2008, ജനുവരി 24, വ്യാഴാഴ്‌ച

വാപ്പരു്‌ വെളിച്ചപ്പാട്‌

കുട്ടികള്‍ക്കൊക്കെ 'വാപ്പര്' ന്നു കേട്ടാല്‍ പേടിയായിരുന്നു.

വെളിച്ചപ്പാടായിരുന്നു വാപ്പര്. ഉല്‍സവക്കാലം കഴിഞ്ഞാലും മുടിയൊക്കെ നീട്ടി, കണ്ണൊക്കെ ചോപ്പിച്ചങ്ങനെ നടക്കും. കാശിനാവശ്യം വന്നാല്‍ വഴിയേ പോകുന്നവരോടു ചോദിക്കും. ദേവീകോപം ഭയന്ന്‌ ആരും ഇല്ലെന്നു പറയാറില്ല. ആര്‍ക്കും ഇഷ്ടമുണ്ടായിട്ടല്ല, ദേവിക്കു അങ്ങേരെ ആണു ഇഷ്ടം ന്നു കരുതീട്ടാവും വെളിച്ചപ്പാടിനെ മാറ്റണം ന്നും ആരും പറഞ്ഞില്ല.

നാട്ടിലെ സ്ഥിരം വെളിച്ചപ്പാടനായി വാപ്പരു്‌ അങ്ങനെ വിലസി നടന്നു. ഒത്തിരി കാലം.

പതിവുപോലെ ഒരു ഉല്സവം കഴിഞ്ഞു നെറ്റീലെ മുറിവില്‍ മഞ്ഞള്‍പ്പൊടീം പൊത്തി പോയതാണ്. പിന്നെ ഒരു വിവരവുമില്ല. രണ്ട്‌ ദിവസം കഴിഞഞപ്പോള്‍ ആരോ കണ്ടു. തോട്ടുവക്കത്ത്‌ കൈതയുടെ മറവില്‍ കമിഴ്ന്നടിച്ചു കിടക്കുന്നു. ശ്വാസം നിന്നിട്ടില്ലായിരുന്നതു കൊണ്ട്‌ നാട്ടുകാര്‍ കൂടി ജീപ്പ്‌ വിളിച്ചു ആസ്പത്രിയിലാക്കി.

കുറേകാലം ആസ്പത്രിയും തിരുമ്മലുമൊക്കെ ആയി നടന്നു. പതുക്കെ എണീറ്റു നടക്കാറായി. ഒരു കയ്ക്കും കാലിനും സ്വാധീനക്കുറവാണ്‌. കാല്‌ മടങ്ങില്ല. കൈയാണെങ്കില്‌ ഒടിഞ്ഞത്‌ കെട്ടിത്തൂക്കിയാലെന്നപോലെ നെഞ്ചത്തു മടക്കി തൂക്കിയിട്ടിരിക്കുന്നു.

'ഞ്ഞിപ്പോ വേറെ ആളെത്തപ്പണം..' വേലുട്ശ്ശന്‍ പറഞ്ഞു. മൂപ്പരാണ്‌ കാവിലെ കാര്യക്കാരില്‍ പ്രധാനി.

'അഹങ്കാരം ദേവിക്ക്‌ന്നെ അസഹ്യായിട്ട്‌ണ്ടാവും.. അതെന്ന്യാ ങ്ങനെ..' വേരൊരു കാര്യക്കാരന്‍റെ അഭിപ്രായം.

'വെളിച്ചപ്പെടാന്‍ എങ്ങനെ ആളെ കണ്ടെത്തും?', 'ഇനി കണ്ടെത്തീച്ചാത്തന്നെ ദേവി ആയാള്‍ടെ മേത്ത് കേര്വോ?' ഇജ്ജാതി ചോദ്യങ്ങളായിരുന്നു മിക്ക വൈകുന്നേരങ്ങളിലും അങ്ങാടിലെ പ്രധാന വിഷയങ്ങള്‌.

