വിക്ടര്‍ വെള്ളത്തിലാഴ്ന്നു കിടക്കുകയായിരുന്നു. ഒരു വലിയ മീന്‍ വന്ന് അയാളുടെ ചുണ്ടില്‍ കടിച്ചു. പ്രണയനിര്‍ഭരമായ ഒരു ചുംബനം പോലെ തോന്നി അത്. മീനുകളെന്തിന് വിക്ടറിനെ ചുംബിക്കണം എന്നു ഞാന്‍ അല്‍ഭുതപ്പെട്ടു. വേറെയും ഉണ്ടായിരുന്നു കുറേയധികം മീനുകള്‍. എല്ലാവരും വിക്ടറിനു ചുറ്റും നൃത്തം ചെയ്യുകയായിരുന്നെന്നു തോന്നുന്നു.
പിന്നെയൊന്നും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. പേടിപ്പെടുത്തിയ രംഗങ്ങളൊന്നുമില്ലാഞ്ഞിട്ടും ഒരു ദുസ്വപ്നം ആയിരുന്നു അത്.
വിക്ടര്‍ എന്റെ സഹപ്രവര്‍ത്തകനായിരുന്നു. യുക്രൈന് കാരന്. ഓഫീസിലെ ഒറ്റയാന്. ആറരയടിയോളം പൊക്കം. ഘനഗംഭീരമായിരുന്നു അയാളുടെ ശബ്ദം. ഒരു ഗുഹയില്‍ നിന്ന് പുറത്തുവരുന്നതുപോലെ അതങ്ങനെ മുഴങ്ങും. മാനേജര്‍മാരു പോലും അയാളുടെ ആകാരത്തെയും ശബ്ദത്തെയും ഭയപ്പെട്ടു. ഡിസൈന്‍ മീറ്റിംഗുകളില്‍ അയാളൊരു അഭിപ്രായം പറഞ്ഞാല്‍ ചിലപ്പോള്‍ മറുവാദങ്ങളുണ്ടെങ്കില്‍ കൂടി അതു പറയാന്‍ എല്ലാവരും ഭയപ്പെട്ടപോലെ തോന്നിയിരുന്നു. മീറ്റിംഗ് റൂമുകളില്‍ നിശബ്ദനാണെങ്കില്‍ കൂടി അയാളങ്ങനെ നിറഞ്ഞ് നിഴല്‍ വീഴ്ത്തിയിരിക്കും. വീക്കെന്റുകളിലെ മദ്യാഘോഷത്തിന്റെ ഹാങോവറില്‍ മിക്കവാറും തിങ്കളാഴ്ചകളില്‍ അയാള്‍ അവധിയായിരുന്നു.
"ഹോ, അനദര്‍ മണ്‍ഡേ! വിക്ടര്‍ ഓഫാണാല്ലേ.." എന്നു പറയുമ്പോള്‍ മാനേജറുടെ ആശ്വാസം വാക്കുകളില്‍ മറ നീക്കുന്നതു കാണാം.
ഏറെക്കുറെ ഞാനും ഒരു ഒറ്റയാനായിരുന്നു. ഓഫീസുവിട്ടാല്‍ എന്റെ ഒറ്റമുറി അപ്പാര്‍ട്ടുമെന്റില്‍ അടച്ചിരിക്കും. വീക്കെന്റുകള്‍ ഭീകരങ്ങളായിരുന്നു. എന്നും ജോലിത്തിരക്കുള്ള ദിവസങ്ങളായിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചിട്ടുണ്ട് ഞാന്‍. എന്റെ ക്യുബിക്കിളില്‍ മോണിറ്ററില്‍ മുഖം പൂഴ്ത്തി വൈകിട്ടുവരെ അങ്ങനെ ഇരിക്കാം. മീറ്റിംഗുകളില്ലെങ്കില്‍ ആരും വരില്ല ശല്യപ്പെടുത്താന്‍.
