2008, ഫെബ്രുവരി 27, ബുധനാഴ്‌ച

എനിക്കിന്നൊരു പുഴയാവണം

എനിക്കിന്നൊരു പുഴയാവണം

മണ്ണിന്‍റെ ചൊറിയും ചിരങ്ങും നക്കി
കാടും മലകളും നഗരങ്ങളും താണ്ടി
കടലിന്‍ മടിയില്‍ മരിക്കണം

വറ്റിവരണ്ടു വായ്നാറ്റമുയരുന്ന
കാടിന്‍റെ തൊണ്ടയില്‍ ജീവന്‍ തളിക്കണം

നിമ്നോന്നതങ്ങളില്‍ മാറുന്ന ജ്യാമിതീയങ്ങളില്‍
ഈച്ചയാര്‍ക്കും വ്രണങ്ങളില്‍ നാവോടി-
ച്ചുള്ളുരുക്കത്തിന്നു സാന്ത്വനമാകണം

കോടികോടി പ്രജകള്‍ നിവേദിച്ച
പുഴുവരിക്കും വിഴുപ്പിന്‍റെഭാണ്ഡങ്ങള്‍
ആര്‍ത്തിയോടെനിക്കാഹരിച്ചീടണം

നാഗരികത്തിന്‍റെ വേര്‍പ്പേറ്റു വാങ്ങണം
സാംസ്കാരികത്തിന്നറയ്ക്കുന്ന രേതസ്സും
നഗരപ്രാന്തത്തിന്‍ കണ്ണീരുമേല്‍ക്കണം

ഒടുവിലാര്‍ത്തയായ്‌
അര്‍ബുദത്താല്‍ മുലമുറിക്കപ്പെട്ട്‌
ഭൂമിപിളര്‍ന്നൊടുങ്ങിയ മൈഥിലിയെപ്പോല്‍
കടലിനോടെന്നെത്തിരിച്ചെടുക്കുവാന്‍ കേഴണം

അവളുടെ ഗര്‍ഭപാത്രത്തിലേക്കൊരു ഭ്രൂണമായ്
തിരികെയെത്തേണം, വീണ്ടും ജനിക്കുവാന്‍

2008, ഫെബ്രുവരി 25, തിങ്കളാഴ്‌ച

രണ്ട്‌ കള്ളുകുടി പാട്ടുകള്‍

രണ്ട്‌ കള്ളുകുടി പാട്ടുകള്‍ (നാടന്‍ പാട്ടെന്നു പറഞ്ഞാല്‍ തല്ലരുത്‌).. ഇതിനുള്ള പ്രചോദനം തന്നതിന്‌ ഷാപ്പിലാനും, ഛെ, കാപ്പിലാനും നിരക്ഷര്‍ജിക്കും പിന്നെ ബൂലോക കുടിയന്‍മാര്‍ക്കും പ്രത്യേകം നന്ദി..

പിന്നെ നാടന്‍ പാട്ടായതു (സ്വന്തം രചന) കൊണ്ടും, സ്ത്രീ വിഷയമായതുകൊണ്ടും സഭ്യതയുടെ വേലി ഒരിഞ്ചു മാറ്റിക്കെട്ടേണ്ടി വന്നിട്ടുണ്ട്. മാന്യ ബൂലോകര്‍ ക്ഷമിക്കുമെന്നു കരുതുന്നു.

പാഠം ഒന്ന്‌: (ഏതോ) ഒരു കല്യാണി

ആറ്റിറംബില്‌ വാകേന്‍റെ ചോട്ടില്‌
പൂത്തു നിക്കണ്‌ കല്യാണീ
അന്തിമോന്തീട്ട്‌ ചാരത്ത് ചെല്ലുംബം
തെളതെളക്കണ്‌ കല്യാണീ

ചന്തമുള്ളൊരു മാറത്ത് നൂളണ്
അന്തി ചോപ്പുള്ള സൂരിയന്‌
ചന്തിവെട്ടിച്ച്‌ ഓള്‌ നടക്കുംബം
ചങ്കത്ത്‌ കൊള്ളണ്‌ തംബിരാനേ