അവസാനം ഒന്നിനു പകരം മൂന്നാളെ കിട്ടി. തെക്കേടത്തെ നാരയണേട്ടന്‍റെ അനിയന്‍ വിജയന്‍, കുട്ടിമാളുഅമ്മയുടെ മൂത്തമകന്‍ സുനില്‍, പിന്നെ വേലുട്ശ്ശന്‍റെ തന്നെ അനന്തരവന്‍ ശിവനും.

ഉല്‍സവം അടുത്തു. മൂന്നുപേരും തലമുടിയൊക്കെ നീട്ടി, വ്രതമൊക്കെ എടുത്തു തയ്യാറായി. ശിവനു വേലുട്ശ്ശന്‍ പ്രത്യേകം പരിശീലനം കൊടുത്തു.

വാപ്പരുടെ കാര്യം മാത്രം ആരും അന്വേഷിച്ചില്ല. ആയാള്‌ കണ്ടവരോടൊക്കെ സങ്കടം പറഞ്ഞു നടന്നു. കാശു ചോദിച്ചാല്‍ ആരും കൊടുക്കില്ല. പലരും പഴയ ദേഷ്യം വെച്ച്‌ ആട്ടി. കിട്ടാതായപ്പോള്‍ യാചിക്കാന്‍ തുടങ്ങി. വയ്യാത്ത കയ്യും കാലും വെച്ച്‌ ഒരു പണിക്കും പോകാന്‍ വയ്യ. ആരുടെം മുന്നില്‌ തല കുനിച്ചിട്ടില്ലാതത മനുഷ്യനാണ്‌. ഇപ്പോള്‍ പണ്ടു പേടിപ്പിച്ചിരുന്നവരുടെ മുന്നില്‌ കൈനീട്ടുന്നു.

കുറച്ചു പേര്‍ വാപ്പരെ പിന്തുണക്കാനും ഉണ്ടായിരുന്നു. പക്ഷേ വിലപ്പോയില്ല. കയ്യും കാലും അനക്കാന്‍ വയ്യാത്തവനെങ്ങനെ വെളിച്ചപ്പെടാനാ?

വാപ്പരു്‌ വേലുട്ശ്ശന്‍റെ കാലുപിടിച്ചു കരഞ്ഞു. അങ്ങേര്‍ കേട്ടില്ല. അവിടെനിന്നും ആട്ടിയിറക്കി. അനന്തരവനും ഉണ്ടല്ലോ സാധ്യതാ ലിസ്റ്റില്. ‍ഊണും ഉറക്കവുമില്ലാതെ വാപ്പരു്‌ പ്രാന്തു പിടിച്ചവനേപ്പോലെ കാവിനു ചുറ്റും അലഞ്ഞു നടന്നു. മുടി വെട്ടിയില്ല. വ്രതം മുടക്കിയതുമില്ല.

ഉല്‍സവം അത്തവണ പതിവിലും പൊടിപൊടിക്കാനായിരുന്നു കമ്മറ്റിയുടെ പരിപാടി. അനന്തരവന്‍റെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ വേലുട്ശ്ശന്‍ ഓടിനടന്നു.

ഒന്നാം ദിവസം തറ്റുടുത്തു വെളിച്ചപ്പെടാന്‍ വന്ന വാപ്പരെ കുറേ പേരുചേര്‍ന്ന്‌ ഊട്ടുപുരയില്‍ കൊണ്ടടച്ചു. അയാളു അവിടെ കിടന്നു അലറി വിളിച്ചു കരഞ്ഞു. ആരും തിരിഞ്ഞു നോക്കിയില്ല.

ആര്ക്കും വെളിച്ചപ്പെട്ടില്ല. ശിവന്‍ ഒന്നു ചാടിത്തുള്ളി നോക്കിയെങ്കിലും തീരെ ഏറ്റില്ല. 'വേണ്ടാ' ന്ന്‌ വേലുട്ശ്ശന്‍ കണ്ണു കാണിച്ചു. അവന്‍ അടങ്ങി.

