2008, ജൂൺ 18, ബുധനാഴ്‌ച

ഒരു തെണ്ടിയുടെ മരണം

http://artsearch.nga.gov.au/Detail-LRG.cfm?IRN=57469&View=LRG
ഞരങ്ങി നിന്ന വണ്ടിക്കടിയില്‍
ചെളുങ്ങിയൊരു പിച്ചപ്പാത്രം
ചിതറിത്തെറിച്ച നാലു നാണയങ്ങള്‍
ഒരു തുടം ചോര
ജനിക്കാനിടകിട്ടാതെപോയ ഒരു നിലവിളി

നാണം ചതഞ്ഞു പോയിടം മറയ്ക്കാന്‍
നാണമില്ലാത്തൊരു തുണിക്കഷണം
കാലിവയറു പിഞ്ഞി കാഷ്ഠം പുറത്തു വന്നതിന്‌
കാല്‍സരായിക്കാരുടെ മനംപിരട്ടല്‍
തിരിച്ചടയ്ക്കാന്‍ വയ്യാത്ത ഉണക്കവായില്‌
ഈച്ചകളുടെ അനുശോചന സമ്മേളനം
മുനിസിപ്പല്‍ ജീവനക്കാരന്‍റെ
ഓവര്‍ട്ടൈം തെറി

മറവു ചെയ്യാന്‍
ചരമക്കോളത്തില്‍ പോലും
ഒരുതുണ്ടുഭൂമിയില്ലാത്തവനേ,
മരണത്തിലൂടെയും ശല്യമാകാതെ
നിനക്ക്‌ കാഴ്ചയുടെ പിന്നാമ്പുറത്തെങ്ങാന്‍
ജീവിച്ചുകൂടായിരുന്നോ?

35 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഇന്നത്തെ ചിന്തകള്‍..

തണല്‍ പറഞ്ഞു...

കാലിവയറു പിഞ്ഞി കാഷ്ഠം പുറത്തു വന്നതിന്‌
കാല്‍സരായിക്കാരുടെ മനംപിരട്ടല്‍...
മറവു ചെയ്യാന്‍
ചരമക്കോളത്തില്‍ പോലും
ഒരുതുണ്ടുഭൂമിയില്ലാത്തവനേ,
മരണത്തിലൂടെയും ശല്യമാകാതെ
നിനക്ക്‌ കാഴ്ചയുടെ പിന്നാമ്പുറത്തെങ്ങാന്‍
ജീവിച്ചുകൂടായിരുന്നോ?
-പാമര്‍ജീ,
ഞരമ്പ് പൊട്ടിത്തകര്‍ന്ന എഴുത്ത്..
ഇരിക്കട്ടെ എന്റെയൊരു ഓവര്‍ട്ടൈം ആശംസകള്‍!!

തണല്‍ പറഞ്ഞു...

അയ്യോ..നാടമുറിച്ചത് ഞാനായിരുന്നോ..ങാഹാ!അനുഭവിച്ചോ..അനുഭവിച്ചോ..

ചന്തു പറഞ്ഞു...

"മുനിസിപ്പല്‍ ജീവനക്കാരന്റെ ഓവര്‍ടൈം തെറി".....
മൊത്തത്തില്‍ നന്നായി. (നന്നായി വിഷമോണ്ട്‌)

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

അയ്യോ അയ്യോ..

Sharu.... പറഞ്ഞു...

മറവു ചെയ്യാന്‍
ചരമക്കോളത്തില്‍ പോലും
ഒരുതുണ്ടുഭൂമിയില്ലാത്തവനേ,
മരണത്തിലൂടെയും ശല്യമാകാതെ
നിനക്ക്‌ കാഴ്ചയുടെ പിന്നാമ്പുറത്തെങ്ങാന്‍
ജീവിച്ചുകൂടായിരുന്നോ?
പൊട്ടിത്തെറിക്കുന്ന ചോദ്യമാണല്ലോ. കവിത വളരെ ഇഷ്ടമായി :)

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

ആരോരുമില്ലാത്തൊരു തെണ്ടി പ്ക്ഷെ ആറടി മണ്ണിന്റെ ജന്മി എന്നഗാനമാണ് ആദ്യമായി ഓര്‍മ്മ
വന്നത്.
പണമുള്ളവന്റെതാണ് പാമു ഈ ലോകം
ഒന്നുമില്ലാത്തവന്റെ മരണം തെരുവു പട്ടികള്‍ക്ക്
സമമാണ്.
പലതും ഓര്‍മ്മപെടുത്തുന്നു ഈ വരികള്‍

വാല്‍മീകി പറഞ്ഞു...

