"ഷൈല്‍, നീ ഗേ ആണോ?"
സാറയുടെ ചോദ്യം എന്നെ ഞെട്ടിക്കാതിരുന്നില്ല. വായിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍ നിന്നു തലയുയര്‍ത്തി നോക്കുമ്പോള്‍ പതിവുപോലെ പെത്തഡിന് ഷോട്ടെടുത്ത് തുണിയൊക്കെ ഉരിഞ്ഞെറിഞ്ഞ് ബെഡ്ഡില്‍ മലര്‍ന്നു കിടക്കുകയായിരുന്നു സാറ.
ഞാനുറക്കെ ചിരിച്ചു. പിന്നെ ചിരിയില്‍ അവള് പങ്കു ചേരുന്നില്ലെന്നു കണ്ട് ചിരി പിടിച്ചു നിര്‍ത്തി.
"എന്തേ ഇപ്പോ അങ്ങനെ തോന്നാന്‍?"
"അല്ല, എന്നേപ്പോലൊരു സുന്ദരി, മയക്കുമരുന്നുമടിച്ച് വിവസ്ത്രയായി ഇങ്ങനെ നിന്റെ കട്ടിലില്‍ കിടക്കുന്നതു കണ്ടിട്ട് നിനക്കൊന്നും തോന്നുന്നില്ലേ?"
എന്റെ ചിരി തിരിച്ചു വന്നു. സാറ ഗൌരവമായിത്തന്നെയാണ് അതു ചോദിച്ചതെന്ന് മനസ്സിലായി. ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. അവളുടെ കണ്ണുകള്‍ കൂമ്പിത്തുടങ്ങിയിരുന്നു. പെത്തഡിന് പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കണം.
സാറയെ പരിചയപ്പെട്ടിട്ട് ഒരു മാസം കഴിഞ്ഞു കാണണം.. മിക്കവാറും രാവിലെ ആണു കക്ഷി കയറി വരിക. ചിലപ്പോള്‍ പേപ്പറെടുക്കാന്‍ വാതില്‍ തുറക്കുമ്പോള്‍ പുറത്ത് കോണിപ്പടിയില്‍ ഇരുന്നുറങ്ങുന്നതു കാണാം.
ഓഫീസില്‍ പോകുന്ന വഴിക്ക് ഒരു ബസ്റ്റോപ്പിന്റെ ബഞ്ചിലാണ് അവളെ ആദ്യം കാണുന്നത്. ഡീഹൈഡ്രേറ്റഡ് ആണെന്നു കണ്ടപ്പോഴേ തോന്നി. എന്നേക്കൂടാതെ നാലഞ്ചു പേരുണ്ടായിരുന്നു ബസ്റ്റോപ്പില്‍. ആരും തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നില്ല. പകുതി അഴിഞ്ഞ നിലയിലായിരുന്നു കാല്സരായി. ഒരു കാലിലേ ചെരിപ്പുണ്ടായിരുന്നുള്ളൂ. തല ബെഞ്ചു കവിഞ്ഞ് താഴേയ്ക്കു തൂങ്ങിക്കിടക്കുകയായിരുന്നു. നീലിച്ച ചുണ്ടുകളില്‍ ചോരപൊടിഞ്ഞത് ഉണങ്ങിപ്പിടിച്ചു കിടന്നു.
ബാഗില്‍ വാട്ടര്‍ ബോട്ടിലുണ്ടായിരുന്നു. പക്ഷേ ഒന്നു മടിച്ചു. ബസ്റ്റോപ്പിലുണ്ടായിരുന്ന ഒരാളും അങ്ങനെ ഒരു മനുഷ്യജീവി അവിടെ കിടക്കുന്നുണ്ടെന്നു കാണുന്നേയില്ലെന്നു തോന്നി. രണ്ടു പയ്യന്മാര് മാറി നിന്ന് ഊര്‍ന്നുവീണ കാപ്രിക്കടിയിലൂടെ എന്തോ കാണുന്നുണ്ടെന്നു ഭാവിച്ച് തമ്മില്‍ത്തമ്മില്‍ പറഞ്ഞു ചിരിച്ചു.
ഒന്നു തിരിഞ്ഞ് അവളുടെ മുഖത്തെയ്ക്ക് അറിയാതെ നോക്കിപ്പോയപ്പോഴാണ് അവള് കണ്ണുതുറന്ന് എന്നെത്തന്നെ നോക്കിക്കിടക്കുകയാണെന്ന് മനസ്സിലായത്. അത് ഉള്ളിലൊരു പിടച്ചിലുണ്ടാക്കി. മറ്റുള്ളവരുടെ മുന്നില്‍ വച്ച് ഒരു ഹുക്കറിനെ സഹായിക്കാന്‍ അല്പം ജാള്യതയുണ്ടായിരുന്നു. ബസ് വരുന്നതുവരെ കാത്തിരുന്നു.
