സുഹൃത്തേ, മഹാ മുരടന്‍മാരാണ് തുര്‍ക്കികളെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം.
ഈ അഭിപ്രായത്തിനു കനം വെച്ചത് ഹൈതത്തിനെ പരിചയപ്പെട്ടതിനു ശേഷമാണെന്നതും ഒരു സത്യമാണ്. നൂറോളം ആളുകളുള്ള ഈ ആപ്പീസില്‍ ആകെ ഹൈതം മാത്രമേ തുര്‍ക്കിക്കാരനായിട്ടുള്ളൂ. അയാളുടെ ആറര അടിപൊക്കവും വൈക്കോല്‍തുറു പോലുള്ള ശരീരവും കാതുമുഴക്കുന്ന ശബ്ദവും അമ്മമാര്‍ പിള്ളേര്‍ക്കു മാമുകൊടുക്കുമ്പോള്‍ പേടിപ്പിക്കാന്‍ ഉപയോഗിക്കുന്നുണ്ടാവും, തീര്‍ച്ച.
ആ വലിയ മനുഷ്യരൂപം ഒരു കുഞ്ഞു കസേരയില്‍ ഇരുന്ന് തന്‍റെ കൈവെള്ളയില്‍ കൊള്ളുന്നത്രയും പോന്നൊരു കുഞ്ഞു ടൈപ്പ്‌റൈറ്ററില്‍ കൊട്ടിക്കൊണ്ടിരിക്കുന്നതും, പേര്‍ഷ്യക്കാരനായ കുള്ളന്‍ ബോസിന്‍റെ മുന്നില്‍ ഒരു സ്കൂള്‍കുട്ടിയെപ്പോലെ തലചൊറിഞ്ഞു നില്‍കുന്നതും വളരെ അരോചകമായിത്തോന്നിയിരുന്നു, തുടക്കത്തില്‍.
ഉച്ചഭക്ഷണ സമയത്ത് കഴിവതും ഞാനയാളെ ഒഴിവാക്കി ഒരു മൂലയില്‍ ഒതുങ്ങിക്കൂടാന്‍ ശ്രമിക്കുമായിരുന്നു. പക്ഷേ അയാളാകട്ടെ, എന്നെ എപ്പോഴും വന്നു ശല്യം ചെയ്തുകൊണ്ടുമിരുന്നു. ഇന്ത്യാക്കാരെ അയാള്‍ക്കു വലിയ കാര്യമാണത്രെ. അമിതാഭ് ബച്ചനെ കുറിച്ചും നര്‍ഗീസിനെക്കുറിച്ചുമായിരുന്നു പ്രധാനമായും പറയാനുണ്ടാവുക. നര്‍ഗ്ഗീസിന്‍റെ സൌന്ദര്യത്തെക്കുറിച്ച് എത്രയോ നീണ്ട പ്രഭാഷണങ്ങള്‍ ഉച്ചഭക്ഷണത്തോടൊപ്പം ഞാന്‍ ചവച്ചിറക്കി.
അയാള്‍ എപ്പോഴും 'ബ്രദര്‍' എന്നാണ് എന്നെ സംബോധന ചെയ്തുകൊണ്ടിരുന്നത്. കണ്ടുമുട്ടുമ്പോഴൊക്കെ അയാളുടെ നെടുങ്കന്‍ കൈകള്‍ കൊണ്ടുള്ള ആലിംഗനങ്ങളും സഹിക്കേണ്ടി വന്നു. പോരാത്തതിന് ഉച്ചഭക്ഷണ സമയത്ത് ഭക്ഷണം പങ്കു വയ്ക്കണമെന്നു അയാള്‍ക്കു വളരെ നിര്‍ബന്ധമായിരുന്നു. തൊലിയോടുകൂടി പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങും തൊലിയോടെത്തന്നെ പാകം ചെയ്ത കോഴിക്കറിയും പലപ്പോഴും ബാത്ത്‌റൂമില്‍ കയറി ഛര്‍ദ്ദിച്ചു കളഞ്ഞു.
പഴയൊരു കെട്ടിടത്തിലെ രണ്ടാം നിലയിലെ ഒരു ഒറ്റമുറി ആയിരുന്നു എന്‍റെ താവളം. വാടക കുറവായിരുന്നതുകൊണ്ടും ഒറ്റയ്ക്കായിരുന്നതുകൊണ്ടും ഞാന്‍ ആ മുറിയിലെ സൌകര്യമില്ലായ്മയോടു വളരെ സമരസപ്പെട്ടു കഴിഞ്ഞിരുന്നു. രണ്ടാള്‍ക്കു കഷ്ടിച്ചിരിക്കാവുന്ന ഒരു ചെറിയ ബാല്‍ക്കണിയായിരുന്നു താവളത്തിലെ ഒരേ ഒരു ലക്ഷുറി.
ഞാന്‍ അധികം പുറത്തിറങ്ങുന്ന സ്വഭാവക്കാരനല്ല. കുറച്ചധികം സംഗീത കാസറ്റുകളും ഒരു പായ്ക്കറ്റു സിഗരെറ്റും അല്പം ലഹരിയുമുണ്ടെങ്കില്‍ എന്‍റെ ചെറിയ ബാല്‍ക്കണിയില്‍ ഒരു ഫൈബര്‍ ചെയറുമിട്ട് ഇരുട്ടുന്നതുവരെ ഇങ്ങനെ ഇരിക്കാന്‍ ഒരു മടിയുമില്ലെനിക്ക്. ആഴ്ചാവസാനങ്ങളില്‍ അതായിരുന്നു മിക്കവാറും ഞാന്‍ ചെയ്തുകൊണ്ടിരുന്നതും.