പിന്നാമ്പുറങ്ങളില്‍ ജീവിക്കുന്ന ഗതികെട്ട ആത്മാക്കള്‍ക്ക് വേണ്ടി ഒരു കുറിപ്പ്. ചുട്ടുപൊള്ളൂന്ന വരികള്‍.

ശിവ പറഞ്ഞു...

ഇങ്ങനെ എത്ര ജന്മങ്ങള്‍ നമുക്കുചുറ്റും....ഈ വരികളിലെ ആശയം നന്നായി....ലളിതം ഈ വരികള്‍....

Ranjith chemmad പറഞ്ഞു...

കാഴ്ചയുടെ പിന്നാമ്പുറങ്ങളിലേക്ക്
ചോര തെറിക്കുന്ന വരികളിലൂടെ
ഒരെത്തിനോട്ടം...
കെട്ടുകാഴ്ചകളുടെ കൊട്ടിഘോഷിക്കലില്‍നിന്ന്,
ഓരവല്‍ക്കരിക്കപ്പെട്ട ഹതഭാഗ്യരെ
ഇങ്ങനെ വരികളിലൂടെയെങ്കിലും വരച്ചിടുന്ന
താങ്കളെപ്പോലുള്ള സുമനുസ്സുകള്‍ക്ക്
അകക്കാഴ്ച്ച കൂടട്ടെയെന്നാശംസിക്കുന്നു.

സി. കെ. ബാബു പറഞ്ഞു...

തീക്ഷ്ണമായ വരികള്‍!

ബിന്ദു കെ പി പറഞ്ഞു...

വളരെ ശക്തമായ പ്രമേയം. അതിനൊത്ത വരികളും..

ജ്യോനവന്‍ പറഞ്ഞു...

കവിതപോലെ പടവും കലക്കന്‍!

Don(ഡോണ്‍) പറഞ്ഞു...

"
മറവു ചെയ്യാന്‍
ചരമക്കോളത്തില്‍ പോലും
ഒരുതുണ്ടുഭൂമിയില്ലാത്തവനേ,
മരണത്തിലൂടെയും ശല്യമാകാതെ
നിനക്ക്‌ കാഴ്ചയുടെ പിന്നാമ്പുറത്തെങ്ങാന്‍
ജീവിച്ചുകൂടായിരുന്നോ?"

-പാവപ്പെട്ടവന് മരിക്കാന്‍ പോലും അവകാശമില്ല.ജനിക്കതിരിക്കാന്‍ അവന് സ്വാതന്ത്ര്യമില്ല.ജീവിക്കാന്‍ അനുവാദമില്ല.മരിക്കാന്‍ അവകാശമില്ല.നരകിക്കാന്‍ അര്‍ഹതയുണ്ട്.


നല്ല കവിത.നന്നായിട്ടുണ്ട്

നിരക്ഷരന്‍ പറഞ്ഞു...

എന്തൊരു മൂര്‍ച്ചയാണ് വരികള്‍ക്ക്. എവിടെയൊക്കെയോ ചോര പൊടിഞ്ഞു.

കുറ്റ്യാടിക്കാരന്‍ പറഞ്ഞു...

ഞാനൊക്കെ മരിക്കുന്നത് എങ്ങനെയായിരിക്കുമോ ആവോ?

വെള്ളം കിട്ടിയായിരിക്കുമോ?
തൊണ്ട പൊട്ടിയായിരിക്കുമോ?
വണ്ടി കയറിയായിരിക്കുമോ?
അതോ ഏതെങ്കിലും സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ നഴ്സിന്റെ പരിചരണവും ആസ്വദിച്ചായിരിക്കുമോ?