വീക്കെന്റുകളില് ഞാന്‍ മിക്കവാറും കിടന്നുറങ്ങും. അത്ര സുഖകരമല്ല എന്റെ ഉറക്കം. ദുസ്വപ്നങ്ങള്‍ വേട്ടയാടിക്കൊണ്ടേ ഇരിക്കും. പൂര്‍ണ്ണതയെത്തുന്നതിനു മുന്‍പ് ചരടു മുറിയുകയും ചെയ്യും. പിന്നെ കുറേ നേരത്തേയ്ക്ക് ഉറക്കം വരികയുമില്ല. ഒന്നുറങ്ങിക്കിട്ടിയാല്‍ മുറീഞ്ഞുപോയ സ്വപ്നത്തെ പിന്തുടര്ന്നു പിടിക്കാമെന്നു വ്യാമോഹിച്ച് ഞാന്‍ ഉറങ്ങാന്‍ കഠിനപ്രയത്നം നടത്തിക്കൊണ്ടുമിരിക്കും.
ഒരു ഓണ്‍ലൈന്‍ സുഹൃത്തില്‍ നിന്നു കിട്ടിയ ഉപദേശപ്രകാരമാണ് ചൂണ്ടയിടല്‍ ഹോബിയായി പരീക്ഷിക്കാമെന്നു വച്ചത്. ചൂണ്ടയിടലിനെക്കുറിച്ച് ആകാവുന്ന പുസ്തകങ്ങളൊക്കെ വായിച്ചു. കടകളില്‍ കയറിയിറങ്ങി സാധനസാമഗ്രികളൊക്കെ സംഘടിപ്പിച്ചു.
മൂന്നുനാലു വീക്കെന്റുകളില് പുഴയോരത്തു പോയിരുന്നു പരീക്ഷിച്ചു. മീനുകള്‍ എന്നെ ഗൌനിച്ചേയില്ല.
സമയങ്ങള്‍, ചൂണ്ടകള്‍, ഇരകള്‍ ഒക്കെ മാറി മാറി പരീക്ഷിച്ചു. ഒന്നും ഫലിച്ചില്ല. പക്ഷേ ഒട്ടും ബോറടിച്ചില്ല എനിക്ക്. മണിക്കൂറുകളോളം ചൂണ്ടയും പിടിച്ച് അനങ്ങാതെ അങ്ങനെ ഇരുന്നു. പല ദിവസങ്ങള്‍.
അങ്ങനെ ഒരു ദിവസമാണ് വിക്ടര്‍ അയാളുടെ ചെറിയൊരു മോട്ടോര്‍ ബോട്ടില്‍ ഞാനിരിക്കുന്നതിനടുത്തുകൂടെ വന്നത്. അയാളും ചൂണ്ടയിടുകയായിരുന്നു. ഒരു ബക്കറ്റിനകത്ത് അന്നു അയാള്‍ പിടിച്ച മീനുകളെ കാണിച്ചു തന്നു. അഞ്ചാറു് എണ്ണം പറഞ്ഞ മീനുകള്‍. ബക്കറ്റിലെ ഇത്തിരിവെള്ളത്തില്‍ മുഖം മാത്രം മുക്കിവെച്ച് അവ ചെകിളകളനക്കി ദൈവഹിതം കാത്തു കിടക്കുന്നു.
വിക്ടര്‍ കാലിയായ എന്റെ ബക്കറ്റുകണ്ട് ആര്‍ത്തു ചിരിച്ചു. എന്നെ പിടിച്ചു വലിച്ച് ബോട്ടില്‍ കയറ്റി.
"മൈ ഫ്രണ്ട്.." അയാള്‍ പറഞ്ഞു, "ചൂണ്ടയിടുന്നതിന് ഒരു നേക്കുണ്ട്. ഞാന്‍ പറഞ്ഞു തരാം."
ടൈഡിനനുസരിച്ചു സമയം ക്രമീകരിക്കുന്നതിനെപ്പറ്റിയും ഓരോ മീനിനെപിടിക്കാനുള്ള പ്രത്യേകം പ്രത്യേകം ഇരകളെപ്പറ്റിയും അയാള്‍ പറഞ്ഞു തന്നു.
