൈരൂപ്യത്തില്‍ നിന്ന് എനിക്കു മാത്രം വായിച്ചെടുക്കാനാവുന്ന സൌന്ദര്യത്തിന്‍റെ പുതിയ വ്യാകരണം.
മൂന്നാമത്തെ വളവിനപ്പുറത്തുനിന്നും നിന്‍റെ പൊട്ടിച്ചിരിയും കൂട്ടുകാരിയുടെ യാത്ര പറച്ചിലും ഞാന്‍ കേള്‍ക്കുന്നുണ്ട്. അവളോടു കൈവീശിക്കാണിച്ച്, തീരാത്ത ഏതോ വിശേഷത്തിലെ തമാശച്ചിരി ചുണ്ടില്‍നിന്നൊഴുക്കി, വളവു തിരിഞ്ഞ് നീ വരുന്നുണ്ട്. കൊലുസിന്‍റെ കിലുക്കം. വിയര്‍പ്പിന്‍റെ മണം. ഉലയുന്ന പട്ടുപാവാടയുടെ ശബ്ദം. നീ..
ഹെന്‍റെ സുന്ദരീ..!
സമയം:
8:53 PM
54
പ്രതികരണങ്ങള്‍
Labels: കഥ
2008, സെപ്റ്റംബർ 2, ചൊവ്വാഴ്ച
ഭാഗം
സര്‍വ്വേക്കാരുടെ ചങ്ങലയിഴഞ്ഞുപോയ
മുറിപ്പാടിനിരുപുറവുമാണ്
നീ നിനക്കു വേണ്ടിയും
ഞാന്‍ എനിക്കുവേണ്ടിയുമായി മാത്രം
മണ്ണപ്പം ചുട്ടുതുടങ്ങിയത്.
പകുതി നിറച്ച്
നീ ചുടാനൊരുങ്ങിയ
രണ്ടു കുഞ്ഞ് മണ്ണപ്പങ്ങള്
"അശ്രീകരങ്ങള്! എണീറ്റുപോ.."
എന്ന മുറിക്കിത്തുപ്പലില്
കണ്ണാഞ്ചിരട്ടയില്‍ത്തന്നെ
ചോരച്ച് കിടപ്പായത്.
മുറിക്കിപ്പുറത്തെ പുളിയന്‍മാങ്ങ
നിനക്കില്ലെന്ന് ഞാനും
അപ്പുറത്തെ പേരയ്ക്ക
"ഇച്ചിരി പുളിയ്ക്കും" എന്ന് നീയും
തീര്‍ച്ചയാക്കിയത്.
ഒന്നിരുട്ടി വെളുത്തപ്പോഴേയ്ക്കും
മുളച്ചുപൊങ്ങിയ മതിലെങ്ങനെയാ
നിന്നെ മായ്ച്ചു കളഞ്ഞത്?
ആണ്ടോടാണ്ട് മാങ്ങയെല്ലാം
പഴുത്ത് വീണു ചീഞ്ഞുപോയിട്ടും,
കല്ലുകൊണ്ടു കോറിവച്ച
ക്ഷമാപണങ്ങളൊക്കെ
മതില്‍പ്പച്ച വിഴുങ്ങിയിട്ടും,
എന്തേ നിന്‍റെ 'ഉണ്ടാക്കിച്ചുമ' മാത്രം
ഇപ്പുറത്തേയ്ക്ക് കേള്‍ക്കാതിരുന്നത്?
സമയം:
9:57 PM
27
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച
കവിയുമായൊരു വിര്‍ച്വല്‍ അഭിമുഖം
വൈകിട്ടു പതിവുപോലെ ഒന്നു നാട്ടിലേയ്ക്കു വിളിച്ചതാണ്. അങ്ങേത്തലയ്ക്കല്‍ പരിചയമില്ലാത്തൊരു ശബ്ദം.
"മാഷിനെ വേണമെങ്കില്‍ മൊബൈലില്‍ വിളിക്കൂ.."
ങ്ഹേ! ഇതാരപ്പ? ഉടനെ അച്ഛനെ മൊബൈലില്‍ വിളിച്ചു.
"അതാരായിരുന്നു?"
"അതു കവി കുരീപ്പുഴ ശ്രീകുമാര്‍..!"
ഇപ്പോ ഉഗ്രനായിട്ടൊന്നു ഞെട്ടി. കവിതയും സംഗീതവും ഏഴയലത്തുകൂടെപ്പോലും പോയിട്ടില്ലാത്ത ഞങ്ങളുടെ വീട്ടില്‍.. ഇനി വഴിതെറ്റിയോ മറ്റോ വന്നു കയറിയതായിരിക്കുമോ?
"ഇവിടെ വൈ.എഫി.ന്‍റെ ഒരു മീറ്റിങ്ങിനു വന്നതാണ്.. നമ്മുടെ വീട്ടിലായിരുന്നു താമസം.."
അപ്പോ അതാണു സംഗതി. അല്ലാതെ നമ്മുടെ കാരണവര്‍ കവികളുമായി ഒരു ബന്ധവും അബദ്ധത്തില്‍ പോലും ഉണ്ടാക്കാന്‍ വഴിയില്ല.
സ്വാതന്ത്ര്യദിനം പ്രമാണിച്ച് വൈ.എഫ്. 'സ്വാതന്ത്ര്യസംരക്ഷണം' എന്നോ മറ്റോ ഒരു പരിപാടി സംഘടിപ്പിച്ചിട്ടുണ്ടായിരുന്നത്രെ. അതിനു മുഖ്യാതിഥിയായി വന്നതാണ്.
കിട്ട്യ ചാന്‍സല്ലേ കവിയോടൊന്നു സംസാരിക്കാനൊക്കുമോന്നു അച്ഛനെ സോപ്പടിച്ചു നോക്കി. അരമണിക്കൂറു കഴിഞ്ഞു വിളിക്കാന്‍.
അരമണിക്കൂര്‍ കടിച്ചുപിടിച്ചു കാത്തിരുന്നു. റിങ്ങു ചെയ്തപ്പോള്‍ അങ്ങേത്തലയ്ക്ക് ആ പരുപരുത്ത, എന്നാല്‍ പതുപതുത്ത ശബ്ദം!
സംസാരിക്കുമ്പോള്‍ ഒരു ജാടയുമില്ല! പച്ചമനുഷ്യന്‍. വളരെ പതുപതുത്ത സംസാരം. കാനഡയിലെ താമസത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചു. എന്നാണു നാട്ടിലെത്തുന്നതെന്നും നാട്ടിലെത്തുമ്പോള്‍ കോണ്ടാക്റ്റു ചെയ്യണമെന്നും പറഞ്ഞു.
ബ്ളോഗു വിശേഷങ്ങളെക്കുറിച്ചൊക്കെ ഞാനൊരു നീണ്ട പ്രഭാഷണം തന്നെ നടത്തി.
കൂഴൂരിനേയും വിഷ്ണുപ്രസാദ് മാഷിനെയും എനിക്കു ബ്ളോഗുവഴി പരിചയമുണ്ടെന്നൊക്കെ തട്ടിവിട്ടു. ഷൊര്‍ണ്ണൂരിലെ കവി സംഗമത്തെക്കുറിച്ചൊക്കെ പറഞ്ഞു. കൂഴൂരിനെയും വിഷ്ണുമാഷെയും പറ്റി 'വളരെ ശക്തരായ കവികള്‍' എന്നാണദ്ദേഹം പറഞ്ഞത്.
ഇപ്പോള്‍ കൊല്ലത്താണു താമസം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ ഡയറക്റ്ററേറ്റില്‍ ജോലി.
നാട്ടില്‍ വന്നാല്‍ കോണ്ടാക്റ്റു ചെയ്യണമെന്നും ഫോണ്‍നമ്പര്‍ അച്ഛന്‍റെ കയ്യില്‍ കൊടുക്കാമെന്നും പറഞ്ഞു.
ജെസ്സിയുടെ കാവ്യകാരനുമായി നേരില്‍ സംസാരിക്കാന്‍ പറ്റിയത് ഒരു ഭാഗ്യമായി കരുതുന്നു.
ദേ എന്‍റെ സന്തോഷം നിങ്ങളുമായി പങ്കു വയ്ക്കുന്നു. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ..!
സമയം:
6:51 PM
23
പ്രതികരണങ്ങള്‍
Labels: അഭിമുഖം
2008, ഓഗസ്റ്റ് 12, ചൊവ്വാഴ്ച
അക്ഷമ
എത്ര നേരമായി
'അങ്ങോട്ടുമില്ല' 'എങ്ങോട്ടുമില്ലെന്ന'
ഞരക്കം മാത്രം കേട്ട്,
ഒരു നെഞ്ഞത്തടിയും നിലവിളിയും
അടുത്തനിമിഷമെങ്കിലും
പുറത്തേക്കിറങ്ങിവരുമെന്ന്
പ്രതീക്ഷിച്ച്,
അക്ഷമ തിന്ന്,
ഞാനീ ഉമ്മറത്തിണ്ണയിലിരിക്കുന്നു..
കിണറ്റുവക്കില്‍ വച്ചിട്ടു പോന്ന കുഞ്ഞ്,
ക്ഷമയുടെ നെല്ലിപ്പടിക്കല്‍ വച്ചിട്ടുപോന്ന ബില്ലുകള്‍,
ബോസിന്‍റെ അരവാതിലിനകത്ത്
പിടിച്ചുതിന്നാന്‍ ആളെ കാത്തിരിക്കുന്ന ശകാരങ്ങള്‍,
അടുക്കളപ്പുറത്തെ ആവലാതികള്‍,
ചീട്ടുകളിക്ക് കോറം തികയാതെപോയതിന്‍റെ
മലയാണ്മവിടാത്ത തെറികള്‍,
മുതലയുടെ വീട്ടില്‍ സദ്യയ്ക്കുപോയ
കുരങ്ങനെപ്പോലെ
ഹൃദയം മരക്കൊമ്പില്‍ മറന്നു വച്ചിട്ടു വന്നതാണു ഞാന്‍.
ഇനിയും വൈകിയാല്‍..
ഈ പൊക്കിള്‍കൊടിയുടെ ഇങ്ങേയറ്റം മുറിച്ചുകളഞ്ഞ്
ഞാനെന്‍റെ പാട്ടിനുപോകും, പറഞ്ഞേക്കാം..
സമയം:
7:48 AM
39
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച
സംഗീതം കിട്ടി!
പണിക്കര്‍ സാറിന് ഒരായിരം നന്ദി.
എന്‍റെ ഒരു പൊട്ടപ്പാട്ടിനു കൂടി അദ്ദേഹം ജീവനൂതിത്തന്നിരിക്കുന്നു..
പാട്ട് ഇവിടെ കേള്‍ക്കൂ..
സമയം:
7:29 PM
4
പ്രതികരണങ്ങള്‍
Labels: സംഗീതം
2008, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച
ദാ ഇതു കണ്ടിട്ടെന്തു തോന്നുന്നു?
ഓ.ടോ. മാമുക്കോയയെപ്പറ്റി അല്ല! :)
സമയം:
9:34 PM
18
പ്രതികരണങ്ങള്‍
Labels: മതം.. മതം
2008, ഓഗസ്റ്റ് 3, ഞായറാഴ്‌ച
കഥയില്‍ നിന്ന് ധിക്കരിച്ചിറങ്ങിപ്പോയ കഥാപാത്രം
കൌസേടത്തി.
(കഥയില്‍ നിന്ന് ധിക്കരിച്ചിറങ്ങിപ്പോയ
കഥാപാത്രം.)
കണ്ണുകളില്‍ ഖനീഭവിച്ച ഉപ്പുരസം
കൈകളില്‍ വിശപ്പുരുട്ടിയ തഴമ്പ്
മുഖത്തിനു ചേരാത്ത മേല്‍മീശ പോലൊരു ചിരി
തലതെറിച്ച സന്താനങ്ങളുടേയും,
നെഞ്ചുംകൂടു പൊളിച്ച്
പുറത്തു ചാടുന്ന ജീവശ്വാസത്തെ
ചുമച്ചാശ്വസിപ്പിക്കുന്ന കയറ്റുകട്ടിലിന്‍റേയും
കറവ വറ്റിപ്പോയ അകിട്.
കണ്ണീച്ചോരയില്ലാഞ്ഞ പ്രപിതാക്കന്മാരു്
പറമ്പിലെ കല്‍വിളക്കിന്‍റെ ചോട്ടില്‍
'തൊട്ടാല്‍ പ്രാന്തെന്ന്' കുഴിച്ചിട്ടേച്ചും പോയ
നിധിക്കു മുകളില്‍
വിശന്നു തളര്‍ന്നുറങ്ങുന്ന ഭൂതം.
മക്കള്‍ക്ക് വറ്റില്ലാക്കഞ്ഞിയൂട്ടി,
ഭീതിയുടെ മുകളില്‍
കീറപ്പായ വിരിച്ച്, പൂച്ചയുറക്കം.
കല്‍വിളക്കിലെ തിരിയണയുന്നുണ്ടോ?
കഥയറിയാത്ത കള്ളന്മാരെങ്ങാന്‍
തറ മാന്തുന്നുണ്ടോ?
ചാവിന്നു നല്ലനാള്‍ നോക്കിക്കിടന്നിരുന്ന
കെട്ട്യോനെന്ന പേക്കോലത്തെക്കൊണ്ടോ
തലതിരിഞ്ഞ് വീടിനും നാടിനും വേണ്ടാതായ
ആണ്‍മക്കളെക്കൊണ്ടോ നിധിയെടുപ്പിച്ച്,
കീറിപ്പറിഞ്ഞ ബ്ലൌസിനും
ഹുക്കില്ലാത്ത ബോഡീസിനും ഇടയിലൂടെ
തലനീട്ടി അലോസരപ്പെടുത്തിക്കൊണ്ടിരുന്ന
ഉണങ്ങിച്ചപ്പിയ മുലക്കണ്ണുകളെ
ഒരു കോടിത്തുണികൊണ്ടു മറച്ച്,
എന്നെങ്കിലുമൊരിക്കല്‍,
വേദന തീണ്ടി വെടക്കാക്കാത്ത ഒരു ചിരിയും തന്ന്
എന്‍റെ ദുഃസ്വപ്നങ്ങളില്‍ നിന്നും
ഇറങ്ങിപ്പോകുമെന്ന്,
വെറുതേ ആശിച്ചു.
ഒടുക്കം,
കുതിരവട്ടത്തെ 6' X 8' സെല്ലില്‍
'അയ്യോ എന്‍റെ നിധികൊണ്ടുപോണേ'
എന്ന് അഴിയില്‍ തലതല്ലിപ്പൊളിച്ച്
പിടഞ്ഞൊടുങ്ങിപ്പോകുമ്പോള്‍
നിധിയിരിക്കുന്ന കല്‍വിളക്കില് തിരിവയ്ക്കാന്‍
ആളില്ലാതെ പോകുമെന്നെങ്കിലും
ഓര്‍ക്കാഞ്ഞതെന്തേ?
സമയം:
11:27 PM
26
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ജൂലൈ 27, ഞായറാഴ്‌ച
യാഥാര്‍ത്ഥ്യമേ..
യാഥാര്‍ത്ഥ്യമേ..
വേണ്ടിവരുമ്പോള്‍ കരയാന്‍ വച്ച കണ്ണീരും
തിളയ്ക്കുമ്പോള്‍ ഒഴുക്കാന്‍ കരുതിയ ചോരയും
ചൊരുക്കുമ്പോള്‍ വിളിക്കാന്‍ വച്ച തെറികളും
എറിഞ്ഞുകളഞ്ഞാണ്
നിനക്കിരിക്കാനൊരിത്തിരി ഇടം തന്നത്.
ഇടം നിറഞ്ഞ് നിറം മാറിയ
നീയിപ്പോള്‍ തിന്നു തീര്‍ക്കുന്നത്
നാളേയ്ക്കു കാണാന്‍ വച്ച സ്വപ്നങ്ങളും
പണ്ടുണ്ണാതെ വച്ച കുറച്ചു പ്രണയവുമാണ്..
