2009, ജനുവരി 31, ശനിയാഴ്‌ച

ആറുമുഖം

http://ronbosoldier.blogspot.com/2007_12_01_archive.html
പത്തരയ്ക്ക്‌ ഇടിമുറീല്‍ കയറ്റിയതാണ്‌ അയാളെ. പീസീ അറുമുഖന്‍ ഒരു ഒന്നൊന്നര തച്ച്‌ പണിഞ്ഞു കഴിഞ്ഞു. ഒരാറു മാസത്തേയ്ക്ക്‌ അമ്മേന്നു വിളിക്കാതെ അയാളിനി മുള്ളില്ല. എന്നിട്ടും ഇതുവരെ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല.

അറുമുഖന്‍റെ ഓരോ ഇടിയും നെഞ്ഞുംകൂട്ടിനകത്തു നിന്ന്‌ ഞെക്കിപ്പിടിച്ച ഒരു അലര്‍ച്ചയെ ജനിപ്പിക്കുന്നുണ്ട്. ഇടിയുടെ ഇടവേളകളില്‌ ചോരക്കട്ടകള്‌ ചുമച്ചു തുപ്പുന്നു. എന്തൊരു മനുഷ്യനാണിത്‌? ഒന്നു ഉറക്കെ കരയുന്നു പോലുമില്ല.

കോണ്‍ഗ്രസ്സിന്‍റെ മണ്ഡലം പ്രസിഡന്‍റിന്‍റെ വീട്ടിലാണു കയറിയിരിക്കുന്നത്‌. അങ്ങേരുടെ മകളുടെ താലിമാലയാണു പോയത്‌. ഒരു തരത്തിലും ഇതൊന്ന്‌ ഒഴിഞ്ഞു പോകില്ല. വല്യൊരു മെനക്കേടായല്ലോ.

വനജ മക്കളേം കൂട്ടി സിനിമായ്ക്കു പോകാന്‍ പരിപാടിയും ഇട്ട്‌ ഇരിക്കുകയാണ്‌ ഇന്നലെ മുതല്‍. മാറ്റിനി മാറ്റി ഫസ്റ്റ്‌ ഷോയ്ക്കു പോകാമെന്നു വിളിച്ചു പറഞ്ഞിട്ടിപ്പോ മണിക്കൂറു രണ്ടായി. ഇങ്ങനെ പോയാല്‍ സെക്കന്‍റു്‌ ഷോയ്ക്കുപോലും പോക്കു നടക്കുമെന്നു തോന്നുന്നില്ല.

അലര്‍ച്ച ഒച്ച കൂടി വരുന്നുണ്ട്‌. പണ്ടാറടങ്ങാന്‍ ഇനി അയാളെങ്ങാന്‍ കാഞ്ഞു പോകുമോ? അറുമുഖാ പതുക്കെ..

കസേര നീക്കിയിട്ട്‌ കാലെടുത്തു മേശമേല്‍ കയറ്റി വച്ചു. ഒരു വില്‍സ്‌ കത്തിച്ച്‌ രണ്ടു പുക വിട്ടാല്‍ ഒന്നു റിലാക്സ്ഡായേനെ.

റൈട്ടറു്‌ നമ്പ്യാരു്‌ ഉച്ചയ്ക്കു പോയതാണ്‌. മുന്നൂറ്റിപ്പത്തും ഹേഡും രാത്രിയാവും വരാന്‍. ലോക്കപ്പൊക്കെ ഒഴിഞ്ഞു കിടക്കുന്നു. പഴയൊരു കെട്ടിടമാണിത്‌. നൂറ്റാണ്ടിന്‍റെ ആദ്യകാലത്തെങ്ങാനും കെട്ടിയതായിരിക്കണം. മച്ചിനു മുകളില്‍ മുഴുവന്‍ പഴയ ഫയലുകളാണ്‌. കൂട്ടിന്‌ എലിപ്പടയും. ഒരിക്കല്‍ ഒരു ചേരയെ കണ്ടിരുന്നു. അന്നതിനെ പോലീസുകാരൊക്കെക്കൂടി തല്ലിക്കൊന്നു.

അറുമുഖന്‍ കിതയ്ക്കുന്നതു കേള്‍ക്കാം. എന്തൊക്കെയോ തെറി വിളിക്കുന്നുണ്ട്‌. പതിഞ്ഞ ശബ്ദത്തില്‍ ഇടികൊണ്ടു കലങ്ങിയ നെഞ്ഞുംകൂട്ടില്‍ നിന്ന്‌ നിശ്വാസം പ്‌രാകിക്കൊണ്ട്‌ പുറത്തു ചാടുന്നതും കേള്‍ക്കാം.

കത്തിച്ച സിഗററ്റ്‌ തീര്‍ന്നു. ഒന്നും കൂടി ബാക്കിയുണ്ട്‌ പായ്ക്കറ്റില്‍. അതുകൂടെ തീര്‍ത്തേക്കാം. സിഗററ്റെടുത്തിട്ട്‌ കൂട്‌ കശക്കി ചവറ്റു കുട്ടയിലേയ്ക്ക്‌ ഉന്നം വെച്ച്‌ എറിഞ്ഞു. പതിവുപോലെ ലക്ഷ്യം തെറ്റി. ഇനി എണീറ്റു പോകാന്‍ വയ്യ. അവടെ കെടക്കട്ടെ.

സമയം വാച്ചിലെ സൂചികളെ പിടിച്ചു നിര്‍ത്തിയിരിക്കുകയാണെന്നു തോന്നുന്നു. എന്തായെന്നൊന്നു പോയി നോക്കാം.

അറുമുഖന്‍ ഒരു തൂണില്‍ താങ്ങി നിന്നു കിതയ്ക്കുകയാണ്‌. നന്നായി വിയര്‍ത്തിരിക്കുന്നു.

അയാളുടെ കൈകള്‍ രണ്ടും ലോക്കപ്പിന്‍റെ അഴിയില്‍ കെട്ടിയിട്ടിരിക്കുകയാണ്‌. തല ഒരു വശത്തേയ്ക്ക്‌ ഞാന്നു കിടക്കുന്നു. കടവായില്‍ നിന്ന്‌ ചോര ഒലിച്ചിറങ്ങി പഴകിക്കീറിയ കയ്യില്ലാത്ത ബനിയന്‍ മുഴുവന്‍ ചുവപ്പിച്ചിരിക്കുന്നു.

