2009, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

പറവ

കുറേ കാലമായി അബ്ദുവിന്‍റെ കഥ പറയണമെന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട്‌. എന്നെ സംബന്ധിച്ചിടത്തോളം അബ്ദു അഗാധതയ്ക്കപ്പുറമുള്ളൊരു ലക്ഷ്യമാണ്‌. ഒരിക്കല്‍കൂടി പോകണമെന്നും പോകേണ്ടെന്നും ഒരേ സമയം തോന്നിപ്പിക്കുന്ന ഒരു വിചിത്രമായ ഇടം. കാടുകയറി നിങ്ങളെ മുഷിപ്പിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. കഥ കേട്ടിട്ട്‌ നിങ്ങള്‍ സ്വന്തം നിഗമനങ്ങളിലെത്തിക്കോളൂ.

കഥ തുടങ്ങുന്നത്‌ തൊണ്ണൂറുകളുടെ അവസാനത്തില്‍, ഒരു സെപ്റ്റംബര്‍ സന്ധ്യയിലാണ്‌. തെളിഞ്ഞ ആകാശം. നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. കോളേജ്‌ ഹോസ്റ്റലിന്‍റെ ടെറസ്സില്‍ അസ്തമിച്ചു തുടങ്ങിയ കഞ്ചാവിന്‍റെ ലഹരിയില്‍ മാനം നോക്കി കിടക്കുകയായിരുന്നു ഞാനും അബ്ദുവും. ഇട്ടിരുന്ന ടീഷര്‍ട്ട്‌ അഴിച്ച്‌ നിലത്തു വിരിച്ച്‌ അതിലാണ്‌ കിടപ്പ്‌. ദിവസം മുഴുവന്‍ വിഴുങ്ങിയ വെയിലിനെ കോണ്‍ക്രീറ്റ്‌ ഞങ്ങളുടെ പുറത്തേയ്ക്ക്‌ ശര്‍ദ്ദിക്കുന്നുണ്ടായിരുന്നിരിക്കണം.

മാനത്തേയ്ക്ക്‌ നോക്കിക്കിടന്ന്‌ കുര്‍-ആനിലെ ഏതൊക്കെയോ ആയത്തുകള്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അബ്ദു. ഇടയ്ക്ക്‌ എന്‍റെ നേരെ നോക്കും.

"എടാ കാഫിറെ, അനക്കു വല്ലതും മനസ്സിലായോ?"

അതിനു മറുപടി പറയാതെ ഞാന്‍ ഉച്ഛത്തില്‍ ഒരു കവിത ചൊല്ലാന്‍ തുടങ്ങും. കിളിപ്പാട്ടോ കൃഷ്ണഗാഥയോ അങ്ങനെ പഴയതു വല്ലതും. അബ്ദു ഉറക്കെ ചിരിക്കും.

"കള്ള സുവറേ.."

"ഉം?"

"ഇജ്ജ്‌ ഇന്‍റൊപ്പം കൂടണോ? മ്മക്ക്‌ പറക്കാം.."

"എങ്ങോട്ട്‌?"

"എടാ വൃത്തനിബദ്ധമല്ല ലോകം. തുണിയഴിച്ചിട്ട്‌ കമന്ന്‌ കെടക്കണ ഒരു പെണ്ണിനേപ്പോലെ അതിന്‌ നിമ്നോന്നതങ്ങളുണ്ട്‌. ഇടുക്കുകളും ചുഴികളുമുണ്ട്‌.. ഇജ്ജിങ്ങനെ കുയ്യാനേനെപ്പോലെ അന്‍റെ കുയ്യാണ്‌ ലോകം ന്നും വിചാരിച്ച്‌ കെടന്നോ.."

വീണ്ടും ചിരി. കുറേ കേട്ടിട്ടുള്ളതാണ്‌. മത്തു പിടിച്ചു കഴിയുമ്പോള്‍ അബ്ദൂന്‌ പറക്കണം. കുത്തബ്‌ മീനാരത്തിന്‍റെ മുകളിലൂടെ, കൊല്‍ക്കൊത്തായിലെ അഴുക്കുചാലുകളിലൂടെ, ചുവന്നതും അല്ലാത്തതുമായ അസഖ്യം തെരുവുകളിലൂടെ, മാനസരോവരത്തിനും കൃഷ്ണഗിരിക്കും മുകളിലൂടെ അലയണം.

"ഇല്ലാണ്ടാവണം.."

"അതിന്‌ എനിക്ക്‌ ഒരു കഞ്ചാവു ബീഡി പോര. നീ പൊയ്ക്കോ.."

"എനിവണ്‍ ഹൂ ലിവ്സ്‌ വിതിന്‍ ദെയര്‍ മീന്‍സ്‌ സഫേഴ്സ്‌ ഫ്രം എ ലാക്ക്‌ ഓഫ്‌ ഇമാജിനേഷന്‍.."

എന്‍റെ താല്‍പ്പര്യമില്ലായ്മയെ കാര്യമാക്കാതെ അവന്‍ പിന്നെയും ഉറക്കെ സ്വപ്നം കണ്ടുകൊണ്ടിരിക്കും.

അന്ന്‌, ആ സെപ്റ്റംബര്‍ മാസത്തിലെ രാത്രി അല്പം വ്യത്യസ്തമായിരുന്നു. പതിവില്ലാതെ കുറച്ച്‌ മത്തു കൂടിയതാണോ എന്തോ, അവന്‍റെ ചിന്തകള്‍ എന്‍റെ തലച്ചോറിലേയ്ക്കും കുടിയേറാന്‍ തുടങ്ങി. ഭാരമില്ലാതാവുന്നതിനെക്കുറിച്ച്‌, കൈകള്‍ വീശിയാല്‍ ഭൂഗുരുത്വത്തെ നിഷേധിക്കാനാവുന്നതിനെക്കുറിച്ച്‌, കണ്ണാടിയില്‍ കാണുന്ന പ്രതിബിംബത്തെ തിരിച്ചറിയാനാവാതാവുന്നതിനെക്കുറിച്ച്‌, ഞാനും തെല്ല്‌ അല്‍ഭുതത്തോടെ ചിന്തിച്ചു തുടങ്ങി.

കണ്ണിമയ്ക്കാതെ മാനത്തോട്ടു നോക്കിക്കിടക്കുകയായിരുന്നിരിക്കണം ഞാന്‍. അബ്ദു ഒരു പാട്ടു പാടുകയായിരുന്നു. അതിലെ വാക്കുകളും വരികളുമൊന്നും ഓര്‍മ്മ വരുന്നില്ല. പറക്കുന്ന ഒരു തോണിയില്‍ ചന്ദ്രനിലേയ്ക്കു പോകുന്നതിനെ പറ്റി ആയിരുന്നു ആ പാട്ട്‌. 'വേഗം വന്നു കയറൂ, നേരം പോകുന്നു' എന്ന്‌ അവന്‍ എന്നോടു പറഞ്ഞു കൊണ്ടിരുന്നു.

തിരിഞ്ഞ്‌ അവന്‍റെ അടുത്തേയ്ക്ക്‌ ചേര്‍ന്നു കിടന്ന്‌ ഞാന്‍ അവന്‍റെ കയ്യില്‍ പിടിച്ചു. തലയുയര്‍ത്തി അവിശ്വസനീയതയോടെ അവന്‍ എന്‍റെ കണ്ണിലേയ്ക്കു നോക്കി.

ടെറസ്സില്‍ നിന്ന്‌ ചാടിയെണീറ്റ്‌ ഞങ്ങള്‍ കൈകള്‍ വീശി. അവനാണ്‌ ആദ്യം നിലത്തു നിന്നുയര്‍ന്നത്‌. ഒരു പറവയെപ്പോലെ ഒരു കൈ മാത്രം വീശി വായുവിലുയര്‍ന്നു നിന്ന്‌ അവന്‍ മറുകൈകൊണ്ട്‌ എന്നെ ഉയരാന്‍ സഹായിച്ചു.

എന്‍റെ കൈകള്‍ക്ക്‌ തളര്‍ച്ച തോന്നുന്നുണ്ടായിരുന്നു. പക്ഷേ മനസ്സ്‌ തുടിച്ചു കൊണ്ടിരുന്നു. കാലുകള്‍ ആദ്യമായി നിലത്തുനിന്നുയര്‍ന്നത്‌ വല്ലാത്തൊരനുഭവമായിരുന്നു. തളര്‍ച്ചയെ ഞാന്‍ മറന്നു. ഒരു കൈ അവന്‍റെ കയ്യില്‍ കോര്‍ത്തു പിടിച്ച്‌ മറ്റേക്കൈ ആഞ്ഞു വീശി ഞാന്‍ വീണ്ടും ഉയര്‍ന്നു. താഴെ ഹോസ്റ്റല്‍ കെട്ടിടം ചെറുതായി ചെറുതായി വന്നു. ഒന്നും മനസ്സിലാകാത്തതുപോലെ ഞങ്ങളെ മിഴിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു കാല്‍കീഴില്‍ നഗരം. അബ്ദു അതിന്‍റെ നേരെ നോക്കി കോക്രി കാണിച്ചു. മുണ്ടുപൊക്കി പെടുത്തു.

പിന്നെ, കഥയുടെ പകുതിയിലെവിടെയോ, ഞങ്ങള്‍ നൈനിറ്റാളിലെ ഒരു ചായക്കടയിലിരിക്കുകയായിരുന്നു. നനുത്ത തണുപ്പ്‌. അബ്ദു ഒരു കീറിയ തോര്‍ത്താണു ചുറ്റിയിരുന്നത്‌. ഞാനെന്തെങ്കിലും ധരിച്ചിരുന്നോ എന്നുതന്നെ ഓര്‍മ്മയില്ല. ചെറിയചൂടുള്ള മസാലച്ചായ ഒന്ന്‌ ഊതിക്കുടിച്ചിട്ട്‌ ഗ്ളാസ്‌ അവന്‍ എന്‍റെ നേരെ നീട്ടി. ഒറ്റവലിക്ക്‌ ചായ മുഴുവന്‍ കുടിച്ചിട്ട്‌ ഞാന്‍ കാലിഗ്ളാസ്‌ അവനു തിരിച്ചു കൊടുത്തു.

"കള്ള സുവറേ.. " അവന്‍ ചിരിച്ചുകൊണ്ട്‌ കാലുയര്‍ത്തി എന്നെ തൊഴിച്ചു. കാറ്റുനിറച്ച ഒരു ബലൂണിനെപ്പോലെ ഞാന്‍ ഉയര്‍ന്നുപൊങ്ങി. ചായക്കടയുടെ മേല്‍ക്കൂരയില്‍ അല്പ്പനേരം തങ്ങി നിന്നതിനു ശേഷം ഞാന്‍ സ്വയം സ്വതന്ത്രനായി മുകളിലേയ്ക്കുയര്‍ന്നു. അബ്ദു പിറകേയും.

നല്ല രസമായിരുന്നു പറക്കാന്‍. ഞങ്ങള്‍ മേഘങ്ങളെ ചുരുട്ടി എറിഞ്ഞു കളിച്ചു. ക്ഷീണം തോന്നിയപ്പോള്‍ ഭൂമിയിലേയ്ക്കിറങ്ങി. മാടുകളേപ്പോലെ കുളത്തിലെ വെള്ളവും മരത്തിലെ പഴങ്ങളും കഴിച്ചു. വവ്വാലുകളേപ്പോലെ തലകീഴായി തെരുവുകളില്‍ അന്തിയുറങ്ങിയപ്പോള്‍ ചുറ്റിലും വെള്ളിനാണയങ്ങള്‍ നിറഞ്ഞു.

കഥ മടുപ്പില്ലാതെ അങ്ങനെ നീങ്ങിക്കൊണ്ടിരുന്നു. എല്ലാത്തിനും ഒരു അവസാനം വരുമല്ലോ. മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞെന്നു കരുതിക്കോളൂ. നല്ല വെയിലുള്ള ഒരു ദിവസമായിരുന്നു അത്‌.

വെയിലണയ്ക്കുന്നതിനു മുന്‍പേ പ്രത്യക്ഷപ്പെട്ടതിന്‌ ചന്ദ്രക്കലയുടെ തന്തയ്ക്കു വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു അബ്ദു. ഒരു നനുത്ത മേഘത്തിനുള്ളിലേയ്ക്ക്‌ ഊളിയിട്ട്‌ ഒന്നു ചുരുണ്ടു നിവര്‍ന്നതായിരുന്നു ഞാന്‍. കൈകള്‍ക്കൊരു കഴപ്പ്‌. ഒരു തലകറക്കം പോലെ. എന്‍റെതന്നെ മുടിയിഴകള്‍, കൈനഖങ്ങള്‍ ഒക്കെ എന്നെ താഴേയ്ക്കു പിടിച്ചു വലിക്കുന്നതുപോലെ ഒരു തോന്നല്‍. പതിയെപ്പതിയെ കൈകാലുകള്‍ക്കും ശരീരത്തിനും ഭാരം വച്ചു തുടങ്ങി. അവസാനത്തെ ചെറുത്തുനില്‍പ്പും കഴിഞ്ഞ്‌ മനസ്സും ഭൂഗുരുത്വത്തോട്‌ അടിയറവു പറഞ്ഞു കഴിഞ്ഞപ്പോഴാണ്‌ ഞാന്‍ അതിവേഗം പതിച്ചുകൊണ്ടിരിക്കുകയാണെന്ന വെളിപാടുണ്ടായത്‌. ദൂരെ, മേഘങ്ങള്‍ക്കു മുകളില്‍ അബ്ദു നക്ഷത്രങ്ങള്‍ പെറുക്കി ചന്ദ്രനെ എറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

പിന്നെ, ദാ ഇന്നലെ. എന്‍റെ രണ്ടു വയസ്സുകാരി മോളുടെ പിറന്നാളാഘോഷിക്കാന്‍ കുടജാദ്രി കയറിയതായിരുന്നു ഞാനും ഭാര്യയും. പട്ടുപാവാടയുമിട്ട്‌ കൊച്ചു സുന്ദരി കണ്ണുകളും വിടര്‍ത്തി എന്‍റെ തോളിലിരിക്കുകയായിരുന്നു. വഴിയില്‍ കാണുന്നവരോടെല്ലാം കോക്രികാണിച്ച്‌, അണ്ണാനോടും കാക്കയോടുമൊക്കെ കൊഞ്ചിക്കുഴഞ്ഞ്‌, കുസൃതിക്കുടുക്ക.

കയറ്റം കയറി ക്ഷീണിച്ചെന്ന്‌ പറഞ്ഞ്‌ ഭാര്യ കിതപ്പാറ്റാനൊരു മരത്തില്‍ ചാരി നിന്നു. തൊട്ടപ്പുറത്ത്‌ മറ്റൊരു മരത്തിനടിയില്‍ ഒരു യാചകന്‍ കിടക്കുന്നുണ്ടായിരുന്നു. കാലുകള്‍ മരത്തിലേയ്ക്കുയര്‍ത്തി വച്ച്‌ കൈകള്‍ വിരിച്ച്‌..

എനിക്ക്‌ മനസ്സിലാകാതിരിക്കുമോ? ഞാനോടിച്ചെന്നു. അവന്‍ പറക്കുകയായിരുന്നു. വായകോട്ടി ചിരിക്കുന്നു. അവനിപ്പോള്‍ എന്തായിരിക്കും കാണുന്നതെന്ന്‌ ഞാന്‍ അല്‍ഭുതപ്പെട്ടു.

"കള്ള സുവറേ.."

അവന്‍ കണ്ണു തുറന്നു. ഭാരമില്ലായ്മയില്‍ അല്‍പമുയര്‍ന്നു. കൌതുകത്തോടെ എന്‍റെ മകളെ നോക്കി.

"കൊക്കാമണ്ട്യേയ്‌.. ഇജ്ജങ്ങട്ട്‌ വളര്‍ന്നുപോയല്ലോടീ.." അവന്‍ നേരത്തേ കണ്ടിട്ടുള്ളതുപോലെ.

കുസൃതിക്കുടുക്ക നാണിച്ചു.

"അബ്ദൂ.. നിന്നെത്തനിച്ചാക്കിയോടാ ഞാന്‍?"

"ഹ ഹ ഹ! പോടാ സുവറേ.. നീയായിരുന്നു എന്‍റെ അവസാനത്തെ ഭാരം.. ഐ ഷെഡ്‌ യൂ റ്റൂ..!"

ചിരിച്ചു ചിരിച്ച്‌ അവന്‍ നിലത്തേയ്ക്കു മറിഞ്ഞു വീണു. കാലുകളുയര്‍ത്തി മരത്തിനു മുകളിലെയ്ക്കു ചാരി. വിണ്ടും പറന്നു തുടങ്ങിയിരിക്കണം.

ഭാര്യ കയറി വന്നു. ഞങ്ങള്‍ മലകയറ്റം തുടര്‍ന്നു.

"സാര്‍, ഒരു രണ്ടുര്‍പ്യ തെര്വോ.. ചായ് കുടിക്കാന്‍?" താഴേ നിന്നു ഒരു വിളി ചോദിക്കുന്നു.

"അതാരാച്ഛാ..?" കുസൃതിക്കുടുക്ക കിലുങ്ങി ചോദിക്കുന്നു.

"അതോ.. അത്‌ ഒരു മാമന്‍.." ഞാനവള്‍ക്കൊരുമ്മ കൊടുത്തു.

"അച്ഛന്‍ കൊഞ്ചിച്ചു വഷളാക്കിക്കോ പെണ്ണിനെ.."

"നിന്‍റെ അമ്മയ്ക്ക്‌ അസൂയയാടീ.."

മലയുടെ മുകളില്‍ മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും പറക്കുന്ന തോണിക്കാരന്‍റെ പരിചിതമായ ആ പാട്ട്‌ കേട്ടുകൊണ്ടിരുന്നു.

കഥയവസാനിച്ചോ?

2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

നഷ്ടപ്പെട്ടുപോയ ഒരു ചെരിപ്പിന്‍റെ കഥ

Courtesy: http://www.flickr.com/photos/maveric2003/13520245/

"ഷൈല്‍, നീ ഗേ ആണോ?"

സാറയുടെ ചോദ്യം എന്നെ ഞെട്ടിക്കാതിരുന്നില്ല. വായിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍ നിന്നു തലയുയര്‍ത്തി നോക്കുമ്പോള്‍ പതിവുപോലെ പെത്തഡിന്‍ ഷോട്ടെടുത്ത്‌ തുണിയൊക്കെ ഉരിഞ്ഞെറിഞ്ഞ്‌ ബെഡ്ഡില്‍ മലര്‍ന്നു കിടക്കുകയായിരുന്നു സാറ.

ഞാനുറക്കെ ചിരിച്ചു. പിന്നെ ചിരിയില്‍ അവള്‍ പങ്കു ചേരുന്നില്ലെന്നു കണ്ട്‌ ചിരി പിടിച്ചു നിര്‍ത്തി.

"എന്തേ ഇപ്പോ അങ്ങനെ തോന്നാന്‍?"

"അല്ല, എന്നേപ്പോലൊരു സുന്ദരി, മയക്കുമരുന്നുമടിച്ച്‌ വിവസ്ത്രയായി ഇങ്ങനെ നിന്‍റെ കട്ടിലില്‍ കിടക്കുന്നതു കണ്ടിട്ട്‌ നിനക്കൊന്നും തോന്നുന്നില്ലേ?"

എന്‍റെ ചിരി തിരിച്ചു വന്നു. സാറ ഗൌരവമായിത്തന്നെയാണ്‌ അതു ചോദിച്ചതെന്ന്‌ മനസ്സിലായി. ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. അവളുടെ കണ്ണുകള്‍ കൂമ്പിത്തുടങ്ങിയിരുന്നു. പെത്തഡിന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കണം.

സാറയെ പരിചയപ്പെട്ടിട്ട്‌ ഒരു മാസം കഴിഞ്ഞു കാണണം.. മിക്കവാറും രാവിലെ ആണു കക്ഷി കയറി വരിക. ചിലപ്പോള്‍ പേപ്പറെടുക്കാന്‍ വാതില്‍ തുറക്കുമ്പോള്‍ പുറത്ത്‌ കോണിപ്പടിയില്‍ ഇരുന്നുറങ്ങുന്നതു കാണാം.

ഓഫീസില്‍ പോകുന്ന വഴിക്ക്‌ ഒരു ബസ്റ്റോപ്പിന്‍റെ ബഞ്ചിലാണ്‌ അവളെ ആദ്യം കാണുന്നത്‌. ഡീഹൈഡ്രേറ്റഡ്‌ ആണെന്നു കണ്ടപ്പോഴേ തോന്നി. എന്നേക്കൂടാതെ നാലഞ്ചു പേരുണ്ടായിരുന്നു ബസ്റ്റോപ്പില്‍. ആരും തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നില്ല. പകുതി അഴിഞ്ഞ നിലയിലായിരുന്നു കാല്‍സരായി. ഒരു കാലിലേ ചെരിപ്പുണ്ടായിരുന്നുള്ളൂ. തല ബെഞ്ചു കവിഞ്ഞ്‌ താഴേയ്ക്കു തൂങ്ങിക്കിടക്കുകയായിരുന്നു. നീലിച്ച ചുണ്ടുകളില്‍ ചോരപൊടിഞ്ഞത്‌ ഉണങ്ങിപ്പിടിച്ചു കിടന്നു.

ബാഗില്‍ വാട്ടര്‍ ബോട്ടിലുണ്ടായിരുന്നു. പക്ഷേ ഒന്നു മടിച്ചു. ബസ്റ്റോപ്പിലുണ്ടായിരുന്ന ഒരാളും അങ്ങനെ ഒരു മനുഷ്യജീവി അവിടെ കിടക്കുന്നുണ്ടെന്നു കാണുന്നേയില്ലെന്നു തോന്നി. രണ്ടു പയ്യന്മാര്‍ മാറി നിന്ന്‌ ഊര്‍ന്നുവീണ കാപ്രിക്കടിയിലൂടെ എന്തോ കാണുന്നുണ്ടെന്നു ഭാവിച്ച്‌ തമ്മില്‍ത്തമ്മില്‍ പറഞ്ഞു ചിരിച്ചു.

ഒന്നു തിരിഞ്ഞ്‌ അവളുടെ മുഖത്തെയ്ക്ക്‌ അറിയാതെ നോക്കിപ്പോയപ്പോഴാണ്‌ അവള്‍ കണ്ണുതുറന്ന്‌ എന്നെത്തന്നെ നോക്കിക്കിടക്കുകയാണെന്ന്‌ മനസ്സിലായത്‌. അത്‌ ഉള്ളിലൊരു പിടച്ചിലുണ്ടാക്കി. മറ്റുള്ളവരുടെ മുന്നില്‍ വച്ച്‌ ഒരു ഹുക്കറിനെ സഹായിക്കാന്‍ അല്‍പം ജാള്യതയുണ്ടായിരുന്നു. ബസ്‌ വരുന്നതുവരെ കാത്തിരുന്നു.

എല്ലാവരും ബസ്സില്‍ കയറുമ്പോള്‍ അല്‍പം മാറി നിന്നു. പയ്യന്മാര്‍ ബസ്സില്‍ നിന്നും ഒളിഞ്ഞു നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

ബസ്സ്‌ വിട്ടുകഴിഞ്ഞപ്പോള്‍ വാട്ടര്‍ബോട്ടിലു തുറന്ന്‌ അല്‍പം വെള്ളം തുറന്നു കിടന്ന വായിലൊഴിച്ചു കൊടുത്തു. തല തൂങ്ങിക്കിടക്കുകയായിരുന്നതുകൊണ്ട്‌ അതു ശിരസ്സില്‍ കയറി. ചുമയ്ക്കാന്‍ പോലും ത്രാണിയില്ലായിരുന്നു.

മെല്ലെ തലതാങ്ങിപ്പിടിച്ച്‌ എണീപ്പിച്ചിരുത്തി. വെള്ളം കുടിപ്പിച്ചു. അല്‍പം ജീവന്‍ വീണെന്നു തോന്നി. വിറയ്ക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ച്‌ നന്ദി പറഞ്ഞു. ഊര്‍ന്നുകിടന്ന കാപ്രി വലിച്ചു കയറ്റാന്‍ സഹായിച്ചു.

അടുത്ത ബസ്സ്‌ വരുന്നുണ്ടായിരുന്നു. മെല്ലെ ബസ്റ്റോപ്പിന്‍റെ ചുവരിനോട്‌ ചാരിയിരുത്തിയിട്ട്‌ ബസ്സില്‍ കയറി രക്ഷപ്പെട്ടു.

പിറ്റേദിവസം കാലത്ത്‌ ഒരു ആറു്‌ ആറരയാപ്പോഴാണ്‌ വാതിലില്‍ മുട്ടു കേട്ടത്‌. അവളായിരുന്നു. തലേന്നു കണ്ടതുപോലെയല്ല. ചുണ്ടുകളില്‍ ചായം, എരിയുന്ന സിഗററ്റ്‌. നന്നായി കുടിച്ചതിന്‍റെ ഹാങ്ങോവറുണ്ട്‌. ആടുന്നു. ഒരു കൈകൊണ്ട്‌ ചുവരില്‍ താങ്ങിയാണ്‌ നില്‍പ്പ്‌.

പുക എന്‍റെ മുഖത്തേയ്ക്ക്‌ ഊതി വിട്ടു. ഞാന്‍ വലിക്കാറില്ല. അതുകൊണ്ടുതന്നെ എനിക്കതിന്‍റെ മണം അരോചകമായിരുന്നു. വെറുപ്പു പ്രകടിച്ചപ്പോള്‍ സിഗററ്റ്‌ നിലത്തിട്ടു ചവിട്ടി. തോളിലെ ചെറിയ പഴ്സു തുറന്ന്‌ ഒരു പിടി ചുരുട്ടിക്കൂട്ടിയ നോട്ടുകളെടുത്ത്‌ എന്‍റെ നേരെ നീട്ടി. നന്ദിയായിരിക്കണം.

ഞാന്‍ അവളുടെ കണ്ണുകളിലേയ്ക്ക്‌ തുറിച്ചു നോക്കി. ചുവന്നു കലങ്ങിയിരിക്കുന്നു. ചായം തേച്ച ചുണ്ടുകളില്‍ അവിടവിടെ കറുത്തു കല്ലിച്ച പാടുകള്‍. നീട്ടിപ്പിടിച്ച കയ്യില്‍ മുഷിഞ്ഞ നോട്ടുകള്‍. അറപ്പുതോന്നിയപ്പോള്‍ ഞാന്‍ വാതില്‍ വലിച്ചടച്ചു. സോഫയില്‍ പോയിരുന്ന്‌ ടീവി ഉറക്കെ വച്ചു.

പത്തിരുപതു മിനുട്ടു കഴിഞ്ഞ്‌ വാതില്‍ തുറന്നു നോക്കിയപ്പോള്‍ അവള്‍ പോയിക്കഴിഞ്ഞിരുന്നു.

ഒരു വീക്കെന്‍റിന്‍റെ ആലസ്യത്തില്‍ കിടക്കയില്‍ നിന്നെണീക്കാതെ കിടക്കുകയായിരുന്നു ശനിയാഴ്ച. വാതിലില്‍ മുട്ടു കേട്ടു. അവളെപ്പറ്റി കുറച്ചു ദിവസങ്ങളായി ഓര്‍ക്കാറില്ലാതിരുന്നതുകൊണ്ട്‌ വാതില്‍ തുറക്കുമ്പോള്‍ പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു.

എന്നെ തള്ളിമാറ്റി അകത്തു കയറി. എനിക്കു ദേഷ്യം വന്നു. ഒരു പരിചയവുമില്ലാത്ത ഒരു സ്ത്രീ, അതും ഒരു വേശ്യ..

'വേശ്യ' എന്ന വാക്ക്‌ ചിന്തയില്‍ വന്നപ്പോള്‍ തന്നെ ഒരു ഓക്കാനം വന്നു. പക്ഷേ അവളോട്‌ ഇറങ്ങിപ്പോകാന്‍ പറയാന്‍ തോന്നിയതുമില്ല.

നേരെ അടുക്കളയിലേയ്ക്കായിരുന്നു പോയത്‌. ഒരു ഒറ്റമുറി ബാച്ചിലര്‍ സ്വീറ്റായിരുന്നു എന്‍റെ വാസസ്ഥാനം. അടുക്കള ഒരു അര മതില്‍ കൊണ്ടു വേര്‍തിരിച്ചിട്ടുണ്ട്‌, അത്രമാത്രം. സോഫയിലിരുന്ന്‌ അവളെന്താണു ചെയ്യുന്നതെന്ന്‌ എനിക്കു കാണാമായിരുന്നു.

ചിരപരിചിതയേപ്പോലെ പൊടിയും ഫില്‍ട്ടറുമൊക്കെ ക്യാബിനെറ്റു തുറന്ന്‌ കണ്ടു പിടിച്ചെടുത്ത്‌ മൂന്നുനാലു മിനിട്ടിനകം കാപ്പിയുമായി വന്നു.

ഒരു കപ്പ്‌ എന്‍റെ നേരെ നീട്ടി. ഞാന്‍ മടിക്കാതെ അതു വാങ്ങി കുടിക്കാന്‍ തുടങ്ങി. അവളുടെ മുഖത്തു തന്നെയായിരുന്നു എന്‍റെ കണ്ണ്‌.

സോഫയില്‍ എനിക്കെതിരെ ഇരുന്ന്‌ കാപ്പി ഒന്നു മൊത്തിക്കുടിച്ച ശേഷം കൈ നീട്ടി.

"ഹലോ. ഞാന്‍ സാറ. എന്താണു പേരു്‌?"

ഞാന്‍ പേരു പറഞ്ഞു.

അവളെന്നെ ഷൈല്‍ എന്നു വിളിക്കാന്‍ തുടങ്ങി. എന്‍റെ ഫസ്റ്റ്‌നെയിം ശരിക്കുച്ഛരിക്കാന്‍ അവള്‍ക്കു ബുദ്ധിമുട്ടായിരിക്കും എന്നറിയാമായിരുന്നതുകൊണ്ട്‌ തിരുത്താനൊന്നും പോയില്ല.

എനിക്ക്‌ അവളോടുള്ള ആറ്റിട്യൂഡില്‍ പതിയെ മാറ്റം വന്നു തുടങ്ങിയിരുന്നു. ഒന്നു രണ്ട്‌ ആഴ്ചകള്‍കൊണ്ട്‌ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഇടക്കിടെ ഒരു മുന്നറിയിപ്പുമില്ലാതെ സാറ കയറി വരാന്‍ തുടങ്ങി. വീക്കെന്‍റുകളില്‍ ഞങ്ങളൊരുമിച്ച്‌ പുറത്തു പോയി. ഒരുമിച്ച്‌ ഭക്ഷണം കഴിച്ചു. ഡ്രിങ്ക്സ്‌ കഴിച്ചു.

സാറ എവിടെപ്പോകുന്നെന്നോ, എപ്പോള്‍ വരുന്നുവെന്നോ ഞാന്‍ തിരക്കാറില്ലായിരുന്നു. താക്കോലിന്‍റെ ഒരു കോപ്പിയെടുത്ത്‌ അവള്‍ക്കു കൊടുത്തു. അതുകൊണ്ടൊരു ഗുണമുണ്ടായി. വൈകിട്ട്‌ ഞാന്‍ ജോലി കഴിഞ്ഞെത്തുമ്പോള്‍ അവളുണ്ടെങ്കില്‍ കാപ്പി റെഡിയായിരിക്കും. ഫ്രിഡ്ജില്‍ സാന്‍ഡ്‌വിച്ചോ പിസ്സയോ മറ്റോ ഉണ്ടാവും. അത്താഴത്തിന്‌.

വീക്കെന്‍റാകുമ്പോഴേയ്ക്ക്‌ അവള്‍ക്ക്‌ പെത്തഡിന്‍ പ്രാന്തുവരും. ഒന്നും മിണ്ടുകയില്ല. മുഖം കൂര്‍പ്പിച്ചങ്ങനെ നടക്കും. കാശുണ്ടെങ്കില്‍ സാധനം വാങ്ങി ബാഗില്‍ വച്ചിരിക്കും. ശനിയാഴ്ച ഉച്ചയോടെ ഒരു ഷോട്ടെടുക്കും. പിന്നെ ഭയങ്കര ഹാപ്പി ആണ്‌. ഒത്തിരി സംസാരിക്കും. പാടും.

എന്‍റെ പഴയ നോട്ടുബുക്കിന്‍റെ താളുകളില്‍ മനോഹരങ്ങളായ ചിത്രങ്ങള്‍ കണ്ടു തുടങ്ങിയപ്പോഴാണ്‌ സാറ വരയ്ക്കുമെന്ന്‌ മനസ്സിലാക്കിയത്‌. മിക്കവാറുമൊക്കെ ചുഴികളിലേയ്ക്ക്‌ അലിഞ്ഞു ചേരുന്ന മുഖങ്ങളായിരുന്നു അവള്‍ വരച്ചു കൊണ്ടിരുന്നത്‌. ചിലപ്പോള്‍ മൂക്ക്‌, അല്ലെങ്കില്‍ കണ്ണ്‌, അങ്ങനെ ചില ശരീരഭാഗങ്ങള്‍ മാത്രവും.

