2009, ഏപ്രിൽ 25, ശനിയാഴ്‌ച

ദാഹം



"എടാ എരണം കെട്ടവനേ.. ചവയ്ക്കാനിത്തിരി വെറ്റില്യും പൊകല്യും കൊണ്ടെര്വോ.." മാതേയി കട്ടിലില്‍ നിന്ന്‌ തലപൊക്കി വിളിച്ചുകൂവി.

രാജപ്പന്‍ പണിക്കുപോകാനിറങ്ങുകയായിരുന്നു. അയാള്‍ക്കു കലികയറി.

"പണ്ടാരത്തള്ള.." രാജപ്പന്‍ വിളിച്ചു പറഞ്ഞു. "മനുശ്യമ്മാരു്‌ ശ്ശിരി കഞ്ഞിന്‍റെള്ളത്തിന്‌ വേണ്ട്യാ പകലന്ത്യോളം നടുനൂര്‍ക്കാണ്ടെ ചാല്‌ കീറണദ്‌.. അപ്പഴാ തള്ളേന്‍റെ ഒടുക്കത്തെ പൊഹല തീറ്റ! ചെലക്കാണ്ടെ അവടെ കെടന്നോളീം.."

കിടന്ന കിടപ്പില്‍ തന്നെ മാതേയി കാര്‍ക്കിച്ചൊന്നു തുപ്പി. കട്ടിലിന്‍റെ സൈഡിലെ ചുമരിലുള്ള ജനാലയെന്ന ലക്ഷ്യം കാണാതെ കഫവും വെറ്റച്ചണ്ടിയും കലര്‍ന്ന കൊഴുത്ത ദ്രാവകം ചുമരിലൂടെ താഴേയ്ക്കൊലിച്ചിറങ്ങി.

മാതേയി കിടപ്പിലായിട്ടു കാലമെത്രയായെന്നു മാതേയിക്കു തന്നെ നല്ല നിശ്ചയമില്ല. കാലം ചുവരിലെ ജനലില്‍ തെളിയുന്ന വെളിച്ചവും നിഴലുകളുമായി വേര്‍തിരിച്ചറിയാനാവാത്ത വിധം അലിഞ്ഞു പോയിരിക്കുന്നു.

വെറ്റക്കറ നിറം പടര്‍ന്ന്‌ ചുമരു്‌ കറുത്തു കിടന്നു. ഓരോ തവണ തുപ്പുമ്പോഴും ജനലിലേയ്ക്കുള്ള ദൂരം കൂടി വരുന്നത്‌ മാതേയി അറിയുന്നുന്ടായിരുന്നു.

രാജപ്പന്‍ പണിക്കുപോകുന്നതിനു മുന്നേ കട്ടിലിനു മുകളില്‍ രണ്ടു നേന്ത്രപ്പഴവും ഒന്നു രണ്ടു കഴ പൊകലയും കെട്ടിത്തൂക്കിയിടും. ശരീരത്തില്‍ ആകെ ജീവനവശേഷിച്ചിരുന്ന കഴുത്തും തലയും ഉപയോഗിച്ച്‌ അത്‌ വായ്ക്കകത്താക്കലാണ്‌ മാതേയിയുടെ ജോലി. വൈകുന്നേരമാകുമ്പോഴേയ്ക്ക്‌ മാതേയി തളര്‍ന്നു പോകും. രണ്ടു നേന്ത്രപ്പഴവും തുളച്ച്‌ കയറു കെട്ടിയിരിക്കുന്ന ഭാഗമൊഴിച്ച്‌ തിന്നു കഴിഞ്ഞിട്ടുണ്ടാവും.. പൊകല അതു കെട്ടിയിരുന്ന ചാക്കുനൂലടക്കവും.

"തള്ളേ.. ഞാന്‍ വരണേനു മുന്നെ തൂറ്യാല്‍.. മോന്ത്യാവണ വരെ തീട്ടത്തില്‍ കെടക്കേണ്ടി വരും.." എന്ന ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മാതേയി മോന്‍ വരാതെ തൂറാറില്ല. മൂത്രത്തിനു പക്ഷേ നിയന്ത്രണമില്ല.. അതുകൊണ്ടു രാജപ്പന്‍ വെള്ളം കൊടുക്കാനുള്ള കുഴലുള്ള കൂജ നിറയ്ക്കാറില്ല. വൈകിട്ട്‌ അയാള്‌ വന്നു കയറുമ്പോഴേയ്ക്ക്‌ മാതേയി പരവേശമെടുത്തിരിക്കുകയായിരിക്കും. എന്നാലും ഒരെറക്കു വെള്ളം കുടിച്ചാല്‍ പിന്നെ വീണ്ടും മോനെ തെറി വിളിച്ചു തുടങ്ങും.

