2010, ഫെബ്രുവരി 15, തിങ്കളാഴ്‌ച

ഇര

നിങ്ങള്‍ക്കറിയാമല്ലോ, ഒരാളെ കൊല്ലുകയെന്നത്‌ വളരെ എളുപ്പമുള്ള കാര്യമാണ്‌. പക്ഷേ, കൊല്ലുകയും നിയമത്തിനു മുന്നില്‍ നിന്നു രക്ഷപ്പെടുകയും ചെയ്യുക എന്നത്‌ അല്‍പം വിഷമകരവുമാണ്‌. എങ്ങനെ കൊല്ലണമെന്നുള്ളതിലുമുണ്ട്‌ ചിന്തിക്കാന്‍ ഒരു പാടു കാര്യങ്ങള്‍. ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക്‌ കൊല്ലേണ്ടത്‌ ഒരു വഴിമുടക്കിയെ ആണെങ്കില്‍, അതായത്‌ നിങ്ങള്‍ക്കു പ്രത്യേകിച്ചു വിരോധമൊന്നുമില്ലാത്തഒരാളെ , എന്നാല്‍ അയാളെ ഇല്ലായ്മ ചെയ്യേണ്ടത്‌ നിങ്ങളുടെ വിജയത്തിനോ, നിലനില്‍പ്പിനോ ആവശ്യമാണെന്നു വരികില്‍, ഒരു ഗുണ്ടാ സംഘത്തേയോ പ്രൊഫഷണല്‍ അസ്സാസിനെയോ കാര്യം ഏല്‍പ്പിക്കുന്നതാകും ബുദ്ധി. കാശുകൊടുത്താല്‍ അവര്‍ ഭംഗിയായി കാര്യം നടത്തിക്കൊള്ളും. നിങ്ങളാകെ ചെയ്യേണ്ടത്‌ പണം കൊടുക്കുക, കഴിയുന്നത്ര അദൃശ്യനായിരിക്കുക എന്നതു മാത്രം.

പക്ഷേ, പ്രതികാരമോ, ദേഷ്യം തീര്‍ക്കലോ ആണു നിങ്ങളുടെ ലക്ഷ്യമെങ്കില്‍, സംഗതി നിങ്ങളുടെ കൈകൊണ്ടുതന്നെ വേണമല്ലോ നടത്താന്‍. പക്ഷേ റിസ്ക്‌ വളരെ വലുതാണെന്ന്‌ മനസ്സിലാക്കണം. എത്ര നന്നായി പ്ളാന്‍ ചെയ്താലും എവിടെയെങ്കിലും നിങ്ങള്‍ക്കു പിഴയ്ക്കുമെന്നുറപ്പാണ്‌. നിങ്ങളിലേയ്ക്കെത്താനുള്ള ഒരു തുരുമ്പ്‌, ഒരു വഴി, എപ്പോഴും തുറന്നിരിക്കുകതന്നെ ചെയ്യും. ബുദ്ധിമാനും നിരീക്ഷണകുതുകിയുമായഒരു ഉദ്യോഗസ്ഥന്‌ അതു തുറന്നു കിട്ടും. ഒക്കെ നിങ്ങളുടെ ഭാഗ്യം പോലിരിക്കും. വളരെയൊന്നും ശ്രദ്ധാലുവല്ലാത്ത ഒരു പോലീസുകാരന്‍ അന്വേഷിക്കാന്‍ നിയുക്തനാവുക, സാഹചര്യത്തെളിവുകള്‍ മറ്റേതെങ്കിലുമൊരാളിലേയ്ക്ക്‌ വിരല്‍ ചൂണ്ടുക, നിങ്ങള്‍ക്ക്‌ അത്രപെട്ടെന്നൊന്നും പൊളിയ്ക്കാനാവാത്ത ഒരു അലീബിയുണ്ടാവുക, അങ്ങനെ ചിലത്‌ ചിലപ്പോള്‍ നിങ്ങളെ രക്ഷിച്ചേക്കും.

ശരി, നമുക്കു കാര്യത്തിലേയ്ക്കു വരാം. കഥാപാത്രത്തെ നമുക്ക്‌ 'ഇര'യെന്നു വിളിക്കാം. ഇയാള്‍ ഒരു വഴിമുടക്കി മാത്രമാണെന്നായിരുനു ഞാന്‍ അതുവരെ വിചാരിച്ചിരുന്നത്‌. ഇന്ദിരയെ അവന്‍ കരുതിക്കൂട്ടി കുരുക്കാന്‍ തുടങ്ങിയപ്പോഴാണ്‌ സത്യത്തില്‍ എനിക്ക്‌ അവനെ ചിത്രത്തില്‍നിന്നുതന്നെ മായ്ച്ചുകളയേണ്ടത്‌ അത്യാവശ്യമാണെന്നു തോന്നിത്തുടങ്ങിയത്‌. അതിലേയ്ക്കു നയിച്ച സംഭവങ്ങളെക്കുറിച്ച്‌ നിങ്ങളോടു ചര്‍ച്ചചെയ്യാന്‍ എനിക്കു താല്‍പ്പര്യക്കുറവുണ്ട്‌. ഞാന്‍ അതൊക്കെ പറയാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ അതിലെ ന്യായാന്യായങ്ങളെക്കുറിച്ചെന്നോടു തര്‍ക്കിക്കുകയും നമ്മള്‍ വിഷയത്തില്‍ നിന്നകന്നു പോകുകയും ചെയ്യുമെന്ന്‌ ഞാന്‍ ഭയക്കുന്നു.

അടുത്ത ചില ദിവസങ്ങളിലായി ഞാന്‍ ഇരയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവന്‍റെ ഓരോ ദിവസത്തെയും റുട്ടീന്‍, ഭക്ഷണക്രമം, ആരോടൊക്കെ ഇടപെഴകുന്നു, എപ്പോഴുറങ്ങുന്നു, എപ്പോഴുണരുന്നു അങ്ങനെ ഒട്ടനവധി ഡാറ്റ ഞാന്‍ കളക്ടുചെയ്തു കഴിഞ്ഞു.