അതുപോലൊരു ശനിയാഴ്ച വൈകുന്നേരമാണ് ഒരു മുന്നറിയിപ്പുമില്ലാതെ അയാള്‍ എന്‍റെ താമസസ്ഥലത്തേയ്ക്കു കയറി വന്നത്. തോളിലൊരു തുണി സഞ്ചിയുമുണ്ടായിരുന്നു. പതിവില്ലാതെ ബസ്സ് അടുത്തുള്ള കവലയില്‍ നിര്‍ത്തുന്നതും അതില്‍ നിന്നൊരു ആജാനബാഹു ഇറങ്ങുന്നതും ബാല്‍ക്കണിയില്‍ ഇരുന്ന് ഞാന്‍ കാണുന്നുണ്ടായിരുന്നു. ചെവിയില്‍ ചൌരാസ്യയുടെ പുല്ലാങ്കുഴലും അകത്ത് ബ്രാന്‍ഡിയും ചുണ്ടത്ത് എരിയുന്ന സിഗരെറ്റും ഉണ്ടായിരുന്നതുകൊണ്ട് ബാഹ്യലോകത്തെ ഒരു സിനിമ കാണുന്ന ലാഘവത്തോടെ ആയിരിക്കണം ഞാന്‍ കണ്ടു കൊണ്ടിരുന്നത്. അല്ലെങ്കില്‍ അയാളുടെ രൂപത്തെ ഒറ്റനോട്ടത്തില്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞേനെ.
കവലയില്‍ ആരോടൊക്കെയോ വഴിചോദിച്ച് ഒടുക്കം ഞാനിരിക്കുന്ന ബാല്‍ക്കണിക്കുനേരെ ഒരാള്‍ ചൂണ്ടിക്കാണിക്കുന്നതും ഹൈതം എന്‍റെ നേരെ നോക്കി കൈവീശുന്നതും കണ്ടാണ് ബോധത്തിലേയ്ക്ക് തിരിച്ചു വന്നത്.
അയാള്‍ ആ നേരത്ത് എന്നെ അന്വേഷിച്ച് എന്തിനു വരുന്നു എന്നു അല്‍ഭുതപ്പെട്ടുതിരും മുന്പേ വാതിലില്‍ കൊട്ടു കേട്ടു. വാതില്‍ തുറന്നു തീരുന്നതിനുമുന്നേ എന്നെ തിക്കി മാറ്റി അയാളകത്തു കയറുകയും ചെയ്തു. എന്‍റെ വിലപ്പെട്ട സ്വകാര്യതയിലേയ്ക്കുള്ള ആ കടന്നു കയറ്റം എന്നെ അരിശപ്പെടുത്തി എന്നതു സത്യമാണ്.
പക്ഷേ എതിര്‍ത്തെന്തെങ്കിലും പറഞ്ഞ് സ്വന്തം സഹപ്രവര്‍ത്തകനുമായി ഒരു നീരസത്തിന് എനിക്കു താല്‍പ്പര്യമുണ്ടായിരുന്നില്ല. ഞാനയാളെ ഇരിക്കാന്‍ ക്ഷണിച്ചു.
"എന്തൊക്കെയാണു നടക്കുന്നത് ബ്രദര്‍! അല്ലാഹുവിന്‍റെ കാരുണ്യത്താല്‍ നിങ്ങള്‍ക്കു സുഖം തന്നെയെന്നു കരുതുന്നു."
"സുഖം തന്നെ ഹൈതം. എന്താണിവിടെ ഈ സമയത്ത്?" ഞാന്‍ പെട്ടെന്നു കാര്യത്തിലേയ്ക്കു എടുത്തു ചാടാമെന്നു കരുതി.
"അതെന്തു ചോദ്യമാണ് ബ്രദര്‍! എനിക്കെപ്പോഴും നിങ്ങളെ കാണാന്‍ വന്നുകൂടെ?"
"തീര്‍ച്ചയായും.." സങ്കോചം ലേശവുമില്ലാതെ ഞാന്‍ നുണ പറഞ്ഞു.
"ബ്രദര്‍, നിങ്ങളൊരു സംഗീതാസ്വാദകനാണെന്ന് ജാഫര്‍ പറഞ്ഞു. എനിക്കും സംഗീതം ജീവനാണെന്ന് നിങ്ങള്‍ക്കറിയാമോ?"
ഓഫീസിലെ മറ്റൊരു ക്ളാര്‍ക്കായിരുനു ജാഫര്‍. പാകിസ്താനി. ഉറുദു സംഗീതത്തിന്‍റെ വലിയൊരു കളക്ഷനുണ്ടയാള്‍ക്ക്. അതുകൊണ്ടു തന്നെ കഴിയുമ്പോഴൊക്കെ അയാളോട് അടുത്തുകൂടാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. കുറേ അധികം കാസറ്റുകള്‍ അയാളെനിക്കു കോപ്പി ചെയ്തു തരികയും ചെയ്തിരുന്നു.
ഹൈതം തന്‍റെ കയ്യിലിരുന്ന തുണിസഞ്ചി പതെക്കെ തുറന്ന് ഒരു സംഗീതോപകരണം പുറത്തെടുത്തു. കനുന്‍ എന്ന പരമ്പരാഗത ടര്‍ക്കിഷ് സംഗീതോപകരണമായിരുന്നു അത്. ഒരു കുഞ്ഞിനെ എടുക്കുന്നതു പോലെ വളരെ ശ്രദ്ധിച്ചായിരുന്നു അയാളതിനെ കൈകാര്യം ചെയ്തത്.