അത്യാവശ്യത്തിനെടുക്കാന്‍ വച്ച അലിവും
ക്ഷാമകാലത്തെടുക്കാന്‍ മാറ്റിവച്ച ഇത്തിരി
മനുഷ്യത്വത്തിലുമാണിപ്പോള്‍ നിന്‍റെ നോട്ടം..
തകരപ്പെട്ടിയിലടച്ച്
ഉളുപ്പിന്‍റെ പിന്നാമ്പുറത്ത്
കുഴിച്ചിട്ടിരിക്കുന്ന
ഇത്തിരി മാനത്തില്‍
നിന്‍റെ കണ്ണെത്തുന്നതിനു മുന്നേ
നിന്നെക്കൊന്ന് ഞാന്‍ ചാവും.
സമയം:
8:09 PM
36
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ജൂലൈ 19, ശനിയാഴ്‌ച
വിശ്വമാനവന്‍: പ്രതിഷേധിക്കുക ഈ ക്രൂരതക്കെതിരെ....
വിശ്വമാനവന്‍: പ്രതിഷേധിക്കുക ഈ ക്രൂരതക്കെതിരെ....
മഴകൊള്ളാതിരിക്കാന്‍ പോലും സ്കൂള്‍ വരാന്തയില്‍ കയറിയിട്ടില്ലാത്തവനേ ഇതു ചെയ്യൂ. കടല പൊതിയാനല്ലാതെ കടലാസും ഉപയോഗിച്ചിട്ടുണ്ടാവില്ല.
പുസ്തകം കത്തിക്കുന്നവനും ഗുരുവിനെ ചവിട്ടിക്കൊല്ലുന്നവനും ഇവരുടെ ദൈവം ഏതു നരകമാണോ വിധിച്ചിട്ടുള്ളത്..
ആ അദ്ധ്യാപകന്‍റെ കുടുംബത്തിന്‍റേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു.
പത്രങ്ങളില്‍:
മാതൃഭൂമി
മനോരമ
ദേശാഭിമാനി
സമയം:
8:42 AM
20
പ്രതികരണങ്ങള്‍
Labels: പ്രതിഷേധം
2008, ജൂലൈ 17, വ്യാഴാഴ്‌ച
കലവറ
കാലത്ത് ബ്രേക്ക്‌ഫാസ്റ്റിന് അച്ഛന്
നാപ്പാം ബോംബു തന്നെ വേണം
മക്കള്‍ക്കോരോരുത്തര്‍ക്കും
വെവ്വേറെ ബോംബുകള്‍ വേണം
മൂത്തവന് ക്ളസ്റ്റര്‍ ബോംബ്,
ഇളയവന് സ്റ്റെല്‍ത്ത് ബോംബ്,
ആകെയുള്ള പെണ്‍കൊച്ചാണെങ്കില്‍
ഐശ്വര്യാറായിയെപ്പോലെ മെലിയാന്‍ വേണ്ടി
ഗ്രനേഡുകള്‍ മാത്രം കഴിച്ചു ഡയറ്റുവാ..
അമ്മയ്ക്കങ്ങനെ ഒരു നിര്‍ബന്ധവുമില്ല
അവസാനം ബാക്കിവരുന്ന
വല്ല കുഴിബോംബോ പള്‍സ് ബോംബോ
കഴിച്ചു വയറു നിറച്ചോളും, പാവം!
ആറ്റം ബോംബും ഹൈഡ്രജന്‍ ബോംബുമൊന്നും
പിള്ളേരെ കാണിക്കാറില്ല
വിരുന്നുകാരാരെങ്കിലും വരുമ്പോള്‍ വിളമ്പാന്‍
അതൊക്കെ ഭരണിയിലാക്കി
അലമാരയില് അടച്ചിരിക്കുകയാണമ്മ.
ഹൊ! ഈ ബോംബുകളില്ലായിരുന്നേല്‍
പട്ടിണി കിടന്ന് നമ്മളൊക്കെ എന്നേ മരിച്ചേനെ.
സമയം:
6:11 AM
26
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ജൂലൈ 16, ബുധനാഴ്‌ച
അപ്പൂപ്പന്‍താടി
ഓര്‍മ്മയുടെ വീഞ്ഞപ്പെട്ടി കുടഞ്ഞിട്ടപ്പോഴാണ്
കുറെ അപ്പൂപ്പന്‍താടികള്‍ക്കൊപ്പം
നീയും പുറത്തു ചാടിയത്.
സിദ്ധാര്‍ത്ഥന്‍ മാഷിന്‍റെ
വേലിയെ മാനിക്കാതിരുന്നത്
അപ്പൂപ്പന്‍ താടികളും
നീയും മാത്രമായിരുന്നു
സ്വാതന്ത്ര്യാഘോഷത്തിനിടയ്ക്ക്
വഴിതെറ്റി വേലിയില്‍ കുടുങ്ങിപ്പോകുന്ന
അപ്പൂപ്പന്‍ താടികളെ
വേലിക്കപ്പുറത്തെ വാഗ്ദാനങ്ങളിലേയ്ക്ക്
ഊതിപ്പറത്തിയാണ് നമ്മള്
കൂട്ടുകാരായത്.
തുളവീണ മുഷിഞ്ഞ ഷമ്മീസിന്‍റെ
ക്യൂട്ടക്സിളകിപ്പോയ കൈനഖത്തിന്‍റെ
കുത്തിത്തുളപ്പിച്ച കാതില്‍
ഈര്‍ക്കിലിതിരുകിച്ച ഇല്ലായ്മയുടെ
അശരണതയുടെ, ഭീതിയുടേയും
നിന്‍റേതായിരുന്ന മണങ്ങള്
ഖനീഭവിച്ച് മഞ്ചാടികളായി
കിടപ്പുണ്ടെന്‍റെ മനസ്സില്‍
പറന്നുയര്‍ന്നു പോകുന്ന
അപ്പൂപ്പന്‍താടികളെ മാത്രമായിരുന്നോ
നീ സ്നേഹിച്ചത്?
സമയം:
10:30 PM
28
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ജൂലൈ 13, ഞായറാഴ്‌ച
ഇന്നത്തെ പ്‌രാന്ത്: അത്താവുള്ള ഖാന്‍
ഇന്നിപ്പോ എവിടെന്നോ അത്താവുള്ള ഖാന്‍റെ പാട്ടിന്‍റെ രണ്ടു വരികള് കേട്ടു. ഒത്തിരികാലം മുന്പാണതു കേട്ടിട്ടുള്ളത്. ഒരിക്കല്‍ നോര്‍ത്ത് ഇന്‍ഡ്യയില്‍ ഒരു ട്രയിന്‍ യാത്രയ്ക്കിടയില്‍. ഒരു തെരുവു ഗായകന്‍ തൊണ്ട കീറിപ്പാടുന്നു. എന്തായിരുന്നു ഫീല്! അന്നതു മനസ്സില്‍ വല്ലാതെ പതിഞ്ഞുപോയി.
തിരിച്ചു നാട്ടില്‍ എത്തിയ ഉടനെ അന്വേഷിച്ചു. ഇങ്ങേരുടെ പേരന്ന് ആദ്യമായിട്ടാണു കേള്‍ക്കുന്നത്. 'ബേവഫാ സനം' എന്ന ആല്‍ബമായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ടത്. സീരീസിലെ ആദ്യ ഭാഗം. എല്ലാം എണ്ണം പറഞ്ഞ പാട്ടുകള്‍.
വിരഹവും വഞ്ചിതനായതിലുള്ള ദുഃഖവും കണ്ണീരില്‍ ചാലിച്ചെടുത്ത വരികള്‍. ശരിക്കും തൊണ്ടപൊട്ടിത്തന്നെ പാടുന്ന നാടന്‍ (ഉറ്ദു ഫോക്ക്) ശൈലി. നിങ്ങളുടെ മൂഡീനെ വല്ലാതെ സ്വാധീനിക്കും ഈ പാട്ടുകള്‍.
അറിയാത്തവര്‍ക്കായി: അത്താവുള്ള ഖാന്‍ ഇശഖെല്‍വി പാകിസ്ഥാനിയാണ്, പത്താന്‍. എല്ലാ ഗാനങ്ങളും എഴുതുന്നതും സംഗീതം നല്‍കുന്നതും പാടുന്നതും അദ്ദേഹം തന്നെ. അറിയപ്പെടുന്നൊരു ഉറ്ദു കവിയാണ് അദ്ദേഹം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആഡിയോ ആല്‍ബങ്ങളിറക്കിയതിന്‍റെ റെക്കോര്‍ഡ് ഇദ്ദേഹത്തിന്‍റെ പേരിലാണെന്ന് വിക്കി പറയുന്നു.
'ബേവഫാ സനം' എന്ന ബോളിവുഡ് ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ പാട്ട് സോനു നിഗാം ആലപിച്ചതോടെയാണ് അദ്ദേഹം ഇന്‍ഡ്യക്കുള്ളിലും പ്രസിദ്ധനായത്.
ഈ പാട്ടുകള്‍ കേള്‍ക്കുന്നതിനു മുന്പൊരു കാര്യം. ഇതു കേട്ടിട്ട് ഡെസ്പടിച്ച് എന്നെ തെറി വിളിക്കരുത്. അല്‍പം സെന്റി മൂഡില്‍, ഒരു പെഗ്ഗിന്‍റെ കൂടെ, ഒറ്റയ്ക്കിരുന്ന് കേക്കണ്ടതാണീ സാധനം. (കേട്ടിട്ടുള്ളവരോടു മാപ്പ്) :)
1. ബേദര്‍ദീ സേ പ്യാര്‍ കാ
കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡൌണ്‍ലോഡൂ..
2. അഛാ സില്ലാ ദിയാ തൂനേ
കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡൌണ്‍ലോഡൂ..
3. ഓ ദില് തോട്‌കെ
കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡൌണ്‍ലോഡൂ..
4. മുഝ്കോ യേ തേരീ ബേവഫായീ
കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡൌണ്‍ലോഡൂ..
5. മേം ദുനിയാ തേരീ ഛോഡ് ചലാ
കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡൌണ്‍ലോഡൂ..
അത്താവുള്ളയെപ്പറ്റി കൂടുതലറിയാന്‍:
1. വിക്കി
2. ഫാന്‍സ് ക്ളബ്ബ്
സമയം:
8:28 PM
22
പ്രതികരണങ്ങള്‍
Labels: പ്‌രാന്ത്
2008, ജൂലൈ 12, ശനിയാഴ്‌ച
പ്രണയം
ഒരു നേര്‍ത്ത പുകച്ചുരുളായാണ്
അവളാദ്യം വന്നത്..
ചത്തുറങ്ങിപ്പോയ രാത്രികളില്‍
അതു പതുക്കെ കനത്തു.
പിന്നെ താഴേക്കൊഴുകാന്‍ വിസമ്മതിച്ച
ഒരു കണ്ണുനീര്‍ത്തുള്ളി,
ജനിക്കാന്‍ സമരം ചെയ്ത ചില വാക്കുകള്‍,
കടിച്ചമര്‍ത്തലില്‍ നിന്ന്
വിടുതല്‍ നേടിയൊരു നീറ്റല്‍.
ഓരോന്നായി യാഥാര്‍ത്ഥ്യത്തിന്‍റെ
കുപ്പായമിട്ടു വന്നു.
കണ്ണുകളായിരുന്നു
ഒടുക്കം തെളിഞ്ഞു വന്നത്.
കണ്ണുകള്‍ക്കു മുന്പേ പിറന്ന ഒരു നോട്ടം
കൊരവള്ളിക്കു പിടിച്ച്
അതിന്‍റെ ആഴത്തിലേക്കു
മുക്കിക്കളഞ്ഞു.
ഇത്തിരി ശ്വാസം വേണമെന്ന്
എനിക്കു വേണ്ടിത്തന്നെ മിടിച്ചുകൊണ്ടിരുന്ന ഹൃദയം
നിലവിളിച്ചു തുടങ്ങിയപ്പോഴേയ്ക്കും
ആഴം പൂര്‍ണ്ണമായും
വിഴുങ്ങിക്കളഞ്ഞിരുന്നു.
മിഥ്യയും യാഥാര്‍ത്ഥ്യവും
കൊമ്പുകോര്‍ത്തിട്ടൊടുവില്‍,
ചിമ്മിത്തുറന്ന കണ്ണില്‍ നിന്നും
തള്ളിപ്പുറത്താക്കപ്പെട്ട ഒരു തുള്ളി
ഞാനായിരുന്നു.
നിലത്തുവീണുടഞ്ഞുപോയ
എന്നെ പെറുക്കിക്കൂട്ടുകയാണു ഞാനിപ്പോള്‍..
സമയം:
11:26 PM
31
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ജൂലൈ 9, ബുധനാഴ്‌ച
തീപ്പെട്ടിക്കൊള്ളി
ഒരു തീയായി ആളുന്നത്
സ്വപ്നം കണ്ട്
വിധിഹിതത്തിന്‍റെ
നറുക്കു വീഴുന്നതും
കാത്തിരിക്കുന്നു.
ഒരൊറ്റ ആളലേയുള്ളൂ.
നിലവിളക്കിലെ സൌമ്യതയായോ
അടുപ്പിലെ വേവായോ
പുനര്‍ജനിക്കേണ്ടി വരും.
അടക്കിവച്ച അസഹിഷ്ണുതകളെ
കാട്ടുതീയായോ
പൊട്ടിത്തെറിയായോ
പൊലിപ്പിച്ചെടുക്കാന്‍
എല്ലാ കൊള്ളിക്കും ഭാഗ്യമില്ലല്ലോ.
സമയം:
10:05 PM
30
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ജൂലൈ 6, ഞായറാഴ്‌ച
സാമൂഹ്യപാഠം
ഏട്ടിലെ പശുവിനെ
തൊഴുത്തില്‍ കെട്ടി,
തീറ്റിത്തടിപ്പിച്ച്,
ഒരു ആനയാക്കിയെടുക്കാമോ
എന്നു നോക്കുകയായിരുന്നു.
ഏട്ടിലെപ്പശു പുല്ലു തിന്നില്ലെന്ന്
ഓര്‍ക്കായ്കയല്ല.
പശുവിനു തുമ്പി മുളയ്ക്കുന്നേയെന്നു കൂവി
കാളപ്രസവത്തിനു കയറുപിരിക്കണോരെക്കൂട്ടി
ഒരാനപ്പന്തിക്കു പിരിവെടുക്കാമെന്നോര്‍ത്തു.
വരിയുടച്ച കാള വേലിചാടിയതും
ചവിട്ടിക്കാതെ വച്ച പശു
നാലാളറിയെ ചെനച്ചതും
നാട്ടാരു മറക്കുമെന്നോര്‍ത്തു.
ഒടുവില്‍, ഏട്ടിലെപ്പശു
അരിയും തിന്ന്,
അപ്പോസ്തലനേം കടിച്ച്,
അരമനപ്പടിക്കെത്തന്നെ
പിണ്ടവും വെച്ചു.
----------------------
ഏട്ടിലെ പശു - കടലാസിലെ (പുസ്തകത്തിലെ) പശു
വരിയുടയ്ക്കുക - വന്ധ്യംകരിക്കുക
ചവിട്ടിക്കുക - പശുവിനെ ഗര്‍ഭിണിയാക്കാന്‍ വിത്തുകാളയുടെ അടുത്തു കൊണ്ടുപോകുന്ന ഏര്‍പ്പാട്.
ചെനയ്ക്കുക - പശു ഗര്‍ഭിണിയാവുന്നത്..
സമയം:
10:10 PM
19
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ജൂൺ 30, തിങ്കളാഴ്‌ച
ശംഖ് : ഒരു മാപ്പപേക്ഷ
ഓരോ ശംഖിലും
തന്‍റെ ആത്മാവിനെ ഊതിക്കയറ്റി
തീരത്തേയ്ക്കെറിഞ്ഞു തരികയാണ്
കടല്‍.
