2008, ജൂൺ 30, തിങ്കളാഴ്‌ച

ശംഖ് : ഒരു മാപ്പപേക്ഷ

http://www.thriftyfun.com/tf359973.tip.html
ഓരോ ശംഖിലും
തന്‍റെ ആത്മാവിനെ ഊതിക്കയറ്റി
തീരത്തേയ്ക്കെറിഞ്ഞു തരികയാണ്‌
കടല്‍.

സൂനാമിയുടെ ദ്രുതതാളമോ
തിരിച്ചറിയപ്പെടാതെപോയ ആഴങ്ങളുടെ
നിസ്സംഗമായ നിശബ്ദതയോ ഒന്നും
കൂടുപൊട്ടിച്ചിറങ്ങുന്നില്ല
അതില്‍ നിന്നും.

ചെവിയില്‍ ചേര്‍ത്തു പിടിച്ചാല്‍ മാത്രം
ആ നേര്‍ത്ത പിടച്ചിലു കേള്‍ക്കാം.

ചിലവികൃതിക്കുട്ടികള്‍
ഒന്നുകുലുക്കിനോക്കിയിട്ട്‌
ഒന്നും കേള്‍ക്കുന്നില്ലെന്നു പറഞ്ഞ്‌
എറിഞ്ഞുടച്ചു കളയും,
എന്നേപ്പോലെത്തന്നെ.

നിലത്തുടഞ്ഞു കിടക്കുമ്പോഴും
ആവിപറന്നു പോകുന്ന ആത്മാവിനെ നോക്കി
വേദനയുടെ ഒരു ചിരിയെറിയാനും
അതിനു കഴിയുന്നതാണാശ്ചര്യം..!

2008, ജൂൺ 18, ബുധനാഴ്‌ച

ഒരു തെണ്ടിയുടെ മരണം

http://artsearch.nga.gov.au/Detail-LRG.cfm?IRN=57469&View=LRG
ഞരങ്ങി നിന്ന വണ്ടിക്കടിയില്‍
ചെളുങ്ങിയൊരു പിച്ചപ്പാത്രം
ചിതറിത്തെറിച്ച നാലു നാണയങ്ങള്‍
ഒരു തുടം ചോര
ജനിക്കാനിടകിട്ടാതെപോയ ഒരു നിലവിളി

നാണം ചതഞ്ഞു പോയിടം മറയ്ക്കാന്‍
നാണമില്ലാത്തൊരു തുണിക്കഷണം
കാലിവയറു പിഞ്ഞി കാഷ്ഠം പുറത്തു വന്നതിന്‌
കാല്‍സരായിക്കാരുടെ മനംപിരട്ടല്‍
തിരിച്ചടയ്ക്കാന്‍ വയ്യാത്ത ഉണക്കവായില്‌
ഈച്ചകളുടെ അനുശോചന സമ്മേളനം
മുനിസിപ്പല്‍ ജീവനക്കാരന്‍റെ
ഓവര്‍ട്ടൈം തെറി

മറവു ചെയ്യാന്‍
ചരമക്കോളത്തില്‍ പോലും
ഒരുതുണ്ടുഭൂമിയില്ലാത്തവനേ,
മരണത്തിലൂടെയും ശല്യമാകാതെ
നിനക്ക്‌ കാഴ്ചയുടെ പിന്നാമ്പുറത്തെങ്ങാന്‍
ജീവിച്ചുകൂടായിരുന്നോ?

2008, ജൂൺ 15, ഞായറാഴ്‌ച

ഭ്രാന്ത്‌

http://lrc.wfu.edu/spanish213/Picasso/picasso.htm
സ്വാസ്ഥ്യത്തിന്‍റെ നേര്‍ത്ത വരമ്പൊന്ന്‌
മെത്തിക്കടന്ന്‌ എത്തിനോക്കിയതാണ്‌

കുത്തിയൊഴുകിയ ചിന്തകളുടെ
സ്ഥൂലശരീരം വരമ്പിടിച്ചു കളഞ്ഞു

തിരിച്ചൊഴുകാമെന്നു വച്ചാല്‍
കെട്ടിക്കിടപ്പിനു അതിരുവയ്ക്കാനൊരു വരമ്പെവിടെ

വരമ്പില്ലായ്മയൊരു ലൈസന്‍സായെടുത്ത്‌
ആര്‍ത്തലച്ചു

സ്വന്തം വരമ്പില്ലാതായാല്‍
പിന്നേതുവരമ്പുമിടിക്കാമല്ലോ

വരമ്പുകളിടിച്ച് ഒഴുകിപ്പരന്ന്
യൌവ്വനത്തിനാഴം കുറഞ്ഞപ്പോള്‍
വരമ്പുകള്‍ക്കെന്തൊരു ഗര്‍വ്വ്‌!

ഒടുവിലൊന്നു കെട്ടിക്കിടക്കാനും
അതിരിലൊതുങ്ങാനും ആഗ്രഹിച്ച്‌
വിസ്തൃതിയുടെ ചങ്ങലയിലുരഞ്ഞ്‌
വറ്റിത്തീരുന്നു; ഭ്രാന്തപര്‍വ്വം..

2008, ജൂൺ 7, ശനിയാഴ്‌ച

ഇരുട്ട്‌ തിന്നുതുടങ്ങിയ ഒരു നാളം

http://abandoned-orphaned.typepad.com/paulmyhill/2007/11/world-orphans-r.html
ഇരുട്ട്‌ പതുക്കെ തിന്നുതുടങ്ങിയ ഒരു നാളം

ഒരു നാളത്തെ പകുത്തൊട്ടിച്ച രണ്ടു കണ്ണുകള്‍
കരളുരുകിയൊലിച്ച രണ്ടു തുള്ളികള്‍

ഇരുട്ടെടുത്തുടുത്ത്‌ നാണം മറച്ച കുഞ്ഞുടുപ്പ്‌
ഇല്ലായ്മയെ നാടറിയാതമര്‍ത്തിപ്പിടിച്ച പിഞ്ചുവയറു്‌

ദീനം പിടിച്ച ദൈന്യതയെ ചീറ്റിയൊഴുക്കുന്ന മൂക്ക്‌
അണകെട്ടിയിട്ട സങ്കടത്തിന്‍റെ തൊണ്ട ഞെക്കിപ്പിടിച്ചൊരേങ്ങല്‍

കറുത്ത കണ്ണട വെച്ചതുകൊണ്ടല്ലേ കുഞ്ഞേ,
നിന്നെ ഞാന്‍ കാണാത്തത്‌.