2009, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

പറവ

കുറേ കാലമായി അബ്ദുവിന്‍റെ കഥ പറയണമെന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട്‌. എന്നെ സംബന്ധിച്ചിടത്തോളം അബ്ദു അഗാധതയ്ക്കപ്പുറമുള്ളൊരു ലക്ഷ്യമാണ്‌. ഒരിക്കല്‍കൂടി പോകണമെന്നും പോകേണ്ടെന്നും ഒരേ സമയം തോന്നിപ്പിക്കുന്ന ഒരു വിചിത്രമായ ഇടം. കാടുകയറി നിങ്ങളെ മുഷിപ്പിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. കഥ കേട്ടിട്ട്‌ നിങ്ങള്‍ സ്വന്തം നിഗമനങ്ങളിലെത്തിക്കോളൂ.

കഥ തുടങ്ങുന്നത്‌ തൊണ്ണൂറുകളുടെ അവസാനത്തില്‍, ഒരു സെപ്റ്റംബര്‍ സന്ധ്യയിലാണ്‌. തെളിഞ്ഞ ആകാശം. നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. കോളേജ്‌ ഹോസ്റ്റലിന്‍റെ ടെറസ്സില്‍ അസ്തമിച്ചു തുടങ്ങിയ കഞ്ചാവിന്‍റെ ലഹരിയില്‍ മാനം നോക്കി കിടക്കുകയായിരുന്നു ഞാനും അബ്ദുവും. ഇട്ടിരുന്ന ടീഷര്‍ട്ട്‌ അഴിച്ച്‌ നിലത്തു വിരിച്ച്‌ അതിലാണ്‌ കിടപ്പ്‌. ദിവസം മുഴുവന്‍ വിഴുങ്ങിയ വെയിലിനെ കോണ്‍ക്രീറ്റ്‌ ഞങ്ങളുടെ പുറത്തേയ്ക്ക്‌ ശര്‍ദ്ദിക്കുന്നുണ്ടായിരുന്നിരിക്കണം.

മാനത്തേയ്ക്ക്‌ നോക്കിക്കിടന്ന്‌ കുര്‍-ആനിലെ ഏതൊക്കെയോ ആയത്തുകള്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അബ്ദു. ഇടയ്ക്ക്‌ എന്‍റെ നേരെ നോക്കും.

"എടാ കാഫിറെ, അനക്കു വല്ലതും മനസ്സിലായോ?"

അതിനു മറുപടി പറയാതെ ഞാന്‍ ഉച്ഛത്തില്‍ ഒരു കവിത ചൊല്ലാന്‍ തുടങ്ങും. കിളിപ്പാട്ടോ കൃഷ്ണഗാഥയോ അങ്ങനെ പഴയതു വല്ലതും. അബ്ദു ഉറക്കെ ചിരിക്കും.

"കള്ള സുവറേ.."

"ഉം?"

"ഇജ്ജ്‌ ഇന്‍റൊപ്പം കൂടണോ? മ്മക്ക്‌ പറക്കാം.."

"എങ്ങോട്ട്‌?"

"എടാ വൃത്തനിബദ്ധമല്ല ലോകം. തുണിയഴിച്ചിട്ട്‌ കമന്ന്‌ കെടക്കണ ഒരു പെണ്ണിനേപ്പോലെ അതിന്‌ നിമ്നോന്നതങ്ങളുണ്ട്‌. ഇടുക്കുകളും ചുഴികളുമുണ്ട്‌.. ഇജ്ജിങ്ങനെ കുയ്യാനേനെപ്പോലെ അന്‍റെ കുയ്യാണ്‌ ലോകം ന്നും വിചാരിച്ച്‌ കെടന്നോ.."

