2008, ഒക്‌ടോബർ 28, ചൊവ്വാഴ്ച

പുഴയൊഴുക്കിക്കളഞ്ഞത്‌


പള്ളനെറഞ്ഞ പനങ്കള്ള്‌ രാഘവേട്ടനെക്കൊണ്ട്‌ ഒരു പെശക്‌ പാട്ടാണ്‌ പാടിപ്പിച്ചത്‌. രണ്ടു വരി അബദ്ധത്തിലാണെങ്കിലും മുറുക്കാന്‍ കുത്തിനിറച്ച കടവായിലൂടെ ഒലിച്ചിറങ്ങിയപ്പോള്‍ രാഘവേട്ടനൊന്നു ചൂളി. ആരേലും കേക്കുന്നുണ്ടോന്നു ചുറ്റുമൊന്നു പരതി.

ആരു കേള്‍ക്കാന്‍! നാലുപുറവും കൊയ്ത്തുകഴിഞ്ഞ പാടം പായ നീര്‍ത്തി കൂര്‍ക്കം വലിച്ചുറങ്ങുന്നു. മിന്നാമ്മിന്നികളും ചീവീടുകളും മാത്രം തങ്ങളുടെ നൈറ്റ്‌ഡ്യൂട്ടിയെ ശപിച്ച്‌ ജോലിയില്‍ വ്യാപൃതരായിരിക്കുന്നു. മാനത്താണെങ്കില്‌ ചന്ദ്രനും അഞ്ചാറു്‌ നക്ഷത്രങ്ങളും മാത്രം. അവടവിടെയായി അഞ്ചാറു്‌ മേഘങ്ങളും.

ഒരു ഇളിഭ്യച്ചിരി ചിരിച്ച്‌ രാഘവേട്ടന്‍ പാട്ടിന്‍റെ ബാക്കി മൂളാന്‍ തുടങ്ങി. ഓരോ ഈരടിയും കഴിഞ്ഞുള്ള നിറുത്തില്‌ ചൂണ്ടാണിവിരലുകൂട്ടിപ്പിടിച്ച്‌ മുറുക്കാന്‍ വെള്ളം ചീറ്റിത്തെറിപ്പിച്ചു. പെശക്‌ പാട്ടിന്‍റെ നിഗൂഢാര്‍ത്ഥങ്ങളോര്‍ത്ത്‌ കുലുങ്ങിച്ചിരിച്ചു.

പുഴ, നിലാവില്‌ സുന്ദരി ചമഞ്ഞു കിടന്നു. മുറുക്കാന്‍ തുപ്പിക്കളഞ്ഞ്‌, ഉടുമുണ്ട്‌ പറിച്ച്‌ പൊന്തക്കാട്ടിനു മേലേക്കെറിഞ്ഞ്‌, രാഘവേട്ടന്‍ അവളിലേയ്ക്കൂളിയിട്ടു. ഒന്നു മുങ്ങി നിവര്‍ന്ന്‌, അവളുടെ ഗാഢാലിംഗനത്തിനെ വിടുവിച്ച്‌, നിന്നു കിതച്ചു. മുറുക്കാന്‍ കറ കടന്ന്‌ ഒരു പ്രണയഗാനത്തിന്‍റെ വരികളുതിര്‍ന്നു. കൈകള്‍ വിടര്‍ത്തി താളത്തില്‌ വെള്ളം ചെപ്പിത്തെറിപ്പിച്ചു.

ഒന്നുകൂടി മുങ്ങി നിവര്‍ന്നത്‌ ഒരു ആശ്ചര്യത്തിലേയ്ക്കായിരുന്നു. അടിവയറില്‌ ഉമ്മവച്ചുകൊണ്ടിരുന്ന പുഴ കൂടി നിശ്ചലയായി. ധൈര്യവാനെന്ന്‌ പേരെടുത്തു പോയതുകൊണ്ട്‌ തികട്ടിവന്ന അലര്‍ച്ചയെ കടിച്ചമര്‍ത്തി. വായില്‍കൊണ്ടിരുന്ന പുഴവെള്ളത്തെ കുടിച്ചിറക്കി വരണ്ടുപോയ തൊണ്ടയെ ഉണര്‍ത്തി.

"ഹാരാ...?"

കടവില്‌ വെളുത്തേടന്മാരു്‌ ഉപേക്ഷിച്ചുപോയ ഒരു അലക്കുകല്ലില്‌ കുന്തിച്ചിരിക്കുന്നു, ഒരു സ്ത്രീ രൂപം. മുങ്ങിച്ചത്ത വയറ്റുകണ്ണി മീനാക്ഷിയേടത്തി. വിളറിയ വെളുപ്പ്‌. നിറവയറു്‌. നീല കണ്ണുകള്‌. നനഞ്ഞു കുതിര്‍ന്ന മുണ്ടും നേര്യതും.

