2008, മേയ് 30, വെള്ളിയാഴ്‌ച

ദൂരം


http://www.daylife.com/photo/06Ao64A4T90SX
വിരക്തി ഭാവിച്ച്‌
വേനലിനെ പ്രാപിച്ച
മച്ചിപ്പാടം

നോക്കെത്താപ്പാടത്തിനു
കണ്ണേല്‍ക്കാതിരിക്കാന്‍
നരച്ചുപോയൊരു മാടം

ശുഷ്കിച്ച മുലകള്‍
കച്ചയുടെ വിടവിലൂടെ
പുറത്തേക്കു തൂങ്ങിയ
കെഴവിത്തെങ്ങ്‌

നീയിങ്ങോട്ടു വരേണ്ടെന്നു
കാടുപിടിച്ചു പിണങ്ങിയ വരമ്പ്‌

വെളിച്ചം കാണാന്‍ ഭയപ്പെട്ട്‌
ഉള്‍വലിഞ്ഞു പോയ നീര്‍ച്ചാല്‍

പ്രതീക്ഷയുടെ ശവം കൊത്തിവലിക്കുന്ന
വിരുന്നു വിളിക്കാരന്‍

സ്വപ്നങ്ങള്‍ക്കു പോലും
ദൂരത്തിനെ ഭയമാകുന്നോ?

29 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഇന്നത്തെ ചിന്തകള്‍

ദൂരം: കാത്തിരുന്നതിനു മടുത്തു കാണുമോ?

sree പറഞ്ഞു...

അപ്പോ സ്വപ്നങ്ങള്‍ക്ക് ദൂ‍രവും മടുത്തു തുടങ്ങിയോ?
ചിന്തിപ്പിച്ചു ചിന്തകള്‍

കരീം മാഷ്‌ പറഞ്ഞു...

ഒരു തുള്ളി വീണാൽ ഈ പരിവേദങ്ങളൊടുങ്ങുമോ?

അജ്ഞാതന്‍ പറഞ്ഞു...

ചിറകുള്ള കവിത!
അല്ലെങ്കിലെങ്ങനെ ഞാനൊരു നിമിഷം കൊണ്ട് ആ പാടത്തെത്തി?.

മിന്നാമിനുങ്ങുകള്‍ //സജി.!! പറഞ്ഞു...

സ്വപ്നങ്ങളുടെ പല്ലക്കില്‍ ഒരു വഴികാട്ടിയായി ആ പാടത്തെത്തിച്ചല്ലൊ ഗുഡ്..

ഗുരുജി പറഞ്ഞു...

നല്ല കവിത......
ങ്ങളു പാമരനല്ലപ്പാ.....

നന്ദു പറഞ്ഞു...

നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്ന വയലേലകളുടെ ഭീതിദമായ രംഗം നല്ല വരികളിൽ വരച്ചിട്ടിരിക്കുന്നു.

CHANTHU പറഞ്ഞു...

നന്നായി ഈ വരികള്‍.

ശ്രീവല്ലഭന്‍. പറഞ്ഞു...

സ്വപ്നങ്ങള്‍ക്കു പോലും
ദൂരത്തിനെ ഭയമാകുന്നോ?

നല്ല വരികള്‍ :-)

ഹരിത് പറഞ്ഞു...

അടങ്ങു പാമൂ അടങ്ങ്... ഞാറ്റുവേലയിങ്ങു വന്നു. വിരക്തിയും, നരപ്പും, പിണക്കവും ഒക്കെ മാറും. ആദ്യമഴപെയ്യുമ്പോഴുള്ള പുതുമണ്ണിന്‍റെ ആ മോഹിപ്പിക്കുന്ന മണം വരുമ്പോള്‍ സ്വപ്നങ്ങള്‍ ‍ദൂരം മറക്കും.
പാടം പുളകമണിയും. വരള്‍ച്ചയില്ലാതിരുന്നെങ്കില്‍ മഴയ്ക്കു എന്തു സൌന്ദര്യം?

കുഞ്ഞന്‍ പറഞ്ഞു...

ഇതൊക്കെ ഇപ്പൊ മാറും..ജൂണ്‍ തുടങ്ങാന്‍ പോകുകയാ..കുടക്കമ്പനികള്‍ പരസ്യത്തിന് കോടികളാ‍ണ് ചിലവഴിക്കുന്നത്...അപ്പോള്‍പ്പിന്നെ ഇതെങ്ങിനെ വറ്റിവരണ്ട് കിടക്കും..?..!

തണല്‍ പറഞ്ഞു...

നീയിങ്ങോട്ടു വരേണ്ടെന്നു
കാടുപിടിച്ചു പിണങ്ങിയ വരമ്പ്‌
-പാമര്‍ജീ ആ പിണക്കത്തിനൊരു വല്ലാത്ത സുഖമുണ്ട്.കവിത ഇഷ്ടമായി ..ഒപ്പമാ മച്ചിയേയും!

ചന്ദ്രകാന്തം പറഞ്ഞു...

ഇല്ലായ്മയും, വല്ലായ്മയും മാറാനുള്ള പെരുമ്പറ മുഴങ്ങുന്നുണ്ട്‌ ....
വര്‍‌ഷം വരുന്നു, പുതുവര്‍ഷം....എന്ന്‌ കാറ്റും പറയുന്നു...

പാമരന്‍ പറഞ്ഞു...

ശ്രീ, നന്ദി.

കരീം മാഷെ, ഒരു തുള്ളി ദാഹം കൂട്ടുകയേ ഉള്ളൂ.. ഒരു കടലെങ്കിലും വേണം :) നന്ദി.

