എനിക്കിന്നൊരു പുഴയാവണം
മണ്ണിന്‍റെ ചൊറിയും ചിരങ്ങും നക്കി
കാടും മലകളും നഗരങ്ങളും താണ്ടി
കടലിന്‍ മടിയില്‍ മരിക്കണം
വറ്റിവരണ്ടു വായ്നാറ്റമുയരുന്ന
കാടിന്‍റെ തൊണ്ടയില്‍ ജീവന്‍ തളിക്കണം
നിമ്നോന്നതങ്ങളില്‍ മാറുന്ന ജ്യാമിതീയങ്ങളില്‍
ഈച്ചയാര്‍ക്കും വ്രണങ്ങളില്‍ നാവോടി-
ച്ചുള്ളുരുക്കത്തിന്നു സാന്ത്വനമാകണം
കോടികോടി പ്രജകള്‍ നിവേദിച്ച
പുഴുവരിക്കും വിഴുപ്പിന്‍റെഭാണ്ഡങ്ങള്‍
ആര്‍ത്തിയോടെനിക്കാഹരിച്ചീടണം
നാഗരികത്തിന്‍റെ വേര്‍പ്പേറ്റു വാങ്ങണം
സാംസ്കാരികത്തിന്നറയ്ക്കുന്ന രേതസ്സും
നഗരപ്രാന്തത്തിന്‍ കണ്ണീരുമേല്‍ക്കണം
ഒടുവിലാര്‍ത്തയായ്
അര്‍ബുദത്താല്‍ മുലമുറിക്കപ്പെട്ട്
ഭൂമിപിളര്‍ന്നൊടുങ്ങിയ മൈഥിലിയെപ്പോല്‍
കടലിനോടെന്നെത്തിരിച്ചെടുക്കുവാന്‍ കേഴണം
അവളുടെ ഗര്‍ഭപാത്രത്തിലേക്കൊരു ഭ്രൂണമായ്
തിരികെയെത്തേണം, വീണ്ടും ജനിക്കുവാന്‍
2008 ഫെബ്രുവരി 27, ബുധനാഴ്‌ച
എനിക്കിന്നൊരു പുഴയാവണം
സമയം:
12:32 PM
27
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008 ഫെബ്രുവരി 25, തിങ്കളാഴ്‌ച
രണ്ട് കള്ളുകുടി പാട്ടുകള്‍
രണ്ട് കള്ളുകുടി പാട്ടുകള്‍ (നാടന്‍ പാട്ടെന്നു പറഞ്ഞാല്‍ തല്ലരുത്).. ഇതിനുള്ള പ്രചോദനം തന്നതിന് ഷാപ്പിലാനും, ഛെ, കാപ്പിലാനും നിരക്ഷര്‍ജിക്കും പിന്നെ ബൂലോക കുടിയന്‍മാര്‍ക്കും പ്രത്യേകം നന്ദി..
പിന്നെ നാടന്‍ പാട്ടായതു (സ്വന്തം രചന) കൊണ്ടും, സ്ത്രീ വിഷയമായതുകൊണ്ടും സഭ്യതയുടെ വേലി ഒരിഞ്ചു മാറ്റിക്കെട്ടേണ്ടി വന്നിട്ടുണ്ട്. മാന്യ ബൂലോകര്‍ ക്ഷമിക്കുമെന്നു കരുതുന്നു.