ഒരു വിശദമായ പ്ളാനും ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്‌. എല്ലാ പഴുതുകളുമടച്ച ഒരു ഉശിരന്‍ പ്ളാനാണെന്‍റേത്‌. പക്ഷേ ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ, എവിടെയോ ഒരു തുരുമ്പ്‌, എന്നിലേയ്ക്കു തുറന്നേക്കാവുന്ന ഒരു വഴി ബാക്കിയുണ്ടാവുമല്ലോ. അതുകൂടി എനിക്ക്‌ അടച്ചേ തീരൂ. അതിനാണ്‌, എനിക്കു വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരാളെന്ന നിലയ്ക്ക്‌ നിങ്ങളോട്‌ ഈ പ്ലാനിന്‍റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നു കരുതിയത്‌. മുഴുവന്‍ കേട്ടിട്ട്‌ എവിടെയാണ്‌ ഒബ്‌വിയസ്‌ ആയ ആ മിസ്റ്റേയ്ക്ക്‌, അങ്ങനെയൊന്നുണ്ടെങ്കില്‍, എന്നൊന്നു പറഞ്ഞു തരൂ.

മുപ്പത്തെട്ടു നിലകളുള്ള ഒരു സ്കൈസ്ക്രെയ്പ്പറിലെ പതിനേഴാമത്തെ നിലയിലാണ്‌ അവന്‍റെ താമസം. കൂടെ പ്രായമായ അമ്മ മാത്രം. കിളവിക്ക്‌ ഇരുട്ടിയാല്‍ പിന്നെ കണ്ണുകാണില്ല. പക്ഷേ അപാര കേള്‍വിശക്തിയാണ്‌.

പതിനേഴാമത്തെ നിലയിലേയ്ക്ക്‌ വലിഞ്ഞു കയറുക എളുപ്പമല്ലെന്നറിയാമല്ലോ. മൂന്നു ലിഫ്റ്റുകളാണ്‌ കെട്ടിടത്തിലുള്ളത്‌. രണ്ടു ഗോവണികളും. ലിഫ്റ്റുകളിലും ലോബിയിലും വീഡീയോ സര്‍വേയ്‌ലന്‍സുണ്ട്‌. അതായത്‌ മുഖം മറച്ചില്ലെങ്കില്‍ നിങ്ങള്‍ അവിടെപോയതിനു തെളിവുണ്ടാകുമെന്നര്‍ത്ഥം.

അപരിചിതനായ ഒരാള്‍, വീഡിയോക്യാമറയ്ക്കെതിരെ മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നത്‌ ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുമെന്നുറപ്പ്‌. പാതിരാത്രിയില്‍ പോലും ആളുകളുണ്ട്‌ ലിഫ്റ്റിലും ലോബിയിലും. അത്തരത്തില്‍ ശ്രദ്ധിക്കപ്പെടാതിരിക്കണമെങ്കില്‍, ഞാന്‍ അവിടുത്തുകാരനായാലേ പറ്റൂ. അതുകൊണ്ടാണ്‌, ഒരു ഗള്‍ഫുകാരന്‍ എന്‍ആര്‍ഐയുടെ പൂട്ടിക്കിടക്കുന്ന ഫ്ലാറ്റ്‌ ഞാന്‍ വാടകയ്ക്കെടുത്ത്‌ അങ്ങോട്ടു മാറിയത്‌. ഇരുപതാം നിലയിലാണ്‌ എന്‍റെ ഫ്ലാറ്റ്‌. പക്ഷേ അവിടെയുമുണ്ട്‌ പ്രശ്നം. ലിഫ്റ്റിനു സെക്യൂരിറ്റി ഉണ്ട്‌. എന്‍റെ കയ്യിലുള്ള സെക്യൂരിറ്റി ടാഗുപയോഗിച്ച്‌ ഇരുപതാം നിലയിലേ ഇറങ്ങാന്‍ പറ്റൂ. പിന്നെ പാര്‍ക്കേഡ്‌, ലോബി, ജിം തുടങ്ങിയ കോമണ്‍ സ്ഥലങ്ങളിലും.

സ്റ്റെയര്‍കേസിലൂടെ താഴേയ്ക്കിറങ്ങാം. പക്ഷേ ഉള്ളിലേയ്ക്കു കടക്കാനൊക്കില്ല. സ്റ്റെയര്‍കേസിന്‍റെ വാതില്‍ ഉള്ളില്‍ നിന്നേ തുറക്കാനൊക്കൂ. അതായത്‌ ഇരുപതാം നിലയില്‍ നിന്നും ഞാന്‍ പടികളിറങ്ങി പതിനേഴാം നിലയിലെത്തിയാലും സ്റ്റെയര്‍കേസില്‍ നിന്നും അവന്‍റെ ഫ്ലാറ്റിനു മുന്നിലെത്തണമെങ്കില്‍ സ്റ്റെയര്‍കേസിന്‍റെ വാതില്‍ ഉള്ളില്‍ നിന്നാരെങ്കിലും തുറന്നു തരണം. പതിനേഴാം നിലയ്ക്കുള്ളില്‍ നിന്നുമാത്രമേ അതു തുറക്കാന്‍ പറ്റൂ.

ഞാന്‍ ആദ്യം ചെയ്തത്‌ അവന്‍റെ കാര്‍ ഒരു ദിവസം കടം വാങ്ങിയ്ക്കുകയാണ്‌. എന്‍റെ കാറിന്‌ ചെറിയൊരു പണിയുണ്ടായിരുന്നു. അത്യാവശ്യമായി ഒരിടം വരെ പോകണമെന്നു പറഞ്ഞപ്പോള്‍ അവന്‍ തന്നെ ആണ്‌ വണ്ടി ഓഫര്‍ ചെയ്തത്‌.

അതെന്തായാലും ഭാഗ്യമായി. കാറിന്‍റെ കീയുടെ കൂടെ അവന്‍റെ ഫ്ലാറ്റിന്‍റെ താക്കോലുമുണ്ടായിരുന്നു. ഞാന്‍ അതിന്‍റെ രണ്ടു കോപ്പി എടുത്തു. അതിനു വേണ്ടി മാത്രം അകലെയുള്ള മറ്റൊരു പട്ടണത്തില്‍ പോയി. ഫ്ലാറ്റിന്‍റെ താക്കോലിനൊപ്പം മറ്റു ചില ഒരു ആവശ്യവുമില്ലാത്ത താക്കോലുകളുടേയും കോപ്പി എടുപ്പിച്ചു, ആ സ്റ്റോറുകാരനു സംശയത്തിനിടകൊടുക്കാതിരിക്കാന്‍.