അന്നനട കണ്ട്‌ വെള്ളമിറക്കുംബം
കള്ളച്ചിരിയൊന്നെറിയണോള്‌
കല്യാണി ചായണ കട്ടില്‌ കണ്ടിട്ട്‌
ചത്താലും വേണ്ടില്ല തംബിരാനേ

* * * * *

മനസ്സിലിപ്പഴും പെടപെടക്കണ്‌
ചൂണ്ടേലെ മീന്‍പോലെ കല്യാണീ
ചൂണ്ടേന്ന്‌ പോവൂല ചട്ടീലും കേറൂല
വഴുവഴുക്കണ്‌ കല്യാണീ

കടപ്പാട്‌: മണിയുടെ കല്യാണിയോട്‌


പാഠം രണ്ട്‌: കുരക്കും പട്ടി കടിക്ക്വേം ചെയ്യും

ചകചകാന്നൊരു സുന്ദരിക്കോതേന്‍റെ
ചക്കരമോറൊന്ന്‌ കണ്ടെളേമ്മേ
ചക്ക മൊളഞ്ഞീല്‌* ഈച്ചേന്‍റെ മാതിരി
ചങ്കെന്‍റേതങ്ങൊട്ട്യെളേമ്മേ

തലയിട്ടാട്ടുംബം ചന്തീല്‌ മുട്ടണ്‌
പനങ്കൊലപോലെ മുട്യെളേമ്മേ
ചെങ്കരിക്കിന്‍റെ കൊലകണക്കിനെ
മുന്നില്‌ തൂക്കണ്ടെന്‍റെളേമ്മേ
കള്ളൊലിക്കണ മാട്ടത്തിന്‍റേല്ക്ക്‌**
പിന്നിലും തൂക്കണ്ടെന്‍റെളേമ്മേ

തൊളച്ച്‌ കേറണ നോട്ടമെറിയുംബം
പള്ളേല്‌ കാളണ്‌ണ്ടെന്‍റെളേമ്മേ
പണിമറന്ന്‌ ഞാന്‍ നോക്കിനിക്കുംബം
പെണക്കം കാണിക്കും പെണ്ണെളേമ്മേ

ഓളെ ഓര്‍ത്തിട്ട്‌ കള്ളടിക്കുംബം
പിരിഞ്ഞ്‌ കേറണില്ലെന്‍റെളേമ്മേ
തലക്കണേന്‍റെ*** പതുപ്പിനുള്ളിലും
ഓളെ നോട്ടാണെന്‍റെളേമ്മേ

ഒറക്കം വറ്റീട്ടൊടുക്കം പിന്നെ ഞാന്‍
മതില്‌ ചാട്യെന്‍റെ പൊന്നെളേമ്മേ
കൊരച്ച നായേന്‍റെ കടിയും കൊണ്ടിട്ടും
ഉള്ളിന്‍റുള്ളില്‌ ഓളെളേമ്മേ..

-----------------------
*വെളഞ്ഞി, ചക്കയുടെ പശ.
**ചേല്ക്ക്, പോലെ
***തലയിണ

2008, ഫെബ്രുവരി 24, ഞായറാഴ്‌ച

കുറച്ചു സംഗീതം വേണം

വരികളു ബോറാണെങ്കിലും (കാക്കയ്ക്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞല്ലേ) ഇതു ഒന്നു സംഗീതം കൊടുത്തു പാടികേള്‍ക്കാന്‍ ആഗ്രഹം ഉണ്ട്‌.. പ്രിയ ബൂലോകരേ ഒന്നു സഹായിക്കുമോ?



മേലേ മാനത്തേ ചേലുള്ള കോളാംബീ
വെറ്റമുറുക്കിത്തുപ്പീ ചോപ്പിച്ചതാരാണ്‌
അന്തിവെളക്കുവെക്കും മാടത്തെ പെണ്ണിന്‍റെ
ചേലൊത്ത പൂങ്കവിളും മുത്തി-ച്ചോപ്പിച്ചതാരാണ്‌

(മേലേ മാനത്തേ.. )

നേരമിരുട്ടുംബം പാടവരംബത്ത്
കേക്കണ പാട്ടിന്‍റെ ഈരടിയേതാണ്‌
ഈരടി കേക്കുംബം നാണിക്കും പെണ്ണാള്‌
കാല്‍വെരല്‍ കൊണ്ടെഴുതും ചിത്തറമേതാണ്‌

