2008, ജനുവരി 24, വ്യാഴാഴ്‌ച

വാപ്പരു്‌ വെളിച്ചപ്പാട്‌

കുട്ടികള്‍ക്കൊക്കെ 'വാപ്പര്' ന്നു കേട്ടാല്‍ പേടിയായിരുന്നു.

വെളിച്ചപ്പാടായിരുന്നു വാപ്പര്. ഉല്‍സവക്കാലം കഴിഞ്ഞാലും മുടിയൊക്കെ നീട്ടി, കണ്ണൊക്കെ ചോപ്പിച്ചങ്ങനെ നടക്കും. കാശിനാവശ്യം വന്നാല്‍ വഴിയേ പോകുന്നവരോടു ചോദിക്കും. ദേവീകോപം ഭയന്ന്‌ ആരും ഇല്ലെന്നു പറയാറില്ല. ആര്‍ക്കും ഇഷ്ടമുണ്ടായിട്ടല്ല, ദേവിക്കു അങ്ങേരെ ആണു ഇഷ്ടം ന്നു കരുതീട്ടാവും വെളിച്ചപ്പാടിനെ മാറ്റണം ന്നും ആരും പറഞ്ഞില്ല.

നാട്ടിലെ സ്ഥിരം വെളിച്ചപ്പാടനായി വാപ്പരു്‌ അങ്ങനെ വിലസി നടന്നു. ഒത്തിരി കാലം.

പതിവുപോലെ ഒരു ഉല്സവം കഴിഞ്ഞു നെറ്റീലെ മുറിവില്‍ മഞ്ഞള്‍പ്പൊടീം പൊത്തി പോയതാണ്. പിന്നെ ഒരു വിവരവുമില്ല. രണ്ട്‌ ദിവസം കഴിഞഞപ്പോള്‍ ആരോ കണ്ടു. തോട്ടുവക്കത്ത്‌ കൈതയുടെ മറവില്‍ കമിഴ്ന്നടിച്ചു കിടക്കുന്നു. ശ്വാസം നിന്നിട്ടില്ലായിരുന്നതു കൊണ്ട്‌ നാട്ടുകാര്‍ കൂടി ജീപ്പ്‌ വിളിച്ചു ആസ്പത്രിയിലാക്കി.

കുറേകാലം ആസ്പത്രിയും തിരുമ്മലുമൊക്കെ ആയി നടന്നു. പതുക്കെ എണീറ്റു നടക്കാറായി. ഒരു കയ്ക്കും കാലിനും സ്വാധീനക്കുറവാണ്‌. കാല്‌ മടങ്ങില്ല. കൈയാണെങ്കില്‌ ഒടിഞ്ഞത്‌ കെട്ടിത്തൂക്കിയാലെന്നപോലെ നെഞ്ചത്തു മടക്കി തൂക്കിയിട്ടിരിക്കുന്നു.

'ഞ്ഞിപ്പോ വേറെ ആളെത്തപ്പണം..' വേലുട്ശ്ശന്‍ പറഞ്ഞു. മൂപ്പരാണ്‌ കാവിലെ കാര്യക്കാരില്‍ പ്രധാനി.

'അഹങ്കാരം ദേവിക്ക്‌ന്നെ അസഹ്യായിട്ട്‌ണ്ടാവും.. അതെന്ന്യാ ങ്ങനെ..' വേരൊരു കാര്യക്കാരന്‍റെ അഭിപ്രായം.

'വെളിച്ചപ്പെടാന്‍ എങ്ങനെ ആളെ കണ്ടെത്തും?', 'ഇനി കണ്ടെത്തീച്ചാത്തന്നെ ദേവി ആയാള്‍ടെ മേത്ത് കേര്വോ?' ഇജ്ജാതി ചോദ്യങ്ങളായിരുന്നു മിക്ക വൈകുന്നേരങ്ങളിലും അങ്ങാടിലെ പ്രധാന വിഷയങ്ങള്‌.

അവസാനം ഒന്നിനു പകരം മൂന്നാളെ കിട്ടി. തെക്കേടത്തെ നാരയണേട്ടന്‍റെ അനിയന്‍ വിജയന്‍, കുട്ടിമാളുഅമ്മയുടെ മൂത്തമകന്‍ സുനില്‍, പിന്നെ വേലുട്ശ്ശന്‍റെ തന്നെ അനന്തരവന്‍ ശിവനും.