എല്ലാവരും ബസ്സില്‍ കയറുമ്പോള്‍ അല്പം മാറി നിന്നു. പയ്യന്മാര് ബസ്സില്‍ നിന്നും ഒളിഞ്ഞു നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
ബസ്സ് വിട്ടുകഴിഞ്ഞപ്പോള്‍ വാട്ടര്‍ബോട്ടിലു തുറന്ന് അല്പം വെള്ളം തുറന്നു കിടന്ന വായിലൊഴിച്ചു കൊടുത്തു. തല തൂങ്ങിക്കിടക്കുകയായിരുന്നതുകൊണ്ട് അതു ശിരസ്സില്‍ കയറി. ചുമയ്ക്കാന്‍ പോലും ത്രാണിയില്ലായിരുന്നു.
മെല്ലെ തലതാങ്ങിപ്പിടിച്ച് എണീപ്പിച്ചിരുത്തി. വെള്ളം കുടിപ്പിച്ചു. അല്പം ജീവന് വീണെന്നു തോന്നി. വിറയ്ക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ച് നന്ദി പറഞ്ഞു. ഊര്‍ന്നുകിടന്ന കാപ്രി വലിച്ചു കയറ്റാന്‍ സഹായിച്ചു.
അടുത്ത ബസ്സ് വരുന്നുണ്ടായിരുന്നു. മെല്ലെ ബസ്റ്റോപ്പിന്റെ ചുവരിനോട് ചാരിയിരുത്തിയിട്ട് ബസ്സില്‍ കയറി രക്ഷപ്പെട്ടു.
പിറ്റേദിവസം കാലത്ത് ഒരു ആറു് ആറരയാപ്പോഴാണ് വാതിലില്‍ മുട്ടു കേട്ടത്. അവളായിരുന്നു. തലേന്നു കണ്ടതുപോലെയല്ല. ചുണ്ടുകളില്‍ ചായം, എരിയുന്ന സിഗററ്റ്. നന്നായി കുടിച്ചതിന്റെ ഹാങ്ങോവറുണ്ട്. ആടുന്നു. ഒരു കൈകൊണ്ട് ചുവരില്‍ താങ്ങിയാണ് നില്‍പ്പ്.
പുക എന്റെ മുഖത്തേയ്ക്ക് ഊതി വിട്ടു. ഞാന്‍ വലിക്കാറില്ല. അതുകൊണ്ടുതന്നെ എനിക്കതിന്റെ മണം അരോചകമായിരുന്നു. വെറുപ്പു പ്രകടിച്ചപ്പോള്‍ സിഗററ്റ് നിലത്തിട്ടു ചവിട്ടി. തോളിലെ ചെറിയ പഴ്സു തുറന്ന് ഒരു പിടി ചുരുട്ടിക്കൂട്ടിയ നോട്ടുകളെടുത്ത് എന്റെ നേരെ നീട്ടി. നന്ദിയായിരിക്കണം.
ഞാന്‍ അവളുടെ കണ്ണുകളിലേയ്ക്ക് തുറിച്ചു നോക്കി. ചുവന്നു കലങ്ങിയിരിക്കുന്നു. ചായം തേച്ച ചുണ്ടുകളില്‍ അവിടവിടെ കറുത്തു കല്ലിച്ച പാടുകള്‍. നീട്ടിപ്പിടിച്ച കയ്യില്‍ മുഷിഞ്ഞ നോട്ടുകള്‍. അറപ്പുതോന്നിയപ്പോള്‍ ഞാന്‍ വാതില്‍ വലിച്ചടച്ചു. സോഫയില്‍ പോയിരുന്ന് ടീവി ഉറക്കെ വച്ചു.
പത്തിരുപതു മിനുട്ടു കഴിഞ്ഞ് വാതില്‍ തുറന്നു നോക്കിയപ്പോള്‍ അവള് പോയിക്കഴിഞ്ഞിരുന്നു.
ഒരു വീക്കെന്റിന്റെ ആലസ്യത്തില്‍ കിടക്കയില്‍ നിന്നെണീക്കാതെ കിടക്കുകയായിരുന്നു ശനിയാഴ്ച. വാതിലില്‍ മുട്ടു കേട്ടു. അവളെപ്പറ്റി കുറച്ചു ദിവസങ്ങളായി ഓര്‍ക്കാറില്ലാതിരുന്നതുകൊണ്ട് വാതില്‍ തുറക്കുമ്പോള്‍ പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു.
എന്നെ തള്ളിമാറ്റി അകത്തു കയറി. എനിക്കു ദേഷ്യം വന്നു. ഒരു പരിചയവുമില്ലാത്ത ഒരു സ്ത്രീ, അതും ഒരു വേശ്യ..
'വേശ്യ' എന്ന വാക്ക് ചിന്തയില്‍ വന്നപ്പോള്‍ തന്നെ ഒരു ഓക്കാനം വന്നു. പക്ഷേ അവളോട് ഇറങ്ങിപ്പോകാന്‍ പറയാന്‍ തോന്നിയതുമില്ല.
