2008, സെപ്റ്റംബർ 7, ഞായറാഴ്‌ച

'പ്രണയത്തിന്‍റെ വ്യാകരണം'


http://www.democraticunderground.com/discuss/duboard.php?az=view_all&address=132x6012993
വടക്കുമ്പാട്ടെ ഇടവഴി മൂന്നുതവണ വളഞ്ഞു നൂരുമ്പൊഴേയ്ക്കും നീ ഒറ്റയ്ക്ക്‌ എന്‍റെ മുന്നില്‍ വന്നു പെടും.

നിന്‍റെ കൂട്ടുകാരികളൊക്കെ അതിനുമുന്നേ വഴിപിരിഞ്ഞു അവരവരുടെ വീടുകളിലേയ്ക്കു കയറിപ്പോയിട്ടുണ്ടാവും. മാറത്ത്‌ ചേര്‍ത്തുപിടിച്ച നോട്ടുബുക്കുകളും ഇടത്തേക്കൈയില്‍ ഇത്തിരി പൊക്കിപ്പിടിച്ച പാവാടത്തുമ്പും നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പില്‍ അലിഞ്ഞുതുടങ്ങിയ ചന്ദനക്കുറിയും.. അല്ലെങ്കില്‍ത്തന്നെ എത്രപ്രാവശ്യം നിന്നെ ഇതേ വളവില്‍, ഈ മുറ്റിമുല്ലയുടെ മറവില്‍ ഇതുപോലെ നോക്കി നിന്നിരിക്കുന്നു! കുപ്പായത്തിന്‍റെ നിറവും പുസ്തകങ്ങളുടെ പൊതിയും മാത്രം മാറും. നിന്‍റെ വിയര്‍പ്പിന്‍റെ മണവും, കൂട്ടുകാരികള്‍ കൂടെയില്ലാതെ വിജനമായ ഈ ഇടവഴി താണ്ടുന്നതിന്‍റെ ഇത്തിരി പരിഭ്രമവും, മൂന്നു മണികള്‍ കൊഴിഞ്ഞുപോയ ഇടത്തേ വെള്ളിക്കൊലുസിന്‍റെ കുണുങ്ങിച്ചിരിയും, എല്ലാം എന്നും ഒരുപോലെ.

നിനക്കറിയാമോ, കഴിഞ്ഞയാഴ്ച നീ രണ്ടു ദിവസം ഈ വഴി പോകാതിരുന്നിട്ടുകൂടി നിന്‍റെ മണവും കൊലുസിന്‍റെ നനുത്ത ചിലമ്പലും ഇവിടെയുണ്ടായിരുന്നു. രണ്ടു ദിവസം നിന്നെക്കാണാതെ എങ്ങനെ ശ്വാസം കഴിക്കുമെന്നു എനിക്കാലോചിക്കണ്ടി വന്നതേയില്ല! ഇവിടെയീ കുറ്റിമുല്ലയുടെ ചോട്ടില്‍ പടിഞ്ഞിരുന്ന്‌ ഒന്നു മൂക്കു വട്ടം പിടിച്ചാല്‍ എപ്പോവേണമെങ്കിലും നിന്‍റെ മണമെനിക്കു കിട്ടും. കണ്ണടച്ചിരുന്നാല്‍ മുന്നില്‍ നിന്‍റെ പാവാടയുലയും.

നീ സുന്ദരിയാണെന്നും നാട്ടിലെ ആണുങ്ങളെല്ലാം നിന്നെക്കാണുമ്പോള്‍ വെള്ളമിറക്കുന്നുണ്ടെന്നും പ്രാഞ്ചിത്തള്ള പൈപ്പിന്‍റെ ചോട്ടില്‍ ചവച്ചു തുപ്പുന്നതു കേട്ടു. നീയെങ്ങനെയാ സുന്ദരിയായത്‌? സ്ത്രീസൌന്ദര്യത്തിന്‍റെ വ്യാകരണം ചമച്ചതാരാണ്‌? പൊളിച്ച കുമ്പളങ്ങാപോലെ വെളുത്തിരിക്കുന്നതാണോ സൌന്ദര്യം? മുട്ടിനൊപ്പം മുടിയും പട്ടുപാവാടയിലും ബ്ലൌസിലുമൊതുങ്ങാത്ത ശരീരവുമാണോ സൌന്ദര്യം? നീ സുന്ദരിയാവണ്ട.