വാപ്പരെ രാത്രി തുറന്നു വിട്ടു. അങ്ങേര്‍ വേച്ചുവേച്ച്‌ അങ്ങാടിയിലെ ഒരു കടത്തിണ്ണയില്‍ പോയിക്കിടന്നു. അങ്ങാടിയില്‍ അടിച്ചുവാരുന്ന ജാനുത്തള്ള ഇത്തിരി കഞ്ഞിവെള്ളം കൊണ്ടുപോയി കൊടുത്തു. പാങ്ങുള്ള കൈകൊണ്ടു്‌ അതുമുഴുവന്‍ തട്ടിക്കളഞ്ഞു. ഒരിറ്റുപോലും കുടിച്ചില്ല.

രണ്ടാം ദിവസം വാപ്പരെ കാവിന്‍റെ ഭാഗത്തേക്കൊന്നും കണ്ടില്ല. എണീക്കാന്‍ വയ്യാതായിക്കാണും. ആഴ്ച ഒന്നെങ്കിലും ആയിക്കാണും ഒരു വറ്റെങ്കിലും ഉള്ളില്‍ ചെന്നിട്ട്‌.

അന്നും ആര്ക്കും വെളിച്ചപ്പെട്ടില്ല. കാര്യക്കാര്ക്ക്‌ ആധികേറിത്തുടങ്ങി. ദേവിക്കിഷ്ടമില്ലത്ത എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകണം.

മൂന്നം നാള്‍. അവസാന ദിവസമാണ്‌. ദേവിയുടെ ഹിതം അറിയാതെ കൊടിയിറക്കുന്നതെങ്ങനെ? പ്രശ്നം വെച്ചു നോക്കി. ഒന്നും തെളിഞ്ഞില്ല.

'ന്താവുംന്ന്‌ നോക്ക്വന്നെ..' കാരണോമ്മരൊക്കെ പറഞ്ഞു.

തെറകളൊക്കെ ആടിത്തകര്‍ത്തു. മൂന്നു വെളിച്ചപ്പാട്‌ അപ്രന്‍റീസുകളും കുറെ ചാടിത്തുള്ളിയതല്ലാതെ ഒന്നും നടന്നില്ല.

നേരം നാലുമണിയോടടുത്തു. അങ്ങാടിയില്‍ നിന്നു നാലാളുകള്‌ പാഞ്ഞു വന്നു.

'വാപ്പരു്‌ ഉറയണൂ...'

കേട്ടവര്‍ക്കാര്‍ക്കും വിശ്വസിക്കാന്‍ പറ്റിയില്ല. കയ്യിനും കാലിനും സ്വാധീനമില്ലാത്ത, ഒരാഴ്ചയായി പട്ടിണി കെടക്കുന്ന ദേഹത്താണോ ദേവി കേറിയത്‌?

ആളുകള്‍ അങ്ങാടിയിലേക്കു്‌ പാഞ്ഞു. സത്യമാണ്!. മടക്കനാവാത്ത കാല്‌ ചവിട്ടി ഉറഞ്ഞു തുള്ളുന്നു, വാപ്പരു്‌. സ്വാധീനമില്ലാത്ത കയ്യ്‌ അപ്പോഴും മടങ്ങി ഇരിക്കുന്നുണ്ട്‌. വായീന്നും മൂക്കീന്നും ഒക്കെ ഒരു വെളുത്ത പത ഒലിച്ചിറങ്ങുന്നു. തറ്റുടുത്ത മുണ്ട്‌ മുഷിഞ്ഞു പൊടിപറ്റി ഒരു ചുവന്ന നെറമായിട്ടുണ്ട്‌.

എല്ലാരും കൂടി ഒരു പെട്ടി ഓട്ടോയില്‌ വലിച്ചു കയറ്റി. കാവിലേക്കു വിട്ടു. കൂവിയാര്‍ത്തു കുട്ടികളെല്ലാം പിന്നാലെ.

കാവിലെത്തിയപ്പോഴേക്കും ആരോ ചിലംബണിയിച്ചിരുന്നു. വാളും കൊടുത്തു. ചാടിയിറങ്ങി നേരെ നടയിലേക്കാണു പാഞ്ഞത്. വയ്യാത്ത കാല്‌ ഒന്നു വലിക്കുന്നുണ്ടായിരുന്നെന്നല്ലാതെ ഒരു കുഴപ്പവും ഉണ്ടെന്നു ആര്ക്കും തോന്നിയില്ല.