നേരെ അടുക്കളയിലേയ്ക്കായിരുന്നു പോയത്. ഒരു ഒറ്റമുറി ബാച്ചിലര്‍ സ്വീറ്റായിരുന്നു എന്റെ വാസസ്ഥാനം. അടുക്കള ഒരു അര മതില് കൊണ്ടു വേര്‍തിരിച്ചിട്ടുണ്ട്, അത്രമാത്രം. സോഫയിലിരുന്ന് അവളെന്താണു ചെയ്യുന്നതെന്ന് എനിക്കു കാണാമായിരുന്നു.
ചിരപരിചിതയേപ്പോലെ പൊടിയും ഫില്‍ട്ടറുമൊക്കെ ക്യാബിനെറ്റു തുറന്ന് കണ്ടു പിടിച്ചെടുത്ത് മൂന്നുനാലു മിനിട്ടിനകം കാപ്പിയുമായി വന്നു.
ഒരു കപ്പ് എന്റെ നേരെ നീട്ടി. ഞാന്‍ മടിക്കാതെ അതു വാങ്ങി കുടിക്കാന്‍ തുടങ്ങി. അവളുടെ മുഖത്തു തന്നെയായിരുന്നു എന്റെ കണ്ണ്.
സോഫയില്‍ എനിക്കെതിരെ ഇരുന്ന് കാപ്പി ഒന്നു മൊത്തിക്കുടിച്ച ശേഷം കൈ നീട്ടി.
"ഹലോ. ഞാന്‍ സാറ. എന്താണു പേരു്?"
ഞാന്‍ പേരു പറഞ്ഞു.
അവളെന്നെ ഷൈല്‍ എന്നു വിളിക്കാന്‍ തുടങ്ങി. എന്റെ ഫസ്റ്റ്നെയിം ശരിക്കുച്ഛരിക്കാന്‍ അവള്‍ക്കു ബുദ്ധിമുട്ടായിരിക്കും എന്നറിയാമായിരുന്നതുകൊണ്ട് തിരുത്താനൊന്നും പോയില്ല.
എനിക്ക് അവളോടുള്ള ആറ്റിട്യൂഡില്‍ പതിയെ മാറ്റം വന്നു തുടങ്ങിയിരുന്നു. ഒന്നു രണ്ട് ആഴ്ചകള്‍കൊണ്ട് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഇടക്കിടെ ഒരു മുന്നറിയിപ്പുമില്ലാതെ സാറ കയറി വരാന്‍ തുടങ്ങി. വീക്കെന്റുകളില് ഞങ്ങളൊരുമിച്ച് പുറത്തു പോയി. ഒരുമിച്ച് ഭക്ഷണം കഴിച്ചു. ഡ്രിങ്ക്സ് കഴിച്ചു.
സാറ എവിടെപ്പോകുന്നെന്നോ, എപ്പോള്‍ വരുന്നുവെന്നോ ഞാന്‍ തിരക്കാറില്ലായിരുന്നു. താക്കോലിന്റെ ഒരു കോപ്പിയെടുത്ത് അവള്‍ക്കു കൊടുത്തു. അതുകൊണ്ടൊരു ഗുണമുണ്ടായി. വൈകിട്ട് ഞാന്‍ ജോലി കഴിഞ്ഞെത്തുമ്പോള്‍ അവളുണ്ടെങ്കില് കാപ്പി റെഡിയായിരിക്കും. ഫ്രിഡ്ജില്‍ സാന്‍ഡ്വിച്ചോ പിസ്സയോ മറ്റോ ഉണ്ടാവും. അത്താഴത്തിന്.
വീക്കെന്റാകുമ്പോഴേയ്ക്ക് അവള്‍ക്ക് പെത്തഡിന് പ്രാന്തുവരും. ഒന്നും മിണ്ടുകയില്ല. മുഖം കൂര്‍പ്പിച്ചങ്ങനെ നടക്കും. കാശുണ്ടെങ്കില്‍ സാധനം വാങ്ങി ബാഗില്‍ വച്ചിരിക്കും. ശനിയാഴ്ച ഉച്ചയോടെ ഒരു ഷോട്ടെടുക്കും. പിന്നെ ഭയങ്കര ഹാപ്പി ആണ്. ഒത്തിരി സംസാരിക്കും. പാടും.
എന്റെ പഴയ നോട്ടുബുക്കിന്റെ താളുകളില്‍ മനോഹരങ്ങളായ ചിത്രങ്ങള്‍ കണ്ടു തുടങ്ങിയപ്പോഴാണ് സാറ വരയ്ക്കുമെന്ന് മനസ്സിലാക്കിയത്. മിക്കവാറുമൊക്കെ ചുഴികളിലേയ്ക്ക് അലിഞ്ഞു ചേരുന്ന മുഖങ്ങളായിരുന്നു അവള് വരച്ചു കൊണ്ടിരുന്നത്. ചിലപ്പോള്‍ മൂക്ക്, അല്ലെങ്കില്‍ കണ്ണ്, അങ്ങനെ ചില ശരീരഭാഗങ്ങള്‍ മാത്രവും.
