2008, ഫെബ്രുവരി 15, വെള്ളിയാഴ്‌ച

ഇല്ല മകനെ, നിന്നെ ഞാന്‍ ജനിപ്പിക്കില്ല

ഒരു കുട്ടിആത്മാവ്‌ എന്നോടു ചോദിച്ചു
"അച്ഛാ എനിക്കു ജനിക്കാന്‍ സമയമായോ?"
"ഇല്ല മകനെ" ഞാന്‍ പറഞ്ഞു
നീ ജനിക്കണോ എന്ന്‌ എനിക്കിപ്പോഴുമറിയില്ല

യന്ത്രകോടികള്‍ നിശ്വസിക്കുന്ന വിഷപ്പുകകള്‍
രാഷ്ട്രീയച്ചീവീടുകളുടെ വാചാടോപങ്ങള്‍
മൊബൈലും റ്റീവീയും ചുരത്തുന്ന അനേകായിരം വീചികള്‍
ഈ ലോകം വിഷലിപ്തമാണ്‌

നിനക്കര്‍ഹതപ്പെട്ട മുലപ്പാലിനു വിലയിട്ടവര്‍
നിനക്കു തിന്നാന്‍ പാല്പ്പൊടി തരും
നിന്റെ കുടിവെള്ളത്തില്‍ നഞ്ചുകലക്കി
നിനക്കവരു കുപ്പിവെള്ളം തരും

യഹോവയും അല്ലാഹുവും കൃഷ്ണനും നിന്‍റെ
പ്രജ്ഞയെത്തിന്നാന്‍ തമ്മില്‍തല്ലും

ഇന്ത്യയും പാകിസ്ഥാനും
കേരളവും തമിഴ്നാടും
അക്കരയും ഇക്കരയും
നിന്‍റെ കൈകാലുകള്‍ പങ്കുവെച്ചെടുക്കും

ഉള്ളില്‍ചോപ്പാണോന്നറിയാന്‍
ചോപ്പന്‍മാര്‍ നിന്‍റെ ചോര ചീറ്റിച്ചു നോക്കും
നിഷ്കളങ്കതയുടെ മണമുള്ള നിന്‍റെ രക്തം
ബൂര്‍ഷ്വാസിയുടെ പഞ്ചാര രുചിക്കുന്നെന്നു പറയും

ഇല്ല മകനെ
ഉണങ്ങാത്ത പുണ്ണുമായി ഉലകം ചുറ്റാനും**
കണ്ണില്‍ പുഴുക്കുത്തുള്ളവര്‍ക്ക്‌ ആര്‍ത്തു ചിരിക്കാനുമായി
നിന്നെ ഞാന്‍ ജനിപ്പിക്കില്ല


------------
**അശ്വത്ഥാമാവിന്‍റെ കഥ ഓര്‍ക്കുക

25 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
G.MANU പറഞ്ഞു...

അത്രമേല്‍ നിന്നെഞാന്‍ സ്നേഹിക്കയാല്‍ വെറും
ഹസ്തഭോഗങ്ങളില്‍ പെണ്ണിന്‍‌റെ കണ്ണുനീ-
രിറ്റുവീഴും വിഫല സംഗങ്ങളില്‍
സൃഷ്ടി ദാഹത്തെ കെടുത്തുന്നു നിത്യവും

എന്ന ചുള്ളിക്കാടന്‍ കവിത ഓര്‍ത്തു..

നന്നായി മാഷെ

മറ്റൊരാള്‍ | GG പറഞ്ഞു...

"നിനക്കര്‍ഹതപ്പെട്ട മുലപ്പാലിനു വിലയിട്ടവര്‍
നിനക്കു തിന്നാന്‍ പാല്പ്പൊടി തരും
നിന്റെ കുടിവെള്ളത്തില്‍ നഞ്ചുകലക്കി
നിനക്കവരു കുപ്പിവെള്ളം തരും"

‘ങ്ങള്‘ കടമ്മനിട്ടയ്ക്ക് ശേഷം ആര്‍ എന്ന ചോദ്യത്തിനുത്തരം... സംശയമില്യ..


