2008, നവംബർ 7, വെള്ളിയാഴ്‌ച

സുന്ദരമനസ്സ്‌


http://www.math.ethz.ch/~hjfurrer/holidays/HongKong/
സൈനൂന്‌ പില്സ്‌ കഴിക്കണ്ടാ.

മമ്മി വായില്‌ പില്ല്‌ ഇട്ടുതന്നിട്ട്‌ വെള്ളം തരണതിനു മുന്പ്‌ സൈനു അതു നാക്കിനടിയിലാക്കും. ഭയങ്കര കൈപ്പാണ്‌. ഓക്കാനം വരും. എന്നാലും വെള്ളം കുടിക്കുമ്പോ വിഴുങ്ങിപ്പോവില്ല. ഓടിപ്പോയി ടോയിലെറ്റ്‌ ബൌളിലേയ്ക്കു തുപ്പും. എന്നിട്ട്‌ മമ്മി കാണുന്നതിനു മുന്നേ ഫ്ളഷ്‌ ചെയ്യും.

എത്ര നാളാച്ചാ ശ്രീജീനെ കാണാണ്ടിരിക്ക്യാ.

കബോഡിനു താഴെയുള്ള ഗ്യാപ്പില്‌ സൈനു സ്പൈഡറിനെ വളര്‍ത്തണുണ്ട്‌. ബുക്സ്‌ ഒക്കെ വെച്ച്‌ മറച്ചു വെച്ചിരിക്ക്യാ. ആ അമ്മിണിക്ക്‌ അതു മനസ്സിലായിട്ടുണ്ടെന്നാ തോന്നണത്‌. ഇനി ഹന്‍ഡ്രെഡ്‌ ആന്‍ഡ്‌ ട്വെന്റിഫൈവ്‌ സ്പൈഡെറും കൂടി വേണം. ശ്രീജി പറഞ്ഞിട്ടുണ്ട്‌ റ്റു തൌസന്‍റു്‌ എണ്ണം വേണം ന്ന്‌. അമ്മിണി വന്ന്‌ കണ്ടുപിടിക്കാണ്ടിരുന്നാ മതിയായിരുന്നു.

ഫോര്‍ ഡേയ്സായി ശ്രീജി വന്നിട്ട്‌. സൈനു സ്കൂളീന്നു വന്നാല്‍ ഹോം വര്‍ക്കൊക്കെ പെട്ടെന്നു ഫിനിഷ്‌ ചെയ്തിട്ട്‌ റൂമിന്‍റെ വിന്‍ഡോയിലൂടെ താഴേയ്ക്കു നോക്കി നില്‍ക്കും. അതിലെയാണ്‌ ശ്രീജി സാധാരണ വരാറു്‌. ഫ്ളാറ്റിലാരുമില്ലെങ്കില്‌ ഫ്രണ്ട്‌ ഡോറിലൂടെയും വരും.

ഉറുമ്പു മനുഷ്യരു്‌ അരിച്ചരിച്ചു പോകുന്നുണ്ട്‌ റോഡിലൂടെ. ത്രീ തൌസന്‍റു്‌ വരെ സൈനു എണ്ണീട്ടുണ്ട്‌ ഒരു ദിവസം. ആ അമ്മിണി വന്ന്‌ എണ്ണം തെറ്റിച്ചില്ലായിരുന്നെങ്കില്‌ കറക്ടായിട്ട്‌ അറിയാമായിരുന്നു. ഒരു ദിവസം മുഴുവന്‍ നോക്കിയിട്ടാണ്‌ വൈറ്റ്‌ ഷര്‍ട്ടിട്ടവരൊക്കെ ലെഫ്റ്റില്‍ നിന്ന്‌ റൈറ്റിലേക്കാണു പോകുന്നതെന്നു മനസ്സിലായത്‌. വേറെ കളറില്‌ ഡ്രെസ്‌ ചെയ്തവരു്‌ രണ്ടു സൈഡിലേയ്ക്കും പോകും.