ഞാന്‍ ബ്രഷുകളും പെയിന്റുകളും ഒരു ഡ്രായിംഗ് ബോര്‍ഡും വാങ്ങിക്കൊണ്ടുവന്നു വച്ചു. തിങ്കളാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വന്നു കയറിയപ്പോള്‍ സാറ മുറിയിലുണ്ടായിരുന്നില്ല. പക്ഷേ കാന്‍വാസില്‍ ഒരു ചിത്രമുണ്ടായിരുന്നു. ഓയിലില്‍ ചെയ്ത ഒരു അപൂര്‍ണ്ണ ചിത്രം. ഒരു മുറിയുടെ മൂലയ്ക്ക് വിവസ്ത്രയായിരിക്കുന്ന മുഖമില്ലാത്ത ഒരു സ്ത്രീ. കാഴ്ചക്കാരന്റെ നേര്‍ക്ക് കൈ ചൂണ്ടിപ്പിടിച്ചിരിക്കുന്നു.
വെയിസ്റ്റുബിന്നില്‍ ഒത്തിരി ഫേഷ്യല്‍ ടിഷ്യൂകള്‍ കിടപ്പുണ്ടായിരുന്നു. മൂക്കു ചീറ്റിയതും കണ്ണു തുടച്ചതും.
ഞാനാ പെയ്ന്റിംഗ് ഫ്രെയിം ചെയ്യിച്ചെടുത്തു. വാതില്‍ തുറന്ന് കയറി വരുമ്പോള്‍ തന്നെ കാണാവുന്ന വിധത്തില്‍ ചുവരില്‍ തൂക്കി.
കുറച്ചു ദിവസത്തേയ്ക്ക് സാറയെ കണ്ടില്ല. പിന്നെ ഇന്നാണു കയറി വരുന്നത്. ചിത്രം കണ്ടയുടനെ ഒന്നു ഞെട്ടി. എന്റെ നേരെ നോക്കി. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത പോലെ ഞാന്‍ പുസ്തകത്തിലേയ്ക്ക് തലയും കുനിച്ചിരുന്നു.
കുറേ നേരം കട്ടിലില്‍ കമഴ്ന്നു കിടന്നു കരയുന്നുണ്ടായിരുന്നെന്നു തോന്നുന്നു. ഞാന്‍ ശ്രദ്ധിക്കാത്തെപോലെയിരുന്നു. തുണിയൊക്കെ പറിച്ചെറിഞ്ഞ് ഷോട്ടെടുക്കാന്‍ തുടങ്ങുന്നതൊക്കെ ഞാന്‍ അറിയുന്നുണ്ടായിരുന്നു. മിണ്ടിയില്ല.
"ഷൈല്‍, ചിരിക്കാതെ കാര്യം പറയൂ.. നീ ഗേയാണോ?"
ഞാന്‍ വീണ്ടും ചിരിച്ചു.
"ഞാന്‍ ഗേയൊന്നുമല്ല. മയക്കുമരുന്നടിച്ച് തിരിച്ചറിവില്ലാതെ കിടക്കുന്ന ഒരുത്തിയെ ഭോഗിക്കാന്‍ മാത്രം പെര്‍വെര്‍ട്ടുമല്ല."
ഇത്തവണ ചിരി തുടങ്ങിയത് അവളാണ്.
"ഹ ഹ ഹ! നീയൊരു നുണയനാണ്. ഒന്നാന്തരം നുണയന്. ഒരു ഹുക്കറെ പ്രാപിക്കാന്‍ അറപ്പാണെന്നു തുറന്നു പറയൂ.."
സാറ നിര്‍ത്താതെ ചിരിച്ചു കൊണ്ടിരുന്നു. ഞാന്‍ മറുപടി പറഞ്ഞില്ല. ആ ചോദ്യത്തെ അവഗണിച്ചെന്നു വരുത്താന്‍ പുസ്തകത്തിലേയ്ക്കു തലകുമ്പിട്ടു.
അവള് കട്ടിലില്‍ നിന്നെണീറ്റ് എന്നെ പ്രകോപിപ്പിക്കാനെന്നവണ്ണം നൃത്തം ചെയ്തു തുടങ്ങി. എക്സോട്ടിക് നൃത്തം.
ഒന്നും തോന്നിയില്ല. വെറുതേ പുസ്തകത്തിലേയ്ക്ക് മനസ്സുറപ്പിക്കാന്‍ ശ്രമിച്ചു. പറ്റുന്നില്ലെന്നു കണ്ടപ്പോള്‍ ഒരു ഷര്‍ട്ടെടുത്തിട്ട് പുറത്തേയ്ക്കിറങ്ങി.
