2009, ജനുവരി 31, ശനിയാഴ്‌ച

ആറുമുഖം

http://ronbosoldier.blogspot.com/2007_12_01_archive.html
പത്തരയ്ക്ക്‌ ഇടിമുറീല്‍ കയറ്റിയതാണ്‌ അയാളെ. പീസീ അറുമുഖന്‍ ഒരു ഒന്നൊന്നര തച്ച്‌ പണിഞ്ഞു കഴിഞ്ഞു. ഒരാറു മാസത്തേയ്ക്ക്‌ അമ്മേന്നു വിളിക്കാതെ അയാളിനി മുള്ളില്ല. എന്നിട്ടും ഇതുവരെ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല.

അറുമുഖന്‍റെ ഓരോ ഇടിയും നെഞ്ഞുംകൂട്ടിനകത്തു നിന്ന്‌ ഞെക്കിപ്പിടിച്ച ഒരു അലര്‍ച്ചയെ ജനിപ്പിക്കുന്നുണ്ട്. ഇടിയുടെ ഇടവേളകളില്‌ ചോരക്കട്ടകള്‌ ചുമച്ചു തുപ്പുന്നു. എന്തൊരു മനുഷ്യനാണിത്‌? ഒന്നു ഉറക്കെ കരയുന്നു പോലുമില്ല.

കോണ്‍ഗ്രസ്സിന്‍റെ മണ്ഡലം പ്രസിഡന്‍റിന്‍റെ വീട്ടിലാണു കയറിയിരിക്കുന്നത്‌. അങ്ങേരുടെ മകളുടെ താലിമാലയാണു പോയത്‌. ഒരു തരത്തിലും ഇതൊന്ന്‌ ഒഴിഞ്ഞു പോകില്ല. വല്യൊരു മെനക്കേടായല്ലോ.

വനജ മക്കളേം കൂട്ടി സിനിമായ്ക്കു പോകാന്‍ പരിപാടിയും ഇട്ട്‌ ഇരിക്കുകയാണ്‌ ഇന്നലെ മുതല്‍. മാറ്റിനി മാറ്റി ഫസ്റ്റ്‌ ഷോയ്ക്കു പോകാമെന്നു വിളിച്ചു പറഞ്ഞിട്ടിപ്പോ മണിക്കൂറു രണ്ടായി. ഇങ്ങനെ പോയാല്‍ സെക്കന്‍റു്‌ ഷോയ്ക്കുപോലും പോക്കു നടക്കുമെന്നു തോന്നുന്നില്ല.

അലര്‍ച്ച ഒച്ച കൂടി വരുന്നുണ്ട്‌. പണ്ടാറടങ്ങാന്‍ ഇനി അയാളെങ്ങാന്‍ കാഞ്ഞു പോകുമോ? അറുമുഖാ പതുക്കെ..

കസേര നീക്കിയിട്ട്‌ കാലെടുത്തു മേശമേല്‍ കയറ്റി വച്ചു. ഒരു വില്‍സ്‌ കത്തിച്ച്‌ രണ്ടു പുക വിട്ടാല്‍ ഒന്നു റിലാക്സ്ഡായേനെ.

റൈട്ടറു്‌ നമ്പ്യാരു്‌ ഉച്ചയ്ക്കു പോയതാണ്‌. മുന്നൂറ്റിപ്പത്തും ഹേഡും രാത്രിയാവും വരാന്‍. ലോക്കപ്പൊക്കെ ഒഴിഞ്ഞു കിടക്കുന്നു. പഴയൊരു കെട്ടിടമാണിത്‌. നൂറ്റാണ്ടിന്‍റെ ആദ്യകാലത്തെങ്ങാനും കെട്ടിയതായിരിക്കണം. മച്ചിനു മുകളില്‍ മുഴുവന്‍ പഴയ ഫയലുകളാണ്‌. കൂട്ടിന്‌ എലിപ്പടയും. ഒരിക്കല്‍ ഒരു ചേരയെ കണ്ടിരുന്നു. അന്നതിനെ പോലീസുകാരൊക്കെക്കൂടി തല്ലിക്കൊന്നു.