ആയിടയ്ക്കാണ്‌ ഒരു കുപ്രസിദ്ധ മോഷ്ടാവ്‌ ജയിലില്‍നിന്നിറങ്ങിയ വിവരമറിയുന്നത്‌. നഗരപ്രാന്തത്തിലെ ഒരു ചേരിയിലാണ്‌ അവന്‍റെ വാസമെന്നു കേട്ടിട്ടുണ്ട്‌. അവനെ കണ്ടുപിടിക്കാന്‍ തീരുമാനിച്ചു. മാന്യമായി വസ്ത്രം ധരിച്ച ഒരാള്‍ ആ ചേരിയില്‍ ചെല്ലുമ്പോഴേ പലകണ്ണുകളും സംശയം മണക്കുമെന്ന്‌ എനിക്കറിയാം. അതുകൊണ്ട്‌ ഞാന്‍ മറ്റൊരു അടവെടുത്തു. മുഷിഞ്ഞുനാറിയ ഒരു ലുങ്കിയും ടീഷര്‍ട്ടുമിട്ട്‌, ഷേവു ചെയ്യാത്ത മുഖവുമായി ചേരിയിലെ കള്ളുഷാപ്പില്‍ പോയിത്തുടങ്ങി. ഒന്നു രണ്ടു ദിവസത്തിനിടയില്‍ രാജനെ പരിചയപ്പെടാനെനിക്കു കഴിഞ്ഞു.

എന്നെക്കുറിച്ച്‌ കാര്യമായ വിവരങ്ങളൊന്നും ഞാന്‍ അവനു കൊടുത്തില്ല. മോഷണത്തെക്കുറിച്ചൊന്നും അവന്‍ ഒന്നും വിട്ടു പറഞ്ഞതുമില്ല.

ഒന്നുരണ്ടു ദിവസം കൂട്ടുകുടിയന്മാരായതോടെ ഞങ്ങള്‍ അടുത്തു. അങ്ങനെയാണ്‌ പതിനേഴാമത്തെ നിലയിലെ ഫ്ലാറ്റിന്‍റെ കീ കൈവശമുള്ളതിനെപ്പറ്റി ഞാന്‍ അവനോടു പറഞ്ഞത്‌. അവന്‍റെ കണ്ണിലെ തിളക്കം ഞാന്‍ വായിച്ചെടുത്തു. കിട്ടുന്നതിന്‍റെ മുക്കാല്‍ പങ്ക്‌ വനും കാല്‍പാതി എനിക്കും. അതായിരുന്നു തീരുമാനം. ഞാന്‍ ഒന്നിലുമില്ല. കീയുടെ പകര്‍പ്പിനും വിവരങ്ങള്‍ക്കുമുള്ള പ്രതിഫലമാണ്‌ കാല്‍പ്പങ്ക്‌. പ്രതിഫലത്തെക്കുറിച്ച്‌ കുറേ വാശി പിടിച്ച്‌ ഞാന്‍ അവന്‍റെ വിശ്വാസം അരക്കിട്ടുറപ്പിച്ചു.

പദ്ധതി തയ്യാറാക്കിയതൊക്കെ അവനായിരുന്നു. നല്ല വസ്ത്രങ്ങളൊക്കെ അണിഞ്ഞ്‌ അവന്‍ ഫ്ളാറ്റിനു പുറത്തു കാത്തു നില്‍ക്കും. ഇര വൈകിട്ടു ജോലി കഴിഞ്ഞു വരുമ്പോള്‍ അയാള്‍ക്കൊപ്പം ലിഫ്റ്റില്‍ കയറും. എന്നിട്ട്‌ പതിനേഴാം നിലയില്‍ അയാള്‍ക്കുവേണ്ടി നിര്‍ത്തുമ്പോള്‍ അവനുമിറങ്ങും. നേരെ എതിര്‍വശത്തേയ്ക്കു നടക്കും. ഇര അവനെ ശ്രദ്ധിക്കുകയാണെങ്കില്‍ പോലും അതേ നിലയിലുള്ള മറ്റേതോ ഫ്ളാറ്റിലേയ്ക്കു വന്ന സന്ദര്‍ശകനാണെന്നു കരുതിക്കൊള്ളും. (അതുമല്ലെങ്കില്‍ 'നില മാറിപ്പോയി' എന്നു പറഞ്ഞൊഴിയാം.) എന്നിട്ട്‌ നേരെ സ്റ്റെയര്‍കേസിലേയ്ക്കുള്ള വാതില്‍ തുറന്ന്‌ പുറത്തിറങ്ങും. വാതില്‍ അടയുന്നതിനു മുന്പ്‌ അല്‍പം സെല്ലോടേപ്പ്‌ ഉപയോഗിച്ച്‌ അതിന്‍റെ ലോക്കിംഗ്‌ ലിവര്‍ ബ്ലോക്കു ചെയ്യും. അതായത്‌ വാതില്‍ അടഞ്ഞിരിക്കുമെങ്കിലും, ലോക്ക്‌ വീഴില്ല. പിന്നെ വാതില്‍ സ്റ്റെയര്‍കേസില്‍ നിന്നും തുറക്കാന്‍ കഴിയും.

അതുകഴിഞ്ഞാല്‍ സ്റ്റെയര്‍കേസുവഴി താഴെ ഇറങ്ങി തിരിച്ചുപോകും. ഏതാണ്ടൊരു പുലര്‍ച്ച രണ്ടു മണിയോടെ തിരിച്ചു വരും. മദ്യമുപയോഗിച്ച്‌ നന്നായി വായ്‌ കഴുകി, ദേഹത്തൊക്കെ മദ്യമൊഴിച്ച്‌ മണം വരുത്തി, ബാറില്‍ നിന്ന്‌ വൈകി ഉന്മ്മത്തനായി വരുന്ന ഒരാളെപ്പോലെയാണ്‌ കയറി വരിക. ലിഫ്റ്റില്‍ വച്ച്‌ ഓക്കാനിക്കുകയൊക്കെ ചെയ്ത്‌ ആരുടെയെങ്കിലുമൊക്കെ ശ്രദ്ധയാകര്‍ഷിക്കും. പിന്നെ ഏതെങ്കിലുമൊരാളുടെ കൂടെ ഏതെങ്കിലുമൊരു നിലയില്‍ ഇറങ്ങും. അല്‍പ്പനേരം ചുറ്റിക്കറങ്ങി നിന്ന ശേഷം ഫ്ലോര്‍ മാറിപ്പോയെന്നു പറഞ്ഞ്‌ ഉറക്കെ ചമ്മിച്ചിരിച്ച്‌ സ്റ്റെയര്‍ കേസിറങ്ങും. ആരും പിന്‍തുടരുന്നില്ലെന്ന്‌ ഉറപ്പു വരുത്തിയ ശേഷം പതിനേഴാം നിലയിലെ വാതില്‍ തുറന്ന്‌ അകത്തുകടക്കും. ഫ്ലാറ്റിന്‍റെ കീ കയ്യില്‍ ഉള്ളതുകൊണ്ട്‌ ശബ്ദമൊന്നുമുണ്ടാക്കാതെ അകത്തു കടക്കാം.

