2009, ജൂലൈ 30, വ്യാഴാഴ്‌ച

തദേവി


courtesy: http://painterskeys.com/pal/barbara_ware/

(തദേവി ഒരു ചെറിയ കാറ്റാണ്‌. മനസ്സാകെ ചുട്ടുപൊള്ളി നമ്മളിങ്ങനെ ഇരിക്കുമ്പോള്‍, തോളത്ത്‌ കയ്യിട്ട്‌, ചെറുതായി ഒന്നു തഴുകി, 'സാരമില്ലെടോ..' എന്നൊന്ന്‌ ആശ്വസിപ്പിച്ചു പോകുന്ന ഒരു കരിയിലക്കാറ്റ്‌. )

തദേവി വെറും കയ്യോടെ വരാറില്ല. വരുമ്പോഴൊക്കെ വല്ല ഉണക്കിയ സാല്‍മണ്‍ മീനോ, ചോളം പുഴുങ്ങിയതോ ഒക്കെ കാണും കയ്യില്‍. നേറ്റീവ്‌ ഇന്‍ഡ്യാക്കാരുടെ വേഷവിധാനമൊന്നുമില്ല അവള്‍ക്ക്‌. ഒരു ജീന്‍സും അയഞ്ഞ ടീഷര്‍ട്ടും ആണു മിക്കപ്പോഴും. മെടഞ്ഞിട്ടിരിക്കുന്ന ആ നീണ്ട തലമുടിയും ജനിച്ചിട്ടധികമായിട്ടില്ലാത്ത പൂച്ചക്കുഞ്ഞുങ്ങളുടേതുപോലെയുള്ള കൂമ്പിയ കണ്ണുകളും കാണുമ്പോഴാണ്‌ അവളൊരു നേറ്റീവാണെന്ന്‌ നമ്മളറിയുകതന്നെ.

ഇംഗ്ളീഷൊക്കെ കഷ്ടിയാണ്‌. അല്ലെങ്കില്‍ തന്നെ അവളധികമൊന്നും സംസാരിക്കാറില്ല. ആ ചിരിയുണ്ടല്ലോ, അതാണ്‌ പ്രധാന സംവേദനോപാധി. ദേവൂനെ വലിയ ഇഷ്ടമായിരുന്നു അവള്‍ക്ക്‌. ദേവൂനാണെങ്കില്‍ അവളെ ജീവനാണ്‌. ഇപ്പോ വയസ്സു ഒന്നര കഴിഞ്ഞതേയുള്ളൂ. പക്ഷേ രാവിലെ ഉണര്‍ന്നാലുടനെ "താദാ.. താദാ.." എന്നിങ്ങനെ വാതിലിനടുത്തേയ്ക്കു കൈചൂണ്ടി പറഞ്ഞുകൊണ്ടേയിരിക്കും.

ദേവൂന്‌ കൊടുക്കാന്‍ വേണ്ടി വരുന്ന വഴിയ്ക്ക്‌ കുറേ വൈല്‍ഡ്‌ ബെറി പറിച്ച്‌ ഒരു കൊച്ചു കൂടയില്‍ കൊണ്ടുവരും. 'തദേവിയെയാണോ ബെറിയെ ആണോ ദേവൂന്‌ കൂടുതല്‍ ഇഷ്ടം' എന്ന്‌ ഇടയ്ക്കിടെ അവളുടെ ഭാഷയില്‍ ചോദിക്കുന്നതു കേള്‍ക്കാം. ദേവു ആരാ മോള്‌! അവള്‌ നന്നായി ചിരിച്ചു മയക്കിക്കൊടുക്കും. എല്ലാ ആഴ്ചയും ഇങ്ങനെ ബെറി കിട്ടണ്ടേ.

ദേവൂന്‍റെ അച്ഛന്‍ മിക്കവാറും ഉച്ചവരെ ഉറക്കമായിരിക്കും. രാത്രി ക്ളബ്ബിലെ കളിയൊക്കെ കഴിഞ്ഞ്‌ ഒത്തിരി രാത്രിയാവും വീട്ടിലെത്തുമ്പോള്‍. ദേവൂന്‍റച്ചന്‍ ഉണര്‍ന്നിരിക്കുവാണെങ്കില്‍ തദേവി വേഗം സ്ഥലം കാലിയാക്കും. അല്ലെങ്കില്‍ കുറേ നേരം ദേവൂനെ കളിപ്പിച്ചു കഴിഞ്ഞാല്‍ അവള്‍ എന്നെ കുറച്ച്‌ പണിയിലൊക്കെ സഹായിക്കും. സാല്‍മണ്‍ മീനിനെ വൃത്തിയാക്കിയെടുക്കാനും അതിനെ കേടുവരാതെ കുറേകാലത്തേയ്ക്ക്‌ എങ്ങനെ ഫ്രീസ്‌ ചെയ്തു സൂക്ഷിക്കാമെന്നുമൊക്കെ കാണിച്ചുതന്നതവളാണ്‌.

