2008, ഒക്‌ടോബർ 28, ചൊവ്വാഴ്ച

പുഴയൊഴുക്കിക്കളഞ്ഞത്‌


പള്ളനെറഞ്ഞ പനങ്കള്ള്‌ രാഘവേട്ടനെക്കൊണ്ട്‌ ഒരു പെശക്‌ പാട്ടാണ്‌ പാടിപ്പിച്ചത്‌. രണ്ടു വരി അബദ്ധത്തിലാണെങ്കിലും മുറുക്കാന്‍ കുത്തിനിറച്ച കടവായിലൂടെ ഒലിച്ചിറങ്ങിയപ്പോള്‍ രാഘവേട്ടനൊന്നു ചൂളി. ആരേലും കേക്കുന്നുണ്ടോന്നു ചുറ്റുമൊന്നു പരതി.

ആരു കേള്‍ക്കാന്‍! നാലുപുറവും കൊയ്ത്തുകഴിഞ്ഞ പാടം പായ നീര്‍ത്തി കൂര്‍ക്കം വലിച്ചുറങ്ങുന്നു. മിന്നാമ്മിന്നികളും ചീവീടുകളും മാത്രം തങ്ങളുടെ നൈറ്റ്‌ഡ്യൂട്ടിയെ ശപിച്ച്‌ ജോലിയില്‍ വ്യാപൃതരായിരിക്കുന്നു. മാനത്താണെങ്കില്‌ ചന്ദ്രനും അഞ്ചാറു്‌ നക്ഷത്രങ്ങളും മാത്രം. അവടവിടെയായി അഞ്ചാറു്‌ മേഘങ്ങളും.

ഒരു ഇളിഭ്യച്ചിരി ചിരിച്ച്‌ രാഘവേട്ടന്‍ പാട്ടിന്‍റെ ബാക്കി മൂളാന്‍ തുടങ്ങി. ഓരോ ഈരടിയും കഴിഞ്ഞുള്ള നിറുത്തില്‌ ചൂണ്ടാണിവിരലുകൂട്ടിപ്പിടിച്ച്‌ മുറുക്കാന്‍ വെള്ളം ചീറ്റിത്തെറിപ്പിച്ചു. പെശക്‌ പാട്ടിന്‍റെ നിഗൂഢാര്‍ത്ഥങ്ങളോര്‍ത്ത്‌ കുലുങ്ങിച്ചിരിച്ചു.

പുഴ, നിലാവില്‌ സുന്ദരി ചമഞ്ഞു കിടന്നു. മുറുക്കാന്‍ തുപ്പിക്കളഞ്ഞ്‌, ഉടുമുണ്ട്‌ പറിച്ച്‌ പൊന്തക്കാട്ടിനു മേലേക്കെറിഞ്ഞ്‌, രാഘവേട്ടന്‍ അവളിലേയ്ക്കൂളിയിട്ടു. ഒന്നു മുങ്ങി നിവര്‍ന്ന്‌, അവളുടെ ഗാഢാലിംഗനത്തിനെ വിടുവിച്ച്‌, നിന്നു കിതച്ചു. മുറുക്കാന്‍ കറ കടന്ന്‌ ഒരു പ്രണയഗാനത്തിന്‍റെ വരികളുതിര്‍ന്നു. കൈകള്‍ വിടര്‍ത്തി താളത്തില്‌ വെള്ളം ചെപ്പിത്തെറിപ്പിച്ചു.

ഒന്നുകൂടി മുങ്ങി നിവര്‍ന്നത്‌ ഒരു ആശ്ചര്യത്തിലേയ്ക്കായിരുന്നു. അടിവയറില്‌ ഉമ്മവച്ചുകൊണ്ടിരുന്ന പുഴ കൂടി നിശ്ചലയായി. ധൈര്യവാനെന്ന്‌ പേരെടുത്തു പോയതുകൊണ്ട്‌ തികട്ടിവന്ന അലര്‍ച്ചയെ കടിച്ചമര്‍ത്തി. വായില്‍കൊണ്ടിരുന്ന പുഴവെള്ളത്തെ കുടിച്ചിറക്കി വരണ്ടുപോയ തൊണ്ടയെ ഉണര്‍ത്തി.