പരലുകൊത്തിത്തിന്ന നാക്കിന്‍റെ ബാക്കി പകുതി പുറത്ത്‌ കാണിച്ച്‌ മീനാക്ഷിയേടത്തി ശബ്ദമില്ലാതെ ചിരിച്ചു. പൊന്തക്കാട്ടിലെ ചീവീടുകള്‌ രാഘവേട്ടന്‍റെ കടുക്കനിട്ട ചെവിയില്‌ അതേറ്റുപറഞ്ഞു.

"ഹെനിക്ക്‌.. പെറണം.."

അല്‍പ്പനേരത്തെ അന്ധാളിപ്പ്‌ മാറിയപ്പോള്‍ രാഘവേട്ടന്‍ കടവിനെതിരേ തിരിഞ്ഞു നിന്നു. നെഞ്ഞുനിറച്ചു ശ്വാസം പിടിച്ച്‌ ഒന്നുകൂടി മുങ്ങി. രാഘവേട്ടനും ഒരു മേഘക്കീറിലേയ്ക്കു മുഖം മറച്ച്‌ ചന്ദ്രനും പണിഞ്ഞുകൊടുത്ത സ്വകാര്യതയില്‍ മീനാക്ഷിയേടത്തി ആഗ്രഹങ്ങളൊന്നും ബാക്കിവയ്ക്കാതെ, മുക്രയിട്ടു പെറ്റു.

പുഴയുടെ മടിയില്‌ കണ്ണടച്ച്‌ കിടന്ന്‌ രാഘവേട്ടന്‍ പ്രേമഗാനത്തിന്‍റെ ബാക്കി നീട്ടിപ്പാടി. വേളികഴിഞ്ഞ്‌ അറയില്‍ കയറിയ ഭാഗമെത്തിയപ്പോഴേയ്ക്കും പുഴ അടിവയറ്റില്‌ ഇക്കിളിയിട്ട്‌ ചിരിച്ചു. രാഘവേട്ടനെ ഒന്നു കൂടെ വട്ടം പിടിച്ചു. അവളുടെ ചുംബനത്തില്‌ ശ്വാസം മുട്ടാറായപ്പോഴേയ്ക്ക്‌ പിടി വിടുവിച്ച്‌ മുകളിലേയ്ക്കു പൊന്തി.

കടവത്ത്‌ അലക്കുകല്ലിന്‍റെ മീതെയിരുന്ന്‌ ചാപ്പിള്ളയുടെ തുറക്കാത്ത വായിലേയ്ക്ക്‌ മുലക്കണ്ണ്‌ കുത്തിച്ചീരുകയായിരുന്നു മീനാക്ഷിയേടത്തി. മുലകുടിക്കാന്‍ കൂട്ടാക്കാത്ത 'തല്ലുകൊള്ളായ്കയെ' പതം പറഞ്ഞ്‌, അതിനെ ഉറക്കാനെന്ന വണ്ണം ചന്തിക്ക്‌ പതുക്കെ തട്ടിക്കൊണ്ടിരുന്നു.

"ഞ്ഞിപ്പം ഒരെറക്ക്‌ ചാരായം എവിടെന്ന്‌ കിട്ടും?" ന്ന്‌ തലപൊകച്ച്‌, പെട്ടെന്നു കരയ്ക്കു കയറി ഉടുമുണ്ടെടുത്ത്‌ അരയ്ക്കു ചുറ്റി ധിറുതിയില്‍ നടക്കാന്‍ തുടങ്ങി ധൈര്യവാന്‍ രാഘവേട്ടന്‍. പൂര്‍ത്തിയാവാത്തൊരു സുരതത്തിന്‍റെ വിങ്ങലില്‌ പുഴ കിതച്ചു. ദേഷ്യം പൂണ്ട്‌ മീനാക്ഷിയേടത്തിയെ ഒന്നുകൂടി തന്നിലേയ്ക്ക്‌ വലിച്ചാഴ്ത്തി.

പിറ്റേന്ന്‌ കാലത്തേ അലക്കാനെത്തിയ വെളുത്തേടത്തികള്‌ കടവില്‌ മുറുക്കിത്തുപ്പിയതും മഞ്ഞവെള്ളവും കണ്ട്‌, "ഇന്നലേം കമത്ത്യോ ആ എമ്പോക്കി രാഹവന്‍.." ന്ന്‌ കാര്‍ക്കിച്ചു തുപ്പി. പുഴയില്‍ നിന്ന്‌ വെള്ളം കോരിയൊഴിച്ച്‌ പടവു വൃത്തിയാക്കി.