മരിച്ചുകഴിഞ്ഞ് ആരെങ്കിലും എടുത്ത് മറവുചെയ്യുമോ ആവോ?
അതോ പുഴുക്കള്‍ക്ക് ഭക്ഷണമാവുമോ?
വെള്ളത്തില്‍ ആണെങ്കില്‍ മീനുകള്‍ക്ക് എന്റെ ദ്രവിച്ച ശരീരം കൊത്തിക്കൊത്തിയെടുക്കാന്‍ കഴിയുമായിരിക്കും...

മരുഭൂമിയിലാണെങ്കില്‍ ഏതെങ്കിലും കഴുകന്‍ കൊത്തിത്തിന്നുമായിരിക്കും...

എന്തായാലും മരിച്ചുകഴിഞ്ഞാല്‍ പിന്നെ ഇതിനെ പറ്റി ചിന്തിക്കാന്‍ ഞാനുണ്ടാവില്ലല്ലോ...

സ്വന്തം കിടക്കയില്‍കിടന്ന് മരിക്കാന്‍ കഴിയാനും മതി...

ആര്‍ക്കറിയാം...

പാമരന്‍ പറഞ്ഞു...

തണലേ.. നന്ദി.. ഉല്‍ഘാടനത്തിന്‌ ഇങ്ങളെത്തന്നെ കിട്ടിയത്‌ ഒരു ഭാഗ്യമല്ലേ :)

ചന്തു, ആദ്യമായാണിവിടെ. നന്ദി..

മിന്നാമ്മിന്നീ.. :)

ഷാരു, നന്ദി..

പിള്ളേച്ചാ, നന്ദി..

മുനിയണ്ണാ, നന്ദി..

ശിവ, നന്ദി...

രഞ്ജിത്തേ, നന്ദി.. എന്നും ഉള്‍ക്കാഴ്ചയ്ക്കു കണ്ണട വേണ്ടാതിരിക്കട്ടെ.

ബാബു സാര്‍, നന്ദി..

ബിന്ദു, നന്ദി...

ജ്യോനവന്‍ജി, നന്ദി..

ഡൊണ്‍, സത്യം തന്നെ.. നന്ദി..

നിരച്ചരാ, നണ്‍ട്രി.. ഇത്തിരി മനുഷ്യത്വം ബാക്കിയുള്ളിടത്തേ ചോരപൊടിയൂ..

കുറ്റീ.. നന്ദി.. എന്തായാലും ഒരു സൂപ്പര്‍ സ്പെഷ്യാലിറ്റീള്ള മരണം ആശംസിക്കട്ടേ ? :)

Rare Rose പറഞ്ഞു...

ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് ആരാലൊക്കെയോ വലിച്ചിഴക്കപ്പെട്ടവര്‍...അവരുടെ മരണം പോലും എത്ര ലാഘവത്വത്തോടെ വെറുപ്പിന്റെയും,ശകാരത്തിന്റെയും മേമ്പൊടിയിലൂടെ മാത്രം നോക്കിക്കാണുന്ന കണ്ണുകള്‍...അവസാനത്തെ ചോദ്യം ...ഉത്തരമില്ലാതെ അത് മനസ്സിലങ്ങനെ കിടക്കുന്നു...... ആശംസകള്‍..
വരികള്‍ക്കിണങ്ങിയ മായാത്ത ഈ ചിത്രം എവിടെന്നു കിട്ടി പാമരന്‍ ജീ..??

മാണിക്യം പറഞ്ഞു...

ഇതാ വിത്യസ്തമായ
ഒരു കവിത !സൌന്ദര്യ വര്‍ണനയല്ല,
മനസാക്ഷിയെ പിടിച്ച് കുലുക്കി
ഒരു പരമാര്‍ത്ഥം എത്ര ശക്തമായി
വാക്കുകളാല്‍ കോറിയിട്ടു...