പാഠം ഒന്ന്: (ഏതോ) ഒരു കല്യാണി
ആറ്റിറംബില് വാകേന്‍റെ ചോട്ടില്
പൂത്തു നിക്കണ് കല്യാണീ
അന്തിമോന്തീട്ട് ചാരത്ത് ചെല്ലുംബം
തെളതെളക്കണ് കല്യാണീ
ചന്തമുള്ളൊരു മാറത്ത് നൂളണ്
അന്തി ചോപ്പുള്ള സൂരിയന്
ചന്തിവെട്ടിച്ച് ഓള് നടക്കുംബം
ചങ്കത്ത് കൊള്ളണ് തംബിരാനേ
അന്നനട കണ്ട് വെള്ളമിറക്കുംബം
കള്ളച്ചിരിയൊന്നെറിയണോള്
കല്യാണി ചായണ കട്ടില് കണ്ടിട്ട്
ചത്താലും വേണ്ടില്ല തംബിരാനേ
* * * * *
മനസ്സിലിപ്പഴും പെടപെടക്കണ്
ചൂണ്ടേലെ മീന്‍പോലെ കല്യാണീ
ചൂണ്ടേന്ന് പോവൂല ചട്ടീലും കേറൂല
വഴുവഴുക്കണ് കല്യാണീ
കടപ്പാട്: മണിയുടെ കല്യാണിയോട്
പാഠം രണ്ട്: കുരക്കും പട്ടി കടിക്ക്വേം ചെയ്യും
ചകചകാന്നൊരു സുന്ദരിക്കോതേന്‍റെ
ചക്കരമോറൊന്ന് കണ്ടെളേമ്മേ
ചക്ക മൊളഞ്ഞീല്* ഈച്ചേന്‍റെ മാതിരി
ചങ്കെന്‍റേതങ്ങൊട്ട്യെളേമ്മേ
തലയിട്ടാട്ടുംബം ചന്തീല് മുട്ടണ്
പനങ്കൊലപോലെ മുട്യെളേമ്മേ
ചെങ്കരിക്കിന്‍റെ കൊലകണക്കിനെ
മുന്നില് തൂക്കണ്ടെന്‍റെളേമ്മേ
കള്ളൊലിക്കണ മാട്ടത്തിന്‍റേല്ക്ക്**
പിന്നിലും തൂക്കണ്ടെന്‍റെളേമ്മേ
തൊളച്ച് കേറണ നോട്ടമെറിയുംബം
പള്ളേല് കാളണ്‌ണ്ടെന്‍റെളേമ്മേ
പണിമറന്ന് ഞാന്‍ നോക്കിനിക്കുംബം
പെണക്കം കാണിക്കും പെണ്ണെളേമ്മേ
ഓളെ ഓര്‍ത്തിട്ട് കള്ളടിക്കുംബം
പിരിഞ്ഞ് കേറണില്ലെന്‍റെളേമ്മേ
തലക്കണേന്‍റെ*** പതുപ്പിനുള്ളിലും
ഓളെ നോട്ടാണെന്‍റെളേമ്മേ
ഒറക്കം വറ്റീട്ടൊടുക്കം പിന്നെ ഞാന്‍
മതില് ചാട്യെന്‍റെ പൊന്നെളേമ്മേ
കൊരച്ച നായേന്‍റെ കടിയും കൊണ്ടിട്ടും
ഉള്ളിന്‍റുള്ളില് ഓളെളേമ്മേ..
-----------------------
*വെളഞ്ഞി, ചക്കയുടെ പശ.
**ചേല്ക്ക്, പോലെ
***തലയിണ
സമയം:
7:55 PM
22
പ്രതികരണങ്ങള്‍
Labels: നാടന്‍ പാട്ട്
2008 ഫെബ്രുവരി 24, ഞായറാഴ്‌ച
കുറച്ചു സംഗീതം വേണം
വരികളു ബോറാണെങ്കിലും (കാക്കയ്ക്കും തന്‍കുഞ്ഞു പൊന്‍കുഞ്ഞല്ലേ) ഇതു ഒന്നു സംഗീതം കൊടുത്തു പാടികേള്‍ക്കാന്‍ ആഗ്രഹം ഉണ്ട്.. പ്രിയ ബൂലോകരേ ഒന്നു സഹായിക്കുമോ?