രാജപ്പന്‍ ഒന്നും തിരിച്ചു പറയുകയില്ല. വെറ്റ ചുണ്ണാമ്പു തേച്ച്‌ തൊള്ളയില്‍ വച്ചു കൊടുക്കും. പിന്നെ വരുന്ന തെറികളൊക്കെ മാതേയി ചവച്ചിറക്കിക്കോളും.

രാജപ്പന്‍ കല്യാണമൊക്കെ കഴിച്ചതായിരുന്നു. രണ്ടു പിള്ളേരുമുണ്ടായി. അതു കഴിഞ്ഞപ്പോഴാണ്‌ വഴുക്കി വീണ്‌ മാതേയി കിടപ്പിലായത്‌. കുറേ നാള്‌ അമ്മായിഅമ്മേടെ തീട്ടം കോരി മടുത്തപ്പോള്‍ ഗിരിജ പിള്ളേരെയും കൊണ്ട്‌ ഓള്‍ടെ വീട്ടിലേയ്ക്കു തന്നെ പോയി.

അതില്‍പിന്നെ എല്ലാം രാജപ്പന്‍ തന്നെയാണ്‌ ചെയ്യുന്നത്‌. മാതേയിയെ ചന്തി കഴുകിക്കുന്നതും കുളിപ്പിക്കുന്നതും തുണിമാറ്റിക്കുന്നതുമടക്കം.

ആദ്യമൊക്കെ ഒന്നരാടമേ പണിക്കു പോകുകയുള്ളായിരുന്നു. പിന്നെ തള്ളയ്ക്കു പൊകല വാങ്ങാന്‍ തന്നെ കാശു തെകയാതായി. മാതേയിക്ക്‌ പൊകല തീറ്റയാണു ഹരം. തള്ള തിന്നോട്ടെയെന്നു രാജപ്പനും കരുതും. പൊകല വായിലില്ലാതിരുന്നാല്‍ അവിടെന്നു തെറി ഒഴുകാന്‍ തുടങ്ങും.

പതിവുപോലെ അന്നും രാജപ്പന്‍ പണിക്കു പോയതാണ്‌. മാതേയി പൊകലയുടെ ഒരറ്റം കടിച്ചെടുത്ത്‌ ചവ തുടങ്ങിയിരുന്നു. വെയില്‌ അകത്തു കയറിത്തുടങ്ങി. വെള്ളം വറ്റാത്ത വെറ്റക്കറകള്‍ ചുമരില്‍ തിളങ്ങുന്നു. പതിവില്ലാണ്ടെ ഒരു ദാഹം. ഏന്തി വലിഞ്ഞ്‌ ഒരു ചെറിയ കഷണം പൊകലകൂടെ വായ്ക്കുള്ളിലാക്കി ഞെരിച്ച്‌ മാതേയി ആ ദാഹത്തിനെ കൊന്നു കളയാന്‍ ശ്രമിച്ചു.

കോലായില്‌ ഒരു കാല്‍പെരുമാറ്റം. രാജപ്പന്‍ തിരികെ വന്നോ? കൊട്വാള്‌ എട്ക്കാന്‍ മറന്നിട്ട്‌ണ്ടാവും എരണം കെട്ടവന്‍.

"ന്തേണ്ടാ.. ആ ഗിരിജപ്പൊലയാടിച്ചീന്‍റെ ചന്തീം മൊലേം സൊപ്പനം കണ്ടേരിക്കും ഇബടെന്ന്‌ എറങ്ങിപ്പോഗുമ്പം ല്ലേ.. കൊട്വാള്‌ മറന്ന്‌ ല്ലേ.."

കോലായീന്ന്‌ മറുപടിയൊന്നും ഇല്ല. മാതേയി കാതോര്‍ത്തു കിടന്നു. തൊണ്ടയ്ക്കൊരു വരള്‍ച്ച. ദാഹം വീണ്ടും തലപൊക്കുന്നു.

മാതേയി ഉറക്കെ നാലു തെറി വിളിച്ചു. "ആരാണ്ടാ അവടെ?"

വാതില്‌ കിരുകിരാന്ന്‌ കേള്‍പ്പിക്കണ്‌ണ്ട്. ന്‍റീശ്വരാ, ഞ്ഞി കള്ളന്മാരു മറ്റാണോ?