ഞാന്‍ ചോദിക്കുന്നതിനൊക്കെ മിക്കവാറും ചിരിയും തലയാട്ടലുമൊക്കെ ആയിരിക്കും മറുപടി. കുറേ തനിയെ സംസാരിച്ചു കഴിയുമ്പോള്‍ വല്ലതും തിരിച്ചു കേള്‍ക്കാന്‍ വേണ്ടി ഞാന്‍ അവളുടെ നേരെ നോക്കും. അപ്പോഴും വെറുതേ ചിരിച്ചുകൊണ്ടിരിക്കുകയാവും തദേവി.

കുറച്ചുനേരം ഇരിക്കുന്ന ദിവസങ്ങളിലാണെങ്കില്‍ എന്‍റെ മുടിയൊക്കെ മെടഞ്ഞുതരും. കുറേ മുടി ഉണ്ടായിരുന്നു എനിക്ക്‌. ഇവിടെ വന്ന്‌ വെള്ളം മാറി കുളിക്കാന്‍ തുടങ്ങിയതോടെ പകുതിയും കൊഴിഞ്ഞുപോയി. നന്നായി വരിഞ്ഞു മുറുക്കി മെടയാനറിയാം തദേവിയ്ക്ക്‌. മുടിനന്നായി വരിഞ്ഞുമുറുക്കിക്കെട്ടിയാല്‍ അതു വളരും എന്നാണു തദേവി പറയുന്നത്‌.

ഇത്രയൊക്കെ അടുപ്പമുണ്ടെങ്കിലും സ്വന്തം വീട്ടുകാരെക്കുറിച്ചൊന്നും തദേവി ഇതുവരെ പറഞ്ഞിട്ടില്ല. ഭര്‍ത്താവുണ്ടായിരുന്നു. ആളിപ്പോള്‍ വേറൊരു പെണ്ണിന്‍റെ കൂടെയാണ്‌. കുഞ്ഞുങ്ങളൊന്നും ഇല്ല. അതാവും ദേവൂനോട്‌ ഇത്രയും സ്നേഹം.

കഴിഞ്ഞ ശനിയാഴ്ച തദേവി നേരത്തെ വന്നതുകൊണ്ട്‌ ദേവൂനെ അവളുടെ കൂടെ വിട്ടിട്ട്‌ ഞാന്‍ കുളിക്കാന്‍ കയറി. അല്ലെങ്കില്‍ എന്‍റെ കുളി ഒക്കെ കണക്കാണ്‌. രാത്രി ദേവു ഉറങ്ങിക്കഴിഞ്ഞാണ്‌ കുളിയൊക്കെ. പകലുറക്കം വളരെ കുറവാണ്‌ പെണ്ണിന്‌.

കുളിക്കാന്‍ കയറുമ്പോള്‍ ദേവൂന്‍റച്ഛന്‍ പതിവുപോലെ ഉറക്കമായിരുന്നു. മുടിനനയ്ക്കാന്‍ തുടങ്ങിയതും താഴേനിന്ന്‌ ഉറക്കെ ശബ്ദം കേട്ടു. ദേവൂന്‍റച്ഛനാണ്‌. തദേവിയോടെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നേ എന്നു വിചാരിച്ചു ഒരു സാരിയൊക്കെ വലിച്ചുചുറ്റി ഞാനോടിച്ചെല്ലുമ്പോഴുണ്ട്‌ തദേവി പേടീച്ചരണ്ട്‌ ഒരു മൂലയ്ക്കു നില്‍ക്കുന്നു. കരയുന്നുമുണ്ട്‌. ദേവൂന്‍റച്ഛന്‍ കലിതുള്ളി നില്‍ക്കുകയാണ്‌. അല്ലെങ്കിലേ മൂക്കത്താണ്‌ ദേഷ്യം. ഇനിയിവിടെ കണ്ടുപോകരുതെന്നൊക്കെ ഇംഗ്ളീഷില്‍ അലറുന്നുണ്ടായിരുന്നു.