ഉല്‍സവം അടുത്തു. മൂന്നുപേരും തലമുടിയൊക്കെ നീട്ടി, വ്രതമൊക്കെ എടുത്തു തയ്യാറായി. ശിവനു വേലുട്ശ്ശന്‍ പ്രത്യേകം പരിശീലനം കൊടുത്തു.

വാപ്പരുടെ കാര്യം മാത്രം ആരും അന്വേഷിച്ചില്ല. ആയാള്‌ കണ്ടവരോടൊക്കെ സങ്കടം പറഞ്ഞു നടന്നു. കാശു ചോദിച്ചാല്‍ ആരും കൊടുക്കില്ല. പലരും പഴയ ദേഷ്യം വെച്ച്‌ ആട്ടി. കിട്ടാതായപ്പോള്‍ യാചിക്കാന്‍ തുടങ്ങി. വയ്യാത്ത കയ്യും കാലും വെച്ച്‌ ഒരു പണിക്കും പോകാന്‍ വയ്യ. ആരുടെം മുന്നില്‌ തല കുനിച്ചിട്ടില്ലാതത മനുഷ്യനാണ്‌. ഇപ്പോള്‍ പണ്ടു പേടിപ്പിച്ചിരുന്നവരുടെ മുന്നില്‌ കൈനീട്ടുന്നു.

കുറച്ചു പേര്‍ വാപ്പരെ പിന്തുണക്കാനും ഉണ്ടായിരുന്നു. പക്ഷേ വിലപ്പോയില്ല. കയ്യും കാലും അനക്കാന്‍ വയ്യാത്തവനെങ്ങനെ വെളിച്ചപ്പെടാനാ?

വാപ്പരു്‌ വേലുട്ശ്ശന്‍റെ കാലുപിടിച്ചു കരഞ്ഞു. അങ്ങേര്‍ കേട്ടില്ല. അവിടെനിന്നും ആട്ടിയിറക്കി. അനന്തരവനും ഉണ്ടല്ലോ സാധ്യതാ ലിസ്റ്റില്. ‍ഊണും ഉറക്കവുമില്ലാതെ വാപ്പരു്‌ പ്രാന്തു പിടിച്ചവനേപ്പോലെ കാവിനു ചുറ്റും അലഞ്ഞു നടന്നു. മുടി വെട്ടിയില്ല. വ്രതം മുടക്കിയതുമില്ല.

ഉല്‍സവം അത്തവണ പതിവിലും പൊടിപൊടിക്കാനായിരുന്നു കമ്മറ്റിയുടെ പരിപാടി. അനന്തരവന്‍റെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ വേലുട്ശ്ശന്‍ ഓടിനടന്നു.

ഒന്നാം ദിവസം തറ്റുടുത്തു വെളിച്ചപ്പെടാന്‍ വന്ന വാപ്പരെ കുറേ പേരുചേര്‍ന്ന്‌ ഊട്ടുപുരയില്‍ കൊണ്ടടച്ചു. അയാളു അവിടെ കിടന്നു അലറി വിളിച്ചു കരഞ്ഞു. ആരും തിരിഞ്ഞു നോക്കിയില്ല.

ആര്ക്കും വെളിച്ചപ്പെട്ടില്ല. ശിവന്‍ ഒന്നു ചാടിത്തുള്ളി നോക്കിയെങ്കിലും തീരെ ഏറ്റില്ല. 'വേണ്ടാ' ന്ന്‌ വേലുട്ശ്ശന്‍ കണ്ണു കാണിച്ചു. അവന്‍ അടങ്ങി.

വാപ്പരെ രാത്രി തുറന്നു വിട്ടു. അങ്ങേര്‍ വേച്ചുവേച്ച്‌ അങ്ങാടിയിലെ ഒരു കടത്തിണ്ണയില്‍ പോയിക്കിടന്നു. അങ്ങാടിയില്‍ അടിച്ചുവാരുന്ന ജാനുത്തള്ള ഇത്തിരി കഞ്ഞിവെള്ളം കൊണ്ടുപോയി കൊടുത്തു. പാങ്ങുള്ള കൈകൊണ്ടു്‌ അതുമുഴുവന്‍ തട്ടിക്കളഞ്ഞു. ഒരിറ്റുപോലും കുടിച്ചില്ല.