അറുമുഖന്‍ കിതയ്ക്കുന്നതു കേള്‍ക്കാം. എന്തൊക്കെയോ തെറി വിളിക്കുന്നുണ്ട്‌. പതിഞ്ഞ ശബ്ദത്തില്‍ ഇടികൊണ്ടു കലങ്ങിയ നെഞ്ഞുംകൂട്ടില്‍ നിന്ന്‌ നിശ്വാസം പ്‌രാകിക്കൊണ്ട്‌ പുറത്തു ചാടുന്നതും കേള്‍ക്കാം.

കത്തിച്ച സിഗററ്റ്‌ തീര്‍ന്നു. ഒന്നും കൂടി ബാക്കിയുണ്ട്‌ പായ്ക്കറ്റില്‍. അതുകൂടെ തീര്‍ത്തേക്കാം. സിഗററ്റെടുത്തിട്ട്‌ കൂട്‌ കശക്കി ചവറ്റു കുട്ടയിലേയ്ക്ക്‌ ഉന്നം വെച്ച്‌ എറിഞ്ഞു. പതിവുപോലെ ലക്ഷ്യം തെറ്റി. ഇനി എണീറ്റു പോകാന്‍ വയ്യ. അവടെ കെടക്കട്ടെ.

സമയം വാച്ചിലെ സൂചികളെ പിടിച്ചു നിര്‍ത്തിയിരിക്കുകയാണെന്നു തോന്നുന്നു. എന്തായെന്നൊന്നു പോയി നോക്കാം.

അറുമുഖന്‍ ഒരു തൂണില്‍ താങ്ങി നിന്നു കിതയ്ക്കുകയാണ്‌. നന്നായി വിയര്‍ത്തിരിക്കുന്നു.

അയാളുടെ കൈകള്‍ രണ്ടും ലോക്കപ്പിന്‍റെ അഴിയില്‍ കെട്ടിയിട്ടിരിക്കുകയാണ്‌. തല ഒരു വശത്തേയ്ക്ക്‌ ഞാന്നു കിടക്കുന്നു. കടവായില്‍ നിന്ന്‌ ചോര ഒലിച്ചിറങ്ങി പഴകിക്കീറിയ കയ്യില്ലാത്ത ബനിയന്‍ മുഴുവന്‍ ചുവപ്പിച്ചിരിക്കുന്നു.

"കാഞ്ഞു പോയോ അറുമുഖാ?" ഉള്ളിലെ ആളല്‌ പരമാവധി ശബ്ദത്തില്‍ വരാതെ ശ്രദ്ധിച്ചു കൊണ്ട്‌ ചോദിച്ചു.

"ഇല്ല സാര്‍. അതൊക്കെ ആ നായീന്‍റെ അഭിനയം അല്ലേ.. പഠിച്ച കള്ളനാ ഓന്‍.." അയാള്‌ കലി കയറി നില്‍ക്കുകയാണ്‌.

"ഞ്ഞി നാളേക്ക്‌ വെച്ചാലോ?"

"വേണ്ട സാര്‍. നാളെ ഞ്ഞി തറാ പറാന്ന്‌ വീണ്ടും തൊടങ്ങണ്ടേ? ഒരു അര മണിക്കൂറു കൂടി തന്നേക്കീ. ഓനെക്കൊണ്ട്‌ ഞാന്‍ പറയിപ്പിക്കാ.."

തൂങ്ങിക്കിടന്ന തലയുയര്‍ത്തി അയാളൊന്നു ചുമച്ചു. കൊഴുത്ത തുപ്പലും ചോരയും പുറത്തേയ്ക്ക്‌ തുപ്പി. വായില്‍ നിന്ന്‌ ഒലിച്ചിറങ്ങി അത്‌ നെഞ്ഞിലേയ്ക്ക്‌ ഒഴുകിയിറങ്ങി.