ചവയ്ക്കല്‌ നിര്‍ത്തി മാതേയി വീണ്ടും കാതോര്‍ത്തു. ഇല്ല. തോന്നലായിരിക്കും. ഈ നാശം പിടിച്ച ദാഹം. അതിനറിഞ്ഞൂടെ മോന്ത്യാവാതെ എറക്ക്‌ വെള്ളം കിട്ടൂലാന്ന്‌. മാതേയി ഒന്ന്‌ കാര്‍ക്കിച്ച്‌ തുപ്പലിറക്കി തൊണ്ട നനയ്ക്കാന്‍ നോക്കി. ഇല്ല, അതു വളര്‍ന്നു കൊണ്ടിരിക്കുകയാണ്‌. കട്ടിലിനടുത്ത്‌ മേശമേലിരിക്കുന്ന കൂജയിലേയ്ക്കൊന്ന്‌ വെറുതേ നോക്കിപ്പോയി. കൂജയില്‍ നിന്നുള്ള കുഴല്‌ പിടിതരാത്ത ദൂരത്തില്‍ ചിരിച്ചു കൊണ്ട്‌ തൂങ്ങിക്കിടക്കുന്നു.

കോലായില്‌ വീണ്ടും ശബ്ദം കേട്ടു. മാതേയിക്ക്‌ ശെരിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു. "ആരാണ്ടാ അവടെ? ത്തിരി വെള്ളം ഇട്ത്ത്‌ തെര്വോ?"

കള്ളന്മാരായാലും ഇത്തിരി വെള്ളം എടുത്ത്‌ തെരാണ്ടിരിക്ക്വോ? അല്ലെങ്കില്‍ തന്നെ പഴയ കൊറച്ച്‌ ചട്ടീം കലോം മുഷിഞ്ഞ തുണികളുമല്ലാതെ എന്തിരിക്കുന്നു ഈ വീട്ടില്‍!

ദാഹം. മാതേയി പൊകല തുപ്പിക്കളഞ്ഞു. അര ദിവസത്തേയ്ക്കുള്ള പൊകല അപ്പോഴേയ്ക്ക്‌ തീര്‍ന്നിരുന്നു.

കഴുത്തിനു താഴെ സ്വയം ഭരണം പ്രഖ്യാപിച്ച നെഞ്ഞിലും വയറിലും ദാഹം തനിക്കെതിരെ സമരം ചെയ്തുകൊണ്ടിരിക്കുകയാണെന്ന്‌ മാതേയിക്കു തോന്നി. തലതിരിച്ച്‌ ജനലഴികളിലൂടെ പകലിനെ നോക്കിക്കിടക്കാന്‍ ശ്രമിച്ചു.

രാജപ്പന്‍ വരുന്നതുവരെ ദാഹം ക്ഷമിക്കുമെന്നു തോന്നിയില്ല. അയലത്തെ വീട്ടുകാരെ വിളിച്ചു നോക്കിയാലോ? അയലത്തുകാരുമായൊന്നും അത്ര രസത്തിലായിരുന്നില്ല മാതേയി. ആവതുണ്ടായിരുന്നപ്പോള്‍. ഒരു പക്ഷേ ഉറക്കെ വിളിച്ചു കൂവിയാല്‍ അവരു കേള്‍ക്കുമോ?

മാതേയി ആവുന്ന ശക്തിമുഴുവനെടുത്ത്‌ കൂവി നോക്കി. തൊണ്ട കൂടുതല്‍ വരണ്ടത്‌ മിച്ചം. കോലായില്‍ വീണ്ടും കാല്‍പ്പെരുമാറ്റം കേള്‍ക്കുന്നുണ്ടോ?

"ഏതു നായീന്‍റെ മോനാണ്ടാ അവടെ? വന്നിത്തിരി വെള്ളം എടുത്തു തെന്നൂടെ തന്തയ്ക്കു പെറക്കാത്തോനേ.. ഹയ്യോ.."

ദാഹം സകല അതിരുകളും ഭേദിച്ചു തുടങ്ങിയിരുന്നു. കോലായില്‍ ആരോ ഉണ്ടെന്നും തന്‍റെ നിലവിളി കേട്ടിട്ടും വെള്ളമെടുത്തു തരാതെ എല്ലാം കണ്ടു രസിക്കുകയാണെന്നു മാതേയി ഉറപ്പിച്ചു.