രണ്ടാം ദിവസം വാപ്പരെ കാവിന്‍റെ ഭാഗത്തേക്കൊന്നും കണ്ടില്ല. എണീക്കാന്‍ വയ്യാതായിക്കാണും. ആഴ്ച ഒന്നെങ്കിലും ആയിക്കാണും ഒരു വറ്റെങ്കിലും ഉള്ളില്‍ ചെന്നിട്ട്‌.

അന്നും ആര്ക്കും വെളിച്ചപ്പെട്ടില്ല. കാര്യക്കാര്ക്ക്‌ ആധികേറിത്തുടങ്ങി. ദേവിക്കിഷ്ടമില്ലത്ത എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകണം.

മൂന്നം നാള്‍. അവസാന ദിവസമാണ്‌. ദേവിയുടെ ഹിതം അറിയാതെ കൊടിയിറക്കുന്നതെങ്ങനെ? പ്രശ്നം വെച്ചു നോക്കി. ഒന്നും തെളിഞ്ഞില്ല.

'ന്താവുംന്ന്‌ നോക്ക്വന്നെ..' കാരണോമ്മരൊക്കെ പറഞ്ഞു.

തെറകളൊക്കെ ആടിത്തകര്‍ത്തു. മൂന്നു വെളിച്ചപ്പാട്‌ അപ്രന്‍റീസുകളും കുറെ ചാടിത്തുള്ളിയതല്ലാതെ ഒന്നും നടന്നില്ല.

നേരം നാലുമണിയോടടുത്തു. അങ്ങാടിയില്‍ നിന്നു നാലാളുകള്‌ പാഞ്ഞു വന്നു.

'വാപ്പരു്‌ ഉറയണൂ...'

കേട്ടവര്‍ക്കാര്‍ക്കും വിശ്വസിക്കാന്‍ പറ്റിയില്ല. കയ്യിനും കാലിനും സ്വാധീനമില്ലാത്ത, ഒരാഴ്ചയായി പട്ടിണി കെടക്കുന്ന ദേഹത്താണോ ദേവി കേറിയത്‌?

ആളുകള്‍ അങ്ങാടിയിലേക്കു്‌ പാഞ്ഞു. സത്യമാണ്!. മടക്കനാവാത്ത കാല്‌ ചവിട്ടി ഉറഞ്ഞു തുള്ളുന്നു, വാപ്പരു്‌. സ്വാധീനമില്ലാത്ത കയ്യ്‌ അപ്പോഴും മടങ്ങി ഇരിക്കുന്നുണ്ട്‌. വായീന്നും മൂക്കീന്നും ഒക്കെ ഒരു വെളുത്ത പത ഒലിച്ചിറങ്ങുന്നു. തറ്റുടുത്ത മുണ്ട്‌ മുഷിഞ്ഞു പൊടിപറ്റി ഒരു ചുവന്ന നെറമായിട്ടുണ്ട്‌.

എല്ലാരും കൂടി ഒരു പെട്ടി ഓട്ടോയില്‌ വലിച്ചു കയറ്റി. കാവിലേക്കു വിട്ടു. കൂവിയാര്‍ത്തു കുട്ടികളെല്ലാം പിന്നാലെ.

കാവിലെത്തിയപ്പോഴേക്കും ആരോ ചിലംബണിയിച്ചിരുന്നു. വാളും കൊടുത്തു. ചാടിയിറങ്ങി നേരെ നടയിലേക്കാണു പാഞ്ഞത്. വയ്യാത്ത കാല്‌ ഒന്നു വലിക്കുന്നുണ്ടായിരുന്നെന്നല്ലാതെ ഒരു കുഴപ്പവും ഉണ്ടെന്നു ആര്ക്കും തോന്നിയില്ല.

നേരെ പോയി നടയില്‍ തലയടിച്ചു. ചോര ചീറ്റി നെറ്റിയിലൂടെ നെഞ്ചത്തേക്കൊഴുകി. വാളും ചിലംബുമൊക്കെ കിലുക്കി ഒന്നു അലറി... പഴയ വാപ്പരു്‌ വെളിച്ചപ്പാടു തന്നെ.