മുട്ടോളം നീണ്ടമുടിയും കൂമ്പിയ താമരക്കണ്ണുകളുമില്ലാതെയും നീ സുന്ദരിയാണ്‌. മാംസമുരുകിയൊലിച്ചിറങ്ങി, കണ്ണുകളുടെ സ്ഥാനത്ത്‌ രണ്ടു കുഴികള്‍ മാത്രമായി, ചുവന്നു തുടുത്ത ചുണ്ടുകള്‍ അടര്‍ന്നുമാറി വെളുത്ത മുല്ലമൊട്ടുകള്‍ പുറത്തേയ്ക്കു തലനീട്ടി, മുടിയത്രയും കൊഴിഞ്ഞ്‌... എന്നാലും നീ സുന്ദരിയായിരിക്കും. നിന്‍റെ അടര്‍ന്നു തൂങ്ങിയ ചുണ്ടുകളില്‍ ഇതേ പാരവശ്യത്തോടെ അമര്‍ത്തിയമര്‍ത്തി ചുംബിക്കാനെനിക്കു കഴിയും. കണ്‍കുഴികളില്‍ നിന്നൂറിയെത്തുന്ന ഉപ്പുദ്രാവകത്തെ നക്കിയെടുത്ത്‌ നുണച്ചിറക്കി അതിനു മധുരമുണ്ടെന്നു ഭാവിക്കാനും, മാംസമുരുകിയ നിന്‍റെ കവിളുകള്‍ എന്‍റെ മുഖത്തെ കുറ്റിരോമങ്ങളിലുരസി ഇക്കിളിപ്പെടുത്താനും കഴിയും. എനിക്ക്‌.. എനിക്കു മാത്രമേ നിന്‍റെ സൌന്ദര്യം കാണാന്‍ കഴിയൂ.

തട്ടാന്‍ ഗോപാലനോട്‌ ഇരന്നു വാങ്ങിയതാണ്‌ ഈ മഷിക്കുപ്പിയിലെ ആസിഡ്‌. ഒട്ടും വേദനിക്കില്ല നിനക്ക്‌. വേദനിക്കാന്‍ തലച്ചോറിനോടു പറയാന്‍ കഴിയുന്നതിനു മുന്പേ ഞരമ്പുകളൊക്കെ കരിഞ്ഞുപോകും. ഒരു നിമിഷം. ഒരേ ഒരു നിമിഷം മാത്രമേ വേണ്ടൂ. എനിക്കു മാത്രം കാണാന്‍ അര്‍ഹതപ്പെട്ട നിന്‍റെ സൌന്ദര്യം എന്‍റേതു മാത്രമാവാന്‍.

പ്രതീക്ഷിക്കാതെ ഇടവഴിയുടെ ഈ വളവില്‍ എന്നെക്കാണുമ്പോള്‍ നീ ഒന്നു ഞെട്ടും, എനിക്കറിയാം. ഒന്നു ചിരിക്കുമായിരിക്കും. നിന്‍റെ ചിരിയുടെ ഇടത്തേയറ്റത്തു നിന്ന്‌ പതുക്കെ തല വെളിയില്‍ കാണിക്കുന്ന സ്ഥാനം തെറ്റിയ കുഞ്ഞിപ്പല്ലിനുപോലും എന്നെ അറിയാം. ഫോട്ടോഫ്ളാഷില്‍ പതിഞ്ഞുപോകുന്ന ഒരു നിമിഷത്തെപ്പോലെ നിന്‍റെ ചിരിയും മുഖവും എന്‍റെ മനസ്സിലൊട്ടിച്ചുവച്ച ഒരു ചിത്രം മാത്രമായിത്തീരും. മാംസമടര്‍ന്നുപോയ വൈരൂപ്യത്തില്‍ നിന്ന്‌ എനിക്കു മാത്രം വായിച്ചെടുക്കാനാവുന്ന സൌന്ദര്യത്തിന്‍റെ പുതിയ വ്യാകരണം.