"കാഞ്ഞു പോയോ അറുമുഖാ?" ഉള്ളിലെ ആളല്‌ പരമാവധി ശബ്ദത്തില്‍ വരാതെ ശ്രദ്ധിച്ചു കൊണ്ട്‌ ചോദിച്ചു.

"ഇല്ല സാര്‍. അതൊക്കെ ആ നായീന്‍റെ അഭിനയം അല്ലേ.. പഠിച്ച കള്ളനാ ഓന്‍.." അയാള്‌ കലി കയറി നില്‍ക്കുകയാണ്‌.

"ഞ്ഞി നാളേക്ക്‌ വെച്ചാലോ?"

"വേണ്ട സാര്‍. നാളെ ഞ്ഞി തറാ പറാന്ന്‌ വീണ്ടും തൊടങ്ങണ്ടേ? ഒരു അര മണിക്കൂറു കൂടി തന്നേക്കീ. ഓനെക്കൊണ്ട്‌ ഞാന്‍ പറയിപ്പിക്കാ.."

തൂങ്ങിക്കിടന്ന തലയുയര്‍ത്തി അയാളൊന്നു ചുമച്ചു. കൊഴുത്ത തുപ്പലും ചോരയും പുറത്തേയ്ക്ക്‌ തുപ്പി. വായില്‍ നിന്ന്‌ ഒലിച്ചിറങ്ങി അത്‌ നെഞ്ഞിലേയ്ക്ക്‌ ഒഴുകിയിറങ്ങി.

ഒരു കണ്ണ്‌ ചതഞ്ഞ്‌ അടഞ്ഞിരിക്കുകയാണ്‌. മറ്റേക്കണ്ണ്‌ പാതിതുറന്ന്‌ ഒന്നു നോക്കി. വല്ലാത്തൊരു നോട്ടം. തലതിരിച്ച്‌ പുറത്തേക്കിറങ്ങി നടന്നു.

കത്തിച്ച സിഗററ്റ്‌ തീര്‍ന്നിരിക്കുന്നു. ഇന്നിനി സിനിമയ്ക്കു പോക്ക്‌ നടക്കുമെന്നു തോന്നുന്നില്ല. ഇരുട്ടിത്തുടങ്ങി. കവലയിലേയ്ക്ക്‌ നടന്നാല്‍ സിഗററ്റു മേടിക്കാമായിരുന്നു. വേണ്ട. അറുമുഖന്‍ ഭയങ്കര ദേഷ്യക്കാരനാണ്‌. ആളു കാഞ്ഞു പോയാല്‍ പിന്നെ എന്തൊക്കെ പുകിലാണുണ്ടാവുക എന്നു പറയാനൊക്കില്ല. അന്നേരം കോണ്‍ഗ്ഗ്രസ്സും ഉണ്ടാവില്ല, പ്രസിഡന്‍റും ഉണ്ടാവില്ല. എല്ലാര്‍ക്കും ഒരു ഇരയെ മതിയാവും.

കസേര വലിച്ചിട്ട്‌ ഇരുന്നു. അറുമുഖന്‍ കൂടുതല്‍ കനത്ത പരിപാടികളിലേയ്ക്ക്‌ കടന്നെന്നു തോന്നുന്നു. ഏങ്ങിവലിഞ്ഞ്‌ ശ്വാസം നെഞ്ഞില്‍ നിന്ന്‌ പുറത്തുവരുന്നത്‌ ഇവിടെ കേള്‍ക്കാം.

ആ മാല എവിടെയാണെന്നൊന്നു പറഞ്ഞാല്‍ മതി ആ ശവത്തിന്‌. ഒരു ഒന്നൊന്നരക്കൊല്ലം കിട്ടുമായിരിക്കും. അതിനാണ്‌ ഈ ഇടിമുഴുവന്‍ വാങ്ങിക്കൂട്ടുന്നത്‌. പുറത്തിറങ്ങിയാലും ഇനിയുള്ളകാലം ആശുപത്രിവരാന്ത നിരങ്ങാനേ സമയമുണ്ടാവൂ. അതുപോലത്തെ ഇടിയാണ്‌ അറുമുഖന്‍റെ.

വളരെ സൌമ്യനായ മനുഷ്യനാണ്‌ പീസീ അറുമുഖന്‍. വളരെ കുറച്ചേ സംസാരിക്കൂ. ഒരു ചെറിയ സ്ത്രൈണത തോന്നും സംസാരത്തില്‍. ചെറിയ നാണവും. ഇടിമുറിയില്‍ കയറിയാല്‍ ആള്‌ ഒരു മൃഗമാണ്‌. പത്തുമിനിട്ടുകൊണ്ട്‌ ഏതു കേസും തെളിയിക്കും. അറുമുഖന്‍റെ ഇടി കൊണ്ടവരാരും അതു ജീവിതത്തില്‍ മറക്കുകയുമില്ല.

ഫോണടിക്കുന്നു. വനജയായിരിക്കും. ഇന്നു പോകാന്‍പറ്റില്ലാന്നു പറഞ്ഞാല്‍ പിന്നെ പരിഭവവും പരാതികളും കേള്‍ക്കേണ്ടി വരും. ഒരു പോലീസുകാരന്‍റെ ഭാര്യയായാല്‍ ഇങ്ങനെയൊക്കെ ആണെന്നു ഇതുവരെ മനസ്സിലാക്കാനായിട്ടില്ല അവള്‍ക്ക്‌. അവടെ കെടന്നടിക്കട്ടെ. കാലെടുത്ത്‌ മേശയില്‍ കയറ്റി വച്ച്‌ ഒന്നു നീണ്ടു നിവര്‍ന്നിരുന്നു.


ഹോ ഒന്നു മയങ്ങിപ്പോയല്ലോ. അധികനേരമായോ? ലോക്കപ്പില്‍ നിന്നു ശബ്ദമൊന്നും കേള്‍ക്കുന്നില്ലല്ലോ. അറുമുഖാ..