സൂനാമിയുടെ ദ്രുതതാളമോ
തിരിച്ചറിയപ്പെടാതെപോയ ആഴങ്ങളുടെ
നിസ്സംഗമായ നിശബ്ദതയോ ഒന്നും
കൂടുപൊട്ടിച്ചിറങ്ങുന്നില്ല
അതില്‍ നിന്നും.
ചെവിയില്‍ ചേര്‍ത്തു പിടിച്ചാല്‍ മാത്രം
ആ നേര്‍ത്ത പിടച്ചിലു കേള്‍ക്കാം.
ചിലവികൃതിക്കുട്ടികള്‍
ഒന്നുകുലുക്കിനോക്കിയിട്ട്
ഒന്നും കേള്‍ക്കുന്നില്ലെന്നു പറഞ്ഞ്
എറിഞ്ഞുടച്ചു കളയും,
എന്നേപ്പോലെത്തന്നെ.
നിലത്തുടഞ്ഞു കിടക്കുമ്പോഴും
ആവിപറന്നു പോകുന്ന ആത്മാവിനെ നോക്കി
വേദനയുടെ ഒരു ചിരിയെറിയാനും
അതിനു കഴിയുന്നതാണാശ്ചര്യം..!
സമയം:
2:19 PM
28
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ജൂൺ 18, ബുധനാഴ്‌ച
ഒരു തെണ്ടിയുടെ മരണം
ഞരങ്ങി നിന്ന വണ്ടിക്കടിയില്‍
ചെളുങ്ങിയൊരു പിച്ചപ്പാത്രം
ചിതറിത്തെറിച്ച നാലു നാണയങ്ങള്‍
ഒരു തുടം ചോര
ജനിക്കാനിടകിട്ടാതെപോയ ഒരു നിലവിളി
നാണം ചതഞ്ഞു പോയിടം മറയ്ക്കാന്‍
നാണമില്ലാത്തൊരു തുണിക്കഷണം
കാലിവയറു പിഞ്ഞി കാഷ്ഠം പുറത്തു വന്നതിന്
കാല്‍സരായിക്കാരുടെ മനംപിരട്ടല്‍
തിരിച്ചടയ്ക്കാന്‍ വയ്യാത്ത ഉണക്കവായില്
ഈച്ചകളുടെ അനുശോചന സമ്മേളനം
മുനിസിപ്പല്‍ ജീവനക്കാരന്‍റെ
ഓവര്‍ട്ടൈം തെറി
മറവു ചെയ്യാന്‍
ചരമക്കോളത്തില്‍ പോലും
ഒരുതുണ്ടുഭൂമിയില്ലാത്തവനേ,
മരണത്തിലൂടെയും ശല്യമാകാതെ
നിനക്ക് കാഴ്ചയുടെ പിന്നാമ്പുറത്തെങ്ങാന്‍
ജീവിച്ചുകൂടായിരുന്നോ?
സമയം:
10:07 PM
35
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ജൂൺ 15, ഞായറാഴ്‌ച
ഭ്രാന്ത്
സ്വാസ്ഥ്യത്തിന്‍റെ നേര്‍ത്ത വരമ്പൊന്ന്
മെത്തിക്കടന്ന് എത്തിനോക്കിയതാണ്
കുത്തിയൊഴുകിയ ചിന്തകളുടെ
സ്ഥൂലശരീരം വരമ്പിടിച്ചു കളഞ്ഞു
തിരിച്ചൊഴുകാമെന്നു വച്ചാല്‍
കെട്ടിക്കിടപ്പിനു അതിരുവയ്ക്കാനൊരു വരമ്പെവിടെ
വരമ്പില്ലായ്മയൊരു ലൈസന്‍സായെടുത്ത്
ആര്‍ത്തലച്ചു
സ്വന്തം വരമ്പില്ലാതായാല്‍
പിന്നേതുവരമ്പുമിടിക്കാമല്ലോ
വരമ്പുകളിടിച്ച് ഒഴുകിപ്പരന്ന്
യൌവ്വനത്തിനാഴം കുറഞ്ഞപ്പോള്‍
വരമ്പുകള്‍ക്കെന്തൊരു ഗര്‍വ്വ്!
ഒടുവിലൊന്നു കെട്ടിക്കിടക്കാനും
അതിരിലൊതുങ്ങാനും ആഗ്രഹിച്ച്
വിസ്തൃതിയുടെ ചങ്ങലയിലുരഞ്ഞ്
വറ്റിത്തീരുന്നു; ഭ്രാന്തപര്‍വ്വം..
സമയം:
9:41 AM
28
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ജൂൺ 7, ശനിയാഴ്‌ച
ഇരുട്ട് തിന്നുതുടങ്ങിയ ഒരു നാളം
ഇരുട്ട് പതുക്കെ തിന്നുതുടങ്ങിയ ഒരു നാളം
ഒരു നാളത്തെ പകുത്തൊട്ടിച്ച രണ്ടു കണ്ണുകള്‍
കരളുരുകിയൊലിച്ച രണ്ടു തുള്ളികള്‍
ഇരുട്ടെടുത്തുടുത്ത് നാണം മറച്ച കുഞ്ഞുടുപ്പ്
ഇല്ലായ്മയെ നാടറിയാതമര്‍ത്തിപ്പിടിച്ച പിഞ്ചുവയറു്
ദീനം പിടിച്ച ദൈന്യതയെ ചീറ്റിയൊഴുക്കുന്ന മൂക്ക്
അണകെട്ടിയിട്ട സങ്കടത്തിന്‍റെ തൊണ്ട ഞെക്കിപ്പിടിച്ചൊരേങ്ങല്‍
കറുത്ത കണ്ണട വെച്ചതുകൊണ്ടല്ലേ കുഞ്ഞേ,
നിന്നെ ഞാന്‍ കാണാത്തത്.
സമയം:
9:18 PM
24
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, മേയ് 30, വെള്ളിയാഴ്‌ച
ദൂരം
വിരക്തി ഭാവിച്ച്
വേനലിനെ പ്രാപിച്ച
മച്ചിപ്പാടം
നോക്കെത്താപ്പാടത്തിനു
കണ്ണേല്‍ക്കാതിരിക്കാന്‍
നരച്ചുപോയൊരു മാടം
ശുഷ്കിച്ച മുലകള്‍
കച്ചയുടെ വിടവിലൂടെ
പുറത്തേക്കു തൂങ്ങിയ
കെഴവിത്തെങ്ങ്
നീയിങ്ങോട്ടു വരേണ്ടെന്നു
കാടുപിടിച്ചു പിണങ്ങിയ വരമ്പ്
വെളിച്ചം കാണാന്‍ ഭയപ്പെട്ട്
ഉള്‍വലിഞ്ഞു പോയ നീര്‍ച്ചാല്‍
പ്രതീക്ഷയുടെ ശവം കൊത്തിവലിക്കുന്ന
വിരുന്നു വിളിക്കാരന്‍
സ്വപ്നങ്ങള്‍ക്കു പോലും
ദൂരത്തിനെ ഭയമാകുന്നോ?
സമയം:
10:43 PM
29
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, മേയ് 22, വ്യാഴാഴ്‌ച
മാര്‍ക്സ് ദൈവമേ...!
ചുവരില്‍ തൂക്കിയിട്ട ചിത്രത്തില്‍ നിന്നിറങ്ങിവന്ന്
സമത്വത്തിന്‍റെ വാഗ്ദാനങ്ങളെക്കുറിച്ചെന്നോട്
വാചാലനായ മാര്‍ക്സ് ദൈവമേ,
നിനക്കു ദക്ഷിണവയ്ക്കാന്‍ എന്‍റെയീ ചങ്ങലകളേ ബാക്കിയുള്ളൂ
കിട്ടാനുണ്ടായിരുന്ന 'പുതിയലോകത്തിനെ'
സഖാക്കള്‍ 'ബക്കറ്റു പിരിവു' വാങ്ങിക്കൊണ്ടുപോയി.
സമയം:
10:47 PM
21
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, മേയ് 18, ഞായറാഴ്‌ച
പൊട്ടക്കുളം
നീയൊന്നു നീരാടാന്‍ വരുമെന്നു കരുതി
എത്രകാലമായി ഈ തരിശുപാടത്തൊരു
പൊട്ടക്കുളമായി ഞാന്‍ കാത്തുകിടക്കുന്നു
പുത്തന്‍കര തന്ന പളപളപ്പിന്‍റെ
കാല്‍സരായി* ചീന്തിയെറിഞ്ഞ്
പായലു പിടിച്ചുപോയ
എന്‍റെ നഗ്നതയിലേക്ക്
ഊളിയിട്ടുയരുമ്പോള്‍
നീ താണ്ടിയ ഓട്ടക്കിതപ്പുകളെ
പാലു കെട്ടുപോയ എന്‍റെ
മുലകളിലമര്‍ത്തി ശ്വാസം മുട്ടിക്കാന്‍,
കണ്ണെറിഞ്ഞേടമെല്ലാം കളപിടിച്ചിട്ടും
വേനല് കത്തി തൊണ്ടയ്ക്കു തീപിടിച്ചിട്ടും
കാത്തിരിപ്പിനു തിമിരം പിടിക്കാതെ
ഞാനിവിടെയുണ്ട്, ഒരു പൊട്ടക്കുളം.
വാവും വേലയും ഞാറും കതിരും
വരമ്പെത്ര ചവിട്ടിത്തള്ളിപ്പോയ്!
--------
*കാല്‍സരായി - പാന്‍റ്സ്.
പടത്തില്‍ എന്‍റെ ഗ്രാമം. അടുത്തൂടെ ഒഴുകുന്നത് 'ചാലിയാര്‍' എന്ന സുന്ദരി!
സമയം:
11:48 AM
22
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, മേയ് 17, ശനിയാഴ്‌ച
കാഷായക്കഷായം..!
തലയില്‍ വരച്ചതു പോരാഞ്ഞിട്ടോ
കണ്ണിലുടക്കിയതെത്താഞ്ഞിട്ടോ
അന്യനു സമ്പത്തേറുക കണ്ടിട്ട-
വനവനുള്ളതു പോരെന്നോര്‍ത്തോ
ശുക്രനെയൊന്നു മെരുക്കിയെടുക്കാന്‍
ശനിദശയൊന്നു തിരുത്തിയെടുക്കാന്‍
കാഷായത്തില്‍ കയറിയ കള്ളനെ
കഥയറിയാതെ നമിപ്പൂ ലോകം!
കവലകണക്കിനു ബോര്‍ഡും വച്ചി-
ട്ടാളെക്കൂട്ടും പുതുഋഷിവൃന്ദം
കാവിയടിച്ചൊരു കുറ്റിച്ചൂലും
താണുവണങ്ങിടുമുലകര്‍, കഷ്ടം..!
സമയം:
11:47 PM
11
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, മേയ് 16, വെള്ളിയാഴ്‌ച
സംഗീതം കിട്ടി!
ഒരു നാടന്‍ പാട്ടു 'പോലെ' കുറച്ചു വരികളെഴുതിയതിന് സംഗീതം ചാലിച്ചു കാണണമെന്നൊരാഗ്രഹം പണ്ടു ബൂലോകരുടെ മുന്നില്‍ സമര്‍പ്പിച്ചിരുന്നു.
ഇന്‍ഡ്യാഹെറിറ്റേജ് എന്‍റെ വരികള്‍ക്കു ജീവന്‍ കൊടുത്തത് ഇവിടെ പബ്ളിഷ് ചെയ്തിട്ടുണ്ടു.
ലളിതഗാനങ്ങള്‍: മേലേമാനത്തേ...
വരികള്‍ ഇവിടെ വായിക്കാം..
ഇന്‍ഡ്യാഹെറിറ്റേജിന് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഒപ്പം എന്‍റെ പ്രിയ ബൂലോക സുഹൃത്തുക്കള്‍ക്കും...
സമയം:
4:21 PM
2
പ്രതികരണങ്ങള്‍
Labels: നാടന്‍ പാട്ട്, സംഗീതം
2008, മേയ് 7, ബുധനാഴ്‌ച
ചണ്ഡാളനോ തപം ചെയ്‌വൂ?
തൊണ്ടവരണ്ടുപോയ അയോധ്യക്ക്
ഇടത്തേപ്പാതി ഇട്ടെറിഞ്ഞ രാമന്‍.
വരള്‍ച്ചക്കുരു വിതച്ചത്
തപം ചെയ്യാന്‍ പോയ ചണ്ഡാളനത്രെ.
വികസ്വരതയുടെ മരക്കൊമ്പില്‍ തൂങ്ങി
വളര്‍ച്ചയെ താഴേനിന്നു മുകളിലേക്കു കണ്ട
മോക്ഷകാംക്ഷിക്കെക്കാലവും ശിക്ഷ
അധിനിവേശത്തിന്‍റെ ഖഡ്ഗം!
സമയം:
9:35 PM
32
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, മേയ് 3, ശനിയാഴ്‌ച
നമുക്ക് അച്ഛനുമമ്മയും കളിക്കാം?
തുമ്പപ്പൂ കൊണ്ട് ചോറുവെച്ച്
ചെമ്മണ്ണുകൊണ്ടൊരു ചമ്മന്തിയരച്ച്
ചിരട്ടപ്പാത്രത്തില്‍ വിളമ്പിയൂട്ടി
നീയൊരമ്മയാവണം
അപ്പൂപ്പന്‍താടികൊണ്ട് മേല്‍മീശവെച്ച്
കീറത്തോര്‍ത്തൊന്നു മടക്കിക്കുത്തി
വേലിപ്പത്തലിന്‍റെ കലപ്പക്കഴുത്തുപിടിച്ച്
ഞാനൊരച്ഛനാകാം
* * * * * * * *
പഷ്ണിപ്പാടത്തു വിയര്‍പ്പു മുളപ്പിച്ച്
അരമണി നെന്മണി തൂവിപ്പോകാതെ
നിന്‍റെ കോന്തലക്കു ഞാന്‍ കെട്ടിത്തരാം
നമുക്കൊരു കുഞ്ഞു വീടു വേണം
ഒരു കുഞ്ഞു കിളിക്കൂടിനോളം ചെറുത്
ഞാന്‍ കഴിച്ചെണീറ്റ ചിരട്ടപ്പാത്രത്തില്‍
വറ്റുബാക്കിയുണ്ടോന്ന്
നീ ചുരണ്ടി നോക്കുന്നത്
മയക്കപ്പായയിലെനിക്കു കേള്‍ക്കണം
അരപ്പട്ടിണിയുടെ പൊട്ടുംപൊടിയു-
മെറിഞ്ഞുകൊടുത്ത് വളര്‍ത്താന്‍
നമുക്കു മൂന്നാലു കോഴിക്കുഞ്ഞുങ്ങള്‍ വേണം
എന്നെയൊളിച്ചു കാല്‍ക്കാശു കൂട്ടിവെക്കാന്‍
നിനക്കൊരു കുട്ടിക്കുടുക്കയും വേണം
ഇത്രയുമായാല്‍പ്പിന്നെ
നമുക്കൊത്തിരി കുഞ്ഞുങ്ങളുണ്ടാവണം
എന്നിട്ടു നമുക്കവരുടെ
അച്ചനുമമ്മയുംകളി കണ്ടോണ്ടിരിക്കാം..
