2008, ജൂൺ 15, ഞായറാഴ്‌ച

ഭ്രാന്ത്‌

http://lrc.wfu.edu/spanish213/Picasso/picasso.htm
സ്വാസ്ഥ്യത്തിന്‍റെ നേര്‍ത്ത വരമ്പൊന്ന്‌
മെത്തിക്കടന്ന്‌ എത്തിനോക്കിയതാണ്‌

കുത്തിയൊഴുകിയ ചിന്തകളുടെ
സ്ഥൂലശരീരം വരമ്പിടിച്ചു കളഞ്ഞു

തിരിച്ചൊഴുകാമെന്നു വച്ചാല്‍
കെട്ടിക്കിടപ്പിനു അതിരുവയ്ക്കാനൊരു വരമ്പെവിടെ

വരമ്പില്ലായ്മയൊരു ലൈസന്‍സായെടുത്ത്‌
ആര്‍ത്തലച്ചു

സ്വന്തം വരമ്പില്ലാതായാല്‍
പിന്നേതുവരമ്പുമിടിക്കാമല്ലോ

വരമ്പുകളിടിച്ച് ഒഴുകിപ്പരന്ന്
യൌവ്വനത്തിനാഴം കുറഞ്ഞപ്പോള്‍
വരമ്പുകള്‍ക്കെന്തൊരു ഗര്‍വ്വ്‌!

ഒടുവിലൊന്നു കെട്ടിക്കിടക്കാനും
അതിരിലൊതുങ്ങാനും ആഗ്രഹിച്ച്‌
വിസ്തൃതിയുടെ ചങ്ങലയിലുരഞ്ഞ്‌
വറ്റിത്തീരുന്നു; ഭ്രാന്തപര്‍വ്വം..

28 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഇന്നത്തെ ചിന്തകളിലിത്തിരി പ്‌രാന്ത്‌..

ബാജി ഓടംവേലി പറഞ്ഞു...

പിരാന്തു തന്നെ.......
:) :) :)

Gopan | ഗോപന്‍ പറഞ്ഞു...

പമാരന്‍സേ, വരികള്‍ നന്നായിട്ടുണ്ട്.
അവസാന വരികള്‍ കുറച്ചു കൂടുതല്‍ ഇഷ്ടമായി.
പികാസ്സോ ചിത്രം വരികള്‍ക്ക് മാറ്റ് കൂട്ടിയിരിക്കുന്നു.
പ്രേരണ ഈ ചിത്രമോ അതോ ഇന്നത്തെ ചിന്തകളോ ?
:)

ഫസല്‍ ബിനാലി.. പറഞ്ഞു...

വരികള്‍ നന്നായിരിക്കുന്നു,
ചിത്രം കാണാന്‍ കഴിഞ്ഞത് ഭാഗ്യം
ആശംസകള്‍

അജയ്‌ ശ്രീശാന്ത്‌.. പറഞ്ഞു...

കൊള്ളാം... :) ട്ടോ...
ഏതായാലും ഭ്രാന്ത്‌
ആണെന്ന്‌ ഞാന്‍ പറയില്ല...:)

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഈ പിരാന്തനെക്കൊണ്ട് തോറ്റു :)

ബാബുരാജ് ഭഗവതി പറഞ്ഞു...

കൊള്ളാം..
പാമരാ
സ്നേഹപൂര്‍വ്വം...

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഈശ്വരാ പാമര്‍ ജീ ക്കും ഭ്രാന്തായോ..എന്തായാലും ഭ്രാന്തിന്റെ മൂച്ചില്‍ എഴുതിയ വരികള്‍ ഉഗ്രന്‍..ആ പടം അടി പൊളീ....

തണല്‍ പറഞ്ഞു...

പാമര്‍ജീ,
അതിര്‍വരമ്പുകള്‍ തകര്‍ത്തൊരു യാത്ര..ഒടുവില്‍ അതിരിലൊതുങ്ങാനും ആഗ്രഹിച്ച്‌
വിസ്തൃതിയുടെ ചങ്ങലയിലുരഞ്ഞ്‌
വറ്റിത്തീരുന്നു..കൊള്ളാം.
(സാറിന്റെ ഇഷ്ട ചിത്രമായ തൂവാനത്തുമ്പികളില്‍ ക്ലാര പറയും പോലെ “ആ ഭ്രാന്തന്റെ കാലിലെ മുറിവാകാന്‍ കൊതിയാവുകാ..)

ശ്രീ പറഞ്ഞു...

വായിച്ചു കഴിഞ്ഞപ്പോള്‍ എനിയ്ക്കും ലേശമൊരു...

