2009, ജൂൺ 27, ശനിയാഴ്‌ച

ഹാര്‍മോണിയം


"എന്ന്‌ ആ പണ്ടാരപ്പെട്ടി വെട്ടിയറഞ്ഞ് കളയുന്നോ, അന്നേ യ്യ്‌ കൊണം പിടിക്ക്വോള്ളൂ പപ്പനാവാ.."

പോക്കുട്ടി വൈദ്യരു്‌ കടയ്ക്കകത്തിരുന്ന്‌ വിരലുകൂട്ടിപ്പിടിച്ച്‌ പുറത്തേയ്ക്ക്‌ നീട്ടിത്തുപ്പി. മുറുക്കാന്‍ വെള്ളവും തുപ്പലും ചേര്‍ന്ന മിശ്രിതം 'പത്തോ'ന്ന്‌ വൈദ്യശാലയുടെ മുന്നിലെ പടികളില്‍ തന്നെ കൃത്യമായി വീണ്‌ നേരം വൈകിക്കാതെ ഉണക്കം പിടിക്കാന്‍ തുടങ്ങി. വര്‍ഷങ്ങളായി കേള്‍ക്കുന്ന പതിവുപല്ലവിയെ മറുചെവിയിലൂടെ അവഗണിച്ചയച്ചിട്ട്‌, ഒരു പഴയ തമിഴ് നാടകഗാനത്തിന്‍റെ ശീലില്‌ തലകുലുക്കി, പപ്പനാവന്‍ ഭാഗവതരു്‌ മരുന്നു തറയല്‍ തുടര്‍ന്നു.

വൈദ്യശാലയിലെ പുളിമുട്ടി ഭാഗവതരുടെ നെഞ്ഞോളം വരും. ഒരു കൊരണ്ടിപ്പലക അടുത്തിട്ട്‌ അതില്‍ കയറി നിന്നാണ്‌ ഭാഗവതരു്‌ തന്‍റെ ഉയരമില്ലായ്മയെ തോല്‍പ്പിക്കുന്നത്‌. സന്തത സഹചാരിയായ ഹാര്‍മോണിയപ്പെട്ടി അടുത്തൊരു സ്റ്റൂളില്‍ വിശ്രമിക്കുന്നുണ്ടാവും. കയ്യോ കാലോ പോലെ ഭാഗവതരുടെ ശരീരത്തിന്‍റെ ഒരു ഭാഗമാണ്‌ ആ പെട്ടിയും.

കാലത്തെണീറ്റ്‌ കുളിച്ച്‌ തോളത്ത്‌ ഹാര്‍മോണിയപ്പെട്ടിയും തൂക്കിയാണ്‌ വൈദ്യശാലയിലെത്തുന്നത്‌. എട്ടു മണിക്ക്‌ മരുന്നു തറയലും അരയ്ക്കലുമൊക്കെ തുടങ്ങിയാല്‍ അന്തിയാവണവരെ അതങ്ങനെ നീളും. ഏഴുമണിക്ക്‌ വൈദ്യശാലപൂട്ടിക്കഴിഞ്ഞാല്‍ നേരെ തോട്ടുവക്കത്തേയ്ക്കാണു പോകുക. മരുന്നുമണം തോട്ടിലെ വെള്ളത്തിനു കൊടുത്ത്‌, ഉടുമുണ്ട്‌ അലക്കിപ്പിഴിഞ്ഞുടുത്ത്‌ നേരെ ഷാപ്പിലേയ്ക്കു വച്ചടിക്കും.
ഉള്ളില്‍ കയറില്ല. ഷാപ്പിന്‍റെ മുറ്റത്ത്‌ ഇത്തിരിമാറി ഒരു കല്ലു കിടപ്പുണ്ട്‌. അതിലിരിക്കും.