ഞാന്‍ ബ്രഷുകളും പെയിന്‍റുകളും ഒരു ഡ്രായിംഗ്‌ ബോര്‍ഡും വാങ്ങിക്കൊണ്ടുവന്നു വച്ചു. തിങ്കളാഴ്ച വൈകിട്ട്‌ ജോലി കഴിഞ്ഞു വന്നു കയറിയപ്പോള്‍ സാറ മുറിയിലുണ്ടായിരുന്നില്ല. പക്ഷേ കാന്‍വാസില്‍ ഒരു ചിത്രമുണ്ടായിരുന്നു. ഓയിലില്‍ ചെയ്ത ഒരു അപൂര്‍ണ്ണ ചിത്രം. ഒരു മുറിയുടെ മൂലയ്ക്ക്‌ വിവസ്ത്രയായിരിക്കുന്ന മുഖമില്ലാത്ത ഒരു സ്ത്രീ. കാഴ്ചക്കാരന്‍റെ നേര്‍ക്ക്‌ കൈ ചൂണ്ടിപ്പിടിച്ചിരിക്കുന്നു.

വെയിസ്റ്റുബിന്നില്‍ ഒത്തിരി ഫേഷ്യല്‍ ടിഷ്യൂകള്‍ കിടപ്പുണ്ടായിരുന്നു. മൂക്കു ചീറ്റിയതും കണ്ണു തുടച്ചതും.

ഞാനാ പെയ്‌ന്‍റിംഗ്‌ ഫ്രെയിം ചെയ്യിച്ചെടുത്തു. വാതില്‍ തുറന്ന്‌ കയറി വരുമ്പോള്‍ തന്നെ കാണാവുന്ന വിധത്തില്‍ ചുവരില്‍ തൂക്കി.

കുറച്ചു ദിവസത്തേയ്ക്ക്‌ സാറയെ കണ്ടില്ല. പിന്നെ ഇന്നാണു കയറി വരുന്നത്‌. ചിത്രം കണ്ടയുടനെ ഒന്നു ഞെട്ടി. എന്‍റെ നേരെ നോക്കി. പ്രത്യേകിച്ച്‌ ഒന്നും സംഭവിക്കാത്ത പോലെ ഞാന്‍ പുസ്തകത്തിലേയ്ക്ക്‌ തലയും കുനിച്ചിരുന്നു.

കുറേ നേരം കട്ടിലില്‍ കമഴ്ന്നു കിടന്നു കരയുന്നുണ്ടായിരുന്നെന്നു തോന്നുന്നു. ഞാന്‍ ശ്രദ്ധിക്കാത്തെപോലെയിരുന്നു. തുണിയൊക്കെ പറിച്ചെറിഞ്ഞ്‌ ഷോട്ടെടുക്കാന്‍ തുടങ്ങുന്നതൊക്കെ ഞാന്‍ അറിയുന്നുണ്ടായിരുന്നു. മിണ്ടിയില്ല.

"ഷൈല്‍, ചിരിക്കാതെ കാര്യം പറയൂ.. നീ ഗേയാണോ?"

ഞാന്‍ വീണ്ടും ചിരിച്ചു.

"ഞാന്‍ ഗേയൊന്നുമല്ല. മയക്കുമരുന്നടിച്ച്‌ തിരിച്ചറിവില്ലാതെ കിടക്കുന്ന ഒരുത്തിയെ ഭോഗിക്കാന്‍ മാത്രം പെര്‍വെര്‍ട്ടുമല്ല."

ഇത്തവണ ചിരി തുടങ്ങിയത്‌ അവളാണ്‌.

"ഹ ഹ ഹ! നീയൊരു നുണയനാണ്‌. ഒന്നാന്തരം നുണയന്‍. ഒരു ഹുക്കറെ പ്രാപിക്കാന്‍ അറപ്പാണെന്നു തുറന്നു പറയൂ.."

സാറ നിര്‍ത്താതെ ചിരിച്ചു കൊണ്ടിരുന്നു. ഞാന്‍ മറുപടി പറഞ്ഞില്ല. ആ ചോദ്യത്തെ അവഗണിച്ചെന്നു വരുത്താന്‍ പുസ്തകത്തിലേയ്ക്കു തലകുമ്പിട്ടു.

അവള്‍ കട്ടിലില്‍ നിന്നെണീറ്റ്‌ എന്നെ പ്രകോപിപ്പിക്കാനെന്നവണ്ണം നൃത്തം ചെയ്തു തുടങ്ങി. എക്സോട്ടിക്‌ നൃത്തം.
ഒന്നും തോന്നിയില്ല. വെറുതേ പുസ്തകത്തിലേയ്ക്ക്‌ മനസ്സുറപ്പിക്കാന്‍ ശ്രമിച്ചു. പറ്റുന്നില്ലെന്നു കണ്ടപ്പോള്‍ ഒരു ഷര്‍ട്ടെടുത്തിട്ട്‌ പുറത്തേയ്ക്കിറങ്ങി.

രാത്രി വൈകിയാണ്‌ തിരിച്ചു വന്നത്‌. സാറ പുറത്തുപോയിക്കാണുമെന്ന്‌ കരുതി. പക്ഷേ അവള്‍ കട്ടിലില്‍ തന്നെ കിടപ്പുണ്ടായിരുന്നു. ഡ്രോയിംഗ്‌ ബോര്‍ഡില്‍ മനോഹരമായ ഒരു ഓയില്‍ ചിത്രം. കടല്‍ തീരത്ത്‌ ഉപേക്ഷിക്കപ്പെട്ട ഒരു ചെരിപ്പിന്‍റേത്‌. താഴെ നിലത്ത്‌ ഒന്നു രണ്ടു കാന്‍വാസുകള്‍ ചുരുണ്ടു കിടക്കുന്നു. ഒന്നില്‍ കരിനീല നിറത്തില്‍ ഒരു സ്ത്രീയുടെ (അവളുടെതന്നെ?) മുഖം. മറ്റൊന്നില്‍ വരച്ചു മുഴുമിക്കാത്ത എന്‍റെ മുഖത്തിന്‍റെ ഔട്ട്‌ലൈനും.

ചിത്രങ്ങള്‍ അയയില്‍ പിന്‍ ചെയ്ത്‌ ഉണങ്ങാനിട്ടു. ഒരു പുതപ്പെടുത്ത്‌ അവളുടെ നഗ്നത മറച്ചു കൊടുത്തു. ഉറക്കത്തില്‍ ചിരിക്കുന്നുണ്ടായിരുന്നു. പെത്തഡിന്‍ അവളെയും കൊണ്ട്‌ ഏതോ സ്വപ്നങ്ങള്‍ക്കു മീതെ പറക്കുകയാവണം.

ലൈറ്റിട്ട്‌, നോട്ടുബുക്കു തുറന്ന്‌ ഞാന്‍ നഷ്ടപ്പെട്ടുപോയ ഒരു ചെരിപ്പിന്‍റെ കഥ എഴുതിത്തുടങ്ങി.

"ഏതോ ബസ്റ്റോപ്പില്‍ ഇരുന്നുറങ്ങിപ്പോയ കാലുകള്‍ക്ക്‌ നഷ്ടപ്പെട്ട ഒരു ചെരുപ്പ്‌. ജോഡി തികച്ചില്ലാത്തതുകൊണ്ട്‌ അതിനെ ആരും എടുത്തുകൊണ്ടു പോയില്ല. വെയിലും മഞ്ഞുമേറ്റ്‌ അതവിടെത്തന്നെ കിടന്നു. ഇടയ്ക്ക്‌ വെയിലു മൂക്കുമ്പോള്‍ രണ്ടുകാലിലും ചെരിപ്പില്ലാത്ത ആരൊക്കെയോ അതിനെ ഒരു കാലില്‍ കയറ്റിക്കൊണ്ടുപോയി. മറ്റേതോ സ്റ്റോപ്പുകളില്‍ ഉപേക്ഷിച്ചിട്ടു പോയി. പിന്നെ.."

അവസാനം എങ്ങനെയായിരിക്കും ആ ചെരിപ്പിന്‍റെ കഥ തീരുക? അതോ അതിനു തന്‍റേതായി ഒരു കഥയില്ലെന്നു തന്നെ വരുമോ?
എഴുത്ത്‌ ഇടയ്ക്കുവച്ച്‌ മുറിഞ്ഞുപോയി. കഥയുടെ ഗതിയെപ്പറ്റി ആലോചിച്ചാലോചിച്ച്‌ എപ്പോഴോ ഇരുന്നുറങ്ങിപ്പോയി.

കാലത്തെണീറ്റപ്പോള്‍ സാറ പോയിരുന്നു. പിന്നെ രണ്ടു ദിവസത്തേയ്ക്ക്‌ കണ്ടതേയില്ല.

മൂന്നാം ദിവസം നഗരത്തിലെ പോലീസ്‌ സ്റ്റേഷനില്‍ നിന്നു ഒരു കാളു വന്നു. മോര്‍ച്ചറിയില്‍ വന്ന്‌ ഒരു ജഡം തിരിച്ചറിയാമോ എന്നു നോക്കാന്‍.

സാറ തന്നെയായിരുന്നു. മയക്കുമരുന്ന്‌ ഓവര്‍ഡോസ്‌. ശരീരം ആകെ നീലിച്ച്‌.. അവള്‍ തന്നെ വരച്ച ചിത്രത്തിലെ മുഖം ഓര്‍മ്മ വന്നു.

ആകെ ഒരു നിസ്സംഗതയാണു തോന്നിയത്‌. തണുപ്പായിരുന്നു മോര്‍ച്ചറിക്കുള്ളില്‍. സാറ നഗ്നത പ്രകടിപ്പിക്കുമ്പോഴത്തേപ്പോലെ വിരക്തിയുണ്ടാക്കുന്ന തണുപ്പ്‌. വെളുത്ത ചുവരില്‍ ചാരി നിന്നു. ബോഡി വേണമെങ്കില്‍ ക്ലെയിം ചെയ്യാമെന്ന്‌ പോലീസുകാരന്‍ പറഞ്ഞു. വേണ്ടെന്നു തലയാട്ടി. എവിടെയൊക്കെയോ ഒപ്പിട്ടു കൊടുത്തു. പോകാന്‍ നേരം അവളുടെ സാധനങ്ങള്‍ ഒരു പ്ളാസ്റ്റിക്‌ കവറിലാക്കി കയ്യില്‍ തന്നു.

വീട്ടില്‍ ചെന്ന്‌ രണ്ടു കവിള്‍ ബ്രാണ്ടി വിഴുങ്ങിക്കഴിഞ്ഞാണ്‌ അതു തുറന്നു നോക്കാനുള്ള മനോധൈര്യമുണ്ടായത്‌. പ്ളാസിക്‌ കമ്മലും മാലയും ബ്രെയ്സ്ലെറ്റും. പിന്നെ എപ്പോഴും കൊണ്ടു നടക്കാറുള്ള, തോളില്‍ തൂങ്ങുന്ന കുഞ്ഞു പെഴ്സും. ഒരു ജീവിതകാലത്തെ സമ്പാദ്യം.

പെഴ്സു തുറന്നു നോക്കി. എതാനും മുഷിഞ്ഞ നോട്ടുകളും ചില്ലറയും. ഉള്ളിലെ ചെറിയൊരു സിപ്പു തുറന്നപ്പോള്‍ ചെറുതായി മടക്കിക്കൂട്ടിയ ഒരു ഡ്രായിംഗ്‌ പേപ്പര്‍. പുറം ഭാഗത്ത്‌ വലിയ അക്ഷരത്തില്‍ ലിപ്സ്റ്റിക്കുകൊണ്ട്‌ എന്‍റെ ഫോണ്‍ നമ്പര്‍ കുറിച്ചിട്ടിരിക്കുന്നു.

ഒരു ചാര്‍ക്കോള്‍ ചിത്രമായിരുന്നു അതില്‍. രണ്ടു കാലുകള്‍. ഒന്നില്‍ മാത്രം ചെരിപ്പണിഞ്ഞിരിക്കുന്നു.

"...നഷ്ടപ്പെട്ടുപോയ ചെരിപ്പിന്‍റെ ജോഡി."

2009, ജൂലൈ 30, വ്യാഴാഴ്‌ച

തദേവി


courtesy: http://painterskeys.com/pal/barbara_ware/

(തദേവി ഒരു ചെറിയ കാറ്റാണ്‌. മനസ്സാകെ ചുട്ടുപൊള്ളി നമ്മളിങ്ങനെ ഇരിക്കുമ്പോള്‍, തോളത്ത്‌ കയ്യിട്ട്‌, ചെറുതായി ഒന്നു തഴുകി, 'സാരമില്ലെടോ..' എന്നൊന്ന്‌ ആശ്വസിപ്പിച്ചു പോകുന്ന ഒരു കരിയിലക്കാറ്റ്‌. )

തദേവി വെറും കയ്യോടെ വരാറില്ല. വരുമ്പോഴൊക്കെ വല്ല ഉണക്കിയ സാല്‍മണ്‍ മീനോ, ചോളം പുഴുങ്ങിയതോ ഒക്കെ കാണും കയ്യില്‍. നേറ്റീവ്‌ ഇന്‍ഡ്യാക്കാരുടെ വേഷവിധാനമൊന്നുമില്ല അവള്‍ക്ക്‌. ഒരു ജീന്‍സും അയഞ്ഞ ടീഷര്‍ട്ടും ആണു മിക്കപ്പോഴും. മെടഞ്ഞിട്ടിരിക്കുന്ന ആ നീണ്ട തലമുടിയും ജനിച്ചിട്ടധികമായിട്ടില്ലാത്ത പൂച്ചക്കുഞ്ഞുങ്ങളുടേതുപോലെയുള്ള കൂമ്പിയ കണ്ണുകളും കാണുമ്പോഴാണ്‌ അവളൊരു നേറ്റീവാണെന്ന്‌ നമ്മളറിയുകതന്നെ.

ഇംഗ്ളീഷൊക്കെ കഷ്ടിയാണ്‌. അല്ലെങ്കില്‍ തന്നെ അവളധികമൊന്നും സംസാരിക്കാറില്ല. ആ ചിരിയുണ്ടല്ലോ, അതാണ്‌ പ്രധാന സംവേദനോപാധി. ദേവൂനെ വലിയ ഇഷ്ടമായിരുന്നു അവള്‍ക്ക്‌. ദേവൂനാണെങ്കില്‍ അവളെ ജീവനാണ്‌. ഇപ്പോ വയസ്സു ഒന്നര കഴിഞ്ഞതേയുള്ളൂ. പക്ഷേ രാവിലെ ഉണര്‍ന്നാലുടനെ "താദാ.. താദാ.." എന്നിങ്ങനെ വാതിലിനടുത്തേയ്ക്കു കൈചൂണ്ടി പറഞ്ഞുകൊണ്ടേയിരിക്കും.

ദേവൂന്‌ കൊടുക്കാന്‍ വേണ്ടി വരുന്ന വഴിയ്ക്ക്‌ കുറേ വൈല്‍ഡ്‌ ബെറി പറിച്ച്‌ ഒരു കൊച്ചു കൂടയില്‍ കൊണ്ടുവരും. 'തദേവിയെയാണോ ബെറിയെ ആണോ ദേവൂന്‌ കൂടുതല്‍ ഇഷ്ടം' എന്ന്‌ ഇടയ്ക്കിടെ അവളുടെ ഭാഷയില്‍ ചോദിക്കുന്നതു കേള്‍ക്കാം. ദേവു ആരാ മോള്‌! അവള്‌ നന്നായി ചിരിച്ചു മയക്കിക്കൊടുക്കും. എല്ലാ ആഴ്ചയും ഇങ്ങനെ ബെറി കിട്ടണ്ടേ.

ദേവൂന്‍റെ അച്ഛന്‍ മിക്കവാറും ഉച്ചവരെ ഉറക്കമായിരിക്കും. രാത്രി ക്ളബ്ബിലെ കളിയൊക്കെ കഴിഞ്ഞ്‌ ഒത്തിരി രാത്രിയാവും വീട്ടിലെത്തുമ്പോള്‍. ദേവൂന്‍റച്ചന്‍ ഉണര്‍ന്നിരിക്കുവാണെങ്കില്‍ തദേവി വേഗം സ്ഥലം കാലിയാക്കും. അല്ലെങ്കില്‍ കുറേ നേരം ദേവൂനെ കളിപ്പിച്ചു കഴിഞ്ഞാല്‍ അവള്‍ എന്നെ കുറച്ച്‌ പണിയിലൊക്കെ സഹായിക്കും. സാല്‍മണ്‍ മീനിനെ വൃത്തിയാക്കിയെടുക്കാനും അതിനെ കേടുവരാതെ കുറേകാലത്തേയ്ക്ക്‌ എങ്ങനെ ഫ്രീസ്‌ ചെയ്തു സൂക്ഷിക്കാമെന്നുമൊക്കെ കാണിച്ചുതന്നതവളാണ്‌.

ഞാന്‍ ചോദിക്കുന്നതിനൊക്കെ മിക്കവാറും ചിരിയും തലയാട്ടലുമൊക്കെ ആയിരിക്കും മറുപടി. കുറേ തനിയെ സംസാരിച്ചു കഴിയുമ്പോള്‍ വല്ലതും തിരിച്ചു കേള്‍ക്കാന്‍ വേണ്ടി ഞാന്‍ അവളുടെ നേരെ നോക്കും. അപ്പോഴും വെറുതേ ചിരിച്ചുകൊണ്ടിരിക്കുകയാവും തദേവി.

കുറച്ചുനേരം ഇരിക്കുന്ന ദിവസങ്ങളിലാണെങ്കില്‍ എന്‍റെ മുടിയൊക്കെ മെടഞ്ഞുതരും. കുറേ മുടി ഉണ്ടായിരുന്നു എനിക്ക്‌. ഇവിടെ വന്ന്‌ വെള്ളം മാറി കുളിക്കാന്‍ തുടങ്ങിയതോടെ പകുതിയും കൊഴിഞ്ഞുപോയി. നന്നായി വരിഞ്ഞു മുറുക്കി മെടയാനറിയാം തദേവിയ്ക്ക്‌. മുടിനന്നായി വരിഞ്ഞുമുറുക്കിക്കെട്ടിയാല്‍ അതു വളരും എന്നാണു തദേവി പറയുന്നത്‌.

ഇത്രയൊക്കെ അടുപ്പമുണ്ടെങ്കിലും സ്വന്തം വീട്ടുകാരെക്കുറിച്ചൊന്നും തദേവി ഇതുവരെ പറഞ്ഞിട്ടില്ല. ഭര്‍ത്താവുണ്ടായിരുന്നു. ആളിപ്പോള്‍ വേറൊരു പെണ്ണിന്‍റെ കൂടെയാണ്‌. കുഞ്ഞുങ്ങളൊന്നും ഇല്ല. അതാവും ദേവൂനോട്‌ ഇത്രയും സ്നേഹം.

കഴിഞ്ഞ ശനിയാഴ്ച തദേവി നേരത്തെ വന്നതുകൊണ്ട്‌ ദേവൂനെ അവളുടെ കൂടെ വിട്ടിട്ട്‌ ഞാന്‍ കുളിക്കാന്‍ കയറി. അല്ലെങ്കില്‍ എന്‍റെ കുളി ഒക്കെ കണക്കാണ്‌. രാത്രി ദേവു ഉറങ്ങിക്കഴിഞ്ഞാണ്‌ കുളിയൊക്കെ. പകലുറക്കം വളരെ കുറവാണ്‌ പെണ്ണിന്‌.

കുളിക്കാന്‍ കയറുമ്പോള്‍ ദേവൂന്‍റച്ഛന്‍ പതിവുപോലെ ഉറക്കമായിരുന്നു. മുടിനനയ്ക്കാന്‍ തുടങ്ങിയതും താഴേനിന്ന്‌ ഉറക്കെ ശബ്ദം കേട്ടു. ദേവൂന്‍റച്ഛനാണ്‌. തദേവിയോടെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നേ എന്നു വിചാരിച്ചു ഒരു സാരിയൊക്കെ വലിച്ചുചുറ്റി ഞാനോടിച്ചെല്ലുമ്പോഴുണ്ട്‌ തദേവി പേടീച്ചരണ്ട്‌ ഒരു മൂലയ്ക്കു നില്‍ക്കുന്നു. കരയുന്നുമുണ്ട്‌. ദേവൂന്‍റച്ഛന്‍ കലിതുള്ളി നില്‍ക്കുകയാണ്‌. അല്ലെങ്കിലേ മൂക്കത്താണ്‌ ദേഷ്യം. ഇനിയിവിടെ കണ്ടുപോകരുതെന്നൊക്കെ ഇംഗ്ളീഷില്‍ അലറുന്നുണ്ടായിരുന്നു.

തദേവി എന്തു വിഡ്ഢിത്തരമാണ്‌ ഒപ്പിച്ചതെന്ന്‌ അന്നേരം മനസ്സിലായില്ല. ദേവുവും കരച്ചിലായിരുന്നു. ഒരുവിധത്തില്‌ ദേവൂന്‍റച്ഛനെ മുകളിലേയ്ക്കു തള്ളി വിട്ടു. തദേവി ഒന്നും പറഞ്ഞില്ല. കരഞ്ഞുകൊണ്ടിരുന്നു. ദേവു കൂടി ഇന്‍വോള്‍വ്ഡായ സംഭവമായിട്ടും എനിക്കെന്തോ ഒരു പേടിയും തോന്നിയില്ല.

കൈകൂപ്പി മാപ്പുപറയുന്നതുപോലെ കാണിച്ചിട്ട്‌ അവളിറങ്ങിപ്പോയപ്പോഴാണ്‌ എനിക്കെന്തോ വല്ലായ്മ തോന്നിയത്‌. അന്നേരം കരയാന്‍ തുടങ്ങിയതാണ്‌ ദേവു. പിന്നെയിങ്ങോട്ട്‌ കരച്ചിലും വാശിയുംതന്നെയായിരുന്നു.

രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെ സംഭവമെന്താണെന്നൊന്നും ഞാന്‍ തിരക്കിയതേയില്ല. അല്ലെങ്കിലും ചൂടായിരിക്കുന്ന സമയത്തു എന്തേലും ചോദിക്കാന്‍ ചെന്നാല്‍ എന്‍റെ മേക്കിട്ട്‌ കേറാന്‍ വരും. അതുകൊണ്ടാണ്‌ ഒന്ന്‌ ആറുന്നതുവരെ ക്ഷമിക്കാമെന്നു കരുതിയത്‌.

ഒന്നു സോപ്പിട്ട്‌ ആള്‌ കൂളാണെന്നു ഉറപ്പുവരുത്തിയിട്ടാണ്‌ വിഷയമെടുത്തിട്ടതു തന്നെ. സംഗതി പറയാതെ ഒഴിഞ്ഞുമാറാന്‍ ഒത്തിരി നോക്കി. വളരെ നിര്‍ബന്ധം പിടിച്ചപ്പോഴാണ്‌ അവസാനം കാര്യം പറഞ്ഞത്‌. അറിഞ്ഞപ്പോള്‍ വല്ലാണ്ടെ ആയി. ദേവൂന്‍റച്ഛന്‍ താഴെയിറങ്ങിച്ചെല്ലുമ്പോള്‍ തദേവി സോഫയിലിരുന്ന്‌ ടീഷര്‍ട്ടുപൊക്കി ദേവൂനെ മുലയൂട്ടുകയായിരുന്നത്രെ..!

രാത്രി ഞാനൊട്ടും ഉറങ്ങിയില്ല. ദേവു ഇടയ്ക്കിടെ തള്ളവിരല്‌ കുടിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക്‌ കണ്ണൊന്നടഞ്ഞുപോയപ്പോഴൊക്കെ തദേവിയുടെ വലിയമുലകള്‍ക്കിടയില്‍ ദേവു ഞെരുങ്ങിപ്പോകുന്നതും ശ്വാസം കിട്ടാതെ അവള്‍ കാലിട്ടടിക്കുന്നതും സ്വപ്നം കണ്ട്‌ ഞെട്ടിയുണര്‍ന്നു.

രാത്രി മുഴുവന്‍ ഞാന്‍ ദേവുവിനെ മുറുകെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു. കയ്യയച്ചാല്‍ അവള്‍ എണീറ്റുപൊയ്ക്കളയുമെന്ന്‌ ഞാന്‍ പേടിച്ചു. എങ്ങനെ നേരം വെളുപ്പിച്ചെന്ന്‌ ഒരു പിടിയുമില്ല. ദേവൂന്‍റച്ഛന്‍ പിന്നെ ആ സംഭവത്തെക്കുറിച്ചൊന്നും സംസാരിച്ചതേയില്ല. ഞാനും മനഃപൂര്‍വ്വം ആ വിഷയം സംസാരത്തിലൊന്നും കടന്നുവരാതെ സൂക്ഷിച്ചു.

ദേവു ആകെ ക്രാങ്കി ആയിരുന്നു, ദിവസം മുഴുവനും. ഭക്ഷണം കൊടുത്തിട്ടൊന്നും കഴിച്ചില്ല. ഇടയ്ക്കെനിക്ക്‌ വല്ലാതെ ദേഷ്യം വന്നു. ഞാനവളോട്‌ ഉച്ചത്തില്‍ എന്തൊക്കെയോ പറഞ്ഞെന്നു തോന്നുന്നു. ദേവൂന്‍റച്ഛന്‍ പെട്ടെന്നു വന്ന്‌ അവളെ എടുത്തോണ്ടു പോയപ്പോഴാണ്‌ ബോധം വന്നത്‌.

പതിവില്ലാതെ ദേവു എപ്പോഴും വിരലുകുടിക്കാന്‍ തുടങ്ങി. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. എനിക്ക്‌ എന്നോടുതന്നെയായിരുന്നു ദേഷ്യം മുഴുവനും. ദേവൂന്‍റച്ഛന്‍ ഒന്നും പറയാതിരിക്കുന്നതായിരുന്നു ഏറ്റവും സങ്കടം. എന്തെങ്കിലുമൊന്നു സംസാരിച്ചിരുന്നെങ്കില്‍, തദേവിയെ ചീത്തപറഞ്ഞിരുന്നെങ്കില്‍..

മൂന്നാം ദിവസവും ദേവു ഒന്നും കഴിക്കാതിരുന്നപ്പോഴേയ്ക്ക്‌ എനിക്ക്‌ സഹിക്കാന്‍ പറ്റാതെയായിരുന്നു. ഞാനിരുന്ന്‌ കുറേ കരഞ്ഞു. ദേവു വല്ലാതെ ക്ഷീണിച്ചു പോയിരുന്നു. കണ്ണുകളൊക്കെ കൂമ്പി, മുഖമാകെ വാടി, ആകെ ഇല്ലാണ്ടായി.

ദേവൂന്‍റച്ഛന്‍ ജോലിയ്ക്കുപോയിക്കഴിഞ്ഞപ്പോള്‍ വീടുപൂട്ടി അവളെയുമെടുത്ത്‌ ഞാന്‍ കോളനിയിലേയ്ക്കുപോയി. ഒത്തിരി നടക്കാനുണ്ടായിരുന്നു അവിടേയ്ക്ക്‌. മൂന്നുനാലു കിലോമീറ്റര്‍ മലകയറി നടന്നു. ആദ്യമായിട്ടായിരുന്നു കോളണിയിലേയ്ക്ക്‌ കയറി ചെല്ലുന്നത്‌. അങ്ങനെ ചെല്ലാമോ എന്നൊന്നും ഓര്‍ത്തതേയില്ല. വേലികടന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടിവന്നു. നേരത്തേ എവിടെയോ അയാളെ കണ്ടിട്ടുണ്ടെന്നു തോന്നി. ദേവു കയ്യിലുണ്ടായതുകൊണ്ടാണോ എന്തോ അയാള്‍ പിടിച്ചു നിര്‍ത്തിയൊന്നുമില്ല. തദേവിയെ കാണാനാണ്‌ വന്നിരിക്കുന്നതെന്ന്‌ ഒരുതരത്തില്‍ പറഞ്ഞു മനസ്സിലാക്കി. അയാള്‌ തദേവിയുടെ കുടില്‌ ചൂണ്ടിക്കാണിച്ചു തന്നു.

മര്യാദയൊന്നും ഓര്‍ത്തില്ല. നേരെ അങ്ങു കയറിച്ചെന്നു. നിലത്ത്‌ പടിഞ്ഞിരിക്കുകയായിരുന്നു തദേവി. ഞാന്‍ ചെന്നുകയറിയത്‌ അറിഞ്ഞില്ലെന്നു തോന്നുന്നു. ടീ ഷര്‍ട്ടുപൊക്കി മാറിടം തുറന്നിട്ട്‌ അവള്‍ പാലു പിഴിഞ്ഞു കളയുകയായിരുന്നു. മുഖത്ത്‌ കണ്ണീര്‍ച്ചാലുകള്‍. അവളെക്കണ്ടതും ദേവു "തദാ.. തദാ" എന്നു നിലവിളിക്കാന്‍ തുടങ്ങി.

ഞങ്ങളെ അവള്‍ അവിടെ തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ടീഷര്‍ട്ടു ശരിയാക്കി കണ്ണുതുടച്ച്‌ വേഗം എണീറ്റുവന്നു. അവളുടെ വെപ്രാളം ഞാന്‍ കാണുന്നുണ്ടായിരുന്നു. കുഞ്ഞിനെ ഞാന്‍ അവളുടെ കയ്യില്‍ കൊടുത്തു. ദേവൂന്‍റെ രണ്ടു കവിളിലും മാറിമാറി ഉമ്മ കൊടുക്കുമ്പോള്‍ തദേവി വിതുമ്പുന്നുണ്ടായിരുന്നെന്നു തോന്നി. ദേവു ആണെങ്കില്‍ അവളുടെ ടീ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചുകൊണ്ടിരിക്കുകയായിരുന്നു.

തദേവി എന്‍റെ നേരെ നോക്കി. എന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുകയായിരുന്നിരിക്കണം. വേഗം കണ്ണുപിന്‍വലിച്ച്‌ ഞാന്‍ കുടിലില്‍ നിന്നു പുറത്തു കടന്നു. വാതില്‍ കടന്ന്‌ പുറത്തിറങ്ങി മണ്‍ചുവരില്‍ ചാരി നില്‍ക്കുമ്പോള്‍ അര്‍ബ്ബുദം സമ്മാനിച്ച റബ്ബര്‍ മുലകള്‍ വിങ്ങുന്നുണ്ടായിരുന്നു.

----
American Indian name "Tadewi" means 'wind' (origin: Omaha)

2009, ജൂൺ 27, ശനിയാഴ്‌ച

ഹാര്‍മോണിയം


"എന്ന്‌ ആ പണ്ടാരപ്പെട്ടി വെട്ടിയറഞ്ഞ് കളയുന്നോ, അന്നേ യ്യ്‌ കൊണം പിടിക്ക്വോള്ളൂ പപ്പനാവാ.."

പോക്കുട്ടി വൈദ്യരു്‌ കടയ്ക്കകത്തിരുന്ന്‌ വിരലുകൂട്ടിപ്പിടിച്ച്‌ പുറത്തേയ്ക്ക്‌ നീട്ടിത്തുപ്പി. മുറുക്കാന്‍ വെള്ളവും തുപ്പലും ചേര്‍ന്ന മിശ്രിതം 'പത്തോ'ന്ന്‌ വൈദ്യശാലയുടെ മുന്നിലെ പടികളില്‍ തന്നെ കൃത്യമായി വീണ്‌ നേരം വൈകിക്കാതെ ഉണക്കം പിടിക്കാന്‍ തുടങ്ങി. വര്‍ഷങ്ങളായി കേള്‍ക്കുന്ന പതിവുപല്ലവിയെ മറുചെവിയിലൂടെ അവഗണിച്ചയച്ചിട്ട്‌, ഒരു പഴയ തമിഴ് നാടകഗാനത്തിന്‍റെ ശീലില്‌ തലകുലുക്കി, പപ്പനാവന്‍ ഭാഗവതരു്‌ മരുന്നു തറയല്‍ തുടര്‍ന്നു.

വൈദ്യശാലയിലെ പുളിമുട്ടി ഭാഗവതരുടെ നെഞ്ഞോളം വരും. ഒരു കൊരണ്ടിപ്പലക അടുത്തിട്ട്‌ അതില്‍ കയറി നിന്നാണ്‌ ഭാഗവതരു്‌ തന്‍റെ ഉയരമില്ലായ്മയെ തോല്‍പ്പിക്കുന്നത്‌. സന്തത സഹചാരിയായ ഹാര്‍മോണിയപ്പെട്ടി അടുത്തൊരു സ്റ്റൂളില്‍ വിശ്രമിക്കുന്നുണ്ടാവും. കയ്യോ കാലോ പോലെ ഭാഗവതരുടെ ശരീരത്തിന്‍റെ ഒരു ഭാഗമാണ്‌ ആ പെട്ടിയും.