നേരെ പോയി നടയില്‍ തലയടിച്ചു. ചോര ചീറ്റി നെറ്റിയിലൂടെ നെഞ്ചത്തേക്കൊഴുകി. വാളും ചിലംബുമൊക്കെ കിലുക്കി ഒന്നു അലറി... പഴയ വാപ്പരു്‌ വെളിച്ചപ്പാടു തന്നെ.

ജനങ്ങളൊക്കെ ഭക്തിപുരസ്സരം നീങ്ങി സ്ഥലമുണ്ടാക്കിക്കൊടുത്തു. വേലുട്ശ്ശന്‍റെ നേരെ കുങ്കുമം എറിഞ്ഞ്‌ എന്തൊക്കെയോ അലറി. അങ്ങേരു്‌ തൊഴുകയ്യോടെ ഒന്നും മിണ്ടാതെ കേട്ടു നിന്നു.

ഒന്നു രണ്ട്‌ മണിക്കൂറു്‌ കഴിഞ്ഞപ്പോഴേക്ക്‌ കലിയടങ്ങി. നടക്കല്‌ പോയി കമിഴ്ന്നു വീണു. ആളുകളൊക്കെ അടുത്തുകൂടി. അധികം അടുക്കാന്‍ ആര്ക്കും ധൈര്യമുണ്ടായില്ല.

'ഇത്തിരി വെള്ളം കൊണ്ടോരീ.. ഒരു എളന്നീരും.. ' കാര്യക്കാരാരോ വിളിച്ചു പറഞ്ഞു. കുറെ ആളുകള്‍ ഇളന്നീരിടാന്‍ ഓടി.

'അമ്മേ..' ന്നൊരു വിളി കേട്ടു. വാപ്പരു്‌ എണീക്കാന്‍ ശ്രമിക്കുകയാണ്‌. വേച്ചു പോകുന്നു. നടക്കല്ലില്‍ പാങ്ങുള്ള കൈ കുത്തി ഒന്നുയര്‍ന്നു. കോവിലിനുള്ളില്‍ വിളക്കുകളൊക്കെ കത്തിനില്‍ക്കുന്നു. സര്‍വ്വാഭരണവിഭൂഷിതയായി ദേവി. വാപ്പരു്‌ നടക്കല്ലിലേക്കു്‌ മുഖമടച്ചു വീണു. പിന്നെ അനങ്ങിയില്ല.

പെണ്ണുങ്ങളൊക്കെ കണ്ണു തുടച്ചു. ദേവിയും കരഞ്ഞു കാണും.

കാവിലെ ഒരു 'കുടിയിരുത്തിയ' കല്ലായി വാപ്പരു്‌ കിടപ്പുണ്ട്‌. ഇപ്പോഴും.


-------------------------------------------

2008, ജനുവരി 2, ബുധനാഴ്‌ച

ഒരു വീരഗാഥ (ഒരു 'സംഭവ' കഥ)

കണ്ണുകാണാത്ത രണ്ട്‌ പേരാണ്‌ ഞങ്ങളുടെ നാട്ടിലുള്ളത്. വിജയേട്ടനും ചന്ദ്രേട്ടനും.

ഞാന്‍ സ്കൂളില്‍ പോകുന്ന കാലത്തൊക്കെ വിജയേട്ടനു്‌ കുറേശ്ശെ കാണാമായിരുന്നു. പിന്നെപ്പിന്നെ തീര്‍ത്തും കാണാതായി. കണ്ണു ശരിയാക്കാന്‍ എതോ സ്വാമിയാര്‍ കൊടുത്ത പൊടി കണ്ണില്‍ തേച്ച ശേഷമാണ്‌ ഉള്ള കാഴ്ചകൂടി പോയതു്‌ എന്നാണ്‌ ജനസംസാരം. ലോട്ടറി വില്പനയാണു ജോലി.