ഓടിച്ചെന്നു നോക്കി. കാലുകള്‍ കവച്ചു വെച്ച്‌ അറുമുഖന്‍ അയാളുടെ മുഖത്തേയ്ക്ക്‌ മൂത്രമൊഴിച്ചു കൊണ്ടിരിക്കുകയാണ്‌. ശ്വാസം കിട്ടാന്‍ വേണ്ടി അയാള്‌ മുഖം അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ടിരിക്കുന്നു.

"അറുമുഖാ നിര്‍ത്ത്‌.."

ഛെ. അറപ്പു തോന്നി.

അറുഖന്‍ തിരിഞ്ഞു നിന്ന്‌ സിപ്പിട്ടു. അയാളുടെ മുഖത്ത്‌ ഒരു ഭാവഭേദവുമില്ല. കുനിഞ്ഞു നിന്ന്‌ അയാളുടെ മീശയില്‍ നിന്ന്‌ മൂന്നാലു രോമങ്ങള്‌ പിച്ചിപ്പറിച്ചെടുത്തു. ചോര മേല്‍ചുണ്ടുകടന്ന്‌ വായിലേയ്ക്കൊഴുകി. കണ്ടു നില്‍ക്കാന്‍ വയ്യ. എന്തെങ്കിലുമാകട്ടെ. ഒന്നു വേഗം..

വീണ്ടും കസേരയില്‍ പോയിരുന്നു. അറുമുഖന്‍ റൈട്ടറുടെ റൂമില്‍ പോയി ബ്ളേഡ്‌ എടുത്തുകൊണ്ട്‌ പോകുന്നു.

ഹും, ഇനി അധികം നേരം വേണ്ടി വരില്ല. പക്ഷേ സാധനം കിട്ട്യാല്‍ അയാളെ വിടേണ്ടി വരും. ഈ പരുവത്തില്‍ കോടതിയില്‌ കൊണ്ടുപോകാന്‍ പറ്റില്ല. നാശം.

അയാളുടെ അലര്‍ച്ച കേട്ടു തുടങ്ങി. പോയി നോക്കാതിരിക്കുന്നതാവും നല്ലത്‌. ഒരു ശനിയാഴ്ച പണ്ടാരമടങ്ങിയെന്നു പറഞ്ഞാല്‍ മതിയല്ലോ.

കവലയിലിറങ്ങി ഒന്നു പുകയ്ക്കാം. അഴിച്ചിട്ടിരുന്ന ബെല്‍ട്ടെടുത്തു കെട്ടി. മെല്ലെ പുറത്തേയ്ക്കിറങ്ങി. ഇരുട്ട്‌ വീണീരിക്കുന്നു.


ഒരു അരമ്ണിക്കൂറെടുത്തുകാണും. തിരിച്ചു വന്നപ്പോള്‍ അറുമുഖന്‍ വരാന്തയില്‍ പാറാവുകാരന്‍റെ കസേരയില്‌ ഇരിക്കുന്നു. ആകെ തളര്‍ന്ന മട്ടാണ്‌. ഒന്നു പേടിച്ചു.

"എന്താടോ.. കാഞ്ഞു പോയോ?" പേടി മറച്ചു വച്ചില്ല.

"ഇല്ല സാര്‍.. ആ തെണ്ടി എന്നിട്ടും ഒന്നും മിണ്ടിയില്ല.."

അറുമുഖനോട്‌ അടങ്ങാത്ത കലി തോന്നി. വല്യ ഇടിക്കാരനാണെന്നാ ഭാവം!

ഇനിയിപ്പോ എന്തു ചെയ്യും. ഒന്നു പോയി നോക്കാം.

ലോക്കപ്പിന്‍റെ അഴികളില്‍ കെട്ടിയിട്ട കൈകളില്‍ തൂങ്ങിക്കിടക്കുന്നു. മൂത്രത്തിന്‍റെയും മലത്തിന്‍റെയും മണം ഓക്കാന്മുണ്ടാക്കുന്നു.

കാലിന്‍റെ വെള്ളയോക്കെ ചൂരലടി കൊണ്ട്‌ കറുത്തു കരുവാളിച്ചിരിക്കുന്നു. ലാത്തികൊണ്ട്‌ മുഖമൊന്ന്‌ ഉയര്‍ത്തി നോക്കി. ആസ്ത്മാരോഗികളെപ്പോലെ ശ്വാസം ആഞ്ഞു വലിക്കുന്നുണ്ട്‌. പകുതിയടഞ്ഞ കണ്ണിലൂടെ ആ നോട്ടം! ലാത്തിയെടുത്തപ്പോള്‍ തല വീണ്ടും താഴേയ്ക്കു വീണു തൂങ്ങി.

ശവം! എത്ര നേരമാണ്‌ മനുഷ്യനെ മെനക്കെടുത്തുന്നത്‌. ഒരു ചവിട്ടു വച്ചുകൊടുക്കാനാണു തോന്നിയത്‌.

കാലുയര്‍ത്തിയപ്പോഴേയ്ക്ക്‌ ഫോണ്‍ ബെല്ലടിച്ചു. വനജയായിരിക്കും. ഇന്നത്തെ പരിപാടി ക്യാന്‍സല്‍ ആയെന്നു പറഞ്ഞേക്കാം. പിള്ളേര്‍ക്ക്‌ പുറത്തു നിന്നെന്തെങ്കിലും വാങ്ങിക്കൊണ്ടു വരാമെന്നു പറയാം.

ഫോണെടുത്തു. മണ്ഡലം പ്രസിഡന്‍റാണ്‌.

"ഹലോ സാര്‍.. ഇതുവരെ ഒന്നും.."

മാല കിട്ടിയെന്ന്‌. അയാളെ വിട്ടേക്കാന്‍.

നല്ല മുഴുത്ത തെറികള്‌ വന്നതാണ്‌ നാവില്‍. രാഷ്ട്രീയക്കാരനാണ്‌. പിണക്കാന്‍ പാടില്ല. രോഷം കടിച്ചമര്‍ത്തി, ശരിയെന്നു പറഞ്ഞു വച്ചു.