എവിടെയൊക്കെയോ വലിക്കുകയും മുറുക്കുകയും ചെയ്ത ശേഷം അയാള്‍ അതില്‍ ചില ശബ്ദങ്ങളുണ്ടാക്കി കേള്‍പ്പിച്ചു. ശിവ്കുമാര്‍ ശര്‍മ്മയുടെ സന്തൂര്‍ കേള്‍ക്കുന്നതുപോലൊരു അനുഭവമായിരുന്നു അത്. പതുക്കെ അയാളതില്‍ മാന്ത്രികവിദ്യകള്‍ കാണിക്കാന്‍ തുടങ്ങി.
വലിച്ചുകെട്ടിയ കമ്പികളില്‍ നിന്ന് സംഗീതം ഉരുകിയൊഴുകി. സത്യം പറയാമല്ലോ സുഹൃത്തേ, ഞാന്‍ വെണ്ണപോലെ അതില്‍ അലിഞ്ഞു പോയി. അതൊരു സംഗീതമയമായ രാത്രിയായിരുന്നു. ഞാനുമില്ല, അയാളുമില്ല. സംഗീതലഹരിയും ബ്രാന്‍ഡിയുടെ ലഹരിയും മാത്രം.
രാത്രിയെപ്പോഴോ ബോധം വീണപ്പോള്‍ ഞാന്‍ എന്‍റെ സെറ്റിയില്‍ കിടക്കുകയായിരുന്നു. അയാള്‍ ഇരുന്ന സ്ഥലത്തുതന്നെ, കനൂനിനെ ചുംബിച്ചുകൊണ്ട് കുനിഞ്ഞിരിക്കുന്നു. ബ്രാന്‍ഡിക്കുപ്പി കാലിയായിരുന്നു. ഒരേ ഒരു ഗ്ളാസില്‍ നിന്നായിരുന്നു ഞങ്ങള്‍ രണ്ടുപേരും മദ്യപിച്ചുകൊണ്ടിരുന്നത്. എനിക്കൊട്ടും അറപ്പു തോന്നിയുമില്ല.
പിന്നെ ഒട്ടനവധി ശനിയാഴ്ച രാത്രികള്‍ സംഗീതമൊഴുക്കി. ഞാനയാളുടെ ഒരാരാധകനായിത്തീര്‍ന്നെന്നു പറഞ്ഞാല്‍ മതിയല്ലോ. അത്ര വശ്യമായിരുന്നു അയാളുടെ സംഗീതം. പിന്നെപ്പിന്നെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. കുടുംബത്തെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമൊക്കെ അയാളെന്നോടു ചോദിച്ചു. അയാളുടെ കുടുംബത്തെകുറിച്ചു മാത്രം ഒന്നും പറഞ്ഞില്ല. എന്‍റെ നിരന്തരമായ ശല്യം ചെയ്യലിനൊടുവില്‍ വലിയൊരു രഹസ്യം പോലെ അയാളുടെ പ്രണയത്തെക്കുറിച്ച് എന്നോടു പറഞ്ഞു.
അയാളുടെ ചെറിയച്ഛന്‍റെ മകളായിരുന്നു ജമാല്‍.
ചെറിയച്ഛന്‍റെ മകളെ അവരുടെ ഗോത്രത്തില്‍ വിവാഹം കഴിക്കാമത്രെ. പക്ഷേ ചെറിയച്ഛന് ആ ബന്ധത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. അയാള്‍ മാറ്റാരെക്കൊണ്ടോ അവളെ വിവാഹം കഴിപ്പിക്കണമെന്ന് തീരുമാനിച്ചിരുന്നു.
ജമാലിനെ തനിക്കു നഷ്ടപ്പെടുമെന്ന് ഹൈതം എപ്പോഴും ഭയന്നു. അവളുടെ കുനുകുനെ എഴുതിയ എഴുത്തുകള്‍ തന്‍റെ നീണ്ട കുപ്പായത്തിന്‍റെ കീശയില്‍ എപ്പോഴും കൊണ്ടു നടന്നു. ജമാലിന്‍റെ എഴുത്തു വന്നാല്‍ ശനിയാഴ്ചകള്‍ ദുഃഖത്തിന്‍റെ സംഗീതമൊഴുക്കി. ഒരു കൈ കനൂനില്‍ തഴുക്കിക്കൊണ്ടിരിക്കുമ്പോള്‍ അയാള്‍ മറു കൈകൊണ്ട് അവളുടെ എഴുത്തെടുത്തു വായിക്കും. അറബി പോലുള്ള അക്ഷരങ്ങളിലിത്രയും കവിതയുണ്ടോ എന്ന് ഞാന്‍ പലപ്പോഴും അല്‍ഭുതപ്പെടുമായിരുന്നു. ഓരോ വരിയും വായിക്കുന്നതിനനുസരിച്ച് സംഗീതത്തിന്‍റെ ആന്ദോളനം. അതിനനുസരിച്ച് അയാളുടെ മുഖത്തും വിവിധഭാവങ്ങള്‍ കത്തിയെരിയും. കണ്ണീര്‍ കുടുകുടെയൊഴുകും.
ഇയാളെക്കുറിച്ച് എന്തൊക്കെ അബദ്ധങ്ങളാണ് ഞാന്‍ ധരിച്ചു വച്ചിരുന്നതെന്ന് ഞാന്‍ എപ്പോഴും അല്‍ഭുതപ്പെടാന്‍ തുടങ്ങി. ജമാലിനെക്കുറിച്ച് എന്നോടു തുറന്നു പറഞ്ഞതിനു ശേഷം ഞങ്ങളുടെ സംസാരം മിക്കവാറും അവളെക്കുറിച്ചു മാത്രമായിരുന്നു.