ആദ്യം ചെയ്യേണ്ടത്‌ കെളവിയെ നിശബ്ദയാക്കുകയാണ്‌. ഭയങ്കര കേള്‍വിശക്തിയാണതിന്‌. അതുണര്‍ന്നാല്‍ പദ്ധതി പൊളിയും. അധികം ബുദ്ധിമുട്ടുണ്ടാവില്ല. മൂക്കും വായും ഒരിത്തിരി നേരം പൊത്തിപ്പിടിച്ചാല്‍ നിലയ്ക്കാവുന്ന ജീവനേ ആ ശരീരത്തില്‍ അവശേഷിക്കുന്നുള്ളൂ.

ഇര നല്ല ഉറക്കമായിരിക്കും. പ്രത്യേകിച്ചും കമ്പനിയിലെ പാര്‍ട്ടിയുടെ ദിവസമായതിനാല്‍. ഓസിനു കിട്ടുന്നതുകൊണ്ട്‌ കുറേയധികം പെഗ്ഗുകള്‍ വിഴുങ്ങിയിട്ടുണ്ടാകും. (വളരെ വിദഗ്ദ്ധമായാണ്‌ രാജനെക്കൊണ്ട്‌ ആ ദിവസം തന്നെ തെരഞ്ഞെടുപ്പിച്ചത്‌.)

അവന്‍ ഉണരുകയാണെങ്കില്‍ ബുദ്ധിമുട്ടാകും. ഒരു കാളക്കൂറ്റന്‍റെ ശക്തിയാണവന്‌. അശുപോലിരിക്കുന്ന രാജന്‍ അവന്‍റെ ഒരു ചവിട്ടിനു തികയില്ല. (പക്ഷേ, പഴയ നൊസ്റ്റാള്‍ജിയ ഒക്കെ കുത്തിപ്പൊക്കി അവനെ അന്നു രാത്രി ഒത്തിരി കുടിപ്പിക്കാനെനിക്കു സാധിക്കും).

പിന്നെ രാജനു പണി തുടങ്ങാം. ഒത്തിരി കാലം ദുബായില്‍ സ്വര്‍ണ്ണം കൊയ്തിട്ടുണ്ടവന്‍. പലിശയ്ക്കുകൊടുപ്പും ഒക്കെയായി കാശായിത്തന്നെ നല്ലൊരു സംഖ്യ വീട്ടില്‍ എപ്പോഴും കാണും. പിന്നെ അവന്‍റെ മരിച്ചുപോയ ഭാര്യയുടെ ആഭരണങ്ങള്‍. രാജനോടു പ്രത്യേകം പറഞ്ഞിട്ടുണ്ട്‌ ആക്രാന്തം കാണിക്കരുതെന്ന്‌. പണവും ആഭരണങ്ങളും തുടങ്ങി പോക്കറ്റില്‍ കൊള്ളാവുന്നത്രയേ എടുക്കാവൂ. വിലപിടിച്ച ഇലക്ട്രോണിക്സ്‌ ഉപകരണങ്ങളും മറ്റും ധാരാളമായുണ്ടാവും അവിടെ. പക്ഷേ ആരുടെയും കണ്ണില്‍ പെടാതെ അവ പുറത്തെത്തിക്കുക എളുപ്പമല്ല.

സ്റ്റെയര്‍കേസിലേയ്ക്കിറങ്ങിയാലുടന്‍ സെല്ലോറ്റേപ്പ്‌ പറിച്ചെടുക്കണം. വാതില്‍ വിണ്ടും ലോക്കാവും. പുറത്തിറങ്ങി നേരേ റോഡുമുറിച്ചു കടന്നാല്‍ റെയില്‍വേസ്റ്റേഷന്‍. റ്റൈമിംഗ്‌ ഒക്കെ കൃത്യമായിരുന്നാല്‍ രാജന്‍ രണ്ട്‌ മുപ്പത്തഞ്ചോടെ റെയില്‍വേസ്റ്റേഷനിലെത്തും. പുലര്‍ച്ചെ രണ്ടരമുതല്‍ മൂന്നുമണിവരെയുള്ള സമയത്തിനിടയ്ക്ക്‌ വടക്കോട്ടുള്ള മൂന്നു വണ്ടികളാണ്‌ സ്റ്റേഷനിലെത്തുക. ഏതെങ്കിലുമൊന്നില്‍ കയറി കോഴിക്കോട്ടിറങ്ങുക. ഒരു ലോഡ്ജില്‍ മുറിയെടുത്ത്‌ കുളിച്ചു വൃത്തിയായതിനു ശേഷം കാലത്ത്‌ ഒന്‍പതുമണിയോടെ തിരിച്ച്‌ റെയില്‍വേസ്റ്റേഷനിലെത്തുക. മൂന്നാമത്തെ പ്ളാറ്റ്‌ഫോമില്‍ ക്ളോക്കിനു സമീപം ഞാന്‍ കാത്തു നില്‍ക്കുന്നുണ്ടാവും.

ഒരു ഭീഷണിയെന്ന നിലയില്‍ ഇതുകൂടിപറഞ്ഞു - പത്തുമണിയോടെ എത്തിയില്ലെങ്കില്‍, ഞാന്‍ പോലീസിനു കീഴടങ്ങും. കുപ്രസിദ്ധ കുറ്റവാളി ആയതുകൊണ്ട്‌ രാജന്‍ പിടിക്കപ്പെടുമെന്നുറപ്പ്‌. (ചുമ്മാ, കൊള്ളമുതലില്‍ എനിക്കു താല്‍പ്പര്യമുണ്ടെന്നു കാണിക്കാന്‍ വേണ്ടി മാത്രം.)

