2008, മാർച്ച് 30, ഞായറാഴ്‌ച

'ഇങ്ക്വിലാബ്‌ സിന്ദാബാദ്‌'


വയറ്റത്തടിയേറ്റ പണിയാളന്‍ കൊടിയെടുത്തപ്പം
കൊടിക്കും പാടത്തിനും നിറം ചുവപ്പായി

ഇരിക്കപ്പൊറുതിയില്ലാത്ത കൊടി
കൈകള്‍ മാറിക്കയറി
കൈക്കോട്ടും* വിട്ട്‌ വായ്ക്കോട്ടമിടുന്നവന്‍റെ
അരമില്ലാക്കയ്യിലൂടെ ബെന്‍സിലും
അണ്‍പാര്‍ലമെന്‍ററി ജനാധിപത്യത്തിനു വശപ്പെട്ട്‌ മേടയിലും
മതേതരത്വപ്രീണനത്തിലൂടെ അരമനയിലും ചെന്ന്‌
മദ്യവും മദിരാക്ഷിയും തിന്ന്‌ മഞ്ഞയും
കസേരയും ഗ്രൂപ്പും കളിച്ച്‌ ത്രിവര്‍ണ്ണവും
പച്ചയുടെ കൊങ്ങായ്ക്കു പിടിച്ച്‌ കാവിയും
ആയി മോക്ഷം നേടി

പണിയാളാന്‍ ചെന്ന പണിയാളന്‍
നിറം കെട്ട ചെങ്കൊടി കുറുകെച്ചാടിയതു കണ്ട്‌
വയറ്റത്തടിച്ചു കരഞ്ഞു വിളിച്ചു
'ഇങ്ക്വിലാബ്‌ സിന്ദാബാദ്‌'

-----------------
*തൂംബാ, കൈക്കോട്ട്‌

29 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

അനേകം പാര്‍ട്ടി സമ്മേളനങ്ങളില്‍ അച്ഛന്‍റെ കയ്യും പിടിച്ച്‌ കുഞ്ഞിത്തൊണ്ട കൊണ്ട്‌ ഇങ്ക്വിലാബും വിളിച്ചു നടക്കുംപ്പോഴാണ്‌ ഞാന്‍ വളര്‍ന്നു പോയത്‌. ഒരു വില്ലേജാപ്പീസറായി പാവപ്പെട്ടവര്‍ക്ക്‌ ദാരിദ്ര്യ സര്‍ട്ടിഫിക്കറ്റും കൊടുത്ത് അല്ലെങ്കില്‍ ഒരു ബാങ്കുദ്യോഗസ്ഥനായി കൈവായ്പയും കൊടുത്ത്‌ താനുള്ളിടത്തോളം കണ്‍വെട്ടത്തുണ്ടാവണമെന്ന ആ പരിപ്പുവട കമ്മ്യൂണിസ്റ്റിന്‍റെ പാര്‍ലമെന്‍ററി വ്യാമോഹം ഒരു ഐടി തൊഴിലാളിയാവാന്‍ വേണ്ടി ഞാന്‍ കള്ളവോട്ടു ചെയ്തു തോല്‍പ്പിച്ചു കളഞ്ഞു. ഇവിടെ മുതലാളിത്തക്കരയിലിരുന്ന്‌ മലയാളത്തെ വായിച്ചു മാത്രമറിയുംബോള്‍ ചെങ്കൊടിക്കു പഴയ നിറമൊന്നും തോന്നുന്നില്ല...

സുനീഷ് കെ. എസ്. പറഞ്ഞു...

കവിതയ്ക്ക് ചുവന്ന അഭിവാദ്യങ്ങള്‍...

കാപ്പിലാന്‍ പറഞ്ഞു...

'ഇങ്ക്വിലാബ്‌ സിന്ദാബാദ്‌'

നാസ് പറഞ്ഞു...

'ഇങ്ക്വിലാബ്‌ സിന്ദാബാദ്‌'.....

kaappilaan muthalaali paranjath pole.....

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

അതെന്നെ, എന്താന്നൊ?

ഇങ്ക്വിലാബ് എന്നു

ഹരിത് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഹരിത് പറഞ്ഞു...

