2008, ഫെബ്രുവരി 19, ചൊവ്വാഴ്ച

ബില്‍ക്കീസ്‌, നിന്നോടു പറയാനുള്ളത്..


ബില്‍ക്കീസ്‌,

ആത്മാവില്‍ അമര്‍ത്തിപ്പിടിച്ച ഒരു വേദനയാണ്‌ നീ

മനുഷ്യത്വം കടലെടുത്ത ഗുജറാത്തിലെ
കെട്ടുപോകാതിരിക്കാന്‍ ഉഴറുന്നൊരു ചിത

കണ്ണീരു ഖനീഭവിച്ച ആ രണ്ട്‌ കുഴികളില്‍
ദൈന്യതയല്ല ഞാന്‍ കാണുന്നത്‌
പര്‍ദ്ദയിട്ടുമൂടിയ നിന്‍റെ ആത്മാവില്‍ നിന്ന്‌
പുച്ഛത്തിന്‍റെ രണ്ട്‌ നാളങ്ങള്‍

പാറയില്‍ തലച്ചോറു ചിതറിപ്പോയ
മൂന്നുവയസ്സുള്ളൊരു പാവക്കുട്ടി
കാമവെറി ചവച്ചുതുപ്പിയ
ചുരിദാറണിഞ്ഞ കുറെ ശവങ്ങള്‍
മറയ്ക്കാനൊന്നും ബാക്കിയില്ലാഞ്ഞിട്ടും
നീയാദ്യം തിരഞ്ഞതാ പര്‍ദ്ദ

അരുതേ, നീയീ മണ്ണിനെ ശപിക്കരുത്‌
നിന്‍റെ താപം ഒരു തുള്ളിവീണാല്‍
ഇന്നാടൊരു മരുഭൂവാകും
ഉയിരും നനവും പച്ചപ്പും ഇല്ലാത്ത
ഊഷരഭൂമിയാകും

ഇടിവെട്ടേറ്റുപോയ നിന്നില്‍ തളിരിട്ട
ഇളംനാംബു്‌* ഞാന്‍ കാണുന്നു
എണ്ണവറ്റിപ്പോയ നീയിനിയും
കരിന്തിരി കത്തുന്നതെന്തിനെന്നും

തെരുവുനായ്ക്കള്‍ക്കു കടിച്ചുവലിക്കാന്‍
എറിഞ്ഞു കൊടുത്തില്ലവന്‍**
കാമാന്ധത കൊത്തിയ കനിയാണു നീയെങ്കിലും.
നിന്‍റെ മാനം കാക്കാനൊക്കാഞ്ഞൊരാങ്ങള
ഞാനവന്‍റെ കാലുകഴുകി വെള്ളം കുടിക്കട്ടെ


----------------
*ഹാജിറ. അക്രമത്തിനിരയാവുംബോള്‍ ബില്‍ക്കീസിന്‍റെ ഉദരത്തില്‍ ഒരു കൊച്ചു ജീവനും ഉണ്ടായിരുന്നു

**യാക്കൂബ്‌. ബില്‍ക്കീസിന്‍റെ ഭര്‍ത്താവ്‌. ആ നല്ല മനുഷ്യന്‍ അവള്‍ക്കു ധൈര്യം നല്കി. നീതിക്കു വേണ്ടി പടപൊരുതുംബോള്‍ ഒരു താങ്ങായി.

12 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

മനോരമയില്‍ വന്ന ഒരു ലേഖനം ആണ്‌ ഈ പണിയൊപ്പിച്ചത്‌.

ശ്രീവല്ലഭന്‍. പറഞ്ഞു...