(മേലേ മാനത്തേ.. )

നേരം വെളുക്കുംബം പൂങ്കോഴി കൂവുംബം
പെണ്ണിന്‍റെ മുക്കുത്തീ നാണിച്ചു മിന്നുന്നേ
മേലേമാനത്ത് സൂരിയന്‍ ചേറൊരുക്കീ
പൊന്നുതളിക്കുന്നേ വെട്ടം വെതക്കുന്നേ

(മേലേ മാനത്തേ.. )

2008, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

കാപ്പിലാന്‍റെ കവിത: ശൂന്യം - ഒരു മറുമൊഴി

കാപ്പിലാന്‍റെ കവിത (ശൂന്യം) ക്ക്‌ ഒരു മറുമൊഴി.

നിന്നോട്‌ പറയാനെനിക്കെന്തുണ്ട്?

ശുന്യമായോരു പാനപാത്രം
കുടിച്ചുതീര്‍ത്തോരു കണ്ണീര്‍ക്കടല്‍
ചവച്ചിറക്കിയ തീരാനോവുകള്‍
നോക്കെത്തുന്നിടത്തോളം വിജനമായ മനസ്സ്‌
തീകൊളുത്തി മരിച്ചുപോയ ചിന്തകള്‍
തിരിഞ്ഞുനോക്കാതെ ഒഴുകിപ്പോയ കാലം

നിനക്ക്‌ തരാനെനിക്കെന്തുണ്ട്?

തണുത്തുറഞ്ഞുപോയ നെഞ്ച്‌
മേല്‍ക്കൂര ചിതലെടുത്ത കൂട്‌
ഒരു വറ്റുപോലുമില്ലാത്ത ഭിക്ഷാപാത്രം

എവിടേക്കാണ്‌ ഞാന്‍ നിന്നെ വിളിക്കുന്നത്‌?

ഞെട്ടറ്റുപോയ എന്‍റെ സ്വപ്നങ്ങളുടെ ശ്മശാനത്തിലേക്ക്‌

എന്താണ്‌ ഞാന്‍ നിന്നെ വിളിക്കേണ്ടത്?

എന്‍റെ മറവി എന്ന്‌.


അങ്ങനെ എല്ലാം ശുന്യമായി!

2008, ഫെബ്രുവരി 19, ചൊവ്വാഴ്ച

ബില്‍ക്കീസ്‌, നിന്നോടു പറയാനുള്ളത്..


ബില്‍ക്കീസ്‌,

ആത്മാവില്‍ അമര്‍ത്തിപ്പിടിച്ച ഒരു വേദനയാണ്‌ നീ

മനുഷ്യത്വം കടലെടുത്ത ഗുജറാത്തിലെ
കെട്ടുപോകാതിരിക്കാന്‍ ഉഴറുന്നൊരു ചിത

കണ്ണീരു ഖനീഭവിച്ച ആ രണ്ട്‌ കുഴികളില്‍
ദൈന്യതയല്ല ഞാന്‍ കാണുന്നത്‌
പര്‍ദ്ദയിട്ടുമൂടിയ നിന്‍റെ ആത്മാവില്‍ നിന്ന്‌
പുച്ഛത്തിന്‍റെ രണ്ട്‌ നാളങ്ങള്‍

പാറയില്‍ തലച്ചോറു ചിതറിപ്പോയ
മൂന്നുവയസ്സുള്ളൊരു പാവക്കുട്ടി
കാമവെറി ചവച്ചുതുപ്പിയ
ചുരിദാറണിഞ്ഞ കുറെ ശവങ്ങള്‍
മറയ്ക്കാനൊന്നും ബാക്കിയില്ലാഞ്ഞിട്ടും
നീയാദ്യം തിരഞ്ഞതാ പര്‍ദ്ദ

അരുതേ, നീയീ മണ്ണിനെ ശപിക്കരുത്‌
നിന്‍റെ താപം ഒരു തുള്ളിവീണാല്‍
ഇന്നാടൊരു മരുഭൂവാകും
ഉയിരും നനവും പച്ചപ്പും ഇല്ലാത്ത
ഊഷരഭൂമിയാകും