പക്ഷേ ശ്രീജി നേരെ ആണു വരുക. രേണൂന്‍റെം വിനയ്ടേം ഫ്ലാറ്റിന്‍റെ നടുവിലൂടെ നടന്നു വന്ന്‌ സൈനൂന്‍റെ ഫ്ളാറ്റിന്‍റെ അടുത്തെത്തും. വാച്മാന്‍ അവിടെ ഇല്ലങ്കില്‌ ശ്രീജി നേരെ ഇങ്ങു കയറിപ്പോരും. അല്ലെങ്കില്‌ അയാളിരിക്കണ ക്യാബിന്‍റെ ചോട്ടില്‌ അയാള്‌ മാറുന്നതുവരെ ഒളിച്ചിരിക്കും.

കഴിഞ്ഞകൊല്ലം മമ്മീടെ വീട്ടില്‍ പോയപ്പോഴാണ്‌ ശ്രീജീനെ പരിചയപ്പെട്ടത്‌. ശ്രീജി ഒരു മുണ്ടാണ്‌ ഉടുക്കുക. മുട്ടിനു താഴെ നീളമേ ഉള്ളൂ മുണ്ടിന്‌. എപ്പോഴും ഡേര്‍ട്ടി ആയിരിക്കും. മണ്ണില്‌ കളിക്കണതുകൊണ്ടാണത്രെ. സൈനൂന്‌ മണ്ണില്‌ കളിക്കണത്‌ ഇഷ്ടമല്ല. ഡേര്‍ട്ടിയാവും. ശ്രീജിയുടെ കൂടെ മണ്ണില്‍ കളിച്ചതിന്‌ മമ്മിയുടെ കയ്യില്‍ നിന്ന്‌ കിട്ടിയ തല്ലിന്‌ കണക്കില്ല. ശ്രീജിയെ ചീത്തപറഞ്ഞ്‌ ഓടിച്ചു വിടുകയും ചെയ്തു. പാവം ശ്രീജി. പിന്നെ മമ്മിയുള്ളപ്പോ വരാറില്ല.

രേണൂനേം വിനയ്നേം സൈനൂനിഷ്ടമല്ല. വീക്കെന്‍റ്സില്‌ ചിലപ്പോ അവരു്‌ സൈനൂന്റെ ഫ്ളാറ്റില്‌ വരും. രേണു എപ്പോഴും കമ്പ്യൂട്ടറില്‌ ഗെയിം കളിക്കണ കാര്യം പറയും. വിനയ്‌നാണെങ്കില്‌ സൈനൂന്‍റെ ടോയ്സിലാണ്‌ നോട്ടം. വിനയ്‌ വരണുണ്ടെന്നു പറയണ കേട്ടാന്‍ സൈനു ടോയ്സൊക്കെ കബ്ബോഡിനടിയില്‌ ഒളിപ്പിക്കും. അല്ലെങ്കില്‌ ഒരെണ്ണം ബാക്കിയുണ്ടാവില്ല. ശ്രീജിക്കു കൊടുക്കാന്‍ വച്ചിരുന്ന ഹാന്‍ഡില്‌ മുറിഞ്ഞുപോയ വല്യ സ്പൂണ്‌ കഴിഞ്ഞതവണ അവന്‍ കൈക്കലാക്കി. സൈനു കുറേ കരഞ്ഞു ബഹളമുണ്ടാക്കി നോക്കി. അപ്പോ മമ്മി വഴക്കു പറഞ്ഞു. ഷെയറു്‌ ചെയ്യണത്രെ.

പാവം ശ്രീജി. ശ്രീജിടെ വീട്ടില്‌ ടോയ്സൊന്നും ഇല്ല. ശ്രീജിയ്ക്കും വേറെ ഫ്രന്‍റ്സൊന്നും ഇല്ലെന്ന്‌ ശ്രീജി പറഞ്ഞിട്ടുണ്ട്‌. അതോണ്ടാണ്‌ സൈനൂനെ കാണാന്‍ ഇത്രേം ദൂരത്ത്‌ന്ന്‌ ശ്രീജി എന്നും വരണത്‌. പില്‍സ്‌ കഴിച്ചാല്‌ ശ്രീജി വരില്ലാത്രെ. ആദ്യം വിശ്വാസം ണ്ടായില്ല സൈനൂന്‌. അതോണ്ടാ സമ്മതിച്ചെ. പക്ഷെ ഇപ്പോ കൃത്യം ഫോര്‍ഡേയ്സായി ശ്രീജി വന്നിട്ട്‌. ഇന്നലേം ഇന്നും പില്ല്‌ ടോയ്ലെറ്റ്‌ ബൌളില്‌ തുപ്പിക്കളഞ്ഞു. ഇന്നു വരുമായിരിക്കും.

