2008, ജൂൺ 7, ശനിയാഴ്‌ച

ഇരുട്ട്‌ തിന്നുതുടങ്ങിയ ഒരു നാളം

http://abandoned-orphaned.typepad.com/paulmyhill/2007/11/world-orphans-r.html
ഇരുട്ട്‌ പതുക്കെ തിന്നുതുടങ്ങിയ ഒരു നാളം

ഒരു നാളത്തെ പകുത്തൊട്ടിച്ച രണ്ടു കണ്ണുകള്‍
കരളുരുകിയൊലിച്ച രണ്ടു തുള്ളികള്‍

ഇരുട്ടെടുത്തുടുത്ത്‌ നാണം മറച്ച കുഞ്ഞുടുപ്പ്‌
ഇല്ലായ്മയെ നാടറിയാതമര്‍ത്തിപ്പിടിച്ച പിഞ്ചുവയറു്‌

ദീനം പിടിച്ച ദൈന്യതയെ ചീറ്റിയൊഴുക്കുന്ന മൂക്ക്‌
അണകെട്ടിയിട്ട സങ്കടത്തിന്‍റെ തൊണ്ട ഞെക്കിപ്പിടിച്ചൊരേങ്ങല്‍

കറുത്ത കണ്ണട വെച്ചതുകൊണ്ടല്ലേ കുഞ്ഞേ,
നിന്നെ ഞാന്‍ കാണാത്തത്‌.

25 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

കറുത്ത കണ്ണട വെച്ചതുകൊണ്ടല്ലേ കുഞ്ഞേ, നിന്നെ ഞാന്‍ കാണാത്തത്‌.

മൂര്‍ത്തി പറഞ്ഞു...

!

ഹരിത് പറഞ്ഞു...

കറുത്ത കണ്ണട വച്ച മന‍സ്സുകളും ധാരാളം
:(

തണല്‍ പറഞ്ഞു...

"ഇല്ലായ്മയെ നാടറിയാതമര്‍ത്തിപ്പിടിച്ച പിഞ്ചുവയറു്‌
ദീനം പിടിച്ച ദൈന്യതയെ ചീറ്റിയൊഴുക്കുന്ന മൂക്ക്‌"
-പാമര്‍ജീ,ശ്വാസം മുട്ടുന്നപോലെ..ആ ചിത്രത്തില്‍ ഒരിക്കല്‍ ക്കൂടി നോക്കാനാവുന്നില്ല..:(

കുഞ്ഞന്‍ പറഞ്ഞു...

പാമര്‍ജീ...

അങ്ങിനെയൊരു ന്യായീകരണം ആവിശ്യമില്ലായിരുന്നു..കറുത്ത കണ്ണട... കണ്ണട ഊരിമാറ്റാം പക്ഷെ തിമിരമാണെങ്കിലൊ ഓപ്പറേഷന്‍ തന്നെ വേണ്ടി വരും എന്നാല്‍ത്തന്നെയും വീണ്ടു വരും..!

ആ ചിത്രമില്ലെങ്കില്‍ ഈ കവിതയില്ല... ആ മുഖത്തേക്കു ഒന്നുകൂടി നോക്കാന്‍ സാധിക്കുന്നില്ല.

ശ്രീവല്ലഭന്‍. പറഞ്ഞു...

:-(

Sharu.... പറഞ്ഞു...

ഈ കവിതയിലില്ലാത്ത പലതും ആ ചിത്രത്തിലുണ്ടെന്ന് തോന്നി.

കണ്ണടയാണെങ്കില്‍ ഊരി മാറ്റാം. പക്ഷെ തിമിരവും അന്ധതയും ഒരുപോലെ ബാധിച്ച കണ്ണുകളും മനസ്സുകളും ഇതൊന്നും ഒരിക്കലും കാണില്ല.

കാവലാന്‍ പറഞ്ഞു...

"അണകെട്ടിയിട്ട സങ്കടത്തിന്‍റെ തൊണ്ട ഞെക്കിപ്പിടിച്ചൊരേങ്ങല്‍"

ഒരു സങ്കടപ്പെരുങ്കടല്‍ മൂകം അലയടിയ്ക്കുന്നുണ്ട് ,
ആരൊക്കെയോ കെട്ടിപ്പൊക്കിയ കരിങ്കല്ലണയില്‍
തലയടിച്ചു മരിക്കുന്നുണ്ട്
പാമരാ...
മങ്ങിയ കാഴ്ചകളിനിയും .......

വാക്കുകളടര്‍ന്നു പോവുന്നു.

കുറ്റ്യാടിക്കാരന്‍ പറഞ്ഞു...

:(

കാന്താരിക്കുട്ടി പറഞ്ഞു...

ഈശ്വരാ ഈ പടം കണ്ടിട്ടു സഹിക്കുന്നില്ല..ആ കുഞ്ഞിന്റെ നിഷ്കളങ്കമായ മുഖം ഒരിക്കല്‍ കൂടെ കാണാന്‍ വയ്യ...

Gopan (ഗോപന്‍) പറഞ്ഞു...