സമയം:
9:47 PM
35
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ഏപ്രിൽ 26, ശനിയാഴ്‌ച
ശവംനാറിപ്പൂവ്
മാന്യതയുടെ മൂക്കുളുക്കുന്ന മണം
വെട്ടത്തിന്‍റെ കണ്ണുതുളയ്ക്കുന്ന നിറം
പകലൊക്കെ കണ്ണും പൊത്തി മൂക്കുചുളിച്ച് നടന്നിട്ട്
ഇരുട്ടത്തു ഞാനൊരു മണിയനീച്ചയായി വരാം
സമയം:
2:17 PM
28
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ഏപ്രിൽ 19, ശനിയാഴ്‌ച
വെളിച്ചപ്പാടിന്‍റെ പ്രേതം
തുളവീണ തൊണ്ടയില്‍
പതറിപ്പോയ അലര്‍ച്ച
നെറ്റിയില്‍ ഭക്തിയുടെ ചാരം
കാലില്‍ പഴുത്തു പൊള്ളുന്ന ചിലമ്പ്
കയ്യില്‍ ചോരയുണങ്ങിപ്പോയ വാള്
വറ്റുവാരാ കൈ കൊണ്ട്
അനുഗ്രഹമെത്ര വാരിയെറിഞ്ഞു
അന്നമിറങ്ങാ തൊണ്ടകൊണ്ട്
ദേവീഹിതമെത്ര വിളിച്ചു ചൊല്ലി
ചെണ്ടകളില്‍ രൌദ്രതാളമുണര്‍ന്നപ്പോള്‍
തൊലി തുളച്ചു പൊന്തിയ എല്ലിന്‍കൂട്ടില്‍
കരഞ്ഞുറങ്ങിപ്പോയ ജീവതാളം
പേറ്റുനോവില്‍ നിന്നും ചുടു കാട്ടിലേക്കുള്ള
ഒരു കനലാഴി* ദൂരം തികച്ചില്ല
കഞ്ഞിവെള്ളത്തില്‍ തടയുന്ന വറ്റോളം വരുമോ
ഭഗവതീ നിന്‍റെ കണ്ണു തുറക്കല്‍?
വാളു വലിച്ചെറിഞ്ഞ് തിരിഞ്ഞു നടന്നു
വെളിച്ചപ്പാടിന്‍റെ പ്രേതം
-------------
* കനലാഴി - തീകുണ്ഡം. വെളിച്ചപ്പാട് തീയിലൂടെ നടക്കുന്ന ഒരു ചടങ്ങുണ്ട്.
സമയം:
7:35 PM
26
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
ഇന്നത്തെ പ്‌രാന്ത്: കെ.പി. ബ്രഹ്മാനന്ദന്‍
ഇതാണു ഇന്നത്തെ പ്‌രാന്ത്. ഇന്നു കാലത്തെണീറ്റതു മുതല്‍ ബ്രഹ്മാനന്ദനാണു മനസ്സില്‍. "പ്രിയമുള്ളവളേ.." മനസ്സില്‍ മൂളിക്കൊണ്ടാണെണീറ്റത് (ഉറക്കെ മൂളിയാല്‍ ഫാര്യ ചൂലെടുക്കും.. അതോണ്ടാ.. തെറ്റിദ്ധരിക്കരുത് പ്ളീസ്..)
അപ്പോ പ്‌രാന്തു മുഴുത്തപ്പോള്‍ ഇതെല്ലാം തപ്പിയെടുത്തു കേട്ടു.. അപ്പോ തോന്നി ഇതു നിങ്ങള്‍ക്കും കൂടി തന്നേക്കാമെന്ന്... ഒരു പണിയുമില്ലാത്തവര്‍ ഇരുന്നു കേള്‍ക്കുക. പണിയുള്ളവര്‍ നിന്നോണ്ടും :)
1. പ്രിയമുള്ളവളേ.. ചിത്രം തെക്കന്‍കാറ്റ്(1973).
ഇതാണ് എന്‍റെ ബ്രഹ്മാനന്ദന്‍ ഫേവറേറ്റ്. എംപീ3 കണ്ടു പിടിക്കാന്‍ പറ്റിയില്ല. കയ്യിലുള്ളവരൊന്നു പോസ്റ്റൂ..
2. നീലനിശീഥിനീ.. ചിത്രം സി.ഐ.ഡി. നസീര്‍ (1971)
ഡൌണ്‍ലോഡ് ചെയ്യൂ
3. മാനത്തേ കായലിന്‍.. ചിത്രം കള്ളിച്ചെല്ലമ്മ (1969)
ഡൌണ്‍ലോഡ് ചെയ്യൂ
എന്തൊരു ഭാവം! എന്താ ആലാപനം..! എന്തേ അങ്ങേരു എങ്ങും എത്താതെ പോയത്?
സമയം:
11:55 AM
7
പ്രതികരണങ്ങള്‍
Labels: പ്‌രാന്ത്
2008, ഏപ്രിൽ 16, ബുധനാഴ്‌ച
കവിതേ..
ഞാന്‍ വിത്തെറിയാനൊരുങ്ങുംപോള്‍
വിണ്ടുകീറിയ പാടമായി നീ തിരിഞ്ഞു കിടക്കുന്നു
ആത്മരതിക്കിടെ പിറന്ന്
ആയുസ്സേല്‍ക്കാതെ ഒടുങ്ങിപ്പോകുമോ
കവിതേ, എന്‍റെ മക്കള്‍?
സമയം:
10:09 PM
21
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ഏപ്രിൽ 5, ശനിയാഴ്‌ച
നല്ലവന്‍
ദ്രവിച്ച ഓലമറക്കുള്ളിലൂടെ
അയലത്തെ കറുപ്പിന്‍റെ മുഴുപ്പു കാണുംബോള്‍,
ബാങ്കിലെ കൌണ്ടറില്‍
സ്റ്റേപ്പിള്‍ പിന്നാല്‍ അമര്‍ത്തിവെച്ചിരിക്കുന്ന
അല്‍ഭുതലോകം കാണുംബോള്‍,
വിജനതയുടെ ഇരുട്ടില്‍ അനാഥമായി കിടക്കുന്ന
മാസം തികഞ്ഞ പെഴ്സു കാണുംബോള്‍,
ചുണ്ടില്‍ ചുവപ്പു തേച്ച്
കണ്ണിറുക്കിക്കാട്ടുന്ന മാംസക്കഷണത്തിന്‍റെ
പച്ചച്ചിരി കാണുംബോള്‍,
ഉയരത്തിലെ അര്‍ദ്ധപൃഷ്ഠാസനത്തിലേക്കൊരു
ആരുംകാണാ കുറുക്കുവഴി കാണുംബോള്‍
എന്നെയീ കുടത്തിനുള്ളില്‍ തന്നെ
തളച്ചിരുത്താനെനിക്ക് കഴിയുന്നുണ്ട്..
ഒരു വേള, ഞാനും നല്ലവനായിക്കാണുമോ?
സമയം:
4:50 PM
18
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
ഒരു അഭിമുഖം
ഞാന്‍ കണ്ടു!!
സത്യം! പറഞ്ഞാല്‍ നിങ്ങള് വിശ്വസിക്കില്ല.
'ഒന്നു പോടാ ഉവ്വേ.. കണ്ടെങ്കില്‍പ്പിന്നെ ഇതുമുഴുവന്‍ എഴുതിത്തൊലച്ച് ഞങ്ങള്‍ക്കു പണിതരാന്‍ നീ ഇവിടെ ഒണ്ടാവുമോ' എന്നതാണ് നിങ്ങള്‍ടെ ആ പുരികക്കൊടി പണ്ടു ശ്രീരാമന്‍ ചേട്ടന്‍ പൊട്ടിച്ച വില്ലു പോലെ വളഞ്ഞിരിക്കുന്നതിന്‍റെ അര്‍ത്ഥമെന്ന് എനിക്കു നന്നായി തെരിയും.
പക്ഷേ, പ്രിയപ്പെട്ട വായനക്കാരാ, ഞാന്‍ താങ്കളുടെ ക്ഷമയേയും സമയലഭ്യതയേയും പരീക്ഷിക്കാനുദ്ദേശിക്കുന്നില്ല. നടന്നതു തെളിച്ചുതന്നെ പറയാം.
കാവില്‍ ഉല്‍സവമായിരുന്നു. കാവെന്നു പറഞ്ഞാല്‍ വെറുമൊരു സര്‍പ്പക്കാവൊന്നുമല്ല. 'ഘണ്ടാകര്‍ണ്ണന്‍' എന്ന ഉഗ്രമൂര്‍ത്തിയുടെ വാസസ്ഥാനം ('പുരാണത്തില്‍ ഇങ്ങേരു് ആരുടെ അളിയനായിട്ടു വരും' ന്നൊന്നും ചോദിച്ചേക്കല്ലേ.. തെണ്ടിപ്പോകും).
ആണ്ടിലൊരിക്കല്‍ ഗംഭീരമായിത്തന്നെ കൊണ്ടാടാറുള്ള മഹോല്‍സവം.
കറുത്തു മെല്ലിച്ച ഗോവിന്ദമാരാര്‍ അന്നു മുഴുവന്‍ തന്‍റെ അരക്കു സമീപത്തായി കെട്ടിത്തൂക്കിയ ചെണ്ടയുടെ മണ്ടയ്ക്ക് ഘോരഘോരം മര്‍ദ്ദിച്ചു കൊണ്ടിരുന്നു (കണ്ടാല്‍ പാവം ചെണ്ട അങ്ങേര്‍ക്ക് സ്ത്രീധന ബാക്കി കൊടുക്കാനുണ്ടെന്നു തോന്നും). കോരു മൂപ്പരുടെ ആയിരത്തൊന്നു വെടിക്കെട്ടും വടക്കേപ്പുറായി നാണുവിന്‍റെ വെളിച്ചപ്പാടും ആകപ്പാടെ ഒരു ഒന്നൊന്നര ഉല്‍സവം തന്നെ.
കരക്കാരു മുഴുവന്‍ ഉല്‍സവപ്പറംബിലാണ്. വീടുകളെല്ലാം ഇരുട്ടില്‍ കണ്ണടച്ച് സുഖസുഷുപ്തിയില്‍. എനിക്ക് ഇരിക്കപ്പൊറുതി കിട്ടിയില്ല.കാലുകള്‍ കിരുകിരുക്കുന്നു. അകത്ത് മനസ്സ് രണ്ടു ചേരിയായിത്തിരിഞ്ഞ് പട്ടത്താനം നടത്തുന്നു.
"ഛെ.. ഇന്നു വേണ്ട.. നല്ലൊരു ദിവസായിട്ട്.." ഒരുത്തന്‍.
"മണ്ടന്‍.. കാശിനു കൊള്ളാത്തവന്‍.! ഇത്ര നല്ലൊരു ദിവസം ഇനി എവിടെ കിട്ടാന്‍? നാട്ടാരു മുഴുവന്‍ ഉല്‍സവപ്പറംബില്‍.. ഒറ്റ വീട്ടിലും ആളു കാണില്ല.. ഇന്നൊന്നിറങ്ങിയാല്‍ ഒരാഴ്ചത്തേക്കു കുശാല്‍!" മറ്റവന്‍ എരികേറ്റുന്നു..
ഒന്നാലോചിച്ചപ്പോള്‍ ചേരിചേരാ നയം വിട്ട് രണ്ടാമത്തവന്‍റെ ഭാഗം ചേരുന്നതു തന്നെ നല്ലതെന്നു തോന്നി..
'എവരി ഡോഗ് ഹാസ് ഇറ്റ്സ് ഡേ' എന്നാണല്ലോ. അഖിലാണ്ടവന്‍ ഈയുള്ളവന് കല്‍പ്പിച്ചു തന്ന ദെവസമായിരിക്കും ഇതെന്ന് മനസ്സില്‍ കരുതിക്കൊണ്ട് ഉല്‍സവപ്പറംബിനോട് ഗുഡ്‌ബൈ പറഞ്ഞു.
കലുങ്കുകള്‍ ചാടിക്കടക്കാന്‍ എന്നോളം സാമര്‍ത്ഥ്യമുള്ളവര്‍ അടുത്തപ്രദേശത്തൊന്നും ആരും തന്നെയില്ലെന്നുള്ളത് ഗിന്നസ്‌ബുക്കുകാര്‍ക്കുപോലും അറിയാവുന്ന ഒരു രഹസ്യമാണ്. ആ സാമര്‍ത്ഥ്യം സ്വയം ആസ്വദിച്ച്, ആത്മപ്രശംസ ചെയ്തുകൊണ്ട് കിഴക്കേക്കണ്ടി രാമന്‍നായരുടെ കോക്കനട്ട് എസ്റ്റേറ്റിന്‍റെ അരമതിലിനെ ലക്ഷ്യമാക്കി വിട്ടടിച്ചു. മതില് ചാടിക്കടന്നപ്പോഴാണ്..
"പ്ധിം.." ഒരു ഭയങ്കര ശബ്ദം.
സിരകളില്‍ രക്തചംക്രമണം മലംബുഴ ഡാം തൊറന്നു വിട്ട പോലെ സ്പീഡുകൂടി. കാലുകള്‍ക്കൊരു സ്റ്റര്‍ട്ടിംഗ് ട്രബിള്‍.. താടിയെല്ലുകള്‍ കൂട്ടിയിടിച്ചു.
"കുലദേവതേ.." പെട്ടന്ന് രാമന്‍നായരും കുടുംബവും വെളിച്ചപ്പാടിന്‍റെ കോപ്രായങ്ങള്‍ നോക്കി വായും പൊളിച്ചു നിന്നിരുന്ന രംഗം ഓര്‍മ്മ വന്നു... അവരവിടേന്നു പോന്നാലും ഇങ്ങെത്താറായിട്ടില്ല. ഇതു പിന്നാരു്? നേരത്തേ കേട്ട ശബ്ദം വീണ്ടും..
ഇത്തവണ അത്ര പേടി തോന്നിയില്ല. ഒന്നു കൂടികേട്ടപ്പോള്‍.. ഹതെ! ചിരപരിചിതമായ തേങ്ങ നിപതിക്കുന്ന സംഗീതാത്മകമായ ശബ്ദം തന്നെ!
ഹെന്‍റമ്മേ.. നമുക്കൊരെതിരാളിയോ? കടുവയെ പിടിക്കുന്ന കിടുവയോ? ഏതുരംഗത്തും ഒരു എതിരാളി നല്ലതാണെന്നു കേട്ടിട്ടുണ്ട്. പക്ഷേ വളരെക്കാലത്തെ സേവനപാരംബര്യം ഉള്ളതുകൊണ്ട് പറയുകയാണ്.. ഈ തൊഴിലിലതു നല്ലതല്ല. എന്നാലും എന്നേക്കള്‍ മുന്പേ ഈ ദിവസത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിയ വിരുതനെ ഒന്നു പരിചയപ്പെടണമല്ലോ.. മാത്രവുമല്ല ഇതു നമ്മുടെ ജൂറിസ്‌ഡിക്ഷനില്‍ പെട്ട ഏരിയയാണെന്ന് ലവനെ ഒന്നു മനസ്സിലാക്കിക്കൊടുക്കുകയും വേണം.
മതിലിനെ പിന്നിലാക്കി ഞാന്‍ മാര്‍ച്ചടിച്ചു. അടുത്തെത്തിയപ്പോള്‍.. കണ്ണുകളെ വിശ്വസിക്കാനെനിക്ക് സ്വല്‍പം പ്രയാസമുണ്ടായി.
അതേ. ഒരു ഭീമാകാരന്‍ പോത്തിന്‍റെ പിന്‍കാലില്‍ ചാരിയിരുന്ന് കരിക്കിന്‍ വെള്ളം മോന്തുകയാണൊരു വിരുതന്‍!
ആരാന്നല്ലേ? മി. കാലന്‍ തന്നെ! സാക്ഷാല്‍ യമധര്‍മ്മദേവന്‍! പറ്റുമെങ്കില്‍ വിശ്വസിച്ചാല്‍ മതി.
എന്‍റെ തൊണ്ട വറ്റിവരണ്ടു. ഞാന്‍ കുലദേവതയുടെ കാലില്‍ മുത്തമിട്ടു (മനസ്സില്‍!).
ഈ തണുത്ത രാത്രിയില്‍ എന്നെ ഉല്‍സവപ്പറംബില്‍നിന്നും ഇവിടേക്ക് ക്ഷണിച്ചു വരുത്തിയത് ഇതിനായിരുന്നോ?.. നമ്മടെ വിസ സ്റ്റാംപ് ചെയ്ത് കിട്ടാറായോ? ങ്ഹാ.. തലവര അതാണെങ്കില്‍ മായ്ച്ചാല്‍ പോകില്ലല്ലോ..