ഹാര്‍മോണിയപ്പെട്ടി മടിയിലു വച്ച്‌ പാട്ടിന്‍റെ കെട്ടഴിക്കും. സൌന്ദരരാജനും കിഷോര്‍ദായും തലത്തും ചുറ്റിലുമിരുന്ന്‌ തലയാട്ടുന്നുണ്ടാവും. ഇടയ്ക്ക്‌ പാടിയ വരി ഒന്നു മുരടനക്കി ശരിയാക്കി, അല്‍പം മാറ്റിയും മറിച്ചുമൊക്കെ മൂന്നുനാലു തവണ പാടി നോക്കും. ഒടുക്കം തൃപ്തിപ്പെട്ടെന്ന്‌ ഒരു പുഞ്ചിരി ചുണ്ടില്‍ വിരിച്ച്‌ അടുത്ത വരിയിലേയ്ക്കു പോലും.

കള്ളുകുടിച്ചാലെങ്കിലും സംഗീതബോധമുണ്ടാവുന്ന ചിലരെങ്കിലും നാട്ടിലുണ്ടെന്ന്‌ പപ്പനാവന്‍ ഭാഗവതര്‍ക്കറിയാം. അതാണവിടെ ചെന്നിരുന്നു പാടുന്നത്‌. ആരെങ്കിലും ഒരു നൂറോ നൂറ്റമ്പതോ വാങ്ങിക്കൊടുക്കും. കാശുള്ള ഏതെങ്കിലും കുടിയന്‍ പുല്ലുപോലെ ഉപേക്ഷിച്ചിട്ടുപോകുന്ന അരപ്പിഞ്ഞാണം കപ്പയില്‍ ഫ്രീ ആയി അല്‍പം മീന്‍ചാറു കുടഞ്ഞൊഴിച്ച്‌ ഷാപ്പു നടത്തുന്ന കുമാരേട്ടന്‍ കൊടുക്കുകയും ചെയ്യും. ചിലദിവസങ്ങളില്‍ ഒന്നും തടഞ്ഞില്ലെങ്കിലും ഷാപ്പ്‌ അടയ്ക്കുന്നതുവരെ സംഗീത സപര്യ അങ്ങനെ തുടരും. ഷാപ്പടയ്ക്കാറാവുമ്പോഴേയ്ക്ക്‌ ദുഃഖഗാനങ്ങളില്‍ ചെന്നെത്തുമെന്നു മാത്രം.

നാലു മക്കളായിരുന്നു ഭാഗവതര്‍ക്ക്‌. മൂന്നു പെണ്ണും ഒരാണും. മൂന്നിനുമിടയ്ക്ക്‌ ഓരോ വര്‍ഷംപോലും തികച്ച്‌ അവധിയെടുത്തിട്ടില്ല ഭാഗവതരുടെ ഭാര്യ മല്ലികേച്ചി. ലോകത്തോടു മുഴുവന്‍ കലിയാണ്‌ മല്ലികേച്ചിയ്ക്ക്‌. എപ്പോഴും ആരെയെങ്കിലും ചീത്ത പറഞ്ഞുകൊണ്ടിരിക്കും.

ഏതൊരു ദുഃഖകഥാപാത്രത്തെയും പോലെ ഭാഗവതര്‍ക്കും വര്‍ണ്ണശബളമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു. നാട്ടിലെ അറിയപ്പെടുന്നൊരു പാട്ടുകാരന്‍. നാടകക്കളരിയിലും ഗാനമേള ക്ളബ്ബുകളിലും തിളങ്ങിനിന്നിരുന്ന യൌവ്വനം. സാമാന്യം ജീവിക്കാന്‍ വകയുണ്ടായിരുന്ന ഒരു വീട്ടില്‍ നിന്ന്‌ നാടകത്തിന്‌ പാട്ടുവാടാന്‍ വന്ന ചെറുപ്പക്കാരന്‍റെ ഒപ്പം ഇറങ്ങിപ്പോന്നതാണ്‌ മല്ലികേച്ചി. ലോകത്തെ വെല്ലുവിളിച്ച്‌ പുറമ്പോക്കിലൊരു കുടിലുകെട്ടി ജീവിതം തുടങ്ങി. തുടരെത്തുടരെ നാലു കുട്ടികളുമുണ്ടായി.

