2008, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

മരണത്തിനപ്പുറം


courtesy: http://www.billbuxton.com/multitouchOverview.html
മഴപെയ്യുന്ന രാത്രികളില്‌
മിന്നല്‍ വെളിച്ചത്തില്‌ മാത്രമേ
മരണത്തിനപ്പുറത്തുള്ളവരെ കാണാന്‍ പറ്റൂ

ഒരു മിന്നലില്‍ കണ്ടിടത്തല്ല
അടുത്ത മിന്നലില്‍ കാണുക
ഒരു മിന്നലില്‍ കണ്ടതിനെയല്ല
അടുത്ത മിന്നലില്‍ കാണുക

മഴനനഞ്ഞു കുതിര്‍ന്ന
വിരല്‍ത്തുമ്പുകൊണ്ട്‌
അവര്‍ നമ്മെ
സ്പര്‍ശിക്കാന്‍ ശ്രമിക്കും

മരണത്തിന്‍റെ നേര്‍മ്മയോളം
അടുക്കുമ്പോഴേയ്ക്കും
മിന്നലവസാനിച്ചിട്ടുണ്ടാവും

മരണത്തോളം അടുത്തുവന്ന്‌
ജീവിതത്തോളം അകലത്തായിപ്പോകും,
മിന്നല്‍ വേഗത്തില്‍.

മരിച്ചവര്‍ ജീവിക്കുന്നവരെ
സ്നേഹിക്കുന്നതുകൊണ്ടാകണം
മിന്നലിന് ദൈര്‍ഘ്യമിത്ര കുറഞ്ഞുപോയത്‌

അല്ലായിരുന്നെങ്കില്‍ മരണത്തിന്‍റെ പാലത്തിലൂടെ
നമ്മളെത്ര യാത്ര നടത്തിയേനേ..
അറിയണമെന്നാഗ്രഹിക്കാത്ത
വിചിത്രമായൊരിഷ്ടം
മരണത്തോടില്ലാതെ പോയേനേ..

29 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഇന്നത്തെ ചിന്തകളിങ്ങനെ..

ഹരിത് പറഞ്ഞു...

“ഒരു മിന്നലില്‍ കണ്ടിടത്തല്ല
അടുത്ത മിന്നലില്‍ കാണുക
ഒരു മിന്നലില്‍ കണ്ടതിനെയല്ല
അടുത്ത മിന്നലില്‍ കാണുക“

സത്യം.
നല്ല കവിത. ചിലപ്പോഴെങ്കിലും മിന്നലിനുമപ്പുറത്തു ഒരു നിലക്കണ്ണാടി ഞാനും കണ്ടിട്ടുണ്ട്.
ഭാവുകങ്ങള്‍.

കാന്താരിക്കുട്ടി പറഞ്ഞു...

മരിച്ചവര്‍ നമ്മളെ സ്നേഹിക്കുന്നതു കൊണ്ടായിരിക്കും അവര്‍ നമ്മളെ മിന്നലിന്റെ കൈപ്പിടിയില്‍ ഒതുക്കാതെ വെറുതേ വിടുന്നത്..എന്തിനു പ്രിയപ്പെട്ടവര്‍ നമ്മളെ തനിച്ചാക്കി പോകുന്നു..നമ്മള്‍ അവരെ അത്രത്തോളം സ്നേഹിക്കുമ്പൊള്‍ നമ്മളെയും കൂടെ കൊണ്ടു പോകണം..ഞാന്‍ കാത്തിരിക്കുന്നു മരണത്തിന്റെ കാലൊച്ച കേള്‍ക്കാന്‍..ഒരു മിന്നലായി വേഗം അവന്‍ എത്തണേ ന്ന പ്രാര്‍ഥനയോടെ..

ഗീതാഗീതികള്‍ പറഞ്ഞു...