ഉച്ചഭക്ഷണത്തിനിടയ്ക്കും വൈകുന്നേരം ബസ്‌സ്റ്റോപ്പിലേയ്ക്കു നടക്കുമ്പോഴും ശനിയാഴ്ചത്തെ സംഗീതസന്ധ്യകളിലും ജമാല്‍ ഒരു അദൃശ്യ സാന്നിധ്യമായിത്തീര്‍ന്നു. ജമാലിന്‍റെ കണ്ണുകള്‍, ജമാലിന്‍റെ മൂക്ക്, അവളുടെ കവിളിലെ മറുക്, ഹൈതം വാങ്ങിക്കൊടുത്ത പിങ്ക് നിറമുള്ള മക്കന, അവളുടെ ചിരി എന്നു വേണ്ട. ഉറക്കത്തില്‍ നിന്നു വിളിച്ചുണര്‍ത്തി അവളെ കാണിച്ചാല്‍ പോലും ഞാന്‍ ഒറ്റനോട്ടത്തില്‍ അവളെ തിരിച്ചറിഞ്ഞേനെ.
വൈകുന്നേരങ്ങളില്‍ പതിവുപോലെ സിഗററ്റും പുകച്ച് ചെവിയില്‍ ഇയര്‍ഫോണുമായി ഞാനിരിക്കുമ്പോള്‍ മിക്കവാറും ഹൈതവും ജമാലുമായിരിക്കും മനസ്സില്‍. അവര്‍ നദീതീരങ്ങളിലൂടെയും പുല്‍ത്തകിടികളിലൂടെയും നടക്കുന്നതും ചിരിക്കുന്നതും ചുംബിക്കുന്നതും ഞാന്‍ കല്പന കണ്ടു. ഇടയ്ക്ക് അവരുടെ കളിതമാശകള്‍ മനസ്സില്‍ കണ്ട് ഞാന്‍ ചിരിച്ചുപോകുമായിരുന്നു. പിന്നെപ്പിന്നെ ജമാലിനെ ഞാന്‍ സ്നേഹിച്ചുപോകുമോ എന്ന് എനിക്കുതന്നെ ഭയമായിത്തുടങ്ങി. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അവളെ അത്രയേറെ പരിചയമായിത്തീര്‍ന്നിരുന്നു എനിക്ക്.
ഹൈതത്തിനെയും ജമാലിനെയും ഞാന്‍ എന്‍റെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. സര്‍വ്വേശ്വരനോട് ഞാന്‍ അവര്‍ക്കുവേണ്ടി നിത്യവും യാചിച്ചു.
ഒരു ദിവസം ഹൈതം എന്‍റെ ആപ്പീസുമുറിയിലേയ്ക്ക് പെട്ടെന്നു കയറി വന്നു. കാര്യമായ എന്തോ തിരക്കിലായിരുന്നു ഞാന്‍.
"ബ്രദര്‍, എനിക്ക് അല്‍പം കാശു വേണം. ഞാന്‍ നാട്ടില്‍ പോകുന്നു.."
എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഭാവമായിരുന്നു അയാളുടെ മുഖത്ത്.
"എന്തു പറ്റി ഹൈതം, പെട്ടെന്നിങ്ങനെ?"
"എന്നോടൊന്നും ചോദിക്കരുത്, ബ്രദര്‍. ജമാലിന്‍റെ വിവാഹമാണ് നാളെ കഴിഞ്ഞ്.."
ഞാന്‍ ശെരിക്കും ഞെട്ടി. പിന്നെ എന്താണു ഞാന്‍ അയാളോടു പറഞ്ഞതെന്നൊന്നും ഓര്‍മ്മയില്ല. പഴ്സുതുറന്ന് ഉള്ളതെല്ലാം ഞാന്‍ അയാളുടെ കയ്യില്‍ കൊടുത്തു. പതിവില്ലാത്തപോലെ എന്നെ അമര്‍ത്തി ആലിംഗനം ചെയ്തിട്ട് അയാളിറങ്ങിപ്പോയി.
ഭീതിദമായ ഒരു ആഴ്ചാവസാനമായിരുന്നു അത്.
കുറേകാലത്തിനു ശേഷമായിരുന്നു ഞാനങ്ങനെ ഒറ്റയ്ക്കിരിക്കുന്നത്. ഏകാന്തത എന്നെ വിറളി പിടിപ്പിച്ചു. അയാളെ നാട്ടില്‍ വിളിക്കാന്‍ ഒരു ഫോണ്‍നമ്പര്‍ ചോദിക്കാതിരുന്നതിന് ഞാന്‍ എന്നെത്തന്നെ ശപിച്ചു. അയാളെന്തെങ്കിലും കടുംകൈ ചെയ്തേക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. അതിലുമുപരി, ജമാല്‍, അവളുടെ സ്ഥിതിയെന്താവും? ആ പാവത്തിനെന്തു ചെയ്യാന്‍ കഴിയും? കുനുകുനെയുള്ള അക്ഷരങ്ങളില്‍ അവസാനത്തെ പ്രണയകവിതയുമെഴുതി വച്ചിട്ട് അവള്‍ അല്ലാഹുവിനടുത്തേയ്ക്കു പോകുമോ?
ഒട്ടേറെ മദ്യം ഞാന്‍ കുടിച്ചു വറ്റിച്ചു. സിഗററ്റുകള്‍ അന്തമില്ലാതെ ഒന്നിനുപുറകെ ഒന്നായി പുകച്ചു തള്ളി. എന്നും വൈകിട്ട് അയാളുടെ താമസസ്ഥലത്ത് പോയി നോക്കി. ഒരാഴ്ചയോളം അയാളെക്കുറിച്ച് ഒരു വിവരവുമുണ്ടായില്ല. എന്‍റെ മനസ്സ് കാടുകയറി പലതും ചിന്തിച്ചു കൂട്ടി.