ഇനി ഞാന്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്നു പറയാം. രണ്ടു മണിയ്ക്ക്‌ രാജന്‍ എത്തുന്നതിനു മുന്നേ ഞാന്‍ പതിനേഴാം നിലയിലെത്തുന്നു. കിളവിയെ അല്‍പം കൂടിയ ഡോസ്‌ നിക്കോട്ടിന്‍ ഉപയോഗിച്ച്‌ ബോധരഹിതയാക്കുന്നു. ഒരു ട്രിക്കാണത്‌. കെളവി ബീഡി പുകയ്ക്കുമെന്ന്‌ എനിക്കറിയാം. വല്ലപ്പോഴും ഞാനവിടെ പോകുമ്പോള്‍ കെളവി എന്‍റെ കയ്യില്‍ നിന്നും മകന്‍ കാണാതെ സിഗരറ്റ്‌ ഇരന്നു മേടിക്കും. പുകവലിക്കുന്ന ഒരാളിന്‍റെ ശരീരത്തില്‍ നിക്കോട്ടിന്‍ കാണുമെന്നുറപ്പാണല്ലോ. അപ്പോള്‍ പോസ്റ്റ്‌മോര്ട്ടത്തിലും ഒരു സംശയത്തിനു കാരണമില്ല. ക്ളോറോഫോമോ മറ്റോ ഉപയോഗിച്ചാല്‍ അത്‌ ലാബ്‌ടെസ്റ്റുകളില്‍ കണ്ടു പിടിക്കപ്പെടും. കിളവിയുടെ ആരോഗ്യാവസ്ഥ കാരണം തട്ടിപ്പോകാന്‍ ചാന്‍സുണ്ടു താനും. (പുകയിലയില്‍ നിന്ന്‌ നിക്കോട്ടിന്‍ വേര്‍തിരിച്ചെടുക്കാന്‍ എളുപ്പമാണ്‌. വെള്ളത്തിലിട്ടു തിളപ്പിച്ചാവര്‍ത്തിച്ച്‌ ഫില്റ്റെര്‍ പേപ്പര്‍ ഉപയോഗിച്ച്‌ എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കാം)

കിളവിയെ കൊല്ലണമെന്ന്‌ എനിക്കുദ്ദേശമില്ല. രാജന്‍ അകത്തുകടന്നാല്‍ ആദ്യം ചെയ്യുക കിളവിയുടെ മൂക്കുംവായും പൊത്തിപ്പിടിക്കുകയാണ്‌. രാജന്‍റെ കൈകൊണ്ടുതന്നെ വേണം കിളവി ചാവാന്‍. എന്നാലേ അവന്‌ ചെറിയൊരു പേടിയുണ്ടാവൂ. ആകാവുന്നത്ര പിടികൊടുക്കാതിരിക്കാന്‍ ശ്രമിക്കൂ.

പിന്നെ, അവന്‍. അവനെ കൊല്ലുന്നത്‌ എനിക്ക്‌ ശരിക്കൊന്ന്‌ ആസ്വദിക്കണം. കട്ടിലിനോട്‌ ചേര്‍ത്തുകെട്ടി, അവന്‍റെ വായില്‍ തുണി തിരുകണം. അവന്‍റെ കയ്യിലേയും കാലിലേയും നഖങ്ങള്‍ ഓരോന്നായി പിഴുതെടുക്കണം. തുണിപറിച്ചു കളഞ്ഞ്‌ അവന്‍റെ ജനനേന്ദ്രിയത്തില്‍ അല്‍പം മദ്യമൊഴിച്ച്‌ തീകൊളുത്തണം. ഒന്നു കരയാന്‍ പോലും കഴിയാതെ കണ്ണുതുറിപ്പിച്ച്‌ ഞരമ്പുകള്‍ വലിഞ്ഞു മുറുകി അവന്‍ ബെഡ്ഡില്‍ വിസര്‍ജ്ജിക്കുന്നത്‌ കണ്ട്‌ ഒന്ന്‌ അട്ടഹസിക്കണം... ഹ ഹ ഹാ!

ക്ഷമിക്കണം അത്രയും വിശദാംശങ്ങളിലേയ്ക്ക്‌ കടക്കണമെന്നു കരുതിയതല്ല. വല്ലാതെ എക്സൈറ്റെഡ്‌ ആയിപ്പോയി.

തുടരട്ടെ. അവനെ ഞാന്‍ അപ്പോഴും കൊല്ലാനുദ്ദേശിക്കുന്നില്ല. അവന്‍ പണവും ആഭരണങ്ങളുമൊക്കെ വച്ചിരിക്കുന്നത്‌ വിദേശത്തുനിന്നു കൊണ്ടു വന്ന പ്രത്യേക സേഫിലാണെന്നെനിക്കറിയാം. അവനുമാത്രമറിയാവുന്ന പാസ്‌കോഡ്‌ ഉപയോഗിച്ചേ അതു തുറക്കാന്‍ കഴിയൂ. ആ വിവരമൊന്നും ഞാന്‍ രാജനോടു പറഞ്ഞിട്ടില്ല. ആ പാസ്സ്‌കോഡ്‌ അവനോട്‌ എഴുതികാണിക്കാന്‍ പറയണം. അതുപയോഗിച്ച്‌ സേഫ്‌ തുറന്നു വയ്ക്കണം. രാജന്‍ വരുമ്പോള്‍ സേഫ്‌ തുറന്നുകിടക്കുന്നതു കണ്ട്‌ പണി എളുപ്പമായെന്നു കരുതി മുതലും എടുത്ത്‌ സ്ഥലം കാലിയാക്കിക്കൊള്ളും.

ഇര നല്ല മദ്യലഹരിയില്‍ ഉറങ്ങുകയായിരിക്കുമെന്നാണ്‌ രാജനോടു പറഞ്ഞിട്ടുള്ളത്‌. അതുകൊണ്ട്‌ ഒരു തുണിയെടുത്ത്‌ അവന്‍റെ തലവഴിമൂടിയാല്‍ രാജന്‍ സംശയിക്കില്ലതന്നെ. മാത്രവുമല്ല, തുണിപൊക്കിനോക്കി ഉറങ്ങുന്ന വീട്ടുകാരനെ ഒരു കള്ളനും ഉണര്‍ത്താന്‍ മെനക്കെടില്ലല്ലോ.