കാലത്തെണീറ്റ്‌ കുളിച്ച്‌ തോളത്ത്‌ ഹാര്‍മോണിയപ്പെട്ടിയും തൂക്കിയാണ്‌ വൈദ്യശാലയിലെത്തുന്നത്‌. എട്ടു മണിക്ക്‌ മരുന്നു തറയലും അരയ്ക്കലുമൊക്കെ തുടങ്ങിയാല്‍ അന്തിയാവണവരെ അതങ്ങനെ നീളും. ഏഴുമണിക്ക്‌ വൈദ്യശാലപൂട്ടിക്കഴിഞ്ഞാല്‍ നേരെ തോട്ടുവക്കത്തേയ്ക്കാണു പോകുക. മരുന്നുമണം തോട്ടിലെ വെള്ളത്തിനു കൊടുത്ത്‌, ഉടുമുണ്ട്‌ അലക്കിപ്പിഴിഞ്ഞുടുത്ത്‌ നേരെ ഷാപ്പിലേയ്ക്കു വച്ചടിക്കും.
ഉള്ളില്‍ കയറില്ല. ഷാപ്പിന്‍റെ മുറ്റത്ത്‌ ഇത്തിരിമാറി ഒരു കല്ലു കിടപ്പുണ്ട്‌. അതിലിരിക്കും.

ഹാര്‍മോണിയപ്പെട്ടി മടിയിലു വച്ച്‌ പാട്ടിന്‍റെ കെട്ടഴിക്കും. സൌന്ദരരാജനും കിഷോര്‍ദായും തലത്തും ചുറ്റിലുമിരുന്ന്‌ തലയാട്ടുന്നുണ്ടാവും. ഇടയ്ക്ക്‌ പാടിയ വരി ഒന്നു മുരടനക്കി ശരിയാക്കി, അല്‍പം മാറ്റിയും മറിച്ചുമൊക്കെ മൂന്നുനാലു തവണ പാടി നോക്കും. ഒടുക്കം തൃപ്തിപ്പെട്ടെന്ന്‌ ഒരു പുഞ്ചിരി ചുണ്ടില്‍ വിരിച്ച്‌ അടുത്ത വരിയിലേയ്ക്കു പോലും.

കള്ളുകുടിച്ചാലെങ്കിലും സംഗീതബോധമുണ്ടാവുന്ന ചിലരെങ്കിലും നാട്ടിലുണ്ടെന്ന്‌ പപ്പനാവന്‍ ഭാഗവതര്‍ക്കറിയാം. അതാണവിടെ ചെന്നിരുന്നു പാടുന്നത്‌. ആരെങ്കിലും ഒരു നൂറോ നൂറ്റമ്പതോ വാങ്ങിക്കൊടുക്കും. കാശുള്ള ഏതെങ്കിലും കുടിയന്‍ പുല്ലുപോലെ ഉപേക്ഷിച്ചിട്ടുപോകുന്ന അരപ്പിഞ്ഞാണം കപ്പയില്‍ ഫ്രീ ആയി അല്‍പം മീന്‍ചാറു കുടഞ്ഞൊഴിച്ച്‌ ഷാപ്പു നടത്തുന്ന കുമാരേട്ടന്‍ കൊടുക്കുകയും ചെയ്യും. ചിലദിവസങ്ങളില്‍ ഒന്നും തടഞ്ഞില്ലെങ്കിലും ഷാപ്പ്‌ അടയ്ക്കുന്നതുവരെ സംഗീത സപര്യ അങ്ങനെ തുടരും. ഷാപ്പടയ്ക്കാറാവുമ്പോഴേയ്ക്ക്‌ ദുഃഖഗാനങ്ങളില്‍ ചെന്നെത്തുമെന്നു മാത്രം.

നാലു മക്കളായിരുന്നു ഭാഗവതര്‍ക്ക്‌. മൂന്നു പെണ്ണും ഒരാണും. മൂന്നിനുമിടയ്ക്ക്‌ ഓരോ വര്‍ഷംപോലും തികച്ച്‌ അവധിയെടുത്തിട്ടില്ല ഭാഗവതരുടെ ഭാര്യ മല്ലികേച്ചി. ലോകത്തോടു മുഴുവന്‍ കലിയാണ്‌ മല്ലികേച്ചിയ്ക്ക്‌. എപ്പോഴും ആരെയെങ്കിലും ചീത്ത പറഞ്ഞുകൊണ്ടിരിക്കും.

ഏതൊരു ദുഃഖകഥാപാത്രത്തെയും പോലെ ഭാഗവതര്‍ക്കും വര്‍ണ്ണശബളമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു. നാട്ടിലെ അറിയപ്പെടുന്നൊരു പാട്ടുകാരന്‍. നാടകക്കളരിയിലും ഗാനമേള ക്ളബ്ബുകളിലും തിളങ്ങിനിന്നിരുന്ന യൌവ്വനം. സാമാന്യം ജീവിക്കാന്‍ വകയുണ്ടായിരുന്ന ഒരു വീട്ടില്‍ നിന്ന്‌ നാടകത്തിന്‌ പാട്ടുവാടാന്‍ വന്ന ചെറുപ്പക്കാരന്‍റെ ഒപ്പം ഇറങ്ങിപ്പോന്നതാണ്‌ മല്ലികേച്ചി. ലോകത്തെ വെല്ലുവിളിച്ച്‌ പുറമ്പോക്കിലൊരു കുടിലുകെട്ടി ജീവിതം തുടങ്ങി. തുടരെത്തുടരെ നാലു കുട്ടികളുമുണ്ടായി.

സിനിമയും ടീവിയും വ്യാപകമായതോടെ നാടകവും ക്ളബ്ബിലെ ഗാനമേളയുമൊക്കെ അന്ത്യശ്വാസം വലിച്ചു. ബാക്കിയായ സംഗീതവും തന്‍റെ ഹാര്‍മോണിയപ്പെട്ടിയും കൊണ്ട്‌ ഭാഗവതര്‍ മദിരാശിയ്ക്കു വണ്ടി കയറി. രണ്ടുമൂന്നുകൊല്ലം അലഞ്ഞു തിരിഞ്ഞ്‌ ഒടുവില്‍ രോഗിയായി തിരിച്ചെത്തി.

അന്നു തുടങ്ങിയതാണ്‌ മല്ലികേടത്തിയുടെ രോഷം. കരിങ്കല്‍ ക്വാറിയില്‍ നിന്ന്‌ മക്കളെക്കൊണ്ട്‌ കല്ലെടുപ്പിച്ച്‌കൊണ്ടുവന്ന്‌ വീട്ടിലിരുന്ന്‌ പൊട്ടിച്ച്‌ മെറ്റലാക്കും. അവര്‍ക്ക്‌ അതിലും നല്ലൊരു ജോലി ഇല്ലെന്ന്‌ പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്‌. തന്‍റെ തലവിധിയെ ഇരുമ്പുചിറ്റുകയ്ക്കടിച്ച്‌ പൊട്ടിച്ച്‌ പതം പറഞ്ഞു കൊണ്ടിരിക്കും എപ്പോഴും. മക്കളാരെങ്കിലും ഇടയ്ക്ക്‌ വെള്ളവും കൊണ്ടു ചെന്നാല്‍ തെറി പറഞ്ഞോടിയ്ക്കും.

ഭാഗവതരെ കണ്ടാല്‍ മുഖത്ത്‌ വിശേഷിച്ചൊരു സങ്കടവും തോന്നില്ല. വൈദ്യശാലയിലെ മരുന്നു തറയണ ജോലി കിട്ടിയതിനുശേഷം ജീവിതത്തിന്‌ ഒരു അടുക്കും ചിട്ടയുമൊക്കെ വന്നു. ആഴ്ചയില്‍ മൂന്നു ദിവസമേ അവിടെ പണിയുള്ളൂ. അതുതന്നെ ഉണ്ടായിട്ടല്ല. ഭാഗവതര്‍ക്കൊരു വയറ്റുപ്പിഴപ്പാകട്ടെയെന്നു കരുതി വൈദ്യരു്‌ അവിടെ അങ്ങനെ നിര്‍ത്തിയിരിക്കുന്നെന്നു മാത്രം. ഇടദിവസങ്ങളില്‍ പത്രത്താളുകളില്‍ പെന്‍സിലുകൊണ്ട്‌ മനസ്സില്‍ ചിട്ടപ്പെടുന്ന സംഗീതം പകര്‍ത്തി വയ്ക്കും. ഞായറാഴ്ചകളില്‍ അതൊക്കെ ഒരു നോട്ടുപുസ്തകത്തില്‍ പകര്‍ത്തിയെഴുതി രാവിലെതന്നെ മലകയറി ടൌണിലേയ്ക്കു പോകുന്നതു കാണാം. ഏതോ നാടകക്കമ്പനിക്കാരെ കാണിക്കാനാണത്രെ. എന്നെങ്കിലും തന്‍റെ സംഗീതം ജനം തിരിച്ചറിയുമെന്ന്‌ അങ്ങേരു്‌ വിചാരിച്ചിരിക്കണം.

ഹാര്‍മോണിയം വായന ഓസിനൊന്നു പഠിച്ചെടുക്കാനാണ്‌ ഞാന്‍ ഭാഗവതരുടെ പുറകേ കൂടിയത്‌.
വൈകുന്നേരം പണികഴിഞ്ഞ്‌ ഭാഗവതരു്‌ കുളിക്കാനെത്തുന്ന നേരം കണക്കാക്കി ഞാന്‍ തോട്ടുവക്കത്തുണ്ടാവും. അങ്ങേരു്‌ അലക്കി കുളിച്ച്‌ കയറുന്നതുവരെ ഹാര്‍മോണീയത്തില്‍ പെരുമാറാനുള്ള അനുവാദമുണ്ട്‌.

"സാ.. പാ.. ധാ.." ന്നിങ്ങനെ അലക്കുന്നതിനിടയിലും എനിക്കു ചൊല്ലിത്തരും. ഇടയ്ക്കു കള്ളക്കൈ വായിച്ചാല്‍ ഭാഗവതര്‍ക്കതു തിരിഞ്ഞു നോക്കാതെ തന്നെ പിടി കിട്ടും. ഉറക്കെ തന്തയ്ക്കു വിളിക്കും. എന്നാലും എന്നെ വല്യ കാര്യമായിരുന്നു ഭാഗവതര്‍ക്ക്‌. ഞാന്‍ പെട്ടെന്നു പഠിക്കുന്നുണ്ടെന്ന്‌ ഇടയ്ക്കു അഭിനന്ദിക്കുമായിരുന്നു. മക്കള്‍ക്കാര്‍ക്കും തന്‍റെ സംഗീതപാരമ്പര്യം കിട്ടിയില്ലെന്നതു മാത്രമല്ല, അവരെല്ലാം താന്‍ കാരണം സംഗീത വിരോധികളായിപ്പോയതിലായിരുന്നു അങ്ങേരുടെ മനസ്ഥാപം മുഴുവനും.

ഭാഗവതരു്‌ ഒരിക്കല്‍ രണ്ടു ദിവസം പനിപിടിച്ചു കിടന്നപ്പോഴേയ്ക്ക്‌ മൂത്തമോന്‍ അച്ഛന്‍റെ ജീവനായ ഹാര്‍മോണിയപ്പെട്ടി കൊണ്ടുപോയി അന്‍പതു രൂപയ്ക്ക്‌ പണയം വച്ചു. പനിക്കിടക്കയില്‍ നിന്ന്‌ എണീറ്റ ഭാഗവതരു്‌ മൂന്നുനാലു ദിവസം ഉണ്ണാതെ ഉറങ്ങാതെ പെട്ടി അന്വേഷിച്ചു നടന്നു. ഭാര്യയോ മക്കളോ തരം കിട്ടിയാല്‍ അതെടുത്തു കളയുമെന്ന്‌ അങ്ങേര്‍ക്കറിയാമായിരുന്നു. ആളാംവീതം കരഞ്ഞു കാലുപിടിച്ചു. ഒടുക്കം നാട്ടുകാരാരോ പറഞ്ഞറിഞ്ഞാണ്‌ അത്‌ ഹുസ്സൈനാജീന്‍റെ പീട്യേല്‌ പണയം ഇരിപ്പുണ്ടെന്നറിഞ്ഞത്‌.

വൈദ്യരോട്‌ കരഞ്ഞുകാലുപിടിച്ച്‌ ശമ്പളത്തില്‍ നിന്ന്‌ അഡ്വാന്‍സ്‌ മേടിച്ച അന്പതുരൂപകൊടുത്ത്‌ തന്‍റെ ജീവന്‍തിരിച്ചുമേടിച്ച ദിവസം തോട്ടുവക്കത്തിരുന്ന്‌ അതിനെ കെട്ടിപ്പിടിച്ച്‌ ഒത്തിരി കരഞ്ഞു. അന്ന്‌ ഞാനും ഭാഗവതരും രാത്രി ഏറെ ഇരുട്ടുന്നതുവരെ തോട്ടുവക്കത്തു തന്നെയിരുന്നു. പതിവില്ലാതെ തോട്ടുവക്കത്തിരുന്ന്‌ സൌന്ദരരാജന്‍ തൊണ്ടകീറി പാടി.

"നാന്‍ ഒരു രാസിയില്ലാ രാജാ.."

അന്നാണ്‌ അങ്ങേരുടെ മരണശേഷം ഹാര്‍മോണിയപ്പെട്ടി എന്നോട്‌ എടുത്തോളാണ്‍ പറഞ്ഞത്‌. മക്കളെക്കൊണ്ട്‌ തൊടീക്കരുതെന്ന്‌ പ്രത്യേകം പറഞ്ഞു. അങ്ങനെയാണ്‌ ഭാഗവതര്‍ ഉടനേ മരിക്കണേയെന്ന്‌ ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്‌. പ്രാര്‍ത്ഥനയ്ക്ക്‌ ശക്തിപോരാഞ്ഞിട്ടാണോ എന്തോ ഭാഗവതര്‍ ഉടനെയൊന്നും മരിച്ചില്ല. സൌന്ദരരാജനും കിഷോര്‍ദായും പിന്നെയും ഒത്തിരിക്കാലം തോട്ടുവക്കത്തിരുന്നു പാടി.

മൂത്തമകളെ ചാടിച്ചുകൊണ്ടുപോയ ചെത്തുകാരന്‍ കുഞ്ഞന്‍ വയറ്റുകണ്ണിയായ അവളെ വീട്ടില്‍ തിരിച്ചുകൊണ്ടുവന്നാക്കിയ ദിവസമാണ്‌ ഭാഗവതരെ കാണാതായത്‌. ഞായറാഴ്ചകളിലെ ഭാഗവതരുടെ ടൌണില്‍ പോക്ക്‌ ടൌണില്‍ ബസ്സുകളില്‍ പാട്ടുപാടി തെണ്ടാനാണെന്നും അല്ലാതെ നാടകക്കാരെ കാണാനൊന്നുമല്ലെന്നും കുഞ്ഞന്‍ അങ്ങാടിയില്‍ നിന്ന്‌ വിളിച്ചു പറഞ്ഞ ദിവസം.

സ്വയം കണ്ടെത്തിയ ചെക്കന്‍ കൂടി കൈവെടിഞ്ഞ വിഷമത്തില്‍ മകള്‌ ഉത്തരത്തില്‍ തൂങ്ങി. വഴിപോക്കരാരോ കണ്ടതുകൊണ്ട്‌ രക്ഷപ്പെട്ടു. ഗവര്‍മെണ്ടാശുപത്രിയില്‍ കിടന്ന്‌ ചാപിള്ളയെ നൊന്ത്‌ പ്രസവിക്കുമ്പോള്‍ അവള്‌ ഭാഗവതരെയും ഹാര്‍മോണിയത്തെയും പ്രാകി.

ഭാഗവതരെ ആശുപത്രിപരിസരത്തൊന്നും കണ്ടില്ല. ആരും തിരക്കിയില്ല. ഞാനൊഴികെ. തോട്ടിലെവിടെയെങ്കിലും ചത്തുകിടക്കുന്നുണ്ടാവുമെന്ന്‌ കരുതി. എവിടെയും കണ്ടില്ല. പതിവു സങ്കേതങ്ങളിലൊക്കെ പോയിനോക്കി. ഒടുക്കം മൂന്നുനാലു ദിവസം കഴിഞ്ഞപ്പോളാണ്‌ മലയിലെ ഒരു പറങ്കിമാവില്‍ തൂങ്ങിയാടുന്നെന്ന്‌ ആരോ കണ്ടത്‌.

കേട്ടപാടെ ഞാനോടിച്ചെന്നു നോക്കി. പെട്ടി അവിടെയൊന്നും കണ്ടില്ല. തോട്ടുവക്കത്തുള്ള പൊന്തക്കാടുകളിലും മലയിലുമൊക്കെ കുറേ ഞാന്‍ തപ്പിനടന്നു. കണ്ടുകിട്ടിയില്ല.

പപ്പനാവന്‍ ഭാഗവതര്‍ക്കു പകരം വൈദ്യ ശാലയില്‍ ചാര്‍ജ്ജെടുത്ത സുരേഷേട്ടനാണ്‌ ഒടുക്കം ഒരു തുമ്പുണ്ടാക്കിയത്‌. ദശമൂലത്തിന്‌ തറഞ്ഞു കൂട്ടിയ വേരുകളുടെ കൂടെ കാലിഞ്ചു കഷണങ്ങളായി കിടക്കുന്നു സൌന്ദരരാജനും തലത്തും കിഷോര്‍ദായും.2009, മേയ് 11, തിങ്കളാഴ്‌ച

മിസ്ഡ്‌ കാള്‍


നിങ്ങളൊരു പെണ്‍കുട്ടിയെ അഗാധമായി സ്നേഹിക്കുന്നു. വെറുതേ എന്തോ ഒരു ചെറിയ പ്രശ്നത്തിന്‍റെ പേരില്‍ നിങ്ങള്‍ അവളുമായി താല്‍ക്കാലികമായി ഒന്നു പിണങ്ങിയെന്നു കരുതുക. പിണക്കം താല്‍ക്കാലികമാണെന്ന്‌ നിങ്ങള്‍ക്കറിയാം. മുഖം വീര്‍പ്പിച്ച്‌ ഇറങ്ങിപ്പോയ അവള്‍ രണ്ടു ദിവസം കഴിഞ്ഞ്‌ വീര്‍പ്പുമുട്ടല്‍ സഹിക്കാനാവാതെ നിങ്ങളുടെ മൊബൈലിലേയ്ക്ക്‌ ഒരു മിസ്സ്‌ഡ്‌ കാള്‍ ഇടുന്നു. നിങ്ങളവളെ തിരിച്ചു വിളിക്കുന്നു, കുറച്ചു നേരം ഇരുവരും ഒന്നും മിണ്ടാതെ ഇരിക്കുന്നു. പിന്നെ ഒരു പൊട്ടിച്ചിരി. അത്‌ പ്രണയത്തെ പുതുക്കുപ്പണിയുന്നു...

പക്ഷെ, ഇത്തവണ, ഈ സാധാരണത്തത്തിനു പകരം നിങ്ങള്‍ക്കു കിട്ടുന്ന കാള്‍ ഒരു സുഹൃത്തിന്‍റേത്‌. സുഹൃത്ത്‌ വാര്‍ത്ത നിങ്ങളോടു പറയാന്‍ ബുദ്ധിമുട്ടുന്നു. പറയാന്‍ പോകുന്നതു ചീത്ത വാര്‍ത്തയാണെന്നും എന്തും നേരിടാനുള്ള ശക്തിയുണ്ടാകട്ടെയെന്നും പറഞ്ഞിട്ട്‌ അവളുടെ മരണം നിങ്ങളെ അറിയിക്കുന്നു. തികച്ചും സാധാരണമായ ഒരു ആക്സിഡന്‍റു്‌. അവളുടെ സ്കൂട്ടറിനു പിറകില്‍ ഒരു ലോറിയോ മറ്റോ..
സുഹൃത്താണവളെ ആശുപത്രിയിലെത്തിച്ചത്‌. ഐസിയുവിലേയ്ക്ക്‌ കയറ്റുമ്പോള്‍ അവള്‍ക്കു ബോധമുണ്ടായിരുന്നു. അവസാനമായി അവള്‍ പറഞ്ഞത്‌ നിങ്ങളെപ്പറ്റിയായിരുന്നു. നിങ്ങള്‍ക്കു തരാന്‍ കഴിയാതെ പോയ ഒരു മിസ്‌ഡ്‌ കാളിനെപ്പറ്റി.

എനിക്കു ചോദിക്കുവാനുള്ളത്‌ നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ചാണ്‌. ഇത്തരമൊരവസ്ഥയില്‍, പെട്ടെന്ന്‌ എത്തിച്ചേരാവുന്ന ഒരു പരിതസ്ഥിതിയിലല്ല നിങ്ങള്‍. ജോലി സംബന്ധമായ ഒരു യാത്രയിലാണ്‌. പണമുണ്ട്‌. ഏറ്റവും ആദ്യത്തെ ഫ്ലൈറ്റ്‌ ടിക്കറ്റുതന്നെ ഏര്‍പ്പാടാക്കു തരാന്‍ കഴിയുന്ന ബന്ധങ്ങളുണ്ട്‌. പക്ഷേ, മിസ്‌ഡ്‌ കാള്‍ കണ്ട്‌ ഉള്ളില്‍ ഒരു ഊറിച്ചിരിയോടെ ആ നമ്പറില്‍ തിരിച്ചു വിളിച്ച്‌, മറ്റേ അറ്റത്തുനിന്ന്‌ ആ കുലുങ്ങിച്ചിരി കേള്‍ക്കാന്‍ കാത്തിനില്‍ക്കുന്ന ആ ഒരു നിമിഷത്തെ നിശബ്ദതയുണ്ടല്ലോ.. താനാണ്‌ ലോകത്തിലെ ഏറ്റവും ഭാഗ്യവാനെന്ന്‌, താടിയൊന്ന്‌ ചൊറിഞ്ഞ്‌, ഷര്‍ട്ടിന്‍റെ കോളറൊന്നു പൊക്കി വച്ച്‌, നിങ്ങള്‍ അല്‍പം അഹങ്കരിക്കുന്ന ആ നിമിഷം.. അത്‌ പെട്ടെന്ന്‌ പിടി വിട്ട്‌ അത്യഗാധതയിലെവിടേയ്ക്കോ തട്ടിച്ചിതറിത്തെറീച്ചുപോകുന്നു.. അവളെ ആദ്യം കണ്ടതുമുതല്‍, സ്നേഹിച്ചു തുടങ്ങിയതും ആദ്യം കയ്യെത്തിച്ച്‌ അവളുടെ വിരല്‍തുമ്പിലൊന്നു തൊട്ടതും പോലെയുള്ള അനര്‍ഘനിമിഷങ്ങള്‍, ഓടിക്കൊണ്ടിരിക്കുന്ന ഒരു തീവണ്ടിയില്‍ നിന്ന്‌ നോക്കിക്കാണുന്ന ചിത്രങ്ങള്‍ പോലെ, നിങ്ങളവയില്‍ നിന്നകന്നു പോകുകയാണെന്നുള്ള തിരിച്ചറിവ്‌.. അതുണ്ടാക്കുന്ന പരിഭ്രാന്തി..

സുഹൃത്തിന്‌ ആളുമാറിയതാണെന്നോ, അല്ലെങ്കില്‍ അവനു പ്രാന്താണെന്നോ, നിങ്ങള്‍ സ്വപ്നം കാണുകയാണെന്നോ ഒക്കെ, കണ്ണടച്ച്‌, റിയാലിറ്റിയെ കൊന്നുകളയാന്‍ നിങ്ങളുടെ മനസ്സ്‌ നടത്തുന്ന പരിശ്രമങ്ങള്‍..

ചിലപ്പോള്‍, പഴയ എന്തെങ്കിലും തമാശകള്‍ പെട്ടെന്നോര്‍ത്ത്‌ നിങ്ങളറിയാതെ, നിങ്ങള്‍ ചിരിച്ചു പോകും.. സ്ഥലകാലബോധം തിരിച്ചു വന്ന്‌ കൊഞ്ഞനം കുത്തുമ്പോള്‍ ഉള്ളില്‍ ഒരു ആളല്‍. ഒരു പുകച്ചില്‍. അല്ലെങ്കില്‍, എനിക്കറിഞ്ഞുകൂടാ സുഹൃത്തേ, നിങ്ങളാ വേദനയെ എന്തു വിളിക്കുമെന്ന്‌.

ഫ്ലൈറ്റില്‍ കാലുകള്‍ വിറപ്പിച്ചുകൊണ്ട്‌, കയ്യിലുള്ള കുഞ്ഞു ബാഗിനെ മുകളിലെ ബാഗേജ്‌ ഏരിയയില്‍ വയ്ക്കാതെ, ഇപ്പോള്‍ ലാന്‍ഡ്‌ ചെയ്യും, നിര്‍ത്തിയാല്‍ ഉടനേ ബെല്‍ട്ട്‌ ഊരണം, അടുത്തിരിക്കുന്ന ആളോട്‌, ക്ഷമ പറഞ്ഞ്‌, അയാളെ മറികടന്ന്‌ ഡോറിലേയ്ക്ക്‌ ഓടണം.. വാതില്‍ തുറന്നാലുടനെ, ആദ്യം പുറത്തിറങ്ങുന്ന ആള്‍ നിങ്ങളാകണം.. എന്നിങ്ങനെ അടുത്ത നിമിഷങ്ങളെ പ്ളാന്‍ ചെയ്ത്‌.. പെട്ടെന്ന്‌ ചിന്തകളുടെ കണ്‍ട്വിന്യുയിറ്റി നഷ്ടപ്പെട്ട്‌, നിങ്ങള്‍ക്ക്‌ ഒരു മൂത്രശങ്ക, അല്ലെങ്കില്‍ ടോയിലെറ്റിലൊന്നു പോകണമെന്ന തോന്നല്‍, അല്ല, ഒന്നു ഛര്‍ദ്ദിക്കണോ? ശെരിക്കും എന്താണതെന്ന്‌ നിങ്ങള്‍ കുറേ നേരം ആലോചിച്ചിരിക്കും. പെട്ടെന്ന്‌, വെളുത്ത തുണിയില്‍ കടും ചുവപ്പു നിറത്തില്‍ ചോരപ്പാടുകള്‍ കാണുന്ന ഒരു ചിത്രം ഒരു ഫ്ളാഷ്‌ പോലെ മനസ്സില്‌ തെളിഞ്ഞു മറയുന്നു. അത്‌ വീണ്ടും മനസ്സില്‍ തീയ്‌ കോരിയിടുന്നു. പലതവണ അതിങ്ങനെ ആവര്‍ത്തിക്കും.. ഫ്ളൈറ്റ്‌ ലാന്‍ഡ്‌ ചെയ്യുകയാണെന്ന അറിയിപ്പ്‌ വരുവോളം..

എയര്‍പോര്‍ട്ടില്‍ നിന്ന്‌ ഓടിയിറങ്ങി ഒരു ടാക്സിയില്‍ കയറിപ്പറ്റുന്നതുവരെ ചെക്കൌട്ടില്‍ നഷ്ടപ്പെട്ടുപോയ നാലു നിമിഷങ്ങളെക്കുറിച്ചായിരിക്കും നിങ്ങളോര്‍ക്കുന്നത്‌. ആ ഹിന്ദിക്കാരന്‍ പോലീസിന്‍റെ 'ഉല്ലൂ കാ പഠാ' വിളി..

ടാക്സിയില്‍ കയറി നിങ്ങള്‍ വീണ്ടും കാലു വിറപ്പിച്ചുകൊണ്ടിരിക്കും. വാതിലിനോട്‌ ചേര്‍ന്നേ നിങ്ങളിരിക്കൂ. ഒരു കൈകൊണ്ട്‌ ബാഗിനെ ചേര്‍ത്തു പിടിച്ചിരിക്കും. മറ്റേ കൈ ഡോറിന്‍റെ ഹാന്‍ഡിലില്‍, അതു തുറക്കാന്‍ റെഡിയായി..

ടാക്സി നിര്‍ത്തിയപാടെ ഓടിയിറങ്ങുമ്പോള്‍ ഡ്രൈവര്‍ പുറകില്‍ നിന്ന്‌ കാശു തന്നില്ലെന്ന്‌ വിളിച്ചു കൂവും. പേഴ്സു വലിച്ചെടുത്ത്‌ ആദ്യം കാണുന്ന അഞ്ഞൂറിന്‍റെയോ ആയിരത്തിന്‍റെയോ നോട്ടെടുത്ത്‌ അവന്‍റെ കയ്യിലേല്‍പ്പിച്ചീട്ട്‌ നിങ്ങള്‍ ഓടി ചെല്ലുമ്പോഴും, അവള്‍ ഉമ്മറത്തു ചിരിച്ചുകൊണ്ട്‌ നില്‍പ്പുണ്ടാവും എന്നൊരു തോന്നല്‍ നിങ്ങളുടെ ഉള്ളിലുണ്ടാവും.. പറമ്പിലെവിടെനിന്നോ ശവം ദഹിപ്പിക്കുന്നതിന്‍റെ രൂക്ഷഗന്ധം യാഥാര്‍ത്ഥ്യത്തിനെതിരെയുള്ള നിങ്ങളുടെ മനസ്സിന്‍റെ അവസാനത്തെ ചെറുത്തുനില്‍പ്പിനേയും കരിച്ചുകളയുന്നതുവരെ..

യാത്രപുറപ്പെടുമ്പോള്‍മുതല്‍ നിങ്ങള്‍ ചേര്‍ത്തുപിടിച്ചിരുന്ന കുഞ്ഞു ബാഗ്‌ അപ്പോഴേയ്ക്കും നിങ്ങളറിയാതെ താഴെയിട്ടിട്ടുണ്ടാവും. അപ്പോഴാണ്‌ നിങ്ങള്‍ക്കൊന്നു കരയണമെന്നു തോന്നുക. കാരണം, നിങ്ങളുടെ ഉള്ളിന്‍റെ ഉള്ളില്‍, ഞാന്‍ പറയാന്‍ പോകുന്ന കാര്യം കള്ളമാണെന്ന്‌, അല്ലെങ്കില്‍ എനിക്കു തെറ്റുപറ്റിയതാണെന്ന്‌, അത്‌ അവള്‍ ആയിരുന്നില്ലെന്ന്‌ വിശ്വസിക്കുന്ന ഏതോ ഒരു കോശം, ഒരു കോശമെങ്കിലും, അതുവരെ ബാക്കിയുണ്ടാകും..

ഇനി പറയൂ, ഞാന്‍ നിങ്ങള്‍ക്കൊരു മിസ്ഡ്‌ കാള്‍ തരട്ടെ? മൊബൈല്‍ ലോറിക്കടിയില്‍ ഞെരിഞ്ഞുപോയെങ്കിലും അവളുടെ സിം ഭദ്രമായെനിക്കു കിട്ടിയിട്ടുണ്ട്‌. ഇത്തിരി നിശബ്ദത അതില്‍ ബാക്കിയുണ്ടായിരിക്കണമല്ലോ..

2009, മേയ് 3, ഞായറാഴ്‌ച

അജ്‌ഞാത ശാകുന്തളം


പൂര്‍വ്വം


"മാലിനിയോളം അടിയൊഴുക്കുണ്ട്‌ കുമാരിയുടെ കണ്ണുകളില്‍. പ്രസരിച്ചു തിളങ്ങി നില്‍ക്കുമ്പോഴും അതിനടിയില്‍ വിരഹത്തിന്‍റെ കുത്തൊഴുക്ക്‌ ഞങ്ങള്‍ കാണുന്നുണ്ട്..‌".

ശകുന്തള വെറുതേ ചിരിച്ചു കൊണ്ടിരുന്നു. ഉച്ചപ്പൂജയ്ക്കുള്ള ഒരുക്കങ്ങളിലൊന്നും പങ്കെടുക്കേണ്ടെന്ന്‌ അച്ഛന്‍റെ വാക്കുള്ളതാണ്‌. പക്ഷേ വെറുതേ ഇരുന്നാല്‍ അതുമിതുമൊക്കെ ഓര്‍ത്ത്‌ കരയും. ഓരോന്നു ചിന്തിച്ച്‌ മനസ്സു വിഷമിപ്പിക്കാതെ സന്തോഷവതിയായിരിക്കണം എന്നാണ്‌ വൈദ്യന്‍റെ കല്‍പ്പന.

അനസൂയ കുമാരിയെ തനിയെവിട്ടിട്ട്‌ പൂവന്വേഷിച്ചു പോയി.

വയറു്‌ സാമാന്യം വീര്‍ത്തിട്ടുണ്ട്‌. അഞ്ചാം മാസത്തില്‍ ഇത്രയും വയറു്‌ അല്‍ഭുതം തന്നെയാണെന്നാണ്‌ അമ്മമാര്‍ പറയുന്നത്‌. കുഞ്ഞ്‌ നല്ല ആരോഗ്യവാനായിരിക്കുമത്രെ. രാജാവിന്‍റെ നീണ്ട ബാഹുക്കള്‍ ഒരു നിമിഷം ഓര്‍ത്തുപോയി.

കൈനിറഞ്ഞപ്പോള്‍ പൂക്കൂടയിലേയ്ക്ക്‌ കൊണ്ടിടാന്‍ വന്ന പ്രിയംവദ കണ്ടത്‌ കുമാരി വിതുമ്പിക്കരയുന്നതാണ്‌. അവള്‍ക്ക്‌ ആധിയായി.

"കുമാരി, സങ്കടപ്പെടാതിരിക്കൂ. സന്തോഷിക്കേണ്ട സമയമല്ലേ ഇപ്പോള്‍.. നോക്കൂ, മുനിവര്യനെങ്ങാനും കണ്ടാല്‍.."