വീണ്ടും ചിരി. കുറേ കേട്ടിട്ടുള്ളതാണ്‌. മത്തു പിടിച്ചു കഴിയുമ്പോള്‍ അബ്ദൂന്‌ പറക്കണം. കുത്തബ്‌ മീനാരത്തിന്‍റെ മുകളിലൂടെ, കൊല്‍ക്കൊത്തായിലെ അഴുക്കുചാലുകളിലൂടെ, ചുവന്നതും അല്ലാത്തതുമായ അസഖ്യം തെരുവുകളിലൂടെ, മാനസരോവരത്തിനും കൃഷ്ണഗിരിക്കും മുകളിലൂടെ അലയണം.

"ഇല്ലാണ്ടാവണം.."

"അതിന്‌ എനിക്ക്‌ ഒരു കഞ്ചാവു ബീഡി പോര. നീ പൊയ്ക്കോ.."

"എനിവണ്‍ ഹൂ ലിവ്സ്‌ വിതിന്‍ ദെയര്‍ മീന്‍സ്‌ സഫേഴ്സ്‌ ഫ്രം എ ലാക്ക്‌ ഓഫ്‌ ഇമാജിനേഷന്‍.."

എന്‍റെ താല്‍പ്പര്യമില്ലായ്മയെ കാര്യമാക്കാതെ അവന്‍ പിന്നെയും ഉറക്കെ സ്വപ്നം കണ്ടുകൊണ്ടിരിക്കും.

അന്ന്‌, ആ സെപ്റ്റംബര്‍ മാസത്തിലെ രാത്രി അല്പം വ്യത്യസ്തമായിരുന്നു. പതിവില്ലാതെ കുറച്ച്‌ മത്തു കൂടിയതാണോ എന്തോ, അവന്‍റെ ചിന്തകള്‍ എന്‍റെ തലച്ചോറിലേയ്ക്കും കുടിയേറാന്‍ തുടങ്ങി. ഭാരമില്ലാതാവുന്നതിനെക്കുറിച്ച്‌, കൈകള്‍ വീശിയാല്‍ ഭൂഗുരുത്വത്തെ നിഷേധിക്കാനാവുന്നതിനെക്കുറിച്ച്‌, കണ്ണാടിയില്‍ കാണുന്ന പ്രതിബിംബത്തെ തിരിച്ചറിയാനാവാതാവുന്നതിനെക്കുറിച്ച്‌, ഞാനും തെല്ല്‌ അല്‍ഭുതത്തോടെ ചിന്തിച്ചു തുടങ്ങി.

കണ്ണിമയ്ക്കാതെ മാനത്തോട്ടു നോക്കിക്കിടക്കുകയായിരുന്നിരിക്കണം ഞാന്‍. അബ്ദു ഒരു പാട്ടു പാടുകയായിരുന്നു. അതിലെ വാക്കുകളും വരികളുമൊന്നും ഓര്‍മ്മ വരുന്നില്ല. പറക്കുന്ന ഒരു തോണിയില്‍ ചന്ദ്രനിലേയ്ക്കു പോകുന്നതിനെ പറ്റി ആയിരുന്നു ആ പാട്ട്‌. 'വേഗം വന്നു കയറൂ, നേരം പോകുന്നു' എന്ന്‌ അവന്‍ എന്നോടു പറഞ്ഞു കൊണ്ടിരുന്നു.

തിരിഞ്ഞ്‌ അവന്‍റെ അടുത്തേയ്ക്ക്‌ ചേര്‍ന്നു കിടന്ന്‌ ഞാന്‍ അവന്‍റെ കയ്യില്‍ പിടിച്ചു. തലയുയര്‍ത്തി അവിശ്വസനീയതയോടെ അവന്‍ എന്‍റെ കണ്ണിലേയ്ക്കു നോക്കി.

ടെറസ്സില്‍ നിന്ന്‌ ചാടിയെണീറ്റ്‌ ഞങ്ങള്‍ കൈകള്‍ വീശി. അവനാണ്‌ ആദ്യം നിലത്തു നിന്നുയര്‍ന്നത്‌. ഒരു പറവയെപ്പോലെ ഒരു കൈ മാത്രം വീശി വായുവിലുയര്‍ന്നു നിന്ന്‌ അവന്‍ മറുകൈകൊണ്ട്‌ എന്നെ ഉയരാന്‍ സഹായിച്ചു.