ജനങ്ങളൊക്കെ ഭക്തിപുരസ്സരം നീങ്ങി സ്ഥലമുണ്ടാക്കിക്കൊടുത്തു. വേലുട്ശ്ശന്‍റെ നേരെ കുങ്കുമം എറിഞ്ഞ്‌ എന്തൊക്കെയോ അലറി. അങ്ങേരു്‌ തൊഴുകയ്യോടെ ഒന്നും മിണ്ടാതെ കേട്ടു നിന്നു.

ഒന്നു രണ്ട്‌ മണിക്കൂറു്‌ കഴിഞ്ഞപ്പോഴേക്ക്‌ കലിയടങ്ങി. നടക്കല്‌ പോയി കമിഴ്ന്നു വീണു. ആളുകളൊക്കെ അടുത്തുകൂടി. അധികം അടുക്കാന്‍ ആര്ക്കും ധൈര്യമുണ്ടായില്ല.

'ഇത്തിരി വെള്ളം കൊണ്ടോരീ.. ഒരു എളന്നീരും.. ' കാര്യക്കാരാരോ വിളിച്ചു പറഞ്ഞു. കുറെ ആളുകള്‍ ഇളന്നീരിടാന്‍ ഓടി.

'അമ്മേ..' ന്നൊരു വിളി കേട്ടു. വാപ്പരു്‌ എണീക്കാന്‍ ശ്രമിക്കുകയാണ്‌. വേച്ചു പോകുന്നു. നടക്കല്ലില്‍ പാങ്ങുള്ള കൈ കുത്തി ഒന്നുയര്‍ന്നു. കോവിലിനുള്ളില്‍ വിളക്കുകളൊക്കെ കത്തിനില്‍ക്കുന്നു. സര്‍വ്വാഭരണവിഭൂഷിതയായി ദേവി. വാപ്പരു്‌ നടക്കല്ലിലേക്കു്‌ മുഖമടച്ചു വീണു. പിന്നെ അനങ്ങിയില്ല.

പെണ്ണുങ്ങളൊക്കെ കണ്ണു തുടച്ചു. ദേവിയും കരഞ്ഞു കാണും.

കാവിലെ ഒരു 'കുടിയിരുത്തിയ' കല്ലായി വാപ്പരു്‌ കിടപ്പുണ്ട്‌. ഇപ്പോഴും.


-------------------------------------------

9 പ്രതികരണങ്ങള്‍:

ദേവതീര്‍ത്ഥ പറഞ്ഞു...

നന്നായിട്ടുണ്ട്,നല്ല ശൈലി

പാമരന്‍ പറഞ്ഞു...

വളരെ നന്ദി.. ആരും ഒന്നും പറയാത്തതുകാരണം അറുബോറായിപ്പോയോന്നു പേടിച്ചിരിക്കുവാരുന്നു..:)

മൂര്‍ത്തി പറഞ്ഞു...

കൊള്ളാം..

കൊസ്രാക്കൊള്ളി പറഞ്ഞു...

മഞ്ഞള്‍ പൊടിയില്‍ മയങ്ങുന്ന കോമരത്തെ ഭയമില്ലാത്തവരായി ആരുണ്ട്‌
ബ്ലോഗിലമ്മകാക്കട്ടെ
WWW.KOSRAKKOLLI.BLOG SPOT.COM

ഉഗാണ്ട രണ്ടാമന്‍ പറഞ്ഞു...

കൊള്ളാം..

ഹരിത് പറഞ്ഞു...

ഒരു കമന്റുവഴി വന്നുപെട്ടതാണു, നല്ല ഒതുക്കമുള്ള എഴുത്ത്. ഇഷ്ടമായി. ഭാവുകങ്ങള്‍.

Sreekumar പറഞ്ഞു...

അവസാനം നീയും ഇവിടെ എത്തി അല്ലെ? കവിതയും വാപ്പരും വായിച്ചു, കൊള്ളാം, നന്നായിട്ടുന്ട്...
-- ശ്രീ--

കാപ്പിലാന്‍ പറഞ്ഞു...

മാഷേ,നല്ല ഒഴുക്കുള്ള ശൈലി ... ഇങ്ങനെയുള്ള കുറെ കഥകള്‍ എഴുതു..എല്ലാ ഭാവുകങ്ങളും

ദീപു പറഞ്ഞു...

ദേവി കരഞ്ഞു പോലും !.കല്ലെങ്ങനെ കരയാന്‍