ഒരു കണ്ണ്‌ ചതഞ്ഞ്‌ അടഞ്ഞിരിക്കുകയാണ്‌. മറ്റേക്കണ്ണ്‌ പാതിതുറന്ന്‌ ഒന്നു നോക്കി. വല്ലാത്തൊരു നോട്ടം. തലതിരിച്ച്‌ പുറത്തേക്കിറങ്ങി നടന്നു.

കത്തിച്ച സിഗററ്റ്‌ തീര്‍ന്നിരിക്കുന്നു. ഇന്നിനി സിനിമയ്ക്കു പോക്ക്‌ നടക്കുമെന്നു തോന്നുന്നില്ല. ഇരുട്ടിത്തുടങ്ങി. കവലയിലേയ്ക്ക്‌ നടന്നാല്‍ സിഗററ്റു മേടിക്കാമായിരുന്നു. വേണ്ട. അറുമുഖന്‍ ഭയങ്കര ദേഷ്യക്കാരനാണ്‌. ആളു കാഞ്ഞു പോയാല്‍ പിന്നെ എന്തൊക്കെ പുകിലാണുണ്ടാവുക എന്നു പറയാനൊക്കില്ല. അന്നേരം കോണ്‍ഗ്ഗ്രസ്സും ഉണ്ടാവില്ല, പ്രസിഡന്‍റും ഉണ്ടാവില്ല. എല്ലാര്‍ക്കും ഒരു ഇരയെ മതിയാവും.

കസേര വലിച്ചിട്ട്‌ ഇരുന്നു. അറുമുഖന്‍ കൂടുതല്‍ കനത്ത പരിപാടികളിലേയ്ക്ക്‌ കടന്നെന്നു തോന്നുന്നു. ഏങ്ങിവലിഞ്ഞ്‌ ശ്വാസം നെഞ്ഞില്‍ നിന്ന്‌ പുറത്തുവരുന്നത്‌ ഇവിടെ കേള്‍ക്കാം.

ആ മാല എവിടെയാണെന്നൊന്നു പറഞ്ഞാല്‍ മതി ആ ശവത്തിന്‌. ഒരു ഒന്നൊന്നരക്കൊല്ലം കിട്ടുമായിരിക്കും. അതിനാണ്‌ ഈ ഇടിമുഴുവന്‍ വാങ്ങിക്കൂട്ടുന്നത്‌. പുറത്തിറങ്ങിയാലും ഇനിയുള്ളകാലം ആശുപത്രിവരാന്ത നിരങ്ങാനേ സമയമുണ്ടാവൂ. അതുപോലത്തെ ഇടിയാണ്‌ അറുമുഖന്‍റെ.

വളരെ സൌമ്യനായ മനുഷ്യനാണ്‌ പീസീ അറുമുഖന്‍. വളരെ കുറച്ചേ സംസാരിക്കൂ. ഒരു ചെറിയ സ്ത്രൈണത തോന്നും സംസാരത്തില്‍. ചെറിയ നാണവും. ഇടിമുറിയില്‍ കയറിയാല്‍ ആള്‌ ഒരു മൃഗമാണ്‌. പത്തുമിനിട്ടുകൊണ്ട്‌ ഏതു കേസും തെളിയിക്കും. അറുമുഖന്‍റെ ഇടി കൊണ്ടവരാരും അതു ജീവിതത്തില്‍ മറക്കുകയുമില്ല.