രാജന്‍ പോയിക്കഴിഞ്ഞ ശേഷമാണ്‌ ഞാന്‍ അവനെ കൊല്ലാന്‍ പോകുന്നത്‌. ഓരോ അവയവവും അടിച്ചു ചതച്ച്‌ അവനെക്കൊണ്ട്‌ മരണം യാചിപ്പിക്കും. ഒടുക്കം തുടയിലെ ആര്‍ട്ടെറിയില്‍ ആഴത്തിലൊരു മുറിവുണ്ടാക്കും. അതിലൂടെ ചോര വാര്‍ന്ന്‌ വാര്‍ന്ന്‌ ശബ്ദമുയര്‍ത്താന്‍ വയ്യാതാവുമ്പോള്‍ ഞാനവന്‍റെ വായിലെ കെട്ടഴിയ്ക്കും. മരിക്കുന്നതിനു മുന്പ്‌ അവനു പറയാനുള്ളതൊന്നു കേള്‍ക്കാന്‍. അവന്‍ രക്ഷിക്കാന്‍ കെഞ്ചുകയൊന്നുമില്ല. എന്നെ തെറിവിളിക്കുമായിരിക്കും. ആണാണെങ്കില്‍ അഴിച്ചു വിട്ടിട്ട്‌ പൊരുതെടാ എന്നു പറയുമായിരിക്കും. ഹ ഹ ഹ! ആണാണെങ്കില്‍ എന്ന്‌! ഇന്ദിരയെ ഞാന്‍ അറിയിച്ചുകൊടുക്കുന്നുണ്ട്‌ എന്‍റെ ആണത്തം. അതിനു മുന്പ്‌ അവന്‍റെ ആണത്തം കരിഞ്ഞ ഒരു മാംസത്തുണ്ടായി മാറിയിരിക്കും.

ക്ഷമിക്കണം, ഞാന്‍ വീണ്ടും കാടുകയറുന്നുണ്ടല്ലേ. ഇനി ചുരുക്കിപ്പറയാം. രാജനെ പ്രതിയായി കാണിച്ചു കൊടുക്കുക എന്നതാണ്‌ എന്‍റെ ഉദ്ദേശമെന്ന്‌ ഇതിനകം നിങ്ങള്‍ മനസ്സിലാക്കിയിരിക്കുമല്ലോ.

മോഷണം പുറത്തറിയാതിരിക്കാന്‍ ആദ്യമവന്‍ കിളവിയെ കൊല്ലുന്നു. പിന്നെ സേഫ്‌തുറക്കാനുള്ള പാസ്‌കോഡറിയാന്‍ ഇരയെ ഭേദ്യം ചെയ്യുന്നു. തല്‍ഫലമായി ചോരവാര്‍ന്ന്‌ ഇര പിന്നീടു മരിക്കുന്നു. വിദഗ്ദ്ധനായൊരു മോഷ്ടാവാണ്‌ അവന്‍. തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചോളും.

എങ്കിലും ബുദ്ധിമാനായ ഒരു അന്വേഷകന്‍ അവനിലേയ്ക്ക്‌ എത്തിച്ചേര്‍ന്നുകുടെന്നില്ല. എന്നാല്‍പോലും ഷാപ്പില്‍ വച്ചു പരിചയപ്പെട്ട മറ്റൊരു കള്ളന്‍ എന്നതിലുപരി ഒരു ലിങ്കും എന്നിലേയ്ക്കവനില്ല. ഒന്‍പതുമണിക്ക്‌ സ്റ്റേഷനില്‍ എന്നെക്കണ്ടില്ലെങ്കില്‍ അവന്‍ തീര്‍ച്ചയായും പരിഭ്രാന്തനാവും. ഉടനേ ദൂരെയെവിടേയ്ക്കെങ്കിലും സ്ഥലം വിടുകയും ചെയ്തുകൊള്ളും.

ഇതാണു പ്ളാന്‍. ഇനി പറയൂ, എന്താണ്‌ ആ മിസ്റ്റേക്ക്‌? എല്ലാ കുറ്റവാളിയും ഇട്ടിട്ടുപോലുന്ന ആ ഫൂട്ട്‌പ്രിന്റ്‌? ഒന്നു പറഞ്ഞു തരൂ.

ഒന്നും കണ്ടുപിടിക്കാന്‍ കഴിയുന്നില്ല അല്ലേ? ഹ ഹ ഹാ! എനിക്കറിയാമായിരുന്നു. അത്രയ്ക്ക്‌ ആലോചിച്ചുറപ്പിച്ചതാണ്‌ ഞാനീ പ്ലാന്‍. പക്ഷേ ഒന്നുകൂടിയുണ്ട്‌. ഇത്രയൊക്കെ പ്ളാന്‍ ചെയ്തിട്ടും കൊലപാതകി രാജന്‍ അല്ലെന്ന്‌ ഒരു അതിബുദ്ധിമാനായ പോലീസുകാരന്‍ മനസ്സിലാക്കിയെന്നിരിക്കട്ടെ. അയാള്‍ക്കു ഞാന്‍ ഒരു ഒബ്‌വിയസ്സായ ഇരയെ ഇട്ടുകൊടുക്കുന്നുണ്ട്‌. വണ്‍ ലാസ്റ്റ്‌ലൈന്‍ ഓഫ്‌ ഡിഫന്‍സ്‌!

ആരെന്നല്ലേ? ഹ ഹ ഹ! അതാണു നിങ്ങള്‍! ഞെട്ടെണ്ട. നിങ്ങള്‍ തന്നെ. പെട്ടെന്ന്‌ നിങ്ങളുടെ മുഖത്ത്‌ രക്തമിരച്ചു കയറുന്നതും ഞരമ്പുകള്‍ തുടിക്കുന്നതും ഞാന്‍ കാണുന്നുണ്ട്‌. എനിക്കു നിങ്ങളോടൊരു വിരോധവുമില്ല സുഹൃത്തേ. പക്ഷേ എന്‍റെ രക്ഷ ഞാന്‍ നോക്കണ്ടേ?