"ഹാരാ...?"

കടവില്‌ വെളുത്തേടന്മാരു്‌ ഉപേക്ഷിച്ചുപോയ ഒരു അലക്കുകല്ലില്‌ കുന്തിച്ചിരിക്കുന്നു, ഒരു സ്ത്രീ രൂപം. മുങ്ങിച്ചത്ത വയറ്റുകണ്ണി മീനാക്ഷിയേടത്തി. വിളറിയ വെളുപ്പ്‌. നിറവയറു്‌. നീല കണ്ണുകള്‌. നനഞ്ഞു കുതിര്‍ന്ന മുണ്ടും നേര്യതും.

പരലുകൊത്തിത്തിന്ന നാക്കിന്‍റെ ബാക്കി പകുതി പുറത്ത്‌ കാണിച്ച്‌ മീനാക്ഷിയേടത്തി ശബ്ദമില്ലാതെ ചിരിച്ചു. പൊന്തക്കാട്ടിലെ ചീവീടുകള്‌ രാഘവേട്ടന്‍റെ കടുക്കനിട്ട ചെവിയില്‌ അതേറ്റുപറഞ്ഞു.

"ഹെനിക്ക്‌.. പെറണം.."

അല്‍പ്പനേരത്തെ അന്ധാളിപ്പ്‌ മാറിയപ്പോള്‍ രാഘവേട്ടന്‍ കടവിനെതിരേ തിരിഞ്ഞു നിന്നു. നെഞ്ഞുനിറച്ചു ശ്വാസം പിടിച്ച്‌ ഒന്നുകൂടി മുങ്ങി. രാഘവേട്ടനും ഒരു മേഘക്കീറിലേയ്ക്കു മുഖം മറച്ച്‌ ചന്ദ്രനും പണിഞ്ഞുകൊടുത്ത സ്വകാര്യതയില്‍ മീനാക്ഷിയേടത്തി ആഗ്രഹങ്ങളൊന്നും ബാക്കിവയ്ക്കാതെ, മുക്രയിട്ടു പെറ്റു.

പുഴയുടെ മടിയില്‌ കണ്ണടച്ച്‌ കിടന്ന്‌ രാഘവേട്ടന്‍ പ്രേമഗാനത്തിന്‍റെ ബാക്കി നീട്ടിപ്പാടി. വേളികഴിഞ്ഞ്‌ അറയില്‍ കയറിയ ഭാഗമെത്തിയപ്പോഴേയ്ക്കും പുഴ അടിവയറ്റില്‌ ഇക്കിളിയിട്ട്‌ ചിരിച്ചു. രാഘവേട്ടനെ ഒന്നു കൂടെ വട്ടം പിടിച്ചു. അവളുടെ ചുംബനത്തില്‌ ശ്വാസം മുട്ടാറായപ്പോഴേയ്ക്ക്‌ പിടി വിടുവിച്ച്‌ മുകളിലേയ്ക്കു പൊന്തി.

കടവത്ത്‌ അലക്കുകല്ലിന്‍റെ മീതെയിരുന്ന്‌ ചാപ്പിള്ളയുടെ തുറക്കാത്ത വായിലേയ്ക്ക്‌ മുലക്കണ്ണ്‌ കുത്തിച്ചീരുകയായിരുന്നു മീനാക്ഷിയേടത്തി. മുലകുടിക്കാന്‍ കൂട്ടാക്കാത്ത 'തല്ലുകൊള്ളായ്കയെ' പതം പറഞ്ഞ്‌, അതിനെ ഉറക്കാനെന്ന വണ്ണം ചന്തിക്ക്‌ പതുക്കെ തട്ടിക്കൊണ്ടിരുന്നു.

"ഞ്ഞിപ്പം ഒരെറക്ക്‌ ചാരായം എവിടെന്ന്‌ കിട്ടും?" ന്ന്‌ തലപൊകച്ച്‌, പെട്ടെന്നു കരയ്ക്കു കയറി ഉടുമുണ്ടെടുത്ത്‌ അരയ്ക്കു ചുറ്റി ധിറുതിയില്‍ നടക്കാന്‍ തുടങ്ങി ധൈര്യവാന്‍ രാഘവേട്ടന്‍. പൂര്‍ത്തിയാവാത്തൊരു സുരതത്തിന്‍റെ വിങ്ങലില്‌ പുഴ കിതച്ചു. ദേഷ്യം പൂണ്ട്‌ മീനാക്ഷിയേടത്തിയെ ഒന്നുകൂടി തന്നിലേയ്ക്ക്‌ വലിച്ചാഴ്ത്തി.