പ്രിയംവദ അടുത്തിരുന്ന്‌ തന്‍റെ ഉത്തരീയം കൊണ്ട്‌ കുമാരിയുടെ കണ്ണുകള്‍ തുടച്ചു കൊടുത്തു. പതിയെ കുമാരിയെ തന്‍റെ മടിയില്‍ കിടത്തി.

"പ്രിയേ, എന്‍റെ അടുത്തുതന്നെ ഇരിക്കൂ. ഒറ്റയ്ക്കാകുമ്പോള്‍ എന്‍രെ മനസ്സെനിക്കു പിടി തരുന്നില്ല. വേണ്ടെന്നു വിലക്കിയ വഴികളിലൂടെയേ അതിനു പോകണ്ടൂ.."

പ്രിവംവദയ്ക്കു ഭയമുണ്ടായിരുന്നെന്നു തോന്നുന്നു. ഉച്ചപ്പൂജയ്ക്ക്‌ പരികര്‍മ്മികള്‍ എത്തുന്നതിനു മുന്പേ പൂക്കളെത്തിക്കണം. കുമാരി കരയുന്നതെങ്ങാന്‍ മാമുനി കണ്ടാല്‍ അതു മതി കോപത്തിന്‌. പെട്ടെന്നു പൂക്കളിറുക്കാന്‍ അനസൂയയോട്‌ വിളിച്ചു പറഞ്ഞിട്ട്‌ അവള്‍ കുമാരിക്ക്‌ കൂട്ടിരുന്നു.

മോനായിരിക്കുമെന്ന്‌ അച്ഛന്‍ അനുഗ്രഹിച്ചതാണ്‌. വീരശൂരനായ ഒരു മകനുണ്ടാകട്ടെയെന്ന്‌. രാജ്യം വാഴാനുള്ള യോഗം അവനുണ്ടാകുമെന്ന്‌ മുനിശ്രേഷ്ഠരൊക്കെ പ്രവചിക്കുകയും ചെയ്തു. അച്ഛനും മകനും എന്ന്‌ ഒന്നിക്കുമെന്ന്‌ ചോദിക്കണമെന്നുണ്ടായിരുന്നു കുമാരിക്ക്‌. മുനികളുടെ സദസ്സിലേയ്ക്ക്‌ ഒരു ഗര്‍ഭിണി കയറിച്ചെല്ലുന്നതില്‍ തെറ്റുണ്ടോ എന്ന ചോദ്യത്തിന്‌ വിദുഷികളാരും ഉത്തരം തന്നില്ല.

പണ്ടാണെങ്കില്‍ ശുദ്ധയായിരിക്കുമ്പോഴൊക്കെ അച്ഛന്‍റെ അടുത്തു ചെന്നിരുന്ന്‌ മാമുനികളുടെ സംസാരം കേള്‍ക്കാറുണ്ടായിരുന്നു. സംശയങ്ങള്‍ അച്ഛന്‍റെ ചെവിയില്‍ ചോദിക്കാമായിരുന്നു. അഞ്ചുമാസങ്ങള്‍കൊണ്ട്‌ താന്‍ അച്ഛനില്‍ നിന്ന്‌ എത്രയേറെ അകന്നുപോയെന്ന്‌ കുമാരി അല്‍ഭുതപ്പെട്ടു.

പരികര്‍മ്മികള്‍ എത്തിത്തുടങ്ങിയെന്നു തോന്നുന്നു. പൂക്കള്‍ പ്രതീക്ഷിച്ചത്രയും ശേഖരിക്കാനാകാഞ്ഞതിന്‍റെ മൌഢ്യം അനസൂയയുടെ മുഖത്തുണ്ടായിരുന്നു. പൂക്കൂടകളുമെടുത്ത്‌ മൂവരും ആശ്രമവാടത്തിലേയ്ക്ക്‌ തിരിച്ചു നടന്നു.

ദ്രുതകര്‍മ്മാവ്‌ എന്ന പരികര്‍മ്മി ആളൊരു രസികനാണ്‌. കുമാരിയെ എവിടെവച്ചു കണ്ടാലും എന്തെങ്കിലും പറഞ്ഞ്‌ കളിയാക്കാതെ വിടില്ലായിരുന്നു അയാള്‍. ആയിടെ അയാള്‍ മിഥിലയില്‍ പോയിരുന്നെന്നു കേട്ടു. രാജാവിന്‍റെ എന്തെങ്കിലും വിവരങ്ങള്‍ അയാള്‍ പറയുമെന്നു കരുതി കുമാരി അരണിയൊരുക്കുന്നിടത്ത്‌ ചുറ്റിപ്പറ്റി നിന്നു. ഒന്നും ഉണ്ടായില്ല. കുമാരി വന്നു നില്‍ക്കുന്നത്‌ അയാള്‍ കണ്ടേ ഇല്ലെന്നു തോന്നി. പ്രിയംവദയെക്കൊണ്ട്‌ വിശേഷങ്ങള്‍ ചോദിച്ചറിയാമെന്നു നിനച്ച്‌ കുമാരി കിടപ്പറയിലേയ്ക്കു മടങ്ങി.

ഗ്രീഷ്മച്ചൂട്‌ പതിവിലധികമായിരിക്കുന്നു. നടന്നെത്തിയതിന്‍റെ കിതപ്പാറാന്‍ ഒന്നു തലചായ്ച്ചതാണ്‌. ഉറങ്ങിപ്പോയതറിഞ്ഞില്ല. കണ്ണു തുറന്നപ്പോള്‍ അച്ഛന്‍ അടുത്തിരിക്കുനു. തൊട്ടു നമസ്കരിക്കാന്‍ കുനിഞ്ഞപ്പോള്‍ വിലക്കി.

പതിവില്ലാതെ കുറേ സംസാരിച്ചു. രാജാവിനെപ്പറ്റിയും പറഞ്ഞു. ദ്രുതകര്‍മ്മാവിനെ തലസ്ഥാനത്തേക്കയച്ചത്‌ അച്ഛന്‍ തന്നെയായിരുന്നത്രെ. രാജാവ്‌ ഒരു യുദ്ധത്തിനു തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും ഉടനേ ഒരു നീണ്ടയാത്രയ്ക്കു പോകുകയാണെന്നും ആണ്‌ പറഞ്ഞത്‌. അദ്ദേഹം പടയ്ക്കിറങ്ങുമോ എന്നു ചോദിച്ചപ്പോള്‍ ഉവ്വെന്നോ ഇല്ലെന്നോ പറഞ്ഞതുമില്ല. കുമാരിയെ സ്വീകരിക്കാനെന്നു വരും എന്ന ചോദ്യത്തിന്‌ ഉത്തരമൊന്നും കിട്ടിയില്ലെന്നും പറഞ്ഞു.

ഉള്ള മനസ്സമാധാനം കൂടി പോയ അവസ്ഥയിലായിരുന്നു കുമാരിയപ്പോള്‍. രാജാവ്‌ നല്ലവനാണെന്നും നീതിമാനാണെന്നുമുള്ള പതിവ്‌ പല്ലവിയൊന്നും മാമുനി മറന്നതുമില്ല. അത്താഴം കഴിച്ചെന്നു വരുത്തി ഉറക്കറയില്‍ തിരിച്ചെത്തിയപ്പോഴേയ്ക്ക്‌ കുമാരി നിയന്ത്രണം വിട്ട്‌ കരയാന്‍ തുടങ്ങിയിരുന്നു. പ്രിയംവദയുടെ സമാധാനിപ്പിക്കലിനൊന്നും ഒരു ഫലവുമുണ്ടായില്ല.


മദ്ധ്യം


ഒരു ദിവസത്തെ നടപ്പ്‌. വനം കടന്ന്‌ ചെന്നെത്തുന്നത്‌ കോസലത്തിലാണ്‌. അവിടെ ഒരു സത്രമുണ്ട്‌. രാത്രി അവിടെ തങ്ങും. ബാഹുലന്‍ അവിടെ നിന്നും ഒരു കുതിരവണ്ടി ഏര്‍പ്പാടുചെയ്യും. അതിലാണ്‌ നഗരത്തിലേയ്ക്ക്‌ പോകുന്നത്‌. പിറ്റേന്നു മദ്ധ്യാഹ്നമാകും കൊട്ടാരത്തിലെത്തുമ്പോള്‍.

കുമാരന്‍ വലിയ സന്തോഷത്തിലായിരുന്നു. പരികര്‍മ്മികളില്‍ നിന്ന്‌ നഗരത്തിലെ എടുപ്പുകളെക്കുറിച്ചും സ്വര്‍ണ്ണം പൂശിയ കമാനങ്ങളുള്ള കൊട്ടാരത്തെക്കുറിച്ചും അവന്‍ അറിഞ്ഞു വെച്ചിരിക്കുന്നു. പതിനായിരം വരുന്ന അശ്വസേനയുടെ ശൌര്യവും അവ വംഗനാട്ടില്‍ ജയിച്ച പടകളെപ്പറ്റിയും വിശദാംശങ്ങളടക്കം ചോദിച്ചു മനസ്സിലാക്കുന്നു. ആയുധാഭ്യാസം തുടങ്ങാന്‍ സമയമായിരുക്കുന്നു എന്ന്‌ എഴുത്തുഗുരുക്കള്‍ പറഞ്ഞുതുടങ്ങിയിരുന്നു.

ഇനിയിപ്പോള്‍ എല്ലാം അവന്‍റച്ഛന്‍ തീരുമാനിക്കട്ടെയെന്ന്‌ ശകുന്തള നിശ്വസിച്ചു. ശകുന്തള ആഹ്ളാദവതിയായിരുന്നു. കുമാരനൊപ്പം ഓടിക്കളിച്ചുല്ലസിക്കാന്‍ പോലും അവള്‍ക്കു തോന്നി.

വണിക്കുകളുടെ കഴുതക്കൂട്ടങ്ങളെ വല്ലപ്പോഴും കണ്ടതല്ലാതെ പൊതുവെ കാട്ടുപാത വിജനമായിരുന്നു. ബാഹുലന്‍ മുന്നില്‍ നടന്നു. പുറകില്‍ ആര്‍ത്തുല്ലസിച്ചുകൊണ്ട്‌ കുമാരനും. ശകുന്തള പുറകില്‍. അതിനും പുറകില്‍ നില എന്നൊരു ദാസിപ്പെണ്ണും അവളുടെ ഭര്‍ത്താവും. അവരായിരുന്നു ഭാണ്ഡങ്ങള്‍ ചുമന്നിരുന്നത്‌. രാജാവിനുള്ള കാഴ്ചകളായിരുന്നു അവയില്‍ അധികവും. അച്ഛന്‍റെ ഓരോ നിര്‍ബന്ധങ്ങള്‍.

യാത്രയുടെ ദൈര്‍ഘ്യം അറിഞ്ഞതേയില്ല. ഇടയ്ക്ക്‌ ബാഹുലന്‍ വിശ്രമിക്കാമെന്നു പറഞ്ഞപ്പോഴൊക്കെയും കുമാരനേക്കാള്‍ ഊര്‍ജ്ജസ്വലതയോടെ വേണ്ടെന്നു പറഞ്ഞത്‌ ശകുന്തളയായിരുന്നു.

സത്രത്തിലെ താമസവും മോശമായിരുന്നില്ല. കണ്വ മഹര്‍ഷിയുടെ ആശ്രമത്തില്‍നിന്നാണെന്നു പറഞ്ഞപ്പോള്‍ ദ്രവ്യം സ്വീകരിക്കാന്‍ പോലും സത്രമുടമ തയ്യാറായില്ല. എന്തെങ്കിലും പോരായ്മകളുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്നും പറഞ്ഞാണ്‌ അയാളവരെ യാത്രയാക്കിയത്‌.

കുതിരവണ്ടിക്ക്‌ നല്ല കുലുക്കമുണ്ടായിരുന്നു. എങ്കിലും കുമാരന്‍റെ ആഹ്ളാദത്തിമര്‍പ്പുകണ്ടപ്പോള്‍ ശകുന്തളയ്ക്കും അതൊരു ബുദ്ധിമുട്ടായി തോന്നിയില്ല. ദാസിയും ഭര്‍ത്താവും സത്രത്തില്‍ വച്ചു തന്നെ ശുഭയാത്ര നേര്‍ന്ന്‌ തിരിച്ചു പോയി.

ഉച്ചവെയിലിന്‌ നല്ല കാഠിന്യമുണ്ടായിരുന്നു. കൊട്ടാരക്കെട്ടിന്‍റെ തലയെടുപ്പ്‌ ദൂരേനിന്നേ കാണായി. കുമാരന്‍ വണ്ടീയില്‍ എണീറ്റുനിന്ന്‌ നോക്കിക്കൊണ്ടിരിക്കുന്നു.

ചെങ്കല്‍ത്തൂണുകളുള്ള ഒരു കവാടത്തിനടുത്തെത്തിയപ്പോഴേയ്ക്ക്‌ പടച്ചട്ടകള്‍ ധരിച്ച രണ്ടു പട്ടാളക്കാര്‍ ഓടി വന്നു. ബാഹുലന്‍ ഇറങ്ങിച്ചെന്ന്‌ അവരോട്‌ എന്തൊക്കെയോ സംസാരിച്ചു. അവരിലൊരാള്‍ കവാടത്തിലെ ചെറിയ വാതില്‍ അല്പം തുറന്ന്‌ അകത്തേയ്ക്കു കയറിപ്പോയി. തലപ്പാവു ധരിച്ച ഒരാള്‍ ഇറങ്ങി വന്നു. അവിടത്തെ കാര്യക്കാരനോ മറ്റോ ആയിരിക്കണം.

കുതിരവണ്ടി തിരിച്ചയയക്കണമെന്നും കാല്‍നടയായി വേണം നഗരത്തില്‍ കയറാനെന്നും അയാള്‍ പറഞ്ഞു. ബാഹുലന്‍ അയാളോട്‌ തര്‍ക്കിക്കുന്നുണ്ടായിരുന്നു. തങ്ങള്‍ നടന്നുകൊള്ളാമെന്ന്‌ ശകുന്തള വിളിച്ചു പറഞ്ഞു. കുമാരനും അതായിരുന്നു ഇഷ്ടം.

നഗരത്തിന്‍റെ ഭംഗി അപാരമായിരുന്നു. മുത്തും സ്വര്‍ണ്ണാഭരണങ്ങളും ധരിച്ച നര്‍ത്തകിമാര്‍, നിരത്തുകളില്‍ സാധനങ്ങള്‍ വച്ചു വിലപേശുന്ന വണിക്കുകള്‍, ഇടയ്ക്കിടെ മോടിയില്‍ അലങ്കരിച്ച അശ്വങ്ങളുടെ പുറത്ത്‌ റോന്തു ചുറ്റുന്ന ഭടന്മാര്‍. പരികര്‍മ്മികളുടെ അതിശയോക്തി നിറഞ്ഞ കഥകളില്‍ മാത്രം അറിഞ്ഞിരുന്ന നഗരം അതിന്‍റെ എല്ലാ തേജസ്സോടും കൂടി ശകുന്തളയ്ക്കു മുന്നില്‍ നില്‍ക്കുകയായിരുന്നു.

കുമാരനും ഏതോ അല്‍ഭുതലോകത്തിലെത്തിയെന്നവണ്ണം ആര്‍ത്തിയോടെ കാഴ്ചകള്‍ കാണുകയായിരുന്നു. ബാഹുലന്‌ കൊട്ടാരത്തിലേയ്ക്കുള്ള വഴി നേരത്തേ അറിയാം. അതാണ്‌ അയാളെത്തന്നെ അച്ഛന്‍ കൂട്ടിനയച്ചത്‌. കൊട്ടാരത്തിന്‍റെ മകുടം ദൂരേ നിന്നേ തന്നെ ദൃശ്യമായിരുന്നതുകൊണ്ട്‌ നഗരത്തിലെ തിരക്കൊന്നും വഴിതെറ്റിച്ചുമില്ല.

രാജാവ്‌ ഉച്ചമയക്കത്തിലാണെന്ന്‌ കൊട്ടാരമുറ്റത്തെ ഭടന്മാരിലൊരാള്‍ ബാഹുലനോട്‌ പറയുന്നതു കേട്ടു. ശകുന്തളയുടെ നെഞ്ച്‌ പെരുമ്പറകൊട്ടുകയായിരുന്നു. രാജാവിനെ എങ്ങനെ അഭിമുഖീകരിക്കുമെന്ന്‌ ഒരു പിടിയുമുണ്ടായിരുന്നില്ല. മകനെക്കാണുമ്പോള്‍ അദ്ദേഹം എങ്ങനെ ആയിരിക്കും പ്രതികരിക്കുക എന്ന്‌ ശകുന്തള ഒത്തിരിവട്ടം ആലോചിച്ചിട്ടുള്ളതാണ്‌. ആദ്യസമാഗമത്തില്‍ തന്നെ താന്‍ ഗര്‍ഭിണിയായെന്ന വിവരം അദ്ദേഹത്തിനറിയില്ലല്ലോ. പക്ഷേ അവന്‍റെ മുഖം ഒരു നോക്കുകണ്ടാല്‍ അദ്ദേഹം തിരിച്ചറിയുമെന്നു തീര്‍ച്ച. ഒരച്ചില്‍ വാര്‍ത്തപോലെ അദ്ദേഹത്തിന്‍റെ എല്ലാരൂപഭംഗിയും കിട്ടിയിട്ടുണ്ട്‌ കുമാരന്‌.

അദ്ദേഹം ഉണര്‍ന്നാലുടനെ വിവരമറിയിക്കാമെന്ന്‌ കാര്യക്കാരന്‍ വാക്കു തന്നതാണ്‌. കണ്വമഹര്‍ഷിയുടെ ആശ്രമത്തില്‍ നിന്ന്‌ ചിലര്‍ വന്നിരിക്കുന്നു എന്നു മാത്രമേ പറയേണ്ടൂ എന്ന്‌ ബാഹുലനോട്‌ പ്രത്യേകം ശട്ടം കെട്ടിയിരുന്നു. അതുകൊണ്ട്‌ കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു. കാത്തിരുന്നു മടുത്ത്‌ ബാഹുലന്‍ ഒന്നു കൂടി പോയന്വേഷിച്ചപ്പോള്‍സദസ്സു ചേരുന്നതുവരെ കാത്തിരിക്കാനായിരുന്നു മറുപടി.

കൊട്ടാരവാതില്‍ക്കലെ കെട്ടിക്കിടപ്പ്‌ അഞ്ചരക്കൊല്ലത്തെ തന്‍റെ കാത്തിരിപ്പിനേക്കാള്‍ നീണ്ടതാണെന്ന്‌ ശകുന്തളയ്ക്കു തോന്നി. അസ്തമയത്തോടടുത്തപ്പോഴാണ്‌ മുഖം കാണിക്കാന്‍ കല്‍പ്പനയുണ്ടെന്ന്‌ പറഞ്ഞ്‌ കാര്യക്കാരന്‍ വന്നത്‌.

ശകുന്തള ഭാണ്ഡത്തില്‍ കരുതിയിരുന്ന കൈക്കണ്ണാടിയെടുത്ത്‌ തന്‍റെ മുഖം നോക്കി. യാത്ര തളര്‍ത്തിയിട്ടുണ്ട്‌. ആശ്രമത്തില്‍ വച്ച്‌ അദ്ദേഹം കണ്ട കിളുന്തുപെണ്ണല്ല ഇപ്പോള്‍. സാധുവെങ്കിലും പ്രൌഢയായ ഒരു സ്ത്രീത്വം തന്നിലുറങ്ങിക്കിടപ്പുണ്ടായിരുന്നെന്ന്‌ കണ്ണാടി പറഞ്ഞു. മുഖമൊന്നു കൂടി തുടച്ചു മിനുക്കി സംതൃപ്തയായി അതു തിരികെ ഭാണ്ഡത്തില്‍ വച്ചു. ഉത്തരീയം കൊണ്ട്‌ തലമറച്ചു. ബാഹുലന്‍ മുന്നില്‍ നടക്കാന്‍ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.

കുമാരനെ മുന്നില്‍ തള്ളിവിട്ട്‌ ശകുന്തള ഒതുക്കുകള്‍ കയറി. ചുവന്ന പരവതാനികള്‍ വിരിച്ച ഒരു വിസ്തൃതമായ മണ്ഡപത്തിലേയ്ക്കാണ്‌ അവരെത്തിയത്‌. കയ്യിലിരുന്ന ഭാണ്ഡങ്ങളൊക്കെ അവിടെ വയ്ക്കാന്‍ കാവല്‍ക്കാര്‍ പറഞ്ഞു. രാജാവിനുള്ള കാഴ്ചദ്രവ്യങ്ങളാണെന്ന്‌ ബാഹുലന്‍ പറഞ്ഞുനോക്കിയെങ്കിലും അവര്‍ അനുവദിച്ചില്ല. ബാഹുലന്‍റെ ശബ്ദത്തില്‍ അധികാരഭാവം മുഴങ്ങുന്നുണ്ടായിരുന്നു. ശകുന്തള തടഞ്ഞിരുന്നില്ലായിരുന്നെങ്കില്‍ രാജപത്നിയാണിതെന്ന്‌ അയാള്‍ അവിടെ വിളിച്ചു കൂവിയേനെ.

സദസ്സ്‌ നിറഞ്ഞു കവിഞ്ഞിരുന്നു. മദ്ധ്യദേശത്തുനിന്നും ഏതോ ആവലാതി ബോധിപ്പിക്കാനെത്തിയ ഒരു ഗ്രാമമുഖ്യന്‍റെയും ശിങ്കിടിയുടെയും അടുത്തതായിട്ടായിരുന്നു ശകുന്തളയുടെ സ്ഥാനം. ബാഹുലനെ അവര്‍ അകത്തേയ്ക്കു കടത്തി വിട്ടില്ല. ഒരു വിധത്തിലാണയാളെ സമാധാനിപ്പിച്ചു നിര്‍ത്തിയത്‌.

കുമാരന്‌ നിലത്തുവിരിച്ചിരുന്ന പരവതാനിയിലൊന്ന്‌ കിടന്നുരുളണമെന്നുണ്ടായിരുന്നെന്നു തോന്നുന്നു. ശകുന്തള കുമാരനെ അടുക്കിപ്പിടിച്ചു. സ്വയം നിയന്ത്രിക്കാന്‍ കഴിയുമോ എന്നു ശകുന്തള തന്നെ ഭയപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. കുമാരന്‍റെ ഉല്‍സാഹവും ആഹ്ളാദവും അവള്‍ക്ക്‌ അലോസരമാണുണ്ടാക്കിയത്‌.

രാജാവ്‌ എഴുന്നള്ളുന്നെന്ന്‌ അറിയിപ്പുണ്ടായി. ഘോഷങ്ങള്‍ മുഴങ്ങി. തലചുറ്റുമോ എന്ന്‌ ശകുന്തളയ്ക്ക്‌ പേടി തോന്നി. തൊണ്ട വരളുന്നുണ്ടായിരുന്നു. കുമാരനെ ചേര്‍ത്തുപിടിച്ചു. 'അച്ഛന്‍' അച്ഛന്‍' എന്ന്‌ കുമാരന്‍ വിളിച്ചുകൂവിയത്‌ ഭാഗ്യത്തിന്‌ ഘോഷങ്ങള്‍ക്കിടയില്‍ മുങ്ങിപ്പോയി.

പത്തുമുപ്പതുവാരെ അകലെയായിരുന്നെങ്കിലും ആ മുഖം ശകുന്തള ശെരിക്കു കണ്ടു.പൂര്‍ണ്ണചന്ദ്രനേപ്പോലെ ദീപ്തമായിരുന്നു ആ ഭാവം. മൃഗയയ്ക്കിറങ്ങിയപ്പോള്‍ ധരിച്ചിരുന്ന പോരാളിയുടെ ചട്ടയല്ല, ഒരു ചക്രവര്‍ത്തിയുടെ ഗാംഭീര്യവും പ്രൌഢിയും വിളിച്ചോതുന്ന വേഷവിധാനം. മേല്‍മീശ വളര്‍ത്തിയത്‌ പിരിച്ചു കയറ്റി വച്ചിരിക്കുന്നു. അഞ്ചുകൊല്ലത്തെ പ്രായവ്യത്യാസം നല്ല പാകത വരുത്തിയിട്ടുണ്ട്‌, ഓരോ ചലനത്തിലും. വെണ്‍ചാമരവുമായി രണ്ടു ദാസികളുണ്ടായിരുന്നു ഇടത്തും വലത്തും. മന്ത്രിമുഖ്യന്‍ അദ്ദേഹത്തെ ആനയിച്ചുകൊണ്ടിരുത്തി.

സദസ്സിനോട്‌ ഉപവിഷ്ടരായിക്കൊള്ളാന്‍ ആംഗ്യം കാണിച്ചു. ഒരിക്കലെങ്കിലും മിഴികള്‍ പാറിവന്ന്‌ തന്‍റെയും മകന്‍റെയും ദേഹത്തു വീഴുമെന്നും മുഖം കാണിക്കലെന്ന ഈ അവസരം കാക്കലില്‍ നിന്നും സ്വയം പരിചയപ്പെടുത്തേണ്ട ഗതികേടില്‍ നിന്നും മുക്തമാകുമെന്നും ശകുന്തള വെറുതേ മോഹിച്ചു. ഹൃദയമിടിപ്പ്‌ ഇരട്ടിവേഗത്തിലായി. ഒരു നിമിഷം പോലും കണ്ണെടുക്കാതെ ആ മുഖത്തേയ്ക്കുതന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. തന്നെക്കണ്ടാല്‍ എങ്ങനെ പ്രതികരിക്കുമെന്ന്‌ ഉണ്ടായിരുന്ന വേവലാതി ഒട്ടും തികട്ടി വന്നതുമില്ല.

കാര്യക്കാരന്‍ തന്നെ വന്നാണ്‌ സവിധത്തിലേയ്ക്ക്‌ കൂട്ടിക്കൊണ്ടുപോയത്‌. നടന്നടുക്കുമ്പോള്‍ രാജാവിന്‍റെ കണ്ണുകളിലേയ്ക്കുതന്നെ തുറിച്ചുനോക്കിക്കൊണ്ടിരിക്കുകയായിരുന്നു ശകുന്തള. ഒന്നു രണ്ടുതവണ മിഴികളുടക്കിയെങ്കിലും അദ്ദേഹം അതു ഗൌനിക്കാത്ത വിധത്തില്‍ കണ്ണൂകള്‍ പിന്‍വലിച്ചു കളഞ്ഞത്‌ അവളെ ഭയപ്പെടുത്തി.

"മുനിശ്രേഷ്ഠന്‍ കണ്വന്‍റെ ആശ്രമത്തില്‍ നിന്നും മുഖം കാണിക്കാന്‍ അദ്ദേഹത്തിന്‍റെ മകളും മകനും.." എന്ന്‌ കാര്യക്കാരന്‍ വിളിച്ചു പറഞ്ഞപ്പോള്‍ ആ കണ്ണുകളില്‍ ഒരു ഞെട്ടലുണ്ടാകാതിരുന്നില്ല. തന്നെയും കുമാരനെയും മാറിമാറി രണ്ടുതവണ നോക്കി. എന്നിട്ട്‌ പ്രത്യേകിച്ചൊന്നും സംഭവിക്കാത്തപോലെ മന്ത്രിയോട്‌ എന്തോ പതുക്കെ പറഞ്ഞു.

ഒരു പ്രതിമകണക്കെ രാജാവിന്‍റെ കണ്ണുകളിലേയ്ക്ക്‌ നോക്കിക്കൊണ്ട്‌ നില്‍ക്കുകയായിരുന്നു ശകുന്തള. താന്‍ പലവുരു ഭാവനയില്‍ കണ്ട രംഗങ്ങളില്‍ ഒന്നില്‍പോലുമില്ലായിരുന്നു രാജാവിന്‍റെ ആ നിസ്സംഗഭാവം. അതവളെ ശരിക്കും തളര്‍ത്തിക്കളഞ്ഞു. എന്തിനാണു വന്നതെന്നും എന്താണുണര്‍ത്തിക്കാനുള്ളതെന്നുമൊക്കെ മന്ത്രിമുഖ്യന്‍ പലവുരു വിളിച്ചുചോദിക്കുന്നത്‌ ശകുന്തളയുടെ കര്‍ണ്ണപുടത്തില്‍ സ്പര്‍ശിച്ചതേയില്ല. ആശ്രമവനത്തിലെ വള്ളിക്കുടിലില്‍ അദ്ദേഹത്തിന്‍റെ മാറത്തുചേര്‍ന്നുകിടന്ന്‌ തോളത്തെ മുറിപ്പാടില്‍ വിരലോടിച്ചതിനെക്കുറീച്ചായിരുന്നു അവളപ്പോള്‍ ആലോചിച്ചുകൊണ്ടിരുന്നത്‌. ഉത്തരീയത്തിനു കീഴിലൂടെ ആ മുറിപ്പാട്‌ ഇപ്പോഴും വ്യക്തമായി കാണാം.

കാര്യക്കാരന്‍ തിരികെവന്ന്‌ അവരെ അനുനയിപ്പിച്ച്‌ തിരികെകൊണ്ടിരുത്താന്‍ തുടങ്ങിയതാണ്‌. അപ്പോഴാണ്‌ കുമാരന്‍ പെട്ടെന്നു കുതറിയോടി സിംഹാസനത്തിനടുക്കല്യ്ക്കു ചെന്നത്‌.

'അച്ഛാ' എന്ന്‌ നീട്ടി വിളിച്ചും കൊണ്ടായിരുന്നു കുമാരന്‍റെ ഓട്ടം. സദസ്സ്‌ ഒരു നിമിഷം നിശ്ശബ്ദമായി. പിന്നെ പലരും ചിരി തുടങ്ങി. ശകുന്തള അപ്പോഴും അതേ നില്‍പ്പു നില്‍ക്കുകയായിരുന്നു. രാജകൊട്ടാരത്തിലാണെന്നോ സദസ്സിനു നടുവിലാണെന്നോ ഒട്ടും ഓര്‍ക്കാതെ ഒരു സാലഭഞ്‌ജികയെപ്പോലെ നിശ്ചലമായിരുന്നു ആ നില്‍പ്പ്‌. സിംഹാസനത്തിനടുത്തെത്തും മുന്നേ കുമാരനെ മന്ത്രി തടഞ്ഞു. കുമാരന്‍റെ കരച്ചില്‍ വകവയ്ക്കാതെ അവനെ വലിച്ചു താഴെയിറക്കുന്നതും രാജാവു കാണുന്നുണ്ടായിരുന്നു.

ബാഹുലന്‍ പെട്ടെന്ന്‌ സദസ്സിലേയ്ക്ക്‌ ചാടിക്കയറി വന്നു. രണ്ടു ഭടന്മാര്‍ അയാളുടെ പുറകേ ഓടി വരുന്നുണ്ടായിരുന്നു.

"എനിക്കു ചിലത്‌ ഉണര്‍ത്തിക്കാനുണ്ട്‌.." അയാളുടെ ശബ്ദത്തിന്‌ ഇത്രയും ശക്തിയോ എന്ന്‌ ശകുന്തള ഒരു നിമിഷം പിന്‍തിരിഞ്ഞു നോക്കി.

"കുമാരി ക്ഷമിക്കണം. എനിക്ക്‌ ഇങ്ങനെ ആശ്രമത്തിലേയ്ക്ക്‌ മടങ്ങിപ്പോകാനാവില്ല. നിങ്ങളെ ഇവിടെ ഏല്‍പ്പിക്കാനാണു ഞാന്‍ വന്നത്‌.."

അയാള്‍ക്ക്‌ തെല്ലും ഭയമില്ലായിരുന്നു.

"മഹാരാജന്‍.." അയാള്‍ രാജാവിനോട്‌ നേരിട്ട്‌ ഉണര്‍ത്തിക്കാന്‍ തുടങ്ങി. "ഗാന്ധര്‍വ്വ വിധിപ്രകാരം അങ്ങു വിവാഹം കഴിച്ച മഹാമുനി കണ്വന്‍റെ പുത്രി ശകുന്തളയാണിത്‌. അത്‌ അങ്ങേയ്ക്ക്‌ കുമാരിയിലുണ്ടായ പുത്രന്‍.. ഇവരെ ഇവിടെ ഏല്‍പ്പിക്കാനാണ്‌ ഞാന്‍ വന്നത്‌.."

സദസ്സ്‌ വീണ്ടും നിശ്ശബ്ദമായി. അയാളെ പിടിക്കാന്‍ ഓടി വന്ന ഭടന്‍മാര്‍ അങ്കലാപ്പിലായി.

ഇത്തവണ ചിരി തുടങ്ങിയത്‌ രാജാവു തന്നെയായിരുന്നു.പിന്നെ സദസ്സും അതില്‍ പങ്കു ചേര്‍ന്നു.