ഇത്തവണേം സ്പൈഡറു്‌ പറ്റിച്ചു. ആകെ ഫോര്‍ട്ടി ഫൈവ്‌ സ്പൈഡര്‍കുഞ്ഞുങ്ങളേയുള്ളൂ. ഇനി എയ്റ്റി എണ്ണം കൂടി വേണം. സൈനൂന്‌ സങ്കടം വരണുണ്ട്‌.

റ്റു തൌസന്‍റു്‌ സ്പൈഡറു്‌ വേണംന്നാ ശ്രീജി പറഞ്ഞത്‌. തലയില്‌ ഇത്തിരി ബ്ളൂ കളറുള്ള സ്പൈഡറു്‌ തന്നെ വേണം. യെല്ലോ സ്പൈഡറിന്‌ പവറില്ലാത്രെ. ഓരോന്നിനേം പിടിച്ച്‌ തല വേര്‍ പെടുത്തണം. സ്പൈഡറു്‌ പെടയ്ക്കില്ല. പക്ഷെ അതിന്‍റെ തലയില്‌ നിന്ന്‌ ബോഡിയിലേയ്ക്ക്‌ ഒരു നൂലു നീണ്ടു വരും. വലിച്ചാലും വലിച്ചാലും അതു പൊട്ടില്ല. ആ നൂലിലാണ്‌ അതിന്‍റെ ജീവന്‍ എന്നാണ്‌ ശ്രീജി പറയുന്നത്‌. ആ നൂലു പൊട്ടിയാലേ അതു മരിക്കൂത്രെ. വിഴുങ്ങുന്നതിനു മുന്‍പ്‌ നൂലു പൊട്ടിപ്പോയാപ്പിന്നെ അതു കൌണ്ടു ചെയ്യാന്‍ പറ്റില്ല. വിഴുങ്ങിക്കഴിയുമ്പോ നൂലു താനെ പൊട്ടും.

കയ്യിലെ ഉള്‍ഭാഗം ചൊറിയണുണ്ട്‌ സൈനൂന്‌. ശ്രീജി പറഞ്ഞിട്ടുണ്ട്‌ അങ്ങനെ ഉണ്ടാവും ന്ന്‌. എന്നിട്ട്‌ സ്കിന്‍ മാറി അവിടെന്ന്‌ വെബ്ബ്‌ വരണ ഗ്ളാന്‍റു്‌ പുറത്തു വരും. ശ്രീജി ഒരിക്കല്‌ തൊട്ടു നോക്കാന്‍ സമ്മതിച്ചിരുന്നു.

കയ്യില്‌ ചൊറിയണ കണ്ടിട്ട്‌ മമ്മി ഒരു ക്രീം വാങ്ങിത്തന്നിട്ടുണ്ട്‌. എത്ര ചൊറിഞ്ഞാലും സൈനു അതു പുരട്ടില്ല. വണ്‍തൌസന്‍റു്‌ എയിറ്റ്‌ഹണ്‍ഡ്രഡ്‌ ആന്‍ഡ്‌ ഫിഫ്റ്റി-ഫൈവ്‌ സ്പൈഡറിന്‍റെ പവറാണിപ്പോള്‍ ഉള്ളത്‌. സൈനൂന്‍റെ ഏജില്‌ പവറു മുഴുവന്‍ കിട്ടണമെങ്കില്‌ റ്റൂ തൌസന്‍റു്‌ എണ്ണം വേണം.