തലതിരിച്ചു തിരിച്ച്‌ കട്ടിലില്‍ നിന്ന്‌ താഴെ ചാടാന്‍ മാതേയി ശ്രമിച്ചു. താഴെയെത്തിയാല്‍ ഒരു പക്ഷേ കൂജയില്‍ നിന്നുള്ള കുഴലിന്‍റെ അറ്റം..

വൈകിട്ട്‌ വെറ്റിലയും പൊകലയുമായി വന്ന രാജപ്പന്‍ കണ്ടത്‌ മാതേയി താഴെ വീണു കിടക്കുന്നതാണ്‌. മേശമേലിരുന്ന മണ്‍കൂജ താഴെ വീണ്‌ പൊട്ടിക്കിടക്കുന്നു. തള്ള കണ്ണു തുറിച്ച്‌ നാക്കു നീട്ടിപ്പിടിച്ചിരിക്കുന്നു. കട്ടിലില്‍ നിന്ന്‌ ഇറ്റി വീണ തന്‍റെ തന്നെ മൂത്രത്തുള്ളികളുടെ നേരെ.

മൂന്നുദിവസം കഴിഞ്ഞ്‌ തൂവാലകൊണ്ട്‌ മൂക്കുപൊത്തിയ പോലീസുകാര്‍ രാജപ്പനെ ബലപ്രയോഗത്തിലൂടെ വീട്ടിനു പുറത്താക്കി മാതേയിയെ പോസ്റ്റു മാര്‍ട്ടം ചെയ്യാന്‍ കൊണ്ടുപോകുമ്പോള്‍ തള്ളയുടെ ഉണങ്ങിയ വായ്‌ നിറച്ച്‌ പൊകലയായിരുന്നു.

തള്ള ചത്തതറിഞ്ഞ്‌ ഗിരിജ കുട്ടികളുമായി വന്നു. രാജപ്പന്‍ മാതേയിയുടെ കട്ടിലില്‍ കിടക്കുകയായിരുന്നു. കയറുകളില്‍ തൂക്കിയിട്ട നേന്ത്രപ്പഴവും പൊകലയും ഏന്തിക്കടിച്ചെടുത്ത്‌ ചവച്ചു കൊണ്ട്‌. തലതെറിച്ച ചെക്കന്മാര്‍ രാജപ്പന്‍റെ നെഞ്ഞില്‍ കയറിയിരുന്ന്‌ മല്‍സരിച്ച്‌ നേന്ത്രപ്പഴം കടിച്ചെടുക്കാന്‍ തുടങ്ങി.

"എറങ്ങീനെടാ നായിന്‍റെ മക്കളേ.. " എന്ന്‌ പൊകലത്തുപ്പല്‌ തെറിച്ചപ്പോഴും ചെക്കന്മാര്‍ക്കു മനസ്സിലായില്ല, മാതേയി മകനെ ഏല്‍പ്പിച്ചു പോയതെന്താണെന്ന്‌.

ചുവരില്‌ വെള്ളം വറ്റിയ പൊകലക്കറകളില്‍ കട്ടത്തെറികള്‍ ഉണങ്ങിപ്പിടിച്ചു കിടന്നു. പതിവുപോലെ ജനലിലൂടെ എത്തിനോക്കിയ പകല്‌ കോലായില്‌ കാല്‍പെരുമാറ്റം കേള്‍പ്പിച്ച്‌ തിരക്കിട്ട്‌ പടിഞ്ഞാറേയ്ക്കു പോയി. പിറ്റേന്ന്‌ വീണ്ടും വരാന്‍.

26 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

പണിത്തെരക്കും മറ്റുമായി ഇത്തിരി അകന്നു നില്‍ക്കുകയായിരുന്നു. എഴുതി നോക്കുമ്പോള്‍ എല്ലാം ചവറുകള്‍. ഇതിപ്പോ മൂന്നാമത്തെയാണ്‌.. ചവറാണെങ്കിലും അങ്ങു ചാര്‍ത്തുക തന്നെ..

Calvin H പറഞ്ഞു...

തലമുറകള്‍ കഴിയുന്തോറും ദാഹം അങ്ങനെ കുടിക്കൊണ്ടിരിക്കും.
കണ്ണുള്ളപ്പോള്‍ കണ്ണിനോടോരു ഇഷ്ടക്കുറവ് സ്വാഭാവികം.

കഥ നന്നായി....

മയൂര പറഞ്ഞു...