മേലേ മാനത്തേ ചേലുള്ള കോളാംബീ
വെറ്റമുറുക്കിത്തുപ്പീ ചോപ്പിച്ചതാരാണ്
അന്തിവെളക്കുവെക്കും മാടത്തെ പെണ്ണിന്‍റെ
ചേലൊത്ത പൂങ്കവിളും മുത്തി-ച്ചോപ്പിച്ചതാരാണ്
(മേലേ മാനത്തേ.. )
നേരമിരുട്ടുംബം പാടവരംബത്ത്
കേക്കണ പാട്ടിന്‍റെ ഈരടിയേതാണ്
ഈരടി കേക്കുംബം നാണിക്കും പെണ്ണാള്
കാല്‍വെരല്‍ കൊണ്ടെഴുതും ചിത്തറമേതാണ്
(മേലേ മാനത്തേ.. )
നേരം വെളുക്കുംബം പൂങ്കോഴി കൂവുംബം
പെണ്ണിന്‍റെ മുക്കുത്തീ നാണിച്ചു മിന്നുന്നേ
മേലേമാനത്ത് സൂരിയന്‍ ചേറൊരുക്കീ
പൊന്നുതളിക്കുന്നേ വെട്ടം വെതക്കുന്നേ
(മേലേ മാനത്തേ.. )
സമയം:
2:32 PM
37
പ്രതികരണങ്ങള്‍
Labels: ഗാനം, നാടന്‍ പാട്ട്
2008 ഫെബ്രുവരി 22, വെള്ളിയാഴ്‌ച
കാപ്പിലാന്‍റെ കവിത: ശൂന്യം - ഒരു മറുമൊഴി
കാപ്പിലാന്‍റെ കവിത (ശൂന്യം) ക്ക് ഒരു മറുമൊഴി.
നിന്നോട് പറയാനെനിക്കെന്തുണ്ട്?
ശുന്യമായോരു പാനപാത്രം
കുടിച്ചുതീര്‍ത്തോരു കണ്ണീര്‍ക്കടല്‍
ചവച്ചിറക്കിയ തീരാനോവുകള്‍
നോക്കെത്തുന്നിടത്തോളം വിജനമായ മനസ്സ്
തീകൊളുത്തി മരിച്ചുപോയ ചിന്തകള്‍
തിരിഞ്ഞുനോക്കാതെ ഒഴുകിപ്പോയ കാലം
നിനക്ക് തരാനെനിക്കെന്തുണ്ട്?
തണുത്തുറഞ്ഞുപോയ നെഞ്ച്
മേല്‍ക്കൂര ചിതലെടുത്ത കൂട്
ഒരു വറ്റുപോലുമില്ലാത്ത ഭിക്ഷാപാത്രം
എവിടേക്കാണ് ഞാന്‍ നിന്നെ വിളിക്കുന്നത്?
ഞെട്ടറ്റുപോയ എന്‍റെ സ്വപ്നങ്ങളുടെ ശ്മശാനത്തിലേക്ക്
എന്താണ് ഞാന്‍ നിന്നെ വിളിക്കേണ്ടത്?
എന്‍റെ മറവി എന്ന്.
അങ്ങനെ എല്ലാം ശുന്യമായി!
സമയം:
2:57 PM
19
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008 ഫെബ്രുവരി 19, ചൊവ്വാഴ്ച
ബില്‍ക്കീസ്, നിന്നോടു പറയാനുള്ളത്..