കബോര്‍ഡിനു താഴേന്ന്‌ ഒരു അനക്കം കേക്കണുണ്ട്‌. ഇനി ശ്രീജി മുന്നിലൂടെ വന്നു കാണുമോ? അല്ല. അമ്മ സ്പൈഡറു്‌ പുറത്തു കടക്കാന്‍ നോക്കുവാ. ചിലപ്പോള്‍ അമ്മ സ്പൈഡറു തന്നെ പവറു കൂട്ടാന്‍ വേണ്ടി കുഞ്ഞുങ്ങളെ തിന്നു കളയും എന്നു ശ്രീജി പറഞ്ഞിട്ടുണ്ട്‌. എന്നും എണ്ണിനോക്കണം.

സൈനു വീണ്ടും വിന്‍ഡൊവിനടുത്തെത്തി. ഉറുമ്പു മനുഷ്യരു്‌ റോഡിലൂടെ തിരക്കിട്ട്‌ പൊയ്ക്കൊണ്ടിരിക്കുന്നു. വൈറ്റ്‌ ഷര്‍ട്ടിട്ട്‌ ലെഫ്റ്റിലേയ്ക്കു പോകുന്ന ഒരാള്‌ മുകളിലേയ്ക്കു നോക്കി കൈ വീശുന്നുണ്ട്‌. സൈനൂനെ ആയിരിക്കില്ല. സൈനു വിന്‍ഡോയിലൂടെ താഴേയ്ക്ക്‌ തുപ്പി. തുപ്പല്‌ കുറേ നേരം നേരെ താഴേയ്ക്കു പോയി പിന്നെ സുമത്യാന്‍റീടെ ഫ്ളാറ്റില്‌ ചെന്നിടിച്ചു.

അതാ ശ്രീജി വരണുണ്ട്‌! വാച്മാനെ പറ്റിച്ച്‌ സൈനൂന്‍റെ വിന്‍ഡോവിന്‍റെ നേരെ താഴെ വന്നിട്ടുണ്ട്‌. എന്നിട്ട്‌ ശബ്ദമൊന്നുമുണ്ടാക്കാതെ വാളിലൂടെ കയറി വരുന്നുണ്ട്‌. എന്തു ഫാസ്റ്റാണീ ശ്രീജി!

ഇത്രേം ദിവസം എവിടെ ആരുന്നു?

42 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

a beautiful mind! ഒരു പരീക്ഷണം :)

സുനീഷ് പറഞ്ഞു...

ഇത്രേം ദിവസം എവിടെ ആരുന്നു?
എന്ത് നാച്ചുറല്‍ ആയി ആണ് കഥ അവസാനിപ്പിച്ചത്. A beautiful story...

പ്രയാസി പറഞ്ഞു...

വായിച്ചു കഴിഞ്ഞപ്പൊ ഫോട്ടൊയില്‍ കാണുന്ന മോനില്ലെ, അവനെപ്പോലെയാ ഞാനിപ്പൊ..!
മേലോട്ട് നോക്കിയിരിക്കുവാ..:)

Unknown പറഞ്ഞു...

വേറിട്ട ഒരനുഭവമായി ഈ കഥ.ആദ്യം വായിച്ചിട്ട് പുടി കിട്ടിയില്ല.എന്തു പരീക്ഷണം ആയാലും ഈ ശൈലി ഒരു മാറ്റം തന്നെയാണ്
ഒരു പാമു ടച്ച് ഭരതൻ ടച്ച് എന്നൊക്കെ പറയുന്നതു പോലെ ഈ കഥയിൽ ഉണ്ട്

Sunith Somasekharan പറഞ്ഞു...

very nice... kollaam

ഹരിത് പറഞ്ഞു...

പാമുവിന്‍റെ ബ്ലോഗില്‍ ഇപ്പോള്‍ കഥകളുടെ പുഷ്കല കാലം. എനിയ്ക്കു തലയില്‍ നല്ല മുടിയുണ്ട്. പക്ഷേ മരുന്നില്ലാത്ത മറ്റൊരസുഖം ബാധിച്ചിട്ടുണ്ടോ എന്നൊരു സംശയം.
:)
പരീക്ഷണം പരീക്ഷണം !! എനിയ്ക്കിതൊന്നും അത്രയ്ക്കങ്ങു പിടിയ്ക്കുന്നില്ല.