അറുമുഖാ... എവിടെപ്പോയി അയാള്‌.. നാശം പിടിക്കാന്‌. ഒരു ബക്കറ്റു വെള്ളം കൊണ്ടുപോയി അയാളുടെ മേത്തൊഴിക്കാന്‍..

കക്കൂസിലെ ബക്കറ്റില്‌ വെള്ളം പിടിച്ച്‌ കൊണ്ടുപോയി തലവഴി ഒഴിച്ചു. അതു ന്നക്കിക്കുടിക്കുമെന്നാണ്‌ വിചാരിച്ചത്‌. മുഖം തിരിക്കാന്‍ ശ്രമിക്കുന്നു. മൂത്രമാണെന്നു കരുതിക്കാണും..

പകുതിയടഞ്ഞ വലത്തേക്കണ്ണിലൂടെ നനഞ്ഞ ഒരു നോട്ടം.

പണ്ടാരമടങ്ങിയ ഒരു ശനിയാഴ്ച. ഒരു വില്‍സെടുത്ത്‌ കത്തിച്ചു. ഒരു പുകയെടുത്തിട്ട്‌ അയാളുടെ ചുണ്ടില്‌ വച്ചുകൊടുത്തു.

2009, ജനുവരി 11, ഞായറാഴ്‌ച

പ്രിന്‍സ്‌ സിംബയുടെ കഥ




കഥ, സംഭാഷണം, അഫിനയം, അലറല്‍: ഉണ്ണിക്കുട്ടന്‍

('കാക്കയ്ക്കും തന്‍ കുഞ്ഞ്‌ പൊന്‍കുഞ്ഞെ'ന്നു കരുതി ക്ഷമിക്കൂ.. :))

2009, ജനുവരി 6, ചൊവ്വാഴ്ച

കനൂന്‍


http://www.orientika.com/gallery2.htm
സുഹൃത്തേ, മഹാ മുരടന്‍മാരാണ്‌ തുര്‍ക്കികളെന്നാണ്‌ എന്‍റെ വ്യക്തിപരമായ അഭിപ്രായം.

ഈ അഭിപ്രായത്തിനു കനം വെച്ചത്‌ ഹൈതത്തിനെ പരിചയപ്പെട്ടതിനു ശേഷമാണെന്നതും ഒരു സത്യമാണ്‌. നൂറോളം ആളുകളുള്ള ഈ ആപ്പീസില്‍ ആകെ ഹൈതം മാത്രമേ തുര്‍ക്കിക്കാരനായിട്ടുള്ളൂ. അയാളുടെ ആറര അടിപൊക്കവും വൈക്കോല്‍തുറു പോലുള്ള ശരീരവും കാതുമുഴക്കുന്ന ശബ്ദവും അമ്മമാര്‍ പിള്ളേര്‍ക്കു മാമുകൊടുക്കുമ്പോള്‍ പേടിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ടാവും, തീര്‍ച്ച.

ആ വലിയ മനുഷ്യരൂപം ഒരു കുഞ്ഞു കസേരയില്‍ ഇരുന്ന്‌ തന്‍റെ കൈവെള്ളയില്‍ കൊള്ളുന്നത്രയും പോന്നൊരു കുഞ്ഞു ടൈപ്പ്‌റൈറ്ററില്‍ കൊട്ടിക്കൊണ്ടിരിക്കുന്നതും, പേര്‍ഷ്യക്കാരനായ കുള്ളന്‍ ബോസിന്‍റെ മുന്നില്‍ ഒരു സ്കൂള്‍കുട്ടിയെപ്പോലെ തലചൊറിഞ്ഞു നില്‍കുന്നതും വളരെ അരോചകമായിത്തോന്നിയിരുന്നു, തുടക്കത്തില്‍.

ഉച്ചഭക്ഷണ സമയത്ത്‌ കഴിവതും ഞാനയാളെ ഒഴിവാക്കി ഒരു മൂലയില്‍ ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുമായിരുന്നു. പക്ഷേ അയാളാകട്ടെ, എന്നെ എപ്പോഴും വന്നു ശല്യം ചെയ്തുകൊണ്ടുമിരുന്നു. ഇന്ത്യാക്കാരെ അയാള്‍ക്കു വലിയ കാര്യമാണത്രെ. അമിതാഭ്‌ ബച്ചനെ കുറിച്ചും നര്‍ഗീസിനെക്കുറിച്ചുമായിരുന്നു പ്രധാനമായും പറയാനുണ്ടാവുക. നര്‍ഗ്ഗീസിന്‍റെ സൌന്ദര്യത്തെക്കുറിച്ച്‌ എത്രയോ നീണ്ട പ്രഭാഷണങ്ങള്‍ ഉച്ചഭക്ഷണത്തോടൊപ്പം ഞാന്‍ ചവച്ചിറക്കി.

അയാള്‍ എപ്പോഴും 'ബ്രദര്‍' എന്നാണ്‌ എന്നെ സംബോധന ചെയ്തുകൊണ്ടിരുന്നത്‌. കണ്ടുമുട്ടുമ്പോഴൊക്കെ അയാളുടെ നെടുങ്കന്‍ കൈകള്‍ കൊണ്ടുള്ള ആലിംഗനങ്ങളും സഹിക്കേണ്ടി വന്നു. പോരാത്തതിന്‌ ഉച്ചഭക്ഷണ സമയത്ത്‌ ഭക്ഷണം പങ്കു വയ്ക്കണമെന്നു അയാള്‍ക്കു വളരെ നിര്‍ബന്ധമായിരുന്നു. തൊലിയോടുകൂടി പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങും തൊലിയോടെത്തന്നെ പാകം ചെയ്ത കോഴിക്കറിയും പലപ്പോഴും ബാത്ത്‌റൂമില്‍ കയറി ഛര്‍ദ്ദിച്ചു കളഞ്ഞു.