എന്‍റെ കൈകള്‍ക്ക്‌ തളര്‍ച്ച തോന്നുന്നുണ്ടായിരുന്നു. പക്ഷേ മനസ്സ്‌ തുടിച്ചു കൊണ്ടിരുന്നു. കാലുകള്‍ ആദ്യമായി നിലത്തുനിന്നുയര്‍ന്നത്‌ വല്ലാത്തൊരനുഭവമായിരുന്നു. തളര്‍ച്ചയെ ഞാന്‍ മറന്നു. ഒരു കൈ അവന്‍റെ കയ്യില്‍ കോര്‍ത്തു പിടിച്ച്‌ മറ്റേക്കൈ ആഞ്ഞു വീശി ഞാന്‍ വീണ്ടും ഉയര്‍ന്നു. താഴെ ഹോസ്റ്റല്‍ കെട്ടിടം ചെറുതായി ചെറുതായി വന്നു. ഒന്നും മനസ്സിലാകാത്തതുപോലെ ഞങ്ങളെ മിഴിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു കാല്‍കീഴില്‍ നഗരം. അബ്ദു അതിന്‍റെ നേരെ നോക്കി കോക്രി കാണിച്ചു. മുണ്ടുപൊക്കി പെടുത്തു.

പിന്നെ, കഥയുടെ പകുതിയിലെവിടെയോ, ഞങ്ങള്‍ നൈനിറ്റാളിലെ ഒരു ചായക്കടയിലിരിക്കുകയായിരുന്നു. നനുത്ത തണുപ്പ്‌. അബ്ദു ഒരു കീറിയ തോര്‍ത്താണു ചുറ്റിയിരുന്നത്‌. ഞാനെന്തെങ്കിലും ധരിച്ചിരുന്നോ എന്നുതന്നെ ഓര്‍മ്മയില്ല. ചെറിയചൂടുള്ള മസാലച്ചായ ഒന്ന്‌ ഊതിക്കുടിച്ചിട്ട്‌ ഗ്ളാസ്‌ അവന്‍ എന്‍റെ നേരെ നീട്ടി. ഒറ്റവലിക്ക്‌ ചായ മുഴുവന്‍ കുടിച്ചിട്ട്‌ ഞാന്‍ കാലിഗ്ളാസ്‌ അവനു തിരിച്ചു കൊടുത്തു.

"കള്ള സുവറേ.. " അവന്‍ ചിരിച്ചുകൊണ്ട്‌ കാലുയര്‍ത്തി എന്നെ തൊഴിച്ചു. കാറ്റുനിറച്ച ഒരു ബലൂണിനെപ്പോലെ ഞാന്‍ ഉയര്‍ന്നുപൊങ്ങി. ചായക്കടയുടെ മേല്‍ക്കൂരയില്‍ അല്പ്പനേരം തങ്ങി നിന്നതിനു ശേഷം ഞാന്‍ സ്വയം സ്വതന്ത്രനായി മുകളിലേയ്ക്കുയര്‍ന്നു. അബ്ദു പിറകേയും.

നല്ല രസമായിരുന്നു പറക്കാന്‍. ഞങ്ങള്‍ മേഘങ്ങളെ ചുരുട്ടി എറിഞ്ഞു കളിച്ചു. ക്ഷീണം തോന്നിയപ്പോള്‍ ഭൂമിയിലേയ്ക്കിറങ്ങി. മാടുകളേപ്പോലെ കുളത്തിലെ വെള്ളവും മരത്തിലെ പഴങ്ങളും കഴിച്ചു. വവ്വാലുകളേപ്പോലെ തലകീഴായി തെരുവുകളില്‍ അന്തിയുറങ്ങിയപ്പോള്‍ ചുറ്റിലും വെള്ളിനാണയങ്ങള്‍ നിറഞ്ഞു.

കഥ മടുപ്പില്ലാതെ അങ്ങനെ നീങ്ങിക്കൊണ്ടിരുന്നു. എല്ലാത്തിനും ഒരു അവസാനം വരുമല്ലോ. മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞെന്നു കരുതിക്കോളൂ. നല്ല വെയിലുള്ള ഒരു ദിവസമായിരുന്നു അത്‌.