പാമരന്‍സേ,
അസുഖകരമായ കാഴ്ചകള്‍ കാണുമ്പോള്‍ മുഖം തിരിക്കുന്ന മനുഷ്യന്‍റെ നിലപാടാണോ ഈ കണ്ണട ?. സ്നേഹവും ലാളനവും അനുഭവിക്കേണ്ട സമയത്തു വെറുപ്പും ദാരിദ്ര്യവും ഏറ്റു വാങ്ങേണ്ടി വരുന്ന ഈ കുരുന്നു ജീവനുകള്‍ മനസാക്ഷി മരിക്കാത്തവരുടെ സ്നേഹത്തിനും സഹായത്തിനും കാതോര്‍ത്ത്‌ ഇന്ത്യയിലെ തെരുവുകളില്‍ നിറയെ ഉണ്ട്.. ഒരു കുഞ്ഞു വയറെങ്കിലും ഒരു നേരം നിറയ്ക്കുവാന്‍ നമ്മില്‍ ആര്‍ക്കെങ്കിലും കഴിഞ്ഞാല്‍ അതിലേറെ പുണ്യം വേറെയെന്താണ്‌ ?
കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

പാമൂജീ, വരികളും ചിത്രവും ഏതോ ഒരു തലത്തിലേയ്ക്ക് കൊണ്ടുപോവുന്നപോലെ...

ചിലതെല്ലാം കണ്ടില്ലെന്ന്നു നടിക്കാറുണ്ടല്ലോ എല്ലാവരും

ഫസല്‍ പറഞ്ഞു...

കറുത്ത കണ്ണടക്കു പകരം ലെന്‍സുള്ള കണ്ണടകള്‍ വേണ്ടി വരുന്നിടം

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

ദാരിദ്ര്യത്തിന്റെ വേദനയുടെ മുറിവുകളാണ് ആ പിഞ്ചുകുഞ്ഞിന്റെ മുഖത്ത് നിറയുന്ന നിസാഹായത
കവി മനസിന്റെ ഗദഗദങ്ങള്‍ ഒരു നൊമ്പരപ്പെടലായി മാറുന്നു.
മനുഷ്യന്റെ സ്വാര്‍ഥതയുടെ പരക്കം പാച്ചിലിനിടയില്‍
നാം കാണാതെ പോകുന്ന ഇത്തരം നിസ്സഹായമായ അവസ്ഥകളാണ് നാം ഇനിയും തിരിച്ചറിയേണ്ടത്

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

പാമു വീണ്ടും ഒരിക്കല്‍ കൂടി ഈ നല്ല കവിതക്ക്
ആശംസകള്‍

ചന്ദ്രകാന്തം പറഞ്ഞു...

പല കാഴ്ചകളിലും... അന്ധരാണ്‌ നാം.

Jithendrakumar/ജിതേന്ദ്രകുമര്‍ പറഞ്ഞു...

കവിതയുടെ തലക്കെട്ടും പടവും മതി, കവിതയെക്കാളേറെ അവ പറയുന്നുണ്ട്‌,വല്ലാതെ നൊമ്പരപ്പെടുത്തുന്നുമുണ്ട്‌.

ബൈജു (Baiju) പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ബൈജു (Baiju) പറഞ്ഞു...

എന്നുയിര്‍ത്തീയില്‍ സ്വയം പൊരിഞ്ഞു
ഞാനീക്കുഞ്ഞിന്‍മുന്നിലിന്നൊരു
റൊട്ടിത്തുണ്ടമായ് പതിച്ചെങ്കില്‍ -ഓ.എന്‍.വി

ആ കണ്ണുകള്‍, അവയിലെ ദൈന്യം, തെല്ലൊന്നുമല്ല ഉള്ളുപൊള്ളിച്ചത്.

നാം കറുത്തകണ്ണടകള്‍ മാറ്റേണ്ടിയിരിക്കുന്നു

-ബൈജു

ബൈജു (Baiju) പറഞ്ഞു...

പാമരന്‍ മാഷിന്‌ അഭിനന്ദനങ്ങള്‍ പറയാന്‍ മറന്നു...:)

-ബൈജു

മുരളിക... പറഞ്ഞു...

കറുത്ത കണ്ണട വെച്ചതുകൊണ്ടല്ലേ കുഞ്ഞേ, നിന്നെ ഞാന്‍ കാണാത്തത്‌.....

അല്ല മാഷേ,,, ഒരു പെറ്റമ്മ മക്കളെ കാണാതെ... കൊല്ലനയച്ച കഥയില്ലേ നമ്മുടെ പുരാണത്തില്‍?

lakshmy പറഞ്ഞു...

അതു നോക്കി ചിരിച്ചു കൊണ്ട് നില്‍ക്കുന്ന കണ്ണുകളേക്കാള്‍ എത്രയോ ഭേദം, അസഹനീയമായ ദൃശ്യങ്ങളെ താങ്ങാനാവാതെ വച്ച കണ്ണടകള്‍

Ranjith chemmad പറഞ്ഞു...

കാഴ്ചയുമിപ്പോള്‍
കേള്വിയേക്കാള്‍ വൈകിയെത്തുന്നു..
കാല്‍ത്തിന്റെ വിരോധാഭാസം.....
ദീനമീക്കാഴ്ച്ച;ദീപ്തമീ വരികള്‍.... പാമുവേട്ടാ... ആശംസകള്‍

ഗീതാഗീതികള്‍ പറഞ്ഞു...

ദാരിദ്ര്യമാണെങ്കിലും ആ കണ്ണുകളില്‍ തിളക്കം.
കവിളുകളില്‍ ശൈശവത്തിന്റെ തുടിപ്പ്....

തൊട്ടടുത്തു തന്നെ മറ്റൊരു ഭാഗ്യവാനായ(ഭാഗ്യവതിയായ)കുഞ്ഞ്. രണ്ടു മുഖങ്ങളിലും നിഴലിക്കുന്ന നിഷ്കളങ്കതയ്ക്ക് മാറ്റ് ഒരുപോലെ...

പാമൂ, ആ വരികള്‍ വായിച്ചപ്പോള്‍ വല്ലാത്തൊരു വിങ്ങല്‍ .

..വീണ.. പറഞ്ഞു...

:( അതെ, കറുത്ത കണ്ണട വെച്ചിരിക്കുന്നു, ഞാനും...