പതുക്കെ പുത്തി വര്‍ക്കു ചെയ്തുതുടങ്ങി. ഒന്നു സോപ്പിട്ടു നോക്കുകതന്നെ. കൈകൂപ്പിക്കൊണ്ട് ആ കറുത്ത 'പാദാരവിന്ദങ്ങളില്‍' നെടുങ്ങനെ വീണു. ആ പര്‍വ്വതാകാരനാകട്ടെ, പേടിച്ച ഒരു ഭാവത്തോടെ കയ്യിലിരുന്ന കരിക്കു താഴെയിട്ട് എണീറ്റു. സ്വല്‍പം ധൈര്യം എവിടെന്നോ വീണു കിട്ടിയപ്പോള്‍ ഞാനും പിടഞ്ഞെണീറ്റു.. ആ മുഖത്തപ്പോഴും പേടി മാറിയിരുന്നില്ല. നമ്മളെ പ്രതീക്ഷിച്ചല്ല ഇരിക്കുന്നതെന്നു മനസ്സിലായപ്പോള്‍ ധൈര്യം കൂടി.
"സാക്ഷാല്‍ യമധര്മ്മദേവന്‍ പോത്തിനാല്‍ അനുഗതനായി കിഴക്കേക്കണ്ടി രാമന്‍ നായരുടെ തെങ്ങിന്‍ തോട്ടത്തില്‍.."
ഞാനൊരു ഭക്തനാണെന്നു മനസ്സിലായപ്പോല്‍ ഭഗവാന്‍റെ ടെന്‍ഷന്‍ അല്‍പം കുറഞ്ഞു. ഒരു ദീര്‍ഘനിശ്വാസം അല്‍പം ദീര്‍ഘമായിത്തന്നെ വിട്ടു. പിന്നെ എളിയില്‍ നിന്ന് ഒരു കെട്ട് ദിനേശ് ബീഡി പുറത്തെടുത്തു.. ഹതെ!.. കണ്ണൂരിലെ സഖാക്കള്‍ തെറുത്തുണ്ടാക്കുന്ന അതേ ബീഡി തന്നെ! അതില്‍ നിന്ന് ഒരെണ്ണം എടുത്ത് ഉരുട്ടി പൊടിയുടെ ഡിസ്ട്രിബൂഷന്‍ ഈക്വലൈസ് ചെയ്ത് ചുണ്ടത്തു വെച്ചു തീ കൊളുത്തി. ഒന്നാഞ്ഞു വലിച്ചു പുക വിട്ട ശേഷം എന്‍റെ നേരെ നോക്കി.
"കലികാല വൈഭവം! അല്ലാതെന്ത്.." എന്ന ഭാവമായിരുന്നു മുഖത്ത്.
പുണ്ണില്‍ കുത്തി നോവിക്കണ ഒരു സൊഹമുണ്ടല്ലോ.. അതൊന്നു രുചിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
"ഇപ്പോള്‍ മേലെക്ക് കരിക്കു സപ്ളൈ ഇല്ലെന്നുണ്ടോ ആവോ.."
അങ്ങേരു് ബീഡി തുപ്പിക്കളഞ്ഞു.
"ഒന്നും പറയണ്ട. ആ പരമന്‍ നമ്മെ ദഹിപ്പിച്ചു കളയും എന്നും പറഞ്ഞു നടക്കാണ്."
"പര.. മന്‍?"
"ങ്ഹാ.. പരമശിവന്‍"
"കഥയെന്തുണ്ടായി ആവോ?"
"ഹെന്തു പറയാന്‍! കലികാല വൈഭവം.. പാര്‍വ്വതീദേവിയുടെ മനോഹരബിംബം ഒന്നു നോക്കിപ്പോയതുതന്നെ കാര്യം"..
ഞാനുറക്കെ ചിരിച്ചുപോയി. ചിരി നിര്‍ത്താന്‍ കഴിയുന്നില്ല. കാലന്‍ ചാടി എന്‍റെ വായ പൊത്തിപ്പിടിച്ചു.
"തന്‍റെ കൊര കേട്ട് ആ രാമന്‍നായരെങ്ങാന്‍ പാഞ്ഞുവന്നാല്‍..!"
കയ്യില്‍ മരണത്തിന്‍റെ, പാതി വെന്ത പച്ചമാംസത്തിന്‍റെ..മണം.. ഞാനൊരു വിധത്തില്‍ പിടിവിടുവിപ്പിച്ചു.
ഇത്രയുമൊക്കെ ആയപ്പോഴാണ്. എന്നിലെ കര്‍ത്തവ്യ ദാഹം ഉണര്‍ന്നത്. ഇഹ പരലോകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള അപൂര്‍വ്വാവസരം എനിക്ക്! ഈ ഇക്കണ്ടക്കുറുപ്പു മകന്‍ ഗോപാലന്! എന്നിലെ (നാട്ടുകാരു) ചങ്ങലക്കിട്ടു കിടത്തിയിരുന്ന ജേര്‍ണ്ണലിസ്റ്റ് ഉണര്‍ന്നു.
"എങ്കിലും ദേവാ.. എങ്ങനെ ഈ രാമന്‍നായരുടെ തോട്ടത്തില്‍ തന്നെ വന്നു പെട്ടു? നായരുടെ വിസ ഉടനെ ശെരിയാവുമോ?"
മറുപടിയില്ല. എതോ ചിന്തകളില്‍ തെണ്ടിത്തിരിയുകയാണ്.
"ഈ വയസ്സാംകാലത്ത് പാര്‍വ്വതീദേവിയുടെ നേരെ ഒരു കണ്ണ്.." ഞാനൊരു കള്ളച്ചിരി ചിരിച്ചു.
അപ്പഴാണ് അങ്ങോരുടെ കൈ അടുത്തു വെച്ചിരുന്ന കയറിന്‍റെ കെട്ടിലേക്കു നീങ്ങുന്നതും സന്തതസഹചാരി മി. പോത്തന്‍ പതുക്കെ എണീക്കാന്‍ തുടങ്ങിയതും കണ്ണില്‍ പെട്ടത്.
മതിലുകള്‍ നിമിഷനേരം കൊണ്ടു വഴിമാറുന്നതും കലുങ്കുകള്‍ കാലിനടിയിലൂടെ മിന്നിമാഞ്ഞതും ഓര്‍മ്മയുണ്ട്. പിന്നെയിതാ ഈ ഗവര്‍മ്മെണ്ടാശുപത്രി വരാന്തയില്‍ ഒടിഞ്ഞകാലുമായി കെടക്കുന്നതും.
രാമന്‍ നായര്‍ എന്നെ അന്വേഷിച്ച് രണ്ടുതവണ വന്നിരുന്നത്രേ.
നിങ്ങള്‍ക്കൊട്ടും വിശ്വാസം വന്നിട്ടുണ്ടാകില്ലെന്നെനിക്കറിയാം. ഞാന്‍ ഇതു പറയുംബോള്‍ തന്നെ അടുത്ത പായയില്‍ കിടക്കുന്ന മഹോദരക്കാരന്‍റെ കഴുതപ്പുലി കരയുന്നതു പോലെയുള്ള ചിരി എനിക്കു കേള്‍ക്കാം.. തരുണീമണികളായ നേഴ്സുമാര്‍ ചിരിച്ചു കൊണ്ട് സിറിഞ്ചില്‍ മരുന്നു നെറക്കാന്‍ പോകും.. എന്നെ മയക്കിക്കെടത്താന്‍!.
സമയം:
12:20 PM
9
പ്രതികരണങ്ങള്‍
Labels: ചളം
2008, മാർച്ച് 30, ഞായറാഴ്‌ച
'ഇങ്ക്വിലാബ് സിന്ദാബാദ്'
വയറ്റത്തടിയേറ്റ പണിയാളന്‍ കൊടിയെടുത്തപ്പം
കൊടിക്കും പാടത്തിനും നിറം ചുവപ്പായി
ഇരിക്കപ്പൊറുതിയില്ലാത്ത കൊടി
കൈകള്‍ മാറിക്കയറി
കൈക്കോട്ടും* വിട്ട് വായ്ക്കോട്ടമിടുന്നവന്‍റെ
അരമില്ലാക്കയ്യിലൂടെ ബെന്‍സിലും
അണ്‍പാര്‍ലമെന്‍ററി ജനാധിപത്യത്തിനു വശപ്പെട്ട് മേടയിലും
മതേതരത്വപ്രീണനത്തിലൂടെ അരമനയിലും ചെന്ന്
മദ്യവും മദിരാക്ഷിയും തിന്ന് മഞ്ഞയും
കസേരയും ഗ്രൂപ്പും കളിച്ച് ത്രിവര്‍ണ്ണവും
പച്ചയുടെ കൊങ്ങായ്ക്കു പിടിച്ച് കാവിയും
ആയി മോക്ഷം നേടി
പണിയാളാന്‍ ചെന്ന പണിയാളന്‍
നിറം കെട്ട ചെങ്കൊടി കുറുകെച്ചാടിയതു കണ്ട്
വയറ്റത്തടിച്ചു കരഞ്ഞു വിളിച്ചു
'ഇങ്ക്വിലാബ് സിന്ദാബാദ്'
-----------------
*തൂംബാ, കൈക്കോട്ട്
സമയം:
12:59 PM
29
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, മാർച്ച് 25, ചൊവ്വാഴ്ച
പൊതിച്ചോറു്
ജീവിതപ്പാതയുടെ മൂന്നു വളവുകള്
താണ്ടിക്കഴിഞ്ഞപ്പോഴാണറിഞ്ഞത്
അച്ഛന്‍ കെട്ടിത്തന്ന
പൊതിച്ചോറത്രയും തീര്‍ന്നിരിക്കുന്നു
പാതയില്‍ ചതിപ്പാലത്തിന്‍റെ വിടവിലൂടെ
വീണൊടുങ്ങിപ്പോയില്ലെങ്കില്‍
ഇനി നടക്കാനുള്ള ചോറ്
ഞാന്‍ തന്നെ കണ്ടെത്തണം
വാധ്യാന്മാരു വില്ക്കുന്ന കുറേ
ചോറു ഞാനുണ്ടു
വഴിയില്‍ കണ്ടതും കൊണ്ടതും
വയറു നിറച്ചു
നടന്നദൂരത്തിനും അളന്നു കിട്ടി
നുള്ളിപ്പെറുക്കിയും കടംകൊണ്ടും
ഇന്നത്തേക്കുള്ള അന്നം തെകച്ച്
പള്ള നിറച്ചിരിക്കുംബോള്‍
ദാ, രണ്ടു കുഞ്ഞു വിശപ്പുകള്..
അവര്ക്ക് ഞാന്‍ ചുരത്തിക്കൊടുക്കണ്ടേ?
ഞാന്‍ വീണിടത്തു വിട്ടിട്ടു
പോകാനുള്ളതും പൊതിഞ്ഞു കെട്ടേണ്ടേ?
സ്വയം നടക്കാന്‍ പഠിക്കുംബോഴേക്ക്
അവര്‍ സ്വയം നിറയ്ക്കാനും പഠിക്കുമായിരിക്കും
ഇങ്ങനെ അച്ഛനും സമാധാനിച്ചു കാണണം..
സമയം:
2:52 PM
22
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, മാർച്ച് 16, ഞായറാഴ്‌ച
ശല്യപ്പെടുത്തരുത് പ്ളീസ്..
ഇവടെവിടൊക്കെയോ ഇട്ടാണവരെന്നെ വെട്ടിക്കൊന്നത്
ഒറ്റവെട്ടിനൊന്നും ചത്തില്ല ഞാന്‍
സംബൂര്‍ണ്ണ സാക്ഷരനായിപ്പോയില്ലേ
(കുടുംബത്തില്‍ പിറന്നോനായിപ്പോയില്ലേ)
മൊത്തം ഇരുനൂറ്റംബത്താറു വെട്ടുകള്‍
കണ്ടതിനൊക്കെ കുത്തുകള്‍
കേട്ടതിനൊക്കെ ചവിട്ടുകള്‍
അറിഞ്ഞതിനൊക്കെ കാര്‍ക്കിച്ചു തുപ്പുകള്‍
എന്നിട്ടും ചോരവാര്‍ത്തങ്ങനെ കിടന്നു ഞാന്‍
നടു റോഡില്‍.. മരിക്കാതെ..
ഒടുവില്‍ പത്രക്കാരു വന്നു
ടീവിക്കാരു വന്നു
സാംസ്കാരിക 'നായ'ന്‍മാരു വന്നു
എന്‍റെ ചെകിള പൊളിച്ചു നോക്കി
മരിച്ചെന്നു വിധിയെഴുതി
വീണ്ടും വായുവലിച്ചുകേറ്റി എണീറ്റുവരാതിരിക്കാന്‍
മൂക്കില്‍ പഞ്ഞി തിരുകി
ഒടിഞ്ഞ വാരിയെല്ലുകള്‍ക്കിടയില്‍
ഹൃദയം കിടന്നു പിടക്കാതിരിക്കാന്‍
കനമുള്ള പൂച്ചക്രങ്ങള്‍ കയറ്റി വെച്ചു
എന്നിട്ടവരു ഒരോ ബലികുടിരവും ബലിദാന മന്ദിരവും പണിതു
ഞാന്‍ ചുവപ്പായിരുന്നോ കാവിയായിരുന്നോന്നു തര്‍ക്കമായത്രെ
എഴുത്തെന്തായാലും ഒന്നായിരുന്നു:
'മലയാള മനസ്സാക്ഷി
ജനനം: ഇന്നലെ
മരണം: ഇന്ന്
റെസ്റ്റ് ഇന്‍ പീസ് (ശല്യപ്പെടുത്തരുത് പ്ളീസ്..)'
സമയം:
4:30 PM
29
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, മാർച്ച് 14, വെള്ളിയാഴ്‌ച
വീണ്ടുമൊരു യാഗം
കണ്ണുനിറച്ചു വെച്ചു
കരളൊഴിച്ചു വെച്ചു
തിരിതെളിച്ചു വെച്ചു
ജപമുരുക്കഴിച്ചു
നേര്‍ച്ച വെച്ചു, പ്രദക്ഷിണം വെച്ചു
കവടി വെച്ചു, നോംബെടുത്തു
കൊതിച്ചതെല്ലാം കിളികൊത്തിപ്പോയ്
വെതച്ചതെല്ലാം കളയായും പോയ്
കണ്ണെത്തുന്നേടം മരുവായും പോയ്
കരളുരുകുന്നേരം നോവായും പോയ്
തെളിച്ച തിരി കെട്ടും പോയ്
ഉരിച്ച മന്ത്രമലച്ചും പോയ്
പഷ്ണികൊണ്ട് തറ്റുടുത്ത്
പുണ്ണുകൊണ്ട് കുറിവരച്ച്
വീഴ്ചകൊണ്ട് കളമൊരുക്കി
ആധികൊണ്ട് കനലൊരുക്കി
വീണ്ടുമൊരു യാഗം തുടങ്ങി..
തലവര മാറ്റാന്‍..!
സമയം:
4:11 PM
11
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, മാർച്ച് 9, ഞായറാഴ്‌ച
ഒരിത്തിരി നേരം കൂടി
ഞാന്‍ കാണുന്നത് നിന്‍റെ കുഞ്ഞു മുഖമാണ്..
നെഞ്ചില്‍ത്തട്ടുന്നത് നിന്‍റെ ഇളം കയ്യിലെ ചൂടും
വിടരാന്‍ വെംബുന്ന നിന്‍റെ ചിറകുകളെ
വിറക്കുന്ന ഈ കട്ടിലിനടിയില്‍
കണ്ണടച്ചുണ്ടാക്കിയ ഇരുട്ടിന്‍റെ കരിംബടത്തിനടിയിലാണ്
ഞാനൊളിച്ചുവച്ചിരിക്കുന്നത്
ശരീരത്തിനുമപ്പുറത്തായി കിടക്കുംപോള്‍
നിന്‍റെ തൊണ്ട വരളുന്നതാണോര്‍ക്കുന്നത്
ആരൊക്കെയോ എച്ചിലാക്കിയ മുലക്കണ്ണുകള്‍
ചോര നിറമുള്ള പാലു ചുരത്തുന്നു
ഒരിക്കല്‍ ഞാനുണ്ടാക്കിയ കൊക്കൂണു പൊട്ടിച്ച്
ആ വെളിച്ചക്കീറില്‍ നീ അലിഞ്ഞുപോകുമെന്നെനിക്കറിയാം
അതുവരെ, എന്‍റെ ഞാനല്ലായ്മയുടെ ഒരു കുഞ്ഞുമൂലയ്ക്ക്
നിന്നെ ഞാനൊളിച്ചു വെക്കട്ടെ, ഒരിത്തിരി നേരം കൂടി.
