വിരക്തി ഭാവിച്ച്
വേനലിനെ പ്രാപിച്ച
മച്ചിപ്പാടം
നോക്കെത്താപ്പാടത്തിനു
കണ്ണേല്‍ക്കാതിരിക്കാന്‍
നരച്ചുപോയൊരു മാടം
ശുഷ്കിച്ച മുലകള്‍
കച്ചയുടെ വിടവിലൂടെ
പുറത്തേക്കു തൂങ്ങിയ
കെഴവിത്തെങ്ങ്
നീയിങ്ങോട്ടു വരേണ്ടെന്നു
കാടുപിടിച്ചു പിണങ്ങിയ വരമ്പ്
വെളിച്ചം കാണാന്‍ ഭയപ്പെട്ട്
ഉള്‍വലിഞ്ഞു പോയ നീര്‍ച്ചാല്‍
പ്രതീക്ഷയുടെ ശവം കൊത്തിവലിക്കുന്ന
വിരുന്നു വിളിക്കാരന്‍
സ്വപ്നങ്ങള്‍ക്കു പോലും
ദൂരത്തിനെ ഭയമാകുന്നോ?
2008, മേയ് 30, വെള്ളിയാഴ്‌ച
ദൂരം
സമയം:
10:43 PM
29
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, മേയ് 22, വ്യാഴാഴ്‌ച
മാര്‍ക്സ് ദൈവമേ...!
ചുവരില്‍ തൂക്കിയിട്ട ചിത്രത്തില്‍ നിന്നിറങ്ങിവന്ന്
സമത്വത്തിന്‍റെ വാഗ്ദാനങ്ങളെക്കുറിച്ചെന്നോട്
വാചാലനായ മാര്‍ക്സ് ദൈവമേ,
നിനക്കു ദക്ഷിണവയ്ക്കാന്‍ എന്‍റെയീ ചങ്ങലകളേ ബാക്കിയുള്ളൂ
കിട്ടാനുണ്ടായിരുന്ന 'പുതിയലോകത്തിനെ'
സഖാക്കള്‍ 'ബക്കറ്റു പിരിവു' വാങ്ങിക്കൊണ്ടുപോയി.
സമയം:
10:47 PM
21
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, മേയ് 18, ഞായറാഴ്‌ച
പൊട്ടക്കുളം
നീയൊന്നു നീരാടാന്‍ വരുമെന്നു കരുതി
എത്രകാലമായി ഈ തരിശുപാടത്തൊരു
പൊട്ടക്കുളമായി ഞാന്‍ കാത്തുകിടക്കുന്നു
പുത്തന്‍കര തന്ന പളപളപ്പിന്‍റെ
കാല്‍സരായി* ചീന്തിയെറിഞ്ഞ്
പായലു പിടിച്ചുപോയ
എന്‍റെ നഗ്നതയിലേക്ക്
ഊളിയിട്ടുയരുമ്പോള്‍
നീ താണ്ടിയ ഓട്ടക്കിതപ്പുകളെ
പാലു കെട്ടുപോയ എന്‍റെ
മുലകളിലമര്‍ത്തി ശ്വാസം മുട്ടിക്കാന്‍,
കണ്ണെറിഞ്ഞേടമെല്ലാം കളപിടിച്ചിട്ടും
വേനല് കത്തി തൊണ്ടയ്ക്കു തീപിടിച്ചിട്ടും
കാത്തിരിപ്പിനു തിമിരം പിടിക്കാതെ
ഞാനിവിടെയുണ്ട്, ഒരു പൊട്ടക്കുളം.
വാവും വേലയും ഞാറും കതിരും
വരമ്പെത്ര ചവിട്ടിത്തള്ളിപ്പോയ്!
--------
*കാല്‍സരായി - പാന്‍റ്സ്.
പടത്തില്‍ എന്‍റെ ഗ്രാമം. അടുത്തൂടെ ഒഴുകുന്നത് 'ചാലിയാര്‍' എന്ന സുന്ദരി!
സമയം:
11:48 AM
22
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, മേയ് 17, ശനിയാഴ്‌ച
കാഷായക്കഷായം..!
തലയില്‍ വരച്ചതു പോരാഞ്ഞിട്ടോ
കണ്ണിലുടക്കിയതെത്താഞ്ഞിട്ടോ
അന്യനു സമ്പത്തേറുക കണ്ടിട്ട-
വനവനുള്ളതു പോരെന്നോര്‍ത്തോ
ശുക്രനെയൊന്നു മെരുക്കിയെടുക്കാന്‍
ശനിദശയൊന്നു തിരുത്തിയെടുക്കാന്‍
കാഷായത്തില്‍ കയറിയ കള്ളനെ
കഥയറിയാതെ നമിപ്പൂ ലോകം!
കവലകണക്കിനു ബോര്‍ഡും വച്ചി-
ട്ടാളെക്കൂട്ടും പുതുഋഷിവൃന്ദം
കാവിയടിച്ചൊരു കുറ്റിച്ചൂലും
താണുവണങ്ങിടുമുലകര്‍, കഷ്ടം..!