ഈ മൂരാച്ചി പെറ്റി ബൂര്‍ഷ്വാ കവിത വായിച്ചു ആരും പാര്‍ട്ടി വിട്ടു പോകരുത് , പ്ലീസ്. അച്ഛന്‍ ആനപ്പുറത്തിരുന്നിട്ടുണ്ടെന്നു വച്ച് പാമരന്‍റെ എവിടെയും ത്തഴമ്പുണ്ടാവില്ല. എടാ പാമരാ നീ എന്തു കരുതി ഈ പാര്‍ട്ടിയെ ക്കുറിച്ചു?കള്ളൂഷാപ്പിനകത്തു ഉഷാഉതുപ്പിന്‍റെ പാട്ടുപാടി തുള്ളുന്നതു പോലെയാണോ പാര്‍ട്ടിപ്രവര്‍ത്തനം എന്നു കരുതിയോ? വെറും പാമരാ, നീ കവിതയെഴുതി പ്രസ്ഥാനത്തെ തോല്‍പ്പിക്കുന്നതു ഒന്നു കാണണം. ആ ഫാരീസ് അബ്ബുബക്കറെക്കൊണ്ട് നിനക്കു രണ്ട് പൊട്ടിക്കുന്നുണ്ട്!അതു പാര്‍ട്ടി ചാനലില്‍ ലൈവായി കാണിക്കും.

(ഞാന്‍ ഓടി)

March 30, 2008 8:39

ശ്രീവല്ലഭന്‍ പറഞ്ഞു...

"പണിയാളാന്‍ ചെന്ന പണിയാളന്‍
നിറം കെട്ട ചെങ്കൊടി കുറുകെച്ചാടിയതു കണ്ട്‌
വയറ്റത്തടിച്ചു കരഞ്ഞു വിളിച്ചു
'ഇങ്ക്വിലാബ്‌ സിന്ദാബാദ്‌'"

ആക്ഷേപഹാസ്യം വളരെ നന്നായ്‌

ഓ.ടോ: ഇന്നത്തെ പത്ര വാര്‍ത്ത : പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് പാമരനെ ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ suspend ചെയ്തിരിക്കുന്നു :-)

sv പറഞ്ഞു...

അത്താഴം വച്ചു നീ കാത്തുനില്‍ക്കേണ്ടമ്മേ
അത്തുമ്പുരാന്മാര്‍ക്കു ചോപ്പു കലര്‍ത്തുവാന്‍
രക്തം കൊടുത്തുഞാന്‍ വീണുപോയേക്കാം അവര്‍തന്‍
മക്കള്‍ വിദേശത്തു പഠനമല്ലേ ശവം
കാത്തുവക്കേണേയവര്‍ വരുവോളം നീ...

'ഇങ്ക്വിലാബ്‌ സിന്ദാബാദ്‌'


നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

Jithendrakumar/ജിതേന്ദ്രകുമര്‍ പറഞ്ഞു...

പാമരന്‍ മാഷേ,കവിത അസ്സലായിട്ടുണ്ട്‌. കാമ്പുള്ള കവിത. രോഷം കൊണ്ട്‌ എഴുതിയ എണ്റ്റെ ഒരുപഴയ കവിത പുഴ. കോമിലുണ്ട്‌, ആദ്യത്തെ നന്ദിഗ്രാം സംഭവത്തിണ്റ്റെ അടുത്ത ദിവസം എഴുതി അതിനടുത്ത ദിവസം പുഴയിലൊഴുകി ഒരുപാട്‌ അടിയും ഏറും കൊണ്ട കവിത. ലിങ്ക്‌ താഴെയുണ്ട്‌. ഒന്നു വായിക്കുക.
http://www.puzha.com/puzha/magazine/html/poem1_mar17_07.html

‍പ്രാഞ്ചീസ് പറഞ്ഞു...

ഇങ്കിലാ ശിന്താവാ!!

ചൊവന്ന സ്തംഭം കണ്ടപ്പോ അറിയാതെ വിളിച്ചുപോയതാണേ. ചോപ്പു് കണ്ടാ ബഹളി പിടിക്കാത്ത മൂരീണ്ടോ? സകാവൊണ്ടോ?

സുബൈര്‍കുരുവമ്പലം പറഞ്ഞു...

'ഇങ്ക്വിലാബ്‌ സിന്ദാബാദ്‌'

നിരക്ഷരന്‍ പറഞ്ഞു...

അങ്ങനത്തന്നേ അങ്ങനത്തന്നേ അരമണിക്കൂര്‍ അങ്ങിനത്തന്നേ...
:) :)

Rare Rose പറഞ്ഞു...