സമയം:
12:17 PM
17
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ഫെബ്രുവരി 27, ബുധനാഴ്‌ച
എനിക്കിന്നൊരു പുഴയാവണം
എനിക്കിന്നൊരു പുഴയാവണം
മണ്ണിന്‍റെ ചൊറിയും ചിരങ്ങും നക്കി
കാടും മലകളും നഗരങ്ങളും താണ്ടി
കടലിന്‍ മടിയില്‍ മരിക്കണം
വറ്റിവരണ്ടു വായ്നാറ്റമുയരുന്ന
കാടിന്‍റെ തൊണ്ടയില്‍ ജീവന്‍ തളിക്കണം
നിമ്നോന്നതങ്ങളില്‍ മാറുന്ന ജ്യാമിതീയങ്ങളില്‍
ഈച്ചയാര്‍ക്കും വ്രണങ്ങളില്‍ നാവോടി-
ച്ചുള്ളുരുക്കത്തിന്നു സാന്ത്വനമാകണം
കോടികോടി പ്രജകള്‍ നിവേദിച്ച
പുഴുവരിക്കും വിഴുപ്പിന്‍റെഭാണ്ഡങ്ങള്‍
ആര്‍ത്തിയോടെനിക്കാഹരിച്ചീടണം
നാഗരികത്തിന്‍റെ വേര്‍പ്പേറ്റു വാങ്ങണം
സാംസ്കാരികത്തിന്നറയ്ക്കുന്ന രേതസ്സും
നഗരപ്രാന്തത്തിന്‍ കണ്ണീരുമേല്‍ക്കണം
ഒടുവിലാര്‍ത്തയായ്
അര്‍ബുദത്താല്‍ മുലമുറിക്കപ്പെട്ട്
ഭൂമിപിളര്‍ന്നൊടുങ്ങിയ മൈഥിലിയെപ്പോല്‍
കടലിനോടെന്നെത്തിരിച്ചെടുക്കുവാന്‍ കേഴണം
അവളുടെ ഗര്‍ഭപാത്രത്തിലേക്കൊരു ഭ്രൂണമായ്
തിരികെയെത്തേണം, വീണ്ടും ജനിക്കുവാന്‍
സമയം:
12:32 PM
27
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ഫെബ്രുവരി 25, തിങ്കളാഴ്‌ച
രണ്ട് കള്ളുകുടി പാട്ടുകള്‍
രണ്ട് കള്ളുകുടി പാട്ടുകള്‍ (നാടന്‍ പാട്ടെന്നു പറഞ്ഞാല്‍ തല്ലരുത്).. ഇതിനുള്ള പ്രചോദനം തന്നതിന് ഷാപ്പിലാനും, ഛെ, കാപ്പിലാനും നിരക്ഷര്‍ജിക്കും പിന്നെ ബൂലോക കുടിയന്‍മാര്‍ക്കും പ്രത്യേകം നന്ദി..
പിന്നെ നാടന്‍ പാട്ടായതു (സ്വന്തം രചന) കൊണ്ടും, സ്ത്രീ വിഷയമായതുകൊണ്ടും സഭ്യതയുടെ വേലി ഒരിഞ്ചു മാറ്റിക്കെട്ടേണ്ടി വന്നിട്ടുണ്ട്. മാന്യ ബൂലോകര്‍ ക്ഷമിക്കുമെന്നു കരുതുന്നു.
പാഠം ഒന്ന്: (ഏതോ) ഒരു കല്യാണി
ആറ്റിറംബില് വാകേന്‍റെ ചോട്ടില്
പൂത്തു നിക്കണ് കല്യാണീ
അന്തിമോന്തീട്ട് ചാരത്ത് ചെല്ലുംബം
തെളതെളക്കണ് കല്യാണീ
ചന്തമുള്ളൊരു മാറത്ത് നൂളണ്
അന്തി ചോപ്പുള്ള സൂരിയന്
ചന്തിവെട്ടിച്ച് ഓള് നടക്കുംബം
ചങ്കത്ത് കൊള്ളണ് തംബിരാനേ
അന്നനട കണ്ട് വെള്ളമിറക്കുംബം
കള്ളച്ചിരിയൊന്നെറിയണോള്
കല്യാണി ചായണ കട്ടില് കണ്ടിട്ട്
ചത്താലും വേണ്ടില്ല തംബിരാനേ
* * * * *
മനസ്സിലിപ്പഴും പെടപെടക്കണ്
ചൂണ്ടേലെ മീന്‍പോലെ കല്യാണീ
ചൂണ്ടേന്ന് പോവൂല ചട്ടീലും കേറൂല
വഴുവഴുക്കണ് കല്യാണീ
കടപ്പാട്: മണിയുടെ കല്യാണിയോട്
പാഠം രണ്ട്: കുരക്കും പട്ടി കടിക്ക്വേം ചെയ്യും
ചകചകാന്നൊരു സുന്ദരിക്കോതേന്‍റെ
ചക്കരമോറൊന്ന് കണ്ടെളേമ്മേ
ചക്ക മൊളഞ്ഞീല്* ഈച്ചേന്‍റെ മാതിരി
ചങ്കെന്‍റേതങ്ങൊട്ട്യെളേമ്മേ
തലയിട്ടാട്ടുംബം ചന്തീല് മുട്ടണ്
പനങ്കൊലപോലെ മുട്യെളേമ്മേ
ചെങ്കരിക്കിന്‍റെ കൊലകണക്കിനെ
മുന്നില് തൂക്കണ്ടെന്‍റെളേമ്മേ
കള്ളൊലിക്കണ മാട്ടത്തിന്‍റേല്ക്ക്**
പിന്നിലും തൂക്കണ്ടെന്‍റെളേമ്മേ
തൊളച്ച് കേറണ നോട്ടമെറിയുംബം
പള്ളേല് കാളണ്‌ണ്ടെന്‍റെളേമ്മേ
പണിമറന്ന് ഞാന്‍ നോക്കിനിക്കുംബം
പെണക്കം കാണിക്കും പെണ്ണെളേമ്മേ
ഓളെ ഓര്‍ത്തിട്ട് കള്ളടിക്കുംബം
പിരിഞ്ഞ് കേറണില്ലെന്‍റെളേമ്മേ
തലക്കണേന്‍റെ*** പതുപ്പിനുള്ളിലും
ഓളെ നോട്ടാണെന്‍റെളേമ്മേ
ഒറക്കം വറ്റീട്ടൊടുക്കം പിന്നെ ഞാന്‍
മതില് ചാട്യെന്‍റെ പൊന്നെളേമ്മേ
കൊരച്ച നായേന്‍റെ കടിയും കൊണ്ടിട്ടും
ഉള്ളിന്‍റുള്ളില് ഓളെളേമ്മേ..
-----------------------
*വെളഞ്ഞി, ചക്കയുടെ പശ.
**ചേല്ക്ക്, പോലെ
***തലയിണ
സമയം:
7:55 PM
22
പ്രതികരണങ്ങള്‍
Labels: നാടന്‍ പാട്ട്
2008, ഫെബ്രുവരി 24, ഞായറാഴ്‌ച
കുറച്ചു സംഗീതം വേണം
വരികളു ബോറാണെങ്കിലും (കാക്കയ്ക്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞല്ലേ) ഇതു ഒന്നു സംഗീതം കൊടുത്തു പാടികേള്‍ക്കാന്‍ ആഗ്രഹം ഉണ്ട്.. പ്രിയ ബൂലോകരേ ഒന്നു സഹായിക്കുമോ?
മേലേ മാനത്തേ ചേലുള്ള കോളാംബീ
വെറ്റമുറുക്കിത്തുപ്പീ ചോപ്പിച്ചതാരാണ്
അന്തിവെളക്കുവെക്കും മാടത്തെ പെണ്ണിന്‍റെ
ചേലൊത്ത പൂങ്കവിളും മുത്തി-ച്ചോപ്പിച്ചതാരാണ്
(മേലേ മാനത്തേ.. )
നേരമിരുട്ടുംബം പാടവരംബത്ത്
കേക്കണ പാട്ടിന്‍റെ ഈരടിയേതാണ്
ഈരടി കേക്കുംബം നാണിക്കും പെണ്ണാള്
കാല്‍വെരല്‍ കൊണ്ടെഴുതും ചിത്തറമേതാണ്
(മേലേ മാനത്തേ.. )
നേരം വെളുക്കുംബം പൂങ്കോഴി കൂവുംബം
പെണ്ണിന്‍റെ മുക്കുത്തീ നാണിച്ചു മിന്നുന്നേ
മേലേമാനത്ത് സൂരിയന്‍ ചേറൊരുക്കീ
പൊന്നുതളിക്കുന്നേ വെട്ടം വെതക്കുന്നേ
(മേലേ മാനത്തേ.. )
സമയം:
2:32 PM
37
പ്രതികരണങ്ങള്‍
Labels: ഗാനം, നാടന്‍ പാട്ട്
2008, ഫെബ്രുവരി 22, വെള്ളിയാഴ്‌ച
കാപ്പിലാന്‍റെ കവിത: ശൂന്യം - ഒരു മറുമൊഴി
കാപ്പിലാന്‍റെ കവിത (ശൂന്യം) ക്ക് ഒരു മറുമൊഴി.
നിന്നോട് പറയാനെനിക്കെന്തുണ്ട്?
ശുന്യമായോരു പാനപാത്രം
കുടിച്ചുതീര്‍ത്തോരു കണ്ണീര്‍ക്കടല്‍
ചവച്ചിറക്കിയ തീരാനോവുകള്‍
നോക്കെത്തുന്നിടത്തോളം വിജനമായ മനസ്സ്
തീകൊളുത്തി മരിച്ചുപോയ ചിന്തകള്‍
തിരിഞ്ഞുനോക്കാതെ ഒഴുകിപ്പോയ കാലം
നിനക്ക് തരാനെനിക്കെന്തുണ്ട്?
തണുത്തുറഞ്ഞുപോയ നെഞ്ച്
മേല്‍ക്കൂര ചിതലെടുത്ത കൂട്
ഒരു വറ്റുപോലുമില്ലാത്ത ഭിക്ഷാപാത്രം
എവിടേക്കാണ് ഞാന്‍ നിന്നെ വിളിക്കുന്നത്?
ഞെട്ടറ്റുപോയ എന്‍റെ സ്വപ്നങ്ങളുടെ ശ്മശാനത്തിലേക്ക്
എന്താണ് ഞാന്‍ നിന്നെ വിളിക്കേണ്ടത്?
എന്‍റെ മറവി എന്ന്.
അങ്ങനെ എല്ലാം ശുന്യമായി!
സമയം:
2:57 PM
19
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ഫെബ്രുവരി 19, ചൊവ്വാഴ്ച
ബില്‍ക്കീസ്, നിന്നോടു പറയാനുള്ളത്..
ബില്‍ക്കീസ്,
ആത്മാവില്‍ അമര്‍ത്തിപ്പിടിച്ച ഒരു വേദനയാണ് നീ
മനുഷ്യത്വം കടലെടുത്ത ഗുജറാത്തിലെ
കെട്ടുപോകാതിരിക്കാന്‍ ഉഴറുന്നൊരു ചിത
കണ്ണീരു ഖനീഭവിച്ച ആ രണ്ട് കുഴികളില്‍
ദൈന്യതയല്ല ഞാന്‍ കാണുന്നത്
പര്‍ദ്ദയിട്ടുമൂടിയ നിന്‍റെ ആത്മാവില്‍ നിന്ന്
പുച്ഛത്തിന്‍റെ രണ്ട് നാളങ്ങള്‍
പാറയില്‍ തലച്ചോറു ചിതറിപ്പോയ
മൂന്നുവയസ്സുള്ളൊരു പാവക്കുട്ടി
കാമവെറി ചവച്ചുതുപ്പിയ
ചുരിദാറണിഞ്ഞ കുറെ ശവങ്ങള്‍
മറയ്ക്കാനൊന്നും ബാക്കിയില്ലാഞ്ഞിട്ടും
നീയാദ്യം തിരഞ്ഞതാ പര്‍ദ്ദ
അരുതേ, നീയീ മണ്ണിനെ ശപിക്കരുത്
നിന്‍റെ താപം ഒരു തുള്ളിവീണാല്‍
ഇന്നാടൊരു മരുഭൂവാകും
ഉയിരും നനവും പച്ചപ്പും ഇല്ലാത്ത
ഊഷരഭൂമിയാകും
ഇടിവെട്ടേറ്റുപോയ നിന്നില്‍ തളിരിട്ട
ഇളംനാംബു്* ഞാന്‍ കാണുന്നു
എണ്ണവറ്റിപ്പോയ നീയിനിയും
കരിന്തിരി കത്തുന്നതെന്തിനെന്നും
തെരുവുനായ്ക്കള്‍ക്കു കടിച്ചുവലിക്കാന്‍
എറിഞ്ഞു കൊടുത്തില്ലവന്‍**
കാമാന്ധത കൊത്തിയ കനിയാണു നീയെങ്കിലും.
നിന്‍റെ മാനം കാക്കാനൊക്കാഞ്ഞൊരാങ്ങള
ഞാനവന്‍റെ കാലുകഴുകി വെള്ളം കുടിക്കട്ടെ
----------------
*ഹാജിറ. അക്രമത്തിനിരയാവുംബോള്‍ ബില്‍ക്കീസിന്‍റെ ഉദരത്തില്‍ ഒരു കൊച്ചു ജീവനും ഉണ്ടായിരുന്നു
**യാക്കൂബ്. ബില്‍ക്കീസിന്‍റെ ഭര്‍ത്താവ്. ആ നല്ല മനുഷ്യന്‍ അവള്‍ക്കു ധൈര്യം നല്കി. നീതിക്കു വേണ്ടി പടപൊരുതുംബോള്‍ ഒരു താങ്ങായി.
സമയം:
12:49 PM
12
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ഫെബ്രുവരി 15, വെള്ളിയാഴ്‌ച
ഇല്ല മകനെ, നിന്നെ ഞാന്‍ ജനിപ്പിക്കില്ല
ഒരു കുട്ടിആത്മാവ് എന്നോടു ചോദിച്ചു
"അച്ഛാ എനിക്കു ജനിക്കാന്‍ സമയമായോ?"