ശകുന്തള അതേ നില്‍പ്പു തുടരുകയായിരുന്നു. ദൃഷ്ടി രാജാവിന്‍റെ മുഖത്തു തന്നെയായിരുന്നു അപ്പോഴും. ബാഹുലന്‍ മുറിവേറ്റ ഒരുവനെപ്പോലെ ക്ഷീണിച്ചു നിന്നു കിതച്ചു. അയാളുടെ ശൌര്യമൊക്കെ എവിടെയോ പോയി മറഞ്ഞിരുന്നു. സംഗതികളുടെ പന്തികേട്‌ കുമാരന്‌ എങ്ങനെയോ മനസ്സിലായി. അവന്‍ അമ്മയോട്‌ ചേര്‍ന്നു നിന്നു. ബാഹുലനെ ഭടന്‍മാര്‍ വലിച്ചിഴച്ച്‌ പുറത്തേയ്ക്കു കൊണ്ടുപോയി.

"മഹാമുനി കണ്വനെപ്പറ്റി കേട്ടിട്ടുണ്ട്‌." രാജാവ്‌ പരിഹാസത്തോടെ പറഞ്ഞു. "തപസ്സു നിര്‍ത്തി പെണ്‍മക്കളെ രാജാക്കന്‍മാരുടെ കിടക്കറയിലേയ്ക്കയക്കുന്ന ജോലി തുടങ്ങിയോ അദ്ദേഹം?"

ചുറ്റും വഷളന്‍ ചിരികള്‍ പെയ്തുനിറയുന്നത്‌ ശകുന്തള അറിയുന്നുണ്ടായിരുന്നില്ല. സാവധാനം ദൃഷ്ടി പിന്‍വലിച്ച്‌ അവള്‍ സദസ്സില്‍ നിന്നു പിന്‍വാങ്ങി. കുമാരന്‍ കരഞ്ഞു തുടങ്ങിയിരുന്നു. ശകുന്തള അവനെ വാരിയെടുത്ത്‌ മാറോടു ചേര്‍ത്തു. പുഷ്പപാദുകങ്ങളണിഞ്ഞിരുന്ന കാലടികള്‍ക്കടിയില്‍ ഭൂമി ചുട്ടുനീറി. കൊട്ടാരക്കെട്ടുവിട്ടിറങ്ങുന്നതുവരെ അവള്‍ തിരിഞ്ഞുനോക്കിയില്ല.

നഗരത്തില്‍ നിന്ന്‌ പുറത്തേയ്ക്കുള്ള പ്രധാനപാത അനക്കമറ്റു കിടന്നു. അന്നത്തെ കണക്കുകള്‍ ചൊല്ലിത്തീര്‍ത്ത്‌ ഭാണ്ഡം മുറുക്കുകയായിരുന്ന വണിക്കുകളും നിഴലുകള്‍ പറ്റി പതിവുകാരെ കാത്തു നിന്നിരുന്ന വേശ്യാസ്ത്രീകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ നഗരവീഥിയില്‍.

പൊട്ടിച്ചിരികള്‍ തലയോട്ടിനകത്ത്‌ മുഴങ്ങിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോഴും. മാലിനീ തീരത്തെ വള്ളിക്കുടിലിനുള്ളില്‍ താന്‍ വരിച്ച രാജാവല്ലായിരുന്നു അതെന്ന്‌ മനസ്സിനെ വെറുതേ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു. ഉള്ളിലിരുന്ന്‌ മനസ്സ്‌ തന്നെത്തന്നെ പരിഹസിച്ച്‌ ചിരിതുടങ്ങിയിരുന്നു. ബാലുഹന്‌ എന്തു പറ്റിക്കാണും? തിരിച്ച്‌ ആശ്രമത്തിലേയ്ക്ക്‌ പോകണമെങ്കില്‍ അയാളുടെ സഹായം കൂടിയേ കഴിയൂ.. പക്ഷേ, തന്‍റെ മകന്‍.. രാജ്യം വാഴാന്‍ പിറന്നവനെന്ന്‌ മുനിമാര്‍ പ്രവചിച്ചവന്‍.. രാജസദസ്സില്‍ നിന്നു കിട്ടിയ പരിഹാസത്തിനെക്കുറിച്ചൊന്നും മനസ്സിലായില്ലെങ്കിലും പാവം ആകെ ഭയന്നു പോയിട്ടുണ്ടായിരുന്നു. മാറത്തു പറ്റിച്ചേര്‍ന്ന കുഞ്ഞിനെ ശകുന്തള ഒന്നുകൂടി ചേര്‍ത്തുപിടിച്ചു.

തിരിച്ചു പോകാന്‍ ശകുന്തളയ്ക്കാവില്ല.നഗരത്തിന്‌ അവളെ വേണ്ടെങ്കിലും അവള്‍ക്കാ നഗരത്തെ വേണം. രാജ്യം വാഴാന്‍ നക്ഷത്രഭാഗ്യവുമായിപ്പിറന്ന കുമാരന്‌ നഗരം വേണം.. കമണ്ഡലുവല്ല കരവാളാണവനു വിധിച്ചത്‌.. ഒരു പക്ഷെ ശകുന്തളയുടെ നിയോഗം ഇതായിരിക്കും.

തലമൂടിയിരുന്ന ഉത്തരീയം ഊര്‍ത്തിയിട്ട്‌ ശകുന്തള നിഴലുകളിലേയ്ക്ക്‌ അലിഞ്ഞുചേര്‍ന്നു.


ഉത്തരം


രാജാവ്‌ വളരെ ഖിന്നനായിരുന്നു. ക്ഷീണിതനും. യൌവത്വത്തിന്‍റെ ചോരത്തിളപ്പ്‌ വറ്റിത്തുടങ്ങിയിരിക്കുന്നു. പൊതുവെ ഉന്മേഷമില്ലായ്മയാണ്‌ എല്ലാത്തിനും. പുതിയ ദാസിപ്പെണ്ണുങ്ങളില്‍ പോലും ആകര്‍ഷണം തോന്നുന്നില്ല. മദ്യം, മൃഗയ, സംഗീതം, നൃത്തം, ചൂത്‌ അങ്ങനെ എല്ലാം പരീക്ഷിച്ചു കഴിഞ്ഞു. എവിടെയോ കളഞ്ഞുപോയ പഴയ ഉല്‍സാഹം തിരികെ കൊണ്ടുവരുവാന്‍ ഒന്നിനുമാകുന്നില്ല.

മൂന്നു റാണിമാര്‍, ദാസിപ്പെണ്ണുങ്ങള്‍, ദേവദാസികള്‍ അങ്ങനെ എത്രയോ സ്ത്രീകള്‍. രാജാവ്‌ ഷണ്ഡനാണെന്ന്‌ ജനങ്ങള്‍ക്കിടയില്‍ സംസാരമുണ്ടെന്ന്‌ ചാരന്മാര്‍ പറയുന്നു. കേവലമൊരു നാട്ടുരാജ്യത്തെ ഗാന്ധാരം മുതല്‍ വിന്ധ്യന്‍ വരെയും, സിന്ധുമുതല്‍ വംഗനാടുവരെയും വിസ്തൃതമായ സാമ്രാജ്യമാക്കിത്തീര്‍ത്തത്‌ ഈ കരുത്തുറ്റ കൈകളാണ്‌. പക്ഷേ ഇതൊക്കെ ഏല്‍പ്പിച്ചുകൊടുക്കാന്‍ ഒരു പിന്മുറ ഇല്ലാതെ പോയതിന്‍റെ സങ്കടം എന്തു വിലകൊടുത്താല്‍ മാറും?

കണ്വന്‍റെ ആശ്രമത്തില്‍ നിന്നു നുകര്‍ന്ന ഒരു മുല്ലപ്പൂവിന്‍റെ സുഗന്ധം ഇടയ്ക്കു തികട്ടി വരായ്കയല്ല. മുനികുമാരിയുടെ കൂടെയുണ്ടായിരുന്ന കുഞ്ഞിന്‌ രാജാവിന്‍റെ മുഖവുമായുള്ള അസാമാന്യ സാദൃശ്യം മൂന്നു റാണിമാരുടെയും ഉറക്കം കെടുത്തിയതും ഓര്‍ക്കാതെയല്ല.

ചെറുപ്പം. തനിക്കു ശേഷം പ്രളയമായിരിക്കുമെന്ന്‌ മനസ്സിലെവിടെയോ വീണ അഹങ്കാരത്തിന്‍റെ വിത്ത്‌..

മനസ്സുതകര്‍ന്ന്‌ ഇറങ്ങിപ്പോയ മുനികുമാരി വല്ല ആപത്തും കാണിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ.. ആ കുഞ്ഞ്‌.. കണ്ണെത്താത്തിടത്തോളം പരന്നുകിടക്കുന്ന തന്‍റെ സാമ്രാജ്യത്തിനുള്ള ഒരേ ഒരു പിന്‍തുടര്‍ച്ചാവകാശി.. എവിടെയായിരിക്കും അവന്‍? അവന്‍ 'അച്ഛാ'യെന്നു വിളിച്ചപ്പോള്‍ സദസ്സിനൊപ്പം താനും ചിരിച്ചു. ഇപ്പോഴിതാ ആ വിളിക്കു വേണ്ടി ഒരു സാമ്രാജ്യം തന്നെ കൊടുക്കാന്‍ ഒരുങ്ങി നില്‍ക്കുന്നു. രാജാവ്‌ തന്‍റെ വിധിയെപ്പഴിച്ചു. അഹങ്കാരം കീഴ്പ്പെടുത്തിയ നിമിഷങ്ങളെ ശപിച്ചു.

നാടൊട്ടുക്കും ഭടന്മാരെ വിട്ടിട്ടുണ്ട്‌. ചിത്രകാരന്മാരെ വരുത്തി അവളുടെയും മകന്‍റെയും രേഖാചിത്രങ്ങള്‍ പറഞ്ഞു വരപ്പിച്ച്‌ ഗ്രാമമുഖ്യന്മാര്‍ക്കൊക്കെ കൈമാറിയിട്ടുണ്ട്‌. ജീവിച്ചിരിപ്പുണ്ടെങ്കില്‍..

മന്ത്രിമുഖ്യന്‍ പലതവണ മുഖം കാണിക്കാന്‍ സമയം ചോദിച്ചു. പല പ്രധാന പ്രശ്നങ്ങളിലും തീരുമാനമെടുക്കേണ്ടതുണ്ട്‌. സാമന്തരില്‍ പലരും കപ്പം പിരിവിനെതിരെ തിരിഞ്ഞിരിക്കുന്നു. രാജാവിന്‌ ക്ഷീണകാലമായെന്നത്‌ പുറത്തറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നര്‍ത്ഥം. ഇതെല്ലാം ആര്‍ക്കു വേണ്ടി? എല്ലാം നശിക്കട്ടെ. രാജാവ്‌ പള്ളിയറയില്‍ തന്നെ ഒതുങ്ങിക്കൂടി. റാണിമാരെപ്പോലും അവിടേയ്ക്കു ചെല്ലുന്നതില്‍ നിന്നും വിലക്കിയിരുന്നു.

നിനച്ചിരിക്കാതെയാണ്‌ ഒരു ദിവസം ആ വാര്‍ത്തയെത്തിയത്‌. അന്യദേശക്കാരിയായ ഒരുവള്‍ ദുരകന്‍ എന്നൊരു ചണ്ഡാളന്‍റെ ഭാര്യയായി നഗരപ്രാന്തത്തിലൊരു ഗ്രാമത്തില്‍ താമസിക്കുന്നുണ്ടത്രെ. കൌമാരക്കാരനായ അവളുടെ മകനുമുണ്ട്‌. ചെറുക്കന്‍ സമപ്രായക്കാരോടൊക്കെ താന്‍ രാജാവാകാന്‍ പിറന്നവനാണെന്നു വീമ്പിളക്കുന്നു. രേഖാചിത്രങ്ങള്‍ കാണിച്ചിട്ടൊന്നും ഗ്രാമമുഖ്യനു തിരിച്ചറിയാനായില്ല. ചെറുക്കന്‍റെ തല്ലുകൊള്ളിത്തരം എന്നാണു അവരെ നേരില്‍ കണ്ട ഭടന്‍പോലും പറഞ്ഞത്‌. എതോ മറ്റു ശുഭവാര്‍ത്തകളൊന്നും അടുത്തകാലത്തൊന്നും കേട്ടിട്ടില്ലാത്തതുകൊണ്ടായിരിക്കണം രാജാവിന്‌ നേരിട്ട്‌ പോയന്വേഷിക്കാന്‍ തോന്നിയത്‌.

പരിവാരങ്ങളാരുമില്ലാതെ തനിച്ചായിരുന്നു യാത്ര. ഒരു കുതിരപ്പുറത്ത്‌. ഉടവാളുമാത്രമേ കയ്യിലെടുത്തുള്ളൂ. ശത്രുക്കള്‍ ധാരാളം രാജ്യത്തിനകത്തു തന്നെയുണ്ടെന്ന്‌ മന്ത്രിമുഖ്യന്‍ പലതവണ ഓര്‍മ്മിപ്പിച്ചതാണ്‌.

ഗ്രാമത്തിന്‍റെ അതിരിനു പുറത്ത്‌ ശ്മശാനത്തോടു ചേര്‍ന്നായിരുന്നു പുല്ലുമേഞ്ഞ കുടില്‍. വേലിക്കെട്ടിനുള്ളില്‍ ഒന്നുരണ്ട്‌ പശുക്കള്‍ അയവെട്ടിക്കൊണ്ടു കിടക്കുന്നു. കുതിരയെ ഒരു മരത്തില്‍ ബന്ധിച്ചിട്ട്‌ രാജാവ്‌ കുടിലിനടുത്തേയ്യ്ക്ക്‌ ചെന്നു.

മകന്‍ ആവശ്യത്തിന്‌ ഭക്ഷണം കഴിക്കാതെ എപ്പോഴും കളിയും ആയുധപരിശീലനവുമായി നടക്കുന്നതിന്‌ കുറ്റപ്പെടുത്തുകയായിരുന്നു അമ്മ. ആ ശബ്ദം പരിചിതമാനോ എന്ന്‌ രാജാവ്‌ പലതവണ ഓര്‍ത്തുനോക്കി. ഒന്നും ഓര്‍മ്മവരുന്നില്ല. അല്ലെങ്കില്‍തന്നെ ഓര്‍ത്തുവയ്ക്കാന്‍ മാത്രം പ്രത്യേകതയൊന്നും അന്നവളില്‍ ദര്‍ശിച്ചിട്ടുണ്ടായിരുന്നില്ലല്ലോ.

രാജാവ്‌ മുരടനക്കി.

അദ്ദേഹം വന്നിട്ടുണ്ടാകുമെന്നും പറഞ്ഞ്‌ അമ്മയും മകനും പുറത്തിറങ്ങി വന്നു.

മുഖത്ത്‌ രണ്ട്‌ കണ്ണുകള്‍ മാത്രം. അവയങ്ങനെ പ്രകാശിച്ചു നില്‍ക്കുന്നു. ആ കണ്ണുകള്‍ മതിയായിരുന്നു രാജാവിന്‌ അവളെ തിരിച്ചറിയാന്‍. അഹങ്കാരത്തിന്‍റെ സദസ്സില്‍ വിവസ്ത്രയെന്നപോലെ തരിച്ചു നിന്ന ശകുന്തളയുടെ കണ്ണുകള്‍. മാലിനിക്കരയില്‍ ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ, നോക്കിക്കിടന്ന അതേ കണ്ണുകള്‍.

ശകുന്തളയുടെ മുഖത്ത്‌ ഭാവങ്ങളെഴുതാനുള്ള ഇടമില്ലായിരുന്നു. അല്ലെങ്കില്‍ ജീവിതസമരം കാര്‍ന്നുതിന്നതില്‍ ബാക്കിയായ രണ്ട്‌ കൃഷ്ണമണികളില്‍ തെളിയാത്തതൊന്നും അവള്‍ക്കുണ്ടായിരുന്നില്ല പറയാന്‍.

കുമാരന്‍ വളര്‍ന്നിരിക്കുന്നു. കൌമാരം പൊടിമീശ വെച്ചു തുടങ്ങി. കൃശഗാത്രനെങ്കിലും ഉറച്ച ശരീരം. നല്ല കിളിരം. മുഖത്ത്‌ അതിശയിപ്പിക്കുന്ന തേജസ്സ്‌. അത്‌ഭുതത്തോടെ അവന്‍ അമ്മയെ നോക്കുന്നു. പത്തു വല്‍സരങ്ങള്‍ക്കുമുന്പ്‌ രാജസദസ്സില്‍ നിന്നേറ്റ പരിഹാസബാണങ്ങളുടെ വടുക്കള്‍ ഇപ്പോഴുമുണ്ടാകുമോ അവന്‍റെ നെഞ്ചില്‍?

ആരും ഒന്നും സംസാരിച്ചില്ല കുറേ നേരത്തോളം.

ശകുന്തളയാണ്‌ ആദ്യം സംസാരിച്ചത്‌. അവള്‍ മകനോട്‌ യാത്രയ്ക്കൊരുങ്ങിക്കോളാന്‍ പറഞ്ഞു. കുമാരന്‍ അകത്തേയ്ക്കു പോയി.

രാജാവ്‌ പശ്ചത്താപവിവശനായി നില്‍ക്കുകയായിരുന്നു. പലവട്ടം മനസ്സിലെഴുത്തി ത്തിരുത്തി വച്ചിരുന്ന മാപ്പപേക്ഷ ഒന്നു മുരടനക്കിത്തുടങ്ങുമ്പോഴാണ്‌ ദുരകന്‍ കയറി വന്നത്‌. ഭീതിദമായിരുന്നു അയാളുടെ മുഖഭാവം. ചോരക്കണ്ണുകള്‍. ചുറ്റിലും കത്തിയ പച്ചമാംസത്തിന്‍റെ ഗന്ധം.

ഒരുവേള രാജാവും വല്ലാതെയായി. രാജാവാണെന്നു മനസ്സിലായപ്പോള്‍ അയാളുടെ മുഖത്ത്‌ വിനയം. കയറി ഇരിക്കാന്‍ ക്ഷണിച്ചു. ഇരിക്കാനുള്ള തടുക്കെടുത്തിടാന്‍ ശകുന്തളയോടു പറഞ്ഞു.

രാജാവ്‌ വിലക്കി. അവരെക്കൊണ്ടുപോകാനാണ്‌ താന്‍ വന്നിരിക്കുന്നതെന്ന്‌ താഴ്മയോടെ പറഞ്ഞു.

"ഇല്ല രാജന്‍. ശകുന്തള വരുന്നില്ല. താങ്കള്‍ക്ക്‌ അവകാശപ്പെട്ടത്‌ കുമാരനാണ്‌. അവനെ കൊണ്ടുപൊയ്ക്കൊള്ളൂ.." വല്ലാത്ത ദൃഢതയായിരുന്നു ശകുന്തളയുടെ സ്വരത്തിന്‌.

രണ്ട്‌ ഭാണ്ഡവും മുറുക്കി പുറത്തേയ്ക്കിറങ്ങി വന്ന കുമാരന്‍ ഞെട്ടി.

"അമ്മേ, അമ്മയില്ലാതെ ഞാനെങ്ങോട്ടും.." അവന്‍ ഭാണ്ഡങ്ങള്‍ താഴെയിട്ടു.

ശകുന്തള അവന്‍റെ കയ്യില്‍ പിടിച്ചു. കൈകൊണ്ട്‌ മുടിയിഴകളൊതുക്കി.

"മോനേ, അമ്മയ്ക്കു വരാനൊക്കില്ല. പക്ഷേ നീ പോകണം. സര്‍വ്വജ്‌ഞാനികളായ മുനിശ്രേഷ്ഠരുടെ പ്രവചനങ്ങള്‍ പാഴ്വാക്കുകളാകാന്‍ പാടില്ല. ശകുന്തള ഒരു നിമിത്തം മാത്രം. ഭരതവര്‍ഷത്തിന്‌ സംഭവിക്കാന്‍ പോകുന്നതൊക്കെ മുളപ്പിച്ചെടുക്കാനുള്ള ഒരു കൃഷിസ്ഥലം മാത്രമായിരുന്നു അമ്മ. കുഞ്ഞുന്നാളിലേ കേട്ടുവളര്‍ന്ന കഥകളാണ്‌. സര്‍വ്വജ്‌ഞാനത്തിന്‍റെ വെള്ളിരോമങ്ങള്‍ക്കിടയില്‍നിന്ന്‌ അസഖ്യം പ്രവചനങ്ങള്‍ അമ്മ കേട്ടിരിക്കുന്നു. ഭരതവര്‍ഷത്തിന്‍റെ ചരിത്രമെഴുതാനൊരു ഉണ്ണി എന്‍റെ വയറ്റില്‍ പിറക്കുമെന്ന്‌. ലോകാവസാനം വരെയും നാടും പ്രജകളും അവന്‍റെ പേരില്‍ അറിയപ്പെടുമെന്ന്‌.."

കണ്ണില്‍ പൊടിഞ്ഞ ഉപ്പുനീരിനെ വിരല്‍ത്തുമ്പുകൊണ്ട്‌ തട്ടിക്കളഞ്ഞ്‌ ശകുന്തള നിശ്വസിച്ചു.

"പക്ഷേ ശകുന്തളയ്ക്കെന്തു സംഭവിക്കുമെന്ന്‌ ജ്‌ഞാനികളാരും പറഞ്ഞില്ല. ഒരു ശ്രേഷ്ഠവചനത്തിലും അവളുടെ ഭാവിയുണ്ടായിരുന്നില്ല. വിത്തിനെ അതു മുളയ്ക്കേണ്ടിടത്ത്‌ എത്തിക്കുക എന്നതു മാത്രമേ ഫലത്തിന്‍റെ കടമയായിട്ടുള്ളൂ. എന്നിട്ട്‌ ചീഞ്ഞുപോകുകയോ ആര്‍ക്കെങ്കിലും ഭക്ഷണമാവുകയോ ആകാം. അതാണതിന്‍റെ നിയോഗം.."

കുമാരന്‍ അച്ഛന്‍റെ നിഴലിനൊപ്പം ചേരുമ്പോള്‍ കണ്ണുകളെ ചങ്ങലയ്ക്കിട്ട്‌, കുമ്പിട്ടിരുന്ന്‌ ദുരകന്‍റെ കാലുകള്‍ കഴുകുകയായിരുന്നു ശകുന്തള. തന്‍റെ ഉത്തരീയമെടുത്ത്‌ അവള്‍ അയാളുടെ പരുക്കന്‍ കാലുകള്‍ ഒപ്പിയുണക്കി. കരിഞ്ഞ മാംസത്തിന്‍റെ ഗന്ധത്തിന്‌ കളിമണ്‍കുടുക്കയില്‍ ചാമക്കഞ്ഞി വിളമ്പി.

2009, ഏപ്രിൽ 25, ശനിയാഴ്‌ച

ദാഹം"എടാ എരണം കെട്ടവനേ.. ചവയ്ക്കാനിത്തിരി വെറ്റില്യും പൊകല്യും കൊണ്ടെര്വോ.." മാതേയി കട്ടിലില്‍ നിന്ന്‌ തലപൊക്കി വിളിച്ചുകൂവി.

രാജപ്പന്‍ പണിക്കുപോകാനിറങ്ങുകയായിരുന്നു. അയാള്‍ക്കു കലികയറി.

"പണ്ടാരത്തള്ള.." രാജപ്പന്‍ വിളിച്ചു പറഞ്ഞു. "മനുശ്യമ്മാരു്‌ ശ്ശിരി കഞ്ഞിന്‍റെള്ളത്തിന്‌ വേണ്ട്യാ പകലന്ത്യോളം നടുനൂര്‍ക്കാണ്ടെ ചാല്‌ കീറണദ്‌.. അപ്പഴാ തള്ളേന്‍റെ ഒടുക്കത്തെ പൊഹല തീറ്റ! ചെലക്കാണ്ടെ അവടെ കെടന്നോളീം.."

കിടന്ന കിടപ്പില്‍ തന്നെ മാതേയി കാര്‍ക്കിച്ചൊന്നു തുപ്പി. കട്ടിലിന്‍റെ സൈഡിലെ ചുമരിലുള്ള ജനാലയെന്ന ലക്ഷ്യം കാണാതെ കഫവും വെറ്റച്ചണ്ടിയും കലര്‍ന്ന കൊഴുത്ത ദ്രാവകം ചുമരിലൂടെ താഴേയ്ക്കൊലിച്ചിറങ്ങി.

മാതേയി കിടപ്പിലായിട്ടു കാലമെത്രയായെന്നു മാതേയിക്കു തന്നെ നല്ല നിശ്ചയമില്ല. കാലം ചുവരിലെ ജനലില്‍ തെളിയുന്ന വെളിച്ചവും നിഴലുകളുമായി വേര്‍തിരിച്ചറിയാനാവാത്ത വിധം അലിഞ്ഞു പോയിരിക്കുന്നു.

വെറ്റക്കറ നിറം പടര്‍ന്ന്‌ ചുമരു്‌ കറുത്തു കിടന്നു. ഓരോ തവണ തുപ്പുമ്പോഴും ജനലിലേയ്ക്കുള്ള ദൂരം കൂടി വരുന്നത്‌ മാതേയി അറിയുന്നുന്ടായിരുന്നു.

രാജപ്പന്‍ പണിക്കുപോകുന്നതിനു മുന്നേ കട്ടിലിനു മുകളില്‍ രണ്ടു നേന്ത്രപ്പഴവും ഒന്നു രണ്ടു കഴ പൊകലയും കെട്ടിത്തൂക്കിയിടും. ശരീരത്തില്‍ ആകെ ജീവനവശേഷിച്ചിരുന്ന കഴുത്തും തലയും ഉപയോഗിച്ച്‌ അത്‌ വായ്ക്കകത്താക്കലാണ്‌ മാതേയിയുടെ ജോലി. വൈകുന്നേരമാകുമ്പോഴേയ്ക്ക്‌ മാതേയി തളര്‍ന്നു പോകും. രണ്ടു നേന്ത്രപ്പഴവും തുളച്ച്‌ കയറു കെട്ടിയിരിക്കുന്ന ഭാഗമൊഴിച്ച്‌ തിന്നു കഴിഞ്ഞിട്ടുണ്ടാവും.. പൊകല അതു കെട്ടിയിരുന്ന ചാക്കുനൂലടക്കവും.

"തള്ളേ.. ഞാന്‍ വരണേനു മുന്നെ തൂറ്യാല്‍.. മോന്ത്യാവണ വരെ തീട്ടത്തില്‍ കെടക്കേണ്ടി വരും.." എന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മാതേയി മോന്‍ വരാതെ തൂറാറില്ല. മൂത്രത്തിനു പക്ഷേ നിയന്ത്രണമില്ല.. അതുകൊണ്ടു രാജപ്പന്‍ വെള്ളം കൊടുക്കാനുള്ള കുഴലുള്ള കൂജ നിറയ്ക്കാറില്ല. വൈകിട്ട്‌ അയാള്‌ വന്നു കയറുമ്പോഴേയ്ക്ക്‌ മാതേയി പരവേശമെടുത്തിരിക്കുകയായിരിക്കും. എന്നാലും ഒരെറക്കു വെള്ളം കുടിച്ചാല്‍ പിന്നെ വീണ്ടും മോനെ തെറി വിളിച്ചു തുടങ്ങും.

രാജപ്പന്‍ ഒന്നും തിരിച്ചു പറയുകയില്ല. വെറ്റ ചുണ്ണാമ്പു തേച്ച്‌ തൊള്ളയില്‍ വച്ചു കൊടുക്കും. പിന്നെ വരുന്ന തെറികളൊക്കെ മാതേയി ചവച്ചിറക്കിക്കോളും.

രാജപ്പന്‍ കല്യാണമൊക്കെ കഴിച്ചതായിരുന്നു. രണ്ടു പിള്ളേരുമുണ്ടായി. അതു കഴിഞ്ഞപ്പോഴാണ്‌ വഴുക്കി വീണ്‌ മാതേയി കിടപ്പിലായത്‌. കുറേ നാള്‌ അമ്മായിഅമ്മേടെ തീട്ടം കോരി മടുത്തപ്പോള്‍ ഗിരിജ പിള്ളേരെയും കൊണ്ട്‌ ഓള്‍ടെ വീട്ടിലേയ്ക്കു തന്നെ പോയി.

അതില്‍പിന്നെ എല്ലാം രാജപ്പന്‍ തന്നെയാണ്‌ ചെയ്യുന്നത്‌. മാതേയിയെ ചന്തി കഴുകിക്കുന്നതും കുളിപ്പിക്കുന്നതും തുണിമാറ്റിക്കുന്നതുമടക്കം.

ആദ്യമൊക്കെ ഒന്നരാടമേ പണിക്കു പോകുകയുള്ളായിരുന്നു. പിന്നെ തള്ളയ്ക്കു പൊകല വാങ്ങാന്‍ തന്നെ കാശു തെകയാതായി. മാതേയിക്ക്‌ പൊകല തീറ്റയാണു ഹരം. തള്ള തിന്നോട്ടെയെന്നു രാജപ്പനും കരുതും. പൊകല വായിലില്ലാതിരുന്നാല്‍ അവിടെന്നു തെറി ഒഴുകാന്‍ തുടങ്ങും.

പതിവുപോലെ അന്നും രാജപ്പന്‍ പണിക്കു പോയതാണ്‌. മാതേയി പൊകലയുടെ ഒരറ്റം കടിച്ചെടുത്ത്‌ ചവ തുടങ്ങിയിരുന്നു. വെയില്‌ അകത്തു കയറിത്തുടങ്ങി. വെള്ളം വറ്റാത്ത വെറ്റക്കറകള്‍ ചുമരില്‍ തിളങ്ങുന്നു. പതിവില്ലാണ്ടെ ഒരു ദാഹം. ഏന്തി വലിഞ്ഞ്‌ ഒരു ചെറിയ കഷണം പൊകലകൂടെ വായ്ക്കുള്ളിലാക്കി ഞെരിച്ച്‌ മാതേയി ആ ദാഹത്തിനെ കൊന്നു കളയാന്‍ ശ്രമിച്ചു.

കോലായില്‌ ഒരു കാല്‍പെരുമാറ്റം. രാജപ്പന്‍ തിരികെ വന്നോ? കൊട്വാള്‌ എട്ക്കാന്‍ മറന്നിട്ട്‌ണ്ടാവും എരണം കെട്ടവന്‍.

"ന്തേണ്ടാ.. ആ ഗിരിജപ്പൊലയാടിച്ചീന്‍റെ ചന്തീം മൊലേം സൊപ്പനം കണ്ടേരിക്കും ഇബടെന്ന്‌ എറങ്ങിപ്പോഗുമ്പം ല്ലേ.. കൊട്വാള്‌ മറന്ന്‌ ല്ലേ.."

കോലായീന്ന്‌ മറുപടിയൊന്നും ഇല്ല. മാതേയി കാതോര്‍ത്തു കിടന്നു. തൊണ്ടയ്ക്കൊരു വരള്‍ച്ച. ദാഹം വീണ്ടും തലപൊക്കുന്നു.

മാതേയി ഉറക്കെ നാലു തെറി വിളിച്ചു. "ആരാണ്ടാ അവടെ?"

വാതില്‌ കിരുകിരാന്ന്‌ കേള്‍പ്പിക്കണ്‌ണ്ട്. ന്‍റീശ്വരാ, ഞ്ഞി കള്ളന്മാരു മറ്റാണോ?

ചവയ്ക്കല്‌ നിര്‍ത്തി മാതേയി വീണ്ടും കാതോര്‍ത്തു. ഇല്ല. തോന്നലായിരിക്കും. ഈ നാശം പിടിച്ച ദാഹം. അതിനറിഞ്ഞൂടെ മോന്ത്യാവാതെ എറക്ക്‌ വെള്ളം കിട്ടൂലാന്ന്‌. മാതേയി ഒന്ന്‌ കാര്‍ക്കിച്ച്‌ തുപ്പലിറക്കി തൊണ്ട നനയ്ക്കാന്‍ നോക്കി. ഇല്ല, അതു വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌. കട്ടിലിനടുത്ത്‌ മേശമേലിരിക്കുന്ന കൂജയിലേയ്ക്കൊന്ന്‌ വെറുതേ നോക്കിപ്പോയി. കൂജയില്‍ നിന്നുള്ള കുഴല്‌ പിടിതരാത്ത ദൂരത്തില്‍ ചിരിച്ചു കൊണ്ട്‌ തൂങ്ങിക്കിടക്കുന്നു.

കോലായില്‌ വീണ്ടും ശബ്ദം കേട്ടു. മാതേയിക്ക്‌ ശെരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു. "ആരാണ്ടാ അവടെ? ത്തിരി വെള്ളം ഇട്ത്ത്‌ തെര്വോ?"

കള്ളന്മാരായാലും ഇത്തിരി വെള്ളം എടുത്ത്‌ തെരാണ്ടിരിക്ക്വോ? അല്ലെങ്കില്‍ തന്നെ പഴയ കൊറച്ച്‌ ചട്ടീം കലോം മുഷിഞ്ഞ തുണികളുമല്ലാതെ എന്തിരിക്കുന്നു ഈ വീട്ടില്‍!

ദാഹം. മാതേയി പൊകല തുപ്പിക്കളഞ്ഞു. അര ദിവസത്തേയ്ക്കുള്ള പൊകല അപ്പോഴേയ്ക്ക്‌ തീര്‍ന്നിരുന്നു.