തദേവി എന്തു വിഡ്ഢിത്തരമാണ്‌ ഒപ്പിച്ചതെന്ന്‌ അന്നേരം മനസ്സിലായില്ല. ദേവുവും കരച്ചിലായിരുന്നു. ഒരുവിധത്തില്‌ ദേവൂന്‍റച്ഛനെ മുകളിലേയ്ക്കു തള്ളി വിട്ടു. തദേവി ഒന്നും പറഞ്ഞില്ല. കരഞ്ഞുകൊണ്ടിരുന്നു. ദേവു കൂടി ഇന്‍വോള്‍വ്ഡായ സംഭവമായിട്ടും എനിക്കെന്തോ ഒരു പേടിയും തോന്നിയില്ല.

കൈകൂപ്പി മാപ്പുപറയുന്നതുപോലെ കാണിച്ചിട്ട്‌ അവളിറങ്ങിപ്പോയപ്പോഴാണ്‌ എനിക്കെന്തോ വല്ലായ്മ തോന്നിയത്‌. അന്നേരം കരയാന്‍ തുടങ്ങിയതാണ്‌ ദേവു. പിന്നെയിങ്ങോട്ട്‌ കരച്ചിലും വാശിയുംതന്നെയായിരുന്നു.

രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെ സംഭവമെന്താണെന്നൊന്നും ഞാന്‍ തിരക്കിയതേയില്ല. അല്ലെങ്കിലും ചൂടായിരിക്കുന്ന സമയത്തു എന്തേലും ചോദിക്കാന്‍ ചെന്നാല്‍ എന്‍റെ മേക്കിട്ട്‌ കേറാന്‍ വരും. അതുകൊണ്ടാണ്‌ ഒന്ന്‌ ആറുന്നതുവരെ ക്ഷമിക്കാമെന്നു കരുതിയത്‌.

ഒന്നു സോപ്പിട്ട്‌ ആള്‌ കൂളാണെന്നു ഉറപ്പുവരുത്തിയിട്ടാണ്‌ വിഷയമെടുത്തിട്ടതു തന്നെ. സംഗതി പറയാതെ ഒഴിഞ്ഞുമാറാന്‍ ഒത്തിരി നോക്കി. വളരെ നിര്‍ബന്ധം പിടിച്ചപ്പോഴാണ്‌ അവസാനം കാര്യം പറഞ്ഞത്‌. അറിഞ്ഞപ്പോള്‍ വല്ലാണ്ടെ ആയി. ദേവൂന്‍റച്ഛന്‍ താഴെയിറങ്ങിച്ചെല്ലുമ്പോള്‍ തദേവി സോഫയിലിരുന്ന്‌ ടീഷര്‍ട്ടുപൊക്കി ദേവൂനെ മുലയൂട്ടുകയായിരുന്നത്രെ..!

രാത്രി ഞാനൊട്ടും ഉറങ്ങിയില്ല. ദേവു ഇടയ്ക്കിടെ തള്ളവിരല്‌ കുടിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക്‌ കണ്ണൊന്നടഞ്ഞുപോയപ്പോഴൊക്കെ തദേവിയുടെ വലിയമുലകള്‍ക്കിടയില്‍ ദേവു ഞെരുങ്ങിപ്പോകുന്നതും ശ്വാസം കിട്ടാതെ അവള്‍ കാലിട്ടടിക്കുന്നതും സ്വപ്നം കണ്ട്‌ ഞെട്ടിയുണര്‍ന്നു.

രാത്രി മുഴുവന്‍ ഞാന്‍ ദേവുവിനെ മുറുകെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു. കയ്യയച്ചാല്‍ അവള്‍ എണീറ്റുപൊയ്ക്കളയുമെന്ന്‌ ഞാന്‍ പേടിച്ചു. എങ്ങനെ നേരം വെളുപ്പിച്ചെന്ന്‌ ഒരു പിടിയുമില്ല. ദേവൂന്‍റച്ഛന്‍ പിന്നെ ആ സംഭവത്തെക്കുറിച്ചൊന്നും സംസാരിച്ചതേയില്ല. ഞാനും മനഃപൂര്‍വ്വം ആ വിഷയം സംസാരത്തിലൊന്നും കടന്നുവരാതെ സൂക്ഷിച്ചു.