തന്റെ ഈസ്റ്റേണ്‍ യൂറോപ്യന്‍ ആക്സന്റില്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അയാള്‍ തെരുതെരെ മീനുകളെ ചൂണ്ടയില്‍ കൊരുക്കുന്നുണ്ടായിരുന്നു. ബക്കറ്റു നിറഞ്ഞപ്പോള്‍ പിന്നെ പിടിച്ചതിനെയൊക്കെ എന്റെ ബക്കറ്റിലേയ്ക്കിട്ടു.
അയാള്‍ തന്ന പുതിയൊരു ഇര കൊളുത്തി ഞാന്‍ എന്റെ ആദ്യത്തെ മീനിനെ പിടിച്ചു. വൈറ്റ് ഫിഷ് എന്ന ഒരു ചെറിയമീനായിരുന്നു അത്. വലിച്ചെടുത്ത് കയ്യിലൊതുക്കിയപ്പോള്‍ അതെന്റെ നേരെ നോക്കി. പിടച്ചതേയില്ല. തന്റെ വിധി അതിനു സുവ്യക്തമായിരുന്നെന്നു തോന്നിപ്പോയി.
ഹുക്ക് അതിന്റെ തൊണ്ടയില്‍ നിന്ന് വിടുവിക്കാന്‍ ഞാന്‍ കിണഞ്ഞു ശ്രമിച്ചു. അതാണെങ്കില്‍ കൂടുതല്‍ ആഴ്ന്നിറങ്ങുകയായിരുന്നു. മീന്റെ ചോര അതിന്റെ ചെകിളകളിലൂടെ കിനിഞ്ഞിറങ്ങി. പെട്ടെന്നു തോന്നിയ വെപ്രാളത്തില്‍ ഞാന്‍ കൈവിട്ടു. തൊണ്ടയില്‍ കുരുങ്ങിയ കൊളുത്തും വലിച്ചു കൊണ്ട് രക്ഷപ്പെടാന്‍ അത് ആത്മാര്‍ത്ഥമായി ശ്രമിച്ചു.
വിക്ടര്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒന്നും തലയില്‍ കയറിയില്ല. എന്റെ പേനാക്കത്തിയെടുത്ത് നൂലു ഞാന്‍ മുറിച്ചു കളഞ്ഞു. തൊണ്ടയില്‍ കുരുങ്ങിയ കൊളുത്തും കൊണ്ട് അതു പോയി.
വിക്ടറിന് ദേഷ്യം വന്നു. ആദ്യമായി പിടിച്ച മീനിനെ വിട്ടുകളഞ്ഞ ഞാനൊരു മണ്ടനാണെന്ന് അയാള്‍ പറഞ്ഞു. കൂടെ എങ്ങനെ പിടിക്കണമായിരുന്നു, എങ്ങനെ ഹുക്ക് അഴിച്ചെടുക്കണമായിരുന്നു എന്നൊക്കെ ഉപദേശവും.
ഒരു മരപ്പെട്ടി തുറന്ന് അയാള്‍ ഒരു കുപ്പി പുറത്തെടുത്തു. വീഞ്ഞുണ്ടാക്കിയതിന്റെ ബാക്കി മുന്തിരിച്ചണ്ടി വാറ്റിയെടുക്കുന്ന മൂണ്‍ഷൈന്‍ എന്ന ചാരായം ആയിരുന്നു അത്. കുപ്പിയില്‍ നിന്ന് നേരെ അത് അയാള്‍ വായിലേയ്ക്ക് കമഴ്ത്തി.
'ഇത്തിരി മദ്യം എനിക്കും തരൂ' എന്നു ഞാന്‍ പറഞ്ഞോ എന്ന് ഓര്‍മ്മയില്ല. ഒരിറക്കു കൂടി കമഴ്ത്തിയിട്ട് അയാള്‍ കുപ്പി എന്റെ നേരെ നീട്ടി. വല്ലാത്തൊരു മണമായിരുന്നു അതിന്. അതു തൊട്ടിടമൊക്കെ തണുത്തു. ഇറക്കിയപ്പോള്‍ തൊണ്ട പൊള്ളി. രണ്ടു കവിളു കുടിച്ചു കഴിഞ്ഞപ്പോള്‍ ആകെയൊരു ഉന്മേഷം തോന്നി.