കഴുത്തിനു താഴെ സ്വയം ഭരണം പ്രഖ്യാപിച്ച നെഞ്ഞിലും വയറിലും ദാഹം തനിക്കെതിരെ സമരം ചെയ്തുകൊണ്ടിരിക്കുകയാണെന്ന്‌ മാതേയിക്കു തോന്നി. തലതിരിച്ച്‌ ജനലഴികളിലൂടെ പകലിനെ നോക്കിക്കിടക്കാന്‍ ശ്രമിച്ചു.

രാജപ്പന്‍ വരുന്നതുവരെ ദാഹം ക്ഷമിക്കുമെന്നു തോന്നിയില്ല. അയലത്തെ വീട്ടുകാരെ വിളിച്ചു നോക്കിയാലോ? അയലത്തുകാരുമായൊന്നും അത്ര രസത്തിലായിരുന്നില്ല മാതേയി. ആവതുണ്ടായിരുന്നപ്പോള്‍. ഒരു പക്ഷേ ഉറക്കെ വിളിച്ചു കൂവിയാല്‍ അവരു കേള്‍ക്കുമോ?

മാതേയി ആവുന്ന ശക്തിമുഴുവനെടുത്ത്‌ കൂവി നോക്കി. തൊണ്ട കൂടുതല്‍ വരണ്ടത്‌ മിച്ചം. കോലായില്‍ വീണ്ടും കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നുണ്ടോ?

"ഏതു നായീന്‍റെ മോനാണ്ടാ അവടെ? വന്നിത്തിരി വെള്ളം എടുത്തു തെന്നൂടെ തന്തയ്ക്കു പെറക്കാത്തോനേ.. ഹയ്യോ.."

ദാഹം സകല അതിരുകളും ഭേദിച്ചു തുടങ്ങിയിരുന്നു. കോലായില്‍ ആരോ ഉണ്ടെന്നും തന്‍റെ നിലവിളി കേട്ടിട്ടും വെള്ളമെടുത്തു തരാതെ എല്ലാം കണ്ടു രസിക്കുകയാണെന്നു മാതേയി ഉറപ്പിച്ചു.

തലതിരിച്ചു തിരിച്ച്‌ കട്ടിലില്‍ നിന്ന്‌ താഴെ ചാടാന്‍ മാതേയി ശ്രമിച്ചു. താഴെയെത്തിയാല്‍ ഒരു പക്ഷേ കൂജയില്‍ നിന്നുള്ള കുഴലിന്‍റെ അറ്റം..

വൈകിട്ട്‌ വെറ്റിലയും പൊകലയുമായി വന്ന രാജപ്പന്‍ കണ്ടത്‌ മാതേയി താഴെ വീണു കിടക്കുന്നതാണ്‌. മേശമേലിരുന്ന മണ്‍കൂജ താഴെ വീണ്‌ പൊട്ടിക്കിടക്കുന്നു. തള്ള കണ്ണു തുറിച്ച്‌ നാക്കു നീട്ടിപ്പിടിച്ചിരിക്കുന്നു. കട്ടിലില്‍ നിന്ന്‌ ഇറ്റി വീണ തന്‍റെ തന്നെ മൂത്രത്തുള്ളികളുടെ നേരെ.

മൂന്നുദിവസം കഴിഞ്ഞ്‌ തൂവാലകൊണ്ട്‌ മൂക്കുപൊത്തിയ പോലീസുകാര്‍ രാജപ്പനെ ബലപ്രയോഗത്തിലൂടെ വീട്ടിനു പുറത്താക്കി മാതേയിയെ പോസ്റ്റു മാര്‍ട്ടം ചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ തള്ളയുടെ ഉണങ്ങിയ വായ്‌ നിറച്ച്‌ പൊകലയായിരുന്നു.

തള്ള ചത്തതറിഞ്ഞ്‌ ഗിരിജ കുട്ടികളുമായി വന്നു. രാജപ്പന്‍ മാതേയിയുടെ കട്ടിലില്‍ കിടക്കുകയായിരുന്നു. കയറുകളില്‍ തൂക്കിയിട്ട നേന്ത്രപ്പഴവും പൊകലയും ഏന്തിക്കടിച്ചെടുത്ത്‌ ചവച്ചു കൊണ്ട്‌. തലതെറിച്ച ചെക്കന്മാര്‍ രാജപ്പന്‍റെ നെഞ്ഞില്‍ കയറിയിരുന്ന്‌ മല്‍സരിച്ച്‌ നേന്ത്രപ്പഴം കടിച്ചെടുക്കാന്‍ തുടങ്ങി.

"എറങ്ങീനെടാ നായിന്‍റെ മക്കളേ.. " എന്ന്‌ പൊകലത്തുപ്പല്‌ തെറിച്ചപ്പോഴും ചെക്കന്മാര്‍ക്കു മനസ്സിലായില്ല, മാതേയി മകനെ ഏല്‍പ്പിച്ചു പോയതെന്താണെന്ന്‌.

ചുവരില്‌ വെള്ളം വറ്റിയ പൊകലക്കറകളില്‍ കട്ടത്തെറികള്‍ ഉണങ്ങിപ്പിടിച്ചു കിടന്നു. പതിവുപോലെ ജനലിലൂടെ എത്തിനോക്കിയ പകല്‌ കോലായില്‌ കാല്‍പെരുമാറ്റം കേള്‍പ്പിച്ച്‌ തിരക്കിട്ട്‌ പടിഞ്ഞാറേയ്ക്കു പോയി. പിറ്റേന്ന്‌ വീണ്ടും വരാന്‍.

2009, മാർച്ച് 1, ഞായറാഴ്‌ച

ഡിമോളീഷന്‍


രഘു നഗരത്തിലെത്തിയിട്ട്‌ നാലു ദിവസമേ ആയുള്ളൂ. പഴമയുടെ മണമുള്ള തെരുവുകള്‍. കെട്ടിടങ്ങള്‍ക്കൊക്കെ പഴയ ബ്രിട്ടീഷ്‌ തലയെടുപ്പ്‌.

നഗരത്തില്‍ നിന്നൊഴിഞ്ഞ്‌, എന്നാല്‍ നഗരത്തിന്‍റെ ഭാഗമെന്നു പറയാവുന്നതരത്തിലാണ്‌ മെദിയഹൌസിന്‍റെ സ്ഥാനം. പത്തഞ്ഞൂറേക്ര സ്ഥലത്ത്‌ അതങ്ങനെ കെട്ടുകളും പുരകളുമൊക്കെയായി പടര്‍ന്നു കിടക്കുന്നു. ആന്‍ഡേഴ്സണ്‍ സായിപ്പ്‌ തനിക്കുവേണ്ടിതന്നെ പണിതത്‌. ബ്രിട്ടീഷ്‌ ആര്‍ക്കിട്ടെക്റ്റുകളില്‍ എണ്ണം പറഞ്ഞ പേരായിരുന്നു ആന്‍ഡേഴ്സണ്‍ സായിപ്പിന്‍റേത്‌. എ റിയല്‍ ജീനിയസ്‌. അങ്ങേരു വരച്ച ബ്ലൂ പ്രിന്‍റുകളൊക്കെ ടെക്റ്റുബുക്കുകളാണ്‌. കോളേജില്‍ പലരും തങ്ങളുടെ അവസാനവര്‍ഷത്തെ പ്രൊജെക്റ്റായിപ്പോലും ആന്‍ഡേഴ്സന്‍റെ വര്‍ക്കുകളുടെ പഠനം നടത്താറുണ്ട്‌. അത്ര ഗഹനമാണ്‌ ഓരോ ഡിസൈനും.

ഡല്‍ഹി ബെയ്സ്ഡ് മാര്‍വാഡി കണ്‍സ്റ്റ്രക്ഷന്‍ കമ്പനിയിലെ ആര്‍ക്കിട്ടെക്റ്റാണ്‌ രഘു. ചെറുപ്പക്കാരനും സമര്‍ത്ഥനും. സാധാരണഗതിയില്‍ ഡെമോളിഷന്‍ വര്‍ക്കുകളൊന്നും രഘുവിനു നല്‍കാറില്ല. അയാളെപ്പോലൊരു ആര്‍ക്കിട്ടെക്റ്റിനെ കിട്ടാന്‍ പല പ്രൊജക്റ്റുകളും മാസങ്ങള്‍ വെയിറ്റു ചെയ്യും.

ഇത്തവണ ഇതു രഘു തന്നെ തെരെഞ്ഞെടുത്തതാണ്‌. കഴിഞ്ഞമാസം തുടങ്ങേണ്ടിയിരുന്ന ബോംബേ പ്രൊജെക്റ്റ് ഡിലേ ആയി. പ്രതീക്ഷിക്കാതെ വന്ന ഒരു ഗ്യാപ്പ്‌. അതിനിടയ്ക്ക്‌ മരിയയുമായുള്ള പ്രശ്നങ്ങള്‍. എന്തെങ്കിലും ഒക്കെ ചെയ്തുകൊണ്ടിരിന്നില്ലെങ്കില്‍ പ്രാന്തു പിടിച്ചുപോകുമെന്ന്‌ രഘു ഭയപ്പെട്ടു.

രഘുവിന്‍റെ ഓഫീസിലെതന്നെ ഫസിലിറ്റേറ്റര്‍ ആയിരുന്നു മരിയ. പാര്‍ട്ടി ഗേള്‍. വെസ്റ്റേണ്‍ സംസ്കാരത്തിന്‍റെ അനുരണനങ്ങളുടെ പ്രോഡക്റ്റ്‌. സുന്ദരി. സ്മാര്‍ട്ട്‌. അവളെയൊന്നു കൂടെകൊണ്ടു നടക്കാനുള്ള യോഗ്യതയുള്ളത്‌ രഘുവിനു മാത്രമാണെന്ന്‌ ഓഫീസില്‍ എല്ലാവരും അടക്കം പറയും. ആദ്യമാദ്യം സുഹൃത്തുക്കള്‍ മാത്രമായിരുന്നു. പണിത്തിരക്കിറക്കി വച്ചിട്ട്‌ റൂഫ്‌ടോപ്പ്‌ ഗാര്‍ഡനില്‍ അവളുടെ കിളിക്കൊഞ്ചലും കേട്ട്‌ ബിയറും നുണഞ്ഞിരുന്ന എത്രയോ രാത്രികള്‍.

വല്ലാത്തൊരു വശീകരണ ശക്തിയായിരുന്നു പെണ്ണിന്‌. ഒന്നു രണ്ടു മാസങ്ങള്‍ കൊണ്ട്‌ അവള്‍ കീഴടക്കിക്കളഞ്ഞു. തന്‍റെ ബലഹീനതകള്‍ മറ്റൊരാളറിയുന്നത്‌ ഇഷ്ടമല്ല രഘുവിന്‌. പക്ഷേ അയാള്‍ പരസ്യമായി അവള്‍ക്കു ലിഫ്റ്റ്‌ കൊടുത്തു. അവള്‍ മെയിക്കപ്പിട്ട്‌ പുറത്തിറങ്ങാന്‍ കാത്തു നിന്നു. അവള്‍ക്ക്‌ ഡ്രെസ്സെടുക്കാന്‍ കൂടെപ്പോയി. പ്രണയം തലക്കു പിടിച്ചിരുന്നു.

രഘു നാട്ടില്‍ പോയി അമ്മയുടെ അനുവാദം വാങ്ങി. അമ്മാവന്മാരെയൊന്നും കാണാന്‍ നിന്നില്ല. എന്തിനു വെറുതേ വഷളാക്കണം. ഇനി മരിയയെ വേണ്ടെന്നു വയ്ക്കാന്‍ കഴിയില്ല. അവള്‍ക്കും അതു കഴിയുമെന്നു കരുതിയതല്ല.


സര്‍പ്രൈസായിക്കോട്ടെ എന്നു കരുതിയാണ്‌ ഒരു ഡയമണ്ട്‌ നെക്ളേസും വാങ്ങി വെച്ച്‌ ദല്‍ഹി ദര്‍ബാറില്‍ സ്യൂട്ടെടുത്തത്‌. വൈകിട്ട്‌ ഏഴെട്ടുമണിയായപ്പോഴേയ്ക്ക്‌ മരിയ വന്നു. കറുത്ത സ്ലീവ്‌ലെസ്സില്‍ ഒരു മാലാഖയെപ്പോലെ സുന്ദരിയായിരുന്നു മരിയ.

"ഇന്നെനിക്കു ശെരിക്കും മദ്യപിക്കണം മരിയ. ഐ ആം ദ ഹാപ്പിയെസ്റ്റ്‌ ഓഫ്‌ ആള്‍ മെന്‍!"

അവള്‍ ബെഡ്ഡില്‍ മലര്‍ന്നുകിടന്ന്‌ ഒരു സിഗററ്റ്‌ കത്തിച്ചു. ഒരു പുകവിട്ട്‌ കൃത്രിമമായി ചിരിച്ചു. സിഗററ്റ്‌ അവന്‍റെ നേരെ നീട്ടി.

അവള്‍ എന്താണു കാര്യമെന്നു ചോദിക്കുന്നതുവരെ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന്‌ രഘു ഭയപ്പെട്ടു. ഇടിച്ചു കയറി പറഞ്ഞ്‌ സംഗതിയുടെ ത്രില്‍ കളയേണ്ടെന്ന്‌ അയാള്‍ക്കു തോന്നി.

പക്ഷേ മരിയ പെട്ടെന്ന്‌ മുന്‍കയ്യെടുക്കുകയായിരുന്നു. ലഹരിയാണോ, തന്‍റെ തന്നെ ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന എന്തോ ആണോ എന്നറിയില്ല, രഘു പെട്ടെന്നു ഉത്തേജിതനായിപ്പോയി.

എല്ലാം കഴിഞ്ഞ്‌ കിടക്കയില്‍ അവളെ പുറകില്‍ നിന്ന്‌ കെട്ടിപ്പിടിച്ചു കിടക്കുമ്പോള്‍ അമ്മയുടെ അനുവാദം കിട്ടിയ വിവരം അയാള്‍ പറഞ്ഞു.


ഒരു പൊട്ടിച്ചിരി ആയിരുന്നു പ്രതികരണം.

"ഓ രഘു, യു ആര്‍ സോ ഇന്നൊസെന്‍റു്‌, ജസ്റ്റ്‌ ലൈക്‌ എ കിഡ്‌.."

രഘു ആ കിടപ്പില്‍ കിടന്ന്‌ കണ്ണു മിഴിച്ചപ്പോള്‍ ഡ്രെസ്സൊക്കെ വാരി വലിച്ചു കയറ്റി മരിയ ഇറങ്ങിപ്പോയി.

അയാള്‍ക്ക്‌ താങ്ങാന്‍ പറ്റുന്നതിലധികമായിരുന്നു അത്‌. മാസങ്ങളെടുത്ത്‌ താന്‍ വരച്ച ഡിസൈനുകളൊക്കെ ശുദ്ധഭോഷ്കായിരുന്നെന്ന്‌. പിറ്റേന്ന്‌ വര്‍ക്കു ചെയ്തുകൊണ്ടിരുന്ന പ്രൊജെക്റ്റ് ഡിലേ ആകുമെന്നു കൂടി കേട്ടപ്പോള്‍ ആകെ നിലതെറ്റിയതാണ്‌. രണ്ടുമൂന്നു ദിവസം ബാറില്‍ നിന്നിറങ്ങിയില്ലെന്നു തന്നെ പറയാം.

എന്തെങ്കിലുമൊക്കെ ചെയ്തുകൊണ്ടിരുന്നില്ലെങ്കില്‍ താനൊരു മുഴുക്കുടിയനായിപ്പോകുമെന്ന്‌ ഉമ്മന്‍ പറഞ്ഞപ്പോഴാണ്‌ വെളിവുവീണത്‌. പെട്ടെന്ന്‌ ജോയിന്‍ ചെയ്യാന്‍ പറ്റുന്ന വേറേത്‌ പ്രൊജെക്റ്റുണ്ടെന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ ഈസ്റ്റേണ്‍ ഇന്ഡ്യയിലെ ഈ ഡെമോളിഷന്‍ പ്രൊജെക്റ്റിനെ പറ്റി അറിഞ്ഞത്‌. ആന്‍ഡേഴ്സണ്‍റെ വര്‍ക്കാണെന്ന്‌ അറിഞ്ഞപ്പോള്‍ അതുതന്നെയെന്ന്‌ ഉറപ്പിച്ചു.

മെദിയ ഹൌസില്‍ തന്നെ താമസിക്കാമെന്ന്‌ പ്രൊപ്പോസ്‌ ചെയ്തത്‌ രഘു തന്നെ ആണ്‌. അവിടെ ആരും താമസമില്ല ഇപ്പോള്‍. സലിം ഘോഡ്കാവാല ആണ്‌ ഇപ്പോഴത്തെ ഉടമസ്ഥന്‍. ബോംബേയില്‍ സ്ഥിരതാമസമാക്കിയ അയാള്‍ മെദിയഹൌസ്‌ പൊളിച്ചു കളഞ്ഞ്‌ അവിടെ ഒരു റീസോട്ട്‌ പണിയാന്‍ പോകുന്നു.

രഘു കെട്ടിടം മുഴുവന്‍ ചുറ്റി നടന്നു കണ്ടു. ഒരു മുഴുവന്‍ ദിവസവും വേണ്ടിവന്നു. ബ്രിട്ടീഷ്‌ കണ്‍സ്റ്റ്രക്ഷന്‍റെ ക്വാളിറ്റി. കൌശലങ്ങള്‍. ആന്‍ഡേഴ്സണ്‍ സായിപ്പിനെ മനസ്സുകൊണ്ടു നമിച്ചുപോയി. വാട്ട്‌ എ ജീനിയസ്‌.

ബെഡ്‌റൂമുകളില്‍ നിന്നെല്ലാം കാണാവുന്ന വിധത്തില്‍ വലിയൊരു ഫൌണ്ടന്‍. എല്ലാ ബെഡ്രൂമുകള്‍ക്കും പ്രൈവറ്റ്‌ ബാല്‍ക്കണി.ഒരു തുറന്ന കോമണ്‍ മട്ടുപ്പാവ്‌. അവിടേയ്ക്ക്‌ ഏതു ബെഡ്രൂമില്‍നിന്നും കയറി വരാവുന്ന വിധത്തില്‍ പിരിയന്‍ ഗോവണികള്‍. അതിഥികള്‍ക്കും വേലക്കാര്‍ക്കും താമസിക്കാന്‍ വെവ്വേറെ മന്ദിരങ്ങള്‍. അല്‍പം അകലെ അടുക്കളകെട്ടിടം. ഇന്‍ഡ്യന്‍ കുക്കിംഗിന്‍റെ മസാലമണം അടിക്കാതിരിക്കാന്‍. അവിടെ നിന്ന്‌ ഒരു കണ്‍വോയര്‍ ബെല്‍ട്ട്‌. കറന്‍റില്ലെങ്കിലും മാന്വല്‍ ആയി പ്രവര്‍ത്തിക്കാന്‍ തക്കവണ്ണം പണിതത്‌. ഭക്ഷണം നേരിട്ട്‌ തീന്‍മുറിയിലെത്തിക്കാന്‍.

ഒരു ദിവസം കൊണ്ട്‌ ആന്‍ഡേഴ്സണ്‍ വലിയൊരു ഇമേജായിത്തീരുകയായിരുന്നു രഘുവിന്‍റെ മനസ്സില്‍. അങ്ങേരോട്‌ അളവറ്റ ബഹുമാനം തോന്നി. പിന്നെ ഈ സുന്ദര സവിധം യാതൊരു ദയയും കാണിക്കാതെ പൊളിച്ചടുക്കാനാണല്ലോ താന്‍ വന്നിരിക്കുന്നത്‌ എന്ന ബോധം സങ്കടമുണര്‍ത്തുകയും ചെയ്തു.

തുക്കാറാമിനായിരുന്നു അടുക്കളയുടെ ചുമതല. ബ്രിട്ടീഷുകാലത്തെ ചിട്ടവട്ടകള്‍. അയാളുടെ വസ്ത്രവിധാനമൊക്കെ കണ്ടാല്‍ ഒരു ബ്രിട്ടീഷ്‌ ഇന്‍ഡ്യന്‍ ചരിത്രപുസ്തകത്തില്‍ നിന്ന്‌ ഇറങ്ങി വന്നതാണെന്ന്‌ കരുതും. ഒരു കണ്ണേ ഉള്ളൂ തുക്കാറാമിന്‌. മറ്റേകണ്ണ്‌ ഒരു കറുത്ത തുണിവച്ച്‌ മറച്ചിരിക്കുന്നു. എന്തുപറ്റിയതാണെന്ന്‌ ചോദിച്ചില്ല.

മറ്റു വേലക്കാരുണ്ടായിരുന്നെങ്കിലും ആരും അകത്തു കയറി പെരുമാറാറുണ്ടായിരുന്നില്ല. അടിച്ചു തുടയ്ക്കുന്ന ഒന്നോ രണ്ടോ പെണ്ണുങ്ങളെ മാത്രം വല്ലപ്പോഴും പകല്‍ സമയത്തു മാത്രം കാണാം.

കെട്ടിടത്തിന്‍റെ ബ്ളൂപ്രിന്‍റു്‌ നഷ്ടപ്പെട്ടുപോയിരുന്നു. അതാണ്‌ രഘുവിനെ അങ്ങോട്ടയക്കാന്‍ കാരണം. അല്ലാതെ ഒരു ഡെമോളീഷന്‌ ആര്‍ക്കിട്ടെക്റ്റിന്‍റെ ആവശ്യമൊന്നുമില്ല. അളവുകളെടുത്ത്‌ ബ്ളൂപ്രിന്‍റു്‌ വരച്ചുണ്ടാക്കണം.

പിറ്റേന്നു തന്നെ രഘു പണിതുടങ്ങി. ലേസര്‍ ടേപ്പും നോട്ട്‌പാഡുമെടുത്ത്‌ മുറികളിലൂടെയും ഇടനാഴികളിലൂടെയും കയറിയിറങ്ങി. ഒരുമാസത്തെ പണിയുണ്ടെ അവിടെയെന്ന്‌ തോന്നിത്തുടങ്ങിയിരുന്നു. നൂറുകണക്കിന്‌ മുറികള്‍. ഒന്നുപോലും റെക്റ്റാംഗുലര്‍ അല്ല. വട്ടത്തില്‍ പോലുമുണ്ട്‌ മുറികള്‍.

വൈകിട്ട്‌ തുക്കാറാം പുറത്തുപോയി തണുത്ത ബിയര്‍ വാങ്ങിക്കൊണ്ടുവരും. നല്ല ക്ഷീണം തോന്നുമായിരുന്നു രഘുവിന്‌. ടയര്‍സം ജോബ്‌. ലാഡര്‍ ചുമക്കാന്‍ ഒരു ആളെ ഏര്‍പ്പാടു ചെയ്തു തരാമെന്ന്‌ തുക്കാറാം പറഞ്ഞതാണ്‌. പക്ഷേ ഒറ്റയ്ക്ക്‌ ജോലി ചെയ്യുന്നതിന്‍റെ സുഖം കളയേണ്ടെന്ന്‌ രഘു കരുതി.

വൈകുന്നേരങ്ങളില്‍ കെളവനെയും കൂട്ടി. രണ്ടു ബിയറേ വേണ്ടൂ. കെളവന്‍ ഫ്ലാറ്റാവും. പിന്നെ കിടന്നിടത്തു കിടന്നുള്ള പഴമ്പുരാണം പറച്ചിലാണ്‌. ആന്‍ഡേഴ്സണ്‍സായിപ്പിനെപറ്റി. അയാളുടെ മദാമ്മ മെദിയയെപ്പറ്റി. അപാര സുന്ദരിയായിരുന്നത്രെ മദാമ്മ. ദേവികളുടെ പടത്തിലെ മുഖങ്ങളോടാണ്‌ കെളവന്‍ അവരെ ഉപമിച്ചത്‌. അതുപറയുമ്പോള്‍ കെളവന്‍റെ കാഴ്ചയില്ലാത്ത കണ്ണും തിളങ്ങും.

മദാമ്മയെ കൈ വച്ചതിന്‌ സായിപ്പു കൊടുത്ത ശിക്ഷയായിരിക്കും ആ കാഴ്ചയില്ലാത്തെ കണ്ണെന്ന്‌ ആലോചിച്ച്‌ രഘു ചിരിച്ചു.

"തുക്കാറാം, എന്നിട്ടു നിങ്ങളുടെ സായിപ്പെന്തേ ഇവിടം വിട്ടുപോയത്‌? ഈ കെട്ടിടം അങ്ങേരു്‌ വളരെ മെഹനത്ത്‌ ചെയ്യ്തതാണെന്നു തോന്നുന്നല്ലോ.. എന്നെന്നേക്കും ഉണ്ടാക്കിയതുപോലെ.."

തുക്കാറാം കുറച്ചു നേരം നിശബ്ദനായി.

"സാബ്‌, ലേഡിആന്‍ഡേഴ്സന്‍ ഇവിടെത്തന്നെയുണ്ട്‌.. എങ്ങും പോയിട്ടില്ല.."

"ഹെഹ്‌.."

"അതേ സാബ്‌, അവര്‍ക്കു വേണ്ടിയാണല്ലോ സായിപ്പ്‌ ഈ ബംഗ്ളോ പണിതത്‌.."

കിളവന്‍ എണീറ്റ്‌ ചുവരില്‍ ചാരി ഇരുന്നു.

"ബംഗ്ളാവിന്‍റെ പണിതീര്‍ന്ന ദിവസം അവര്‍ മരിച്ചു. ഒരു ദിവസം പോലും ഇവിടെ കഴിയാന്‍ അവര്‍ക്കായില്ല.."

കെളവന്‍ കരയാന്‍ തുടങ്ങി. എണീപ്പിച്ചു വിടുന്നതാണ്‌ നല്ലതെന്ന്‌ രഘുവിനു തോന്നി. അയാളെ പറഞ്ഞയച്ച്‌ രഘു ഈസീ ചെയറില്‍ നീണ്ടു നിവര്‍ന്ന്നു കിടന്നു.


സുന്ദരിയായ മെദിയ മദാമ്മ. കെട്ടിടങ്ങളെ സ്നേഹിച്ച തൈക്കിളവനായ സായിപ്പ്‌. മെദിയയെ തഴുകുന്നപോലെ അയാളുടെ പരുപരുത്ത കൈകള്‍ കെട്ടിടത്തിന്‍റെ ഗോവണിപ്പിടികളിലൂടെ ഇഴഞ്ഞു നടക്കുന്നു. അവളുടെ അടിവയറില്‍ തലവയ്ക്കുംപോലെ അതിന്‍റെ തണുത്ത മാര്‍ബിളില്‍ മുഖം ചേര്‍ത്തു കിടക്കുന്ന സായിപ്പ്‌.. മെദിയ ഹൌസ്‌ എന്ന നെയിംബോര്‍ഡ്‌ അനാവരണം ചെയ്യുമ്പോള്‍ മദാമ്മയുടെ ഗൌണഴിഞ്ഞു വീഴുന്നു. നഗ്നമായ അവരുടെ വെണ്‍തുടകള്‍.. കിതപ്പ്‌.. ഉയര്‍ന്നു താഴുന്ന മാറിടം.. തേപ്പുകത്തിയില്‍ സിമന്‍റുമായി നില്‍ക്കുന്ന സായിപ്പ്‌.. നടുവിലെ മുറീയിലെ ചുവരിനോട്‌ ചേര്‍ത്ത്‌ അവളെ.. ചുവരില്‍ നിന്നുയര്‍ന്നു നില്‍ക്കുന്ന മെദിയയുടെ, അല്ല, മരിയയുടെ മുഖം.. തെല്ലു മാറിനില്‍ക്കുന്ന ചുണ്ടുകളില്‍ നിന്ന്‌ ഉയരുന്ന സിഗററ്റുപുകയുടെ ചുരുളുകള്‍..

"സാബ്‌.."

രഘു ഞെട്ടി ഉണര്‍ന്നു.. തുക്കാറാം ബെഡ്കോഫിയും കൊണ്ടു നില്‍ക്കുന്നു. ഹോ! എന്തൊരു ഉറക്കമായിരുന്നു.. ഈസിചെയറില്‍ തന്നെ. സ്വപ്നത്തെ കുടഞ്ഞെറിഞ്ഞു കളയാന്‍ രഘു പണിപ്പെട്ടു.

കാപ്പി വാങ്ങി ഊതിക്കുടിച്ചു. ഒരു സമാധാനം തോന്നി. ഇടയ്ക്കിടെ ചുവരില്‍ നിന്ന്‌ ഉയര്‍ന്നുവരുന്ന മരിയയുടെ മൂഖം മനസ്സില്‍.


"സാബ്‌, ഒരു സ്ത്രീ കാണാന്‍ വന്നിരിപ്പുണ്ട്‌. ദില്ലിയില്‍ നിന്നാണെന്നു പറഞ്ഞു.."

ദില്ലിയില്‍ നിന്ന്‌. മരിയ! ഈശ്വരാ..

സ്ലീപ്പിംഗൌണ്‍ ശെരിയാക്കി രഘു മുന്‍വശത്തേയ്ക്കോടിച്ചെന്നു. മരിയ തന്നെ. സിഗരറ്റുമണം. പുകപറത്തിക്കൊണ്ട്‌ അവള്‍ പൂന്തോട്ടത്തില്‍ ഉലാത്തുന്നു.

കണ്ടപാടെ ഓടി വന്ന്‌ കെട്ടിപ്പിടിച്ചൊരുമ്മ.

"ഐ കുഡിന്‍റു്‌, ഡാ." സ്വരത്തില്‍ ക്ഷമാപണം.

"എനിക്ക്‌ മനസ്സിലാവുന്നു. നീയില്ലാതെ കഴിയില്ലെനിക്ക്‌. മേയ് ബീ ഇറ്റ്സ്‌ ടൈം റ്റു ഗെറ്റ് സം സ്റ്റ്രിംഗ്സ്‌ അറ്റാച്ച്‌ഡ്."

രഘു അവളെ ചേര്‍ത്തുപിടിച്ചു. ബെഡ്റൂമിലേയ്ക്ക്‌ കൊണ്ടുപോയി. അവള്‍ രഘുവിന്‍റെ ചുണ്ടുകള്‍ കടിച്ചുപറിച്ചു. ദീര്‍ഘനേരം പൊത്തിപ്പിടിച്ചു നിന്നു. അവനെ ഉത്തേജിപ്പിക്കാന്‍ ശ്രമിച്ചു.

രഘു ഒഴിഞ്ഞുമാറി.

"ഹോള്‍ഡ്‌ ഓണ്‍.. ആ തുക്കാറാം കയറി വരും.. രാത്രിവരെ ക്ഷമിക്കൂ.." അയാള്‍ കണ്ണിറുക്കി.

"നീ പോയി കുളിച്ചു ഫ്രെഷാവൂ.. എനിക്കിത്തിരികൂടി പണിയുണ്ട്‌.. നാളെ ആണു ഡെമോളിഷന്‍.."

അവള്‍ ബെഡ്ഡില്‍ മലര്‍ന്നു കിടന്നു കിതച്ചു. രഘു അതു കാണാത്തപോലെ ബാത്‌റൂമിലേയ്ക്കു കയറിപ്പോയി.


ഡൈനാമിറ്റുകള്‍ വന്നിരുന്നു. പോര്‍ട്ടര്‍മാര്‍ അവ മുറ്റത്തു നിരത്തി വച്ചു. രഘു പെട്ടി തുറന്നു നോക്കി. വൈക്കോലില്‍ പൊതിഞ്ഞ കുഴലുകള്‍. ഉദ്ധരിച്ച ലിംഗം പോലെ വിജൃംഭിതമായിരിക്കുകയാണ്‌ അവയെന്ന്‌ അയാള്‍ക്കു തോന്നി. അവയ്ക്കു ഭോഗിക്കണം. പൊട്ടിത്തെറിക്കണം. രഘു പെട്ടി അടച്ചു വച്ചു.

കമ്പനി രണ്ട്‌ എന്‍ജിനിയേഴ്സിനെക്കൂടി വിട്ടിരുന്നു. ന്യൂജോയ്നികള്‍. അവര്‍ ചുറു ചുറുക്കോടെ ഓടി നടന്ന്‌ രഘുവിന്‍റെ പ്ലാനില്‍ മാര്‍ക്കു ചെയ്ത ഇടങ്ങളിലൊക്കെ ഡൈനാമിറ്റുകള്‍ പിടിപ്പിക്കാന്‍ പണിക്കാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. എട്ടുമണിയോടെയാണ്‌ എല്ലാം യഥാസ്ഥാനത്തായത്‌. പണിക്കാരൊക്കെ യാത്ര പറഞ്ഞുപോയി. അന്നു രാത്രി അവിടെ തങ്ങേണ്ടെന്ന്‌ എന്‍ജിനിയര്‍മാര്‍ പറഞ്ഞു.

അവരെ ചിരിച്ച്‌ യാത്രയാക്കി. തുക്കാറാം കരഞ്ഞു വിളിച്ച്‌ ഇറങ്ങിപ്പോയി. പാവം. അയാള്‍ക്ക്‌ അതു സ്വന്തം വീടുപോലെ ആയിരുന്നു. ഭക്ഷണം അയാള്‍ ബെഡ്രൂമില്‍ കൊണ്ടു വച്ചിരുന്നു.