ഹ ഹ ഹ! നിങ്ങള്‍ വിയര്‍ക്കുന്നു! ഞാനീ പറഞ്ഞതൊക്കെ സത്യമാണ്‌. വിശദാംശങ്ങളില്‍ ചില തിരുത്തുകള്‍ വേണമെന്നു മാത്രം. നിങ്ങള്‍ക്കറിയാമോ, ഇര താമസിക്കുന്നത്‌ ഇതേ ബില്‍ഡിംഗിലാണ്‌. എന്നു പറഞ്ഞാല്‍ നിങ്ങളും ഞാനും ഇപ്പോള്‍ ഇരിക്കുന്ന നിങ്ങളുടെ ഈ ബില്‍ഡിംഗില്‍. ഓര്‍ക്കുന്നോ, രണ്ട്മാസമേ ആയുള്ളൂ നിങ്ങളിങ്ങോട്ടു താമസം മാറിയിട്ട്‌.‌. "ഗള്‍ഫുകാരന്‍ എന്‍ആര്‍ഐയുടെ ഫ്ലാറ്റിലേയ്ക്ക്‌" ഞാന്‍ വാടകയ്ക്കുകയറി എന്നത്‌ "അമേരിക്കക്കാരന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറുടെ ഫ്ലാറ്റ്" എന്നു തിരുത്തിയാല്‍ ആള്‍ നിങ്ങളാവും. ഇരുപതാമത്തെ നില എന്നതിനു പകരം പന്ത്രണ്ടാമത്തേതായാല്‍ ഈ ഫ്ലാറ്റാവും. പതിനാറാമത്തെ ഫ്ളാറ്റിലെ നിങ്ങളുടെ സുഹൃത്ത്‌ പ്രദീപാകും എന്‍റെ 'ഇര'. ഹ ഹ ഹ! എങ്ങനെയുണ്ടാ ബുദ്ധി?

സോറി, ഞാന്‍ ഇനി പാസ്റ്റ്‌ടെന്‍സ്‌ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതായത്‌ 'പ്രദീപായിരുന്നു ഇര' എന്ന്‌. അവനെ ഞാന്‍ മായ്ച്ചുകളഞ്ഞിരിക്കുന്നു. രക്തം വാര്‍ന്നൊഴുകി വിളറിവെളുത്ത ഒരു പ്രേതമായി പതിനാറാമത്തെ നിലയിലെ കട്ടിലില്‍ അവന്‍ ഉറങ്ങുന്നുണ്ട്‌. അവന്‍ ജോലിസ്ഥലത്ത്‌ എന്നുമെനിക്കൊരു പാര ആയിരുന്നു. ഇപ്പോള്‍ ഇന്ദിരയുടെ കാര്യത്തിലും.

ഈ കഥ പൂര്‍ണ്ണമാക്കാന്‍ ഒന്നു കൂടി എനിക്ക്‌ ചെയ്യേണ്ടതുണ്ട്‌. ഇതാ ഞാന്‍ നിങ്ങളുടെ മേശവലിപ്പില്‍ വയ്ക്കാന്‍ പോകുന്ന ഈ സ്റ്റിക്കി നോട്ടിലാണ്‌ പ്രദീപിനെക്കൊണ്ട്‌ അവന്‍റെ പാസ്‌കോഡെഴുതിച്ചത്‌.. ഇതു നിങ്ങളെ ഒരു ഇരയാക്കിക്കൊള്ളും. കൂടാതെ നിങ്ങളുടെ ഗാര്‍ബേജ്‌ ബിന്നില്‍ നിക്കോട്ടിന്‍ പുരണ്ട ഒരു ഫില്റ്റെര്‍ പേപ്പറും ഞാന്‍ നിക്ഷേപിക്കുന്നുണ്ട്‌.

അയ്യോ, നിങ്ങള്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടല്ലോ! നിങ്ങള്‍ ചിന്തിക്കുന്നത്‌ ശരിയാണ്‌. എന്നിലേയ്ക്കെത്താന്‍ ഒരു വഴികൂടിയുണ്ട്‌. എനിക്കതും അടച്ചേ തീരൂ. അതിന്‌ തയ്യാറായിത്തന്നെയാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌. ഈ സിലിണ്ടര്‍ നോക്കൂ. കാര്‍ബണ്‍ മോണോക്സൈഡാണതിനുള്ളില്‍. ദ സൈലന്‍റു്‌ കില്ലര്‍. ഒരു ഉറുമ്പു കടിക്കുന്ന വേദനപോലുമുണ്ടാവില്ല. നിങ്ങള്‍ പോലുമറിയുന്നതിനുമുന്പ്‌ നിങ്ങള്‍.. എനിക്കു നിങ്ങളെ വേദനിപ്പിക്കണമെന്നില്ല സുഹൃത്തേ..

ഗുഡ്‌ബൈ നൌ!

23 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

കുറേകാലമായല്ലോ എന്തേലും ചാര്‍ത്തിയിട്ട്‌ എന്നു വിചാരിച്ചപ്പോള്‍ പറ്റിയ ഒരു കയ്യബദ്ധം ആണ്‌ :)

കാവലാന്‍ പറഞ്ഞു...

ക്ഷമിച്ചു,
അഭിപ്രായം വായിച്ചിട്ടാവാം കേട്ടൊ :)

തണല്‍ പറഞ്ഞു...

ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു,എന്റെ അടുത്ത ഇര നീ തന്നെ!!!
:)
ഇത്ര നീട്ടിവലിച്ചിട്ടും എവിടുന്നു കിട്ടിയെടാ നിനക്കീ ഒഴുക്കിന്റെ സൂത്രവാക്യം.ടമാര്‍ ...........!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

പോലീസുകാര്‍ ഇതൊന്നും വായിച്ച് പാമൂന്റെ പിന്നാലെ വരാതിരിക്കട്ടെ..
:)

കഥ സൂപ്പര്‍!!!

Joker പറഞ്ഞു...

കൊള്ളാം.

ചന്ദ്രകാന്തം പറഞ്ഞു...

പാമരാ...
ഇത്രേം കാലം ഇങ്ങനൊരു പ്ലാന്‍ ഉണ്ടാക്കിയെടുക്കാനുള്ള മറഞ്ഞിരിപ്പായിരുന്നോ ചങ്ങാതീ?
വീണ്ടും തട്ടേല്‍ കയറിയതില്‍ സന്തോഷം.