ഒരിറക്ക് വായിലൊഴിച്ചിട്ട് അയാള്‍ കത്തിച്ചു പിടിച്ച സിഗാര്‍ലൈറ്ററിന്റെ നേരെ അതു തുപ്പി. നീല നിറത്തില്‍ മൂണ്‍ഷൈനിനു കത്തുപിടിച്ചപ്പോള്‍ തീതുപ്പുന്ന ഒരു ഡ്രാഗണിനെ ഓര്‍മ്മിപ്പിച്ചു അയാളുടെ മുഖം.
അയാള്‍ ചെയ്യുന്നതൊക്കെ നോക്കിക്കൊണ്ട് ബോട്ടിന്റെ ഡെക്കില്‍ മലര്‍ന്നു കിടന്നു. വെയിലണഞ്ഞു തുടങ്ങിയിരുന്നു. പകരം മൂണ്‍ഷൈന്‍ ഉള്ളില്‍ തീകത്തിച്ചുകൊണ്ടിരുന്നു.
ഈ പിടിച്ചു കൂട്ടിയിരിക്കുന്ന മീനുകളെ ഒക്കെ അയാളെന്തുചെയ്യുമെന്ന് ഞാന്‍ അല്‍ഭുതപ്പെട്ടു. നാട്ടിലെ ഒരു മീന്‍വില്‍പ്പനക്കാരന്റെ കൊട്ടയില്‍ കാണുന്നത്രയും മീനുകളുണ്ടായിരുന്നു അയാളുടെ ബക്കറ്റില്‍.
എന്റെ ചോദ്യം മുഖത്തുനിന്നു വായിച്ചെടുത്തിട്ടെന്നപോലെ അയാള്‍ പറഞ്ഞു.
"മൈ ഫ്രന്റു്, ഈ മീനുകളെയൊക്കെ യുക്രെയിനില്‍ നിന്നു കൊണ്ടുവന്ന എന്റെ റോസ്ചെടികള്‍ക്ക് വളമിടാന്‍ കൊണ്ടുപോകുകയാണ്."
മീനുകള്‍ റോസിന് നല്ല വളമാണത്രെ. ജീവനോടെ കൊണ്ടുപോയി ചെടികളുടെ ചോട്ടിലിട്ട് മൂടണം. ജീവനുള്ള മീനുകളെ വളമിട്ടാല്‍ റോസുകള്‍ കൂടുതല്‍ ചുവന്നിരിക്കുമത്രെ. അവയ്ക്ക് രക്തത്തിന്റെ നിറം വരുമെന്ന്.
കാഴ്ചകള്‍ നിറം മങ്ങി. അതില്‍ ചോരച്ചുവപ്പു കലരാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കണ്ണടച്ചു കിടന്നു. എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് അറീയില്ല.
ഉണര്‍ന്നപ്പോള്‍ ദാ ഇങ്ങനെ ഇവിടെ കിടക്കുകയാണ്. എപ്പോഴാണ്, എങ്ങനെയാണ് തിരിച്ചെത്തിയതെന്ന് ഒരു പിടിയുമില്ല. വാതിലുകളൊക്കെ തുറന്നു കിടക്കുന്നു.
തലയ്ക്ക് അടിയേറ്റതുപോലെ വേദന. മൂണ്‍ഷൈനിന്റെ ബാക്കി. ഷെല്‍ഫുകളിലൊക്കെ തപ്പി നോക്കി. ഒരു തുള്ളിപോലും ഇരിപ്പില്ല. ആകെയൊരു പെരുപ്പ്. വീണ്ടും കിടന്നുറങ്ങാമെന്നുകരുതി. വിക്ടറും മീനുകളും തലയില്‍ നിറഞ്ഞു. ഇടയ്ക്കിടെ റോസാപ്പൂവിന്റെ ചോരച്ചുവപ്പ് തികട്ടിവന്നു. ആളില്ലാതെ ഒഴുകിനടക്കുന്ന ഒരു ബോട്ടും.
* * * *
രണ്ട് മാസം കഴിഞ്ഞാണ് വിക്ടറിനെ പുഴയില്‍ നിന്ന് കിട്ടിയത്. അയാളുടെ ചുണ്ടുകള്‍ മീന്‍ തിന്നു പോയിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ തൊണ്ടയില്‍ നിന്ന് ഒരു ചൂണ്ടക്കൊളുത്തും കിട്ടിയത്രെ.