കഥയിഷ്ടമായി :)

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

കഥ നന്നായി പാമരാ,
പക്ഷെ മാതേയി ‘ അത് ‘ മകനെ ഏല്‍പ്പിച്ച് പോകേണ്ടിയിരുന്നില്ല.

സുനീഷ് പറഞ്ഞു...

ഒത്തിരി നാളു കൂടി എഴുതുവാണല്ലേ?
കഥ നന്നായിട്ടുണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ചില എല്‍പ്പിച്ചുപോവലുകള്‍ അത്ര നന്നാവാറില്ല

കഥ ഇഷ്ടായി

ചന്ദ്രകാന്തം പറഞ്ഞു...

കട്ടത്തെറികള്‍ ഒട്ടിക്കിടക്കുന്ന ചുമരും പിടിതരാത്ത അകലത്തിലുള്ള മൊന്തയും...
തൊണ്ടയില്‍ തീക്കാറ്റുണ്ടാക്കുന്നുണ്ട്‌.

(അവസാനഭാഗം ഇതിലും സുന്ദരമാക്കാന്‍ പാമൂന്‌ കഴിയുമായിരുന്നു...ട്ടൊ.)

ഹരിത് പറഞ്ഞു...

എടാ പാമ്വോ, നീ ഇങ്ങനെ വല്ലപ്പൊഴും ആറ്റം ബോംബ് എഴുതുന്നതു നിര്‍ത്തിയിട്ടു ദിവസവും ചവറെഴുതി പോസ്റ്റാക്കി പണ്ടാരമടങ്ങിക്കൂടേ? ഇതൊരുമാതിരി മനുഷ്യനെ അസൂയപ്പെടുത്താനായിട്ട്! കുറ്റം പറയാമെന്നു വച്ചാ ഒന്നും കിട്ടുന്നുമില്ല. ഈ ഒരു കഥ നന്നായിയെന്നു വച്ച് കൂടുതല്‍ ആളു കളിയ്ക്കുകയൊന്നും വേണ്ട.

മാതേയി മകനു കൊടുത്തിട്ടുപോയതിന്‍റെ ലേറ്റസ്റ്റ് വെര്‍ഷന്‍ ഹേയ്റ്റ് മെയില്‍ ആയി അങ്ങോട്ടു അയച്ചു തരുന്നുണ്ട്.

നീ സൂക്ഷിച്ചോ??!!!!
:)

കെ.കെ.എസ് പറഞ്ഞു...

എന്താ കഥ..

konthuparambu പറഞ്ഞു...

its really good.

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

പാമുവേ കഥ കലക്കീട്ടോ ഗഡീ!

Rare Rose പറഞ്ഞു...

പാമൂ ജീ..,അസ്സലായി എഴുതിയിരിക്കണു..പതിവില്ലാതെയെത്തിയ ആ ദാഹമൊക്കെ ശരിക്കും ഫീല്‍ ചെയ്യിപ്പിച്ചു എഴുതിയിരിക്കണു.. അസൂയ കൂടീട്ട് കൂടുതലൊന്നും പറയാനും പറ്റണില്ല..:)

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

എടാ എരണം കെട്ടവനേ...നീ സൂക്ഷിച്ചോ..
:)
അസൂയ്യക്കാര് നിന്നെ കൊല്ലും.. !!
:) :)

Jayasree Lakshmy Kumar പറഞ്ഞു...

നിർവചിക്കാനാവാത്ത വിധം നൂലാമാലകൾ നിറഞ്ഞതാണ് മനുഷ്യമനസ്സ്. കുറ്റബോധത്തിന്റെ തീരാക്കുരുക്കുകളിൽ വല്ലാതെ കുരുങ്ങിപ്പോയ ഒരു മനസ്സിന്റെ ചിത്രം അവസാന ഭാഗം കാണിച്ചു തരുന്നു. ഒരുപാടിഷ്ടമായി കഥ

പൊറാടത്ത് പറഞ്ഞു...

നല്ലൊരു ഇടവേളയ്ക്ക് ശേഷം സമ്മാനിച്ച ഈ ചവറ്‌ ഇഷ്ടമായി മാ‍ഷേ... മതേയീടെ തെറികൾക്കൊക്കെ എന്തൊരു ഭംഗി..!! :)

"കോലായില്‌ ഒരു കാല്‍പെരുമാറ്റം..." കാലനായിരുന്നു അല്ലേ...

കല്യാണിക്കുട്ടി പറഞ്ഞു...

kollaam nannaayittundu...manushyarellaam ingane thanneyaa....chilathellaam mattullavarkku vachelppichittu pokum..................