പുഴയില്‍ മലര്‍ന്നു കിടന്ന്‌ ചാപ്പിള്ളയെ നെഞ്ഞത്തു കിടത്തി നീന്തല്‌ പഠിപ്പിക്കുകയായിരുന്ന മീനാക്ഷിയേടത്തിയ്ക്കു പനങ്കള്ള്‌ മണത്തു. ബ്രാണ്ടി മണമുള്ള ഗോവിന്ദവാര്യരുടെ ശരീരത്തില്‌ രാഘവേട്ടന്‍റെ മുഖം വരച്ചു ചേര്‍ത്ത്‌ കുഞ്ഞിനോട്‌ 'അച്ച' എന്നു ചൂണ്ടിക്കാണിച്ചു. പുഴയ്ക്ക്‌ ദേഷ്യം വന്നു. ചെമ്മണ്ണു കലക്കി കണ്ണുചുവപ്പിച്ച്‌, ഓളം വെട്ടിച്ച്‌ അവളതു മായ്ച്ചു കളഞ്ഞു. പിന്നെ പടിഞ്ഞാറോട്ട്‌ കുളിച്ചൊരുങ്ങാന്‍ പോയി.

36 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഒരു വൃഥാവ്യായാമം. എന്താ പറയേണ്ടേ എന്നറിയാത്തതുകൊണ്ട്‌ ഇങ്ങനെയൊക്കെയായി.

ശ്രീവല്ലഭന്‍. പറഞ്ഞു...

vaayichu. pinne onnu kooti varaam :-)

കാപ്പിലാന്‍ പറഞ്ഞു...

:)

baakki pinne.

ഹരിത് പറഞ്ഞു...

മനോഹരം. സുന്ദരം. ഇഷ്ടമായീ.
ആ ഫോട്ടോ വേണോ? ഭാവനയിലെ പുഴയ്ക്കു ഫോട്ടോയെക്കാള്‍ പതിന്മടങ്ങ് സൌന്ദര്യം.

ലതി പറഞ്ഞു...

നല്ല ഭാഷ.

കാന്താരിക്കുട്ടി പറഞ്ഞു...

ഈ കഥയെ പറ്റി എന്താ പറയേണ്ടത്.ഇഷ്ടമായീ നൂറു വട്ടം എന്നല്ലാതെ !!

പൊറാടത്ത് പറഞ്ഞു...

മാഷേ...ഒരു പീടീം കിട്ടീല്യാ..നാട്ടിലൊക്കെ പോയി വന്നു അല്ലേ..? അപ്പോ അതാ പ്രശ്നം :)

സിമി പറഞ്ഞു...

ഒരുപാട് ഇഷ്ടപ്പെട്ടു മാഷേ. ഇനിയും ഇങ്ങനെ എഴുതാന്‍ കഴിയട്ടെ.

സിമി പറഞ്ഞു...

രാഘവേട്ടന്‍ എന്നു വേണ്ട, രാഘവന്‍ എന്നു മതിയായിരുന്നു - തോന്നല്‍ മാത്രം.

Jithendrakumar/ജിതേന്ദ്രകുമര്‍ പറഞ്ഞു...

nalla ezhutthu!!

ശ്രീ പറഞ്ഞു...

:)

vadavosky പറഞ്ഞു...

പാമൂ,

വളരെ നല്ല കഥ. ഭാഷയും ശൈലിയും നന്നായി. അഭിനന്ദനങ്ങള്‍.
ബ്ലോഗില്‍ വന്ന നല്ല കഥകളിലൊന്നാണിത്‌.

Sharu.... പറഞ്ഞു...

ഈ കഥ ഇഷ്ടമായി. ഒരുപാട് ഇഷ്ടമായി.

lakshmy പറഞ്ഞു...

വളരേ വളരേ ഇഷ്ടപ്പെട്ടു

ഹാരിസ് പറഞ്ഞു...

ദൃശ്യഭം‌ഗിയുണ്ട്..ആശയഭംഗിയേക്കാള്‍...!

പാമരന്‍ പറഞ്ഞു...

വല്ലഭ്ജീ, കാപ്പില്‍സ്‌, നന്ദി.

ഹരിത്ജീ, നല്ല ഫോട്ടം ഒന്നും തപ്പിയിട്ട്‌ കിട്ടിയില്ല. ഫോട്ടം എടുത്തു കളഞ്ഞു. പ്രോല്‍സാഹനത്തിന്‌ വളരെ നന്ദി.