മൂന്നാമത്തെ വളവിനപ്പുറത്തുനിന്നും നിന്‍റെ പൊട്ടിച്ചിരിയും കൂട്ടുകാരിയുടെ യാത്ര പറച്ചിലും ഞാന്‍ കേള്‍ക്കുന്നുണ്ട്‌. അവളോടു കൈവീശിക്കാണിച്ച്‌, തീരാത്ത ഏതോ വിശേഷത്തിലെ തമാശച്ചിരി ചുണ്ടില്‍നിന്നൊഴുക്കി, വളവു തിരിഞ്ഞ്‌ നീ വരുന്നുണ്ട്‌. കൊലുസിന്‍റെ കിലുക്കം. വിയര്‍പ്പിന്‍റെ മണം. ഉലയുന്ന പട്ടുപാവാടയുടെ ശബ്ദം. നീ..

ഹെന്‍റെ സുന്ദരീ..!

54 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

പ്രണയത്തിന്‍റെ വ്യാകരണം. അഗ്രി കാണിക്കതിരുന്നതുകൊണ്ട്‌ ഒന്നു റീപോസ്റ്റി നോക്കുന്നു.

തണല്‍ പറഞ്ഞു...

ഹെന്റെ പാമരാ..
എന്തൊരു സൂക്ഷ്മത നിറഞ്ഞ വിവരണം..മൂന്നുമണികള്‍ കൊഴിഞ്ഞ കൊലുസടക്കം..!
എങ്കിലും ചങ്ങാതീ..അവളുടെ മുഖവും വിയര്‍പ്പിന്റെ മണവും നിന്നെ ഉണര്‍ത്തുമ്പോള്‍ നിനക്കാ ആസിഡ് അവള്‍ക്കു നേരെ ഒഴിക്കാനാവില്ലാ..എനിക്കുറപ്പുണ്ട്!
-അങ്ങനെയല്ലേ ..??
അത് അങ്ങനെ തന്നെയായിരിക്കട്ടെ!!

തണല്‍ പറഞ്ഞു...

അയ്യോ.....,നാടമുറിച്ചത് ഞാനായിരുന്നോ?
:)

ചന്ദ്രകാന്തം പറഞ്ഞു...

"...നിന്‍റെ ചിരിയുടെ ഇടത്തേയറ്റത്തു നിന്ന്‌ പതുക്കെ തല വെളിയില്‍ കാണിക്കുന്ന സ്ഥാനം തെറ്റിയ കുഞ്ഞിപ്പല്ലിനുപോലും എന്നെ അറിയാം. .."
.....നിന്നെ അറിയുന്നു എന്ന അറിവ്‌ ഒന്നുമാത്രം പോരെ.......എന്നിട്ടും..
സ്വാര്‍ത്ഥതയുടെ ക്രൂരഭാവം, തേറ്റകാട്ടുന്നു ഓരോ വാക്കിലും.
(കാലത്തേതന്നെ..ചങ്കിടിപ്പിന്റെ പരമാവധി പരീക്ഷണം.. നടത്തിച്ചൂലോ പാമര്‍ജീ..)

Unknown പറഞ്ഞു...

nice work...

Kichu $ Chinnu | കിച്ചു $ ചിന്നു പറഞ്ഞു...