മരിയ കുളിച്ചൊരുങ്ങി സുന്ദരിയായി കാത്തിരിക്കുന്നു. ഒരു ബിയര്‍ പൊട്ടിച്ച്‌ കഴിച്ചു. മരിയ രഘുവിന്‍റെ ഗ്ളാസ്സില്‍ നിന്നു തന്നെ സിപ്പെടുത്തു.

"നിനക്കറിയാമോ മരിയാ.."

"ഹും" അവള്‍ കൊഞ്ചി.

"മെദിയാ ഹൌസില്‍ ആദ്യമായും അവസാനമായും ഇണചേരുന്ന കപ്പിള്‍ ഒരു പക്ഷേ നമ്മളായിരിക്കും.."

മരിയ അയാളുടെ നെഞ്ചില്‍ ചേര്‍ന്നു കിടന്നു. രഘു അവളുടെ ചുണ്ടില്‍ പതിയെ കടിച്ചു.

രാത്രിയ്ക്ക്‌ അധികം ആയുസ്സുണ്ടായിരുന്നില്ല.

നേരം വെളുക്കുന്നതിനുമുന്നേ പണിക്കാരൊക്കെ സ്ഥലത്തെത്തിയിരുന്നു. ജൂനിയര്‍ എന്‍ജിനിയര്‍ പണിക്കാര്‍ക്കൊക്കെ നിര്‍ദ്ദേശം കൊടുത്ത്‌ മെഗാഫോണുമായി ഓടി നടന്നു. എക്സ്പ്ളോസീവ്സ്‌ എക്സ്പേര്ട്ട്‌ ട്രിഗര്‍ രഘുവിന്‍റെ കയ്യില്‍ കൊണ്ടുവന്നു കൊടുത്തു.

സ്വിച്ച്‌ ഒന്ന്‌ അമരുമ്പോള്‍ മെദിയ ഹൌസ്‌ ഓര്‍മ്മയാകും. രഘു ഒരു നിമിഷം കണ്ണടച്ചു. മെദിയ ഹൌസിന്‍റെ തലയുയര്‍ത്തിനില്‍ക്കുന്ന രൂപം അങ്ങനെ തന്നെ മായാതെ മനസ്സില്‍ കിടക്കട്ടെ.

ആന്‍ഡേഴ്സണ്‍ സായ്പ്പിന്‍റെ പ്രണയകുടീരം. ചുവരില്‍ നിന്ന്‌ തലയുയര്‍ത്തുന്ന ലേഡി ആന്‍ഡേഴ്സണ്‍. ഗോവണിപ്പിടികളില്‍ കയ്യോടിക്കുന്ന സായിപ്പ്‌. ബെഡ്രൂമിന്‍റെ നിലത്ത്‌ മുഖമണച്ച്‌, തുടകള്‍ വിടര്‍ത്തി വച്ച്‌, മരിയ. സിഗരറ്റു പുകച്ചുരുളുകള്‍. നിതാന്തമായ പ്രണയം. പ്രണയത്തിന്‍റെ നിര്‍മ്മിതികള്‍. ഡെമോളീഷനുകള്‍.

രഘു ട്രിഗറില്‍ വിരലമര്‍ത്തി.

2009, ഫെബ്രുവരി 15, ഞായറാഴ്‌ച

ബ്ളഡ്ഡ്‌ റോസ്‌


വിക്ടര്‍ വെള്ളത്തിലാഴ്ന്നു കിടക്കുകയായിരുന്നു. ഒരു വലിയ മീന്‍ വന്ന്‌ അയാളുടെ ചുണ്ടില്‍ കടിച്ചു. പ്രണയനിര്‍ഭരമായ ഒരു ചുംബനം പോലെ തോന്നി അത്‌. മീനുകളെന്തിന്‌ വിക്ടറിനെ ചുംബിക്കണം എന്നു ഞാന്‍ അല്‍ഭുതപ്പെട്ടു. വേറെയും ഉണ്ടായിരുന്നു കുറേയധികം മീനുകള്‍. എല്ലാവരും വിക്ടറിനു ചുറ്റും നൃത്തം ചെയ്യുകയായിരുന്നെന്നു തോന്നുന്നു.

പിന്നെയൊന്നും ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ല. പേടിപ്പെടുത്തിയ രംഗങ്ങളൊന്നുമില്ലാഞ്ഞിട്ടും ഒരു ദുസ്വപ്നം ആയിരുന്നു അത്‌.

വിക്ടര്‍ എന്‍റെ സഹപ്രവര്‍ത്തകനായിരുന്നു. യുക്രൈന്‍ കാരന്‍. ഓഫീസിലെ ഒറ്റയാന്‍. ആറരയടിയോളം പൊക്കം. ഘനഗംഭീരമായിരുന്നു അയാളുടെ ശബ്ദം. ഒരു ഗുഹയില്‍ നിന്ന്‌ പുറത്തുവരുന്നതുപോലെ അതങ്ങനെ മുഴങ്ങും. മാനേജര്‍മാരു പോലും അയാളുടെ ആകാരത്തെയും ശബ്ദത്തെയും ഭയപ്പെട്ടു. ഡിസൈന്‍ മീറ്റിംഗുകളില്‍ അയാളൊരു അഭിപ്രായം പറഞ്ഞാല്‍ ചിലപ്പോള്‍ മറുവാദങ്ങളുണ്ടെങ്കില്‍ കൂടി അതു പറയാന്‍ എല്ലാവരും ഭയപ്പെട്ടപോലെ തോന്നിയിരുന്നു. മീറ്റിംഗ്‌ റൂമുകളില്‍ നിശബ്ദനാണെങ്കില്‍ കൂടി അയാളങ്ങനെ നിറഞ്ഞ്‌ നിഴല്‍ വീഴ്ത്തിയിരിക്കും. വീക്കെന്‍റുകളിലെ മദ്യാഘോഷത്തിന്‍റെ ഹാങോവറില്‍ മിക്കവാറും തിങ്കളാഴ്ചകളില്‍ അയാള്‍ അവധിയായിരുന്നു.

"ഹോ, അനദര്‍ മണ്‍ഡേ! വിക്ടര്‍ ഓഫാണാല്ലേ.." എന്നു പറയുമ്പോള്‍ മാനേജറുടെ ആശ്വാസം വാക്കുകളില്‍ മറ നീക്കുന്നതു കാണാം.

ഏറെക്കുറെ ഞാനും ഒരു ഒറ്റയാനായിരുന്നു. ഓഫീസുവിട്ടാല്‍ എന്‍റെ ഒറ്റമുറി അപ്പാര്‍ട്ടുമെന്‍റില്‍ അടച്ചിരിക്കും. വീക്കെന്‍റുകള്‍ ഭീകരങ്ങളായിരുന്നു. എന്നും ജോലിത്തിരക്കുള്ള ദിവസങ്ങളായിരുന്നെങ്കില്‍ എന്നു ആഗ്രഹിച്ചിട്ടുണ്ട്‌ ഞാന്‍. എന്‍റെ ക്യുബിക്കിളില്‍ മോണിറ്ററില്‍ മുഖം പൂഴ്ത്തി വൈകിട്ടുവരെ അങ്ങനെ ഇരിക്കാം. മീറ്റിംഗുകളില്ലെങ്കില്‍ ആരും വരില്ല ശല്യപ്പെടുത്താന്‍.

വീക്കെന്‍റുകളില്‍ ഞാന്‍ മിക്കവാറും കിടന്നുറങ്ങും. അത്ര സുഖകരമല്ല എന്‍റെ ഉറക്കം. ദുസ്വപ്നങ്ങള്‍ വേട്ടയാടിക്കൊണ്ടേ ഇരിക്കും. പൂര്‍ണ്ണതയെത്തുന്നതിനു മുന്പ്‌ ചരടു മുറിയുകയും ചെയ്യും. പിന്നെ കുറേ നേരത്തേയ്ക്ക്‌ ഉറക്കം വരികയുമില്ല. ഒന്നുറങ്ങിക്കിട്ടിയാല്‍ മുറീഞ്ഞുപോയ സ്വപ്നത്തെ പിന്‍തുടര്‍ന്നു പിടിക്കാമെന്നു വ്യാമോഹിച്ച്‌ ഞാന്‍ ഉറങ്ങാന്‍ കഠിനപ്രയത്നം നടത്തിക്കൊണ്ടുമിരിക്കും.

ഒരു ഓണ്‍ലൈന്‍ സുഹൃത്തില്‍ നിന്നു കിട്ടിയ ഉപദേശപ്രകാരമാണ്‌ ചൂണ്ടയിടല്‍ ഹോബിയായി പരീക്ഷിക്കാമെന്നു വച്ചത്‌. ചൂണ്ടയിടലിനെക്കുറിച്ച്‌ ആകാവുന്ന പുസ്തകങ്ങളൊക്കെ വായിച്ചു. കടകളില്‍ കയറിയിറങ്ങി സാധനസാമഗ്രികളൊക്കെ സംഘടിപ്പിച്ചു.

മൂന്നുനാലു വീക്കെന്‍റുകളില്‍ പുഴയോരത്തു പോയിരുന്നു പരീക്ഷിച്ചു. മീനുകള്‍ എന്നെ ഗൌനിച്ചേയില്ല.

സമയങ്ങള്‍, ചൂണ്ടകള്‍, ഇരകള്‍ ഒക്കെ മാറി മാറി പരീക്ഷിച്ചു. ഒന്നും ഫലിച്ചില്ല. പക്ഷേ ഒട്ടും ബോറടിച്ചില്ല എനിക്ക്‌. മണിക്കൂറുകളോളം ചൂണ്ടയും പിടിച്ച്‌ അനങ്ങാതെ അങ്ങനെ ഇരുന്നു. പല ദിവസങ്ങള്‍.

അങ്ങനെ ഒരു ദിവസമാണ്‌ വിക്ടര്‍ അയാളുടെ ചെറിയൊരു മോട്ടോര്‍ ബോട്ടില്‍ ഞാനിരിക്കുന്നതിനടുത്തുകൂടെ വന്നത്‌. അയാളും ചൂണ്ടയിടുകയായിരുന്നു. ഒരു ബക്കറ്റിനകത്ത്‌ അന്നു അയാള്‍ പിടിച്ച മീനുകളെ കാണിച്ചു തന്നു. അഞ്ചാറു്‌ എണ്ണം പറഞ്ഞ മീനുകള്‍. ബക്കറ്റിലെ ഇത്തിരിവെള്ളത്തില്‍ മുഖം മാത്രം മുക്കിവെച്ച്‌ അവ ചെകിളകളനക്കി ദൈവഹിതം കാത്തു കിടക്കുന്നു.

വിക്ടര്‍ കാലിയായ എന്‍റെ ബക്കറ്റുകണ്ട്‌ ആര്‍ത്തു ചിരിച്ചു. എന്നെ പിടിച്ചു വലിച്ച്‌ ബോട്ടില്‍ കയറ്റി.

"മൈ ഫ്രണ്ട്‌.." അയാള്‍ പറഞ്ഞു, "ചൂണ്ടയിടുന്നതിന്‌ ഒരു നേക്കുണ്ട്‌. ഞാന്‍ പറഞ്ഞു തരാം."

ടൈഡിനനുസരിച്ചു സമയം ക്രമീകരിക്കുന്നതിനെപ്പറ്റിയും ഓരോ മീനിനെപിടിക്കാനുള്ള പ്രത്യേകം പ്രത്യേകം ഇരകളെപ്പറ്റിയും അയാള്‍ പറഞ്ഞു തന്നു.

തന്‍റെ ഈസ്റ്റേണ്‍ യൂറോപ്യന്‍ ആക്സന്‍റില്‍ നിര്‍ത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അയാള്‍ തെരുതെരെ മീനുകളെ ചൂണ്ടയില്‍ കൊരുക്കുന്നുണ്ടായിരുന്നു. ബക്കറ്റു നിറഞ്ഞപ്പോള്‍ പിന്നെ പിടിച്ചതിനെയൊക്കെ എന്‍റെ ബക്കറ്റിലേയ്ക്കിട്ടു.

അയാള്‍ തന്ന പുതിയൊരു ഇര കൊളുത്തി ഞാന്‍ എന്‍റെ ആദ്യത്തെ മീനിനെ പിടിച്ചു. വൈറ്റ്‌ ഫിഷ്‌ എന്ന ഒരു ചെറിയമീനായിരുന്നു അത്‌. വലിച്ചെടുത്ത്‌ കയ്യിലൊതുക്കിയപ്പോള്‍ അതെന്‍റെ നേരെ നോക്കി. പിടച്ചതേയില്ല. തന്‍റെ വിധി അതിനു സുവ്യക്തമായിരുന്നെന്നു തോന്നിപ്പോയി.

ഹുക്ക്‌ അതിന്‍റെ തൊണ്ടയില്‍ നിന്ന്‌ വിടുവിക്കാന്‍ ഞാന്‍ കിണഞ്ഞു ശ്രമിച്ചു. അതാണെങ്കില്‍ കൂടുതല്‍ ആഴ്ന്നിറങ്ങുകയായിരുന്നു. മീന്‍റെ ചോര അതിന്‍റെ ചെകിളകളിലൂടെ കിനിഞ്ഞിറങ്ങി. പെട്ടെന്നു തോന്നിയ വെപ്രാളത്തില്‍ ഞാന്‍ കൈവിട്ടു. തൊണ്ടയില്‍ കുരുങ്ങിയ കൊളുത്തും വലിച്ചു കൊണ്ട്‌ രക്ഷപ്പെടാന്‍ അത്‌ ആത്മാര്‍ത്ഥമായി ശ്രമിച്ചു.

വിക്ടര്‍ എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഒന്നും തലയില്‍ കയറിയില്ല. എന്‍റെ പേനാക്കത്തിയെടുത്ത്‌ നൂലു ഞാന്‍ മുറിച്ചു കളഞ്ഞു. തൊണ്ടയില്‍ കുരുങ്ങിയ കൊളുത്തും കൊണ്ട്‌ അതു പോയി.

വിക്ടറിന്‌ ദേഷ്യം വന്നു. ആദ്യമായി പിടിച്ച മീനിനെ വിട്ടുകളഞ്ഞ ഞാനൊരു മണ്ടനാണെന്ന്‌ അയാള്‍ പറഞ്ഞു. കൂടെ എങ്ങനെ പിടിക്കണമായിരുന്നു, എങ്ങനെ ഹുക്ക്‌ അഴിച്ചെടുക്കണമായിരുന്നു എന്നൊക്കെ ഉപദേശവും.

ഒരു മരപ്പെട്ടി തുറന്ന്‌ അയാള്‍ ഒരു കുപ്പി പുറത്തെടുത്തു. വീഞ്ഞുണ്ടാക്കിയതിന്‍റെ ബാക്കി മുന്തിരിച്ചണ്ടി വാറ്റിയെടുക്കുന്ന മൂണ്‍ഷൈന്‍ എന്ന ചാരായം ആയിരുന്നു അത്‌. കുപ്പിയില്‍ നിന്ന്‌ നേരെ അത്‌ അയാള്‍ വായിലേയ്ക്ക്‌ കമഴ്ത്തി.

'ഇത്തിരി മദ്യം എനിക്കും തരൂ' എന്നു ഞാന്‍ പറഞ്ഞോ എന്ന്‌ ഓര്‍മ്മയില്ല. ഒരിറക്കു കൂടി കമഴ്ത്തിയിട്ട്‌ അയാള്‍ കുപ്പി എന്‍റെ നേരെ നീട്ടി. വല്ലാത്തൊരു മണമായിരുന്നു അതിന്‌. അതു തൊട്ടിടമൊക്കെ തണുത്തു. ഇറക്കിയപ്പോള്‍ തൊണ്ട പൊള്ളി. രണ്ടു കവിളു കുടിച്ചു കഴിഞ്ഞപ്പോള്‍ ആകെയൊരു ഉന്മേഷം തോന്നി.

ഒരിറക്ക്‌ വായിലൊഴിച്ചിട്ട്‌ അയാള്‍ കത്തിച്ചു പിടിച്ച സിഗാര്‍ലൈറ്ററിന്‍റെ നേരെ അതു തുപ്പി. നീല നിറത്തില്‍ മൂണ്‍ഷൈനിനു കത്തുപിടിച്ചപ്പോള്‍ തീതുപ്പുന്ന ഒരു ഡ്രാഗണിനെ ഓര്‍മ്മിപ്പിച്ചു അയാളുടെ മുഖം.

അയാള്‍ ചെയ്യുന്നതൊക്കെ നോക്കിക്കൊണ്ട്‌ ബോട്ടിന്‍റെ ഡെക്കില്‍ മലര്‍ന്നു കിടന്നു. വെയിലണഞ്ഞു തുടങ്ങിയിരുന്നു. പകരം മൂണ്‍ഷൈന്‍ ഉള്ളില്‍ തീകത്തിച്ചുകൊണ്ടിരുന്നു.

ഈ പിടിച്ചു കൂട്ടിയിരിക്കുന്ന മീനുകളെ ഒക്കെ അയാളെന്തുചെയ്യുമെന്ന്‌ ഞാന്‍ അല്‍ഭുതപ്പെട്ടു. നാട്ടിലെ ഒരു മീന്‍വില്‍പ്പനക്കാരന്‍റെ കൊട്ടയില്‍ കാണുന്നത്രയും മീനുകളുണ്ടായിരുന്നു അയാളുടെ ബക്കറ്റില്‍.

എന്‍റെ ചോദ്യം മുഖത്തുനിന്നു വായിച്ചെടുത്തിട്ടെന്നപോലെ അയാള്‍ പറഞ്ഞു.

"മൈ ഫ്രന്‍റു്‌, ഈ മീനുകളെയൊക്കെ യുക്രെയിനില്‍ നിന്നു കൊണ്ടുവന്ന എന്‍റെ റോസ്‌ചെടികള്‍ക്ക്‌ വളമിടാന്‍ കൊണ്ടുപോകുകയാണ്‌."

മീനുകള്‍ റോസിന്‌ നല്ല വളമാണത്രെ. ജീവനോടെ കൊണ്ടുപോയി ചെടികളുടെ ചോട്ടിലിട്ട്‌ മൂടണം. ജീവനുള്ള മീനുകളെ വളമിട്ടാല്‍ റോസുകള്‍ കൂടുതല്‍ ചുവന്നിരിക്കുമത്രെ. അവയ്ക്ക്‌ രക്തത്തിന്‍റെ നിറം വരുമെന്ന്‌.

കാഴ്ചകള്‍ നിറം മങ്ങി. അതില്‍ ചോരച്ചുവപ്പു കലരാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ കണ്ണടച്ചു കിടന്നു. എപ്പോഴാണ്‌ ഉറങ്ങിപ്പോയതെന്ന്‌ അറീയില്ല.

ഉണര്‍ന്നപ്പോള്‍ ദാ ഇങ്ങനെ ഇവിടെ കിടക്കുകയാണ്‌. എപ്പോഴാണ്‌, എങ്ങനെയാണ്‌ തിരിച്ചെത്തിയതെന്ന്‌ ഒരു പിടിയുമില്ല. വാതിലുകളൊക്കെ തുറന്നു കിടക്കുന്നു.

തലയ്ക്ക്‌ അടിയേറ്റതുപോലെ വേദന. മൂണ്‍ഷൈനിന്‍റെ ബാക്കി. ഷെല്‍ഫുകളിലൊക്കെ തപ്പി നോക്കി. ഒരു തുള്ളിപോലും ഇരിപ്പില്ല. ആകെയൊരു പെരുപ്പ്‌. വീണ്ടും കിടന്നുറങ്ങാമെന്നുകരുതി. വിക്ടറും മീനുകളും തലയില്‍ നിറഞ്ഞു. ഇടയ്ക്കിടെ റോസാപ്പൂവിന്‍റെ ചോരച്ചുവപ്പ്‌ തികട്ടിവന്നു. ആളില്ലാതെ ഒഴുകിനടക്കുന്ന ഒരു ബോട്ടും.

* * * *

രണ്ട് മാസം കഴിഞ്ഞാണ്‌ വിക്ടറിനെ പുഴയില്‍ നിന്ന്‌ കിട്ടിയത്‌. അയാളുടെ ചുണ്ടുകള്‍ മീന്‍ തിന്നു പോയിരുന്നു. പോസ്റ്റ്‌ മോര്‍ട്ടത്തില്‍ തൊണ്ടയില്‍ നിന്ന്‌ ഒരു ചൂണ്ടക്കൊളുത്തും കിട്ടിയത്രെ.

തൊണ്ടയില്‍ കൊളുത്തുമായി ജീവന്‍ തിരിച്ചു മേടിച്ചു പോയ മീന്‍ പിന്നെയും ഉറക്കത്തില്‍ വന്നു വിളീച്ചുകൊണ്ടിരുന്നു. ചൂണ്ടയിടാന്‍ പോകാന്‍.

പക്ഷേ പിന്നെ ഒരിക്കലും ചൂണ്ടയിടാന്‍ പോയില്ല. പകരം ഞാന്‍ യുക്രെയ്നിയന്‍ റോസ്‌ ചെടികള്‍ വളര്‍ത്താന്‍ തുടങ്ങി. അവ ചോരച്ചുവപ്പുള്ള പൂക്കള്‍ വിടര്‍ത്തി.

2009, ഫെബ്രുവരി 12, വ്യാഴാഴ്‌ച

മറന്നു വച്ചത്‌

നിങ്ങള്‍ക്കറിയാമോ
ഇറയത്തെ ചുവരില്‌
കടന്നലുകള്‍ പണ്ടേ ഉപേക്ഷിച്ചുപോയ
ഒരു തുളയ്ക്കുള്ളില്‌
ഞാനെന്‍റെ കുട്ടിക്കാലം
ഒളിച്ചു വച്ചിട്ടുണ്ട്‌.

അട്ടത്തെ
പഴയ പുസ്തകക്കെട്ടുകള്‍ക്കിടയില്‌
ഇരട്ടവാലന്‍ തിന്നുതീര്‍ന്നിട്ടുണ്ടാവില്ല
എന്‍റെ പ്രണയം

തൊഴുത്തിന്‍റെ പുറകില്‌
തുരുമ്പ്‌ വിഴുങ്ങിക്കഴിഞ്ഞിട്ടുണ്ടാവില്ല
രണ്ടു ചക്രമുള്ള
എന്‍റെ നാടുകാഴ്ചകളെ.

വിറകുപുരയ്ക്കുള്ളിലെ
തകരപ്പെട്ടിയില്‌
ഇപ്പോഴുമുണ്ടാവും
മൂര്‍ച്ച തീര്‍ന്നുപോയ,
മുഖത്തൊന്നു പൌരുഷം പിരിച്ചുവയ്ക്കാന്‍
ഞാന്‍ പെട്ട പെടാപ്പാടുകള്‍.

അടുക്കളയില്‍
അമ്മയുടെ ഉപ്പുമാങ്ങാ ഭരണിക്കുള്ളില്‌
അഴുകിത്തുടങ്ങിയിട്ടുണ്ടാവും
എന്‍റെ മനസ്സ്‌.

മറന്നുവച്ചതല്ല,
മറക്കാന്‍ വച്ചത്‌.

2009, ഫെബ്രുവരി 7, ശനിയാഴ്‌ച

പത്താമിപത്താമിയുടെ വീട്‌ ഭൂമീന്‍റെ അറ്റത്താണ്‌.

അരീക്കുന്നിന്‍റെ നിറുകയില്‌ ആകാശം തോട്ടു തൊട്ടില്ലഎന്നാണതിന്‍റെ ഒരു നില്പ്പ്‌. അരീക്കുന്ന്‌ കുട്ടികള്‍ക്ക്‌ പോകാന്‍ പറ്റിയ സ്ഥലമല്ല. നട്ടുച്ചയ്ക്കുപോലും അവടെ കുറുക്കന്മാരു്‌ പാഞ്ഞു നടക്കും. രാത്രിയായാല്‍ കഴുതപ്പുലികളുടെ ചിരികളാണ്‌.

പത്താമിക്ക്‌ അതൊന്നും ഒരു പ്രശ്നമല്ല. വെള്ളിയാഴ്ച രാത്രികൂടി പാട്ടുംപാടി കുന്നു കേറിപ്പോകണതു കാണാം.

പത്താമി ഷര്‍ട്ടിടില്ല. ഒരു ദുബായ്‌ ലുങ്കി* ആണുടുക്കുക. പച്ച നിറത്തില്‌ വീതികൂടിയ ഒരു ബെല്‍ട്ടും കെട്ടും. ബെല്‍ട്ടില്‌ എപ്പോഴും ഒരു മടക്കപ്പിച്ചാത്തിയും ഉണ്ടാവും.

രാവിലെ അങ്ങാടീലെത്തും. ഞായറാഴ്ച ആണെങ്കില്‍ എറ്ച്ചിക്കാരന്‍ അബ്ദ്വാക്കേന്‍റെ പീട്യേല്‌ സഹായത്തിന്‌ നിക്കും. ആടിന്‍റെ തോലു പൊളിക്കണതും ചോര കെഴുകണതുമൊക്കെ പത്താമ്യാണ്‌. ആടിനെ കൊന്നാലുടനെ പത്താമി ആടിന്‍റെ കൂമ്പ്‌ പച്ചയ്ക്കു കടിച്ചു തിന്നും. ഒരു ഗ്ളാസ്സ്‌ പച്ചവെള്ളവും കുടിക്കും. ആടിന്‍റെ കൂമ്പു തിന്നാല്‍ ഇടികിട്ട്യതിന്‍റെ കേടൊക്കെ തീരുമത്രെ. പത്താമിക്കെവടന്നാ ഇടി കിട്ടണേന്നാര്‍ക്കും അറിയില്ല.

ഇറച്ചിപ്പണി ഇല്ലെങ്കില്‌ പത്താമി ഗഫൂറാക്കേന്‍റെ റേഷന്‍ പീട്യേല്‌ണ്ടാവും. അവടെ പൂത്ത അരി അടിച്ചു വാരലും അതു കഴുകി ഒണക്കി പൊടിക്കാന്‍ കൊണ്ടോവലും ഒക്കെ ആണു ഏര്‍പ്പാട്‌.

പത്തേമി അധികാരോടും മിണ്ടാറില്ല. കുട്ട്യളോടാണ്‌ പിന്ന്യും എപ്പോഴെങ്കിലും മിണ്ട്വ. പക്ഷേ കുട്ട്യോളും അയാളെ കളിയാക്കും.

"പത്താമ്യേയ്‌ പൂയ്‌.. പെണ്ണുകെട്ടണ്ടേ.." ന്ന്‌ ചെക്കന്മാരു്‌ വിളിച്ചു കൂവും. അതു കേട്ടാ പത്താമിയ്ക്കു കലിയാണ്‌. കണ്ണിക്കണ്ട സാധനം എടുത്ത്‌ എറിയും. ഒരിക്കല്‍ കറപ്പേട്ടന്‍റെ മോന്‍ സന്തോഷിനെ കരിങ്കല്ലോണ്ട്‌ എറിഞ്ഞത്‌ ഓന്‍റെ നെറ്റിക്ക്‌ കൊണ്ടു. ചെക്കന്‍ ചോര്യും ഒലിപ്പിച്ച്‌ പെരേല്‌ ചെന്നപ്പം കറപ്പേട്ടന്‍ തോണീന്‍റെ പങ്കായും എടുത്ത്‌ പത്താമീനെ തല്ലാന്‍ ചെന്ന്‌. പത്താമി ബെല്‍ട്ട്‌ന്ന്‌ പിച്ചാത്തി ഊരി. അതോടെ കറപ്പേട്ടന്‌ പങ്കായും കൊണ്ട്‌ തിരിച്ചു പോകേണ്ടീം വന്നു.

സ്കൂള്‌ന്ന്‌ പോകുമ്പം ഇടയ്ക്ക്‌ പത്താമി അരി പൊടിപ്പിക്കാന്‍ പോകണ്ടാവും. ഇന്നോട്‌ വല്യ കാര്യേര്ന്ന്‌. ഞാനതുവരെ കളിയാക്കാന്‍ ഒന്നും പോയിട്ടില്യ. ബാക്കിള്ള ചെക്കന്മാരു്‌ പേരു്‌ വിളിച്ചു കൂവുമ്പം ഞാന്‌ അവരെ കൂട്ടത്തില്‌ കൂടാതെ മാറി നടക്കും.

പത്താമി ഇടയ്ക്ക്‌ ഐസ്‌ വാങ്ങിത്തരും. ഐസ്‌ വാങ്ങാന്‍ വീട്ട്‌ന്ന്‌ നയാ പൈസ കിട്ടില്ല. ബാക്കി ചെക്കന്മാരൊക്കെ മുന്തിരി ഐസും സേമിയ ഐസും വാങ്ങി നക്കിത്തിന്നുമ്പം ഞാന്‍ വെറുതേ ഇങ്ങനെ നൊണച്ചിരിക്കും*. കൊറേ എണ്ണത്തിനെങ്കിലും വയറെളകീട്ടുണ്ടാവും ഞാന്‍ കാരണം.

ഒരിക്കല്‌ ഞാന്‍ മാത്രം ഐസ്‌ തിന്നാണ്ടെ മാറിയിരിക്കണത്‌ പത്താമി കണ്ട്‌. അയാള്‌ ന്നോട്‌ 'ന്തേയ്‌ അണക്ക്‌* ഐസ്‌ തിന്നണ്ടേ' ന്നു ചോദിച്ച്‌. 'ഐസ്‌ അയാള്‌ ബെര്‍ദെ തെരൂലല്ലോന്ന്‌' ഞാനും പറഞ്ഞ്‌. ന്‍റെ കയ്യില്‌ പൈസ ഇല്യാന്ന്‌ മനസ്സിലായിട്ടാവും ഒരു മുന്തിരി ഐസ്‌ വാങ്ങി എന്ടെ നേരെ നീട്ടി.

മടിച്ചു മടിച്ചാണ്‌ ഞാന്‍ അതു വാങ്ങിയത്‌. അച്ഛന്‍ അറിഞ്ഞാല്‌ ചീത്ത കേക്കും. അങ്ങാടീലാണെങ്കില്‌ ചൂടോടെ വാര്‍ത്ത വീട്ടിലെത്തിക്കാന്‍ ആളേള്‌ണ്ട്‌. ഇറയില്‌ ഒരു പുളിവാറല്‌ തിരുകി വെച്ചിട്ട്‌ണ്ട്‌ അച്ഛന്‍. അതില്‌ എന്‍റെ തൊടേലെ തോല്‌ നല്ലോം പതിഞ്ഞിട്ടും ണ്ട്‌.

ഞാന്‍ പത്തേമീനോട്‌ അടുത്ത്‌ കൂട്യത്‌ അതോണ്ടൊന്നും അല്ല. അരീക്കുന്ന്‌ കേറണം. മാനത്ത്‌ മുട്ടണ അയാള്ടെ പൊരേന്‍റെ അകത്തോളം പോയി നിന്നിട്ട്‌ അങ്ങാടി മുഴുവന്‍ കാണണം. ചാലിയാര്‍ പൊഴയും പാടവും ഉസ്കൂളും എള്ളാത്തെ ആനക്കൊട്ടിലും ഒക്കെ ചെറ്തായി ചെറ്തായി പോണദ്‌ കാണണം.

പാടത്ത്‌ മേഞ്ഞ്‌ നടക്കണ പൈക്കളെ* ഒക്കെ കൈവെള്ളേല്‌ വെക്കാന്‍ പാകത്തിന്‌ ചെറ്ദായിട്ട്‌ കാണാത്രെ. എള്ളാത്തെ കൊമ്പനാനേനെ സിദ്ധാര്‍ത്ഥന്മാഷ്ടെ അലമാരയിലിരിക്കണ മരം കൊണ്ട്ള്ള ആനക്കുട്ടീനെപ്പോലെ ചെറ്ദായി കാണാം. തോട്ട്‌വക്കത്ത്‌ പെണ്ണുങ്ങള്‌ കുളിക്കണത്‌ ഒരു പുള്ളി പോലെ കാണാം. സ്കൂളു മുറ്റത്ത്‌ ചെക്കന്മാരു്‌ ചൂടിപ്പന്ത്‌ കളിക്കണതും പെങ്കുട്ട്യോള്‌ കക്ക്‌ കളിക്കണതും കാണാം. ഇതൊക്കെ പത്താമി തന്നെ പറഞ്ഞതാണ്‌ ട്ടോ.

എന്നെങ്കിലും ആരും അറിയാതെ അരീക്കുന്ന്‌ കേറാന്‍ പോകണം ന്ന്‌ തീരുമാനിച്ചിരുന്നു. പക്ഷെ ഒറ്റയ്ക്ക്‌ പോകാന്‍ ധൈര്യം ഇല്ല. ചെക്കന്മാരെ ആരെയെങ്കിലും വിളിക്കാന്‍ ചെന്നാല്‌ അത്‌ വീട്ടിലറിയും. ഇപ്പം തന്നെ സന്തോഷും ഓന്‍റെ കമ്പനിക്കാരും* ഞാന്‍ പോകുമ്പം 'പത്താമീന്‍റെ കോലൈസ്‌ തിന്നോനേ..' ന്ന്‌ വിളിച്ച്‌ കൂവണത്‌ ഞാന്‍ കേക്കാത്ത മാതിരി നടക്ക്വാണ്‌.