ചന്ദ്രേട്ടനു്‌ ഒട്ടും കണ്ണു കണ്ടുകൂടാ. ചെറുപ്പത്തിലേ ഒരു പനി വന്നതാണത്രെ. ഇപ്പോള്‍ ഒരു അന്പതിനടുത്ത്‌ ആയിക്കാണും പ്രായം. കുറിയതാണെങ്കിലും നല്ല ആരോഗ്യമുള്ള ശരീരം. സ്ഥലത്തെ ഒരു പഴയ തറവാട്ടിലെ ആശ്രിതനാണ്‌. കണ്ണ്‌ കാണില്ലെങ്കിലും ചന്ദ്രേട്ടനു്‌ നാട്ടിലെ ഇടവഴികളൊക്കെ കയ്യിലെ രേഖകള്‍ പോലെ പരിചിതമാണു്‌.

ചാരായം വാറ്റലാണ്‌ മൂപ്പരുടെ പ്രധാന സൈഡ് ബിസിനസ്സ്‌. വാറ്റിയ ചാരായം കുപ്പികളിലാക്കി പാടത്തും പുഴവക്കിലുമൊക്കെ കുഴിച്ചിടും. അതെവിടൊക്കെ എപ്പോഴൊക്കെ വെച്ചിട്ടുണ്ടെന്നു മൂപ്പര്ക്ക്‌ മാത്രം അറിയാം (നാട്ടിലെ ചില പ്രധാന അലവലാതികള്‍ തങ്ങള്‍ക്കറിയാമെന്നൊക്കെ വീംബിളക്കാറുണ്ടെങ്കിലും തെളിവൊന്നുമില്ല).

എല്ലാ കണ്ണുപൊട്ടന്‍മാരെയും പോലെ ചന്ദ്രേട്ടനും ശബ്ദം കേട്ടാല്‍ ആളെതിരിച്ചറിയും. അതു പരീക്ഷിക്കാന്‍ വഴിയിലെപ്പോള്‍ കണ്ടാലും വായില്‍ നോക്കാനിരിക്കുന്ന ചെക്കന്‍മാര്‍ 'ചന്ദ്രേട്ടാ.." ന്ന്‌ നീട്ടി കൂവും. തന്നെ പരീക്ഷിക്കാനുള്ള വിളിയാണതെന്നു മൂപ്പര്‍ക്കു നന്നായി അറിയാം.

"ങ്ഹാ.. ചന്ദ്രവതീന്‍റെ എളേതല്ലേ.. ഓള്‌ ഇപ്പളും ചെത്തുകാരന്‍ ശേഗരന്‍റെ കൂടെ തെന്ന്യാ?" എന്നിങ്ങനെ ഒരു കൊട്ടുകൂടെ കൊടുത്തിട്ടാണ്‌ മൂപ്പരു്‌ തന്റെ പ്രാഗല്‍ഭ്യം തെളിയിക്കുക. മറുപടി പറയാന്‍ പോയാല്‍ ഒന്നു മുങ്ങിക്കുളിക്കാന്‍ മാത്രം തെറിയഭിഷേകം കിട്ടുമെന്നറിയുന്നവരാരും ആ പണിക്കു പോകില്ല. വിജയശ്രീലാളിതന്‍റെ ചിരിയോടെ ചന്ദ്രേട്ടന്‍ തന്‍റെ വഴിക്കു്‌ പോകുകയും ചെയ്യും.

കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോളാണ്‌ സംഭവം.

നാട്ടിലെ ഒരു 'കേസുകെട്ട്' എന്നു ഞങ്ങള്‍ 'പാലത്തിലെ വായ്നോക്കികള്‍' ബഹുമാനത്തോടെ വാഴ്ത്തിയിരുന്ന പദ്മേടത്തിയുടെ വീട്ടില്‍ നിന്നും മിക്കവാറും ദിവസങ്ങളില്‍ അതിരാവിലെ 3-4 മണിയോടെ ആരോ ഇറങ്ങിപ്പോകുന്നുണ്ട്. ആകെ ഉണ്ടായിരുന്ന തള്ള മരിച്ചതിനുശേഷം പദ്മേടത്തി ഒറ്റക്കായിരുന്നു താമസം.