നിരക്ഷരൻ പറഞ്ഞു...

പാമൂ..

നെന്റൊരു ഒടുക്കത്തെ ചവറ്. എല്ലാം കൂടെ ഒന്ന് കൂട്ടിയിട്ട് കത്തിക്കാന്‍ ശ്രമിച്ച് നോക്കിയാല്ലോ ? തീപ്പെട്ടി ഉരയ്ക്ക്ക്കുന്നതിന് മുന്നേ തന്നെ ആളിപ്പിടിക്കും തീ. പടര്‍ന്ന് കയറും അത് ചങ്കിനകത്തേക്ക് തന്നെ.

ചവറാണ് പോലും ചവറ്.....

ബൈജു (Baiju) പറഞ്ഞു...

അസ്സലായിരിക്കുന്നു!

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

അമ്മ മകനെ ഏല്‍പ്പിച്ചു പോയതോ അതോ മകന്‍ അമ്മയിലേക്ക് പോയതോ?

ഇങ്ങനെ മക്കളുണ്ടാവാന്‍ ഭാഗ്യം ചെയ്യണം.

കഥ ഇഷ്ടമായി.

പാമരന്‍ പറഞ്ഞു...

ശ്രീഹരി, നന്ദി. പേരുമാറ്റിയോ?
മയൂര, നന്ദി.
അനില്‍ജി, മകനേറ്റെടുത്തതല്ലേ :) നന്ദി.
സുനീഷ്ജി, നന്ദി.
പ്രിയ, നന്ദി.
ചന്ദ്രകാന്തം, നന്ദി.. ഒന്നു രണ്ടുവട്ടം തിരുത്തി നോക്കിയതാ, പിന്നെ അങ്ങനെ കിടക്കെട്ടെയെന്നു കരുതി. നന്നായില്ലെന്നു തുറന്നങ്ങു പറയൂ.. എന്നാലല്ലേ ഞാന്‍ നന്നാവൂ :)
ഹരിത്ജി, നണ്ട്രി :)
കെ.കെ.എസ്‌, നന്ദി.
കൊന്തുപറമ്പ്, നന്ദി.
വാഴക്കോടാ.. നണ്ട്രി..
റോസേ, ലോ പ്രൊഫൈല്‍ ആണല്ലോ? നന്ദി.
പകല്‍കിനാവാ, അടി! അടി! :)
പൊറാടത്തേ :) താങ്ക്സ്‌.
കല്യാണിക്കുട്ടി, നന്ദി.
നിരാ, :)
ബൈജുമാഷേ, നന്ദി.
രാമചന്ദ്രന്‍ജി, നന്ദി..

kichu / കിച്ചു പറഞ്ഞു...

പാമരാ..

ഇതു ചവറോ??? !!!!!!!!!!!!!

അധികം എളിമ വേണ്ട, തല്ലു കൊല്ലും :)

ഈ ചവറൊക്കെ ഇങ്ങു പോരട്ടെ, ബാക്കി കയ്യിലു വെച്ചോ.

കഥ വളരെ ഇഷ്ടായീട്ടാ.

smitha adharsh പറഞ്ഞു...

ഭഗവാനെ...!
എനിക്കറിയില്ല എന്ത് പറയണം എന്ന്...
കുറയായല്ലോ പോസ്റ്റ്‌ കണ്ടിട്ട് എന്ന് വിചാരിച്ചതേയുള്ളൂ..
...പറഞ്ഞപോലെ മാതേയി അത് മകനെ ഏല്പിച്ചു പോകേണ്ടിയിരുന്നില്ല.

കാവലാന്‍ പറഞ്ഞു...

തട്ടാന്റെ ചവറിലും തങ്കം തന്നെ എന്നാണുദ്ധേശിച്ചതല്ലേ പാമരന്‍ ജീ...

കഥാന്ത്യം ഇത്ര ധൃതിയില്‍ ഓടിച്ചു തീര്‍ത്തത് നന്നായില്ല.

സൂത്രന്‍..!! പറഞ്ഞു...

വളരെ ഇഷ്ടായി

പാമരന്‍ പറഞ്ഞു...

കിച്ചു, :) നന്ദി

സ്മിത, നന്ദി..

കാവലാന്‍ജി :) നന്ദി..

സൂത്രന്‍, നന്ദി..

സാധാരണക്കാരന്‍. പറഞ്ഞു...

sorry mr.Pamaran

I was not awre of the fact.I will try another name.kindly allow some time.