ബില്‍ക്കീസിനെ കുറിച്ച് എത്ര എഴുതിയാലും മതിയാവില്ല, അതുപോലെ യാക്കുബിനെ കുറിച്ചും. വളരെ നല്ല ഉദ്യമം. പല ഭാഗങ്ങളും വളരെ നല്ലത്. പ്രത്യേകിച്ചും

" അരുതേ, നീയീ മണ്ണിനെ ശപിക്കരുത്‌
നിന്‍റെ താപം ഒരു തുള്ളിവീണാല്‍
ഇന്നാടൊരു മരുഭൂവാകും
ഉയിരും നനവും പച്ചപ്പും ഇല്ലാത്ത
ഊഷരഭൂമിയാകും"

പക്ഷെ
"എണ്ണവറ്റിപ്പോയ നീയിനിയും
കരിന്തിരി കത്തുന്നതെന്തിനെന്നും"

എന്‍റെ അഭിപ്രായത്തില്‍ (അഭിപ്രായം ആണേ), ഈ ഭാഗം വളരെ ശക്തമാക്കാം ആയിരുന്നു. അവള്‍ ശരിക്കും കരിന്തിരിയല്ല. ആളിക്കത്തുകയാണ്. അല്ലെങ്കില്‍ എങ്ങിനെ ഇത്രയും ശക്തമായി അധികാരത്തിനും അധികാരികള്‍ക്കും എതിരായ് പൊരുതുന്നു? അവളുടെ നോട്ടത്തില്‍ തന്നെ അധികാര കേന്ദ്രങ്ങള്‍ വിറച്ചില്ലേ?

കാപ്പിലാന്‍ പറഞ്ഞു...

Its great.. pamaran.

ശ്രീ വല്ലഭന്‍ പറഞ്ഞതുപോലെ കുറച്ചുകൂടി ശക്തിയില്‍ പ്രതികരിക്കൂ..അഭിനന്ദങ്ങള്‍

സുനീഷ് പറഞ്ഞു...

നന്നായിരിക്കുന്നു. പക്ഷേ ബില്‍ക്കീസിന്റെയും യാക്കൂബിന്‍റെയും ജീവിതം വല്ലാത്ത വേവലുള്ളതാണെന്നുള്ളത് കവിതയില്‍ തോന്നിയില്ല.

ബഷീർ പറഞ്ഞു...

മനുഷ്യത്വം മരിച്ചതിന്റെ, മതം എന്തെന്നറിയാത്തതിന്റെ, വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ മനസ്സില്‍ മുളപ്പിച്ചതിന്റെ, നരാധന്മാരുടെ ചെയ്തികളുടെ ജീവിക്കുന്ന രക്തസാക്ഷി. ബില്‍ക്കീസ്‌.. .. വരികളിലൊതുക്കാവുന്നതല്ല അവരുടെ അവരെപ്പോലുള്ളവരുടെ ചരിതം

ഹരിത് പറഞ്ഞു...

ഇഷ്ടമായി

പാമരന്‍ പറഞ്ഞു...

ശ്രീ, കാപ്പിലാന്‍, വളരെ നന്ദി. തീഷ്ണത കുറഞ്ഞുപോയെന്ന്‌ അംഗീകരിക്കുന്നു..

സുനീഷ്, കവിത ചുരുക്കാനുള്ള ശ്രമത്തില്‍ ഒട്ടനവധി കാര്യങ്ങള്‍ വിട്ടുപോയെന്നു തോന്നുന്നു. വളരെ നന്ദി.

ബഷീര്‍, ഹരിത്‌, വളരെ നന്ദി.

Sapna Anu B.George പറഞ്ഞു...

പ്രതികരണം നന്നായി, നല്ല ശൈലി

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

ആദ്യമായാ ഈ വിഷയം ബ്ലോഗില്‍ എനിക്കു കാണാന്‍ കഴിഞ്ഞത്..

ശക്തമായിരിക്കുന്നു..

ഫാസിസം തുലയട്ടെ..

Sathees Makkoth | Asha Revamma പറഞ്ഞു...

നല്ല പ്രതികരണം.കവിത നന്നായി.

DARE DEVIL പറഞ്ഞു...

Gooooooooood
Very more

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

കവിത ചുരുക്കാന്‍ ശ്രമിക്കേണ്ടായിരുന്നു.
വളരെ നന്നായി...