ഫോണടിക്കുന്നു. വനജയായിരിക്കും. ഇന്നു പോകാന്‍പറ്റില്ലാന്നു പറഞ്ഞാല്‍ പിന്നെ പരിഭവവും പരാതികളും കേള്‍ക്കേണ്ടി വരും. ഒരു പോലീസുകാരന്‍റെ ഭാര്യയായാല്‍ ഇങ്ങനെയൊക്കെ ആണെന്നു ഇതുവരെ മനസ്സിലാക്കാനായിട്ടില്ല അവള്‍ക്ക്‌. അവടെ കെടന്നടിക്കട്ടെ. കാലെടുത്ത്‌ മേശയില്‍ കയറ്റി വച്ച്‌ ഒന്നു നീണ്ടു നിവര്‍ന്നിരുന്നു.


ഹോ ഒന്നു മയങ്ങിപ്പോയല്ലോ. അധികനേരമായോ? ലോക്കപ്പില്‍ നിന്നു ശബ്ദമൊന്നും കേള്‍ക്കുന്നില്ലല്ലോ. അറുമുഖാ..

ഓടിച്ചെന്നു നോക്കി. കാലുകള്‍ കവച്ചു വെച്ച്‌ അറുമുഖന്‍ അയാളുടെ മുഖത്തേയ്ക്ക്‌ മൂത്രമൊഴിച്ചു കൊണ്ടിരിക്കുകയാണ്‌. ശ്വാസം കിട്ടാന്‍ വേണ്ടി അയാള്‌ മുഖം അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ടിരിക്കുന്നു.

"അറുമുഖാ നിര്‍ത്ത്‌.."

ഛെ. അറപ്പു തോന്നി.

അറുഖന്‍ തിരിഞ്ഞു നിന്ന്‌ സിപ്പിട്ടു. അയാളുടെ മുഖത്ത്‌ ഒരു ഭാവഭേദവുമില്ല. കുനിഞ്ഞു നിന്ന്‌ അയാളുടെ മീശയില്‍ നിന്ന്‌ മൂന്നാലു രോമങ്ങള്‌ പിച്ചിപ്പറിച്ചെടുത്തു. ചോര മേല്‍ചുണ്ടുകടന്ന്‌ വായിലേയ്ക്കൊഴുകി. കണ്ടു നില്‍ക്കാന്‍ വയ്യ. എന്തെങ്കിലുമാകട്ടെ. ഒന്നു വേഗം..

വീണ്ടും കസേരയില്‍ പോയിരുന്നു. അറുമുഖന്‍ റൈട്ടറുടെ റൂമില്‍ പോയി ബ്ളേഡ്‌ എടുത്തുകൊണ്ട്‌ പോകുന്നു.

ഹും, ഇനി അധികം നേരം വേണ്ടി വരില്ല. പക്ഷേ സാധനം കിട്ട്യാല്‍ അയാളെ വിടേണ്ടി വരും. ഈ പരുവത്തില്‍ കോടതിയില്‌ കൊണ്ടുപോകാന്‍ പറ്റില്ല. നാശം.

അയാളുടെ അലര്‍ച്ച കേട്ടു തുടങ്ങി. പോയി നോക്കാതിരിക്കുന്നതാവും നല്ലത്‌. ഒരു ശനിയാഴ്ച പണ്ടാരമടങ്ങിയെന്നു പറഞ്ഞാല്‍ മതിയല്ലോ.

കവലയിലിറങ്ങി ഒന്നു പുകയ്ക്കാം. അഴിച്ചിട്ടിരുന്ന ബെല്‍ട്ടെടുത്തു കെട്ടി. മെല്ലെ പുറത്തേയ്ക്കിറങ്ങി. ഇരുട്ട്‌ വീണീരിക്കുന്നു.


ഒരു അരമ്ണിക്കൂറെടുത്തുകാണും. തിരിച്ചു വന്നപ്പോള്‍ അറുമുഖന്‍ വരാന്തയില്‍ പാറാവുകാരന്‍റെ കസേരയില്‌ ഇരിക്കുന്നു. ആകെ തളര്‍ന്ന മട്ടാണ്‌. ഒന്നു പേടിച്ചു.