സമയം:
11:47 PM
11
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, മേയ് 16, വെള്ളിയാഴ്‌ച
സംഗീതം കിട്ടി!
ഒരു നാടന്‍ പാട്ടു 'പോലെ' കുറച്ചു വരികളെഴുതിയതിന് സംഗീതം ചാലിച്ചു കാണണമെന്നൊരാഗ്രഹം പണ്ടു ബൂലോകരുടെ മുന്നില്‍ സമര്‍പ്പിച്ചിരുന്നു.
ഇന്‍ഡ്യാഹെറിറ്റേജ് എന്‍റെ വരികള്‍ക്കു ജീവന്‍ കൊടുത്തത് ഇവിടെ പബ്ളിഷ് ചെയ്തിട്ടുണ്ടു.
ലളിതഗാനങ്ങള്‍: മേലേമാനത്തേ...
വരികള്‍ ഇവിടെ വായിക്കാം..
ഇന്‍ഡ്യാഹെറിറ്റേജിന് എന്‍റെ ഹൃദയം നിറഞ്ഞ നന്ദി. ഒപ്പം എന്‍റെ പ്രിയ ബൂലോക സുഹൃത്തുക്കള്‍ക്കും...
സമയം:
4:21 PM
2
പ്രതികരണങ്ങള്‍
Labels: നാടന്‍ പാട്ട്, സംഗീതം
2008, മേയ് 7, ബുധനാഴ്‌ച
ചണ്ഡാളനോ തപം ചെയ്‌വൂ?
തൊണ്ടവരണ്ടുപോയ അയോധ്യക്ക്
ഇടത്തേപ്പാതി ഇട്ടെറിഞ്ഞ രാമന്‍.
വരള്‍ച്ചക്കുരു വിതച്ചത്
തപം ചെയ്യാന്‍ പോയ ചണ്ഡാളനത്രെ.
വികസ്വരതയുടെ മരക്കൊമ്പില്‍ തൂങ്ങി
വളര്‍ച്ചയെ താഴേനിന്നു മുകളിലേക്കു കണ്ട
മോക്ഷകാംക്ഷിക്കെക്കാലവും ശിക്ഷ
അധിനിവേശത്തിന്‍റെ ഖഡ്ഗം!
സമയം:
9:35 PM
32
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, മേയ് 3, ശനിയാഴ്‌ച
നമുക്ക് അച്ഛനുമമ്മയും കളിക്കാം?
തുമ്പപ്പൂ കൊണ്ട് ചോറുവെച്ച്
ചെമ്മണ്ണുകൊണ്ടൊരു ചമ്മന്തിയരച്ച്
ചിരട്ടപ്പാത്രത്തില്‍ വിളമ്പിയൂട്ടി
നീയൊരമ്മയാവണം
അപ്പൂപ്പന്‍താടികൊണ്ട് മേല്‍മീശവെച്ച്
കീറത്തോര്‍ത്തൊന്നു മടക്കിക്കുത്തി
വേലിപ്പത്തലിന്‍റെ കലപ്പക്കഴുത്തുപിടിച്ച്
ഞാനൊരച്ഛനാകാം
* * * * * * * *
പഷ്ണിപ്പാടത്തു വിയര്‍പ്പു മുളപ്പിച്ച്
അരമണി നെന്മണി തൂവിപ്പോകാതെ
നിന്‍റെ കോന്തലക്കു ഞാന്‍ കെട്ടിത്തരാം
നമുക്കൊരു കുഞ്ഞു വീടു വേണം
ഒരു കുഞ്ഞു കിളിക്കൂടിനോളം ചെറുത്
ഞാന്‍ കഴിച്ചെണീറ്റ ചിരട്ടപ്പാത്രത്തില്‍
വറ്റുബാക്കിയുണ്ടോന്ന്
നീ ചുരണ്ടി നോക്കുന്നത്
മയക്കപ്പായയിലെനിക്കു കേള്‍ക്കണം
അരപ്പട്ടിണിയുടെ പൊട്ടുംപൊടിയു-
മെറിഞ്ഞുകൊടുത്ത് വളര്‍ത്താന്‍
നമുക്കു മൂന്നാലു കോഴിക്കുഞ്ഞുങ്ങള്‍ വേണം
എന്നെയൊളിച്ചു കാല്‍ക്കാശു കൂട്ടിവെക്കാന്‍
നിനക്കൊരു കുട്ടിക്കുടുക്കയും വേണം
ഇത്രയുമായാല്‍പ്പിന്നെ
നമുക്കൊത്തിരി കുഞ്ഞുങ്ങളുണ്ടാവണം
എന്നിട്ടു നമുക്കവരുടെ
അച്ചനുമമ്മയുംകളി കണ്ടോണ്ടിരിക്കാം..
സമയം:
9:47 PM
35
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