വെയിലണയ്ക്കുന്നതിനു മുന്‍പേ പ്രത്യക്ഷപ്പെട്ടതിന്‌ ചന്ദ്രക്കലയുടെ തന്തയ്ക്കു വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു അബ്ദു. ഒരു നനുത്ത മേഘത്തിനുള്ളിലേയ്ക്ക്‌ ഊളിയിട്ട്‌ ഒന്നു ചുരുണ്ടു നിവര്‍ന്നതായിരുന്നു ഞാന്‍. കൈകള്‍ക്കൊരു കഴപ്പ്‌. ഒരു തലകറക്കം പോലെ. എന്‍റെതന്നെ മുടിയിഴകള്‍, കൈനഖങ്ങള്‍ ഒക്കെ എന്നെ താഴേയ്ക്കു പിടിച്ചു വലിക്കുന്നതുപോലെ ഒരു തോന്നല്‍. പതിയെപ്പതിയെ കൈകാലുകള്‍ക്കും ശരീരത്തിനും ഭാരം വച്ചു തുടങ്ങി. അവസാനത്തെ ചെറുത്തുനില്‍പ്പും കഴിഞ്ഞ്‌ മനസ്സും ഭൂഗുരുത്വത്തോട്‌ അടിയറവു പറഞ്ഞു കഴിഞ്ഞപ്പോഴാണ്‌ ഞാന്‍ അതിവേഗം പതിച്ചുകൊണ്ടിരിക്കുകയാണെന്ന വെളിപാടുണ്ടായത്‌. ദൂരെ, മേഘങ്ങള്‍ക്കു മുകളില്‍ അബ്ദു നക്ഷത്രങ്ങള്‍ പെറുക്കി ചന്ദ്രനെ എറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

പിന്നെ, ദാ ഇന്നലെ. എന്‍റെ രണ്ടു വയസ്സുകാരി മോളുടെ പിറന്നാളാഘോഷിക്കാന്‍ കുടജാദ്രി കയറിയതായിരുന്നു ഞാനും ഭാര്യയും. പട്ടുപാവാടയുമിട്ട്‌ കൊച്ചു സുന്ദരി കണ്ണുകളും വിടര്‍ത്തി എന്‍റെ തോളിലിരിക്കുകയായിരുന്നു. വഴിയില്‍ കാണുന്നവരോടെല്ലാം കോക്രികാണിച്ച്‌, അണ്ണാനോടും കാക്കയോടുമൊക്കെ കൊഞ്ചിക്കുഴഞ്ഞ്‌, കുസൃതിക്കുടുക്ക.

കയറ്റം കയറി ക്ഷീണിച്ചെന്ന്‌ പറഞ്ഞ്‌ ഭാര്യ കിതപ്പാറ്റാനൊരു മരത്തില്‍ ചാരി നിന്നു. തൊട്ടപ്പുറത്ത്‌ മറ്റൊരു മരത്തിനടിയില്‍ ഒരു യാചകന്‍ കിടക്കുന്നുണ്ടായിരുന്നു. കാലുകള്‍ മരത്തിലേയ്ക്കുയര്‍ത്തി വച്ച്‌ കൈകള്‍ വിരിച്ച്‌..

എനിക്ക്‌ മനസ്സിലാകാതിരിക്കുമോ? ഞാനോടിച്ചെന്നു. അവന്‍ പറക്കുകയായിരുന്നു. വായകോട്ടി ചിരിക്കുന്നു. അവനിപ്പോള്‍ എന്തായിരിക്കും കാണുന്നതെന്ന്‌ ഞാന്‍ അല്‍ഭുതപ്പെട്ടു.

"കള്ള സുവറേ.."

അവന്‍ കണ്ണു തുറന്നു. ഭാരമില്ലായ്മയില്‍ അല്‍പമുയര്‍ന്നു. കൌതുകത്തോടെ എന്‍റെ മകളെ നോക്കി.