('പാലത്തിലെ വായ്നോക്കികള്‍' എന്നതു ഞങ്ങള്‍ക്കു നാട്ടുകാര്‍ ബഹുമാന പുരസ്സരം ചാര്‍ത്തിത്തന്ന പേരാണ്. കാലത്തും വൈകിട്ടും പെണ്‍പിള്ളേരെ സുരക്ഷിതമായി പാലം കടത്തി വിടുക എന്ന സേവനം വളരെ ഭംഗിയായിത്തന്നെ ഞങ്ങള്‍ നിര്‍വഹിച്ചിരുന്നു.)

നാട്ടിലെ ഒരു സദാചാരപ്രശ്നത്തില്‍ ഉത്തരവാദിത്തബോധമുള്ള എല്ലാവരും ഇടപെട്ടല്ലേ പറ്റൂ. 'എവളിങ്ങനെ തൊടങ്ങ്യാല്‌ ഞങ്ങള്‌ അയല്‌പക്കക്കാര്‍ക്കൊക്കെ ഇവിടെ കെടന്നുപൊറുക്കണ്ടേ..?' എന്നാണു വിച്ചുട്ടിമൂപ്പര്‍ടെ ചോദ്യം. നാട്ടിലെ കാണാന്‍കൊള്ളുന്ന രണ്ടു പെണ്പിള്ളേരുടെ തന്തയുടെ ചോദ്യമായതു കൊണ്ട്‌ ഞങ്ങളതിനെ പൂര്‍ണ്ണമായും പിന്‍താങ്ങി.

'ആളെ ഇന്ന് തന്നെ മ്മക്ക്‌ പിടിക്കണം.' പ്രമോദ് തെരക്കു കൂട്ടി. സംഘത്തിലെ ഒരു പ്രധാന വായ്നോക്കിയാണ്‌ കക്ഷി. മാത്രവുമല്ല വിച്ചുട്ടിമൂപ്പര്ടെ മൂത്തമോള്ടെ പിന്നാലെ ഒരു എഴുത്തുമായി നടപ്പു തുടങ്ങിയിട്ടു നാളു കുറേ ആയി.

റിട്ടയേഡ് പട്ടാളക്കാരനായ അരുണേട്ടനെ നായകനാക്കി ഞങ്ങളൊരു പട്ടാളം സെറ്റപ്പ്‌ ആക്കി. അത്യാവശ്യം ആയുധങ്ങളും സംഘടിപ്പിച്ചു. ശീമക്കൊന്നയുടെ കൊന്പ്, മഴുത്തായ, കുറിയ ഒലക്ക എന്നിവയായിരുന്നു പ്രധാനം. പിന്നെ സേനാനയകന്‍റെ കയ്യില്‍ മാത്രം അറ്റകൈ പ്രയോഗത്തിനായി ഒരു മടക്കു പിച്ചാത്തിയും.

'ഇനി ഓന്റേല്‌ തോക്കുണ്ടെങ്കില്‌ ഇങ്ങള്‌ സ്വന്തം തടി നോക്കിക്കോളീ..' അരുണേട്ടന്‍ പകുതി തമാശയായിട്ടാണ്‌ പറഞ്ഞതെങ്കിലും എല്ലാര്ടേം ഉള്ളൊന്നു കാളി. ആരും പുറത്തു കാട്ടിയില്ലെന്നു മാത്രം.