ബില്‍ക്കീസ്,
ആത്മാവില്‍ അമര്‍ത്തിപ്പിടിച്ച ഒരു വേദനയാണ് നീ
മനുഷ്യത്വം കടലെടുത്ത ഗുജറാത്തിലെ
കെട്ടുപോകാതിരിക്കാന്‍ ഉഴറുന്നൊരു ചിത
കണ്ണീരു ഖനീഭവിച്ച ആ രണ്ട് കുഴികളില്‍
ദൈന്യതയല്ല ഞാന്‍ കാണുന്നത്
പര്‍ദ്ദയിട്ടുമൂടിയ നിന്‍റെ ആത്മാവില്‍ നിന്ന്
പുച്ഛത്തിന്‍റെ രണ്ട് നാളങ്ങള്‍
പാറയില്‍ തലച്ചോറു ചിതറിപ്പോയ
മൂന്നുവയസ്സുള്ളൊരു പാവക്കുട്ടി
കാമവെറി ചവച്ചുതുപ്പിയ
ചുരിദാറണിഞ്ഞ കുറെ ശവങ്ങള്‍
മറയ്ക്കാനൊന്നും ബാക്കിയില്ലാഞ്ഞിട്ടും
നീയാദ്യം തിരഞ്ഞതാ പര്‍ദ്ദ
അരുതേ, നീയീ മണ്ണിനെ ശപിക്കരുത്
നിന്‍റെ താപം ഒരു തുള്ളിവീണാല്‍
ഇന്നാടൊരു മരുഭൂവാകും
ഉയിരും നനവും പച്ചപ്പും ഇല്ലാത്ത
ഊഷരഭൂമിയാകും
ഇടിവെട്ടേറ്റുപോയ നിന്നില്‍ തളിരിട്ട
ഇളംനാംബു്* ഞാന്‍ കാണുന്നു
എണ്ണവറ്റിപ്പോയ നീയിനിയും
കരിന്തിരി കത്തുന്നതെന്തിനെന്നും
തെരുവുനായ്ക്കള്‍ക്കു കടിച്ചുവലിക്കാന്‍
എറിഞ്ഞു കൊടുത്തില്ലവന്‍**
കാമാന്ധത കൊത്തിയ കനിയാണു നീയെങ്കിലും.
നിന്‍റെ മാനം കാക്കാനൊക്കാഞ്ഞൊരാങ്ങള
ഞാനവന്‍റെ കാലുകഴുകി വെള്ളം കുടിക്കട്ടെ
----------------
*ഹാജിറ. അക്രമത്തിനിരയാവുംബോള്‍ ബില്‍ക്കീസിന്‍റെ ഉദരത്തില്‍ ഒരു കൊച്ചു ജീവനും ഉണ്ടായിരുന്നു
**യാക്കൂബ്. ബില്‍ക്കീസിന്‍റെ ഭര്‍ത്താവ്. ആ നല്ല മനുഷ്യന്‍ അവള്‍ക്കു ധൈര്യം നല്കി. നീതിക്കു വേണ്ടി പടപൊരുതുംബോള്‍ ഒരു താങ്ങായി.
സമയം:
12:49 PM
12
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008 ഫെബ്രുവരി 15, വെള്ളിയാഴ്‌ച
ഇല്ല മകനെ, നിന്നെ ഞാന്‍ ജനിപ്പിക്കില്ല
ഒരു കുട്ടിആത്മാവ് എന്നോടു ചോദിച്ചു
"അച്ഛാ എനിക്കു ജനിക്കാന്‍ സമയമായോ?"
"ഇല്ല മകനെ" ഞാന്‍ പറഞ്ഞു
നീ ജനിക്കണോ എന്ന് എനിക്കിപ്പോഴുമറിയില്ല
യന്ത്രകോടികള്‍ നിശ്വസിക്കുന്ന വിഷപ്പുകകള്‍
രാഷ്ട്രീയച്ചീവീടുകളുടെ വാചാടോപങ്ങള്‍
മൊബൈലും റ്റീവീയും ചുരത്തുന്ന അനേകായിരം വീചികള്‍
ഈ ലോകം വിഷലിപ്തമാണ്
നിനക്കര്‍ഹതപ്പെട്ട മുലപ്പാലിനു വിലയിട്ടവര്‍
നിനക്കു തിന്നാന്‍ പാല്പ്പൊടി തരും
നിന്റെ കുടിവെള്ളത്തില്‍ നഞ്ചുകലക്കി
നിനക്കവരു കുപ്പിവെള്ളം തരും