പഴയൊരു കെട്ടിടത്തിലെ രണ്ടാം നിലയിലെ ഒരു ഒറ്റമുറി ആയിരുന്നു എന്‍റെ താവളം. വാടക കുറവായിരുന്നതുകൊണ്ടും ഒറ്റയ്ക്കായിരുന്നതുകൊണ്ടും ഞാന്‍ ആ മുറിയിലെ സൌകര്യമില്ലായ്മയോടു വളരെ സമരസപ്പെട്ടു കഴിഞ്ഞിരുന്നു. രണ്ടാള്‍ക്കു കഷ്ടിച്ചിരിക്കാവുന്ന ഒരു ചെറിയ ബാല്‍ക്കണിയായിരുന്നു താവളത്തിലെ ഒരേ ഒരു ലക്ഷുറി.

ഞാന്‍ അധികം പുറത്തിറങ്ങുന്ന സ്വഭാവക്കാരനല്ല. കുറച്ചധികം സംഗീത കാസറ്റുകളും ഒരു പായ്ക്കറ്റു സിഗരെറ്റും അല്പം ലഹരിയുമുണ്ടെങ്കില്‍ എന്‍റെ ചെറിയ ബാല്‍ക്കണിയില്‍ ഒരു ഫൈബര്‍ ചെയറുമിട്ട്‌ ഇരുട്ടുന്നതുവരെ ഇങ്ങനെ ഇരിക്കാന്‍ ഒരു മടിയുമില്ലെനിക്ക്‌. ആഴ്ചാവസാനങ്ങളില്‍ അതായിരുന്നു മിക്കവാറും ഞാന്‍ ചെയ്തുകൊണ്ടിരുന്നതും.

അതുപോലൊരു ശനിയാഴ്ച വൈകുന്നേരമാണ്‌ ഒരു മുന്നറിയിപ്പുമില്ലാതെ അയാള്‍ എന്‍റെ താമസസ്ഥലത്തേയ്ക്കു കയറി വന്നത്‌. തോളിലൊരു തുണി സഞ്ചിയുമുണ്ടായിരുന്നു. പതിവില്ലാതെ ബസ്സ്‌ അടുത്തുള്ള കവലയില്‍ നിര്‍ത്തുന്നതും അതില്‍ നിന്നൊരു ആജാനബാഹു ഇറങ്ങുന്നതും ബാല്‍ക്കണിയില്‍ ഇരുന്ന്‌ ഞാന്‍ കാണുന്നുണ്ടായിരുന്നു. ചെവിയില്‍ ചൌരാസ്യയുടെ പുല്ലാങ്കുഴലും അകത്ത്‌ ബ്രാന്‍ഡിയും ചുണ്ടത്ത്‌ എരിയുന്ന സിഗരെറ്റും ഉണ്ടായിരുന്നതുകൊണ്ട്‌ ബാഹ്യലോകത്തെ ഒരു സിനിമ കാണുന്ന ലാഘവത്തോടെ ആയിരിക്കണം ഞാന്‍ കണ്ടു കൊണ്ടിരുന്നത്‌. അല്ലെങ്കില്‍ അയാളുടെ രൂപത്തെ ഒറ്റനോട്ടത്തില്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞേനെ.

കവലയില്‍ ആരോടൊക്കെയോ വഴിചോദിച്ച്‌ ഒടുക്കം ഞാനിരിക്കുന്ന ബാല്‍ക്കണിക്കുനേരെ ഒരാള്‍ ചൂണ്ടിക്കാണിക്കുന്നതും ഹൈതം എന്‍റെ നേരെ നോക്കി കൈവീശുന്നതും കണ്ടാണ്‌ ബോധത്തിലേയ്ക്ക്‌ തിരിച്ചു വന്നത്‌.

അയാള്‍ ആ നേരത്ത്‌ എന്നെ അന്വേഷിച്ച്‌ എന്തിനു വരുന്നു എന്നു അല്‍ഭുതപ്പെട്ടുതിരും മുന്പേ വാതിലില്‍ കൊട്ടു കേട്ടു. വാതില്‍ തുറന്നു തീരുന്നതിനുമുന്നേ എന്നെ തിക്കി മാറ്റി അയാളകത്തു കയറുകയും ചെയ്തു. എന്‍റെ വിലപ്പെട്ട സ്വകാര്യതയിലേയ്ക്കുള്ള ആ കടന്നു കയറ്റം എന്നെ അരിശപ്പെടുത്തി എന്നതു സത്യമാണ്‌.

പക്ഷേ എതിര്‍ത്തെന്തെങ്കിലും പറഞ്ഞ്‌ സ്വന്തം സഹപ്രവര്‍ത്തകനുമായി ഒരു നീരസത്തിന്‌ എനിക്കു താല്‍പ്പര്യമുണ്ടായിരുന്നില്ല. ഞാനയാളെ ഇരിക്കാന്‍ ക്ഷണിച്ചു.

"എന്തൊക്കെയാണു നടക്കുന്നത്‌ ബ്രദര്‍! അല്ലാഹുവിന്‍റെ കാരുണ്യത്താല്‍ നിങ്ങള്‍ക്കു സുഖം തന്നെയെന്നു കരുതുന്നു."

"സുഖം തന്നെ ഹൈതം. എന്താണിവിടെ ഈ സമയത്ത്‌?" ഞാന്‍ പെട്ടെന്നു കാര്യത്തിലേയ്ക്കു എടുത്തു ചാടാമെന്നു കരുതി.

"അതെന്തു ചോദ്യമാണ്‌ ബ്രദര്‍! എനിക്കെപ്പോഴും നിങ്ങളെ കാണാന്‍ വന്നുകൂടെ?"

"തീര്‍ച്ചയായും.." സങ്കോചം ലേശവുമില്ലാതെ ഞാന്‍ നുണ പറഞ്ഞു.

"ബ്രദര്‍, നിങ്ങളൊരു സംഗീതാസ്വാദകനാണെന്ന്‌ ജാഫര്‍ പറഞ്ഞു. എനിക്കും സംഗീതം ജീവനാണെന്ന്‌ നിങ്ങള്‍ക്കറിയാമോ?"