ഇടിവെട്ടേറ്റുപോയ നിന്നില്‍ തളിരിട്ട
ഇളംനാംബു്‌* ഞാന്‍ കാണുന്നു
എണ്ണവറ്റിപ്പോയ നീയിനിയും
കരിന്തിരി കത്തുന്നതെന്തിനെന്നും

തെരുവുനായ്ക്കള്‍ക്കു കടിച്ചുവലിക്കാന്‍
എറിഞ്ഞു കൊടുത്തില്ലവന്‍**
കാമാന്ധത കൊത്തിയ കനിയാണു നീയെങ്കിലും.
നിന്‍റെ മാനം കാക്കാനൊക്കാഞ്ഞൊരാങ്ങള
ഞാനവന്‍റെ കാലുകഴുകി വെള്ളം കുടിക്കട്ടെ


----------------
*ഹാജിറ. അക്രമത്തിനിരയാവുംബോള്‍ ബില്‍ക്കീസിന്‍റെ ഉദരത്തില്‍ ഒരു കൊച്ചു ജീവനും ഉണ്ടായിരുന്നു

**യാക്കൂബ്‌. ബില്‍ക്കീസിന്‍റെ ഭര്‍ത്താവ്‌. ആ നല്ല മനുഷ്യന്‍ അവള്‍ക്കു ധൈര്യം നല്കി. നീതിക്കു വേണ്ടി പടപൊരുതുംബോള്‍ ഒരു താങ്ങായി.

2008, ഫെബ്രുവരി 15, വെള്ളിയാഴ്‌ച

ഇല്ല മകനെ, നിന്നെ ഞാന്‍ ജനിപ്പിക്കില്ല

ഒരു കുട്ടിആത്മാവ്‌ എന്നോടു ചോദിച്ചു
"അച്ഛാ എനിക്കു ജനിക്കാന്‍ സമയമായോ?"
"ഇല്ല മകനെ" ഞാന്‍ പറഞ്ഞു
നീ ജനിക്കണോ എന്ന്‌ എനിക്കിപ്പോഴുമറിയില്ല

യന്ത്രകോടികള്‍ നിശ്വസിക്കുന്ന വിഷപ്പുകകള്‍
രാഷ്ട്രീയച്ചീവീടുകളുടെ വാചാടോപങ്ങള്‍
മൊബൈലും റ്റീവീയും ചുരത്തുന്ന അനേകായിരം വീചികള്‍
ഈ ലോകം വിഷലിപ്തമാണ്‌

നിനക്കര്‍ഹതപ്പെട്ട മുലപ്പാലിനു വിലയിട്ടവര്‍
നിനക്കു തിന്നാന്‍ പാല്പ്പൊടി തരും
നിന്റെ കുടിവെള്ളത്തില്‍ നഞ്ചുകലക്കി
നിനക്കവരു കുപ്പിവെള്ളം തരും

യഹോവയും അല്ലാഹുവും കൃഷ്ണനും നിന്‍റെ
പ്രജ്ഞയെത്തിന്നാന്‍ തമ്മില്‍തല്ലും

ഇന്ത്യയും പാകിസ്ഥാനും
കേരളവും തമിഴ്നാടും
അക്കരയും ഇക്കരയും
നിന്‍റെ കൈകാലുകള്‍ പങ്കുവെച്ചെടുക്കും

ഉള്ളില്‍ചോപ്പാണോന്നറിയാന്‍
ചോപ്പന്‍മാര്‍ നിന്‍റെ ചോര ചീറ്റിച്ചു നോക്കും
നിഷ്കളങ്കതയുടെ മണമുള്ള നിന്‍റെ രക്തം
ബൂര്‍ഷ്വാസിയുടെ പഞ്ചാര രുചിക്കുന്നെന്നു പറയും

ഇല്ല മകനെ
ഉണങ്ങാത്ത പുണ്ണുമായി ഉലകം ചുറ്റാനും**
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്ക്‌ ആര്‍ത്തു ചിരിക്കാനുമായി
നിന്നെ ഞാന്‍ ജനിപ്പിക്കില്ല


------------
**അശ്വത്ഥാമാവിന്‍റെ കഥ ഓര്‍ക്കുക