നന്നായിരിക്കുന്നു...
സാഡിസ്റ്റ് ആണല്ലേ :) ..
വെറുതെ ചോദിച്ചതാട്ടോ.. വായിച്ചു കഴിഞ്ഞപ്പോഴും ഒരസ്വസ്ഥത ബാക്കി നില്‍ക്കുന്നു...
വിവരണങ്ങളൊക്കെ വളരെ സൂക്ഷ്മമായിട്ടുണ്ട്

ശ്രീ പറഞ്ഞു...

എന്റമ്മോ... ഇതെന്തൊരു പ്രണയമാണ് മാഷേ...

Sharu (Ansha Muneer) പറഞ്ഞു...

എന്റമ്മോ!!! പേടിപ്പിച്ചു കളഞ്ഞല്ലോ

Joker പറഞ്ഞു...

കാമുകീ കാമുകന്മാര്‍ക്ക് ആത്മഹത്യ മടുത്തു പകരം കര്‍ഷകര്‍ അത് തുടങ്ങി.കാലത്തിന്റെ മാറ്റം തന്നെ.

പാമരാ കൊള്ളാം...”വെടക്കാക്കി തനിക്കാക്കുക അല്ലേ “

അജ്ഞാതന്‍ പറഞ്ഞു...

മാഷെ എന്നെ ശിഷ്യുനാക്കുമോ?

പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍

നജൂസ്‌ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
നജൂസ്‌ പറഞ്ഞു...

പാമരാ... പരലോകമുണ്ട്‌.അങനെയൊന്നും ചെയ്തേക്കല്ലേ ദുഷ്ടാ... :)

Sarija NS പറഞ്ഞു...

നന്നായിരിക്കുന്നു. പ്രണയം മനുഷ്യനെ ക്രൂരനാക്കുമോ?

ശ്രീവല്ലഭന്‍. പറഞ്ഞു...

ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ ഒരു സഹപാഠി തന്നെ തിരസ്കരിച്ച കാമുകിക്ക് നേരെ പ്രയോഗിച്ചത് ആസിഡ്. തൊട്ടു മുന്‍പില്‍ നടന്ന സംഭവം പിന്നീട് വര്‍ഷങ്ങളോളം ഒരു പേടിപ്പിക്കുന്ന സ്വപ്നം ആയിട്ടുണ്ട്. അവന്‍ പല വര്‍ഷങ്ങള്‍ ജയിലില്‍ കിടന്നു. അവള്‍ പിന്നീട് ഡിഗ്രിക്ക് അതെ കോളേജില്‍ തന്നെ പഠിക്കുകയും അവളുടെ കരിഞ്ഞ മുഖം എന്നും കാണുകയും ചെയ്തത് വീണ്ടും പേടിപ്പെടുത്തിയിരുന്നു.

അവനതു ചെയ്തപ്പോഴുള്ള വികാരം ഇതായിരിക്കാം, ക്രൂരന്‍, നന്നായി എഴുതിയിരിക്കുന്നു.

smitha adharsh പറഞ്ഞു...

യഥാര്ത്ഥ പ്രണയം മനുഷ്യനെ ക്രൂരനാക്കുമോ?

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

എന്റമ്മോ !! ഇതു പ്രണയമല്ല..സാഡിസമാ..യഥാര്‍ഥത്തില്‍ സ്നേഹിക്കുന്ന ഒരുവനു ഒരിക്കലും ഇത്ര ക്രൂരമായി ചിന്തിക്കാന്‍ കഴിയില്ല..ഇവനെ പോലെ ഉള്ളവര്‍ ഒക്കെ കല്യാണം കഴിച്ചാല്‍ ആ പെണ്‍കൊച്ചിന്റെ ജീവിതം പോയീല്ലോ

നല്ല കഥയാ ട്ടോ..നന്നായി എഴുതിയിരിക്കുന്നു

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

very good sir...

കാപ്പിലാന്‍ പറഞ്ഞു...