"ഇല്ല മകനെ" ഞാന്‍ പറഞ്ഞു
നീ ജനിക്കണോ എന്ന് എനിക്കിപ്പോഴുമറിയില്ല
യന്ത്രകോടികള്‍ നിശ്വസിക്കുന്ന വിഷപ്പുകകള്‍
രാഷ്ട്രീയച്ചീവീടുകളുടെ വാചാടോപങ്ങള്‍
മൊബൈലും റ്റീവീയും ചുരത്തുന്ന അനേകായിരം വീചികള്‍
ഈ ലോകം വിഷലിപ്തമാണ്
നിനക്കര്‍ഹതപ്പെട്ട മുലപ്പാലിനു വിലയിട്ടവര്‍
നിനക്കു തിന്നാന്‍ പാല്പ്പൊടി തരും
നിന്റെ കുടിവെള്ളത്തില്‍ നഞ്ചുകലക്കി
നിനക്കവരു കുപ്പിവെള്ളം തരും
യഹോവയും അല്ലാഹുവും കൃഷ്ണനും നിന്‍റെ
പ്രജ്ഞയെത്തിന്നാന്‍ തമ്മില്‍തല്ലും
ഇന്ത്യയും പാകിസ്ഥാനും
കേരളവും തമിഴ്നാടും
അക്കരയും ഇക്കരയും
നിന്‍റെ കൈകാലുകള്‍ പങ്കുവെച്ചെടുക്കും
ഉള്ളില്‍ചോപ്പാണോന്നറിയാന്‍
ചോപ്പന്‍മാര്‍ നിന്‍റെ ചോര ചീറ്റിച്ചു നോക്കും
നിഷ്കളങ്കതയുടെ മണമുള്ള നിന്‍റെ രക്തം
ബൂര്‍ഷ്വാസിയുടെ പഞ്ചാര രുചിക്കുന്നെന്നു പറയും
ഇല്ല മകനെ
ഉണങ്ങാത്ത പുണ്ണുമായി ഉലകം ചുറ്റാനും**
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്ക് ആര്‍ത്തു ചിരിക്കാനുമായി
നിന്നെ ഞാന്‍ ജനിപ്പിക്കില്ല
------------
**അശ്വത്ഥാമാവിന്‍റെ കഥ ഓര്‍ക്കുക
സമയം:
11:40 PM
25
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ജനുവരി 24, വ്യാഴാഴ്‌ച
വാപ്പരു് വെളിച്ചപ്പാട്
കുട്ടികള്‍ക്കൊക്കെ 'വാപ്പര്' ന്നു കേട്ടാല്‍ പേടിയായിരുന്നു.
വെളിച്ചപ്പാടായിരുന്നു വാപ്പര്. ഉല്‍സവക്കാലം കഴിഞ്ഞാലും മുടിയൊക്കെ നീട്ടി, കണ്ണൊക്കെ ചോപ്പിച്ചങ്ങനെ നടക്കും. കാശിനാവശ്യം വന്നാല്‍ വഴിയേ പോകുന്നവരോടു ചോദിക്കും. ദേവീകോപം ഭയന്ന് ആരും ഇല്ലെന്നു പറയാറില്ല. ആര്‍ക്കും ഇഷ്ടമുണ്ടായിട്ടല്ല, ദേവിക്കു അങ്ങേരെ ആണു ഇഷ്ടം ന്നു കരുതീട്ടാവും വെളിച്ചപ്പാടിനെ മാറ്റണം ന്നും ആരും പറഞ്ഞില്ല.
നാട്ടിലെ സ്ഥിരം വെളിച്ചപ്പാടനായി വാപ്പരു് അങ്ങനെ വിലസി നടന്നു. ഒത്തിരി കാലം.
പതിവുപോലെ ഒരു ഉല്സവം കഴിഞ്ഞു നെറ്റീലെ മുറിവില്‍ മഞ്ഞള്‍പ്പൊടീം പൊത്തി പോയതാണ്. പിന്നെ ഒരു വിവരവുമില്ല. രണ്ട് ദിവസം കഴിഞഞപ്പോള്‍ ആരോ കണ്ടു. തോട്ടുവക്കത്ത് കൈതയുടെ മറവില്‍ കമിഴ്ന്നടിച്ചു കിടക്കുന്നു. ശ്വാസം നിന്നിട്ടില്ലായിരുന്നതു കൊണ്ട് നാട്ടുകാര്‍ കൂടി ജീപ്പ് വിളിച്ചു ആസ്പത്രിയിലാക്കി.
കുറേകാലം ആസ്പത്രിയും തിരുമ്മലുമൊക്കെ ആയി നടന്നു. പതുക്കെ എണീറ്റു നടക്കാറായി. ഒരു കയ്ക്കും കാലിനും സ്വാധീനക്കുറവാണ്. കാല് മടങ്ങില്ല. കൈയാണെങ്കില് ഒടിഞ്ഞത് കെട്ടിത്തൂക്കിയാലെന്നപോലെ നെഞ്ചത്തു മടക്കി തൂക്കിയിട്ടിരിക്കുന്നു.
'ഞ്ഞിപ്പോ വേറെ ആളെത്തപ്പണം..' വേലുട്ശ്ശന്‍ പറഞ്ഞു. മൂപ്പരാണ് കാവിലെ കാര്യക്കാരില്‍ പ്രധാനി.
'അഹങ്കാരം ദേവിക്ക്‌ന്നെ അസഹ്യായിട്ട്‌ണ്ടാവും.. അതെന്ന്യാ ങ്ങനെ..' വേരൊരു കാര്യക്കാരന്‍റെ അഭിപ്രായം.
'വെളിച്ചപ്പെടാന്‍ എങ്ങനെ ആളെ കണ്ടെത്തും?', 'ഇനി കണ്ടെത്തീച്ചാത്തന്നെ ദേവി ആയാള്‍ടെ മേത്ത് കേര്വോ?' ഇജ്ജാതി ചോദ്യങ്ങളായിരുന്നു മിക്ക വൈകുന്നേരങ്ങളിലും അങ്ങാടിലെ പ്രധാന വിഷയങ്ങള്.
അവസാനം ഒന്നിനു പകരം മൂന്നാളെ കിട്ടി. തെക്കേടത്തെ നാരയണേട്ടന്‍റെ അനിയന്‍ വിജയന്‍, കുട്ടിമാളുഅമ്മയുടെ മൂത്തമകന്‍ സുനില്‍, പിന്നെ വേലുട്ശ്ശന്‍റെ തന്നെ അനന്തരവന്‍ ശിവനും.
ഉല്‍സവം അടുത്തു. മൂന്നുപേരും തലമുടിയൊക്കെ നീട്ടി, വ്രതമൊക്കെ എടുത്തു തയ്യാറായി. ശിവനു വേലുട്ശ്ശന്‍ പ്രത്യേകം പരിശീലനം കൊടുത്തു.
വാപ്പരുടെ കാര്യം മാത്രം ആരും അന്വേഷിച്ചില്ല. ആയാള് കണ്ടവരോടൊക്കെ സങ്കടം പറഞ്ഞു നടന്നു. കാശു ചോദിച്ചാല്‍ ആരും കൊടുക്കില്ല. പലരും പഴയ ദേഷ്യം വെച്ച് ആട്ടി. കിട്ടാതായപ്പോള്‍ യാചിക്കാന്‍ തുടങ്ങി. വയ്യാത്ത കയ്യും കാലും വെച്ച് ഒരു പണിക്കും പോകാന്‍ വയ്യ. ആരുടെം മുന്നില് തല കുനിച്ചിട്ടില്ലാതത മനുഷ്യനാണ്. ഇപ്പോള്‍ പണ്ടു പേടിപ്പിച്ചിരുന്നവരുടെ മുന്നില് കൈനീട്ടുന്നു.
കുറച്ചു പേര്‍ വാപ്പരെ പിന്തുണക്കാനും ഉണ്ടായിരുന്നു. പക്ഷേ വിലപ്പോയില്ല. കയ്യും കാലും അനക്കാന്‍ വയ്യാത്തവനെങ്ങനെ വെളിച്ചപ്പെടാനാ?
വാപ്പരു് വേലുട്ശ്ശന്‍റെ കാലുപിടിച്ചു കരഞ്ഞു. അങ്ങേര്‍ കേട്ടില്ല. അവിടെനിന്നും ആട്ടിയിറക്കി. അനന്തരവനും ഉണ്ടല്ലോ സാധ്യതാ ലിസ്റ്റില്. ഊണും ഉറക്കവുമില്ലാതെ വാപ്പരു് പ്രാന്തു പിടിച്ചവനേപ്പോലെ കാവിനു ചുറ്റും അലഞ്ഞു നടന്നു. മുടി വെട്ടിയില്ല. വ്രതം മുടക്കിയതുമില്ല.
ഉല്‍സവം അത്തവണ പതിവിലും പൊടിപൊടിക്കാനായിരുന്നു കമ്മറ്റിയുടെ പരിപാടി. അനന്തരവന്‍റെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ വേലുട്ശ്ശന്‍ ഓടിനടന്നു.
ഒന്നാം ദിവസം തറ്റുടുത്തു വെളിച്ചപ്പെടാന്‍ വന്ന വാപ്പരെ കുറേ പേരുചേര്‍ന്ന് ഊട്ടുപുരയില്‍ കൊണ്ടടച്ചു. അയാളു അവിടെ കിടന്നു അലറി വിളിച്ചു കരഞ്ഞു. ആരും തിരിഞ്ഞു നോക്കിയില്ല.
ആര്ക്കും വെളിച്ചപ്പെട്ടില്ല. ശിവന്‍ ഒന്നു ചാടിത്തുള്ളി നോക്കിയെങ്കിലും തീരെ ഏറ്റില്ല. 'വേണ്ടാ' ന്ന് വേലുട്ശ്ശന്‍ കണ്ണു കാണിച്ചു. അവന്‍ അടങ്ങി.
വാപ്പരെ രാത്രി തുറന്നു വിട്ടു. അങ്ങേര്‍ വേച്ചുവേച്ച് അങ്ങാടിയിലെ ഒരു കടത്തിണ്ണയില്‍ പോയിക്കിടന്നു. അങ്ങാടിയില്‍ അടിച്ചുവാരുന്ന ജാനുത്തള്ള ഇത്തിരി കഞ്ഞിവെള്ളം കൊണ്ടുപോയി കൊടുത്തു. പാങ്ങുള്ള കൈകൊണ്ടു് അതുമുഴുവന്‍ തട്ടിക്കളഞ്ഞു. ഒരിറ്റുപോലും കുടിച്ചില്ല.
രണ്ടാം ദിവസം വാപ്പരെ കാവിന്‍റെ ഭാഗത്തേക്കൊന്നും കണ്ടില്ല. എണീക്കാന്‍ വയ്യാതായിക്കാണും. ആഴ്ച ഒന്നെങ്കിലും ആയിക്കാണും ഒരു വറ്റെങ്കിലും ഉള്ളില്‍ ചെന്നിട്ട്.
അന്നും ആര്ക്കും വെളിച്ചപ്പെട്ടില്ല. കാര്യക്കാര്ക്ക് ആധികേറിത്തുടങ്ങി. ദേവിക്കിഷ്ടമില്ലത്ത എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകണം.
മൂന്നം നാള്‍. അവസാന ദിവസമാണ്. ദേവിയുടെ ഹിതം അറിയാതെ കൊടിയിറക്കുന്നതെങ്ങനെ? പ്രശ്നം വെച്ചു നോക്കി. ഒന്നും തെളിഞ്ഞില്ല.
'ന്താവുംന്ന് നോക്ക്വന്നെ..' കാരണോമ്മരൊക്കെ പറഞ്ഞു.
തെറകളൊക്കെ ആടിത്തകര്‍ത്തു. മൂന്നു വെളിച്ചപ്പാട് അപ്രന്‍റീസുകളും കുറെ ചാടിത്തുള്ളിയതല്ലാതെ ഒന്നും നടന്നില്ല.
നേരം നാലുമണിയോടടുത്തു. അങ്ങാടിയില്‍ നിന്നു നാലാളുകള് പാഞ്ഞു വന്നു.
'വാപ്പരു് ഉറയണൂ...'
കേട്ടവര്‍ക്കാര്‍ക്കും വിശ്വസിക്കാന്‍ പറ്റിയില്ല. കയ്യിനും കാലിനും സ്വാധീനമില്ലാത്ത, ഒരാഴ്ചയായി പട്ടിണി കെടക്കുന്ന ദേഹത്താണോ ദേവി കേറിയത്?
ആളുകള്‍ അങ്ങാടിയിലേക്കു് പാഞ്ഞു. സത്യമാണ്!. മടക്കനാവാത്ത കാല് ചവിട്ടി ഉറഞ്ഞു തുള്ളുന്നു, വാപ്പരു്. സ്വാധീനമില്ലാത്ത കയ്യ് അപ്പോഴും മടങ്ങി ഇരിക്കുന്നുണ്ട്. വായീന്നും മൂക്കീന്നും ഒക്കെ ഒരു വെളുത്ത പത ഒലിച്ചിറങ്ങുന്നു. തറ്റുടുത്ത മുണ്ട് മുഷിഞ്ഞു പൊടിപറ്റി ഒരു ചുവന്ന നെറമായിട്ടുണ്ട്.
എല്ലാരും കൂടി ഒരു പെട്ടി ഓട്ടോയില് വലിച്ചു കയറ്റി. കാവിലേക്കു വിട്ടു. കൂവിയാര്‍ത്തു കുട്ടികളെല്ലാം പിന്നാലെ.
കാവിലെത്തിയപ്പോഴേക്കും ആരോ ചിലംബണിയിച്ചിരുന്നു. വാളും കൊടുത്തു. ചാടിയിറങ്ങി നേരെ നടയിലേക്കാണു പാഞ്ഞത്. വയ്യാത്ത കാല് ഒന്നു വലിക്കുന്നുണ്ടായിരുന്നെന്നല്ലാതെ ഒരു കുഴപ്പവും ഉണ്ടെന്നു ആര്ക്കും തോന്നിയില്ല.
നേരെ പോയി നടയില്‍ തലയടിച്ചു. ചോര ചീറ്റി നെറ്റിയിലൂടെ നെഞ്ചത്തേക്കൊഴുകി. വാളും ചിലംബുമൊക്കെ കിലുക്കി ഒന്നു അലറി... പഴയ വാപ്പരു് വെളിച്ചപ്പാടു തന്നെ.
ജനങ്ങളൊക്കെ ഭക്തിപുരസ്സരം നീങ്ങി സ്ഥലമുണ്ടാക്കിക്കൊടുത്തു. വേലുട്ശ്ശന്‍റെ നേരെ കുങ്കുമം എറിഞ്ഞ് എന്തൊക്കെയോ അലറി. അങ്ങേരു് തൊഴുകയ്യോടെ ഒന്നും മിണ്ടാതെ കേട്ടു നിന്നു.
ഒന്നു രണ്ട് മണിക്കൂറു് കഴിഞ്ഞപ്പോഴേക്ക് കലിയടങ്ങി. നടക്കല് പോയി കമിഴ്ന്നു വീണു. ആളുകളൊക്കെ അടുത്തുകൂടി. അധികം അടുക്കാന്‍ ആര്ക്കും ധൈര്യമുണ്ടായില്ല.
'ഇത്തിരി വെള്ളം കൊണ്ടോരീ.. ഒരു എളന്നീരും.. ' കാര്യക്കാരാരോ വിളിച്ചു പറഞ്ഞു. കുറെ ആളുകള്‍ ഇളന്നീരിടാന്‍ ഓടി.
'അമ്മേ..' ന്നൊരു വിളി കേട്ടു. വാപ്പരു് എണീക്കാന്‍ ശ്രമിക്കുകയാണ്. വേച്ചു പോകുന്നു. നടക്കല്ലില്‍ പാങ്ങുള്ള കൈ കുത്തി ഒന്നുയര്‍ന്നു. കോവിലിനുള്ളില്‍ വിളക്കുകളൊക്കെ കത്തിനില്‍ക്കുന്നു. സര്‍വ്വാഭരണവിഭൂഷിതയായി ദേവി. വാപ്പരു് നടക്കല്ലിലേക്കു് മുഖമടച്ചു വീണു. പിന്നെ അനങ്ങിയില്ല.
പെണ്ണുങ്ങളൊക്കെ കണ്ണു തുടച്ചു. ദേവിയും കരഞ്ഞു കാണും.
കാവിലെ ഒരു 'കുടിയിരുത്തിയ' കല്ലായി വാപ്പരു് കിടപ്പുണ്ട്. ഇപ്പോഴും.
-------------------------------------------
സമയം:
7:20 PM
9
പ്രതികരണങ്ങള്‍
Labels: കഥ
2008, ജനുവരി 2, ബുധനാഴ്‌ച
ഒരു വീരഗാഥ (ഒരു 'സംഭവ' കഥ)
കണ്ണുകാണാത്ത രണ്ട് പേരാണ് ഞങ്ങളുടെ നാട്ടിലുള്ളത്. വിജയേട്ടനും ചന്ദ്രേട്ടനും.