ഒടുവില്‍ അതിനടുത്ത ശനിയാഴ്ച വൈകിട്ട് പതിവുപോലെ തന്‍റെ തുണിസഞ്ചിയും തൂക്കി അയാള്‍ വന്നു കയറി. വിശേഷിച്ചൊന്നും സംഭവിക്കാത്തതു പോലെ.
അയാളുടെ കൈത്തണ്ടയില്‍ അമര്‍ത്തിപ്പിടിച്ച് ഞാന്‍ വീര്‍പ്പുമുട്ടലിന്‍റെ കെട്ടുപൊട്ടിച്ചു.
"ജമാല്‍..?"
അയാള് ചിരിച്ചു. ഉള്ളുപൊള്ളയായ ചിരി. പതുക്കെ കനൂന്‍ പുറത്തെടുത്തു. അതില്‍ അലസമായി വിരലോടിച്ചു.
"അവള്‍ പോയി ബ്രദര്‍. ഭര്‍ത്താവിന്‍റെ കൂടെ.." അയാളും കനൂനും ഒരുമിച്ചു ചിരിച്ചു.
സുഹൃത്തേ, നിങ്ങള്‍ക്കു മനസ്സിലാവുമല്ലോ, എനിക്കു ചിരിക്കാന്‍ കഴിഞ്ഞില്ല. ഇയാള്‍ക്കെങ്ങനെ ഇത്ര നിസ്സാരമായി അതു പറയാന്‍ കഴിയുന്നു എന്നു ഞാന്‍ അല്‍ഭുതപ്പെട്ടു.
ദാഹിച്ചുവലഞ്ഞ ഒരുത്തനെപ്പോലെ ഞാന്‍ നിറഞ്ഞിരുന്ന ബ്രാന്‍ഡി ഗ്ലാസ്സെടുത്ത് വായിലേയ്ക്കു കമഴ്ത്തി.
"ബ്രദര്‍, ജമാലിനൊരു സഹോദരിയുണ്ട്. നജിയ. ജമാലിനേക്കാള്‍ സുന്ദരി.. " കനൂന്‍ അലകളുയര്‍ത്താന്‍ തുടങ്ങി.. അയാളുടെ കണ്ണില്‍ തിളക്കം.
സുഹൃത്തേ, സത്യം പറയാമല്ലോ. ഞാനവിടെനിന്ന് ഓടിയാണ് പുറത്തിറങ്ങിയത്. ഒരു നിമിഷം കൂടി നിന്നിരുന്നെങ്കില്‍ എന്‍റെ ശാരീരിക ദൌര്‍ബല്യങ്ങള്‍ മറന്ന് ഞാനയാളുടെ മേല്‍ ചാടി വീണേനെ. ജമാലിനെ നിസ്സാരമായി മറന്നുകളഞ്ഞിട്ട് കനൂനില്‍ അയാള്‍ ജാലവിദ്യ കാണിക്കുന്നത് കാണാന്‍ എനിക്കാവില്ല. അവിടെയിരുന്നാല്‍, കെട്ടിമുറുക്കിയ കനൂനിന്‍റെ തന്ത്രികള്‍ തടകെട്ടിവെച്ചിരിക്കുന്ന സംഗീതത്തെക്കൂടി ഞാന്‍ വെറുത്തു പോകുമായിരുന്നു.
ഇനി നിങ്ങള്‍ പറയൂ, സുഹൃത്തേ, മുരടന്മാരല്ലേ തുര്‍ക്കികള്‍?
2009, ജനുവരി 6, ചൊവ്വാഴ്ച
കനൂന്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
43 പ്രതികരണങ്ങള്‍:
ജാമ്യം: ഞാന്‍ തുര്‍ക്കിയില്‍ പോയിട്ടില്ല, എനിക്കൊരു തുര്‍ക്കിക്കാരനേം ഒട്ടറിയുകേമില്ല!
അമ്മിഞ്ഞ എന്ന കവിത വായിച്ചിട്ട് മിണ്ടാതെ പോയതാണ് .കാരണം എനിക്ക് പ്രായപൂര്‍ത്തി ആകാത്തതു കൊണ്ട് ഈ വക വിഷയങ്ങളില്‍ ഞാന്‍ ശ്രദ്ധിക്കാറില്ല .
ഇപ്പോള്‍ നോക്കിയപ്പോള്‍ തുര്‍ക്കികളെ പറ്റി മോശമായി പറഞ്ഞിരിക്കുന്നു .തുര്‍ക്കികള്‍ മുരടര്‍ ആണത്രേ .
കൊള്ളാം .നല്ല ചിന്ത .
അതിനു താന്‍ എത്ര തുര്‍ക്കികളെ കണ്ടിട്ടുണ്ട് .ഇത്രയും സ്നേഹിക്കാന്‍ കഴിയുന്ന ഒരു വിഭാഗം വേറെ ഇല്ല .തനിക്ക് അതറിയുമോ.
അതുകൊണ്ടല്ലേ ജമാല്‍ ഇല്ലെങ്കിലും അവളുടെ അനിയത്തിക്ക് ഒരു ജീവിതം കൊടുക്കാന്‍ അയാള്‍ തയ്യാറായത് ?
പാമാര, പുതുവര്‍ഷം എന്നെകൊണ്ടേ പോകൂ എന്ന് തോന്നുന്നു .ഇതുവരെ ഞാന്‍ പച്ച തൊട്ടില്ല .വെള്ളമടിച്ചിട്ട് പറയുകയല്ല ,വിഷമം ഉണ്ടടോ വിഷമം .ആരോഗ്യമുള്ള മനസിലെ നല്ല കഥകളും കവിതകളും വിരിയൂ .