ഓഫീസിലെ മറ്റൊരു ക്ളാര്‍ക്കായിരുനു ജാഫര്‍. പാകിസ്താനി. ഉറുദു സംഗീതത്തിന്‍റെ വലിയൊരു കളക്ഷനുണ്ടയാള്‍ക്ക്‌. അതുകൊണ്ടു തന്നെ കഴിയുമ്പോഴൊക്കെ അയാളോട്‌ അടുത്തുകൂടാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. കുറേ അധികം കാസറ്റുകള്‍ അയാളെനിക്കു കോപ്പി ചെയ്തു തരികയും ചെയ്തിരുന്നു.

ഹൈതം തന്‍റെ കയ്യിലിരുന്ന തുണിസഞ്ചി പതെക്കെ തുറന്ന്‌ ഒരു സംഗീതോപകരണം പുറത്തെടുത്തു. കനുന്‍ എന്ന പരമ്പരാഗത ടര്‍ക്കിഷ്‌ സംഗീതോപകരണമായിരുന്നു അത്‌. ഒരു കുഞ്ഞിനെ എടുക്കുന്നതു പോലെ വളരെ ശ്രദ്ധിച്ചായിരുന്നു അയാളതിനെ കൈകാര്യം ചെയ്തത്‌.

എവിടെയൊക്കെയോ വലിക്കുകയും മുറുക്കുകയും ചെയ്ത ശേഷം അയാള്‍ അതില്‍ ചില ശബ്ദങ്ങളുണ്ടാക്കി കേള്‍പ്പിച്ചു. ശിവ്കുമാര്‍ ശര്‍മ്മയുടെ സന്തൂര്‍ കേള്‍ക്കുന്നതുപോലൊരു അനുഭവമായിരുന്നു അത്‌. പതുക്കെ അയാളതില്‍ മാന്ത്രികവിദ്യകള്‍ കാണിക്കാന്‍ തുടങ്ങി.

വലിച്ചുകെട്ടിയ കമ്പികളില്‍ നിന്ന്‌ സംഗീതം ഉരുകിയൊഴുകി. സത്യം പറയാമല്ലോ സുഹൃത്തേ, ഞാന്‍ വെണ്ണപോലെ അതില്‍ അലിഞ്ഞു പോയി. അതൊരു സംഗീതമയമായ രാത്രിയായിരുന്നു. ഞാനുമില്ല, അയാളുമില്ല. സംഗീതലഹരിയും ബ്രാന്‍ഡിയുടെ ലഹരിയും മാത്രം.

രാത്രിയെപ്പോഴോ ബോധം വീണപ്പോള്‍ ഞാന്‍ എന്‍റെ സെറ്റിയില്‍ കിടക്കുകയായിരുന്നു. അയാള്‍ ഇരുന്ന സ്ഥലത്തുതന്നെ, കനൂനിനെ ചുംബിച്ചുകൊണ്ട്‌ കുനിഞ്ഞിരിക്കുന്നു. ബ്രാന്‍ഡിക്കുപ്പി കാലിയായിരുന്നു. ഒരേ ഒരു ഗ്ളാസില്‍ നിന്നായിരുന്നു ഞങ്ങള്‍ രണ്ടുപേരും മദ്യപിച്ചുകൊണ്ടിരുന്നത്‌. എനിക്കൊട്ടും അറപ്പു തോന്നിയുമില്ല.

പിന്നെ ഒട്ടനവധി ശനിയാഴ്ച രാത്രികള്‍ സംഗീതമൊഴുക്കി. ഞാനയാളുടെ ഒരാരാധകനായിത്തീര്‍ന്നെന്നു പറഞ്ഞാല്‍ മതിയല്ലോ. അത്ര വശ്യമായിരുന്നു അയാളുടെ സംഗീതം. പിന്നെപ്പിന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. കുടുംബത്തെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമൊക്കെ അയാളെന്നോടു ചോദിച്ചു. അയാളുടെ കുടുംബത്തെകുറിച്ചു മാത്രം ഒന്നും പറഞ്ഞില്ല. എന്‍റെ നിരന്തരമായ ശല്യം ചെയ്യലിനൊടുവില്‍ വലിയൊരു രഹസ്യം പോലെ അയാളുടെ പ്രണയത്തെക്കുറിച്ച്‌ എന്നോടു പറഞ്ഞു.

അയാളുടെ ചെറിയച്ഛന്‍റെ മകളായിരുന്നു ജമാല്‍.

ചെറിയച്ഛന്‍റെ മകളെ അവരുടെ ഗോത്രത്തില്‍ വിവാഹം കഴിക്കാമത്രെ. പക്ഷേ ചെറിയച്ഛന്‌ ആ ബന്ധത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. അയാള്‍ മാറ്റാരെക്കൊണ്ടോ അവളെ വിവാഹം കഴിപ്പിക്കണമെന്ന്‌ തീരുമാനിച്ചിരുന്നു.

ജമാലിനെ തനിക്കു നഷ്ടപ്പെടുമെന്ന്‌ ഹൈതം എപ്പോഴും ഭയന്നു. അവളുടെ കുനുകുനെ എഴുതിയ എഴുത്തുകള്‍ തന്‍റെ നീണ്ട കുപ്പായത്തിന്‍റെ കീശയില്‍ എപ്പോഴും കൊണ്ടു നടന്നു. ജമാലിന്‍റെ എഴുത്തു വന്നാല്‍ ശനിയാഴ്ചകള്‍ ദുഃഖത്തിന്‍റെ സംഗീതമൊഴുക്കി. ഒരു കൈ കനൂനില്‍ തഴുക്കിക്കൊണ്ടിരിക്കുമ്പോള്‍ അയാള്‍ മറു കൈകൊണ്ട്‌ അവളുടെ എഴുത്തെടുത്തു വായിക്കും. അറബി പോലുള്ള അക്ഷരങ്ങളിലിത്രയും കവിതയുണ്ടോ എന്ന്‌ ഞാന്‍ പലപ്പോഴും അല്‍ഭുതപ്പെടുമായിരുന്നു. ഓരോ വരിയും വായിക്കുന്നതിനനുസരിച്ച്‌ സംഗീതത്തിന്‍റെ ആന്ദോളനം. അതിനനുസരിച്ച്‌ അയാളുടെ മുഖത്തും വിവിധഭാവങ്ങള്‍ കത്തിയെരിയും. കണ്ണീര്‍ കുടുകുടെയൊഴുകും.