"എന്താടോ.. കാഞ്ഞു പോയോ?" പേടി മറച്ചു വച്ചില്ല.

"ഇല്ല സാര്‍.. ആ തെണ്ടി എന്നിട്ടും ഒന്നും മിണ്ടിയില്ല.."

അറുമുഖനോട്‌ അടങ്ങാത്ത കലി തോന്നി. വല്യ ഇടിക്കാരനാണെന്നാ ഭാവം!

ഇനിയിപ്പോ എന്തു ചെയ്യും. ഒന്നു പോയി നോക്കാം.

ലോക്കപ്പിന്‍റെ അഴികളില്‍ കെട്ടിയിട്ട കൈകളില്‍ തൂങ്ങിക്കിടക്കുന്നു. മൂത്രത്തിന്‍റെയും മലത്തിന്‍റെയും മണം ഓക്കാന്മുണ്ടാക്കുന്നു.

കാലിന്‍റെ വെള്ളയോക്കെ ചൂരലടി കൊണ്ട്‌ കറുത്തു കരുവാളിച്ചിരിക്കുന്നു. ലാത്തികൊണ്ട്‌ മുഖമൊന്ന്‌ ഉയര്‍ത്തി നോക്കി. ആസ്ത്മാരോഗികളെപ്പോലെ ശ്വാസം ആഞ്ഞു വലിക്കുന്നുണ്ട്‌. പകുതിയടഞ്ഞ കണ്ണിലൂടെ ആ നോട്ടം! ലാത്തിയെടുത്തപ്പോള്‍ തല വീണ്ടും താഴേയ്ക്കു വീണു തൂങ്ങി.

ശവം! എത്ര നേരമാണ്‌ മനുഷ്യനെ മെനക്കെടുത്തുന്നത്‌. ഒരു ചവിട്ടു വച്ചുകൊടുക്കാനാണു തോന്നിയത്‌.

കാലുയര്‍ത്തിയപ്പോഴേയ്ക്ക്‌ ഫോണ്‍ ബെല്ലടിച്ചു. വനജയായിരിക്കും. ഇന്നത്തെ പരിപാടി ക്യാന്‍സല്‍ ആയെന്നു പറഞ്ഞേക്കാം. പിള്ളേര്‍ക്ക്‌ പുറത്തു നിന്നെന്തെങ്കിലും വാങ്ങിക്കൊണ്ടു വരാമെന്നു പറയാം.

ഫോണെടുത്തു. മണ്ഡലം പ്രസിഡന്‍റാണ്‌.

"ഹലോ സാര്‍.. ഇതുവരെ ഒന്നും.."

മാല കിട്ടിയെന്ന്‌. അയാളെ വിട്ടേക്കാന്‍.

നല്ല മുഴുത്ത തെറികള്‌ വന്നതാണ്‌ നാവില്‍. രാഷ്ട്രീയക്കാരനാണ്‌. പിണക്കാന്‍ പാടില്ല. രോഷം കടിച്ചമര്‍ത്തി, ശരിയെന്നു പറഞ്ഞു വച്ചു.

അറുമുഖാ... എവിടെപ്പോയി അയാള്‌.. നാശം പിടിക്കാന്‌. ഒരു ബക്കറ്റു വെള്ളം കൊണ്ടുപോയി അയാളുടെ മേത്തൊഴിക്കാന്‍..

കക്കൂസിലെ ബക്കറ്റില്‌ വെള്ളം പിടിച്ച്‌ കൊണ്ടുപോയി തലവഴി ഒഴിച്ചു. അതു ന്നക്കിക്കുടിക്കുമെന്നാണ്‌ വിചാരിച്ചത്‌. മുഖം തിരിക്കാന്‍ ശ്രമിക്കുന്നു. മൂത്രമാണെന്നു കരുതിക്കാണും..