ജീവിച്ചിരിക്കുമ്പോള്‍ സ്നേഹിക്കില്ല. മരിച്ചു കഴിയുമ്പോള്‍ വല്ലാത്തൊരു സ്നേഹം പൊട്ടിമുളയ്ക്കും.
അതുപോലെ, ജീവിച്ചിരുന്നപ്പോള്‍ നമ്മളെ സ്നേഹിക്കാത്തവരും മരിച്ചു കഴിഞ്ഞ് നമ്മളെ സ്നേഹിക്കുമായിരിക്കും അല്ലേ? മിന്നല്‍ വേഗതയില്‍ അടുത്തുവരെ വന്ന് ഒന്നു തൊടാന്‍ നോക്കി ഓടിയകലും...
പാമൂ, ചിന്തകള്‍ കൊള്ളാം. എന്നാലും അതിലെ വിഷാദം വിഷമിപ്പിക്കുന്നു. നാട്ടില്‍ പോയിട്ടു വന്നതിന്റെ വിഷാദമാണോ കവിതയില്‍?

ഓ.ടോ. കാന്താരീ വേണ്ട. പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങളും കണ്ണേട്ടനും കാത്തിരിപ്പുണ്ട്. അവരെ തനിച്ചാക്കി പോകാന്‍ മനസ്സനുവദിക്കുമോ?

Sarija N S പറഞ്ഞു...

മരണം എന്തെന്നറിയാന്‍
ഞാന്‍ ആഗ്രഹിക്കുന്നു.
ഒന്നു രുചിച്ചു നോക്കാന്‍
നോക്കി അഭിപ്രായം പറയാന്‍.
പക്ഷെ എന്തു ചെയ്യാം
മരണത്തെ വാങ്ങാന്‍ കിട്ടുന്നില്ല.

പാമരന്‍ പറയുന്നു ഇടിമിന്നലില്‍
എന്തൊക്കെയോ കാണാമെന്ന്
ഇനി അവരെ കാത്തിരിക്കാം
അല്ലാതെന്തു ചെയ്യും?

ചന്ദ്രകാന്തം പറഞ്ഞു...

ആ നനഞ്ഞ വിരലുകളുടെ സ്പര്‍ശം..
നെഞ്ചില്‍ മിന്നലോട്ടുന്നു.
(നൈമിഷികമെങ്കിലും ഏറ്റവും മനോഹരമായ ഒരു കാഴ്ചയാണ്‌ മിന്നല്‍. ഓരൊ തവണയും പ്രതീക്ഷിയ്ക്കാത്ത ഇടങ്ങളില്‍...രൂപങ്ങളില്‍....ഒളിച്ചു നോക്കുന്ന തിളക്കം. ഒരുപക്ഷേ....ആ വെള്ളിവേരുകളോട്‌ ഇത്രയും ഇഷ്ടം തോന്നുന്നത്‌, പാമുജി പറഞ്ഞ ആ സ്നേഹം അവയ്ക്കു നമ്മോടുള്ളതോണ്ടാവാം...ല്ലേ..)

ഭൂമിപുത്രി പറഞ്ഞു...

എപ്പോളൊക്കെയോ മിന്നിമറയുന്ന ചില തോന്നലുകൾ അക്ഷരങ്ങളിലാക്കിത്തന്നതിൻ ഒരുപാട് നന്ദി പാമരൻ.

കുഞ്ഞിക്ക പറഞ്ഞു...

പാമരാ, അര്‍‌തഥ ഗര്‍ഭമായ വരികള്‍, ആശംസകള്‍.

പ്രയാസി പറഞ്ഞു...

ഇന്നാ പിടിച്ചോ..ഈ സ്മൈലി..:)
ഇതെ പറ്റൂ..

അല്ലാതെ ഇഴകീറി അഭിപ്രായിക്കാന്‍ ഞാനാളല്ല

ധ്വനി | Dhwani പറഞ്ഞു...

പാമരാ, ഇനി മിന്നലുള്ളപ്പോല്‍ ഞാന്‍ പുറത്തുപോകില്ല! :) സ്നേഹമൊക്കെ സ്നേഹമാ... ന്നലും എനിച്ചാരേം കാണണ്ടാ! എന്നേമാരും കാണണ്ടാ!