ഇയാളെക്കുറിച്ച്‌ എന്തൊക്കെ അബദ്ധങ്ങളാണ്‌ ഞാന്‍ ധരിച്ചു വച്ചിരുന്നതെന്ന്‌ ഞാന്‍ എപ്പോഴും അല്‍ഭുതപ്പെടാന്‍ തുടങ്ങി. ജമാലിനെക്കുറിച്ച്‌ എന്നോടു തുറന്നു പറഞ്ഞതിനു ശേഷം ഞങ്ങളുടെ സംസാരം മിക്കവാറും അവളെക്കുറിച്ചു മാത്രമായിരുന്നു.

ഉച്ചഭക്ഷണത്തിനിടയ്ക്കും വൈകുന്നേരം ബസ്‌സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോഴും ശനിയാഴ്ചത്തെ സംഗീതസന്ധ്യകളിലും ജമാല്‍ ഒരു അദൃശ്യ സാന്നിധ്യമായിത്തീര്‍ന്നു. ജമാലിന്‍റെ കണ്ണുകള്‍, ജമാലിന്‍റെ മൂക്ക്‌, അവളുടെ കവിളിലെ മറുക്‌, ഹൈതം വാങ്ങിക്കൊടുത്ത പിങ്ക്‌ നിറമുള്ള മക്കന, അവളുടെ ചിരി എന്നു വേണ്ട. ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി അവളെ കാണിച്ചാല്‍ പോലും ഞാന്‍ ഒറ്റനോട്ടത്തില്‍ അവളെ തിരിച്ചറിഞ്ഞേനെ.

വൈകുന്നേരങ്ങളില്‍ പതിവുപോലെ സിഗററ്റും പുകച്ച്‌ ചെവിയില്‍ ഇയര്‍ഫോണുമായി ഞാനിരിക്കുമ്പോള്‍ മിക്കവാറും ഹൈതവും ജമാലുമായിരിക്കും മനസ്സില്‍. അവര്‍ നദീതീരങ്ങളിലൂടെയും പുല്‍ത്തകിടികളിലൂടെയും നടക്കുന്നതും ചിരിക്കുന്നതും ചുംബിക്കുന്നതും ഞാന്‍ കല്പന കണ്ടു. ഇടയ്ക്ക്‌ അവരുടെ കളിതമാശകള്‍ മനസ്സില്‍ കണ്ട്‌ ഞാന്‍ ചിരിച്ചുപോകുമായിരുന്നു. പിന്നെപ്പിന്നെ ജമാലിനെ ഞാന്‍ സ്നേഹിച്ചുപോകുമോ എന്ന്‌ എനിക്കുതന്നെ ഭയമായിത്തുടങ്ങി. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അവളെ അത്രയേറെ പരിചയമായിത്തീര്‍ന്നിരുന്നു എനിക്ക്‌.

ഹൈതത്തിനെയും ജമാലിനെയും ഞാന്‍ എന്‍റെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. സര്‍വ്വേശ്വരനോട്‌ ഞാന്‍ അവര്‍ക്കുവേണ്ടി നിത്യവും യാചിച്ചു.

ഒരു ദിവസം ഹൈതം എന്‍റെ ആപ്പീസുമുറിയിലേയ്ക്ക്‌ പെട്ടെന്നു കയറി വന്നു. കാര്യമായ എന്തോ തിരക്കിലായിരുന്നു ഞാന്‍.

"ബ്രദര്‍, എനിക്ക്‌ അല്‍പം കാശു വേണം. ഞാന്‍ നാട്ടില്‍ പോകുന്നു.."

എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത്‌.

"എന്തു പറ്റി ഹൈതം, പെട്ടെന്നിങ്ങനെ?"

"എന്നോടൊന്നും ചോദിക്കരുത്‌, ബ്രദര്‍. ജമാലിന്‍റെ വിവാഹമാണ്‌ നാളെ കഴിഞ്ഞ്‌.."

ഞാന്‍ ശെരിക്കും ഞെട്ടി. പിന്നെ എന്താണു ഞാന്‍ അയാളോടു പറഞ്ഞതെന്നൊന്നും ഓര്‍മ്മയില്ല. പഴ്സുതുറന്ന്‌ ഉള്ളതെല്ലാം ഞാന്‍ അയാളുടെ കയ്യില്‍ കൊടുത്തു. പതിവില്ലാത്തപോലെ എന്നെ അമര്‍ത്തി ആലിംഗനം ചെയ്തിട്ട്‌ അയാളിറങ്ങിപ്പോയി.

ഭീതിദമായ ഒരു ആഴ്ചാവസാനമായിരുന്നു അത്‌.

കുറേകാലത്തിനു ശേഷമായിരുന്നു ഞാനങ്ങനെ ഒറ്റയ്ക്കിരിക്കുന്നത്‌. ഏകാന്തത എന്നെ വിറളി പിടിപ്പിച്ചു. അയാളെ നാട്ടില്‍ വിളിക്കാന്‍ ഒരു ഫോണ്‍നമ്പര്‍ ചോദിക്കാതിരുന്നതിന്‌ ഞാന്‍ എന്നെത്തന്നെ ശപിച്ചു. അയാളെന്തെങ്കിലും കടുംകൈ ചെയ്തേക്കുമെന്ന്‌ ഞാന്‍ ഭയപ്പെട്ടു. അതിലുമുപരി, ജമാല്‍, അവളുടെ സ്ഥിതിയെന്താവും? ആ പാവത്തിനെന്തു ചെയ്യാന്‍ കഴിയും? കുനുകുനെയുള്ള അക്ഷരങ്ങളില്‍ അവസാനത്തെ പ്രണയകവിതയുമെഴുതി വച്ചിട്ട്‌ അവള്‍ അല്ലാഹുവിനടുത്തേയ്ക്കു പോകുമോ?