രാത്രി വൈകിയാണ് തിരിച്ചു വന്നത്. സാറ പുറത്തുപോയിക്കാണുമെന്ന് കരുതി. പക്ഷേ അവള് കട്ടിലില്‍ തന്നെ കിടപ്പുണ്ടായിരുന്നു. ഡ്രോയിംഗ് ബോര്‍ഡില്‍ മനോഹരമായ ഒരു ഓയില്‍ ചിത്രം. കടല്‍ തീരത്ത് ഉപേക്ഷിക്കപ്പെട്ട ഒരു ചെരിപ്പിന്റേത്. താഴെ നിലത്ത് ഒന്നു രണ്ടു കാന്‍വാസുകള്‍ ചുരുണ്ടു കിടക്കുന്നു. ഒന്നില്‍ കരിനീല നിറത്തില്‍ ഒരു സ്ത്രീയുടെ (അവളുടെതന്നെ?) മുഖം. മറ്റൊന്നില്‍ വരച്ചു മുഴുമിക്കാത്ത എന്റെ മുഖത്തിന്റെ ഔട്ട്ലൈനും.
ചിത്രങ്ങള്‍ അയയില്‍ പിന് ചെയ്ത് ഉണങ്ങാനിട്ടു. ഒരു പുതപ്പെടുത്ത് അവളുടെ നഗ്നത മറച്ചു കൊടുത്തു. ഉറക്കത്തില്‍ ചിരിക്കുന്നുണ്ടായിരുന്നു. പെത്തഡിന് അവളെയും കൊണ്ട് ഏതോ സ്വപ്നങ്ങള്‍ക്കു മീതെ പറക്കുകയാവണം.
ലൈറ്റിട്ട്, നോട്ടുബുക്കു തുറന്ന് ഞാന്‍ നഷ്ടപ്പെട്ടുപോയ ഒരു ചെരിപ്പിന്റെ കഥ എഴുതിത്തുടങ്ങി.
"ഏതോ ബസ്റ്റോപ്പില്‍ ഇരുന്നുറങ്ങിപ്പോയ കാലുകള്‍ക്ക് നഷ്ടപ്പെട്ട ഒരു ചെരുപ്പ്. ജോഡി തികച്ചില്ലാത്തതുകൊണ്ട് അതിനെ ആരും എടുത്തുകൊണ്ടു പോയില്ല. വെയിലും മഞ്ഞുമേറ്റ് അതവിടെത്തന്നെ കിടന്നു. ഇടയ്ക്ക് വെയിലു മൂക്കുമ്പോള്‍ രണ്ടുകാലിലും ചെരിപ്പില്ലാത്ത ആരൊക്കെയോ അതിനെ ഒരു കാലില്‍ കയറ്റിക്കൊണ്ടുപോയി. മറ്റേതോ സ്റ്റോപ്പുകളില്‍ ഉപേക്ഷിച്ചിട്ടു പോയി. പിന്നെ.."
അവസാനം എങ്ങനെയായിരിക്കും ആ ചെരിപ്പിന്റെ കഥ തീരുക? അതോ അതിനു തന്റേതായി ഒരു കഥയില്ലെന്നു തന്നെ വരുമോ?
എഴുത്ത് ഇടയ്ക്കുവച്ച് മുറിഞ്ഞുപോയി. കഥയുടെ ഗതിയെപ്പറ്റി ആലോചിച്ചാലോചിച്ച് എപ്പോഴോ ഇരുന്നുറങ്ങിപ്പോയി.
കാലത്തെണീറ്റപ്പോള്‍ സാറ പോയിരുന്നു. പിന്നെ രണ്ടു ദിവസത്തേയ്ക്ക് കണ്ടതേയില്ല.
മൂന്നാം ദിവസം നഗരത്തിലെ പോലീസ് സ്റ്റേഷനില്‍ നിന്നു ഒരു കാളു വന്നു. മോര്‍ച്ചറിയില്‍ വന്ന് ഒരു ജഡം തിരിച്ചറിയാമോ എന്നു നോക്കാന്‍.
സാറ തന്നെയായിരുന്നു. മയക്കുമരുന്ന് ഓവര്‍ഡോസ്. ശരീരം ആകെ നീലിച്ച്.. അവള് തന്നെ വരച്ച ചിത്രത്തിലെ മുഖം ഓര്‍മ്മ വന്നു.
ആകെ ഒരു നിസ്സംഗതയാണു തോന്നിയത്. തണുപ്പായിരുന്നു മോര്‍ച്ചറിക്കുള്ളില്‍. സാറ നഗ്നത പ്രകടിപ്പിക്കുമ്പോഴത്തേപ്പോലെ വിരക്തിയുണ്ടാക്കുന്ന തണുപ്പ്. വെളുത്ത ചുവരില്‍ ചാരി നിന്നു. ബോഡി വേണമെങ്കില്‍ ക്ലെയിം ചെയ്യാമെന്ന് പോലീസുകാരന് പറഞ്ഞു. വേണ്ടെന്നു തലയാട്ടി. എവിടെയൊക്കെയോ ഒപ്പിട്ടു കൊടുത്തു. പോകാന്‍ നേരം അവളുടെ സാധനങ്ങള്‍ ഒരു പ്ളാസ്റ്റിക് കവറിലാക്കി കയ്യില്‍ തന്നു.