വളരെ നന്നായി എന്നു പറഞ്ഞിലെങ്കില്‍ മറ്റുള്ളവര്‍ എന്തു കരുതും. അതുകൊണ്ട് പറയുന്നു.
ആക്ച്വലി കഥയെഴുത്തിന്‍റെ ഈ ഗുട്ടന്‍സ് എങ്ങനെ പുടികിട്ടി?

ഭാവുകങ്ങള്‍.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

കൊള്ളാട്ടോ ചങ്ങാതീ.

ആ ഫോട്ടൊ എന്തിനായിരിക്കും എന്ന് വായിക്കുന്നതിനു മുന്‍പ് ആലോച്ചിച്ചതാ, വായിച്ചു കഴിഞ്ഞപ്പോള്‍ സന്തോഷമായി.

ആശംസകള്‍.

Mahi പറഞ്ഞു...

സൈനൂന്റെ ലോകത്തെ വളരെ രസകരമായ്‌ തന്നെ വരച്ചു വെച്ചിരിക്കുന്നു.വല്ലാത്ത ഭാവന തന്നെ.ഗ്രേറ്റ്

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

wah!!

vadavosky പറഞ്ഞു...

കഥ നന്നായി പാമൂ
ഇപ്പോള്‍ കഥകള്‍ തുടര്‍ച്ചയായി എഴുതുന്നതുകൊണ്ട്‌ കഥകള്‍ക്ക്‌ വേണ്ടി വേറൊരു ബ്ലോഗ്‌ തുടങ്ങുന്നതാണ്‌ നല്ലത്‌. കഥ ബ്ലോഗില്‍ മറ്റ്‌ പോസ്റ്റുകള്‍ വരുന്നത്‌ ശരിയാവില്ല എന്ന് തോന്നുന്നു.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

സൈനൂന്റെ ലോകം അടിപൊളി..ഗുളിക കഴിക്കാന്‍ സൈനു കാണിച്ച പണി എന്റെ അമ്മുക്കുട്ടിയും ഇടയ്ക്ക് കാണിക്കും.നാക്കിന്റെ അടിയില്‍ വെച്ചിട്ട് തുപ്പിക്കളയും.അതു കൊണ്ട് ഇപ്പോള്‍ ഗുളിക പൊടിച്ച് പഞ്ചാ‍ാര ചേര്‍ത്താ ഇപ്പോള്‍ കൊടുക്കണത് !!

ഇതു വായിച്ചിട്ട് ഒരു തുടരന്‍ പോലെ തോന്നുന്നല്ലോ..ഇത് ഇവിടെ തീര്‍ന്നതാണോ ? പക്ഷേ ഇനിയും വലിച്ചു നീട്ടാനുള്ള സ്കോപ്പ് ഉണ്ട് ട്ടോ..

ശ്രുതസോമ പറഞ്ഞു...

നന്നായിട്ടുണ്ട് കേട്ടോ....!!!
നല്ല വഴക്കമുണ്ട്..
കുട്ടികളുടെ ലോകത്തിലെത്തിയതു പോലെ തോന്നി..!

Sureshkumar Punjhayil പറഞ്ഞു...

Really nice one... Best wishes..!!!

ഉപാസന || Upasana പറഞ്ഞു...

മനോഹരമായി എഴുതി ഭായ്
ആശംസകള്‍
:-)
ഉപാസന

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

പാമരന്‍ ചേട്ടാ..
ഒരു ക്ലാസിക്കല്‍ പൊയറ്റിക് ഫ്യൂഷന്‍!!!
വളരെ നന്നായിരിക്കുന്നു..രചനാശൈലിയും ആശയവും എല്ലാം...

അങ്ങനെയാണ് സ്പൈഡര്‍മാന്മാര്‍ ഉണ്ടാകുന്നത് അല്ലേ...

Jayasree Lakshmy Kumar പറഞ്ഞു...

super

കാപ്പിലാന്‍ പറഞ്ഞു...

ഒരു അമേരിക്കന്‍ മലയാളി കഥ .മലയാളം മറന്നിട്ടുമില്ല എന്നാല്‍ ഇഗ്ലിഷ് അസ്ക്യതയും ഇടകലര്‍ന്ന ഒരു സുന്ദരന്‍ കഥാ പരീക്ഷണം .
:)

പാമരന്‍ പറഞ്ഞു...