സാമ്പത്തിക മാന്ദ്യം എന്‍റെ ശരീരത്തെയും മനസിനെയും പിടികൂടിയിരിക്കുന്നു .നേരാം വണ്ണം ഒരു കമെന്റ് പോലും എന്നെ കൊണ്ട് എഴുതാന്‍ ഇപ്പോള്‍ പറ്റുന്നില്ല .
കാനഡയില്‍ എങ്ങനെ മാന്ദ്യം ഉണ്ടോ ?
വീണ കമ്പിയിലെ വരിഞ്ഞു മുറുക്കിയ കമ്പികള്‍ പോലെ അവസാനം വരെ വായനക്കാരെ മുറുക്കി വെയ്യ്ക്കുന്ന ഈ കഴിവ് പാമരന് മാത്രം സ്വന്തം .
ആയുഷ്മാന്‍ ഭവഃ .
കഥ വളരെ ഇഷ്ടപ്പെട്ടു, നേര്‍രേഖയിലെന്ന വണ്ണം ഒഴുകി വരുന്നു. ശൈലി പുതിയതല്ലെങ്കിലും വളരെ നന്നായിരിക്കുന്നു.
ചെവിയില്‍ ചൌരാസ്യയുടെ പുല്ലാങ്കുഴല്‍ ഉണ്ടായിരുന്നാല്‍ ഒരു സിനിമ കാണുന്ന ലാഘവത്തോടെ ഈ ലോകത്തെ തന്നെ
കണ്ടിരിക്കാം അല്ലെ ?
, കനൂന്‍ , .. വായിച്ചു ...
മദ്യലഹരിയും സംഗീതലഹരിയും ഒരു പോലെ പകരുന്നു കഥയില്‍...പറഞ്ഞറിയിക്കാന്‍ അറിയില്ല വായിച്ചു കഴിഞ്ഞപ്പോള് തോന്നിയത് .
എന്തിനേയും പോസിറ്റീവ് ആയി കാണുന്ന തുര്‍ക്കി
“ഓരോ വരിയും വായിക്കുന്നതിനനുസരിച്ച് സംഗീതത്തിന്‍റെ ആന്ദോളനം. ”
അതാണ് , കനൂന്‍ ......
കൗതുകവും ജിജ്ഞാസയും ഉല്‍ക്കണ്ഠയും ഒക്കെ കൂട്ടിക്കലര്‍ത്തി ഇഞ്ചക്ഷന്‍ തന്നിട്ട്... ഇതൊന്നും എനിയ്ക്കറിഞ്ഞിട്ടു ചെയ്തതല്ലാ..ന്നൊരു പറച്ചില്‍. ല്ലേ... ഉം.
ജീവിതത്തിന്റെ വഴികള്‍ തികച്ചും വ്യത്യസ്തമാണ് ഓരോ കണ്ണുകള്‍ക്കും മുന്നില്‍. ഒറ്റ ശ്വാസത്തില്‍ അത്തരമൊരു വഴിയിലൂടെ ഓടിപ്പോകുന്ന കഥ.
വളരെ നല്ല കഥ.:-)
കഥയിഷ്ടമായി മാഷേ.
"തുര്‍ക്കികള്‍ക്കു നവാനുരാഗങ്ങള്‍........................." :)
ഇതാണ്..ഇതാണ് വേണ്ടത്..
സംഗീതത്തിലെ ശുദ്ധപ്രണയ തന്ത്രികള്‍ മാത്രം ഇഷ്ടപ്പെടുന്ന ഏതൊരു കുടിയനും വെറുത്തുപോകും..ഈ കനൂനിനെയും സകല തുര്‍ക്കികളേയും..!
പാമരാ,
കാഴ്ചകള്‍ ഒട്ടും വീണുപോകാതെ കണ്ണിലെത്തിക്കാന്‍ ഇങ്ങള്‍ക്കെങ്ങനെ കഴിയുന്നു ചങ്ങാതീ..
-അസൂയ..മുഴുത്ത അസൂയ മാത്രം ബാക്കിയാകുന്നു.
എഴുത്ത് നന്നായിട്ടുണ്ട്.
(ജമാല്‍ മുരടന്‍ എന്നത് വരെയെ ഞാന്‍ സമ്മതിക്കൂ.)
ഒരു പീറ തുര്‍ക്കിക്കാരനെ പരിചയപ്പെട്ടെന്നു കരുതി എല്ലാ തുര്‍ക്കികളും അലവലാതികളാണെന്ന കണ്ടെത്തല്‍ ശരിയാണോ?:)
നല്ലവനായ ഒരു പാമരനെ പരിചയപ്പെട്ടെന്ന് കരുതി ഇന്‍ഡ്യക്കാരെല്ലാം നല്ലവരെന്ന് ആ തുര്‍ക്കി കരുതുമോ?:)
പാമൂ....നല്ല എഴുത്ത്....ആശംസകള്‍
ഇജൊരു യുവതുര്‍ക്കി തന്യാ....സംശല്യാട്ടോ...:)
ഹെന്ത് പറയാന്‍....
പാമുവിന് പകരം പാമു മാത്രം എന്നു പറഞ്ഞു
തിരിച്ചു പോകുന്നു.....
രസകരമായ എഴൂത്ത് മാഷേ.. ആ രംഗങ്ങളൊക്കെ ശരിയ്ക്കും അനുഭവിച്ച പോലെ.
‘കനൂൻ‘. അങ്ങനെയും ഒന്നുണ്ട് അല്ലേ?
കുറച്ചധികം സംഗീത കാസറ്റുകളും ഒരു പായ്ക്കറ്റു സിഗരെറ്റും അല്പം ലഹരിയുമുണ്ടെങ്കില്‍....