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

മറ്റൊരു ഡിമോളിഷന്‍ പ്രതീക്ഷിച്ചാണു കയറിയത്‌. (നീണ്ട ഗ്യാപ്പായിരുന്നല്ലോ). പക്ഷേ ഡിമോളിഷ്ഡ്‌ആയില്ലെന്നു മാത്രം...

ശ്രീ പറഞ്ഞു...

കിടിലന്‍ കഥ മാഷേ.

അവസാനം ആളെ പേടിപ്പിച്ചു ;)

ഹരിത് പറഞ്ഞു...

എടാ പാമൂ എടാ!!! ക്രിമിനല്‍ പുത്തിയുടെ കാര്യത്തില്‍ നീ പാമരനല്ല, പണ്ഡിതന്‍!
നീ പൊന്നപ്പന്‍ അല്ലെടാ തങ്കപ്പന്‍ ആണ് തങ്കപ്പന്‍!

Typist | എഴുത്തുകാരി പറഞ്ഞു...

പൊന്നു ചങ്ങാതീ, സമ്മതിച്ചിരിക്കുന്നു.

Rare Rose പറഞ്ഞു...

ആദ്യം നീളം കണ്ടു സംശയിച്ചു നിന്നെങ്കിലും, വായിച്ചു തുടങ്ങിയപ്പോള്‍ എവിടെയാവാം പിഴവെന്നു നോക്കി ഉത്സാഹിച്ചൊടുവിലെത്തിയപ്പോള്‍ ഞെട്ടിപ്പോയി.!!.നല്ല അവസാനം.:)

പാമരന്‍ പറഞ്ഞു...

കാവലാന്‍ജി, തണലേ, രാമു, ജോക്കര്‍, ചന്ദ്രകാന്തം ചേച്ചി, ജിതേന്ദ്രകുമാര്‍ജി, ശ്രീ, ഹരിത്ജി, എഴുത്തുകാരി ചേച്ചി, റോസെ, വളരെ നന്ദി.

നന്നായില്ലെന്നു തുറന്നു പറഞ്ഞതിനു ജിതേന്ദ്രകുമാര്‍ജിക്കു ഡബിള്‍ നന്ദി :)

sree പറഞ്ഞു...

എന്റമ്മോ, ഇതു ചെയ്തിട്ട് എഴുതീതാണോ? bytw...സിമിക്ക് പഠിക്കാണോ. അവനോ കൊന്നാലും ഇങ്ങനേ എഴുതൂന്നും പറഞ്ഞിരിക്കാ :(

ഗീത പറഞ്ഞു...

അപ്പോള്‍ അതു നിശ്ചയിച്ച് ഉറപ്പിച്ചു കഴിഞ്ഞു അല്ലേ? ഒരു സിനിമ നിര്‍മ്മിക്കാന്‍? അതിനുള്ള കഥയും തിരക്കഥയും ആയിക്കഴിഞ്ഞു. അപ്പോള്‍ വേഗം തുടങ്ങിയാട്ടേ. അതോ കഥ വിറ്റു കഴിഞ്ഞോ?

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

പാമൂ,
കഴിഞ്ഞ ദിവസം വന്ന് തിരിച്ചു പോയി, ആസ്വദിച്ച് വായിക്കനുള്ള മൂഡിലായിരുന്നില്ല. ഇപ്പോള്‍ വായിക്കു, ഒരു ഷെര്‍ലക്ക് ഹോംസ് കഥ വായിക്കുന്ന രസത്തോടെ.
ഉഷാറായിരിക്കുന്നു.

kichu / കിച്ചു പറഞ്ഞു...

വണ്ടി ലേറ്റ് ആയി അതാ വൈകിയത്.
പാമൂ.. സത്യം പറ. എവിടെയാ ജോലി?
ഈ ബുദ്ധി ഒന്നും വെയിലുകൊണ്ട് കളയല്ലേട്ടാ. തല നന്നായി പെരുപ്പിച്ചു കാണുമല്ലെ..:)

പാമരന്‍ പറഞ്ഞു...

ശ്രീ, ഗീതേച്ചി, അനില്‍ജി, കിച്ചു ചേച്ചി, നന്ദി.

എതിരന്‍ കതിരവന്‍ പറഞ്ഞു...

ആരാണ് ഇര. ആരാണ് വേട്ടക്കാരൻ? ഈ ഭ്രമാത്മകത നന്നായി. അതി സൂക്ഷ്മമായ ആഖ്യാനം.
ബ്ലോഗിൽ കഥ പച്ചപിടിച്ചു നിൽക്കുന്നെന്ന കാര്യം സന്തോഷപ്രദം തന്നെ.

മാണിക്യം പറഞ്ഞു...

ഇങ്ങനെ എല്ലാ പഴുതും അടച്ച്... ശരിക്കും വായിക്കുമ്പോള്‍ ആകെ ഒരു തണുപ്പ് നട്ടെല്ലില്‍ കൂടി ഇരച്ചു കയറുന്നു. ഇങ്ങനെ ഒക്കെ പ്ലാന്‍ ചെയ്താല്‍ തട്ടികളയാന്‍ പറ്റും അല്ലേ? സത്യം പേടിയാവുന്നു! ഇവിടെ ഞാനും മോനും മാത്രം! ഹെന്റമ്മോ! പാമുവേ!!

പൊറാടത്ത് പറഞ്ഞു...

ശ്വാസം പിടിച്ചിരുന്ന് വായിച്ചു. അവസാനം മാണിക്യാമ്മയുടെ കമന്റ് കണ്ടപ്പോളാ ശരിക്കും ഒന്ന് റിലാക്സ്ഡ് ആയത്...:)

ദേ.. മാണിക്യാമ്മേ വെറുതെ പേടിപ്പിക്കല്ലേ ട്ടോ..

എന്നാലും, പണിത്തിരക്ക് കഴിഞ്ഞ്, ഇത്തരം കുനുഷ്ടുകളൊക്കെ ആലോചിച്ച് ക്ലീനായി എഴുതുന്നുണ്ടല്ലോ.... അഭിനന്ദനങ്ങൾ...

Unknown പറഞ്ഞു...

എത്രയെത്ര ഇരകള്‍ !

Calvin H പറഞ്ഞു...

നന്നായി... ഇഷ്ടപ്പെട്ടു.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

എവിടെയാ മാഷേ പുതിയ തിരക്കഥ തയ്യാറായില്ലേ?
(ഒരു തിരക്കഥ പോലെ വായിച്ചു...)