പാമരന്‍ ജീ...എന്താ പറയുക..ഇതു വായിച്ചു അന്തം വിട്ടു പോയില്ലേ...ചെങ്കൊടിയുടെ നിറം മങ്ങിയെങ്കിലും കവിതയുടെ മിഴിവേറി വരുവാണു..
“പണിയാളാന്‍ ചെന്ന പണിയാളന്‍
നിറം കെട്ട ചെങ്കൊടി കുറുകെച്ചാടിയതു കണ്ട്‌
വയറ്റത്തടിച്ചു കരഞ്ഞു വിളിച്ചു..”..ഈ വരികള്‍
പ്രാസം കൊണ്ടും,അര്‍ത്ഥം കൊണ്ടും ഒക്കെ കലക്കീ ട്ടാ....അപ്പോള്‍ എന്റെ വകേം ഒരു
'ഇങ്ക്വിലാബ്‌ സിന്ദാബാദ്‌'.......

പാമരന്‍ പറഞ്ഞു...

സുനീഷ്, കാപ്സേ, നാസ്‌, പ്രിയ, യെസ്‌വീ, സുബൈര്‍, നീരൂ, നന്ദി..

ഹരിതേ :). ഇതൊരു സെല്‍ഫ്‌ ഗോളായി കണക്കാക്കി മാപ്പാക്കണം ന്നൊരു അപേക്ഷ ഞാന്‍ പോളിറ്റ്‌ ബ്യൂറോയില്‌ സമര്‍പ്പിച്ചിട്ടുണ്ട്.. പോരാത്തതിന്‌ ഫാരിസിക്കയെ പ്രത്യേകം കണ്ടു. പിന്നെ തൃച്ഛംബരത്ത്‌ പാര്‍ട്ടിയുടെ ആയുരാരോഗ്യസൌഖ്യത്തിനായി ഒരു പൂമൂടലും ഏര്‍പ്പാടാക്കിയിട്ടുണ്ട്‌.. :) .. താങ്ക്‌സ് മാഷെ.

വല്ലഭ്ജി: നന്ദി. മേല്‍പ്പറഞ്ഞ കാരണങ്ങളാല്‍ അടുത്ത പീബീ കൂടൂന്നതു വരെ എനിക്കു സ്റ്റേ അനുവദിച്ചു കിട്ടിയിട്ടുണ്ട്‌. :)

ജിതേന്ദ്രകുമാര്‍: നന്ദി. കവിത ഇഷ്ടപ്പെട്ടു കേട്ടോ. പക്ഷേ ഞാനിപ്പഴും കമ്മ്യൂണീസ്റ്റാണ്. അതെനിക്കീ ജന്മം അല്ലാണ്ടാവാന്‍ പറ്റുമെന്നു തോന്നുന്നില്ല. രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നു പോയി.. ഇതൊരു സ്വയം വിമര്‍ശനം മാത്രം..

റോസെ, വളരെ നന്ദി.

സര്‍ഗ്ഗ പറഞ്ഞു...

കവിത കൊള്ളാം ട്ടോ..:):)

കടവന്‍ പറഞ്ഞു...

:-0 നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

വെള്ളെഴുത്ത് പറഞ്ഞു...

“ പണിയാളാന്‍ ചെന്ന പണിയാളന്‍
നിറം കെട്ട ചെങ്കൊടി കുറുകെച്ചാടിയതു കണ്ട്‌
വയറ്റത്തടിച്ചു കരഞ്ഞു വിളിച്ചു
'ഇങ്ക്വിലാബ്‌ സിന്ദാബാദ്‌' ..“
-സംഭവം ആലപ്പുഴ കൈതംകരിയിലെ കൊയ്ത്തെ യന്ത്രവുമായി ബന്ധപ്പെട്ടതു തന്നെയല്ലേ..
“സത്യസന്ധതയുടെ ഒരു കപ്പലിനെ കവര്‍ച്ചക്കാര്‍ ഇങ്ങനെ കൈയടക്കിയാല്‍ യാത്രികരുടെ അങ്കലാപ്പുകള്‍ എന്തു ചെയ്യും?” എന്ന് ഉമേഷ് ബാബു

വാല്‍മീകി പറഞ്ഞു...

കൊള്ളാം കവിത.

പാമരന്‍ പറഞ്ഞു...