തെണ്ടിയുടെ മരണം
കണ്മുന്നില്‍ കണ്ട് വിറുങ്ങലിച്ചു നില്‍ക്കുന്നു ഞാന്‍.ഒരു മനുഷ്യായുസ്സ് എത്ര നിസ്സാരം!!
തെണ്ടി ആവണമെന്നില്ലാ
ഇന്ന് റോഡ് ക്രോസ്സ് ചെയ്യൂന്ന
ആര്‍ക്കും ഈ ഗതി പ്രതീക്ഷിക്കാം
“നാശം! ഇതാ മറ്റൊരു റോഡ് ബ്ലോക്ക്”!
കടന്നു പോകുന്നവര്‍‌ വാഹനത്തില്‍ ആണങ്കില്‍
ഇത്രയെ ഉണ്ടാവു പ്രതികരണം .....

വീണ്ടും വായിക്കുമ്പോള്‍‌
കുറ്റിയാടി ചോദിച്ചതൊക്കെ
ഞാനും ചോദിച്ചു പോകുന്നു.
പാമരാ, മനസ്സിന്റെ വിങ്ങല്‍
അതിവിടെ കാഴ്ച വയ്ക്കുന്നു.അല്ലാതെ അഭിനന്ദിയ്ക്കാന്‍ വാക്കുകള്‍ ഇല്ല..

ഗുപ്തന്‍ പറഞ്ഞു...

വല്ലാതെ നോവിച്ച കവിത

കാഴ്ചക്കപ്പുറത്തേക്കു കുടിയിറക്കാന്‍ നാമിഷ്ടപ്പെടുന്ന പലരെയും പലതിനെയും ഓര്‍മ്മിപ്പിച്ചു.

ഗീതാഗീതികള്‍ പറഞ്ഞു...

അയ്യോ ഇങ്ങനെ എഴുതല്ലേ പാമൂ, വായിക്കാന്‍ വയ്യ..

കാന്താരിക്കുട്ടി പറഞ്ഞു...

നല്ല പ്രമേയം... വായിച്ചപ്പോള്‍ കണ്ണു നനഞ്ഞു പോയി..നാളെ ഞാനും ഇതു പോലെ തന്നെ ഏതെങ്കിലും വണ്ടിയുടെ അടിയില്‍ പെട്ടു ...ആ‍രും തിരിച്ചറിയാതെ..പൊതു ശ്മശാനത്തിലേക്കു പായയില്‍ വാരിക്കെട്ടി കൊണ്ടു പോകുന്നതിനെ കുറിച്ചു ഒരു നിമിഷം ഓര്‍ത്തു പോയി...
ആരോരുമില്ലാത്ത തെണ്ടി...ഞാന്‍ ആറടി മണ്ണിന്റെ ജന്മി....

Kiranz..!! പറഞ്ഞു...

ഛായ്..വല്ല ജില്ലേലോ,ജില്ലേലോന്നൊക്കെ എഴുതി ബ്ലോഗ് നിറക്കാന്‍ ഉള്ളതിനു,ഒരു പതിനൊന്നാം കല്‍പ്പനക്കുള്ള ആശയം കൊണ്ട് കവിതയിറക്കിക്കളയും..!

ബൈദവേ മിസ്റ്റര്‍ പാമു,ദേ ഇങ്ങൊട്ടൊന്നോക്ക്യേ..മ്മടെ വേണു ഒരല്‍പ്പം കാലുമാറിട്ടോ..:)

പാമരന്‍ പറഞ്ഞു...

റോസെ, നന്ദി.. ചിത്രം ഗൂഗിള്‍ ഭഗവാന്‍ തന്നതാ :)

മാണിക്യേച്ചീ.. നന്ദി..

ഗുപതന്‍ജീ.. വളരെ നന്ദി.. സന്തോഷം..

ഗീതേച്ചീ, കണ്ണടയ്ക്കുകയേ നിവൃത്തിയുള്ളൂ.. നന്ദി

കാന്താരീ, നന്ദി..

കിരണ്‍സേ, :) വേണുജിയുടെ പടപ്പുറപ്പാട്‌ വായിച്ചിരുന്നു..

മൂര്‍ത്തി പറഞ്ഞു...