പറഞ്ഞതുപോലെ രാത്രി 2 മണിയോടെ എല്ലാരും ദിവാകരന്‍റെ പറന്പില്‌ ഒത്തു കൂടി. ആറാളാണ്‌ ഉണ്ടായിരുന്നത്‌. ഞാനും പ്രമോദും ഷിജുവും ആയിരുന്നു പാലം ഗാങിന്‍റെ പ്രതിനിധികള്‍. അരുണേട്ടനെ കൂടാതെ പെട്ടിപ്പീട്യക്കാരന്‍ സതീഷ്, പോത്താനം അഷ്റഫ്‌ എന്നിവരായിരുന്നു മറ്റു സംഘാംഗങ്ങള്‍. കൂട്ടത്തിലെ പയ്യന്‍മാരെന്ന നിലക്കു എനിക്കും ഷിജുവിനും ശീമക്കൊന്നയുടെ വടിയേ ആയുധമായി അനുവദിച്ചുകിട്ടിയുള്ളൂ. അതെന്തായാലും പദ്മേടത്തിയുടെ ഒരു സീനെങ്കിലും തരാവണേ എന്നതായിരുന്നു ഞങ്ങള്‍ടെ പ്രാര്‍ത്ഥന.

എല്ലാവരും പതുങ്ങി പതുങ്ങി പദ്മേടത്തിയുടെ വീട്ടിനടുത്തി. അരുണേട്ടനായിരുന്നു ഏറ്റവും മുന്പേ. ഏറ്റവും പുറകിലായി എനിക്കും ഷിജുവിനും ശേഷം അഷ്റഫും. അവിടെ നിന്നു മൂന്നു പേരുള്ള രണ്ട്‌ ഗ്രൂപ്പായി പിരിഞ്ഞു. അഷ്റഫും ഞാനും ഷിജുവും പിന്‍വാതിലു തുറന്നാല്‍ കാണാന്‍ പാകത്തിനു ഒരു പ്ലാവിന്‍റെ മറവില്‍ സ്ഥാനം പിടിച്ചു. അരുണേട്ടന്‍റെ വിസില്‍ ആയിരുന്നു സിഗ്നല്‍. പുറകിലൂടെ ആണു വരുന്നതെങ്കില്‍ അഷ്റഫ്‌ വിസിലടിക്കും.
ഒന്നു രണ്ട്‌ മണിക്കൂര്‍ കഴിഞ്ഞു പോയി. ഒന്നും സംഭവിച്ചില്ല. ഞങ്ങള്‍ക്കാണേല്‍ ക്ഷമകെട്ടു. സീന്‍ കാണാന്‍ ഒരു സാദ്ധ്യതയും ഇല്ല. ആ വരത്തനിട്ടു രണ്ടെണ്ണം കൊടുക്കാനെങ്കിലും കഴിഞ്ഞില്ലേല്‍..

ഒടുവില്‍ മുന്നിലെ വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. വിസിലു കേള്‍ക്കാതെ മുന്നോട്ട്‌ ചെല്ലരുതെന്നാണ്‌ അരുണേട്ടന്‍റെ ഉഗ്രശാസന. ഷിജുവിനാണേല്‍ സഹിക്കാന്‍ പറ്റുന്നില്ല. "ഞാന്‍ മുന്നോട്ട്‌ പൊക്വാടാ.." മറുപടിക്കു കാത്തുനില്‍ക്കാതെ അവന്‍ മറപറ്റി മുന്നോട്ടു നീങ്ങി.

തെല്ലുനേരം ശങ്കിച്ചതുകൊണ്ട്‌ ഞാനല്പം പുറകിലായിപ്പോയി. അതാ കേള്‍ക്കുന്നു വിസില്! എല്ലാരും പുറത്തു ചാടി. വാതില്‌ ധൃതിയില്‍ അടഞ്ഞു. ആള്‌ ഒരു പാച്ചിലായിരുന്നു. അരുണേട്ടനും സതീഷും പിറകേ. നാട്ടുവെളിച്ചമുണ്ടായിരുന്നെങ്കിലും ആളെത്തിരിച്ചറിയാന്‍ പറ്റിയില്ല.

സര്‍വ്വശക്തിയുമെടുത്ത് ഞാനും പുറകെ ഓടി. കാലിലുണ്ടായിരുന്ന സ്ലിപ്പര്‍ എവിടെയോ ഊരിപ്പോയി. അവിടെയിവിടെയൊക്കെ ഉരഞ്ഞുപൊട്ടിയതൊന്നും കാര്യമാക്കിയില്ല. ഒരടിയെങ്കിലും കൊടുക്കാന്‍ പറ്റിയാല്‍ ഗാങിലെ ഹീറോ ആകാമല്ലോ എന്ന ചിന്തയായിരുന്നു മനസ്സു നിറയെ.