പാമൂ ,
ഈ കഥ ഡിലീറ്റ് ചെയ്യണം .അല്ലെങ്കില്‍ ഒരു മുന്‍‌കൂര്‍ ജാമ്യം വെക്കണം .എന്നെപോലെയുള്ള ദുര്‍ബല മനസ്കര്‍ ഇതുവായിച്ചാല്‍ ഉണ്ടാകാവുന്ന ഭവിഷത്തുകള്‍ നിങ്ങള്‍ക്ക് മനസിലാകുന്നുണ്ടോ

മനുഷ്യ ?

ഉപാസന || Upasana പറഞ്ഞു...

GooD one Bhai.

Chilathokke Ormippichchu.
:-)
Upasana

mmrwrites പറഞ്ഞു...

എന്റെ ചങ്കുതകര്‍ത്ത ഒരു വിളി എങ്ങനെ ഇവിടെ എഴുതും എന്നു ചിന്തിച്ചു.. എന്തായാലും ഞാന്‍ വിളിക്കാനാഗ്രഹിച്ചത് നജൂസ് അവസാനം വിളിച്ചിട്ടുണ്ട്.
...ത്തരമൊന്നും ചെയ്തേക്കല്ലേ.

സൂക്ഷ്മ നിരീക്ഷണമാണല്ലോ.. നന്നായിട്ടുണ്ട്..
ഇപ്പോഴും ചങ്കിടിപ്പു മാറിയിട്ടില്ലാട്ടോ.

പാര്‍ത്ഥന്‍ പറഞ്ഞു...

നടുക്കുന്ന ഓര്‍മ്മകളിലൂടെ ഒന്ന്‌ ചുഴറ്റി എറിഞ്ഞു. "പാവം ക്രൂരന്‍"
നജ്ജൂസേ, പരലോകത്തേയ്ക്കെത്തുമ്പോഴേക്കും പാപമോചനത്തിനുള്ള സൂത്രങ്ങളൊക്കെ സുലഭമല്ലെ. ആ വിശ്വാസം നിലനില്‍ക്കുന്നതുകൊണ്ടാണല്ലോ മനുഷ്യര്‍ മൃഗങ്ങളാകുന്നത്‌.

നജൂസ്‌ പറഞ്ഞു...

പാപം ചെയ്തുകളയാം, പാപമോചനം വഴിയെയുണ്ടല്ലോ. ഇങനെയൊരു ചിന്ത മനുഷ്യനെ മൃഗമെന്ന്‌ പറയരുത്‌ പാര്‍ത്ഥന്‍. മൃഗത്തിനെ സംസാരിക്കാന്‍ കഴിയാത്തോടുത്തോളം കാലം മനുഷ്യനതിനെ ഉപമക്കെടുക്കും.

പാമരന്‍ പറഞ്ഞു...

എല്ലാര്‍ക്കും പെരുത്ത നന്ദി..!

തണലേ :)

ചന്ദ്രകാന്തം.. സ്വാറീ.. :)

അജ്ഞാതാ.. പാമരത്തം ആര്‍ക്കെങ്കിലും പഠിപ്പിച്ചു കൊടുക്കാന്‍ കൊള്ളാമോ?

നജൂസേ :)

സരിജ, പ്രണയമല്ലല്ലോ.. സ്വാര്‍ത്ഥതയല്ലേ :)

വല്ലഭ്ജീ.. പത്രങ്ങളില്‍ വായിച്ചു ഞെട്ടിയിട്ടുണ്ടു ഞാനും..

കാന്താരീ.. ഹെന്‍റെ പെണ്ണുമ്പിള്ള കേക്കല്ലേ.. :)

കാപ്പൂ.. ലോലഹൃദയാ...

പാര്‍ത്ഥന്‍ജീ, സത്യം തന്നെ. മൃഗങ്ങളോടുപമിക്കണ്ടാ :)

ഹരിത് പറഞ്ഞു...