വീട്ടില്‍ ചെന്ന് രണ്ടു കവിള് ബ്രാണ്ടി വിഴുങ്ങിക്കഴിഞ്ഞാണ് അതു തുറന്നു നോക്കാനുള്ള മനോധൈര്യമുണ്ടായത്. പ്ളാസിക് കമ്മലും മാലയും ബ്രെയ്സ്ലെറ്റും. പിന്നെ എപ്പോഴും കൊണ്ടു നടക്കാറുള്ള, തോളില്‍ തൂങ്ങുന്ന കുഞ്ഞു പെഴ്സും. ഒരു ജീവിതകാലത്തെ സമ്പാദ്യം.
പെഴ്സു തുറന്നു നോക്കി. എതാനും മുഷിഞ്ഞ നോട്ടുകളും ചില്ലറയും. ഉള്ളിലെ ചെറിയൊരു സിപ്പു തുറന്നപ്പോള്‍ ചെറുതായി മടക്കിക്കൂട്ടിയ ഒരു ഡ്രായിംഗ് പേപ്പര്‍. പുറം ഭാഗത്ത് വലിയ അക്ഷരത്തില്‍ ലിപ്സ്റ്റിക്കുകൊണ്ട് എന്റെ ഫോണ്‍ നമ്പര്‍ കുറിച്ചിട്ടിരിക്കുന്നു.
ഒരു ചാര്‍ക്കോള്‍ ചിത്രമായിരുന്നു അതില്‍. രണ്ടു കാലുകള്‍. ഒന്നില്‍ മാത്രം ചെരിപ്പണിഞ്ഞിരിക്കുന്നു.
"...നഷ്ടപ്പെട്ടുപോയ ചെരിപ്പിന്റെ ജോഡി."
2009, ഓഗസ്റ്റ് 13, വ്യാഴാഴ്ച
നഷ്ടപ്പെട്ടുപോയ ഒരു ചെരിപ്പിന്റെ കഥ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
44 പ്രതികരണങ്ങള്‍:
വെട്ടിത്തിരുത്തി ഇങ്ങനെ ഒക്കെ ആയി. confidence problem starts to kick in again :)
നന്നായി...
വെൽ ക്രാഫ്റ്റഡ്..
ഗംഭീരമായിരിക്കുന്നു.
ബ്ലോഗിലെ ഒരു വേറിട്ട കഥ.
ആകെ ഒരു നിസ്സംഗതയാണു തോന്നിയത്. തണുപ്പായിരുന്നു മോര്‍ച്ചറിക്കുള്ളില്‍. സാറ നഗ്നത പ്രകടിപ്പിക്കുമ്പോഴത്തേപ്പോലെ വിരക്തിയുണ്ടാക്കുന്ന തണുപ്പ്..
എഴുതണം.
മനസ്സില്‍ തട്ടുന്ന കഥ...
ഹുക്കരുടെ ഉള്ളിലെ വേദനയും ഒറ്റപെടലും നഷ്ടപെട്ട ജീവിതത്തെ പറ്റി ഉള്ള കുറ്റബോധവും ഒക്കെ വാക്കുകളില്‍ ഭംഗിയായി വരച്ചിരിക്കുന്നു
nice !!!!
നല്ലൊരു കഥ തന്നെ മാഷേ, ഇഷ്ടമായി
അവസാനത്തെ ഒറ്റ വരി പെത്തഡിന് മാത്രം മതി:)
എനിക്കസൂയ തോന്നുന്നു!
ശരിക്കും ഗംഭീരമായിരിക്കുന്നു.
പാമൂ, ഇതിനൊരു പെര്‍ഫെക്ട് 10 തരുന്നു. നന്നായി എഴുതി. പറഞ്ഞു തീര്‍ക്കാനുള്ള തിടുക്കമൊന്നും കാട്ടാതെ ഇത്തവണ നീ കഥ ഗംഭീരമാക്കി. സാറയുടെ നിയോഗം മരണമാണെന്നു തുടക്കത്തിലേ തോന്നുമെങ്കിലും കഥ പറഞ്ഞ രീതി കൊണ്ട് ആ അന്ത്യം അരോചകമായില്ലെന്നു മാത്രമല്ല, മനസ്സില്‍ നില്‍ക്കുകയും ചെയ്തു.
കോണ്‍ഫിഡന്‍സ് പ്രോബ്ലത്തിന്റെ ഒന്നും ആവശ്യം ഇല്ല. നീ പുലിയല്ലേ?