എത്ര കിലോമീറ്ററാണ്‌ ഇടവഴികളിലൂടെ ഓടിയതെന്നു്‌ ഒരു നിശ്ചയവുമില്ല. പലയിടത്തും തട്ടി വീണു. വെളിച്ചമില്ലാത്തതുകൊണ്ട്‌ പലയിടത്തും തപ്പിപ്പിടിച്ചു നടക്കേണ്ടി വന്നു.

"ഈ വരത്തനെങ്ങനെ കൂരാക്കുറ്റിരുട്ടില്‌ ഇടവഴിയിലൂടെ പായുന്നു" എന്നുള്ള ചിന്ത ഇടക്കു കയറി വരാതിരുന്നില്ല. ഓട്ടം പാടത്താണ്‌ അവസാനിച്ചതു. ഒരു മണ്‍കുഴിയുടെ കരയില്‌ അരുണേട്ടനും സതീഷും.

"കിട്ടീലെടാ.." അരുണേട്ടന്‍റെ സ്വരത്തില്‍ നിരാശ. "പക്ഷെ ഒരു ഏറു്‌ ഞാന്‍ കൊടുത്തിട്ടുണ്ട്."

"ന്റമ്മോ.. ന്നൊരു ആര്‍പ്പ്‌ ഞാങ്കേട്ടതാ.." സതീഷ് പിന്‍താങ്ങി.

"കിട്ടണം നായിന്‍റെ മോന്‌.." ഓടിക്കിതച്ചു വന്ന അഷ്റഫ് ആശ്വസിച്ചു.

പിന്നെ എല്ലാരും പറ്റിയ പരിക്കിന്‍റെ കണക്കെടുത്തു. അരുണേട്ടന്റെ മുട്ടിലെ തോലു പോയിട്ടുണ്ട്. സതീഷിന്റെ കാലില്‌ കുപ്പിച്ചില്ലു തറച്ചതാണെന്നു തോന്നുന്നു ചോര വരുന്നുണ്ട്. എന്റെ മേലാകെ എരിയുന്നുണ്ട്. എവിടെ ഒക്കെയോ തോലു പോയിട്ടുണ്ട്. എന്നാലും ആ വരത്തനെ ഒന്നു തലോടാന്‍ പോലും പറ്റാത്തതിലായിരുന്നു സങ്കടം മുഴുവന്‍.

പിറ്റേന്നു പതിവുപോലെ പാലത്തില്‌ ഹാജരായപ്പോഴാണ്‌ പുതിയ ന്യൂസ്‌ കിട്ടിയതു. കണ്ണു കാണാത്ത ചന്ദ്രേട്ടന്‍ തലയിലോരു ബാന്‍ഡേജുമായി നടക്കുന്നു!. കാലിലും കയ്യിലുമൊക്കെ അവിടവിടെയായി പ്ലാസ്റ്റര്‍ ഒട്ടിച്ചിട്ടുമുണ്ട്.

"ഇങ്ങേരായിരുന്നോ?.. നായി.." ഷിജു ചീറി.

ഇതിനകം കഥക്കു എരിവും പുളിയും ചേര്‍ത്തു അഷ്റഫ്‌ നല്ല പബ്ലിസിറ്റി കൊടുത്തിട്ടുണ്ടായിരുന്നതു കൊണ്ട്‌ നാട്ടുകാര്‍ക്കൊക്കെ ആളെ പെട്ടെന്നു പിടി കിട്ടി.

അങ്ങാടീലെ പല ചെക്കന്‍മാരും "ചന്ദ്രേട്ടാ.." ന്നു ഈണത്തില്‍ പലവുരു വിളിച്ചിട്ടും പതിവുള്ള തെറിവിളി പിന്നെ ഉണ്ടായിട്ടില്ല.