കാവലാന്‍ജി, മിന്നാമ്മിന്നി, ഗുരുജി, നന്ദു, ചന്തു, വല്ലഭ്ജീ, വളരെ നന്ദി.

ഹരിത്തേ, അതും ശെരിതന്നെ. :) നന്ദി.

കുഞ്ഞന്‍ജി, പറഞ്ഞപോലെ കുടക്കമ്പനിക്കാരെങ്കിലും ഒരു മഴ ഏര്‍പ്പാടാക്കുമായിരിക്കും :) നന്ദി.

തണലേ, ഇഷ്ടത്തിനു നന്ദി!

ചന്ദ്രകാന്തം, വര്‍ഷം വരട്ടെ! നന്ദി.

Areekkodan | അരീക്കോടന്‍ പറഞ്ഞു...

കലക്കി ആ പടം...

Unknown പറഞ്ഞു...

കറ്റവെന്തുണങ്ങിയ പാടത്തുടെ നടക്കാന്‍
കൊതിയാകുന്നു.
ഈ നിലം വേദനയുടെ മുറിവുക്കളാണ്
പകരുന്നത്

Unknown പറഞ്ഞു...

വീണ്ടും വീണ്ടും മനോഹരമായ ഈ വരികള്‍ക്ക്
ഒരിക്കല്‍
കൂടി നന്ദി

ജെയിംസ് ബ്രൈറ്റ് പറഞ്ഞു...

വളരെ നല്ല കവിത മാഷേ..
എനിക്കു വളരെ ഇഷ്ടമായി.

Gopan | ഗോപന്‍ പറഞ്ഞു...

പാമരന്‍സെ: തീക്ഷ്ണതയേറിയ നല്ല കലക്കന്‍ വരികള്‍. :)

ജ്യോനവന്‍ പറഞ്ഞു...

വളരെ നല്ലത്.
ഓരോ വരിയിലും ഒട്ടും ദൂരെയല്ലാതാവുന്ന നോവുകള്‍.

മാണിക്യം പറഞ്ഞു...

നഷ്ടങ്ങളും ഇല്ലയ്മകളും
പ്രതീക്ഷകളെ കൊന്ന്
കോലവിളിക്കുന്ന വേനലില്‍
പൊട്ടികരയാന്‍
കണ്ണിരു പോലും
ഇല്ലാത്ത ഭൂമിയില്‍
മച്ചിപ്പാടവും കിഴവിതെങ്ങും
ഒരു സ്വപ്നം വിദൂ‍ര
ഭാവിയില്‍ പോലുംകാണില്ല

ആ പടത്തില്‍ നോക്കിയപ്പൊള്‍
വല്ലാത്ത ഒരു വിങ്ങന്‍ മനസ്സിന്

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

പൊങ്ങുതടി ഒഴുകി ഒഴുകി ഒരുപാട്‌ ദൂരെ എത്തിയല്ലോ!! വെരി ഗുഡ്‌!!

Jayasree Lakshmy Kumar പറഞ്ഞു...

അതിമനോഹരമായ വരികള്‍. അതില്‍ കൂടുതല്‍ എന്തു പറയാന്‍

വരള്‍ച്ച വല്ലാതെ ബാധിക്കുന്നതിനു മുന്‍പ് ഒരു വര്‍ഷപെയ്ത്തിന്ന് മനസ്സൊരുങ്ങട്ടെ

റീനി പറഞ്ഞു...

അതിരുകള്‍ ഇല്ലാത്ത ആകാശത്തിലൂടെ , വരമ്പുകള്‍ ഇല്ലാത്ത പാടങ്ങളിലൂടെ സ്വപ്നങ്ങളെ വിടൂ. മഴപെയ്യുമ്പോള്‍ അവയും തളിര്‍ത്തോളും.

പാമരാ, നല്ല വരികള്‍!

അജ്ഞാതന്‍ പറഞ്ഞു...

നല്ല വരികള്‍ ..ശരിക്കും ആസ്വദിച്ചു വായിച്ചു

ഗീത പറഞ്ഞു...

ഇങ്ങനൊക്കെയാണേലും നല്ലൊരു മഴപെയ്താല്‍ ഈ നരച്ച ഭാവമൊക്കെയങ്ങുമാറും.......

വേനലില്‍ വരണ്ടു വിണ്ടുകീറിക്കിടക്കുന്ന ഭൂമിയുടെ ചിത്രം നന്നായി വരച്ചു കാട്ടിയിരിക്കുന്നു....

GLPS VAKAYAD പറഞ്ഞു...

സ്വപ്നങ്ങള്‍ക്കു പോലും ദൂരത്തിനെ ഭയമാണോ?
പമരന്‍ ജീ ആ പേരു മാറ്റിയില്ലെങ്കില്‍ ഇനി കൂട്ടില്ല
കടല്‍ പുഴയിലേക്കു ചുരുങ്ങുമ്പോള്‍ തിരകള്‍
ഉയര്‍ന്നു പൊങ്ങുന്നു,വരികള്‍ കുറയുമ്മ്പോള്‍ തീഷ്ണ്ത കൂടുന്നു

ശ്രീ പറഞ്ഞു...

സ്വപ്നങ്ങള്‍ ക്കൂടി ദൂരങ്ങളെ ഭയന്നു തുടങ്ങിയാല്‍... ശ്ശൊ! ആലോചിയ്ക്കാന്‍ വയ്യ മാഷേ...

നല്ല കവിത.
:)

ആ‍പ്പിള്‍ പറഞ്ഞു...

ഈ വഴി ആദ്യം. താങ്കളുടെ പേരും കവിതയും തമ്മില്‍ ഒരു ചേര്‍ച്ചയുമില്ല കേട്ടോ, നല്ല വരികള്‍. അഭിനന്ദനങ്ങള്‍.