യഹോവയും അല്ലാഹുവും കൃഷ്ണനും നിന്‍റെ
പ്രജ്ഞയെത്തിന്നാന്‍ തമ്മില്‍തല്ലും
ഇന്ത്യയും പാകിസ്ഥാനും
കേരളവും തമിഴ്നാടും
അക്കരയും ഇക്കരയും
നിന്‍റെ കൈകാലുകള്‍ പങ്കുവെച്ചെടുക്കും
ഉള്ളില്‍ചോപ്പാണോന്നറിയാന്‍
ചോപ്പന്‍മാര്‍ നിന്‍റെ ചോര ചീറ്റിച്ചു നോക്കും
നിഷ്കളങ്കതയുടെ മണമുള്ള നിന്‍റെ രക്തം
ബൂര്‍ഷ്വാസിയുടെ പഞ്ചാര രുചിക്കുന്നെന്നു പറയും
ഇല്ല മകനെ
ഉണങ്ങാത്ത പുണ്ണുമായി ഉലകം ചുറ്റാനും**
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്ക് ആര്‍ത്തു ചിരിക്കാനുമായി
നിന്നെ ഞാന്‍ ജനിപ്പിക്കില്ല
------------
**അശ്വത്ഥാമാവിന്‍റെ കഥ ഓര്‍ക്കുക
സമയം:
11:40 PM
25
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008 ജനുവരി 24, വ്യാഴാഴ്‌ച
വാപ്പരു് വെളിച്ചപ്പാട്
കുട്ടികള്‍ക്കൊക്കെ 'വാപ്പര്' ന്നു കേട്ടാല്‍ പേടിയായിരുന്നു.
വെളിച്ചപ്പാടായിരുന്നു വാപ്പര്. ഉല്‍സവക്കാലം കഴിഞ്ഞാലും മുടിയൊക്കെ നീട്ടി, കണ്ണൊക്കെ ചോപ്പിച്ചങ്ങനെ നടക്കും. കാശിനാവശ്യം വന്നാല്‍ വഴിയേ പോകുന്നവരോടു ചോദിക്കും. ദേവീകോപം ഭയന്ന് ആരും ഇല്ലെന്നു പറയാറില്ല. ആര്‍ക്കും ഇഷ്ടമുണ്ടായിട്ടല്ല, ദേവിക്കു അങ്ങേരെ ആണു ഇഷ്ടം ന്നു കരുതീട്ടാവും വെളിച്ചപ്പാടിനെ മാറ്റണം ന്നും ആരും പറഞ്ഞില്ല.
നാട്ടിലെ സ്ഥിരം വെളിച്ചപ്പാടനായി വാപ്പരു് അങ്ങനെ വിലസി നടന്നു. ഒത്തിരി കാലം.
പതിവുപോലെ ഒരു ഉല്സവം കഴിഞ്ഞു നെറ്റീലെ മുറിവില്‍ മഞ്ഞള്‍പ്പൊടീം പൊത്തി പോയതാണ്. പിന്നെ ഒരു വിവരവുമില്ല. രണ്ട് ദിവസം കഴിഞഞപ്പോള്‍ ആരോ കണ്ടു. തോട്ടുവക്കത്ത് കൈതയുടെ മറവില്‍ കമിഴ്ന്നടിച്ചു കിടക്കുന്നു. ശ്വാസം നിന്നിട്ടില്ലായിരുന്നതു കൊണ്ട് നാട്ടുകാര്‍ കൂടി ജീപ്പ് വിളിച്ചു ആസ്പത്രിയിലാക്കി.
കുറേകാലം ആസ്പത്രിയും തിരുമ്മലുമൊക്കെ ആയി നടന്നു. പതുക്കെ എണീറ്റു നടക്കാറായി. ഒരു കയ്ക്കും കാലിനും സ്വാധീനക്കുറവാണ്. കാല് മടങ്ങില്ല. കൈയാണെങ്കില് ഒടിഞ്ഞത് കെട്ടിത്തൂക്കിയാലെന്നപോലെ നെഞ്ചത്തു മടക്കി തൂക്കിയിട്ടിരിക്കുന്നു.
'ഞ്ഞിപ്പോ വേറെ ആളെത്തപ്പണം..' വേലുട്ശ്ശന്‍ പറഞ്ഞു. മൂപ്പരാണ് കാവിലെ കാര്യക്കാരില്‍ പ്രധാനി.