യേയ്, ഭ്രാന്തൊന്നുമല്ല, എന്നാലും...
;)

Sharu (Ansha Muneer) പറഞ്ഞു...

ഈ പിരാന്ത് ഇഷ്ടമായി. :)

ശ്രീനന്ദ പറഞ്ഞു...

തലക്കെട്ട് കണ്ടു പേടിച്ചോടി വന്നതാ. വന്നിലാരുന്നേല്‍ നഷ്ടമായേനെ.
നല്ല വരികള്‍. നല്ല ചിത്രം.

Unknown പറഞ്ഞു...

ഒരു ഭ്രാന്തന്‍ ഭ്രാന്തനാകുന്നത് ആയ്യാള്‍ക്ക് ഭ്രാന്ത്
വരുമ്പോഴാണ്.ഒരു ഭ്രാന്തന് ചങ്ങല ഒരാഭരണമാണ്.
അല്ല എനിക്ക് ഗീതാകിനിബാധയാണോ

അജ്ഞാതന്‍ പറഞ്ഞു...

വരികളില്‍ നിറയുന്ന ചിന്താബോധം.വാക്കുകളില്‍
വിരിയുന്ന അസ്വാദനത്തിന്റെ തീക്ഷണതാബോധം
ഇതെല്ലാം പാമുവിനെ വേറിട്ടവനാക്കുന്നു
ഈ കവിതക്കും പിള്ളേച്ചന്റെ അനുമോദനങ്ങള്‍

കാവലാന്‍ പറഞ്ഞു...

"യൌവ്വനത്തിനാഴം കുറഞ്ഞപ്പോള്‍
വരമ്പുകള്‍ക്കെന്തൊരു ഗര്‍വ്വ്‌!"

എന്താ പറയേണ്ടത് പാമരാ.........

അട്ടഹാസങ്ങളെല്ലാം പിറുപിറുപ്പിലൊതുങ്ങും
കുതിച്ചോട്ടങ്ങളെല്ലാം കിതച്ചിഴഞ്ഞൊതുങ്ങും
ഒടുവിലൊരു കൂന ചവറിന്റെ മധ്യേ
മേലു വേവുന്ന നേരവും കാത്ത്...
അറിയാത്ത
ഉറക്കം.

ജ്യോനവന്‍ പറഞ്ഞു...

ഭ്രാന്ത് കവിതയാകുമ്പോള്‍
ചിന്തയും ചന്തമുള്ളത്.

ദിലീപ് വിശ്വനാഥ് പറഞ്ഞു...

കൊള്ളാം, നല്ല വരികള്‍.
ഇപ്പോള്‍ സുഖമായിക്കാണും എന്നു വിശ്വസിക്കുന്നു.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

"കുത്തിയൊഴുകിയ ചിന്തകളുടെ
സ്ഥൂലശരീരം വരമ്പിടിച്ചു കളഞ്ഞു"

ഭ്രാന്തിന്റെ മനോഹരമായ ഒരു നിറ്വ്വചനം!

വരമ്പുപൊട്ടുന്നു വരികളുടെ,
നല്ല വായന.

ചന്ദ്രകാന്തം പറഞ്ഞു...

വരമ്പുകളില്‍ ഒതുങ്ങാത്ത ചിന്തകള്‍....
ഭംഗയായി നിറഞ്ഞിരിയ്ക്കുന്നു വരികളില്‍.

ഹരിയണ്ണന്‍@Hariyannan പറഞ്ഞു...

ചിന്തകള്‍ ഇങ്ങനെ വരമ്പുചാടുന്നതാണല്ലോ കവിത!

നന്നായി!!

Rare Rose പറഞ്ഞു...

യൌവനത്തിന്റെ ഗര്‍വ്വിനു മുന്നില്‍ അതിരുകള്‍ തല കുനിക്കുമെന്നുള്ള മിഥ്യാ‍ബോധം...ഒഴുകിപ്പരന്ന് ഉള്‍ക്കാമ്പു വറ്റുമ്പോള്‍ അറിയാം അതിരുകള്‍ തടുത്തു നിര്‍ത്തുന്നത്........
വിസ്തൃതിയുടെ ചങ്ങലയിലുരഞ്ഞ്‌
വറ്റിത്തീരുന്നു; ഭ്രാന്തപര്‍വ്വം..
ഈ വരികളിലുള്ള തീക്ഷ്ണചിന്തകള്‍ക്ക് മുന്‍പില്‍ ഇനിയെന്തു പറയാനാണു.......ഒരുപാട് നന്നായിരിക്കുന്നു......ആശംസകള്‍...:)

പാമരന്‍ പറഞ്ഞു...