ഹാ... ശരി തന്നെ..
pamji .....great
തുര്‍ക്കിയില്‍ പോയിട്ടില്ലങ്കിലെന്ത്?
ഞങ്ങളെയൊക്കെ കുറച്ചു നേരത്തേയ്ക്ക് കൊണ്ടുപോയില്ലേ?
നന്നായി.
എഴുത്ത് അതി ഗംഭീരം..
ഇഷ്ടപ്പെട്ടു..
"അമ്മിഞ്ഞ" ഞാനും വായിച്ചിരുന്നു..എനിക്കും,ഈ പ്രായ പൂര്‍ത്തി ആവാതതുകൊണ്ട് ശരിക്കും മനസ്സിലായില്ല.
4gt 2 say that.."kunoon" is a new word 4 me..
സ്നേഹിച്ചപ്പോള്‍ ഉല്‍ക്കടമായി സ്നേഹിച്ചു. പിന്നെ കിട്ടുകില്ലെന്ന് അറിഞ്ഞപ്പോള്‍ നിസ്സാരമായി തള്ളിക്കളഞ്ഞു..
മനസ്സിന്റെ സ്വസ്ഥതയ്ക്ക് ചിലപ്പോള്‍ ഈ ഒരു ആറ്റിറ്റ്യൂട് ആകും നല്ലത്....ആവോ..
ആ ജാമ്യമെടുത്ത് ആ കഥയുടെ മൂഡ് കളഞ്ഞു..
ഭാവനയാണെങ്കിലും സത്യമാണെങ്കിലും കൊള്ളാം. അയാളുടേ തീവ്രപ്രണയം ഒക്കെ വായനക്കാരേയും അനുഭവിപ്പിക്കും. നല്ല കഥ പാംസ്.
തുർക്കിയിൽ പോയിട്ടില്ലാ ന്നു പറഞ്ഞതും തുർക്കിക്കാരെയും പ്രത്യേകിച്ച് ഹൈതം നെ അറിയില്ലാ ന്നു പറഞ്ഞതും വിശ്വസിച്ചു !! അറിയാത്ത ഒരാളെ കുറിച്ച് ഇത്ര മനോഹരമായി ഒരു കഥ എഴുതുന്നതെങ്ങനെ ? എനിക്ക് തോന്നുന്നത് നമുക്ക് ഉണ്ടാവുന്ന ഏതേങ്കിലും അനുഭവങ്ങളിൽ നിന്നാണു നല്ല ഒരു കഥ പിറക്കുന്നത് എന്നാണു.പറഞ്ഞ് കേട്ട അനുഭവങ്ങളും ആകാം.എന്നത്തേയും പോലെ തന്നെ വളരെ നല്ല ഒരു കഥ.ഹൈതമും ജമാലും മനസ്സിൽ തങ്ങി നിൽക്കുന്നു!
ഓടി പുറത്തിറങ്ങുന്നതിനു് മുന്‍പു് ജമാലില്‍ നിന്നും നജിയയിലേക്കുള്ള ദൂരം എത്ര കുപ്പി ബ്രാണ്ടിയായിരുന്നു എന്നു് ചോദിക്കാമായിരുന്നില്ലേ?
ബ്രാണ്ടി അറപ്പിന്റെ മാത്രമല്ല, വൈകാരികതലങ്ങളിലെ മറ്റു് പല ആന്തരനിരോധങ്ങളുടെയും ലെവല്‍ താഴ്ത്തും! :)
“മുരടന്‍” ആവാന്‍ തുര്‍ക്കി ആവണമെന്നില്ല എന്നാണെന്റെ അനുഭവം. ഏതായാലും കഥ നന്നായി.
കഥ രസിച്ചു. അപ്പോ സത്യത്തില്‍ തുര്‍ക്കിക്കാര്‍ മുരടന്മാരല്ല അല്ലേ?
(ഓഫ്: ആ ജാമ്യമൊഴിവാക്കി കഥയെന്ന ലേബല്‍ മാത്രം മതിയായിരുന്നില്ലേ എന്ന് തോന്നി)
കഥ വായിച്ചാല്‍ മനസിലാകുക തുര്‍ക്കികള്‍ മുരടന്‍മാരല്ല, മറിച്ച് പ്രായോഗിക മനുഷ്യരും പ്രതികാരത്തില്‍ വിശ്വസിക്കുന്നവരും ആണെന്നാണ്
എനിക്കറിയില്ല പാമരാ...
നിങ്ങള്‍ ഒരു പെണ്ണിനെ തീവ്രമായി സ്നേഹിച്ചിട്ട് അവള്‍ നിങ്ങളെ വിട്ടുപോയാല്‍ പിന്നീട് നിങ്ങള്‍ ഫുള്‍ടൈം തണ്ണിയായി നടക്ക്വോ അതോ വേറെ ഏതെങ്കിലും പെണ്ണിനെ കെട്ട്വോ?
കഥ തകര്‍ത്തു സര്‍...
വളരെ ഇഷ്ടമായി കഥ.....കനൂനും ജമാലും ഒക്കെ ഇപ്പോള്‍ മനസ്സിലെ ഓര്‍മ്മയായി....നന്ദി...
പാമു,
ഇതിനായാണ് ഞാന്‍ കാത്തിരുന്നത്. രണ്ട് പെഗ് ബ്രാന്‍ഡികഴിഞ്ഞ് ഹരിപ്രസാദ് ചൌരസ്യയുമായി ഇരിയ്ക്കുന്ന ഒരു സുഖമുണ്ട് ഈ പോസ്റ്റിന്.
കാമ്പുള്ള കഥ. മനോഹരമായ കഥനം.
ഭാവുകങ്ങള്‍.