ദേവു ആകെ ക്രാങ്കി ആയിരുന്നു, ദിവസം മുഴുവനും. ഭക്ഷണം കൊടുത്തിട്ടൊന്നും കഴിച്ചില്ല. ഇടയ്ക്കെനിക്ക്‌ വല്ലാതെ ദേഷ്യം വന്നു. ഞാനവളോട്‌ ഉച്ചത്തില്‍ എന്തൊക്കെയോ പറഞ്ഞെന്നു തോന്നുന്നു. ദേവൂന്‍റച്ഛന്‍ പെട്ടെന്നു വന്ന്‌ അവളെ എടുത്തോണ്ടു പോയപ്പോഴാണ്‌ ബോധം വന്നത്‌.

പതിവില്ലാതെ ദേവു എപ്പോഴും വിരലുകുടിക്കാന്‍ തുടങ്ങി. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. എനിക്ക്‌ എന്നോടുതന്നെയായിരുന്നു ദേഷ്യം മുഴുവനും. ദേവൂന്‍റച്ഛന്‍ ഒന്നും പറയാതിരിക്കുന്നതായിരുന്നു ഏറ്റവും സങ്കടം. എന്തെങ്കിലുമൊന്നു സംസാരിച്ചിരുന്നെങ്കില്‍, തദേവിയെ ചീത്തപറഞ്ഞിരുന്നെങ്കില്‍..

മൂന്നാം ദിവസവും ദേവു ഒന്നും കഴിക്കാതിരുന്നപ്പോഴേയ്ക്ക്‌ എനിക്ക്‌ സഹിക്കാന്‍ പറ്റാതെയായിരുന്നു. ഞാനിരുന്ന്‌ കുറേ കരഞ്ഞു. ദേവു വല്ലാതെ ക്ഷീണിച്ചു പോയിരുന്നു. കണ്ണുകളൊക്കെ കൂമ്പി, മുഖമാകെ വാടി, ആകെ ഇല്ലാണ്ടായി.

ദേവൂന്‍റച്ഛന്‍ ജോലിയ്ക്കുപോയിക്കഴിഞ്ഞപ്പോള്‍ വീടുപൂട്ടി അവളെയുമെടുത്ത്‌ ഞാന്‍ കോളനിയിലേയ്ക്കുപോയി. ഒത്തിരി നടക്കാനുണ്ടായിരുന്നു അവിടേയ്ക്ക്‌. മൂന്നുനാലു കിലോമീറ്റര്‍ മലകയറി നടന്നു. ആദ്യമായിട്ടായിരുന്നു കോളണിയിലേയ്ക്ക്‌ കയറി ചെല്ലുന്നത്‌. അങ്ങനെ ചെല്ലാമോ എന്നൊന്നും ഓര്‍ത്തതേയില്ല. വേലികടന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടിവന്നു. നേരത്തേ എവിടെയോ അയാളെ കണ്ടിട്ടുണ്ടെന്നു തോന്നി. ദേവു കയ്യിലുണ്ടായതുകൊണ്ടാണോ എന്തോ അയാള്‍ പിടിച്ചു നിര്‍ത്തിയൊന്നുമില്ല. തദേവിയെ കാണാനാണ്‌ വന്നിരിക്കുന്നതെന്ന്‌ ഒരുതരത്തില്‍ പറഞ്ഞു മനസ്സിലാക്കി. അയാള്‌ തദേവിയുടെ കുടില്‌ ചൂണ്ടിക്കാണിച്ചു തന്നു.

മര്യാദയൊന്നും ഓര്‍ത്തില്ല. നേരെ അങ്ങു കയറിച്ചെന്നു. നിലത്ത്‌ പടിഞ്ഞിരിക്കുകയായിരുന്നു തദേവി. ഞാന്‍ ചെന്നുകയറിയത്‌ അറിഞ്ഞില്ലെന്നു തോന്നുന്നു. ടീ ഷര്‍ട്ടുപൊക്കി മാറിടം തുറന്നിട്ട്‌ അവള്‍ പാലു പിഴിഞ്ഞു കളയുകയായിരുന്നു. മുഖത്ത്‌ കണ്ണീര്‍ച്ചാലുകള്‍. അവളെക്കണ്ടതും ദേവു "തദാ.. തദാ" എന്നു നിലവിളിക്കാന്‍ തുടങ്ങി.