ഒട്ടേറെ മദ്യം ഞാന്‍ കുടിച്ചു വറ്റിച്ചു. സിഗററ്റുകള്‍ അന്തമില്ലാതെ ഒന്നിനുപുറകെ ഒന്നായി പുകച്ചു തള്ളി. എന്നും വൈകിട്ട്‌ അയാളുടെ താമസസ്ഥലത്ത്‌ പോയി നോക്കി. ഒരാഴ്ചയോളം അയാളെക്കുറിച്ച്‌ ഒരു വിവരവുമുണ്ടായില്ല. എന്‍റെ മനസ്സ്‌ കാടുകയറി പലതും ചിന്തിച്ചു കൂട്ടി.

ഒടുവില്‍ അതിനടുത്ത ശനിയാഴ്ച വൈകിട്ട്‌ പതിവുപോലെ തന്‍റെ തുണിസഞ്ചിയും തൂക്കി അയാള്‍ വന്നു കയറി. വിശേഷിച്ചൊന്നും സംഭവിക്കാത്തതു പോലെ.

അയാളുടെ കൈത്തണ്ടയില്‍ അമര്‍ത്തിപ്പിടിച്ച്‌ ഞാന്‍ വീര്‍പ്പുമുട്ടലിന്‍റെ കെട്ടുപൊട്ടിച്ചു.

"ജമാല്‍..?"

അയാള്‌ ചിരിച്ചു. ഉള്ളുപൊള്ളയായ ചിരി. പതുക്കെ കനൂന്‍ പുറത്തെടുത്തു. അതില്‍ അലസമായി വിരലോടിച്ചു.

"അവള്‍ പോയി ബ്രദര്‍. ഭര്‍ത്താവിന്‍റെ കൂടെ.." അയാളും കനൂനും ഒരുമിച്ചു ചിരിച്ചു.

സുഹൃത്തേ, നിങ്ങള്‍ക്കു മനസ്സിലാവുമല്ലോ, എനിക്കു ചിരിക്കാന്‍ കഴിഞ്ഞില്ല. ഇയാള്‍ക്കെങ്ങനെ ഇത്ര നിസ്സാരമായി അതു പറയാന്‍ കഴിയുന്നു എന്നു ഞാന്‍ അല്‍ഭുതപ്പെട്ടു.

ദാഹിച്ചുവലഞ്ഞ ഒരുത്തനെപ്പോലെ ഞാന്‍ നിറഞ്ഞിരുന്ന ബ്രാന്‍ഡി ഗ്ലാസ്സെടുത്ത്‌ വായിലേയ്ക്കു കമഴ്ത്തി.

"ബ്രദര്‍, ജമാലിനൊരു സഹോദരിയുണ്ട്‌. നജിയ. ജമാലിനേക്കാള്‍ സുന്ദരി.. " കനൂന്‍ അലകളുയര്‍ത്താന്‍ തുടങ്ങി.. അയാളുടെ കണ്ണില്‍ തിളക്കം.

സുഹൃത്തേ, സത്യം പറയാമല്ലോ. ഞാനവിടെനിന്ന്‌ ഓടിയാണ്‌ പുറത്തിറങ്ങിയത്‌. ഒരു നിമിഷം കൂടി നിന്നിരുന്നെങ്കില്‍ എന്‍റെ ശാരീരിക ദൌര്‍ബല്യങ്ങള്‍ മറന്ന്‌ ഞാനയാളുടെ മേല്‍ ചാടി വീണേനെ. ജമാലിനെ നിസ്സാരമായി മറന്നുകളഞ്ഞിട്ട്‌ കനൂനില്‍ അയാള്‍ ജാലവിദ്യ കാണിക്കുന്നത്‌ കാണാന്‍ എനിക്കാവില്ല. അവിടെയിരുന്നാല്‍, കെട്ടിമുറുക്കിയ കനൂനിന്‍റെ തന്ത്രികള്‍ തടകെട്ടിവെച്ചിരിക്കുന്ന സംഗീതത്തെക്കൂടി ഞാന്‍ വെറുത്തു പോകുമായിരുന്നു.

ഇനി നിങ്ങള്‍ പറയൂ, സുഹൃത്തേ, മുരടന്മാരല്ലേ തുര്‍ക്കികള്‍?

2009, ജനുവരി 4, ഞായറാഴ്‌ച

അമ്മിഞ്ഞ

വളരെ വൈകിയാണ്‌
'മുലകള്‍' എന്ന അത്യാധുനിക കവിത
വായിച്ചു തുടങ്ങിയത്‌.

മാന്ത്രികകഥയിലെ
എണ്ണമറ്റ കെട്ടുപിണഞ്ഞ വഴികള്‍ തുടങ്ങുന്ന
ഗുഹാമുഖത്തെത്തിയ നായകനെപ്പോലെ
വായന വഴിതെറ്റി ഒട്ടലഞ്ഞു

ഉറക്കത്തില്‍ നിന്നു ഉണര്‍വ്വിലേയ്ക്കും
തിരക്കില്‍ നിന്നു തിരക്കിലേയ്ക്കും
ഓടുന്ന ഒരു ബസ്സിലെ
ഇരിപ്പിടത്തിനു സംവരണം കിട്ടാതെ
കമ്പിയില്‍ തൂങ്ങിക്കിടന്ന
ഒരു നൂറു വിയര്‍പ്പുമണങ്ങള്‍ക്കിടയിലൂടെ
കാമപൂര്‍ത്തിയുടെ മധ്യാഹ്നം കഴിഞ്ഞ ഒരു കയ്യ്‌
നീണ്ടുചെന്ന്‌ ബലാല്‍സംഗം ചെയ്യുന്നതായിരുന്നു
ക്ളൈമാക്സ്‌.

തിരിച്ചുവന്ന കയ്യില്‍
വെളുത്ത്‌ ഒട്ടുന്ന എന്തോ.
സാക്ഷിമൊഴിയെടുത്തപ്പോള്‍
രേതസ്സിന്‍റെ മണം പ്രതീക്ഷിച്ച
മൂക്ക്‌ കൊഞ്ചിപ്പറഞ്ഞത്‌
'അമ്മിഞ്ഞ' എന്നായിരുന്നു.