തൊണ്ടയില്‍ കൊളുത്തുമായി ജീവന് തിരിച്ചു മേടിച്ചു പോയ മീന്‍ പിന്നെയും ഉറക്കത്തില്‍ വന്നു വിളീച്ചുകൊണ്ടിരുന്നു. ചൂണ്ടയിടാന്‍ പോകാന്‍.
പക്ഷേ പിന്നെ ഒരിക്കലും ചൂണ്ടയിടാന്‍ പോയില്ല. പകരം ഞാന്‍ യുക്രെയ്നിയന്‍ റോസ് ചെടികള്‍ വളര്‍ത്താന്‍ തുടങ്ങി. അവ ചോരച്ചുവപ്പുള്ള പൂക്കള്‍ വിടര്‍ത്തി.
2009, ഫെബ്രുവരി 15, ഞായറാഴ്ച
ബ്ളഡ്ഡ് റോസ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
30 പ്രതികരണങ്ങള്‍:
പോസ്റ്റണോ വേണ്ടയോ എന്ന് ഒരു തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. പിന്നെ കണ്ണുമടച്ചങ്ങു ചാര്‍ത്തി. ഇനി നിങ്ങള്‍ പറയൂ :)
"ജീവനുള്ള മീനുകളെ വളമിട്ടാല്‍ റോസുകള്‍ കൂടുതല്‍ ചുവന്നിരിക്കുമത്രെ. അവയ്ക്ക് രക്തത്തിന്റെ നിറം വരുമെന്ന്."
ജീവനുള്ള മീനുകളെ വളമായി ഇടാതെയും പാമരന്റെ ഈ റോസാപൂക്കൾക്ക് നല്ല ചുവപ്പുനിറം.
പിന്നെ, ‘ചൂണ്ട‘യിടാൻ താങ്കൾ ഒരു വിദഗ്ദൻ ആയല്ലോ അല്ലേ ഇപ്പോൾ :)
ശരിക്കും ഉണ്ടായതാണോ? മീനുകളുടെ ശാപം!
ഹും! ബാക്കിയുള്ളവരുടെ ഉറക്കം കൂടെ കളഞ്ഞപ്പോള്‍ തൃപ്തിയായല്ലേ? ഇനി ഉറക്കത്തില്‍ ചൂണ്ടക്കൊളുത്തും മീനുമൊക്കെ കാണണം...
;)
എടാ പാമൂ, കൊലപാതകീ! :) നല്ല കഥ പറഞ്ഞു പറഞ്ഞു വന്ന് ഒടുക്കം തിടുക്കം കാട്ടി. എങ്കിലും തിളക്കമുണ്ട്.
മൂണ്ഷൈന്റെ മണമുള്ള ചോരപ്പൂക്കള്‍...
ഉറക്കത്തില്‍ തീരെ സ്വപ്നം കാണാത്ത എനിക്ക്,
ഇങ്ങനെയൊക്കെയുള്ള സ്വപ്നങ്ങള്‍ കാണാന്‍ ഒരു വഴി പറഞ്ഞു തരുമോ?
ഇനിയും കാണട്ടെ എഴുതാന്‍ കൊള്ളാവുന്ന ഇത്തരം സ്വപ്നങ്ങള്‍!
വായനയുടെ മറ്റൊരു തലത്തിലേക്കു കൊണ്ടുപോയി,
വേറിട്ടൊരു വിറയല്‍....!
രണ്ട് മാസം കഴിഞ്ഞാണ് വിക്ടറിനെ പുഴയില്‍ നിന്ന് കിട്ടിയത്. അയാളുടെ ചുണ്ടുകള്‍ മീന്‍ തിന്നു പോയിരുന്നു. പോസ്റ്റ് മോര്‍ട്ടത്തില്‍ തൊണ്ടയില്‍ നിന്ന് ഒരു ചൂണ്ടക്കൊളുത്തും കിട്ടിയത്രെ.
വായനക്കാരനെ വല്ലാതെ കൂട്ടികൊണ്ട് പോകുന്നുണ്ട് ... നല്ല എഴുത്ത്...