"കൊക്കാമണ്ട്യേയ്‌.. ഇജ്ജങ്ങട്ട്‌ വളര്‍ന്നുപോയല്ലോടീ.." അവന്‍ നേരത്തേ കണ്ടിട്ടുള്ളതുപോലെ.

കുസൃതിക്കുടുക്ക നാണിച്ചു.

"അബ്ദൂ.. നിന്നെത്തനിച്ചാക്കിയോടാ ഞാന്‍?"

"ഹ ഹ ഹ! പോടാ സുവറേ.. നീയായിരുന്നു എന്‍റെ അവസാനത്തെ ഭാരം.. ഐ ഷെഡ്‌ യൂ റ്റൂ..!"

ചിരിച്ചു ചിരിച്ച്‌ അവന്‍ നിലത്തേയ്ക്കു മറിഞ്ഞു വീണു. കാലുകളുയര്‍ത്തി മരത്തിനു മുകളിലെയ്ക്കു ചാരി. വിണ്ടും പറന്നു തുടങ്ങിയിരിക്കണം.

ഭാര്യ കയറി വന്നു. ഞങ്ങള്‍ മലകയറ്റം തുടര്‍ന്നു.

"സാര്‍, ഒരു രണ്ടുര്‍പ്യ തെര്വോ.. ചായ് കുടിക്കാന്‍?" താഴേ നിന്നു ഒരു വിളി ചോദിക്കുന്നു.

"അതാരാച്ഛാ..?" കുസൃതിക്കുടുക്ക കിലുങ്ങി ചോദിക്കുന്നു.

"അതോ.. അത്‌ ഒരു മാമന്‍.." ഞാനവള്‍ക്കൊരുമ്മ കൊടുത്തു.

"അച്ഛന്‍ കൊഞ്ചിച്ചു വഷളാക്കിക്കോ പെണ്ണിനെ.."

"നിന്‍റെ അമ്മയ്ക്ക്‌ അസൂയയാടീ.."

മലയുടെ മുകളില്‍ മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും പറക്കുന്ന തോണിക്കാരന്‍റെ പരിചിതമായ ആ പാട്ട്‌ കേട്ടുകൊണ്ടിരുന്നു.

കഥയവസാനിച്ചോ?

49 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

"Anyone who lives within their means suffers from a lack of imagination." -Oscar Wilde

പാവപ്പെട്ടവൻ പറഞ്ഞു...

"ഹ ഹ ഹ! പോടാ സുവറേ.. നീയായിരുന്നു എന്‍റെ അവസാനത്തെ ഭാരം.. ഐ ഷെഡ്‌ യൂ റ്റൂ..!"
കൊള്ളാം ഇഷ്ടപ്പെട്ടു

ഹരിത് പറഞ്ഞു...

പാമൂ , നീ അങ്ങു പറന്നു തുടങ്ങിയല്ലോ, കഥയെഴുത്തില്‍. കൊള്ളാം. നന്നായിട്ടുണ്ട്.

siva // ശിവ പറഞ്ഞു...

വായിക്കാന്‍ സുഖമുള്ള ശൈലി...

Calvin H പറഞ്ഞു...

പറവകളാകട്ടെ വിതയ്ക്കുന്നില്ല കൊയ്യുന്നില്ല. നാളേക്കായി കരുതിവയ്ക്കുന്നുമില്ല.

Typist | എഴുത്തുകാരി പറഞ്ഞു...

രസകരമായി വായിച്ചുപോകാം.

simy nazareth പറഞ്ഞു...

സുന്ദരം! ഇതു വായിച്ചപ്പൊ ഒരു സന്തോഷം പാമരാ.

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

പറക്കും പറവ പറന്നോണ്ടിരിക്കട്ടെ. അതു കാണാന്‍ തന്നെ എന്തൊരു രസം..