ഞങ്ങളെ അവള്‍ അവിടെ തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ടീഷര്‍ട്ടു ശരിയാക്കി കണ്ണുതുടച്ച്‌ വേഗം എണീറ്റുവന്നു. അവളുടെ വെപ്രാളം ഞാന്‍ കാണുന്നുണ്ടായിരുന്നു. കുഞ്ഞിനെ ഞാന്‍ അവളുടെ കയ്യില്‍ കൊടുത്തു. ദേവൂന്‍റെ രണ്ടു കവിളിലും മാറിമാറി ഉമ്മ കൊടുക്കുമ്പോള്‍ തദേവി വിതുമ്പുന്നുണ്ടായിരുന്നെന്നു തോന്നി. ദേവു ആണെങ്കില്‍ അവളുടെ ടീ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചുകൊണ്ടിരിക്കുകയായിരുന്നു.

തദേവി എന്‍റെ നേരെ നോക്കി. എന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുകയായിരുന്നിരിക്കണം. വേഗം കണ്ണുപിന്‍വലിച്ച്‌ ഞാന്‍ കുടിലില്‍ നിന്നു പുറത്തു കടന്നു. വാതില്‍ കടന്ന്‌ പുറത്തിറങ്ങി മണ്‍ചുവരില്‍ ചാരി നില്‍ക്കുമ്പോള്‍ അര്‍ബ്ബുദം സമ്മാനിച്ച റബ്ബര്‍ മുലകള്‍ വിങ്ങുന്നുണ്ടായിരുന്നു.

----
American Indian name "Tadewi" means 'wind' (origin: Omaha)

19 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഒന്നും എഴുതാന്‍ പറ്റുന്നില്ല. ചുമ്മാ പടച്ചുണ്ടാക്കിയ ഒരെണ്ണം പോസ്റ്റുന്നു. പെണ്‍മനസ്സു സിമുലേറ്റു ചെയ്യാനൊരു ശ്രമം. പണി നിങ്ങള്‍ക്കിരിക്കട്ടെ :)

സബിതാബാല പറഞ്ഞു...

chummaa ezhuthiyathalla.
arthamulla prameyam...

ഹരിത് പറഞ്ഞു...

നല്ല കുടം. തുളുമ്പുന്ന, മധുരമുള്ള ശുദ്ധജലം . പടിയ്ക്കല്‍ കൊണ്ടിട്ടു ഉടച്ചു കളഞ്ഞല്ലോടാ ദുഷ്ടാ!!!!!!

vadavosky പറഞ്ഞു...

പാമുവിന്റെ ക്രാഫ്റ്റ്‌ ഒന്നും ഇല്ലാതെ പോയി ഇതില്‍. എന്തിനു തിരക്കു കൂട്ടുന്നു.

പാമരന്‍ പറഞ്ഞു...

ചീറ്റിപ്പോയല്ലേ :)

ചാണക്യന്‍ പറഞ്ഞു...

ത്രെഡ് കൊള്ളാം...എഴുത്തില്‍ പക്ഷെ ആ പാമരന്‍ ടച്ച് ഇല്ലല്ലോ ചങ്ങാതി...

Unknown പറഞ്ഞു...

മുലകളുടെ 'സൗന്ദര്യം' നഷ്ടപ്പെടാതിരിക്കാൻ കുഞ്ഞിനെ മുലയൂട്ടാത്ത അമ്മമാരുണ്ടു്. (ഒരമ്മ സ്വന്തം കുഞ്ഞിനു് മുലകൊടുക്കാത്തതിന്റെ കാരണം റബ്ബർമുലതന്നെ ആവണമെന്നില്ല എന്നു് ചുരുക്കം) അതു് ഒരുതരം 'സ്ത്രീ-മനഃശാസ്ത്രം'. ചുരത്തുന്ന മുലപ്പാൽ കുടിക്കാൻ കുഞ്ഞുങ്ങളില്ലെങ്കിൽ കറന്നുകളയുന്നതു് വേദനകുറയ്ക്കാനുള്ള 'സ്ത്രീ-ശരീരശാസ്ത്രം'. അതിനു് കഴിയാത്ത നാൽക്കാലി-അമ്മമാർക്കു് ഈ അവസ്ഥ വന്നാൽ ചുമ്മാ സഹിക്കുക/കരയുക എന്നതാണു് ദൈവനീതി. അവയെ ചികിത്സിച്ചു് ആശ്വസിപ്പിക്കുക എന്നതു് ശാസ്ത്രീയരീതിയും.

ഈ ലോകത്തിൽ ഇല്ലാത്ത കാര്യങ്ങൾ ഒന്നുമില്ല. അവയെല്ലാം കണ്ടോ അനുഭവിച്ചോ അറിയാനോ, കഥകളിലൂടെയോ അല്ലാതെയോ അവതരിപ്പിക്കാനോ ഉള്ള കഴിവോ ദൈർഘ്യമോ മനുഷ്യജീവിതത്തിനില്ലെന്നു് മാത്രം.