യാത്രകഴിഞ്ഞു തിരിച്ചെത്തിയപ്പോള്‍ പാമു വക ഒരു ആറ്റംബോംബിവിടെ . വായിച്ചു നടുങ്ങി.ശക്തം, ഓരോ വാക്കും.ആറ്റിക്കുറുക്കിയിരിയ്ക്കുന്ന എഴുത്ത്. അസൂയകാരണം വളരെ നല്ല കഥയാണെന്നൊന്നും പറയുന്നില്ല. ഞാന്‍ വായിച്ച നല്ല കഥകളിലൊന്ന് എന്നു പറഞ്ഞാല്‍ പോരേ?

വിജയലക്ഷ്മി പറഞ്ഞു...

nice post.abinadhanagal

Rare Rose പറഞ്ഞു...

ഹൊ..ഈ പ്രണയത്തിന്റെ വ്യാകരണം കണ്ടു ഞാന്‍ കിടുങ്ങിപ്പോയി പാമൂ ജീ..അവളിലെയോരോ അണുവിനെയും സൂക്ഷ്മമായി പകര്‍ത്തി വെച്ച എഴുത്തു...എന്നെയറിയാം എന്നറിയുമ്പോഴും എന്നിലേക്ക് മാത്രമായി അവളെ ചേര്‍ത്തുവെക്കണം എന്നുള്ള അവന്റെ സ്വാര്‍ത്ഥ ചിന്തകള്‍.....ഗംഭീരം ട്ടോ പ്രണയത്തിന്റെ ഈ പുതിയ നിര്‍വചനം..!!

simy nazareth പറഞ്ഞു...

പേടിപ്പിച്ചു. എഴുത്ത് നന്നായിട്ടുണ്ട്

പാര്‍ത്ഥന്‍ പറഞ്ഞു...

നജ്ജൂസ്‌, പാമരന്‍: ഒരു തെറ്റു പറ്റി. ശീലിച്ചുപോയ ഒരു സാധാരണ പ്രയോഗം വന്നുപോയതാണ്‌. മൃഗവാസനയുള്ള മനുഷ്യരേക്കാള്‍ എത്രയോ വിവേകമുള്ളവയാണ്‌ നാല്‍ക്കലി മൃഗങ്ങള്‍. ഉത്തുംഗശ്രേണിയില്‍ ആരാണ്‌ എന്നത്‌ മൃഗങ്ങള്‍ സംസാരിക്കുന്ന കാലത്ത്‌ അഭിപ്രായ വോട്ടെടുപ്പിലൂടെ തീരുമാനിക്കാം.

ഗീത പറഞ്ഞു...

എന്റമ്മേ !എന്നാലും പ്രണയത്തിന് ഇങ്ങനൊരു വ്യാകരണം വേണ്ടാ‍ാ‍ാ‍ാ‍ാ‍ാ...

പേടിപ്പിച്ചു കൊന്നു.....

അല്ഫോന്‍സക്കുട്ടി പറഞ്ഞു...

ഇത് ശരിയായില്ല, തീരെ ശരിയായില്ലാ.

മയൂര പറഞ്ഞു...

പാമരാ...ഇതെന്തു പരീക്ഷണം!

വളരെ നല്ലയെഴുത്ത് :)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

ഓണക്കാഴ്ച്ചയായ് കൂടി ഞാന്‍ ഈ പോസ്റ്റ് കാണുന്നു! നന്നായിരിക്കുന്നു.ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

നരിക്കുന്നൻ പറഞ്ഞു...

പ്രണയം തലക്ക് പിടിച്ചിരിക്കുന്നു അല്ലേ. ഒന്നും ചെയ്തേക്കല്ലേ...