ഞാന്‍ സ്കൂളില്‍ പോകുന്ന കാലത്തൊക്കെ വിജയേട്ടനു് കുറേശ്ശെ കാണാമായിരുന്നു. പിന്നെപ്പിന്നെ തീര്‍ത്തും കാണാതായി. കണ്ണു ശരിയാക്കാന്‍ എതോ സ്വാമിയാര്‍ കൊടുത്ത പൊടി കണ്ണില്‍ തേച്ച ശേഷമാണ് ഉള്ള കാഴ്ചകൂടി പോയതു് എന്നാണ് ജനസംസാരം. ലോട്ടറി വില്പനയാണു ജോലി.
ചന്ദ്രേട്ടനു് ഒട്ടും കണ്ണു കണ്ടുകൂടാ. ചെറുപ്പത്തിലേ ഒരു പനി വന്നതാണത്രെ. ഇപ്പോള്‍ ഒരു അന്പതിനടുത്ത് ആയിക്കാണും പ്രായം. കുറിയതാണെങ്കിലും നല്ല ആരോഗ്യമുള്ള ശരീരം. സ്ഥലത്തെ ഒരു പഴയ തറവാട്ടിലെ ആശ്രിതനാണ്. കണ്ണ് കാണില്ലെങ്കിലും ചന്ദ്രേട്ടനു് നാട്ടിലെ ഇടവഴികളൊക്കെ കയ്യിലെ രേഖകള്‍ പോലെ പരിചിതമാണു്.
ചാരായം വാറ്റലാണ് മൂപ്പരുടെ പ്രധാന സൈഡ് ബിസിനസ്സ്. വാറ്റിയ ചാരായം കുപ്പികളിലാക്കി പാടത്തും പുഴവക്കിലുമൊക്കെ കുഴിച്ചിടും. അതെവിടൊക്കെ എപ്പോഴൊക്കെ വെച്ചിട്ടുണ്ടെന്നു മൂപ്പര്ക്ക് മാത്രം അറിയാം (നാട്ടിലെ ചില പ്രധാന അലവലാതികള്‍ തങ്ങള്‍ക്കറിയാമെന്നൊക്കെ വീംബിളക്കാറുണ്ടെങ്കിലും തെളിവൊന്നുമില്ല).
എല്ലാ കണ്ണുപൊട്ടന്‍മാരെയും പോലെ ചന്ദ്രേട്ടനും ശബ്ദം കേട്ടാല്‍ ആളെതിരിച്ചറിയും. അതു പരീക്ഷിക്കാന്‍ വഴിയിലെപ്പോള്‍ കണ്ടാലും വായില്‍ നോക്കാനിരിക്കുന്ന ചെക്കന്‍മാര്‍ 'ചന്ദ്രേട്ടാ.." ന്ന് നീട്ടി കൂവും. തന്നെ പരീക്ഷിക്കാനുള്ള വിളിയാണതെന്നു മൂപ്പര്‍ക്കു നന്നായി അറിയാം.
"ങ്ഹാ.. ചന്ദ്രവതീന്‍റെ എളേതല്ലേ.. ഓള് ഇപ്പളും ചെത്തുകാരന്‍ ശേഗരന്‍റെ കൂടെ തെന്ന്യാ?" എന്നിങ്ങനെ ഒരു കൊട്ടുകൂടെ കൊടുത്തിട്ടാണ് മൂപ്പരു് തന്റെ പ്രാഗല്‍ഭ്യം തെളിയിക്കുക. മറുപടി പറയാന്‍ പോയാല്‍ ഒന്നു മുങ്ങിക്കുളിക്കാന്‍ മാത്രം തെറിയഭിഷേകം കിട്ടുമെന്നറിയുന്നവരാരും ആ പണിക്കു പോകില്ല. വിജയശ്രീലാളിതന്‍റെ ചിരിയോടെ ചന്ദ്രേട്ടന്‍ തന്‍റെ വഴിക്കു് പോകുകയും ചെയ്യും.
കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോളാണ് സംഭവം.
നാട്ടിലെ ഒരു 'കേസുകെട്ട്' എന്നു ഞങ്ങള്‍ 'പാലത്തിലെ വായ്നോക്കികള്‍' ബഹുമാനത്തോടെ വാഴ്ത്തിയിരുന്ന പദ്മേടത്തിയുടെ വീട്ടില്‍ നിന്നും മിക്കവാറും ദിവസങ്ങളില്‍ അതിരാവിലെ 3-4 മണിയോടെ ആരോ ഇറങ്ങിപ്പോകുന്നുണ്ട്. ആകെ ഉണ്ടായിരുന്ന തള്ള മരിച്ചതിനുശേഷം പദ്മേടത്തി ഒറ്റക്കായിരുന്നു താമസം.
('പാലത്തിലെ വായ്നോക്കികള്‍' എന്നതു ഞങ്ങള്‍ക്കു നാട്ടുകാര്‍ ബഹുമാന പുരസ്സരം ചാര്‍ത്തിത്തന്ന പേരാണ്. കാലത്തും വൈകിട്ടും പെണ്‍പിള്ളേരെ സുരക്ഷിതമായി പാലം കടത്തി വിടുക എന്ന സേവനം വളരെ ഭംഗിയായിത്തന്നെ ഞങ്ങള്‍ നിര്‍വഹിച്ചിരുന്നു.)
നാട്ടിലെ ഒരു സദാചാരപ്രശ്നത്തില്‍ ഉത്തരവാദിത്തബോധമുള്ള എല്ലാവരും ഇടപെട്ടല്ലേ പറ്റൂ. 'എവളിങ്ങനെ തൊടങ്ങ്യാല് ഞങ്ങള് അയല്‌പക്കക്കാര്‍ക്കൊക്കെ ഇവിടെ കെടന്നുപൊറുക്കണ്ടേ..?' എന്നാണു വിച്ചുട്ടിമൂപ്പര്‍ടെ ചോദ്യം. നാട്ടിലെ കാണാന്‍കൊള്ളുന്ന രണ്ടു പെണ്പിള്ളേരുടെ തന്തയുടെ ചോദ്യമായതു കൊണ്ട് ഞങ്ങളതിനെ പൂര്‍ണ്ണമായും പിന്‍താങ്ങി.
'ആളെ ഇന്ന് തന്നെ മ്മക്ക് പിടിക്കണം.' പ്രമോദ് തെരക്കു കൂട്ടി. സംഘത്തിലെ ഒരു പ്രധാന വായ്നോക്കിയാണ് കക്ഷി. മാത്രവുമല്ല വിച്ചുട്ടിമൂപ്പര്ടെ മൂത്തമോള്ടെ പിന്നാലെ ഒരു എഴുത്തുമായി നടപ്പു തുടങ്ങിയിട്ടു നാളു കുറേ ആയി.
റിട്ടയേഡ് പട്ടാളക്കാരനായ അരുണേട്ടനെ നായകനാക്കി ഞങ്ങളൊരു പട്ടാളം സെറ്റപ്പ് ആക്കി. അത്യാവശ്യം ആയുധങ്ങളും സംഘടിപ്പിച്ചു. ശീമക്കൊന്നയുടെ കൊന്പ്, മഴുത്തായ, കുറിയ ഒലക്ക എന്നിവയായിരുന്നു പ്രധാനം. പിന്നെ സേനാനയകന്‍റെ കയ്യില്‍ മാത്രം അറ്റകൈ പ്രയോഗത്തിനായി ഒരു മടക്കു പിച്ചാത്തിയും.
'ഇനി ഓന്റേല് തോക്കുണ്ടെങ്കില് ഇങ്ങള് സ്വന്തം തടി നോക്കിക്കോളീ..' അരുണേട്ടന്‍ പകുതി തമാശയായിട്ടാണ് പറഞ്ഞതെങ്കിലും എല്ലാര്ടേം ഉള്ളൊന്നു കാളി. ആരും പുറത്തു കാട്ടിയില്ലെന്നു മാത്രം.
പറഞ്ഞതുപോലെ രാത്രി 2 മണിയോടെ എല്ലാരും ദിവാകരന്‍റെ പറന്പില് ഒത്തു കൂടി. ആറാളാണ് ഉണ്ടായിരുന്നത്. ഞാനും പ്രമോദും ഷിജുവും ആയിരുന്നു പാലം ഗാങിന്‍റെ പ്രതിനിധികള്‍. അരുണേട്ടനെ കൂടാതെ പെട്ടിപ്പീട്യക്കാരന്‍ സതീഷ്, പോത്താനം അഷ്റഫ് എന്നിവരായിരുന്നു മറ്റു സംഘാംഗങ്ങള്‍. കൂട്ടത്തിലെ പയ്യന്‍മാരെന്ന നിലക്കു എനിക്കും ഷിജുവിനും ശീമക്കൊന്നയുടെ വടിയേ ആയുധമായി അനുവദിച്ചുകിട്ടിയുള്ളൂ. അതെന്തായാലും പദ്മേടത്തിയുടെ ഒരു സീനെങ്കിലും തരാവണേ എന്നതായിരുന്നു ഞങ്ങള്‍ടെ പ്രാര്‍ത്ഥന.
എല്ലാവരും പതുങ്ങി പതുങ്ങി പദ്മേടത്തിയുടെ വീട്ടിനടുത്തി. അരുണേട്ടനായിരുന്നു ഏറ്റവും മുന്പേ. ഏറ്റവും പുറകിലായി എനിക്കും ഷിജുവിനും ശേഷം അഷ്റഫും. അവിടെ നിന്നു മൂന്നു പേരുള്ള രണ്ട് ഗ്രൂപ്പായി പിരിഞ്ഞു. അഷ്റഫും ഞാനും ഷിജുവും പിന്‍വാതിലു തുറന്നാല്‍ കാണാന്‍ പാകത്തിനു ഒരു പ്ലാവിന്‍റെ മറവില്‍ സ്ഥാനം പിടിച്ചു. അരുണേട്ടന്‍റെ വിസില്‍ ആയിരുന്നു സിഗ്നല്‍. പുറകിലൂടെ ആണു വരുന്നതെങ്കില്‍ അഷ്റഫ് വിസിലടിക്കും.
ഒന്നു രണ്ട് മണിക്കൂര്‍ കഴിഞ്ഞു പോയി. ഒന്നും സംഭവിച്ചില്ല. ഞങ്ങള്‍ക്കാണേല്‍ ക്ഷമകെട്ടു. സീന്‍ കാണാന്‍ ഒരു സാദ്ധ്യതയും ഇല്ല. ആ വരത്തനിട്ടു രണ്ടെണ്ണം കൊടുക്കാനെങ്കിലും കഴിഞ്ഞില്ലേല്‍..
ഒടുവില്‍ മുന്നിലെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. വിസിലു കേള്‍ക്കാതെ മുന്നോട്ട് ചെല്ലരുതെന്നാണ് അരുണേട്ടന്‍റെ ഉഗ്രശാസന. ഷിജുവിനാണേല്‍ സഹിക്കാന്‍ പറ്റുന്നില്ല. "ഞാന്‍ മുന്നോട്ട് പൊക്വാടാ.." മറുപടിക്കു കാത്തുനില്‍ക്കാതെ അവന്‍ മറപറ്റി മുന്നോട്ടു നീങ്ങി.
തെല്ലുനേരം ശങ്കിച്ചതുകൊണ്ട് ഞാനല്പം പുറകിലായിപ്പോയി. അതാ കേള്‍ക്കുന്നു വിസില്! എല്ലാരും പുറത്തു ചാടി. വാതില് ധൃതിയില്‍ അടഞ്ഞു. ആള് ഒരു പാച്ചിലായിരുന്നു. അരുണേട്ടനും സതീഷും പിറകേ. നാട്ടുവെളിച്ചമുണ്ടായിരുന്നെങ്കിലും ആളെത്തിരിച്ചറിയാന്‍ പറ്റിയില്ല.
സര്‍വ്വശക്തിയുമെടുത്ത് ഞാനും പുറകെ ഓടി. കാലിലുണ്ടായിരുന്ന സ്ലിപ്പര്‍ എവിടെയോ ഊരിപ്പോയി. അവിടെയിവിടെയൊക്കെ ഉരഞ്ഞുപൊട്ടിയതൊന്നും കാര്യമാക്കിയില്ല. ഒരടിയെങ്കിലും കൊടുക്കാന്‍ പറ്റിയാല്‍ ഗാങിലെ ഹീറോ ആകാമല്ലോ എന്ന ചിന്തയായിരുന്നു മനസ്സു നിറയെ.
എത്ര കിലോമീറ്ററാണ് ഇടവഴികളിലൂടെ ഓടിയതെന്നു് ഒരു നിശ്ചയവുമില്ല. പലയിടത്തും തട്ടി വീണു. വെളിച്ചമില്ലാത്തതുകൊണ്ട് പലയിടത്തും തപ്പിപ്പിടിച്ചു നടക്കേണ്ടി വന്നു.
"ഈ വരത്തനെങ്ങനെ കൂരാക്കുറ്റിരുട്ടില് ഇടവഴിയിലൂടെ പായുന്നു" എന്നുള്ള ചിന്ത ഇടക്കു കയറി വരാതിരുന്നില്ല. ഓട്ടം പാടത്താണ് അവസാനിച്ചതു. ഒരു മണ്‍കുഴിയുടെ കരയില് അരുണേട്ടനും സതീഷും.
"കിട്ടീലെടാ.." അരുണേട്ടന്‍റെ സ്വരത്തില്‍ നിരാശ. "പക്ഷെ ഒരു ഏറു് ഞാന്‍ കൊടുത്തിട്ടുണ്ട്."
"ന്റമ്മോ.. ന്നൊരു ആര്‍പ്പ് ഞാങ്കേട്ടതാ.." സതീഷ് പിന്‍താങ്ങി.
"കിട്ടണം നായിന്‍റെ മോന്.." ഓടിക്കിതച്ചു വന്ന അഷ്റഫ് ആശ്വസിച്ചു.
പിന്നെ എല്ലാരും പറ്റിയ പരിക്കിന്‍റെ കണക്കെടുത്തു. അരുണേട്ടന്റെ മുട്ടിലെ തോലു പോയിട്ടുണ്ട്. സതീഷിന്റെ കാലില് കുപ്പിച്ചില്ലു തറച്ചതാണെന്നു തോന്നുന്നു ചോര വരുന്നുണ്ട്. എന്റെ മേലാകെ എരിയുന്നുണ്ട്. എവിടെ ഒക്കെയോ തോലു പോയിട്ടുണ്ട്. എന്നാലും ആ വരത്തനെ ഒന്നു തലോടാന്‍ പോലും പറ്റാത്തതിലായിരുന്നു സങ്കടം മുഴുവന്‍.
പിറ്റേന്നു പതിവുപോലെ പാലത്തില് ഹാജരായപ്പോഴാണ് പുതിയ ന്യൂസ് കിട്ടിയതു. കണ്ണു കാണാത്ത ചന്ദ്രേട്ടന്‍ തലയിലോരു ബാന്‍ഡേജുമായി നടക്കുന്നു!. കാലിലും കയ്യിലുമൊക്കെ അവിടവിടെയായി പ്ലാസ്റ്റര്‍ ഒട്ടിച്ചിട്ടുമുണ്ട്.
"ഇങ്ങേരായിരുന്നോ?.. നായി.." ഷിജു ചീറി.
ഇതിനകം കഥക്കു എരിവും പുളിയും ചേര്‍ത്തു അഷ്റഫ് നല്ല പബ്ലിസിറ്റി കൊടുത്തിട്ടുണ്ടായിരുന്നതു കൊണ്ട് നാട്ടുകാര്‍ക്കൊക്കെ ആളെ പെട്ടെന്നു പിടി കിട്ടി.
അങ്ങാടീലെ പല ചെക്കന്‍മാരും "ചന്ദ്രേട്ടാ.." ന്നു ഈണത്തില്‍ പലവുരു വിളിച്ചിട്ടും പതിവുള്ള തെറിവിളി പിന്നെ ഉണ്ടായിട്ടില്ല.
സമയം:
11:58 AM
6
പ്രതികരണങ്ങള്‍