സിനിമയും ടീവിയും വ്യാപകമായതോടെ നാടകവും ക്ളബ്ബിലെ ഗാനമേളയുമൊക്കെ അന്ത്യശ്വാസം വലിച്ചു. ബാക്കിയായ സംഗീതവും തന്‍റെ ഹാര്‍മോണിയപ്പെട്ടിയും കൊണ്ട്‌ ഭാഗവതര്‍ മദിരാശിയ്ക്കു വണ്ടി കയറി. രണ്ടുമൂന്നുകൊല്ലം അലഞ്ഞു തിരിഞ്ഞ്‌ ഒടുവില്‍ രോഗിയായി തിരിച്ചെത്തി.

അന്നു തുടങ്ങിയതാണ്‌ മല്ലികേടത്തിയുടെ രോഷം. കരിങ്കല്‍ ക്വാറിയില്‍ നിന്ന്‌ മക്കളെക്കൊണ്ട്‌ കല്ലെടുപ്പിച്ച്‌കൊണ്ടുവന്ന്‌ വീട്ടിലിരുന്ന്‌ പൊട്ടിച്ച്‌ മെറ്റലാക്കും. അവര്‍ക്ക്‌ അതിലും നല്ലൊരു ജോലി ഇല്ലെന്ന്‌ പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്‌. തന്‍റെ തലവിധിയെ ഇരുമ്പുചിറ്റുകയ്ക്കടിച്ച്‌ പൊട്ടിച്ച്‌ പതം പറഞ്ഞു കൊണ്ടിരിക്കും എപ്പോഴും. മക്കളാരെങ്കിലും ഇടയ്ക്ക്‌ വെള്ളവും കൊണ്ടു ചെന്നാല്‍ തെറി പറഞ്ഞോടിയ്ക്കും.

ഭാഗവതരെ കണ്ടാല്‍ മുഖത്ത്‌ വിശേഷിച്ചൊരു സങ്കടവും തോന്നില്ല. വൈദ്യശാലയിലെ മരുന്നു തറയണ ജോലി കിട്ടിയതിനുശേഷം ജീവിതത്തിന്‌ ഒരു അടുക്കും ചിട്ടയുമൊക്കെ വന്നു. ആഴ്ചയില്‍ മൂന്നു ദിവസമേ അവിടെ പണിയുള്ളൂ. അതുതന്നെ ഉണ്ടായിട്ടല്ല. ഭാഗവതര്‍ക്കൊരു വയറ്റുപ്പിഴപ്പാകട്ടെയെന്നു കരുതി വൈദ്യരു്‌ അവിടെ അങ്ങനെ നിര്‍ത്തിയിരിക്കുന്നെന്നു മാത്രം. ഇടദിവസങ്ങളില്‍ പത്രത്താളുകളില്‍ പെന്‍സിലുകൊണ്ട്‌ മനസ്സില്‍ ചിട്ടപ്പെടുന്ന സംഗീതം പകര്‍ത്തി വയ്ക്കും. ഞായറാഴ്ചകളില്‍ അതൊക്കെ ഒരു നോട്ടുപുസ്തകത്തില്‍ പകര്‍ത്തിയെഴുതി രാവിലെതന്നെ മലകയറി ടൌണിലേയ്ക്കു പോകുന്നതു കാണാം. ഏതോ നാടകക്കമ്പനിക്കാരെ കാണിക്കാനാണത്രെ. എന്നെങ്കിലും തന്‍റെ സംഗീതം ജനം തിരിച്ചറിയുമെന്ന്‌ അങ്ങേരു്‌ വിചാരിച്ചിരിക്കണം.

ഹാര്‍മോണിയം വായന ഓസിനൊന്നു പഠിച്ചെടുക്കാനാണ്‌ ഞാന്‍ ഭാഗവതരുടെ പുറകേ കൂടിയത്‌.
വൈകുന്നേരം പണികഴിഞ്ഞ്‌ ഭാഗവതരു്‌ കുളിക്കാനെത്തുന്ന നേരം കണക്കാക്കി ഞാന്‍ തോട്ടുവക്കത്തുണ്ടാവും. അങ്ങേരു്‌ അലക്കി കുളിച്ച്‌ കയറുന്നതുവരെ ഹാര്‍മോണീയത്തില്‍ പെരുമാറാനുള്ള അനുവാദമുണ്ട്‌.