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

മനോഹരമായിക്കുന്നു സുഹൃത്തേ ...
ഹൃദയം നിറഞ്ഞ ഓണാശംസകള്‍

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

വായിച്ചു, പാമുവണ്ണാ.....
ഈ വൈകിയ വേളയില്‍ ഞാനിനി എന്ത് അഭിപ്രായം പറയാനാ.....
(ഒരു പാവം പ്രവാസിയുടെ ഓണാശംസകള്‍...
തിരക്കിലായതിനാല്‍ കുറച്ചു വിട്ടു നില്‍ക്കേണ്ടി വന്നു......)

ഇസ് ലാം വിചാരം പറഞ്ഞു...

പ്രിയ പാമരന്‍,

മൈനയുടെ ബ്ലോഗില്‍ ഒഴുക്കിനെതിരെ നീന്തുന്നതിനു താങ്കള്‍ അഭിനന്ദിച്ചതു കണ്ടു. പര്‍ദയെക്കുറിച്ചെഴുതിയതിനാണെന്ന് തോന്നുന്നു.
വിഷയത്തെക്കുറിച്ച് ഞാനുമൊന്ന് ബ്ലോഗി.
ഒന്നവിടം വരെ ചെന്നു നോക്കി കമന്റുമല്ലോ..
പ്രിയത്തോടെ,
www.islamvicharam.blogspot.com

ശ്രീനാഥ്‌ | അഹം പറഞ്ഞു...

ഹൊ! കിടു മാഷേ.. കിടു!

മാണിക്യം പറഞ്ഞു...

ആ പ്രാഞ്ചിതള്ളയ്ക്കതിന്റെ
വല്ല ആവശ്യവും ഉണ്ടായിരുന്നോ?
ഒരു പക്ഷെ അതല്ലേ സൌന്ദര്യന്റെവ്യാകരണം മാറ്റികുറിയ്ക്കാന്‍‌ ഉള്ള വികാരം ഉടലെടുക്കാന്‍ കാരണം.. ..
സൌന്ദര്യത്തെഎത്ര ചായകുട്ടിട്ട് വേണമെങ്കിലും വരച്ചു ചേര്‍ക്കാം
എന്നാല്‍ ബ്ലാക്ക് ആന്‍‌‌ഡ് വൈറ്റില്‍

മാംസമുരുകിയൊലിച്ചിറങ്ങി, കണ്ണുകളുടെ സ്ഥാനത്ത്‌ രണ്ടു കുഴികള്‍ മാത്രമായി, ചുവന്നു തുടുത്ത ചുണ്ടുകള്‍ അടര്‍ന്നുമാറി വെളുത്ത മുല്ലമൊട്ടുകള്‍ പുറത്തേയ്ക്കു തലനീട്ടി,
മുടിയത്രയും കൊഴിഞ്ഞ്‌... ....


ഇങ്ങനെ സൌന്ദര്യം വര്‍ണ്ണിക്കുമ്പോള്‍ നട്ടെല്ലിനുള്ളില്‍ കൂടി ഒരു തണുപ്പ് അരിച്ചു കയറുന്നു

കുറ്റിരോമങ്ങള്‍ തൊലിയില്ലാത്ത മാംസത്തില്‍ ഉരസുമ്പോള്‍ ഉള്ള നീറ്റലാ ഇതു വായിച്ചപ്പോള്‍...

പാമരാ അഭിനന്ദനങ്ങള്‍

സ്‌പന്ദനം പറഞ്ഞു...

വേണ്ട പാമരാ അവള്‍ പൊയ്‌ക്കോട്ടേ...പാവല്ലേ..

വേണു venu പറഞ്ഞു...

ഈ വ്യാകരണം തെറ്റായിരിക്കട്ടെ....

ആഷ | Asha പറഞ്ഞു...

ഹോ പാമരാ എന്തായിത്
എഴുത്ത് വളരെ ഇഷ്ടപ്പെട്ടു കേട്ടോ.

ഷാനവാസ് കൊനാരത്ത് പറഞ്ഞു...