സുനീഷ്ജി, വളരെ നന്ദി.

പ്രയാസി, മോനല്ല മോളാ.. പാത്തുമ്മ :)

പിള്ളേച്ചാ.. എനിക്കു തന്നെ പിടികിട്ടിയില്ല, പിന്നല്ലേ :)

മൈ ക്രാക്ക്‌ വോര്ഡ്സ്‌, നന്ദി.

ഹരിത്തേ, ആക്കല്ലേ.. നിങ്ങളുവന്നു വായിക്കുന്നതിനു നൂറു നണ്ട്രി.

അനില്‍ജി, വളരെ നന്ദി.

മഹീ, വളരെ നന്ദി.

ജിതേന്ദ്രകുമാര്‍ജി, നന്ദി

വഡവോസ്കി, വളരെ നന്ദി മാഷെ. ഇനിയും എഴുതാന്‍ കഴിയുമോന്നറിയില്ല. വെറുതേ ബ്ളോഗുള്ളതുകൊണ്ട്‌ എഴുതേണ്ടി വരരുതല്ലോ :)

കാന്താരീ, നന്ദി.

ശ്രുതസോമ, വളരെ നന്ദി.

സുരേഷ്കുമാര്‍, നന്ദി

ഉപാസന, നന്ദി ഭായ്‌

രണ്‍ജിത്തേ നന്ദി.

ലക്ഷ്മി, നന്ദി

കാപ്പിലെ, നണ്ട്രി ട്ടാ.

വിഷ്ണു പ്രസാദ് പറഞ്ഞു...

കഥ ഇഷ്ടമായി.

ചന്ദ്രകാന്തം പറഞ്ഞു...

അസ്സലായിട്ടുണ്ട്‌..പരീക്ഷണം. സധൈര്യം തുടരുക.
കുട്ടികളുടെ ചിന്തകള്‍ പായുന്ന വഴികള്‍, അതിലെ അപകടങ്ങള്‍..
അതങ്ങനെത്തന്നെ കോപ്പിയടിച്ചു വച്ചിരിയ്ക്കുന്നു ഈ പാമു. (മനുഷ്യനെ പേടിപ്പിയ്ക്കാന്‍...!!!)

സ്നേഹതീരം പറഞ്ഞു...

വളരെ വ്യത്യസ്തമായൊരു കഥ പറച്ചിൽ. എത്ര നന്നായിരിക്കുന്നു ! അഭിനന്ദനങ്ങൾ :)

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

പാമരന്‍ ഇന്‍ വണ്ടര്‍ലാന്റ്!

Rare Rose പറഞ്ഞു...

എന്താ പറയേണ്ടതെന്നറിയില്ല പാമൂജീ...ഈ വഴിയൊക്കെ വന്നിട്ട് കുറേയായി..വന്നപ്പോള്‍ കണ്ടതോ കൊതിപ്പിക്കുന്ന എഴുത്ത്...പിഞ്ചുമനസ്സിന്റെ വഴികളിലൂടെ ഇത്ര ദൂരം കൈ പിടിച്ചു നടത്തിയതിനു നന്ദി..:)..ഇനിയും പോരട്ടെ ഇത്തരം പരീക്ഷണങ്ങള്‍..

പൊറാടത്ത് പറഞ്ഞു...

പരീക്ഷണം കൊള്ളാലോ മാഷേ.. സുന്ദരമനസ്സിനെ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

കഥ ഇഷ്ടപ്പെട്ടു. ആശംസകള്‍.

Dr.Biji Anie Thomas പറഞ്ഞു...

വായിക്കാന്‍ നല്ല രസം.കുട്ടീടെ മനസ്സിലൂടെ കുറെ നേരം കടന്നുപോയി..

നന്ദ പറഞ്ഞു...

നന്നായി.
ഓഫ്: കൈവെള്ളക്ക് ഒരു ചൊറിച്ചില്‍ പോലെ. ക്രീം എവിടെയാണോ വെച്ചത്! മറന്നൂ!