നന്നായിട്ടുണ്ട്...

ജിഹേഷ് പറഞ്ഞു...

അവസാന വരി കണ്‍ഫ്യൂഷനാ‍ക്കി..

കാഴ്ചയുടെ പിന്നാമ്പുറത്തെങ്ങാന്‍
ജീവിച്ചുകൂടായിരുന്നോ? എന്നുവച്ചാല്‍?

qw_er_ty

പാമരന്‍ പറഞ്ഞു...

മൂര്‍ത്തി സാര്‍, നന്ദി..

ജിഹേഷേ.. മരണത്തിലൂടെയും ഒരു ശല്യമാകാതെ, നിനക്കു സമൂഹത്തിന്‍റെ കാഴ്ചയില്‍ പെടാതെ ജീവിച്ചാല്‍ പോരായിരുന്നോ എന്ന്‌.. നന്ദി..

Typist | എഴുത്തുകാരി പറഞ്ഞു...

നന്നായിട്ടുണ്ട്‌ കവിത. ആരും ശ്രദ്ധിക്കാനില്ല, ജീവിക്കുമ്പോഴും, മരണത്തില്‍ പോലും.

ഹരിശ്രീ പറഞ്ഞു...

തീക്ഷ്ണമായ വരികള്‍!

ചന്ദ്രകാന്തം പറഞ്ഞു...

മേല്‌ നൊന്തു; ഉള്ള്‌ വെന്തു...

വിശാഖ് ശങ്കര്‍ പറഞ്ഞു...

മൂന്നു ഖണ്ഡിക നീണ്ട നിന്റെയീ നിലവിളിയില്‍ രണ്ടാം ഖണ്ഡം ഒഴിവാക്കിയിരുന്നെങ്കില്‍ ഒന്നു ചാരിനിന്നു കരയാന്‍ എനിക്കിപ്പോ കിട്ടിയ കൈക്കുമപ്പുറം ഒരു ചുമലു തന്നെ കിട്ടിയേനേ....

ആ ഒരു പരാതിയോടെ.., ഒരുപാട് ഇഷ്ടത്തോടെ നിര്‍ത്തുന്നു.

പാമരന്‍ പറഞ്ഞു...

എഴുത്തുകാരി, ഹരിശ്രീ, ചന്ദ്രകാന്തം നന്ദി.

വിശാഖ്മാഷെ, നന്ദി. വളരെ സന്തോഷം. രണ്ടാമത്തെ കഷണം ബോറായെന്നാണോ നന്നായെന്നാണോ ഉദ്ദേശിച്ചേന്നു മനസ്സിലായില്ല :( ഒരു ഡബിള്‍ നെഗറ്റിവ്‌ ഇട്ടു പോസിറ്റിവ്‌ ആക്കിയതാണോ അതോ പോസിറ്റീവിന്‍റെ കുപ്പായം ഇടീച്ച്‌ നെഗറ്റീവിനെ ഇറക്കിയതാണോ.. :) മാഷിന്‍റെ അഭിപ്രായം, അതെന്തായാലും, ഞാന്‍ വളരെ വിലമതിക്കുന്നു.. ആ ഭൂമിശാത്രം വായിച്ചതിനു ശേഷം ഞാനൊരു ആരാധകനാണേയ്‌..

CJ പറഞ്ഞു...

ഒരു തെണ്ടി എങിനെ കവിതയില്‍ മാത്രം വായിക്കാന്‍ അര്‍തമുള്ളവനായി......?

smitha adharsh പറഞ്ഞു...

എന്റെ ദൈവമേ...ഈ വിഷയം വച്ചു ഇങ്ങനെ ഉള്ളില്‍ തട്ടുന്ന കവിത എഴുതാന്‍ പറ്റുമോ? നന്നായി മാഷേ..ഒരു ഉഗ്രന്‍ "ഷേക്ക്‌ ഹാന്‍ഡ്" !!!

അരൂപിക്കുട്ടന്‍/aroopikkuttan പറഞ്ഞു...

kavithaede odukkamokke kandaal chettaayee...
ugran..
ningal perukondu maathram paamaran!!