'അഹങ്കാരം ദേവിക്ക്‌ന്നെ അസഹ്യായിട്ട്‌ണ്ടാവും.. അതെന്ന്യാ ങ്ങനെ..' വേരൊരു കാര്യക്കാരന്‍റെ അഭിപ്രായം.
'വെളിച്ചപ്പെടാന്‍ എങ്ങനെ ആളെ കണ്ടെത്തും?', 'ഇനി കണ്ടെത്തീച്ചാത്തന്നെ ദേവി ആയാള്‍ടെ മേത്ത് കേര്വോ?' ഇജ്ജാതി ചോദ്യങ്ങളായിരുന്നു മിക്ക വൈകുന്നേരങ്ങളിലും അങ്ങാടിലെ പ്രധാന വിഷയങ്ങള്.
അവസാനം ഒന്നിനു പകരം മൂന്നാളെ കിട്ടി. തെക്കേടത്തെ നാരയണേട്ടന്‍റെ അനിയന്‍ വിജയന്‍, കുട്ടിമാളുഅമ്മയുടെ മൂത്തമകന്‍ സുനില്‍, പിന്നെ വേലുട്ശ്ശന്‍റെ തന്നെ അനന്തരവന്‍ ശിവനും.
ഉല്‍സവം അടുത്തു. മൂന്നുപേരും തലമുടിയൊക്കെ നീട്ടി, വ്രതമൊക്കെ എടുത്തു തയ്യാറായി. ശിവനു വേലുട്ശ്ശന്‍ പ്രത്യേകം പരിശീലനം കൊടുത്തു.
വാപ്പരുടെ കാര്യം മാത്രം ആരും അന്വേഷിച്ചില്ല. ആയാള് കണ്ടവരോടൊക്കെ സങ്കടം പറഞ്ഞു നടന്നു. കാശു ചോദിച്ചാല്‍ ആരും കൊടുക്കില്ല. പലരും പഴയ ദേഷ്യം വെച്ച് ആട്ടി. കിട്ടാതായപ്പോള്‍ യാചിക്കാന്‍ തുടങ്ങി. വയ്യാത്ത കയ്യും കാലും വെച്ച് ഒരു പണിക്കും പോകാന്‍ വയ്യ. ആരുടെം മുന്നില് തല കുനിച്ചിട്ടില്ലാതത മനുഷ്യനാണ്. ഇപ്പോള്‍ പണ്ടു പേടിപ്പിച്ചിരുന്നവരുടെ മുന്നില് കൈനീട്ടുന്നു.
കുറച്ചു പേര്‍ വാപ്പരെ പിന്തുണക്കാനും ഉണ്ടായിരുന്നു. പക്ഷേ വിലപ്പോയില്ല. കയ്യും കാലും അനക്കാന്‍ വയ്യാത്തവനെങ്ങനെ വെളിച്ചപ്പെടാനാ?
വാപ്പരു് വേലുട്ശ്ശന്‍റെ കാലുപിടിച്ചു കരഞ്ഞു. അങ്ങേര്‍ കേട്ടില്ല. അവിടെനിന്നും ആട്ടിയിറക്കി. അനന്തരവനും ഉണ്ടല്ലോ സാധ്യതാ ലിസ്റ്റില്. ഊണും ഉറക്കവുമില്ലാതെ വാപ്പരു് പ്രാന്തു പിടിച്ചവനേപ്പോലെ കാവിനു ചുറ്റും അലഞ്ഞു നടന്നു. മുടി വെട്ടിയില്ല. വ്രതം മുടക്കിയതുമില്ല.
ഉല്‍സവം അത്തവണ പതിവിലും പൊടിപൊടിക്കാനായിരുന്നു കമ്മറ്റിയുടെ പരിപാടി. അനന്തരവന്‍റെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ വേലുട്ശ്ശന്‍ ഓടിനടന്നു.