അനുഭവ കഥ നന്നായി പാമൂ..
ആശംസകള്‍....
മനോഹരമായിരിക്കുന്നു ഇഷ്ടമായി ..
ബക്കറ്റ് നിറയെ മീന്‍ പിടിച്ചുകഴിഞ്ഞതിനു ശേഷം ആ മീന്‍ മുഴുവന്‍ നദിയില്‍ കളയുന്നത് കണ്ടിട്ടുണ്ട് .പക്ഷേ അത് റോസാക്ക് ഇടാന്‍ കൊള്ളാം എന്ന് അറിയില്ലായിരുന്നു .ഈ പുതിയ അറിവ് പങ്ക് വെച്ചതില്‍ നന്ദി .ഇനിയും ചൂണ്ട ഇടാന്‍ പോകുന്ന സമയത്ത് എല്ലാവരോടും ഈ വിവരം പറയണം .
എടോ പാര മാനേ ,
മേലാല്‍ ഇമ്മാതിരി കഥ എഴുതരുത് .ഇന്നലെ രാത്രി മൂന്നു പ്രാവശ്യമാണ് ഉറക്കത്തില്‍ ഞെട്ടി ഉണര്‍ന്നത് .മനുഷ്യരെ ശല്യപ്പെടുത്താന്‍ ഓരോന്ന് പടച്ചു വിട്ടുകൊള്ളും എന്നിട്ട് കഥ എന്നൊരു ലേബലും .എനിക്ക് ശരിക്കും ദേഷ്യം വരുന്നുണ്ട് കേട്ട .
റോസിന്റെ ഭംഗിക്കു ചോര അനിവാര്യം...
മീനിന്റെ ചെകിളപ്പൂ ചുവക്കാന്‍ കൊളുത്ത് അനിവാര്യം...
പാമരന്റെ സ്വപ്നങ്ങള്‍ക്കോ??
(മീനുകളോടുള്ള സിംപതി ആവും ആ പാവം വിക്ടറെ കൊല്ലിച്ചത്)
എനിക്ക് പേടിയാ തോന്ന്യെ
മീനുകൾ ചുംബിക്കുമ്പോൾ നാമതറിയുമോ ആവോ?
വളരെ വ്യത്യസ്തമായ രചന...വായിച്ചുകൊണ്ടിരുന്നപ്പോള്‍ നമ്മെ വിട്ടുപോയ കഥാകൃത്ത് വിക്ടര്‍ ലീനസിനെ ഓര്‍ത്തു
മീന്‍ വളം ഇട്ടുനോക്കാം റോസാപ്പൂക്കള്‍ കൂടുതല്‍ ചുവക്കുന്നുണ്ടോ എന്നറിയാന്‍.
കഥ (അതോ അനുഭവമോ) നന്നായി.
“മീന്‍ മണവും,
ചോര നിറവും,
കടും ചുവപ്പാര്‍ന്ന റോസാദളങ്ങളും..“
-ഈ ചൂണ്ടലില്‍ എനിക്കു സ്ത്രീയുടെ വിയര്പ്പുമണമേശുന്നു പാമരാ..!
ചെകിളയിലൂടെ ചോര കിനിഞ്ഞിറങ്ങുന്ന ഒരു പെണ്ണിന്റെ ...
(ങാ..എന്തരോ ആട്ട്)
മാഷേ,താങ്കളുടെ ഭാവനയില്‍ വിരിയുന്ന കഥകള്‍ക്കും ചില കവിതകള്‍ക്കും വല്ലാത്ത സൗന്ദര്യം!.
കിടിലം, പാമരാ... നീ പാമരനല്ല.... കുബേരനാണ്! കഥയുടെ കാര്യത്തിലെങ്കിലും!!!!
എന്തിന് നിങ്ങല്‍ ഇരയെ ചൂണ്ടയറുത്ത് വെറുതെ വിട്ടു?
പാമൂ:
ഇഷ്ടപ്പെട്ടു.
mystic ആയി എന്താണ് ഒളിപ്പിച്ചു വെച്ചിട്ടുള്ളത്.