കവിതയുടെ അര്‍ത്ഥം മനസ്സിലായതിനാല്‍ നന്നായിരിക്കുന്നു എന്ന് പറയാതെ വയ്യ!

കാനനവാസന്‍ പറഞ്ഞു...

വരും തലമുറകള്‍ക്ക് നേരിടാന്‍ ഒരുപാട് പ്രതിസന്ധികള്‍........
കവിത കൊള്ളാം മാഷേ.....

ഒരു “ദേശാഭിമാനി” പറഞ്ഞു...

നിന്റെ കുടിവെള്ളത്തില്‍ നഞ്ചുകലക്കി
നിനക്കവരു കുപ്പിവെള്ളം തരും

യഹോവയും അല്ലാഹുവും കൃഷ്ണനും നിന്‍റെ
പ്രജ്ഞയെത്തിന്നാന്‍ തമ്മില്‍തല്ലും


ഈ സത്യം സത്യമാവാതെ പോട്ടെ!

siva // ശിവ പറഞ്ഞു...

നല്ല ചിന്ത.....നല്ല വരികള്‍....ഒരുപാട്‌ നല്ല കവിത....അഭിനന്ദനങ്ങള്‍.....

ഉപാസന || Upasana പറഞ്ഞു...

പൊട്ടിത്തെറിയാണല്ലോ വ്യവസ്ഥിതികളോട്
ഗംഭീര കവിത
:)
ഉപാസന

ഫസല്‍ ബിനാലി.. പറഞ്ഞു...

എഴുതിക്കഴിഞ്ഞപ്പോള്‍ കടമ്മനിട്ടയുടെ മകനാണോ ഈ മകന്‍ ന്നൊരു തംശണ്ട്. ozhivaakkaaamaayairunnu ee varikal..
kavitha nannaayittundu, kaalathinte nerkkazhchakalullath.

കാപ്പിലാന്‍ പറഞ്ഞു...

കടമ്മനിട്ടയുടെ മകന്റെ അയലത്തു വരികയില്ല ഈ കവിത..ചുമ്മാതെ വിരട്ടല്ലേ .. പാമരന്‍ സാറേ .. എന്താ ഇത്രയും വൈകിയത്‌ .. ഇത്ര നല്ല കാലത്തിനനുയോജ്യമായ ചിന്തകള്‍ പങ്കു വെച്ചതിനു നന്ദി.
ഞാനും ഈ സമൂഹത്തിലെ ചില നല്ല കുട്ടികളെ കാണുമ്പോള്‍ ആലോചിക്കാറുണ്ട് .. എന്തിനിവന്‍ ജനിച്ചു എന്ന് .
ഇനിയും എഴുതുക ,ആശംസകള്‍

ജൈമിനി പറഞ്ഞു...

എഴുതിയതിഷ്ടമായി! ചിന്തയൊന്നു ദിശ മാറ്റിപ്പിടിച്ചാല്‍, ഇതൊക്കെ തിരുത്തിയെഴുതാനൊരു പക്ഷേ നിന്നെ ഞാന്‍ ജനിപ്പിച്ചേക്കും എന്നെനിക്കു തോന്നി. :)

വേണു venu പറഞ്ഞു...

പലതും തിരുത്തപ്പെട്ടതു് പുതു ജന്മങ്ങളില്‍ നിന്ന് തന്നെ ആയിരുന്നു.
തിരുത്തപ്പെടട്ടെ.:)

ശ്രീവല്ലഭന്‍. പറഞ്ഞു...

പാമരന്‍,

ആദ്യത്തെ കമന്റ് എന്റ്റേതാകണ്ടതായിരുന്നു, ഒരു ഫോണ്‍ കോള്‍ വന്നില്ലായിരുന്നുവെങ്കില്‍! (എനിക്ക് ജനിക്കാതെ പോയ കമന്റ് :-)) പിന്നെ വേറെവിടെയൊക്കെയോ പോയി തിരിച്ചെത്തി.

കവിതയുടെ subjectum എഴുതും വളരെ നല്ലത്. എഴുതിയത് സത്യം തന്നെ.

ഒരു കവിത ജനിപ്പിച്ചപ്പോഴുള്ള സന്തോഷത്തിലും അധികം ആയിരിക്കും കുഞ്ഞു ജനിക്കുമ്പോള്‍!