ഇനിയും കഥയുണ്ടെങ്കില്‍ പറയാന്‍ മടിക്കണ്ട.
ഭാവുകങ്ങള്‍.
പഴനിമല മുരുകനാണേ ലോകനാര് കാവിലമ്മൂമ്മയാണേ ചന്തമുക്കിലെ പാണ്ടിപ്പിള്ളയാണേ ഈ കഥ ഞാന്‍ അടിച്ചുമാറ്റി റീമിക്സ് ചെയ്യും ... :) ജാഗ്രതൈ!
നന്നായി എഴുതി.
ജീവിക്കുന്ന ശവങ്ങളുടെ മനസ്സാണു് യഥാർത്ഥ മോർച്ചറി.
നല്ല കഥ.
നല്ലൊരു കഥ.
എന്താ അഭിപ്രായം പറയേണ്ടതെന്നു പോലും അറിയുന്നില്ല, പാമൂ.
മനസ്സില്‍ തൊടുന്ന മറ്റൊരു മനോഹര കഥ.
ഇതെല്ലാം ഒന്നിച്ചു കൂട്ടി, നൂലിട്ട് തുന്നിക്കെട്ടണം നമുക്ക്.
ആശംസകള്‍.
ഉഗ്രന്‍... !
എന്നെന്കിലും ഇങ്ങനെ ഒരു കഥ എഴുതണം.. സാധിക്കുമെന്നു തോന്നുന്നില്ല...ഗംഭീരമായി...അഭിനന്ദനങ്ങള്‍
Dear Paamars...
I can't wait till i reach home an comment. SO i am doing it right here from the office. No unicode. No regrets but.
Nannayirikkunnu sir... kure ere kalathinu sheshamaanu thankalude blogil onn nokkiyath. frequency kuranju poyathinu sorry.
ezhuthan kothiyaavunnu...
// ഒന്നില്‍ കരിനീല നിറത്തില്‍ ഒരു സ്ത്രീയുടെ (അവളുടെതന്നെ?) മുഖം. //
"avalude thanne" ennu paranjillenkilum ellarkkum manasilaakum, sure...
(Asooya kond oru kuttam paranjathaa....")
thanks...
സാറ സങ്കടമാകുന്നു..
കഥ നന്നായി പാമൂ....അഭിനന്ദനങ്ങള്‍....
Only one doubt --- Is it so easy in Western countries to recover the dead body and claim the plastic cover ???
സാറ നഗ്നത പ്രകടിപ്പിക്കുമ്പോഴത്തേപ്പോലെ വിരക്തിയുണ്ടാക്കുന്ന തണുപ്പ്..
Really a nice allegory in this sentence. Congrats
പാമൂ ജീ..,സാധാരണമായ ഒരു കഥയെ കയ്യടക്കത്തോടെ ഇങ്ങനെ അസാധാരണമാക്കിയതില് നന്ദി.ശരിക്കും സാറയെ കണ്മുന്നില് കാണാനായി..
ഒരാത്മവിശ്വാസക്കുറവിന്റെ പേരും പറഞ്ഞു കഥയെഴുതിയില്ലെങ്കിലാണിനി..:)
good one.
നല്ല കഥ...അസ്സലായി ട്ടോ..ഇപ്പൊ,നല്ല കുട്ടിയായി തുടര്‍ച്ചയായി എഴുതുന്നുണ്ടല്ലോ..
അനില്‍ ചേട്ടന് പറഞ്ഞത് ചെയ്യണം കേട്ടോ..ഇതെല്ലാം കൂടി ഒരു പുസ്തകമാക്കണം..
മാഷേ എന്ത് പറയാനാണ്..തുടക്കം മുതൽ ഒടുക്കംവരെ ഇരുത്തം വന്ന ഒരു കഥാകാരനെ ഞാൻ വായിച്ചു. മുഖസ്തുതിയല്ല..കഥ കൈവിടരുത്...
പാംസ്..സത്യം സത്യം ആയി ഞാൻ നിന്നോട് പറയുന്നു.ഇത് പണ്ട് മാതൃഭൂമി വാർഷികപ്പതിപ്പിലൊക്കെ വരാറുള്ള ഗംഭീരനായൊരു കഥ പോലെ..(ബ്ലോഗിലെ കഥാകാരന്മാർ പുരികം ചുളിച്ച് വില്ലുകുലക്കുന്നതിനും മുന്നേ ഈ ബ്രാക്കറ്റും ചാഡി ഓഡുന്നു:)
ശ്രീഹരി, കുമാരന്, ആന്‍, കണ്ണനുണ്ണി, ക്യാപ്റ്റന്‍, ശ്രീ, ജ്യോനവന്‍ജി, സുനീഷ് മാഷെ, എഴുത്തുകാരി ചേച്ചി, നജൂസ്, ബാബു സാര്‍, സതീശ്, ജിതേന്ദ്രകുമാര്‍ജി, രഞ്ജിത്ത്, ലേഖ, ചാണൂസ്, നന്ദ (?), സ്മിത, വളരെ നന്ദി.