കഥയെപ്പറ്റി അഭിപ്രായമൊന്നും പറയുന്നില്ല. :)

ഹാരിസ് പറഞ്ഞു...

i liked it

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

പാമൂ,
കഥ ഇടക്ക് വച്ച് തന്നെ പിടിതന്നിരുന്നു.
പാമു ടച്ച് ആയില്ല.
:)

ഓ.ടോ
മരമാക്രിയുടെ ഒരു തമാശ പോസ്റ്റില്‍ കയറിയിട്ട് വന്നതേ ഉള്ളൂ.

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

kuRe kaalatthinu sEsham oru pOst kandu.. vaayichchu...
:)

smitha adharsh പറഞ്ഞു...

ജിതേന്ദ്രകുമാര്‍ പറഞ്ഞത് തന്നെ..
പാമു ടച്ച്‌ ഇല്ല എന്ന് തീര്‍ത്തും പറയാനാവില്ല..
ഇഷ്ടപ്പെട്ടു..പെണ്മനസ്സിനു തന്ന പണി ഏറ്റു..
നന്നായി പാമരന്‍ ജീ...

മാണിക്യം പറഞ്ഞു...

സ്വന്തം കുഞ്ഞിനെ മുലയൂട്ടാത്തത് അര്‍ബുദം എന്നു പറഞ്ഞു വച്ചു..
പെട്ടന്ന് ഒരു സഡന്‍ ബ്രേക്ക് പോലെ തോന്നി കഥ ....

ഒരു ബീജമുണ്ട് പക്ഷെ വളര്‍ന്നു വന്നപ്പോള്‍ എന്തോ വൈകല്യം

ഡിമോളീഷന്‍ വായിച്ചപ്പോള്‍ ഡിമോളീഷന്‍ വായിച്ചപ്പോള്‍ തോന്നിയ ഒരു പെരുപ്പ് ഇന്നും മാഞ്ഞില്ല ...

മൂണ്‍ഷൈനിന്‍റെ ലഹരിയുള്ള വിക്ടറും മീനുകളും തലയില്‍ ഇന്നും ...

അറുമുഖനെ പറ്റി ഓര്‍ക്കുമ്പോള്‍ ഇപ്പൊഴും അറപ്പു തോന്നുന്നു

അതിലും ഒക്കെ കിക്ക് കിട്ടണ്ട സബ്‌ജക്‌റ്റ് ആയിരുന്നു..

പാമരനു പെണ്‍മനസ്സ് ആവാഹിക്കാനായില്ല എന്ന് ഖേദപൂര്‍വ്വം പറയട്ടെ

പാമരാ കഥ ഉഗ്രന്‍ കിടിലന്‍ എന്നു വേണേല്‍ പറഞ്ഞു പോകാം, പക്ഷെ ആവുന്നില്ല പാമൂ

ഇതിലും കൂടുതല്‍ പ്രതീക്ഷിക്കുന്നു...

Typist | എഴുത്തുകാരി പറഞ്ഞു...

എനിക്കിഷ്ടായി ഈ കഥ.

ബിനോയ്//HariNav പറഞ്ഞു...

കഥ നന്നായി പറഞ്ഞു എന്നാണ് എന്‍റെ അഭിപ്രായം :)

വയനാടന്‍ പറഞ്ഞു...

നന്നായിരിക്കുന്നു സുഹ്രുത്തേ

Unknown പറഞ്ഞു...

പണ്ടത്തെ കഥകളിലൊക്കെ ഒരു പാമു ടച്ച് ഉണ്ടായിരുന്നു.ഭരതൻ ടച്ച് എന്നു പറയുന്നതു പോലെ
ഇപ്പോ വല്ലാത്ത ഒരു ശുന്യത ....

ഗീത പറഞ്ഞു...

പാമൂന് മാത്രേ ഇങ്ങനത്തെ ത്രെഡ് ഒക്കെ കിട്ടൂ. കഥ ഇഷ്ടമായി.

Rare Rose പറഞ്ഞു...

തദേവിയെന്ന പേരില്‍ തന്നെയുണ്ടൊരു പെണ്മ..അപൂര്‍ണ്ണമായി തോന്നിയെങ്കിലും വ്യത്യസ്തമായി തോന്നി ഈ കഥ..

റോസാപ്പൂക്കള്‍ പറഞ്ഞു...

really a great story.....