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

പാമു,
വേറിട്ടൊരു കഥ.
എഴുത്തിന്റെ വരികള്‍‍ മനസ്സില്‍ ചിത്രങ്ങള്‍ വരക്കുന്നു.
ആ പുക വലിച്ച് ശ്വാസകോശം നിറച്ച് കഥയെഴുതാന്‍ തോന്നുന്നു എനിക്കു.
പക്ഷെ അതങ്ങ് ദൂരെ 20 വര്‍ഷങ്ങള്‍ക്കപ്പുറം ഞങ്ങളുടെ ഹോസ്റ്റല്‍ അലമാരയിലാണ്. ഇരുന്നു പൂത്തുകാണും, എന്നാലും ഒന്ന് ശ്രമിക്കണം.

Traveller പറഞ്ഞു...

ഹോസ്റ്റല്‍.... അതിന്‍റെ ടെറസ്സ്... കഴിഞ്ഞ കാലങ്ങളില്‍ നിന്ന് ഓര്‍ത്തെടുക്കാന്‍ കഴിയുന്ന കഥാപാത്രങ്ങള്‍.... ശരിക്കും ആസ്വദിച്ചു....

Rakesh R (വേദവ്യാസൻ) പറഞ്ഞു...

ഇഷ്ടമായി :)

ലേഖാവിജയ് പറഞ്ഞു...

ഈ ഓസ്കാര്‍ വൈല്‍ഡിന്റെ ഒരു കാര്യം.എന്നെ നേരത്തേ അറിയാമായിരുന്നു എന്നു തോന്നുന്നു :)

കഥ വായിച്ചു കഴിഞ്ഞപ്പോള്‍ ഒരു കഞ്ചാവ് ബീഡി വലിച്ചെങ്കിലോ എന്നായിപ്പോയി.

sree പറഞ്ഞു...

എന്തുപറയാനാ സുഹൃത്തേ...അസൂയ തോന്നുന്നു ഈ ഭാരമില്ലായ്മ കണ്ടിട്ട്. പറക്കുക..പറന്നുകൊണ്ടിരിക്കുക.

പാമരന്‍ പറഞ്ഞു...

പാവപ്പെട്ടവന്‍, ഹരിത്ജി, ശിവ, ശ്രീഹരി, എഴുത്തുകാരിചേച്ചി, സിമി, ജിതേന്ദ്രകുമാര്‍ജി, അനില്‍ജി, ട്രാവലര്‍, വേദവ്യാസന്‍, ലേഖ, ശ്രീ, വളരെ വളരെ നന്ദി.

thahseen പറഞ്ഞു...

അബ്ദൂനെ ടെറസ്ഇന്റെ മുകളില്‍ വിട്ടിട്ടു ..എന്തിനാ കുദജ്ജാദ്രി കയറിയത് :-)
നന്നായി ആസ്വദിച്ചു !
Thahseen

ചന്ദ്രകാന്തം പറഞ്ഞു...

പാമൂ,
മേഘത്തെ തൊട്ടു.
സത്യം തന്നെ; വായിച്ചപ്പൊ മുതല്‍ കാലില്‍ ചിറകുണ്ട്‌.

സജീവ് കടവനാട് പറഞ്ഞു...

!

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

എടാ പാമൂ നീ യേത് പൊത്തില്‍ പോയി ഒളിച്ചാലും നിന്നെ എനിക്ക് മനസ്സിലാകുമെടാ പോത്തെ.. സ്നേഹം
അബ്ദു.
:)

പാമരന്‍ പറഞ്ഞു...

തഹ്സീന്‌ജി, ചന്ദ്രകാന്തം, കിനാവ്‌, നന്ദി..
അബ്ദൂ.. ഇജ്ജ്‌ ബെന്നല്ലോ, കണ്ടല്ലോ, മനസ്സിലാക്ക്യല്ലോ. അദ്‌ മതി. ഒരു തേങ്ക്സ്‌ ണ്ടേ :)

Rajeeve Chelanat പറഞ്ഞു...

ഭൂമിയില്‍നിന്ന് ആകാശത്തിലേക്കും തിരിച്ചുമുള്ള കഥാകഥനത്തിന്റെ ഈ ഭാവനാസഞ്ചാരം മനോഹരമായി പാമരന്‍.