കഴിഞ്ഞ കൊല്ലം ആഗസ്റ്റ്‌ പതിനഞ്ചിന്‍റെ അന്നാണ്‌ ഒരു ചാന്‍സ്‌ ഒത്തു കിട്ട്യത്‌. സ്കൂള്ന്ന്‌ നേരത്തെ ചാടി. പതാക ഉയര്‍ത്തിക്കഴിഞ്ഞ ഒടനെ. വിചാരിച്ച പോലെത്തന്നെ പത്താമി റേഷന്‍പീട്യേലെ പണി കഴിഞ്ഞ്‌ കുന്ന്‌ കേറാന്‍ പോക്വാരുന്നു.

'പത്താമ്യേ ന്ന്യും കൂട്ടൂ' ന്ന്‌ വിളിച്ചു പറഞ്ഞോണ്ട്‌ ഓടിച്ചെന്നു. പത്താമിക്ക്‌ സന്തോഷായി. തിന്നോണ്ടിരുന്ന പരിപ്പുവടയുടെ കടിക്കാത്ത ഭാഗത്ത്‌ന്ന്‌ ഒരു കഷണം പൊട്ടിച്ച്‌ എനിക്കു തന്നു.

ശെരിക്കും സ്വര്‍ഗ്ഗം കിട്ട്യപോലേരുന്ന്‌ എനിക്ക്‌. കുന്ന്‌ കേറണതിന്‍റെ ക്ഷീണം ഒന്നും അറിഞ്ഞതേ ഇല്ല. കേറണേനനുസരിച്ച്‌ കാഴ്ചകള്‌ ചെറുതായി ചെറുതായി വന്നു. ദൂരേയ്ക്ക്‌ ദൂരേയ്ക്ക്‌ കാണാനും തുടങ്ങി.

ചാലിയാര്‍പൊഴ വളഞ്ഞ്‌ പൊളഞ്ഞ്‌ ഒരു ചേരപ്പാമ്പ്‌ എലീനെ തിന്ന്‌ കെടക്കണപോലെ. മണക്കടവിനടുത്ത്‌ പൂഴിത്തോണിക്കാരുണ്ടെന്ന്‌ ഞാന്‍ പറഞ്ഞു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. വല്യ എമണ്ടന്‍ തോണികളില്‌ അവരു്‌ പൂഴി നെറച്ച്‌ വല്യേ കഴുക്കോലുകൊണ്ട്‌ ഉന്തുന്നു.

പത്തേമിക്ക്‌ അതൊന്നും ഒരു കാഴ്ച അല്ലായിരുന്നു. അയാള്‌ എന്നും കാണണതല്ലേ. എള്ളാത്തെ ആനേനെ കാണാന്‍ പറ്റീല്ല. അതിനെ എഴുന്നള്ളിക്കാന്‍ കൊണ്ടോയിരിക്കാണത്രെ.

ആകാശം പിന്ന്യും പിന്ന്യും മോളില്ക്ക്‌ പോയിക്കൊണ്ടിരിക്ക്വേരുന്നു. അരീക്കുന്നിന്‍റപ്പുറത്തുള്ള കാഴ്ചകളും കാണാന്‍ തുടങ്ങി. രാനാട്ടര അങ്ങാടി കൊറച്ച്‌ കാണാന്‍ പറ്റണ്‌ണ്ടാരുന്നു. അരീക്കുന്നിന്‍റെ അപ്പറത്ത്‌ ഒരു ലോകം ണ്ടെന്ന്‌ അന്നാണ്‌ മനസ്സിലായത്‌.

നമ്പര്‍ ലോക്കായിരുന്നു പത്താമീന്‍റെ പൊരയ്ക്ക്‌. 7-8-6 ന്ന്‌ അയാള്‌ തിരിച്ച്‌ തൊറക്കണത്‌ ഞാന്‍ മനപ്പാഠാക്കി.

പത്താമി കരിങ്കല്ലോണ്ട്ണ്ടാക്കിയ ഒരു ക്‌അ്‌ബേന്‍റെ രൂപം കാണിച്ചു തന്നു. നല്ല ഭംഗിണ്ടായിരുന്നു അതിന്‌. ഞാന്‍ അത്‌ തിരിച്ചും മറിച്ചും നോക്കണ കണ്ട്‌ അത്‌ ന്നോട്‌ ഇടുത്തോളാന്‍ പറഞ്ഞു. ക്‌അ്‌ബ മാപ്ളാരെ സ്ഥലം ആയതുകൊണ്ട്‌ വീട്ടില്‌ കൊണ്ടു ചെന്നാല്‌ അമ്മ ചീത്ത പറയ്വോന്ന്‌ പേടി ണ്ടായിരുന്നു. ന്നാലും വേണ്ടാന്ന്‌ പറഞ്ഞില്ല. അത്‌ ട്രൌസറിന്‍റെ പോക്കറ്റില്‌ കേറീല. കയ്യില്‌ തന്നെ പിടിച്ചു. നല്ലോണം പണി ഇട്ത്തിട്ട്‌ണ്ടാവും പത്താമി അത്‌ ഉണ്ടാക്കാന്‍. കരിങ്കല്ലോണ്ടല്ലേ.

ഇന്നെ പൊരേന്‍റെ ഉമ്മറത്ത്‌ ഇരുത്തീട്ട്‌ പത്താമി അകത്തേയ്ക്ക്‌ പോയി. ഞാന്‍ കാഴ്ചകളൊക്കെ കണ്ടോണ്ട്‌ ഇരിക്ക്വേരുന്നു. അപ്പോഴാണ്‌ അകത്തേയ്ക്ക്‌ വിളിച്ചത്‌. ഞാന്‍ അകത്തേയ്ക്ക്‌ ചെന്നപ്പം ആകെ ഇരുട്ട്‌.

പത്താമിക്ക്‌ കുന്നിന്‍റെ മോളില്‌ കരണ്ടൊന്നും ഇല്ല. ഒരു റാന്തല്‌ അവടെ തൂങ്ങിക്കെടപ്പുണ്ടായിരുന്നു. അപ്പോ പത്താമി പിറകില്‌ന്ന്‌ എന്‍റെ തോളത്ത്‌ കയ്യ്‌ വെച്ചു. തിരിഞ്ഞു നോക്കിയപ്പോ പത്താമീണ്ട്‌ തുണി ഉടുക്കാണ്ടെ നിക്കണ്‌. അയാള്‌ടെ ചുക്കുമണി വീര്‍ത്ത്‌ ഒരു കുന്തം പോലെ നീണ്ട്‌ നിക്കണ്‌.

സംഭവം എന്തോ പന്തി അല്ലാന്ന്‌ എനിക്ക്‌ തോന്നി. തോളത്ത്‌ പിടി വിടുവിച്ച്‌ ഞാന്‌ ഓടാന്‍ നോക്കി. അയാള്‌ വാതില്‌ മറഞ്ഞ്‌ നില്ക്കാണ്‌. തൂറാന്‍ മുട്ട്യ നായ്ക്കളെ ചേല്ക്ക്‌* ആകെ ഒരു വെപ്രാളവും പരവേശവും. ന്‍റെ നിക്കറീന്‍റെ മോളില്‌ പിടിക്കാന്‍ നോക്കി. ഞാന്‌ ഒഴിഞ്ഞു മാറി. കയ്യില്‌ണ്ടാരുന്നത്‌ ക്‌ബേന്‍റെ കരിങ്കല്ലൊണ്ട്ള്ള രൂപം ആയിര്ന്ന്‌. അതോണ്ട്‌ അയാളെ നെറ്റിക്ക്‌ ഇന്നെക്കൊണ്ട്‌ പറ്റുമ്പോലെ ആഞ്ഞൊന്ന്‌ കൊട്ത്ത്‌. ചോര അങ്ങട്ട്‌ ചീറ്റി. അയാളവടെ കൊയഞ്ഞ്‌ വീണു. വാതിക്കല്ന്ന്‌ അയാള്‌ മാറിയ തക്കത്തിന്‌ ഞാന്‍ ഇറങ്ങി ഓടി.

കേറ്യ ദൂരത്തിനേക്കാളും ണ്ടേരുന്നു തിരിച്ചെറങ്ങാന്‍. എവടൊക്ക്യോ തട്ടി മുട്ടി വീണ്‌ കയ്യിന്‍റ്യും കാലിന്‍റ്യും മുട്ടൊക്കെ പൊട്ടി നാശായി. നേരെ വീട്ടിലിക്ക്‌ ആണ്‌ ഓടിച്ചെന്നത്‌. അവടെ എത്ത്യപ്പം അമ്മണ്ട്‌ മുറ്റത്തെന്നെ നിക്കണു.

എന്തൊക്ക്യോ നൊണ പറയാന്‍ തോന്നിച്ചതുകൊണ്ട്‌ രക്ഷപ്പെട്ടു.

പത്താമി ചത്ത്‌ പോയിട്ട്‌ണ്ടാവ്വോന്ന്‌ പേടി ണ്ടേര്ന്ന്‌ എനിക്ക്. കൊറേ ദെവസം പിന്നെ റേഷന്‍പീട്യേന്‍റെ വഴിക്കൊന്നും പോയില്ല.

ഒരു അഞ്ചാറു്‌ ദെവസം കഴിഞ്ഞിട്ട്‌ണ്ടാവും, ഉസ്കൂള്‌ പറമ്പില്‌ ചെക്കന്മാരു്‌ ഐസ്‌ തിന്നണത്‌ നോക്കി ഒരു പറങ്ക്യാവിന്‍റെ കൊമ്പില്‌ ഇരിക്കേരുന്നു ഞാന്‍.

ഒരു കൂക്ക്‌ കേട്ട്‌ തിരിഞ്ഞ്‌ നോക്ക്യപ്പം പത്താമീണ്ട്‌ ഒരു ഐസും നീട്ടിപ്പിടിച്ച്‌ നിക്കണ്‌. തലേല്‌ ഒരു വെച്ചുകെട്ടൊക്കെ ണ്ട്‌.

ഞാന്‍ നീട്ടി ഒരു തുപ്പു വെച്ചു കൊടുത്തു.------------------
മാപ്പള -- മലബാറില്‍ മാപ്പള എന്നാല്‍ മുസ്ലിം ആണ്‌.
പൈക്കള്‍ -- പശുക്കള്‍
ദുബായ്‌ ലുങ്കി -- പോളിസ്റ്റര്‍ ലുങ്കി
നൊണച്ചിരിക്കുക -- കൊതിച്ചിരിക്കുക
അണക്ക്‌ -- നിനക്ക്‌
കമ്പനിക്കാരു്‌ -- കൂട്ടുകാരു്‌
ചേല്‌ക്ക്‌ -- പോലെ

2009, ഫെബ്രുവരി 5, വ്യാഴാഴ്‌ച

വേണ്ടാതീനം

യാത്രാദൈര്‍ഘ്യം പോലെ നീണ്ടൊരു വണ്ടിയില്‍
അപരിചിതത്വത്തിന്‍റെ ഒരു കൂപ്പേയില്‍
എതിര്‍സീറ്റുകളിലിരുന്ന്‌
കണ്ണുവെട്ടിച്ചു കൈവിട്ടുപോകുന്ന നോട്ടങ്ങളെ
കണ്ടില്ലെന്നു നടിച്ച്‌ ഇരിക്കുകയായിരുന്നു
ഞങ്ങളിരുവരും.

അന്തരീക്ഷത്തില്‍ വേരാഴ്ത്തി, തലയുയര്‍ത്തി
ഞങ്ങള്‍ക്കിടയില്‍ തിങ്ങിഞെരുങ്ങി
പടര്‍ന്നു പന്തലിച്ച ശീതസമരം പോലൊരു മരം
എപ്പോഴും തലയ്ക്കുമുകളിലേയ്ക്ക്‌ കടപുഴകി വീഴാമെന്ന്‌
ഭയപ്പെട്ടുകൊണ്ടിരുന്നപ്പോഴാണതു സംഭവിച്ചത്‌.

മൂന്നു സെക്കന്‍റു്‌ നീളത്തില്‍, താളത്തില്‍.

ഒരു വളി.

ദാതാവ്‌ അവളായിരുന്നെങ്കിലും
സ്വീകര്‍ത്താവിനും മുന്നേ
ചിരി തുടങ്ങിയതുമവളായിരുന്നു.

ശീതസമരത്തിന്‍റെ മരമില്ലാതായി
പൊട്ടിച്ചിരിയുടേയും സൌഹൃദത്തിന്‍റേതുമായി
വളര്‍ന്നു വന്ന മറ്റൊരു മരത്തിനുമൊപ്പം
എന്‍റെയുള്ളില്‍ എന്തോ ഒന്ന്‌ വളര്‍ന്നു വരുന്നുണ്ടായിരുന്നു

അവളുടെ ചിരികള്‍ക്കൊപ്പം കുലുങ്ങിച്ചിരിക്കുമ്പോള്‍
അതിനു ശിഖരങ്ങളുണ്ടായി
അവള്‍ക്കൊപ്പം കഥകള്‍ കയറുമ്പോള്‍
അതു പൂത്തു തളിര്‍ത്തു
അവളുടെ ആര്‍ദ്രമായ നോട്ടങ്ങളില്‍
കണ്ണു വെട്ടിച്ചതു വേരുകള്‍ നീട്ടി

അനിവാര്യമായൊരു യാത്രപറച്ചിലിന്‍റെ സ്റ്റേഷനില്‍
"ഇനിയെന്നെങ്കിലും കാണുമോ" എന്ന വിത്തെറിഞ്ഞുള്ള
അവളുടെ ഇറങ്ങിപ്പോക്കിനെതിരെ
യാത്രാദൈര്‍ഘ്യത്തിന്‍റെ വണ്ടി അനങ്ങിത്തുടങ്ങിയപ്പോഴേയ്ക്കും
ഉള്ളില്‍ വളര്‍ന്നുകൊണ്ടിരുന്നത്‌ ഉള്‍ക്കൊള്ളാനാവാതെയായിരുന്നു.

ഒടുക്കം അതു പുറത്തു വന്നു
ഒരു സെക്കന്‍റു കൂടുതല്‍ നീളത്തിലും താളത്തിലും..

'മറുവളി'.

2009, ജനുവരി 31, ശനിയാഴ്‌ച

ആറുമുഖം

http://ronbosoldier.blogspot.com/2007_12_01_archive.html
പത്തരയ്ക്ക്‌ ഇടിമുറീല്‍ കയറ്റിയതാണ്‌ അയാളെ. പീസീ അറുമുഖന്‍ ഒരു ഒന്നൊന്നര തച്ച്‌ പണിഞ്ഞു കഴിഞ്ഞു. ഒരാറു മാസത്തേയ്ക്ക്‌ അമ്മേന്നു വിളിക്കാതെ അയാളിനി മുള്ളില്ല. എന്നിട്ടും ഇതുവരെ കമാന്നൊരക്ഷരം മിണ്ടിയിട്ടില്ല.

അറുമുഖന്‍റെ ഓരോ ഇടിയും നെഞ്ഞുംകൂട്ടിനകത്തു നിന്ന്‌ ഞെക്കിപ്പിടിച്ച ഒരു അലര്‍ച്ചയെ ജനിപ്പിക്കുന്നുണ്ട്. ഇടിയുടെ ഇടവേളകളില്‌ ചോരക്കട്ടകള്‌ ചുമച്ചു തുപ്പുന്നു. എന്തൊരു മനുഷ്യനാണിത്‌? ഒന്നു ഉറക്കെ കരയുന്നു പോലുമില്ല.

കോണ്‍ഗ്രസ്സിന്‍റെ മണ്ഡലം പ്രസിഡന്‍റിന്‍റെ വീട്ടിലാണു കയറിയിരിക്കുന്നത്‌. അങ്ങേരുടെ മകളുടെ താലിമാലയാണു പോയത്‌. ഒരു തരത്തിലും ഇതൊന്ന്‌ ഒഴിഞ്ഞു പോകില്ല. വല്യൊരു മെനക്കേടായല്ലോ.

വനജ മക്കളേം കൂട്ടി സിനിമായ്ക്കു പോകാന്‍ പരിപാടിയും ഇട്ട്‌ ഇരിക്കുകയാണ്‌ ഇന്നലെ മുതല്‍. മാറ്റിനി മാറ്റി ഫസ്റ്റ്‌ ഷോയ്ക്കു പോകാമെന്നു വിളിച്ചു പറഞ്ഞിട്ടിപ്പോ മണിക്കൂറു രണ്ടായി. ഇങ്ങനെ പോയാല്‍ സെക്കന്‍റു്‌ ഷോയ്ക്കുപോലും പോക്കു നടക്കുമെന്നു തോന്നുന്നില്ല.

അലര്‍ച്ച ഒച്ച കൂടി വരുന്നുണ്ട്‌. പണ്ടാറടങ്ങാന്‍ ഇനി അയാളെങ്ങാന്‍ കാഞ്ഞു പോകുമോ? അറുമുഖാ പതുക്കെ..

കസേര നീക്കിയിട്ട്‌ കാലെടുത്തു മേശമേല്‍ കയറ്റി വച്ചു. ഒരു വില്‍സ്‌ കത്തിച്ച്‌ രണ്ടു പുക വിട്ടാല്‍ ഒന്നു റിലാക്സ്ഡായേനെ.

റൈട്ടറു്‌ നമ്പ്യാരു്‌ ഉച്ചയ്ക്കു പോയതാണ്‌. മുന്നൂറ്റിപ്പത്തും ഹേഡും രാത്രിയാവും വരാന്‍. ലോക്കപ്പൊക്കെ ഒഴിഞ്ഞു കിടക്കുന്നു. പഴയൊരു കെട്ടിടമാണിത്‌. നൂറ്റാണ്ടിന്‍റെ ആദ്യകാലത്തെങ്ങാനും കെട്ടിയതായിരിക്കണം. മച്ചിനു മുകളില്‍ മുഴുവന്‍ പഴയ ഫയലുകളാണ്‌. കൂട്ടിന്‌ എലിപ്പടയും. ഒരിക്കല്‍ ഒരു ചേരയെ കണ്ടിരുന്നു. അന്നതിനെ പോലീസുകാരൊക്കെക്കൂടി തല്ലിക്കൊന്നു.

അറുമുഖന്‍ കിതയ്ക്കുന്നതു കേള്‍ക്കാം. എന്തൊക്കെയോ തെറി വിളിക്കുന്നുണ്ട്‌. പതിഞ്ഞ ശബ്ദത്തില്‍ ഇടികൊണ്ടു കലങ്ങിയ നെഞ്ഞുംകൂട്ടില്‍ നിന്ന്‌ നിശ്വാസം പ്‌രാകിക്കൊണ്ട്‌ പുറത്തു ചാടുന്നതും കേള്‍ക്കാം.

കത്തിച്ച സിഗററ്റ്‌ തീര്‍ന്നു. ഒന്നും കൂടി ബാക്കിയുണ്ട്‌ പായ്ക്കറ്റില്‍. അതുകൂടെ തീര്‍ത്തേക്കാം. സിഗററ്റെടുത്തിട്ട്‌ കൂട്‌ കശക്കി ചവറ്റു കുട്ടയിലേയ്ക്ക്‌ ഉന്നം വെച്ച്‌ എറിഞ്ഞു. പതിവുപോലെ ലക്ഷ്യം തെറ്റി. ഇനി എണീറ്റു പോകാന്‍ വയ്യ. അവടെ കെടക്കട്ടെ.

സമയം വാച്ചിലെ സൂചികളെ പിടിച്ചു നിര്‍ത്തിയിരിക്കുകയാണെന്നു തോന്നുന്നു. എന്തായെന്നൊന്നു പോയി നോക്കാം.

അറുമുഖന്‍ ഒരു തൂണില്‍ താങ്ങി നിന്നു കിതയ്ക്കുകയാണ്‌. നന്നായി വിയര്‍ത്തിരിക്കുന്നു.

അയാളുടെ കൈകള്‍ രണ്ടും ലോക്കപ്പിന്‍റെ അഴിയില്‍ കെട്ടിയിട്ടിരിക്കുകയാണ്‌. തല ഒരു വശത്തേയ്ക്ക്‌ ഞാന്നു കിടക്കുന്നു. കടവായില്‍ നിന്ന്‌ ചോര ഒലിച്ചിറങ്ങി പഴകിക്കീറിയ കയ്യില്ലാത്ത ബനിയന്‍ മുഴുവന്‍ ചുവപ്പിച്ചിരിക്കുന്നു.

"കാഞ്ഞു പോയോ അറുമുഖാ?" ഉള്ളിലെ ആളല്‌ പരമാവധി ശബ്ദത്തില്‍ വരാതെ ശ്രദ്ധിച്ചു കൊണ്ട്‌ ചോദിച്ചു.

"ഇല്ല സാര്‍. അതൊക്കെ ആ നായീന്‍റെ അഭിനയം അല്ലേ.. പഠിച്ച കള്ളനാ ഓന്‍.." അയാള്‌ കലി കയറി നില്‍ക്കുകയാണ്‌.

"ഞ്ഞി നാളേക്ക്‌ വെച്ചാലോ?"

"വേണ്ട സാര്‍. നാളെ ഞ്ഞി തറാ പറാന്ന്‌ വീണ്ടും തൊടങ്ങണ്ടേ? ഒരു അര മണിക്കൂറു കൂടി തന്നേക്കീ. ഓനെക്കൊണ്ട്‌ ഞാന്‍ പറയിപ്പിക്കാ.."

തൂങ്ങിക്കിടന്ന തലയുയര്‍ത്തി അയാളൊന്നു ചുമച്ചു. കൊഴുത്ത തുപ്പലും ചോരയും പുറത്തേയ്ക്ക്‌ തുപ്പി. വായില്‍ നിന്ന്‌ ഒലിച്ചിറങ്ങി അത്‌ നെഞ്ഞിലേയ്ക്ക്‌ ഒഴുകിയിറങ്ങി.

ഒരു കണ്ണ്‌ ചതഞ്ഞ്‌ അടഞ്ഞിരിക്കുകയാണ്‌. മറ്റേക്കണ്ണ്‌ പാതിതുറന്ന്‌ ഒന്നു നോക്കി. വല്ലാത്തൊരു നോട്ടം. തലതിരിച്ച്‌ പുറത്തേക്കിറങ്ങി നടന്നു.

കത്തിച്ച സിഗററ്റ്‌ തീര്‍ന്നിരിക്കുന്നു. ഇന്നിനി സിനിമയ്ക്കു പോക്ക്‌ നടക്കുമെന്നു തോന്നുന്നില്ല. ഇരുട്ടിത്തുടങ്ങി. കവലയിലേയ്ക്ക്‌ നടന്നാല്‍ സിഗററ്റു മേടിക്കാമായിരുന്നു. വേണ്ട. അറുമുഖന്‍ ഭയങ്കര ദേഷ്യക്കാരനാണ്‌. ആളു കാഞ്ഞു പോയാല്‍ പിന്നെ എന്തൊക്കെ പുകിലാണുണ്ടാവുക എന്നു പറയാനൊക്കില്ല. അന്നേരം കോണ്‍ഗ്ഗ്രസ്സും ഉണ്ടാവില്ല, പ്രസിഡന്‍റും ഉണ്ടാവില്ല. എല്ലാര്‍ക്കും ഒരു ഇരയെ മതിയാവും.

കസേര വലിച്ചിട്ട്‌ ഇരുന്നു. അറുമുഖന്‍ കൂടുതല്‍ കനത്ത പരിപാടികളിലേയ്ക്ക്‌ കടന്നെന്നു തോന്നുന്നു. ഏങ്ങിവലിഞ്ഞ്‌ ശ്വാസം നെഞ്ഞില്‍ നിന്ന്‌ പുറത്തുവരുന്നത്‌ ഇവിടെ കേള്‍ക്കാം.

ആ മാല എവിടെയാണെന്നൊന്നു പറഞ്ഞാല്‍ മതി ആ ശവത്തിന്‌. ഒരു ഒന്നൊന്നരക്കൊല്ലം കിട്ടുമായിരിക്കും. അതിനാണ്‌ ഈ ഇടിമുഴുവന്‍ വാങ്ങിക്കൂട്ടുന്നത്‌. പുറത്തിറങ്ങിയാലും ഇനിയുള്ളകാലം ആശുപത്രിവരാന്ത നിരങ്ങാനേ സമയമുണ്ടാവൂ. അതുപോലത്തെ ഇടിയാണ്‌ അറുമുഖന്‍റെ.

വളരെ സൌമ്യനായ മനുഷ്യനാണ്‌ പീസീ അറുമുഖന്‍. വളരെ കുറച്ചേ സംസാരിക്കൂ. ഒരു ചെറിയ സ്ത്രൈണത തോന്നും സംസാരത്തില്‍. ചെറിയ നാണവും. ഇടിമുറിയില്‍ കയറിയാല്‍ ആള്‌ ഒരു മൃഗമാണ്‌. പത്തുമിനിട്ടുകൊണ്ട്‌ ഏതു കേസും തെളിയിക്കും. അറുമുഖന്‍റെ ഇടി കൊണ്ടവരാരും അതു ജീവിതത്തില്‍ മറക്കുകയുമില്ല.

ഫോണടിക്കുന്നു. വനജയായിരിക്കും. ഇന്നു പോകാന്‍പറ്റില്ലാന്നു പറഞ്ഞാല്‍ പിന്നെ പരിഭവവും പരാതികളും കേള്‍ക്കേണ്ടി വരും. ഒരു പോലീസുകാരന്‍റെ ഭാര്യയായാല്‍ ഇങ്ങനെയൊക്കെ ആണെന്നു ഇതുവരെ മനസ്സിലാക്കാനായിട്ടില്ല അവള്‍ക്ക്‌. അവടെ കെടന്നടിക്കട്ടെ. കാലെടുത്ത്‌ മേശയില്‍ കയറ്റി വച്ച്‌ ഒന്നു നീണ്ടു നിവര്‍ന്നിരുന്നു.


ഹോ ഒന്നു മയങ്ങിപ്പോയല്ലോ. അധികനേരമായോ? ലോക്കപ്പില്‍ നിന്നു ശബ്ദമൊന്നും കേള്‍ക്കുന്നില്ലല്ലോ. അറുമുഖാ..

ഓടിച്ചെന്നു നോക്കി. കാലുകള്‍ കവച്ചു വെച്ച്‌ അറുമുഖന്‍ അയാളുടെ മുഖത്തേയ്ക്ക്‌ മൂത്രമൊഴിച്ചു കൊണ്ടിരിക്കുകയാണ്‌. ശ്വാസം കിട്ടാന്‍ വേണ്ടി അയാള്‌ മുഖം അങ്ങോട്ടുമിങ്ങോട്ടും ആട്ടിക്കൊണ്ടിരിക്കുന്നു.

"അറുമുഖാ നിര്‍ത്ത്‌.."

ഛെ. അറപ്പു തോന്നി.

അറുഖന്‍ തിരിഞ്ഞു നിന്ന്‌ സിപ്പിട്ടു. അയാളുടെ മുഖത്ത്‌ ഒരു ഭാവഭേദവുമില്ല. കുനിഞ്ഞു നിന്ന്‌ അയാളുടെ മീശയില്‍ നിന്ന്‌ മൂന്നാലു രോമങ്ങള്‌ പിച്ചിപ്പറിച്ചെടുത്തു. ചോര മേല്‍ചുണ്ടുകടന്ന്‌ വായിലേയ്ക്കൊഴുകി. കണ്ടു നില്‍ക്കാന്‍ വയ്യ. എന്തെങ്കിലുമാകട്ടെ. ഒന്നു വേഗം..

വീണ്ടും കസേരയില്‍ പോയിരുന്നു. അറുമുഖന്‍ റൈട്ടറുടെ റൂമില്‍ പോയി ബ്ളേഡ്‌ എടുത്തുകൊണ്ട്‌ പോകുന്നു.

ഹും, ഇനി അധികം നേരം വേണ്ടി വരില്ല. പക്ഷേ സാധനം കിട്ട്യാല്‍ അയാളെ വിടേണ്ടി വരും. ഈ പരുവത്തില്‍ കോടതിയില്‌ കൊണ്ടുപോകാന്‍ പറ്റില്ല. നാശം.

അയാളുടെ അലര്‍ച്ച കേട്ടു തുടങ്ങി. പോയി നോക്കാതിരിക്കുന്നതാവും നല്ലത്‌. ഒരു ശനിയാഴ്ച പണ്ടാരമടങ്ങിയെന്നു പറഞ്ഞാല്‍ മതിയല്ലോ.

കവലയിലിറങ്ങി ഒന്നു പുകയ്ക്കാം. അഴിച്ചിട്ടിരുന്ന ബെല്‍ട്ടെടുത്തു കെട്ടി. മെല്ലെ പുറത്തേയ്ക്കിറങ്ങി. ഇരുട്ട്‌ വീണീരിക്കുന്നു.


ഒരു അരമ്ണിക്കൂറെടുത്തുകാണും. തിരിച്ചു വന്നപ്പോള്‍ അറുമുഖന്‍ വരാന്തയില്‍ പാറാവുകാരന്‍റെ കസേരയില്‌ ഇരിക്കുന്നു. ആകെ തളര്‍ന്ന മട്ടാണ്‌. ഒന്നു പേടിച്ചു.

"എന്താടോ.. കാഞ്ഞു പോയോ?" പേടി മറച്ചു വച്ചില്ല.

"ഇല്ല സാര്‍.. ആ തെണ്ടി എന്നിട്ടും ഒന്നും മിണ്ടിയില്ല.."

അറുമുഖനോട്‌ അടങ്ങാത്ത കലി തോന്നി. വല്യ ഇടിക്കാരനാണെന്നാ ഭാവം!

ഇനിയിപ്പോ എന്തു ചെയ്യും. ഒന്നു പോയി നോക്കാം.

ലോക്കപ്പിന്‍റെ അഴികളില്‍ കെട്ടിയിട്ട കൈകളില്‍ തൂങ്ങിക്കിടക്കുന്നു. മൂത്രത്തിന്‍റെയും മലത്തിന്‍റെയും മണം ഓക്കാന്മുണ്ടാക്കുന്നു.

കാലിന്‍റെ വെള്ളയോക്കെ ചൂരലടി കൊണ്ട്‌ കറുത്തു കരുവാളിച്ചിരിക്കുന്നു. ലാത്തികൊണ്ട്‌ മുഖമൊന്ന്‌ ഉയര്‍ത്തി നോക്കി. ആസ്ത്മാരോഗികളെപ്പോലെ ശ്വാസം ആഞ്ഞു വലിക്കുന്നുണ്ട്‌. പകുതിയടഞ്ഞ കണ്ണിലൂടെ ആ നോട്ടം! ലാത്തിയെടുത്തപ്പോള്‍ തല വീണ്ടും താഴേയ്ക്കു വീണു തൂങ്ങി.

ശവം! എത്ര നേരമാണ്‌ മനുഷ്യനെ മെനക്കെടുത്തുന്നത്‌. ഒരു ചവിട്ടു വച്ചുകൊടുക്കാനാണു തോന്നിയത്‌.

കാലുയര്‍ത്തിയപ്പോഴേയ്ക്ക്‌ ഫോണ്‍ ബെല്ലടിച്ചു. വനജയായിരിക്കും. ഇന്നത്തെ പരിപാടി ക്യാന്‍സല്‍ ആയെന്നു പറഞ്ഞേക്കാം. പിള്ളേര്‍ക്ക്‌ പുറത്തു നിന്നെന്തെങ്കിലും വാങ്ങിക്കൊണ്ടു വരാമെന്നു പറയാം.

ഫോണെടുത്തു. മണ്ഡലം പ്രസിഡന്‍റാണ്‌.

"ഹലോ സാര്‍.. ഇതുവരെ ഒന്നും.."

മാല കിട്ടിയെന്ന്‌. അയാളെ വിട്ടേക്കാന്‍.

നല്ല മുഴുത്ത തെറികള്‌ വന്നതാണ്‌ നാവില്‍. രാഷ്ട്രീയക്കാരനാണ്‌. പിണക്കാന്‍ പാടില്ല. രോഷം കടിച്ചമര്‍ത്തി, ശരിയെന്നു പറഞ്ഞു വച്ചു.

അറുമുഖാ... എവിടെപ്പോയി അയാള്‌.. നാശം പിടിക്കാന്‌. ഒരു ബക്കറ്റു വെള്ളം കൊണ്ടുപോയി അയാളുടെ മേത്തൊഴിക്കാന്‍..

കക്കൂസിലെ ബക്കറ്റില്‌ വെള്ളം പിടിച്ച്‌ കൊണ്ടുപോയി തലവഴി ഒഴിച്ചു. അതു ന്നക്കിക്കുടിക്കുമെന്നാണ്‌ വിചാരിച്ചത്‌. മുഖം തിരിക്കാന്‍ ശ്രമിക്കുന്നു. മൂത്രമാണെന്നു കരുതിക്കാണും..

പകുതിയടഞ്ഞ വലത്തേക്കണ്ണിലൂടെ നനഞ്ഞ ഒരു നോട്ടം.

പണ്ടാരമടങ്ങിയ ഒരു ശനിയാഴ്ച. ഒരു വില്‍സെടുത്ത്‌ കത്തിച്ചു. ഒരു പുകയെടുത്തിട്ട്‌ അയാളുടെ ചുണ്ടില്‌ വച്ചുകൊടുത്തു.