പകുതിയടഞ്ഞ വലത്തേക്കണ്ണിലൂടെ നനഞ്ഞ ഒരു നോട്ടം.

പണ്ടാരമടങ്ങിയ ഒരു ശനിയാഴ്ച. ഒരു വില്‍സെടുത്ത്‌ കത്തിച്ചു. ഒരു പുകയെടുത്തിട്ട്‌ അയാളുടെ ചുണ്ടില്‌ വച്ചുകൊടുത്തു.

18 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഈ പോസ്റ്റിന്‍റെ മൊത്തം ഉത്തരവാദിത്തം സനോര റാഞ്ച്‌ എന്ന വൈനെറിക്കാണ്‌.. :)

Typist | എഴുത്തുകാരി പറഞ്ഞു...

ശരിക്കും ഇങ്ങനൊക്കെയാണോ നടക്കുന്നതു്?

kaithamullu : കൈതമുള്ള് പറഞ്ഞു...

പാമൂ,
സത്യാണോ?
അനുഭവം പോലെ എഴുതിയിരിക്കുന്നൂ!

അപാരമായ വര്ണന,
നല്ല ചാതുര്യം.
- നമോ നമഃ

അജ്ഞാതന്‍ പറഞ്ഞു...

ഒന്നിനും ഒരു മറയില്ലാതെ ..
മടിയില്ലാതെ വരച്ച ചിത്രം
എത്രയോ ശരി ...

പാമരന്‍ ... ആദ്യ വായനയാണ് ...
വളരെ നന്നായിരിക്കുന്നു ...

തണല്‍ പറഞ്ഞു...

കഥ നിര്ത്തിമയിട്ടും ആ ഇടത്തേ കൈയിന്റെ തള്ളവിരല്‍ പിന്നെയും എന്തെല്ലാമോ പിച്ചും പേയും പറഞ്ഞുകൊണ്ടിരിക്കുന്നു പാമൂ..
:(
വായിച്ചുകൊണ്ടിരുന്നപ്പൊള്‍ എനിക്കിത്രയും ടെന്‍ഷന്‍..അപ്പോള്‍ എഴുതിയ ആളിന്റെ കാര്യം പറയാനുണ്ടോ മച്ചൂ..!

ചാണക്യന്‍ പറഞ്ഞു...

പോക്കില്ലാത്തവന്‍ പോലീസാവും എന്നൊരു ചൊല്ലുണ്ട്.....
അത്തരത്തിലുള്ള പോലിസുകാരനായിരിക്കാം ആറുമുഖം....
പോലീസുകഥ നന്നായി പാമൂ...

...പകല്‍കിനാവന്‍...daYdreamEr... പറഞ്ഞു...

നന്നായി എഴുതിയിരിക്കുന്നു...

സനാതനന് ‍| sanathanan പറഞ്ഞു...

അതിഭാവുകത്വം നശിപ്പിച്ച കഥ :(

അനില്‍@ബ്ലോഗ് പറഞ്ഞു...

ഇങ്ങിനെ ഒക്കെ തന്നെയാണ് നമ്മുടെ പോലീസ് സ്റ്റേഷനുകളില്‍ നടക്കുന്നത്.

ശരിക്കും രംഗം മുന്നില്‍ തെളിയുന്നപോലെ.

രണ്‍ജിത് ചെമ്മാട്. പറഞ്ഞു...

പാമരോ നീയിത്രയ്ക്ക് ഫീകരനാ...?

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

കഷ്ടം തന്നെ.

സിപ്പല്ല,, സിബ്ബ്.

കാപ്പിലാന്‍ പറഞ്ഞു...

പോലീസും മറ്റും ശരിയായെങ്കിലും കഥ ശരിയായില്ല പാമൂ .

ഇത് പോര .

ആദ്യം ഫോണ്‍ അടിച്ചപ്പോള്‍ തന്നെ ഞാന്‍ കരുതി ഇതിലായിരിക്കും പിടിച്ചു നിര്‍ത്തുക എന്ന് .