കഥ... വായിക്കാന്‍ വൈകി. പ്രണയത്തിന്‍റെ മുഖം ചിലപ്പോഴൊക്കെ എങ്ങനെയുമാണ്. ഓരോ എഴുത്തുകാരനും അവരുടേതായ ശൈലികള്‍... പേനയ്ക്ക് എത്ര ക്രൂരനുമാകാം. പക്ഷെ, അത് പിടിക്കുന്ന കൈകള്‍ അങ്ങനെ ആകാതിരുന്നാല്‍ മതി. ഇനിയും ക്രൂരമാകട്ടെ പാമരന്‍റെ എഴുത്താണി.

ബൈജു (Baiju) പറഞ്ഞു...

സ്വന്തമാക്കലിന്‍റ്റെ മറ്റൊരുതലം.....കഥ ഇഷ്ടമായി..നന്ദി...

Sunith Somasekharan പറഞ്ഞു...

kollaam,
njaaan direct cheytha video album kaanumo ente blogil undu
http://in.youtube.com/watch?v=pRXsbMIl5zo

ഫസല്‍ ബിനാലി.. പറഞ്ഞു...

പേടിപ്പിച്ചു കളഞ്ഞല്ലോ
Congratzzzzzz

മേരിക്കുട്ടി(Marykutty) പറഞ്ഞു...

കഥ നന്നാകുന്നത്, അത് വായിച്ചു കഴിഞ്ഞും എന്തോ ഒരു വികാരം വായനക്കാരന്റെ ഉള്ളില്‍ അവശേഷിപ്പിക്കുമ്പോഴാണെങ്കില്‍്, ഈ കഥ വളരെ നന്നായി...
എങ്കിലും, ഇത്രയും വേണ്ടായിരുന്നു...പ്രണയം സ്വാര്‍്ത്ഥമാകരുതൊരിക്കലും :)

Kunjipenne - കുഞ്ഞിപെണ്ണ് പറഞ്ഞു...

നന്നായി

Shades പറഞ്ഞു...

kaanaan ithiri vaiki.
othiri ishttapettu, ketto.
it still haunts me...

u know this story reminds me of the short story "Pranayam" by Sara Joseph..
:)

ഗുപ്തന്‍ പറഞ്ഞു...

huh! വ്യാകരണമല്ല വ്യാകരണപ്പിശക്!

നന്നായി മാഷേ

കാപ്പിലാന്‍ പറഞ്ഞു...

നാട്ടില്‍ നിന്നൊക്കെ വന്നില്ലേ . ഇനിയും പോരട്ടെ അവിടുത്തെ വിവരങ്ങള്‍ കഥയായും ,കവിതയായും
ഒരു ആരാധകന്‍

ജയരാജ്‌മുരുക്കുംപുഴ പറഞ്ഞു...

bestwishes

Unknown പറഞ്ഞു...

പാമു ഇത് വായിക്കാൻ വളരെ വൈകി എന്താ മാഷെ ഇത് ഒരു സംഭവം തന്നെ ഇങ്ങള്

girishvarma balussery... പറഞ്ഞു...

എന്തുകൊണ്ട് ആസിഡ് ? അതും പ്രണയത്തിനിടക്ക്.. ഒന്നുകില്‍ നഷ്ടപെടും എന്ന് ഉറപ്പുണ്ട്... അപ്പോള്‍ ആ സൌന്ദര്യം ആരും നുകരരരുത് അല്ലേ? വൈരൂപ്യം വന്നാല്‍ സ്വന്തം ആക്കാലോ.... മറ്റാര്‍ക്കും കൊടുക്കാതെ.... പ്രണയത്തിന്‍റെ ഓരോ ഊരാകുടുക്കുകള്‍

Mahi പറഞ്ഞു...

അരുത്‌ അരുത്‌ പാമുവണ്ണാ എന്റെ ഹൃദയം ഉടച്ച്‌ കളഞ്ഞേക്കരുത്‌