അഭിവാദ്യങ്ങളോടെ

kichu / കിച്ചു പറഞ്ഞു...

പാമൂ..

ഇപ്പൊഴാ കണ്ടത്.

ഞാനും ഒന്നു പറക്കട്ടെ..:)

ദൃശ്യ- INTIMATE STRANGER പറഞ്ഞു...

nannayirikkunu...ishtamaayi oorupaad..
aashamsakal

സുശീല്‍ കുമാര്‍ പറഞ്ഞു...

നന്നായിണ്‌ട്ടോ.

Anil cheleri kumaran പറഞ്ഞു...

വ്യത്യസ്തമായ മനോഹരമായ കഥ.

പാമരന്‍ പറഞ്ഞു...

രാജീവ്‌ജി, കിച്ചു, ഇന്‍റിമേറ്റ്‌ സ്ട്രെയിഞ്ചര്‍, മുക്താര്‍, സുശീലേട്ടാ, കുമാരന്‍ജി, വളരെ നന്ദി.

പ്രയാണ്‍ പറഞ്ഞു...

അവസാനം കരയണോ ചിരിക്കണൊ.......ഒരു കഞ്ചാവടിച്ച പ്രതീതി.....:)

ബൈജു (Baiju) പറഞ്ഞു...

കഥയിഷ്ടപ്പെട്ടു മാഷേ....നന്നായിപ്പറഞ്ഞു....

Indu പറഞ്ഞു...

Good one ... Good way of writing..

bhoolokajalakam പറഞ്ഞു...

good one

bhoolokajalakam പറഞ്ഞു...

നിലാവുള്ള രാത്രികളില്‍ കിഴക്കന്‍ മലകളിലേക്ക് എന്നെ കൂട്ടി പ്പറക്കാറുള്ള
പഴയൊരു സുഹൃത്തിനെയും ആ ഭ്രാന്തന്‍ കാല ഘട്ടത്തേയും ഓര്‍മ്മിപ്പിക്കുന്നു
ഈ കഥ .

ഇ.എ.സജിം തട്ടത്തുമല പറഞ്ഞു...

കഥ കൊള്ളാം

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

തുടക്കം തൊട്ട് ഒടുക്കം വരെ എല്ലാവരേയും കഥയിൽ കൂടി കൂട്ടിക്കൊണ്ടുപോയല്ലൊ...പാമു
കൊള്ളാം..നന്നായിട്ടുണ്ട്

ഭൂമിപുത്രി പറഞ്ഞു...

കുറച്ച് കാലം മുൻപ് മലയാളകഥകളിൽ സൈക്കഡലിക്ക് അനുഭൂതികൾ ധാരാളമായി കണ്ടിരുന്നു.ഈ കഥ ആ ഓർമ്മകളിലേയ്ക്ക് കൊണ്ടുപോയി.
വാക്കുകളിൽ സമർത്ഥമായി അതാവിഷ്ക്കരിച്ചിരിയ്ക്കുന്നു പാമരൻ.

ആഗ്നേയ പറഞ്ഞു...

കഥ ഒരുപാട് ഇഷ്ടായി :)

ഒരു നുറുങ്ങ് പറഞ്ഞു...

പാമരാ
അബൂന്‍റൊപ്പം ഞാനുമൊന്നു പറന്നുയര്‍ന്നു!
ഖുത്തബ്മിനാറും കഴിഞ്ഞ്,കുടജാദ്രി വഴിയങ്ങിനെയങ്ങിനെ ഖസാക്കിലെത്തി!!

ഇവിടെത്താന്‍ വൈകി,സാരല്യ..
ആശംസകള്‍

Manoraj പറഞ്ഞു...

pamarane kanan vyikiyathilull aagadhamaya kshma chodikkate...

enneyum edakku nokki, abhipryam ariyikkuka...

തൃശൂര്‍കാരന്‍ ..... പറഞ്ഞു...

കഥ ഇഷ്ടായിട്ടോ...കഥ ശരിക്കും അവസാനിച്ചോ?