പിറ്റേന്ന്‌ കാലത്തേ അലക്കാനെത്തിയ വെളുത്തേടത്തികള്‌ കടവില്‌ മുറുക്കിത്തുപ്പിയതും മഞ്ഞവെള്ളവും കണ്ട്‌, "ഇന്നലേം കമത്ത്യോ ആ എമ്പോക്കി രാഹവന്‍.." ന്ന്‌ കാര്‍ക്കിച്ചു തുപ്പി. പുഴയില്‍ നിന്ന്‌ വെള്ളം കോരിയൊഴിച്ച്‌ പടവു വൃത്തിയാക്കി.

പുഴയില്‍ മലര്‍ന്നു കിടന്ന്‌ ചാപ്പിള്ളയെ നെഞ്ഞത്തു കിടത്തി നീന്തല്‌ പഠിപ്പിക്കുകയായിരുന്ന മീനാക്ഷിയേടത്തിയ്ക്കു പനങ്കള്ള്‌ മണത്തു. ബ്രാണ്ടി മണമുള്ള ഗോവിന്ദവാര്യരുടെ ശരീരത്തില്‌ രാഘവേട്ടന്‍റെ മുഖം വരച്ചു ചേര്‍ത്ത്‌ കുഞ്ഞിനോട്‌ 'അച്ച' എന്നു ചൂണ്ടിക്കാണിച്ചു. പുഴയ്ക്ക്‌ ദേഷ്യം വന്നു. ചെമ്മണ്ണു കലക്കി കണ്ണുചുവപ്പിച്ച്‌, ഓളം വെട്ടിച്ച്‌ അവളതു മായ്ച്ചു കളഞ്ഞു. പിന്നെ പടിഞ്ഞാറോട്ട്‌ കുളിച്ചൊരുങ്ങാന്‍ പോയി.

2008, ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

മരണത്തിനപ്പുറം


courtesy: http://www.billbuxton.com/multitouchOverview.html
മഴപെയ്യുന്ന രാത്രികളില്‌
മിന്നല്‍ വെളിച്ചത്തില്‌ മാത്രമേ
മരണത്തിനപ്പുറത്തുള്ളവരെ കാണാന്‍ പറ്റൂ

ഒരു മിന്നലില്‍ കണ്ടിടത്തല്ല
അടുത്ത മിന്നലില്‍ കാണുക
ഒരു മിന്നലില്‍ കണ്ടതിനെയല്ല
അടുത്ത മിന്നലില്‍ കാണുക

മഴനനഞ്ഞു കുതിര്‍ന്ന
വിരല്‍ത്തുമ്പുകൊണ്ട്‌
അവര്‍ നമ്മെ
സ്പര്‍ശിക്കാന്‍ ശ്രമിക്കും

മരണത്തിന്‍റെ നേര്‍മ്മയോളം
അടുക്കുമ്പോഴേയ്ക്കും
മിന്നലവസാനിച്ചിട്ടുണ്ടാവും

മരണത്തോളം അടുത്തുവന്ന്‌
ജീവിതത്തോളം അകലത്തായിപ്പോകും,
മിന്നല്‍ വേഗത്തില്‍.

മരിച്ചവര്‍ ജീവിക്കുന്നവരെ
സ്നേഹിക്കുന്നതുകൊണ്ടാകണം
മിന്നലിന് ദൈര്‍ഘ്യമിത്ര കുറഞ്ഞുപോയത്‌

അല്ലായിരുന്നെങ്കില്‍ മരണത്തിന്‍റെ പാലത്തിലൂടെ
നമ്മളെത്ര യാത്ര നടത്തിയേനേ..
അറിയണമെന്നാഗ്രഹിക്കാത്ത
വിചിത്രമായൊരിഷ്ടം
മരണത്തോടില്ലാതെ പോയേനേ..