കവിത കൊള്ളാം!

കുറ്റ്യാടിക്കാരന്‍ പറഞ്ഞു...

ആ കണ്ടത് ഇവരായിരുന്നോ? ഞാനറിഞ്ഞില്ല...

ചാണക്യന്‍ പറഞ്ഞു...

“ മഴനനഞ്ഞു കുതിര്‍ന്ന
വിരല്‍ത്തുമ്പുകൊണ്ട്‌
അവര്‍ നമ്മെ
സ്പര്‍ശിക്കാന്‍ ശ്രമിക്കും......“
എന്തിന്?

smitha adharsh പറഞ്ഞു...

അത്ര പെട്ടെന്ന്..മരിക്കണ്ട.അതുകൊണ്ട് ഞാന്‍ ഇടിമിന്നല്‍ ഉള്ളപ്പോള്‍ പുറത്തിറങ്ങിയിട്ടില്ല. കേട്ടോ.

നരിക്കുന്നൻ പറഞ്ഞു...

എല്ലാവരും മരണത്തെ കുറിച്ച് പറയുന്നു. മിന്നൽ കൊണ്ട് തന്നെ മരിക്കണോ വേറെ എന്തല്ലാം വഴികൾ. പക്ഷേം, എനിക്ക് ഭയമാണ് മരണത്തെ.
എനിക്ക് ജീവിക്കണം. ഈ ജീവിതം കൊണ്ട് ഒരുപാട് ജീവിതങ്ങളെ ജീവിപ്പിക്കണം. എന്റെ ദൌത്യത്തിൽ നിന്ന് ഒളിച്ചോടാൻ എനിക്കാവില്ല.

പാമരന്‍ പറഞ്ഞു...

ഹരിത്തേ, കാന്താരീ, ഗീതേച്ചീ, സരിജ, ചന്ദ്രകാന്തം, ഭൂമിപുത്രി, കുഞ്ഞിക്കാ, പ്രയാസീ, ധ്വനി, കുറ്റീ, സ്മിത, നരിക്കുന്നന്‍, വായനകള്‍ക്കു വളരെ നന്ദി.

ചാണക്യാ, ഒരു സ്നേഹസ്പര്‍ശമായിരിക്കുമെന്നു നിരുവിക്കുന്നു :)

Jithendrakumar/ജിതേന്ദ്രകുമര്‍ പറഞ്ഞു...

adutta kaalatthu blogil vayichcha kavithakLil eetavum mikachchathu.
abhinandanagal!!

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

മരണത്തിന്റെ ഗന്ധം മണം അത് എന്തെന്ന് അറിയില്ല
എന്തായാലും കവിത ഇഷടപെട്ടു.
വായിച്ചിട്ടും വരികളീൽ നിറയുന്ന മരവിപ്പ് മാറൂന്നില്ല

കനല്‍ പറഞ്ഞു...

മരണത്തെ പറ്റി ചിന്തിക്കുന്നത്,
മനസിനെ അഹന്തയില്‍ നിന്ന് വ്യത്തിയാക്കാന്‍ സഹായിക്കുമെന്നല്ലേ.

നന്ദി അങ്ങനെ ഒരു ചിന്ത തന്നതിന്

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഒക്കെ ഒരു മിന്നല്‍പ്പിണര്‍ പോലെ തന്നെ...

കവിത നന്നായി

ശിവ പറഞ്ഞു...

മരണത്തിനപ്പുറം...ഒരിക്കലും ഉത്തരം കിട്ടാത്ത ഒരു ചോദ്യം...

Sharu.... പറഞ്ഞു...

മിന്നല്‍‌വേഗത്തിലുള്ള തണുത്ത സ്നേഹം.... ഇഷ്ടമായി ഈ ചിന്തയും :)

കരീം മാഷ്‌ പറഞ്ഞു...