കഥ ഇഷ്ടായി.ജമാല്‍ പോയെങ്കില്‍ പോട്ടേ. അതിനുവേണ്ടി ജീവിതം കളയാന്‍ പറ്റ്വോ?
പാമൂ...
തുര്‍ക്കിക്കാരെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്.
(കട്:-പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് എന്ന ലോകമലയായി-പ്രശസ്തമായ ശ്രീനിവാസന്റെ ഡയലോഗിനോട്)
:) :)
ജമാലിനെ സ്നേഹിച്ചു പോകുമോ എന്നു സംശയിക്കുന്ന കഥാകൃത്ത്- സൂക്ഷ്മവും സത്യസന്ധവുമായ നിരീക്ഷണങ്ങള്‍ കഥയെ അനുഭവമാക്കുന്നു. അഭിനന്ദനങ്ങള്‍
തുര്‍ക്കിയായാലും ഇന്ത്യനായലും ജീവിക്കാന്‍ പഠിച്ചവന്‍ തന്നെ. കഥ ഒരു സെക്കന്റ് പോലും ബോറടിച്ചില്ല. ആശംസകള്‍..
പാമരാ, ഉഗ്രന്‍ കഥ! നിങ്ങള്‍ തകര്‍ക്കുന്നു.
എനിക്കിപ്പൊ ബ്രാന്‍ഡി കുടിക്കാന്‍ തോന്നുന്നു.
നല്ല കഥ..
നല്ല വേഗത...
വീണ്ടും വരും..
പാമൂ,
ഞാന്‍ നിന്റെ കഥകള്‍ വായിക്കാന്‍ കാത്തിരിക്കുന്നു
എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി..
‘ജാമ്യം: ഞാന്‍ തുര്‍ക്കിയില്‍ പോയിട്ടില്ല, എനിക്കൊരു തുര്‍ക്കിക്കാരനേം ഒട്ടറിയുകേമില്ല!‘
അങ്ങിനെ വരുമ്പോഴാണല്ലോ കഥാകാരൻ ഇന്ദ്രജാലക്കാരനാവുന്നത്. ഞാനും കണ്ടു, ഒരു സുന്ദരമഹേന്ദ്രജാലം. വളരേ ഇഷ്ടപ്പെട്ടു. പക്ഷെ കനൂൻ എന്ന സംഗീതോപകരണത്തെ അറിയില്ല എന്നു പറയില്ലല്ലോ. അങ്ങിനെ ഒരു പരമ്പരാഗത ടർക്കിഷ് സംഗീതോപകരണം ഉണ്ടോ? അറിഞ്ഞു വയ്ക്കാൻ ചോദിക്കുന്നതാണ് കെട്ടോ
നന്ദി ലക്ഷ്മി.
ഒരു പരമ്പരാഗത ടര്‍ക്കിഷ് സംഗീതോപകരണത്തെ സെര്‍ച്ച് ചെയ്തു കണ്ടുപിടിച്ചതാണ്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.
പോസ്റ്റിനു മുകളില്‍ കൊടുത്തിരിക്കുന്ന പടം കനൂന്‍റെ തന്നെ ആണു (Qanun). "ഖനൂന്‍" എന്നാണോ "കനൂന്‍" എന്നാണോ ഉച്ഛരിക്കുക എന്നു തീര്‍ച്ചയുണ്ടായിരുന്നില്ല. അറിയുന്നവര്‍ പറഞ്ഞു തരട്ടെ എന്നു കരുതി :)
വളരെ ഇഷ്ടമായീ..
ആശംസകള്‍..
സുതാര്യമായ എഴുത്ത്.
ആശംസകൾ!
ഹൊ...പാമൂജീ...എഴുത്തിലൂടെ ഇതു വരെ കാണാത്ത ,കേള്‍ക്കാത്ത കനൂനിന്റെ വശ്യതയിലേക്കു ഞങ്ങളേം കൊണ്ടു പോയല്ലോ... കിടിലോല്‍ക്കിടിലന്‍..!!
എല്ലാം നടന്ന സംഭവം പോലെ വിശ്വസിപ്പിക്കാന്‍ കഥാകൃത്തിന് കഴിയുന്നിടത്ത് കഥയെഴുത്ത് വിജയിച്ചു.ഇനി കനൂന്‍ എന്നൊരു സംഗീത ഉപകരണം ഉണ്ടോ ആവോ ? വിക്കി നോക്കട്ടെ.
വെള്ളമടിയിലും കഥ/കവിത എഴുത്തിലും ഒതുക്കാതെ, ജീവിതത്തെ പ്രായോഗിക തലത്തിൽ നോക്കിക്കാണണം എന്ന് ഒരു തുർക്കിക്കാരനിലൂടെ നമുക്കു കാണിച്ചു തരുന്നു.
തുർക്കിക്കാരന്റെ ലൈൻ എനിക്കിഷ്ടപ്പെട്ടു. ‘നീയല്ലെങ്കിൽ മറ്റൊരാൾ നിന്നെക്കാൾ സുന്ദരി, പോടീ -----.’
ഉറപ്പായും പമര്‍ജീ ഉറപ്പായും കഥകള്‍ കൊണ്ട് താങ്കള്‍ അത്ഭുതം സൃഷ്ടിക്കുന്നു
ഇത്ര മനോഹരമായ കഥ വായിക്കാന്‍ കുറച്ചു വൈകിയോ എന്നു സംശയം. വളരെ മനോഹരമായിരിക്കുന്നു
നല്ല കഥ
punjab 4 fighting
bangal 4 writing
kashmir 4 beauty
rajasthan 4 history
maharashtra 4 victory
karnataka 4 silk
haryana 4 milk
kerala 4 brains
UP for grains
india 4 integrity
so, proud to be an indian.
60th republic day wishes
hahaha ithu ishtappettu :)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