ഒന്നാം ദിവസം തറ്റുടുത്തു വെളിച്ചപ്പെടാന്‍ വന്ന വാപ്പരെ കുറേ പേരുചേര്‍ന്ന് ഊട്ടുപുരയില്‍ കൊണ്ടടച്ചു. അയാളു അവിടെ കിടന്നു അലറി വിളിച്ചു കരഞ്ഞു. ആരും തിരിഞ്ഞു നോക്കിയില്ല.
ആര്ക്കും വെളിച്ചപ്പെട്ടില്ല. ശിവന്‍ ഒന്നു ചാടിത്തുള്ളി നോക്കിയെങ്കിലും തീരെ ഏറ്റില്ല. 'വേണ്ടാ' ന്ന് വേലുട്ശ്ശന്‍ കണ്ണു കാണിച്ചു. അവന്‍ അടങ്ങി.
വാപ്പരെ രാത്രി തുറന്നു വിട്ടു. അങ്ങേര്‍ വേച്ചുവേച്ച് അങ്ങാടിയിലെ ഒരു കടത്തിണ്ണയില്‍ പോയിക്കിടന്നു. അങ്ങാടിയില്‍ അടിച്ചുവാരുന്ന ജാനുത്തള്ള ഇത്തിരി കഞ്ഞിവെള്ളം കൊണ്ടുപോയി കൊടുത്തു. പാങ്ങുള്ള കൈകൊണ്ടു് അതുമുഴുവന്‍ തട്ടിക്കളഞ്ഞു. ഒരിറ്റുപോലും കുടിച്ചില്ല.
രണ്ടാം ദിവസം വാപ്പരെ കാവിന്‍റെ ഭാഗത്തേക്കൊന്നും കണ്ടില്ല. എണീക്കാന്‍ വയ്യാതായിക്കാണും. ആഴ്ച ഒന്നെങ്കിലും ആയിക്കാണും ഒരു വറ്റെങ്കിലും ഉള്ളില്‍ ചെന്നിട്ട്.
അന്നും ആര്ക്കും വെളിച്ചപ്പെട്ടില്ല. കാര്യക്കാര്ക്ക് ആധികേറിത്തുടങ്ങി. ദേവിക്കിഷ്ടമില്ലത്ത എന്തെങ്കിലും സംഭവിച്ചിട്ടുണ്ടാകണം.
മൂന്നം നാള്‍. അവസാന ദിവസമാണ്. ദേവിയുടെ ഹിതം അറിയാതെ കൊടിയിറക്കുന്നതെങ്ങനെ? പ്രശ്നം വെച്ചു നോക്കി. ഒന്നും തെളിഞ്ഞില്ല.
'ന്താവുംന്ന് നോക്ക്വന്നെ..' കാരണോമ്മരൊക്കെ പറഞ്ഞു.
തെറകളൊക്കെ ആടിത്തകര്‍ത്തു. മൂന്നു വെളിച്ചപ്പാട് അപ്രന്‍റീസുകളും കുറെ ചാടിത്തുള്ളിയതല്ലാതെ ഒന്നും നടന്നില്ല.
നേരം നാലുമണിയോടടുത്തു. അങ്ങാടിയില്‍ നിന്നു നാലാളുകള് പാഞ്ഞു വന്നു.
'വാപ്പരു് ഉറയണൂ...'
കേട്ടവര്‍ക്കാര്‍ക്കും വിശ്വസിക്കാന്‍ പറ്റിയില്ല. കയ്യിനും കാലിനും സ്വാധീനമില്ലാത്ത, ഒരാഴ്ചയായി പട്ടിണി കെടക്കുന്ന ദേഹത്താണോ ദേവി കേറിയത്?