ലതി ചേച്ചീ, കാന്താരീ, പൊറാടത്തേ, ശ്രീ, ഷാറു, ലക്ഷ്മി, വളരെ നന്ദി.

സിമി, ഒത്തിരി നന്ദിയുണ്ട്‌. ഇച്ചിരി 'പഴക്കം' ഫീല്‌ ചെയ്യിപ്പിക്കാനാണെന്നു തോന്നുന്നു, രാഘവേട്ടന്‍ ആക്കിയത്‌. ഫലിച്ചില്ലേ?

വഡവോസ്കി, ഒത്തിരി നാളായല്ലോ മാഷെ കണ്ടിട്ട്‌? കാപ്പില്‍ ഷാപ്പു പൂട്ടിയതിനുശേഷം കണ്ടിട്ടില്ലെന്നു തോന്നുന്നു. വളരെ നന്ദി!

പാമരന്‍ പറഞ്ഞു...

ഹാരിസ്‌ജീ, വളരെ നന്ദി. ലോ പ്രൊഫൈലാണോ കുറേ നാളായിട്ട്‌? ഒന്നും കാണുന്നില്ലല്ലോ?

സുനീഷ് പറഞ്ഞു...

സുന്ദരം... അവസാനത്തെ പാരഗ്രാഫ് വളരെ ആലങ്കാരികമായി എന്നു തോന്നുന്നു അതു വരെയുള്ള കഥയുടെ ശൈലി വച്ചു നോക്കുമ്പോള്‍...

ചന്ദ്രകാന്തം പറഞ്ഞു...

ഈ പുഴയെ നല്ല മുഖപരിചയം..
അതിലൂടൊഴുകിപ്പോയ വരികളേയും..

ബൈജു (Baiju) പറഞ്ഞു...

Ezhuththu nannayi mashe :)

smitha adharsh പറഞ്ഞു...

നന്നായി..

കാവലാന്‍ പറഞ്ഞു...

നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍..

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഇങ്ങനെയൊക്കെത്തന്നെയാണ് വേണ്ടത്...

നന്നായി

കാപ്പിലാന്‍ പറഞ്ഞു...

പ്രൊഫൈല്‍ വായിച്ചപ്പോള്‍ ആണ് എനിക്ക് എഴുതാന്‍ ഉള്ള കമെന്റ് അവിടെ കിടപ്പുണ്ടല്ലോ എന്ന് തോന്നിയത് .കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി എന്താണ് ഇതിനു പറയുക എന്നാലോചിക്കുകയായിരുന്നു .
"ഇനിയെങ്കിലും നിര്‍ത്തണം ".എന്‍റെ അഭ്യര്തനയായി കൂട്ടിയാല്‍ മതി .ഞാന്‍ ഒരു മന്ദബുദ്ധി ആയിപോയതുകൊണ്ടാവനം ഇപ്പോഴും എന്‍റെ തലയില്‍ ഇതിന്റെ പൂര്‍ണ്ണ രൂപം കത്തിയില്ല .എല്ലാവരും കൊള്ളാം ,നന്നായി എന്നെല്ലാം പറഞ്ഞിട്ട് പോയി.എനിക്കങ്ങനെ എഴുതാന്‍ നല്ല മനസില്ല .പിന്നല്ല .

:):):)

പാമരന്‍ പറഞ്ഞു...

സുനീഷ്ജീ, നന്ദി മാഷെ. പഠിച്ചു വരുന്നേയുള്ളൂ..

ചന്ദ്രകാന്തം, ബൈജു മാഷെ, സ്മിത, കാവലാന്‍ജി, പ്രിയ, വളരെ നന്ദി.

കാപ്പിലെ, അങ്ങനെയൊന്നും നിര്‍ത്തില്ല പൊന്നു മോനേ... ആ വേല മനസ്സില്‌ വെച്ചേരെ. നിങ്ങളെയൊക്കെ കൊറേ അനുഭവിപ്പിച്ചിട്ടേ ഞാന്‍ പോകൂ.. :)

കാപ്പിലാന്‍ പറഞ്ഞു...

ഇനിയെങ്കിലും നിര്‍ത്തി പോയില്ലെങ്കില്‍ ഈ ചാലിയാറില്‍ ഇനിയും ശവങ്ങള്‍ ഒഴുകും പാമരാ :) പ്ലീസ് .