പ്രിയ വെള്ളെഴുത്തേ.. ഉമേഷ്ബാബുവിന്‍റെ ആ വരികള്‍ ഞാന്‍ വായിച്ചിട്ടില്ലായിരുന്നു. ആ വരികളില്‍ എന്തു ഭംഗിയായി എന്‍റെ മനോഗതം പറഞ്ഞിരിക്കുന്നു! എന്തുകൊണ്ട്‌ ഉമേഷ്ബാബു ഉമേഷ്ബാബുവും ഞാന്‍ ഞാനും ആയെന്നും മനസ്സിലാക്കിത്തന്നതിനു നന്ദി!

പാമരന്‍ പറഞ്ഞു...

സര്‍ഗ്ഗ, കടവന്‍, വാല്മീകി, നന്ദി..

വേണു venu പറഞ്ഞു...

ഒന്നിലും വിഷമിക്കേണ്ട. നമ്മള്‍ വിതയ്ക്കും വയലുകളേല്ലാം കൊയ്യാനായി തമിഴ് നാട്ടില്‍ നിന്നും യന്ത്രങ്ങള്‍ തരാമെന്നു് കാരുണ്യനിധി പറഞ്ഞിരിക്കുന്നു.
ചുമപ്പു്. ചുമക്കട്ടെ.:)

ദേവതീര്‍ത്ഥ പറഞ്ഞു...

പാമരേട്ടാ
ബൂറ്ഷ്വാ മാധ്യമങ്ങള്‍, സിന്‍ഡിക്കേറ്റുകള്‍,പ്രതിലോമ പിന്തിരിപ്പന്‍ ശക്തികള്‍,നവ കൊളോണൈയലിസ്റ്റുകള്‍,......
ഉം നിങ്ങളും.......യൂറിനല്‍ ബാഗ് വാങ്ങിയോ?
പത്രവാര്‍ത്ത കണ്ടല്ലോ?!!

ജ്യോനവന്‍ പറഞ്ഞു...

അവസാനത്തെ പാര അതൊരു കലക്കന്‍ പാര തന്നെ പാമരാ.

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

ഈ നാട് നന്നാവില്ല പാമരാ ഞാനും ഒരു കമ്മുണിസ്റ്റുക്കാരനായിരുന്നു.ഇപ്പോ എനീക്ക് അറപ്പും വെറുപ്പുമാണു ആ പദത്തൊടു തന്നെ

അനൂപ്‌ എസ്‌.നായര്‍ കോതനല്ലൂര്‍ പറഞ്ഞു...

'ഇങ്ക്വിലാബ്‌ സിന്ദാബാദ്‌'

സ്വതാന്ത്യത്തിനായുള്ള ഭഗത് സിങ്ങിന്റെ പോരാട്ടത്തില്‍ അദേഹത്തിന്റെ നാവില്‍ നിന്നു ഇറ്റുവീണ മഹത്തായ വാക്ക് ഇന്നു കമ്മുണിസ്റ്റുക്കാര്‍ അക്രമരാഷ്റ്റയത്തിന്റെ അപ്പ്ലൊസ്തുക്കളാകുമ്പോള്‍ അവരുടെ നാവില്‍ നിന്നും ഇറ്റു വീഴുന്ന ആ വാക്കിനു ഭാരതത്തിന്റെ ഒരുപ്പാട് മക്കളുടെ നൊമ്പരങ്ങളുടെ കണ്ണിരുണ്ട്

ഹരിശ്രീ പറഞ്ഞു...

പണിയാളാന്‍ ചെന്ന പണിയാളന്‍
നിറം കെട്ട ചെങ്കൊടി കുറുകെച്ചാടിയതു കണ്ട്‌
വയറ്റത്തടിച്ചു കരഞ്ഞു വിളിച്ചു
'ഇങ്ക്വിലാബ്‌ സിന്ദാബാദ്‌'

മാഷേ, അഭിവാദ്യങ്ങള്‍...

വേതാളം.. പറഞ്ഞു...

ഒരു നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍

Suvi Nadakuzhackal പറഞ്ഞു...

ഇപ്പോള്‍ കര്‍ഷകര്‍ക്ക്‌ കുറുകെ ചാടുന്നത് KSKTU മുതലാളിയാണല്ലോ? അതോ KSKTU ഗുണ്ടകളോ?

കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് ഞാനും SFIയ്ക്ക് കുറെ മുദ്രാവാക്ക്യം വിളിച്ചിട്ടുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍ ഇപ്പം നാണക്കേട് തോന്നുന്നു.