ആളുകള്‍ അങ്ങാടിയിലേക്കു് പാഞ്ഞു. സത്യമാണ്!. മടക്കനാവാത്ത കാല് ചവിട്ടി ഉറഞ്ഞു തുള്ളുന്നു, വാപ്പരു്. സ്വാധീനമില്ലാത്ത കയ്യ് അപ്പോഴും മടങ്ങി ഇരിക്കുന്നുണ്ട്. വായീന്നും മൂക്കീന്നും ഒക്കെ ഒരു വെളുത്ത പത ഒലിച്ചിറങ്ങുന്നു. തറ്റുടുത്ത മുണ്ട് മുഷിഞ്ഞു പൊടിപറ്റി ഒരു ചുവന്ന നെറമായിട്ടുണ്ട്.
എല്ലാരും കൂടി ഒരു പെട്ടി ഓട്ടോയില് വലിച്ചു കയറ്റി. കാവിലേക്കു വിട്ടു. കൂവിയാര്‍ത്തു കുട്ടികളെല്ലാം പിന്നാലെ.
കാവിലെത്തിയപ്പോഴേക്കും ആരോ ചിലംബണിയിച്ചിരുന്നു. വാളും കൊടുത്തു. ചാടിയിറങ്ങി നേരെ നടയിലേക്കാണു പാഞ്ഞത്. വയ്യാത്ത കാല് ഒന്നു വലിക്കുന്നുണ്ടായിരുന്നെന്നല്ലാതെ ഒരു കുഴപ്പവും ഉണ്ടെന്നു ആര്ക്കും തോന്നിയില്ല.
നേരെ പോയി നടയില്‍ തലയടിച്ചു. ചോര ചീറ്റി നെറ്റിയിലൂടെ നെഞ്ചത്തേക്കൊഴുകി. വാളും ചിലംബുമൊക്കെ കിലുക്കി ഒന്നു അലറി... പഴയ വാപ്പരു് വെളിച്ചപ്പാടു തന്നെ.
ജനങ്ങളൊക്കെ ഭക്തിപുരസ്സരം നീങ്ങി സ്ഥലമുണ്ടാക്കിക്കൊടുത്തു. വേലുട്ശ്ശന്‍റെ നേരെ കുങ്കുമം എറിഞ്ഞ് എന്തൊക്കെയോ അലറി. അങ്ങേരു് തൊഴുകയ്യോടെ ഒന്നും മിണ്ടാതെ കേട്ടു നിന്നു.
ഒന്നു രണ്ട് മണിക്കൂറു് കഴിഞ്ഞപ്പോഴേക്ക് കലിയടങ്ങി. നടക്കല് പോയി കമിഴ്ന്നു വീണു. ആളുകളൊക്കെ അടുത്തുകൂടി. അധികം അടുക്കാന്‍ ആര്ക്കും ധൈര്യമുണ്ടായില്ല.
'ഇത്തിരി വെള്ളം കൊണ്ടോരീ.. ഒരു എളന്നീരും.. ' കാര്യക്കാരാരോ വിളിച്ചു പറഞ്ഞു. കുറെ ആളുകള്‍ ഇളന്നീരിടാന്‍ ഓടി.
'അമ്മേ..' ന്നൊരു വിളി കേട്ടു. വാപ്പരു് എണീക്കാന്‍ ശ്രമിക്കുകയാണ്. വേച്ചു പോകുന്നു. നടക്കല്ലില്‍ പാങ്ങുള്ള കൈ കുത്തി ഒന്നുയര്‍ന്നു. കോവിലിനുള്ളില്‍ വിളക്കുകളൊക്കെ കത്തിനില്‍ക്കുന്നു. സര്‍വ്വാഭരണവിഭൂഷിതയായി ദേവി. വാപ്പരു് നടക്കല്ലിലേക്കു് മുഖമടച്ചു വീണു. പിന്നെ അനങ്ങിയില്ല.
പെണ്ണുങ്ങളൊക്കെ കണ്ണു തുടച്ചു. ദേവിയും കരഞ്ഞു കാണും.
കാവിലെ ഒരു 'കുടിയിരുത്തിയ' കല്ലായി വാപ്പരു് കിടപ്പുണ്ട്. ഇപ്പോഴും.
-------------------------------------------
സമയം:
7:20 PM
9
പ്രതികരണങ്ങള്‍
Labels: കഥ