:)

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

രാഘവേട്ടൻ മിനാക്ഷി,പുഴ അലക്കു കല്ല്.ഗ്രാമീണമായ പശ്ചാത്തലം.അവതരണത്തിൽ പുലർത്തൂന്ന ശൈലി,
സെകസ് എന്ന സങ്കല്പം വളരെ കലാപരമായി വർണ്ണിക്കുന്നു.ഒരു ഭരതൻ സിനിമ അസ്വാദിക്കുന്ന
കലാവിരുതോടെ ചിന്തയിൽ ഒരു മധുരമായ് നിറയുന്ന ഓർമ്മ.പിന്നെയും വായിക്കാനുള്ള മനസ്സിന്റെ അഗ്രഹം
.......
ഞാൻ എന്താ പറയുക.

അനൂപ്‌ കോതനല്ലൂര്‍ പറഞ്ഞു...

ഞാൻ വീണ്ടും വായിക്കുന്നു.വളരെ മനസ്സിൽ പതിഞ്ഞൂ
ശൈലി
അനുമോദനങ്ങൾ

രണ്‍ജിത് ചെമ്മാട്. പറഞ്ഞു...

പാമുവേട്ടാ...
എന്തൊക്കെയോ കിടന്നു കറങ്ങുന്നുവല്ലോ...
ആ പുഴക്കകവഴികളില്‍ എവിടെയോ
ഒളിഞ്ഞുകിടക്കുന്ന ചുഴികളുണ്ടല്ലോ....
ബിംബങ്ങളെല്ലാം കവിതയേക്കാള്‍ ശക്തിയായി
കഥാഖ്യാനത്തിന്റെ അടുക്കുകളില്‍
ഉറച്ചു നില്‍ക്കുന്നു....
അലക്കു കല്ലിനടിയിലെ വഴുക്കലുകള്‍
ഒറ്റ വായനയില്‍ കാണാതെ പോകുന്നു.
ഒരു ചിത്ര ക്യാന്‍‌വാസുപോലെ
മനോഹരമായൊരുക്കിയ പശ്ചാത്തലം.
എനിക്കു വയ്യ പാമരാ
അനൂപ് പറഞ്ഞപോലെ
ഭരതൻ സിനിമ കാണുന്ന പ്രതീതി.

ഗീതാഗീതികള്‍ പറഞ്ഞു...

നല്ല കഥ പാമരാ.
ആ പുഴയുടെ സന്ദര്‍ഭോചിതങ്ങളായ ഭാവങ്ങള്‍ കൊള്ളാം.
(ഏട്ടനെന്നും ഏടത്തിയെന്നും വിളിച്ചപ്പോള്‍ പണ്ടെന്നോ നടന്ന കഥ എന്നൊരു തോന്നല്‍ വന്നു).

Chinthakan പറഞ്ഞു...

ഈ പുഴ എന്റേതാണ്‌.......................നിലാവിന്റെ നീലിമയില്‌ അവളെ പ്രണയിച്ച രാഘവേട്ടൻ പെരുവഴിക്കടവിൽ ജനിച്ച്‌ മരിച്ചതാണ്‌..............അയാളുടെ പാട്ടിന്‌ ചെവിയോർത്ത വയലേലകൾ ടിപ്പർ ലോറി കൊണ്ടു തട്ടിയ മണ്ണിനടിയിൽപെട്ട്‌ മരിച്ചു പോയവയാണ്‌................ഇഷ്ടപ്പെട്ടു.

Rajeeve Chelanat പറഞ്ഞു...

പാമരന്‍,

ചെറുതെങ്കിലും ശക്തമായ കഥ.

ബ്ലോഗ്ഗില്‍ നിന്നു കിട്ടിയ ഇ-മെയില്‍ വിലാസത്തില്‍ ഞാന്‍ രണ്ട് കത്തുകള്‍ അയച്ചിരുന്നു. മറുപടി കണ്ടില്ല. നോക്കുമല്ലോ.ഓര്‍ക്കുട്ട്, ക്ഷണം കിട്ടിയെങ്കിലും ഇവിടെ പ്രവര്‍ത്തനക്ഷമവുമല്ല.

അഭിവാദ്യങ്ങളോടെ

Mahi പറഞ്ഞു...

വളരെ നന്നായിരിക്കുന്നു. വളരെ നല്ല ഭാഷ.ഇനിയും ഇതുപോലെയുള്ളത്‌ കാത്തിരിക്കുന്നു

Inji Pennu പറഞ്ഞു...

പാമരൻ,
നന്നായിരിക്കുന്നു.

ഗുപ്തന്‍ പറഞ്ഞു...

കിടു!

ജ്യോനവന്‍ പറഞ്ഞു...

നല്ല കഥ