പാമരന്റെ കഥയുടെ പ്രത്യേകത വായനക്കാരന്റെ പ്രവചനത്തിനും അപ്പുറം പോകുക എന്നതാണ് .

കഥയുടെ ആദ്യ ഭാഗത്തില്‍ തന്നെ കഥയുടെ അവസാനം പറഞ്ഞതിനാല്‍ ഇതിനു എന്‍റെ വക മാര്‍ക്കില്ല .എന്നെ തല്ലല്ലേ :):)

lakshmy പറഞ്ഞു...

ഇത് കഥയായത് ആ ഫോൺ കോളിൽ മാത്രം. ബാക്കിയെല്ലാം വാസ്തവങ്ങളുടെ പച്ചയായ ആവിഷ്കരണമായാണ് തോന്നിയത്. വളരേ നന്നായി പറഞ്ഞിരിക്കുന്നു

പൊറാടത്ത് പറഞ്ഞു...

നല്ല വിവരണം.... ശരിയ്ക്കും കണ്ട അനുഭവം..

ചന്ദ്രകാന്തം പറഞ്ഞു...

അനുഭവമെന്നു തോന്നിപ്പിയ്ക്കും വിധം അസാദ്ധ്യമായ രംഗവിവരണം.
പക്ഷേ..തുടക്കം മുതല്‍‌തന്നെ, ഒരു ഫോണ്‍ബെല്‍ ഇപ്പൊ കേള്‍ക്കും എന്നൊരു തോന്നല്‍ വന്നിരുന്നു.

"പാമരന്റെ കഥയുടെ പ്രത്യേകത വായനക്കാരന്റെ പ്രവചനത്തിനും അപ്പുറം പോകുക എന്നതാണ് ." (കാപ്പിലാന്‌ കടം)
അതുണ്ടായില്ല.

പ്രയാസി പറഞ്ഞു...

ഇതു പോലൊരു ആറുമുഖനെ ബൂലോകത്തിനും ആവശ്യമുണ്ട്!

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

ഒരു സുരേഷ്‌ ഗോപി പടത്തിണ്റ്റെ സ്റ്റൈലില്‍ കടുപ്പമായിപ്പോയി.

മാണിക്യം പറഞ്ഞു...

“...വളരെ സൌമ്യനായ മനുഷ്യനാണ്‌ പീസീ അറുമുഖന്‍. വളരെ കുറച്ചേ സംസാരിക്കൂ. ഒരു ചെറിയ സ്ത്രൈണത തോന്നും സംസാരത്തില്‍. ചെറിയ നാണവും. ...”

പാമൂ മനുഷ്യന്‍ മാത്രമേ ഈ വിധം കെട്ടിയിട്ട് അടിക്കൂ പ്രതിയോഗിക്ക് ഓടി രക്ഷപെടാനോ ആ തെറ്റ് ഞാന്‍ ചെയ്തില്ലാ എന്ന് കേണു പറയുന്നത് കേള്‍ക്കാനോ മിനക്കെടാതെ . ..

....ചത്തത് കീചകനെങ്കില്‍
കൊന്നത് ഭീമന്‍ തന്നെ എന്ന നയം

"ഞ്ഞി നാളേക്ക്‌ വെച്ചാലോ?" എന്ന് പ്പറഞ്ഞാലും ചെവികൊള്ളാതെ ...

ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപെടരുത് ... എന്നിട്ടോ?

നല്ല രചന. ഈ തണുപ്പിലും വിയര്‍ക്കുന്നു. ആരോടൊക്കെയോ വല്ലത്ത രോഷം, അതെഴുതി ഒരു തീ പോലെ പടര്‍ത്താന്‍ പാമരനു കഴിഞ്ഞു.
സ്നേഹാശംസകളൊടേ മാണിക്യം