"സാ.. പാ.. ധാ.." ന്നിങ്ങനെ അലക്കുന്നതിനിടയിലും എനിക്കു ചൊല്ലിത്തരും. ഇടയ്ക്കു കള്ളക്കൈ വായിച്ചാല്‍ ഭാഗവതര്‍ക്കതു തിരിഞ്ഞു നോക്കാതെ തന്നെ പിടി കിട്ടും. ഉറക്കെ തന്തയ്ക്കു വിളിക്കും. എന്നാലും എന്നെ വല്യ കാര്യമായിരുന്നു ഭാഗവതര്‍ക്ക്‌. ഞാന്‍ പെട്ടെന്നു പഠിക്കുന്നുണ്ടെന്ന്‌ ഇടയ്ക്കു അഭിനന്ദിക്കുമായിരുന്നു. മക്കള്‍ക്കാര്‍ക്കും തന്‍റെ സംഗീതപാരമ്പര്യം കിട്ടിയില്ലെന്നതു മാത്രമല്ല, അവരെല്ലാം താന്‍ കാരണം സംഗീത വിരോധികളായിപ്പോയതിലായിരുന്നു അങ്ങേരുടെ മനസ്ഥാപം മുഴുവനും.

ഭാഗവതരു്‌ ഒരിക്കല്‍ രണ്ടു ദിവസം പനിപിടിച്ചു കിടന്നപ്പോഴേയ്ക്ക്‌ മൂത്തമോന്‍ അച്ഛന്‍റെ ജീവനായ ഹാര്‍മോണിയപ്പെട്ടി കൊണ്ടുപോയി അന്‍പതു രൂപയ്ക്ക്‌ പണയം വച്ചു. പനിക്കിടക്കയില്‍ നിന്ന്‌ എണീറ്റ ഭാഗവതരു്‌ മൂന്നുനാലു ദിവസം ഉണ്ണാതെ ഉറങ്ങാതെ പെട്ടി അന്വേഷിച്ചു നടന്നു. ഭാര്യയോ മക്കളോ തരം കിട്ടിയാല്‍ അതെടുത്തു കളയുമെന്ന്‌ അങ്ങേര്‍ക്കറിയാമായിരുന്നു. ആളാംവീതം കരഞ്ഞു കാലുപിടിച്ചു. ഒടുക്കം നാട്ടുകാരാരോ പറഞ്ഞറിഞ്ഞാണ്‌ അത്‌ ഹുസ്സൈനാജീന്‍റെ പീട്യേല്‌ പണയം ഇരിപ്പുണ്ടെന്നറിഞ്ഞത്‌.

വൈദ്യരോട്‌ കരഞ്ഞുകാലുപിടിച്ച്‌ ശമ്പളത്തില്‍ നിന്ന്‌ അഡ്വാന്‍സ്‌ മേടിച്ച അന്പതുരൂപകൊടുത്ത്‌ തന്‍റെ ജീവന്‍തിരിച്ചുമേടിച്ച ദിവസം തോട്ടുവക്കത്തിരുന്ന്‌ അതിനെ കെട്ടിപ്പിടിച്ച്‌ ഒത്തിരി കരഞ്ഞു. അന്ന്‌ ഞാനും ഭാഗവതരും രാത്രി ഏറെ ഇരുട്ടുന്നതുവരെ തോട്ടുവക്കത്തു തന്നെയിരുന്നു. പതിവില്ലാതെ തോട്ടുവക്കത്തിരുന്ന്‌ സൌന്ദരരാജന്‍ തൊണ്ടകീറി പാടി.

"നാന്‍ ഒരു രാസിയില്ലാ രാജാ.."