പാമരന്‍ പറഞ്ഞു...

മനു, മറ്റൊരാള്‍, കാനനവാസന്‍, ശിവകുമാര്‍, ഉപാസന: വളരെ നന്ദി..

ദേശഭിമാനി സാര്‍: ഇതൊരു നെഞ്ചു പൊളിക്കുന്ന യാതാര്‍ഥ്യമാണ്. സത്യാമാവാതെ പോട്ടെ എന്നു ആഗ്രഹിക്കാനേ കഴിയൂ.. വളരെ നന്ദി..

ഫസല്‍, കാപ്പിലാന്‍ സാര്: വളരെ നന്ദി. "കടമ്മനിട്ടയുടെ മകന്‍" ന്‍റെ കാര്യം പറയാന്‍ കാരണം, എഴുതികഴിഞ്ഞപ്പോള്‍ എനിക്കു അതിലെ "മകനെ നിന്നോടു പറയാന്‍ മടിയുണ്ട്" എന്ന വരികള്‍ തികട്ടി വന്നു. ഇനി ഞാന്‍ ശൈലിയോ സബ്ജക്റ്റോ കോപി അടിച്ചെന്നു കരുതണ്ടാന്നു കരുതി ഒരു മുങ്കൂര്‍ ജാമ്യം എടുക്കാന്‍ ശ്രമിച്ചതാണു.. അല്ലാതെ കടമ്മനിട്ട എവിടെ കിടക്കുന്നു, അക്ഷരം കൂട്ടി എഴുതാനറിയാത്ത ഞാനെവിടെ കിടക്കുന്നു? അങ്ങേരോട്‌ എന്നെ ഞാന്‍ കംപയര്‍ ചെയ്യുകയോ? നല്ല കഥ! ആ കമ്മെന്‍ര്‍ ഇപ്പോള്‍ തന്നെ ഡിലീറ്റിയേക്കാം.. തെറ്റിദ്ധാരണ ഉണ്ടാക്കിയതിനു മാപ്പ്‌.

മിനീസ്, വേണു സാര്‍: വളരെ ശെരിയാണ്. പക്ഷെ കവിതക്കെപ്പോഴും നമ്മള്‍ അതു എഴുതുന്ന സമയത്തെ മൂഡ്‌ ആണല്ലോ ഉണ്ടാവുക. ഇപ്പൊ ഒന്നു തിരുത്തി എഴുതുകയാണെങ്കില്‍ ഞാന്‍ ചിലപ്പോള്‍ പോസിറ്റിവായി ചിന്തിച്ചേനെ.. വളരെ നന്ദി.

പാമരന്‍ പറഞ്ഞു...

വളരെ നന്ദി ശ്രീവല്ലഭന്‍സാര്‍.

പിന്നെ, കുഞ്ഞുങ്ങള്‍ രണ്ടെണ്ണമായി.. :)

സുനീഷ് പറഞ്ഞു...

ഗോപന് സര്,
നിങ്ങളുടെ കഥകള് ഞാന് വായിച്ചിരുന്നു. ഒരു കവി ഒളിഞ്ഞിരിക്കുന്നൂന്ന് ഇപ്പോഴാണ് അറിഞ്ഞത്. നല്ല ഭാഷ, നല്ല ശൈലി. ഒ. എന്. വിയുടെ മൃതിയുടെ കറുത്ത വിഷപുഷ്പം ഓര്മ്മ വന്നു (ശൈലിയിലോ, ഭാഷയിലോ അല്ല കേട്ടോ, അന്തര്‍ലീനമായ വിഷയത്തില്).
മറ്റൊരാള്, കാപ്പിലാന് കടമ്മിനിട്ടയുമായി ഒരു കമ്പാരിസണ് വേണോ? കുറെയൊക്കെ വായിക്കപ്പെട്ടവരുടെ സ്വാധീനം സ്വാഭാവികമാണ്. പക്ഷേ പുതിയൊരു ശൈലി എല്ലാവരും നേടിയെടുക്കുന്നത് കുറേ എഴുതിക്കഴിയുമ്പോഴാണ്. ഗോപന് സര്, എഴുതിയെഴുതി ഈ കഴിവും പ്രതിഭയും തെളിഞ്ഞ് വരട്ടേയെന്ന് ആശംസിക്കുന്നു.