ഓരോ മിന്നലിനു പിറകെയും മരണ സ്മരണ വരാറുണ്ട്. ഇല്ലങ്കില്‍ ഇടിനാദം അതു ഓര്‍മ്മപ്പെടുത്താറുണ്ട്.
പിണങ്ങിക്കിടന്ന സന്താനങ്ങള്‍ കെട്ടിപ്പുണരാറുണ്ട്.

lakshmy പറഞ്ഞു...

ഒരു മിന്നൽ കൊണ്ടുത്തരുന്നത് ഒരു മരണത്തോളം ഭയം.....

കാപ്പിലാന്‍ പറഞ്ഞു...

"മരണത്തിനും അപ്പുറം "എന്നാ കവിതയില്‍ കവി പറയാന്‍ ശ്രമിക്കുന്നതും ,കണ്ടെത്തലുകളും എന്നതിനെ കുറിച്ച് വളരെയധികം ചിന്തിക്കേണ്ട വിഷയമാണ് .
ഒരു വരിയില്‍ അത് ഒതുക്കി തീര്‍ത്താല്‍ കവിയോട് ചെയ്യുന്ന ഒരപരാധം അല്ലേ എന്ന് ഞാന്‍ ശങ്കിക്കുന്നു.എങ്കിലും എന്നാല്‍ കഴിയും വിധം ഇതിനെ ഒന്ന് നിരൂപിക്കാന്‍ ഞാന്‍ ശ്രമിക്കാം .

ചില നല്ല മനുഷ്യരെ ദൈവം വളരെ വേഗം വിളിച്ചുകൊണ്ടു പോകും .ഉദാഹരണം ഇനി ഏതാനും നാളുകള്‍ കഴിയുമ്പോള്‍ ഞാന്‍ മരിക്കും .ചില നേരങ്ങളില്‍ എന്റെ ചിന്തകള്‍ ഒരു മിന്നല്‍പിണര്‍ പോലെ നിങ്ങളുടെ തലച്ചോറില്‍ ഫ്ലാഷ് ചെയ്യും .ഈവക കാര്യങ്ങള്‍ കവി നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ശ്രമിക്കുകയാണ് മരണത്തിനുമപ്പുറം എന്ന കവിതയില്‍ കൂടി ..
നന്ദി പാമാര .ഈ ഓര്‍മ്മപ്പെടുത്തലിന് .

വാവ പറഞ്ഞു...

മരിച്ചവര്‍ ജീവിക്കുന്നവരെ
സ്നേഹിക്കുന്നതുകൊണ്ടാകണം
മിന്നലിന് ദൈര്‍ഘ്യമിത്ര കുറഞ്ഞുപോയത്‌

ഹൂം

വാവ പറഞ്ഞു...

മരിച്ചവര്‍ ജീവിക്കുന്നവരെ
സ്നേഹിക്കുന്നതുകൊണ്ടാകണം
മിന്നലിന് ദൈര്‍ഘ്യമിത്ര കുറഞ്ഞുപോയത്‌

ഹൂം

രണ്‍ജിത് ചെമ്മാട്. പറഞ്ഞു...

നാട്ടില്‍ നിന്ന് പോരുമ്പോള്‍
മിന്നല്പ്പിണരിന്റെ സറ്വ്വശക്തിയും ആവാഹിച്ചു കോണ്ടു വന്നു അല്ലേ...
മിന്നലുതിരുന്ന പോലെ ശക്തമാണ് വരികള്‍!
പാമരന്റെ കവിതകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് എന്നുതന്നെ പറയാം
ക്ഷമ, വൈകി വന്നതിന്

വിഷ്ണു പ്രസാദ് പറഞ്ഞു...

നേരത്തേ വായിച്ചിരുന്നു.ഒരു സര്‍ട്ടിഫിക്കറ്റും ആവശ്യമില്ലാത്ത ഒന്നാന്തരം കവിത.
അഭിനന്ദനങ്ങള്‍.

പാമരന്‍ പറഞ്ഞു...

വളരെ നന്ദി, വിഷ്ണുമാഷെ. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.