അന്നാണ്‌ അങ്ങേരുടെ മരണശേഷം ഹാര്‍മോണിയപ്പെട്ടി എന്നോട്‌ എടുത്തോളാണ്‍ പറഞ്ഞത്‌. മക്കളെക്കൊണ്ട്‌ തൊടീക്കരുതെന്ന്‌ പ്രത്യേകം പറഞ്ഞു. അങ്ങനെയാണ്‌ ഭാഗവതര്‍ ഉടനേ മരിക്കണേയെന്ന്‌ ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്‌. പ്രാര്‍ത്ഥനയ്ക്ക്‌ ശക്തിപോരാഞ്ഞിട്ടാണോ എന്തോ ഭാഗവതര്‍ ഉടനെയൊന്നും മരിച്ചില്ല. സൌന്ദരരാജനും കിഷോര്‍ദായും പിന്നെയും ഒത്തിരിക്കാലം തോട്ടുവക്കത്തിരുന്നു പാടി.

മൂത്തമകളെ ചാടിച്ചുകൊണ്ടുപോയ ചെത്തുകാരന്‍ കുഞ്ഞന്‍ വയറ്റുകണ്ണിയായ അവളെ വീട്ടില്‍ തിരിച്ചുകൊണ്ടുവന്നാക്കിയ ദിവസമാണ്‌ ഭാഗവതരെ കാണാതായത്‌. ഞായറാഴ്ചകളിലെ ഭാഗവതരുടെ ടൌണില്‍ പോക്ക്‌ ടൌണില്‍ ബസ്സുകളില്‍ പാട്ടുപാടി തെണ്ടാനാണെന്നും അല്ലാതെ നാടകക്കാരെ കാണാനൊന്നുമല്ലെന്നും കുഞ്ഞന്‍ അങ്ങാടിയില്‍ നിന്ന്‌ വിളിച്ചു പറഞ്ഞ ദിവസം.

സ്വയം കണ്ടെത്തിയ ചെക്കന്‍ കൂടി കൈവെടിഞ്ഞ വിഷമത്തില്‍ മകള്‌ ഉത്തരത്തില്‍ തൂങ്ങി. വഴിപോക്കരാരോ കണ്ടതുകൊണ്ട്‌ രക്ഷപ്പെട്ടു. ഗവര്‍മെണ്ടാശുപത്രിയില്‍ കിടന്ന്‌ ചാപിള്ളയെ നൊന്ത്‌ പ്രസവിക്കുമ്പോള്‍ അവള്‌ ഭാഗവതരെയും ഹാര്‍മോണിയത്തെയും പ്രാകി.

ഭാഗവതരെ ആശുപത്രിപരിസരത്തൊന്നും കണ്ടില്ല. ആരും തിരക്കിയില്ല. ഞാനൊഴികെ. തോട്ടിലെവിടെയെങ്കിലും ചത്തുകിടക്കുന്നുണ്ടാവുമെന്ന്‌ കരുതി. എവിടെയും കണ്ടില്ല. പതിവു സങ്കേതങ്ങളിലൊക്കെ പോയിനോക്കി. ഒടുക്കം മൂന്നുനാലു ദിവസം കഴിഞ്ഞപ്പോളാണ്‌ മലയിലെ ഒരു പറങ്കിമാവില്‍ തൂങ്ങിയാടുന്നെന്ന്‌ ആരോ കണ്ടത്‌.

കേട്ടപാടെ ഞാനോടിച്ചെന്നു നോക്കി. പെട്ടി അവിടെയൊന്നും കണ്ടില്ല. തോട്ടുവക്കത്തുള്ള പൊന്തക്കാടുകളിലും മലയിലുമൊക്കെ കുറേ ഞാന്‍ തപ്പിനടന്നു. കണ്ടുകിട്ടിയില്ല.

പപ്പനാവന്‍ ഭാഗവതര്‍ക്കു പകരം വൈദ്യ ശാലയില്‍ ചാര്‍ജ്ജെടുത്ത സുരേഷേട്ടനാണ്‌ ഒടുക്കം ഒരു തുമ്പുണ്ടാക്കിയത്‌. ദശമൂലത്തിന്‌ തറഞ്ഞു കൂട്ടിയ വേരുകളുടെ കൂടെ കാലിഞ്ചു കഷണങ്ങളായി കിടക്കുന്നു സൌന്ദരരാജനും തലത്തും കിഷോര്‍ദായും.