ബാജി.. പ്രാന്തുതന്നെ :) ആദ്യമായാണിവിടെ. നന്ദി.

ഗോപന്‍ജി, നന്ദി. വരികള്‍ക്കൊത്തൊരു ചിത്രം തിരഞ്ഞപ്പോ കയ്യിത്തടഞ്ഞതാ..

ഫസലേ, നന്ദി..

അമൃത, നന്ദി..

പ്രായമ്മേ, ഡോണ്ടൂ ഡോണ്ടൂ..

ബാബുരാജ്‌ മാഷെ, നന്ദി.. സ്നേഹത്തിനും..

കെ.കുട്ടീ, നന്ദീണ്ട്‌ ട്ടാ..

തണല്‍ജീ, നന്ദി. യാദൃശ്ചികമായി ഭ്രാന്തന്‍റെ കരച്ചിലും ക്ളാരയുടെ ആ ഡയലോഗും ഞാനും ഓര്‍ത്തിരുന്നു..

ശ്രീ.. :) ഇങ്ങനെ ഒക്കെ ആണു തുടക്കം..

ഷാരു, നന്ദി..

ശ്രീനന്ദ, നന്ദി. അഗ്രിഗേറ്റര്‍ അതു 'പാമരന്‌ ഭ്രാന്ത്‌' എന്നാക്കി :)

പിള്ളേച്ചാ.. നണ്‍ട്രി..

കാവലാന്‍ജീ, ആറ്റിക്കുറുക്കാന്‍ ഇങ്ങളെ കഴിഞ്ഞിട്ടേ ഉള്ളൂ .... നന്ദി..

ജ്യോനവന്‍ജീ, വളരെ നന്ദി.

മുനിയണ്ണാ, നന്ദി.. ഇതങ്ങനെ മാറുന്ന ഒന്നും അല്ലെന്നാ തോന്നണെ.

രഞ്ജിത്തേ.. വായിക്കുന്നവനു എഴുതിയവനേക്കാള്‍ ഭാവന കൂടിയാല്‍ വരമ്പുപൊട്ടുകതന്നെ ചെയ്യും!

ചന്ത്രകാന്തം.. വളരെ നന്ദി..

ഹരിയണ്ണാ.. വളരെ നന്ദി..

റോസെ.. വിശദമായ വായനയ്ക്ക്‌ വളരെ നന്ദി.. ആശംസകള്‍..

Typist | എഴുത്തുകാരി പറഞ്ഞു...

കൊള്ളാം. ചിത്രം ഗംഭീരം.

ബഷീർ പറഞ്ഞു...

വരമ്പ്‌ ചാടിയ ചിന്തകള്‍ക്ക്‌ തടയിടാന്‍ കഴിയാത്തത്‌ ഭ്രാന്തായി തെറ്റിദ്ധരിച്ചതാണു ഭ്രാന്ത്‌..

കൊള്ളാം കവിത..

തോന്ന്യാസി പറഞ്ഞു...

ഇത്...പാമരന്റെ ഭ്രാന്ത്...........

എന്തായാലും പാമ്വേട്ടന്റെ പോട്ടം എനിക്കിഷ്ടായി...........


ഓ.ടോ. മികച്ച വരികള്‍....നന്നായിരിക്കുന്നു.......

ഗീത പറഞ്ഞു...

ഏതിനും ഒരവസാനമുണ്ട്.
ആദ്യം അതിര്‍വരമ്പുകള്‍ തകര്‍ക്കാനാഗ്രഹം...
തകര്‍ത്തുകഴിയുമ്പോള്‍ പിന്നെ അതിരിലൊതുങ്ങാനാഗ്രഹം....
ആഗ്രഹങ്ങള്‍ക്കു മാത്രം ഒരവസാനവുമില്ല....

പാമൂ, ഇന്നത്തെ ചിന്തകളില്‍ മാത്രമാണല്ലോ ഇത്തിരി പ്രാന്ത്. നാളേക്കതു മാറുമല്ലോ? അല്ലേ?

d പറഞ്ഞു...

ഇഷ്‌ടമായി വരികള്‍...

sree പറഞ്ഞു...

സ്വന്തം വരമ്പില്ലാതായാല്‍
പിന്നേതുവരമ്പുമിടിക്കാമല്ലോ
വരമ്പുകളില്ലാതാവുന്നതാണ് ഭ്രാന്ത് എന്ന് അറിയാനും വേണം ഇത്തിരി പ്രാന്ത്.