ശ്രീവല്ലഭന്‍. പറഞ്ഞു...

അത് കൊള്ളാം. അപ്പം പിന്നെ പറഞ്ഞു തരണ്ടല്ലോ :-)))

സാര്‍ എന്നുള്ളത് ഞാനിങ്ങെടുത്തു. ഇനി പേരു വിളിച്ചാല്‍ മതി :-)

കാപ്പിലാന്‍ പറഞ്ഞു...

ഇത് നല്ല തമാശ .. ആളിനെ കളിയാക്കുവ....ഞാന്‍ അതു ഒരു തമാശയായിട്ടാണ് പറഞ്ഞത്.പാമരനെ വിഷമിപ്പിചെങ്കില്‍ മാപ്പ്.പിന്നെ അക്ഷരം കൂട്ടിയെഴുതാന്‍ അറിയാത്ത ഒരാളിവിടെ ഉണ്ട് .. നമ്മുടെ നിരക്ഷരന്‍ .. അദ്ധേഹം വരുന്നതിനു മുന്‍പ് ഞാന്‍ വണ്ടി വിടാം .. പിന്നെ ഈ സാറ് വിളി വേണ്ട.അതൊരു സുഖമില്ലാത്ത പരിപാടിയാ

പാമരന്‍ പറഞ്ഞു...

ശ്രീ, കാപ്പിലാന്‍,

'സാര്‍' വിളി നിര്‍ത്തീ....

അതെന്‍റെ ഒരു സിഗ്നേച്ചര്‍ ആയിരുന്നു.. സുഹൃത്തുക്കളെ എല്ലാം സാര്‍ ചേര്‍ത്താണു വിളിക്കുന്നെ. അന്തരീക്ഷം ലഘൂകരിക്കാനും ഉപകരിച്ചിരുന്നു. പിന്നെ ഇവിടെ ബൂലോകത്തില്‍ മുഖമില്ലാത്ത കുറേ പേരുകളല്ലേ അധികവും.. അപ്പോള്‍ പ്രായഭേദം അഭിസംബോധനയെ വൃത്തികേടാക്കാതിരിക്കാനുള്ള ഒരു നല്ല ഐഡിയ ആണെന്നു തോന്നി... ദാ നിര്‍ത്തി..

സുനീഷ്‌, നിങ്ങളെപ്പോലുള്ളവരോടുള്ള അസൂയയാണ്‌ ഈ ക്രൂരകൃത്യങ്ങള്‍ക്കെന്നെ പ്രേരിപ്പിക്കുന്നത്‌. ഇവിടെ വന്നതിനും ആശംസകള്‍ക്കും ഒരായിരം നന്ദി.

GLPS VAKAYAD പറഞ്ഞു...

വരാന്‍ വൈകിയതില്‍ ക്ഷമിക്കുക
യഹോവയും അല്ലാഹുവും കൃഷ്ണനും നിന്‍റെ
പ്രജ്ഞയെത്തിന്നാന്‍ തമ്മില്‍തല്ലും.

ഇഷ്ടായി കവിത

പാമരന്‍ പറഞ്ഞു...

നന്ദി ദേവ. ഇതുവഴി വന്നതില്‍ സന്തോഷം.

Sanal Kumar Sasidharan പറഞ്ഞു...

നന്നായിട്ടുണ്ട്.ചുള്ളിക്കാടിനെ ഓര്‍മ്മിപ്പിച്ചു.ശൈലിയിലല്ല കേട്ടോ

nariman പറഞ്ഞു...

ശ്രിയാ സനാതനന്‍. ചുള്ളീക്കാടിന്‍‌റ്റെ ‘പിറക്കാത്ത മകന്” എന്ന കവിത.

പാമരന്‍ പറഞ്ഞു...

സനാതനന്‍, നരിമാന്‍, വളരെ നന്ദി.

Sandeep PM പറഞ്ഞു...

ഇഷ്ടപെട്ടു..

Thommy പറഞ്ഞു...

Very nice...enjoyed it