ഗീത പറഞ്ഞു...

പറക്കാന്‍ പഠിപ്പിച്ച, പറന്നു ചെന്ന് മേഘങ്ങളെ ഒന്നു തൊട്ടു വരാന്‍ പഠിപ്പിച്ച അബ്ദൂനെ വിട്ടുപോയി അല്ലേ? പാവം അബ്ദു.

ഒരു കണക്കിന് അതും നന്നായി. അല്ലെങ്കില്‍ ഇപ്പോഴും പാമു പറന്നുകളിക്കുമായിരുന്നു. ആ രണ്ടുവയസ്സുകാരിയും ഭാര്യയും കൂടി പിന്നെ പറക്കാന്‍ പഠിക്കേണ്ടി വരുമായിരുന്നു.

നല്ല കഥ.

Umesh Pilicode പറഞ്ഞു...

അങ്ങനെ ..............

രാവുണ്ണി പറഞ്ഞു...

തെറ്റില്ല. ഒരു പുതുമയുണ്ട്. അപ്പോള്‍ കഥപറയുന്നയാള്‍ പറക്കല്‍ നിര്‍ത്തി ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം ഒരു ഭാരം താങ്ങിയാവാന്‍ തന്നെ തീരുമാനിച്ചു. അബ്ദു അയാളെ ആശയക്കുഴപ്പത്തിലാക്കിയില്ല.

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ധൈര്യമില്ലാതെ പോയി, പറക്കാന്‍, കാലിലെ കെട്ടൂകള്‍ പൊട്ടിച്ച് ഓടാന്‍..
അസൂയ തോന്നുന്നു അബ്ദുവിനോട്..

vadavosky പറഞ്ഞു...

I like your craft man. Great

poor-me/പാവം-ഞാന്‍ പറഞ്ഞു...

paamaranji...

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഞാന്‍ വൈകിയെത്തി എന്നാലും വായിച്ചു...
ഇനി അടുത്തത് പോന്നോട്ടെ!

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

മനോഹരമായ സംഭാഷണങ്ങൾ :‌)

റോസാപ്പൂക്കള്‍ പറഞ്ഞു...

ഞാനും കുറച്ചു വൈകി ഈ നല്ല കഥ വായിക്കാന്‍
കഥയുടെ അവസാനം വളരെ മനോഹരം..

kunjali പറഞ്ഞു...

കൊള്ളാം പാംസ്....പ്ലസ്സില്‍ പരിചയമുണ്ടെങ്കിലും ഇവിടെ എത്തിപ്പെടുന്നത് ആദ്യമാണ്..സമയമുണ്ടാക്കി എല്ലാം ആദ്യം തൊട്ടു വായിക്കണം.
പിന്നൊരു കാര്യം..അവസരങ്ങള്‍ ധാരാളമുണ്ടായിട്ടും ഉപയോഗിക്കുന്ന കൂട്ടുകാര്‍ നിര്‍ബ്ബന്ധിച്ചിട്ടും ഒരിക്കല്‍ പോലും ഉപ്പു നോക്കിയിട്ടില്ലാത്ത സാധനം ആണ് ഈ കഞ്ചാവ് ബീഡി..ഇതൊക്കെ വായിക്കുമ്പോള്‍ എന്തെങ്കിലും നഷ്ട്ടപ്പെടുത്തിയോ എന്ന ഒരു തോന്നല്‍. ശരിക്കും വല്ലോം നഷ്ടമായോ? :-))

kichu / കിച്ചു പറഞ്ഞു...

ഹ ഹ .. കുഞ്ഞാലിയ്ക്കാ.. പാമു പുലിയല്ലേ..ഇത് വരെ വായിച്ചില്ലാന്നാ .. എങ്കില്‍ പാതി ജന്മം പാഴായില്ലേ!!
സാരല്യാ.. ബാക്കി പാതിയൊണ്ടല്ലോ ബായിയ്ക്ക് :))

പാമരന്‍ പറഞ്ഞു...

Thanks Kichutha :)