ഗീത പറഞ്ഞു...

ദൈവമേ പേടിയാവുന്നു. ഇങ്ങനൊക്കെയാണല്ലോ കുഞ്ഞുങ്ങളുടെ മാനസിക വ്യാപാരം.

സ്പൈഡര്‍ വുമണ്‍ സൈനൂ കൊള്ളാം പാമു.

വിജയലക്ഷ്മി പറഞ്ഞു...

katha nannayrikkunnu..nalla sundharamanassuthanne...

smitha adharsh പറഞ്ഞു...

അത് ശരി..സൈനു സ്പൈഡര്‍ മാന്‍ ആവാനുള്ള പോക്കാ ..ല്ലേ?
നല്ല കഥ..വിവരണം ഇഷ്ടപ്പെട്ടു.

aneeshans പറഞ്ഞു...

ബ്ലോഗില്‍ അപൂര്‍വ്വമായി മാത്രമേ കഥകള്‍ ഇത്ര ഒഴുക്കില്‍ വായിക്കാന്‍ പറ്റൂ. ഇഷ്ടമായി

ഭൂമിപുത്രി പറഞ്ഞു...

നോട്ടവും കാഴ്ച്ചയും മറ്റൊന്നാകുമ്പോളൊക്കെ
ഭ്രാന്തെന്ന് പറയുന്നത് ശരിയാണോന്ന് ആലോചിയ്ക്കാറുണ്ട്

പരേതന്‍ പറഞ്ഞു...

ഇഷ്ടായി ...സത്യം

തണല്‍ പറഞ്ഞു...

പാമര്‍ജീ,
സൈനുവിനെ പ്പോലെ സുന്ദരമനസ്സു തന്നെ നിങ്ങള്‍ക്കും..അല്ലെങ്കില്‍ ഇത്ര ഒഴുക്കില്‍
നിങ്ങള്‍ക്കിത് എഴുതാനാവില്ലായിരുന്നു..ഗംഭീരം ചങ്ങാതീ..ഗംഭീരം!!
(അല്ലെങ്കിലും ദുഷ്ടന്മാരെ ദൈവം പനപോലെ വളര്‍ത്തുമെന്നല്ലേ..)

വരവൂരാൻ പറഞ്ഞു...

ഇത്രേം ദിവസം എവിടെ ആരുന്നു? ഞാൻ എനൊടു തന്നെ ചോദിച്ചുപോയി ഈ ബ്ലോഗ്ഗിൽ ഇത്ര വൈകിയെത്തിയതിനു.
മനോഹരമായിരിക്കുന്നു

ബിജു രാജ് പറഞ്ഞു...

കഥാ രചനയുടെ ഒരു വേറിട്ട ശൈലി...
കവിത പോലെ മനോഹരം...

ചാണക്യന്‍ പറഞ്ഞു...

പാമരന്‍,
വായിച്ചു...
ആശംസകള്‍...

Chandu പറഞ്ഞു...

ഞാന്‍ വരാന്‍ താമസിച്ചുപോയി......

ദീപക് രാജ്|Deepak Raj പറഞ്ഞു...

നന്നായി............ഇനിയും പോരട്ടെ ഇങ്ങനെ ..

കനല്‍ പറഞ്ഞു...

വളരെ നല്ല കിടിലന്‍ സുന്ദര മനോഹര അടിപൊളി തകര്‍പ്പന്‍ എഴുത്ത്.

:)

simy nazareth പറഞ്ഞു...

:) നല്ല കഥ. കിടിലം കയ്യടക്കം. ഇഷ്ടപ്പെട്ടു.
കഥകള്‍ക്കായി - വടവോസ്കി പറഞ്ഞതുപോലെ - എന്തെങ്കിലും തുടങ്ങൂ മാഷേ.

zaryanahas പറഞ്ഞു...

A-Z poker at the Wynn casino in Las Vegas - Dr.MCD
The most common place to play a 거제 출장마사지 poker game is at 아산 출장마사지 Wynn and Encore, which is an impressive venue and is 충청남도 출장샵 close 경주 출장마사지 to the Las Vegas 영주 출장샵 Strip.