ഹരിത്ജി, എല്ലാ സപ്പോര്‍ട്ടിനും അകമഴിഞ്ഞ നന്ദി.
ഗുപ്തന്‍ജി, തീര്‍ച്ചയായും :) എനിക്കു എന്തായാലും കുറേ പഠിക്കാനുണ്ടാവും. നന്ദി.
അനില്‍ജി, കാലു നീട്ടുന്നതിനു മുന്നേ ഒന്നു ഇരിക്കട്ടെ :) നണ്ട്രി.
കുറ്റ്യേ, വിശദമായ റെസ്പോണ്‍സിനു നണ്ട്രി. 'അവളുടെ' എന്നൊന്നു ഹൈലൈറ്റു ചെയ്യാന്‍ ശ്രമിച്ചതാ. കൊളമായല്ലേ :)
മനോവിഭ്രാന്തികള്‍, ഒരു പിടിയുമില്ല മാഷെ. നന്ദി.
റോസെ, അങ്ങനങ്ങു നിര്‍ത്തുമോ :) നന്ദി.
സനാതനന്‍ജി, വായനയ്ക്കും പ്രോല്‍സാഹനത്തിനും വളരെ വളരെ നന്ദി.
കിരണ്‍സേ, :) നന്ദി മാഷെ.
പലരും പലേ രീതിയില്‍ ആവര്‍ത്തിച്ച ഒരു പ്ലൊട്ടല്ലേ ഇത് പാമരന്? ആകസ്മികമായി ലഭിക്കുന്ന ഒരു വിചിത്രമായ ബന്ധത്തിന്റെയോ, പരിചയപ്പെടലിന്റെയോ ഒക്കെ കഥ. ഭാഷ നന്ന്. ആ ചെരുപ്പിനെ വെച്ച് കൂടുതല്‍ ഡൈമന്ഷനലാക്കാമായിരുന്നു എന്നും തോന്നി.
അഭിവാദ്യങ്ങളോടെ
നല്ല കഥ
രാജീവ്ജി, വിഷയത്തില്‍ പുതുമയൊന്നുമില്ലെന്നതു സത്യം തന്നെ. ശ്രമിക്കായ്കയല്ല :) നന്ദി.
വഴിപോക്കന്, നന്ദി.
ഇതു നല്ല കഥയാണല്ലോ. കോണ്‍ഫിഡന്‍സ് പ്രോബ്ലം ഒന്നും വേണ്ട. പാമൂന്റെ കഥകള്‍ക്ക് പ്രത്യേകമായൊരു സ്റ്റൈലുണ്ട്. എല്ലാര്ക്കും ഇഷ്ടമാകുന്ന ഒരു സ്റ്റൈല്‍.
നാളുകളായി ഒന്നും കാണാനില്ലല്ലോന്നാലോചിച്ച് അന്വേഷിച്ച് വന്നതാ... വരവ് വെറുതെയായില്ല..
ഗംഭീരം മാഷേ...
ഇനി കോണ്‍ഫിഡന്‍സ് പ്രശ്നം പറഞ്ഞ് മടിപിടിച്ചിരുന്നാല്‍.... പറഞ്ഞേക്കാം..:)
പാമൂ,
നന്നായി. തദേവിയില് കാട്ടിയ തിടുക്കം, സാറയില്‍ മാറിക്കിട്ടി.
Mashe, well said ...:)
പാമരന്റെ കഥകളിലെ സന്ദര്‍ഭങ്ങള്‍ എന്റെ മനസ്സില്‍ വീണ്ടും വീണ്ടും തെളിഞ്ഞുവരാറുണ്ട് ,
ഈ നാട്ടിലെ ജീവിതത്തിന്റെ പ്രത്യേകതയാവാം ..
പ്രിയ സുഹൃത്തേ ! ആശംസകള്‍ ...
ഉള്ളത് പറയാമല്ലോ കൊള്ളാം !
gud keep it up,.....
Excellent Pamu.
എഴുത്തിന്റെ ക്രാഫ്റ്റ്...!! കാണാന്‍ കിട്ടാത്തതും അത് തന്നെ...!! അതിവിടെ ഒരുപാടുണ്ട്... ഇത് പോലെഒക്കെ എഴുതിയിരുന്നെങ്കില്‍ ഞാന്‍ ആരായിരുന്നേനെ..
നല്ല ക്ഥ.തീം സാധാരണമെകിലും ഈ ശൈലി കഥയെ വ്യത്യസ്ഥമാക്കുന്നു
Kollam ..nannaayittundu..athrem parayane enikku ariyoo..
ഒരുപോലെ എഴുത്തിന്റെ ഭംഗി കൊണ്ടും ആശയം കൊണ്ടും ഉള്ളില്‍ തറക്കുന്ന ഒരു കഥ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