വായനക്കിടയിൽ ഒരു സിനിമ മിന്നി മറഞ്ഞു. കമലഹാസന്റെ
‘ചുവപ്പു റോജാക്കൾ’.
“ഒരു വലിയ മീന്‍
വന്ന് അയാളുടെ ചുണ്ടില്‍ കടിച്ചു. പ്രണയനിര്‍ഭരമായ ഒരു ചുംബനം
പോലെ തോന്നി അത്"
ഇനി വിക്ടര്‍ മത്സ്യകന്യകയും ആയി പ്രണയത്തിലായിരുന്നോ അതാവുമോ ?
=അയാള്‍ തെരുതെരെ മീനുകളെ ചൂണ്ടയില്‍ കൊരുക്കുന്നുണ്ടായിരുന്നു=
ചൂണ്ടയില്‍ കുരുങ്ങുന്ന മീനിനേ വലിച്ചൂരുന്നതാണ് ഏറ്റവും ക്രൂരത എന്ന് തോന്നിയിട്ടുണ്ട്, ചൂണ്ടക്കുള്ളില് കൊതിപ്പിക്കുന്ന ഭക്ഷണം വച്ചു നീട്ടി അതറിയാതെ വിഴുങ്ങുമ്പോള്‍ തൊണ്ടയില്‍ കുരുങ്ങുന്ന ചൂണ്ടയും മരണ വെപ്രാളവും അതു കണ്ടു നില്‍ക്കുന്നത് , പിന്നെ ഓര്‍മ്മിക്കുന്നത്- അപ്പോള്‍ ഒക്കെ തൊണ്ടക്ക് ആരോ കുത്തി പിടിക്കുന്ന പ്രതീതി.. ഒരു മീന്‍ മുള്ള് തൊണ്ടയില്‍ കുടുങ്ങിയാല്‍ തന്നെ എത്ര ദുസ്സഹമാണ് അതു മാറികിട്ടും വരെ? അപ്പോള്‍ ചൂണ്ട വിഴുങ്ങുന്ന മീനുകള്‍..? പാമരന്റെ സ്വപ്നം പിന്തുടരുന്നു...
വിഷയത്തിനു പുറത്ത് ഒരു കാര്യം:
ചൂണ്ടയിടൽ = ഒരു ചണ്ഡാളവൃത്തിയാണ്.
മീനിനെ ഭക്ഷണം കാണിച്ച് ചതിച്ചാണ് പിടിക്കുന്നത്.
മറ്റു മൃഗങ്ങളെ സാധാരണ വേട്ടയാടുകയാണ് ചെയ്യുക.
ന്റെ ദൈവേ..,ഈ പാമൂജി ഇങ്ങനെയൊക്കെ എഴുതി മനുഷനെ വട്ടം കറക്കുമല്ലോ..മനസ്സിലിപ്പോഴും ചോരച്ചുവപ്പുള്ള റോസാപ്പൂക്കളും..,മീനുകളും..,ആഴ്ന്നിറങ്ങാന്‍ വെമ്പി നില്ക്കുന്ന ചൂണ്ടക്കൊളുത്തും ഒക്കെ കൂടി വല്ലാത്തൊരവസ്ഥ...
എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. നിങ്ങള്‍ക്ക് ഇനീം 'പണി' തരാം :)
പാമരാ, നന്നായി - ഉഗ്രന്‍ ആശയം. അവസാനം ഇത്തിരി പെട്ടെന്നായിപ്പോയി
നല്ല ഒഴുക്കുള്ള എഴുത്ത്.... ആശംസകള്‍
കഥയിത്തന്നെയുള്ള ഒരു സുഹൃത്താണ് ഇവിടെ വീഴുന്ന കഥകള്‍ ഒന്ന് പോയി വായിച്ചുനോക്കൂ..വളരെ നല്ലതാണ് എന്ന് പറഞ്ഞ് മെയിലയച്ചത്. സമയക്കുറവുമൂലം വരനായി പറ്റീരുന്നില്ല. ഇന്ന് വന്ന് എല്ലാം ഒറ്റയിരുപ്പിനു വായിച്ചു. വന്നില്ലെങ്കില്‍ കുറെ നല്ല വായന നഷ്ടപ്പെട്ടേനെ..:)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