2010, ഫെബ്രുവരി 24, ബുധനാഴ്‌ച

മൊഞ്ചത്തിപ്പാറ

"അറാമ്പൊറന്നോളേ.. നീറ്റിക്കല്ലെടീ.." പാത്തുത്താത്ത മൊഞ്ചത്തിയെ ചീത്തപറഞ്ഞു തുടങ്ങി.

അങ്ങാടീന്ന്‌ 'രാത്രീത്തതിനുള്ള' മീനും പൊതിഞ്ഞു വാങ്ങി അരീക്കുന്ന്‌ കേറിയതാണ്‌ പാത്തുത്താത്ത. വെയിലടങ്ങീട്ടും ചൂടിനൊരു കുറവും ഇല്ല. അരീക്കുന്നില്‌ ചരിത്രാതീതകാലം മുതല്‍ക്കേ വഴിനടക്കണോര്‍ടെ കാലു പൊള്ളിച്ചു പോന്ന മൊഞ്ചത്തിപ്പാറ ഒരു ദാക്ഷിണ്യവും കാണിക്കുന്നില്ല. ചെരിപ്പിടാത്ത വിണ്ടുപൊട്ടിയ കാലടിള്‌ വല്ലാതെ പൊകയുമ്പോള്‍ പാത്തുത്താത്ത മീന്‍പൊതികൊണ്ടൊന്നു ഉരയ്ക്കും. കാലടിയൊന്നു തണുക്കുമ്പോള്‍ വീണ്ടും ഏന്തി വലിഞ്ഞു നടക്കും.

അരീക്കുന്ന്‌ കയറിമറിഞ്ഞു വേണം പാത്തുത്താത്തയുടെ പൊരയ്ക്കെത്താന്‍. മൊഞ്ചത്തിപ്പാറ കഴിഞ്ഞാല്‍ ഹാജ്യാര്ടെ പറങ്കിമാവിന്‍ തോട്ടം. അതിനു താഴെ വാസുമാഷിന്‍രെ പറമ്പു നനയ്ക്കാനുണ്ടാക്കിയ വെള്ളക്കുഴിയുണ്ട്‌. അടിത്തട്ടില്‍ ചെളികലങ്ങിയ ഇത്തിരി വെള്ളം കാണാതിരിക്കില്ല. കാലൊന്നു മുക്കിപ്പിടിക്കണം. ഇത്തിരി തെളിച്ചയുണ്ടെങ്കില്‍ ഒന്നു കോരി കഴുത്തിലൂടെ ഒഴിക്കണം.

എന്തൊരു ചൂടാ ന്‍റെ ബദ്‌രീങ്ങളേ!

കുപ്പായം മുഴുവന്‍ വിയര്‍ത്തൊഴുകി നനഞ്ഞിരിക്കുന്നു. കണ്ണിന്‍റെ പീലിയിലൂടെപ്പോലും വിയര്‍പ്പുമണികള്‌ കിനിഞ്ഞിറങ്ങുന്നു. കിയാമം നാള്‌ ആയിത്തുടങ്ങ്യതിന്‍റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്‌.

സൂര്യന്‍ പടിഞ്ഞാട്ട്‌ തലതാഴ്ത്തിത്തുടങ്ങി. അരീക്കുന്നിന്‍റെ നെറുകയില്‍ നിന്നു നോക്കിയാല്‍ പടിഞ്ഞാട്ട്‌ അറബിക്കടലിന്‍റെ തിരയിളക്കം കാണാം. ബേപ്പൂരങ്ങാടീലടുക്കണ ഉരുക്കളുടെ കെട്ടുപായകള്‌ തലയുയര്‍ത്തി നില്‍ക്കണതൊക്കെ ഒരു പൊട്ടു പോലെ കാണാം.

പാത്തുത്താത്തേന്‍റെ മൂന്നു മക്കളും ഉരുപ്പണിക്കാരാണ്‌. ഉരൂല്‌ പണിക്കു കേറ്യാല്‍ പിന്നെ അഞ്ചോ ആറോ മാസം കഴിഞ്ഞേ ഒന്നു കാണാന്‍ കിട്ടൂ. പാത്തുത്താത്തേന്‍റെ മാപ്പളയും ഉരുപ്പണിക്കാരനായിരുന്നു. കലന്തന്‍ കാദര്‍ക്ക. കാദര്‍ക്കേന്‍റെ മൂത്തോരും എളയോരുമൊക്കെ ഉരുപ്പണിക്കാരായിരുന്നു. വാപ്പയും വാപ്പേന്‍റെ വാപ്പയും ഒക്കെ.

കാദര്‍ക്കേന്‍റെ വാപ്പേന്‍റെ വാപ്പ കലന്തന്‍ ഹസ്സനാജി ആണ്‌ മക്ക കണ്ട ആദ്യത്തെ അരീക്കുന്നുകാരന്‍. ഹസ്സനാജിക്ക്‌ അന്തകാലത്ത്‌ സ്വന്തമായി ഉരു ഉള്ള ആളായിരുന്നു. ചാലിയാര്‍ പുഴയുടെ വക്കത്ത്‌ കലന്തന്മാര്‍ക്ക്‌ ഒരു തറവാട്ടു വീടുണ്ടായിരുന്നു. പടിപ്പുരയും മാളികയുമൊക്കെ ഉള്ള പച്ചപ്പെയിന്‍റടിച്ച ഒരു കൊട്ടാരം. ഹസ്സനാജീന്‍റെ വാപ്പ കലന്തന്‍ പോക്കുട്ടി കെട്ടിയത്‌.

പാത്തുത്താത്തയ്ക്ക്‌ ചെറ്യ്യേ ഓര്‍മ്മയുണ്ട്‌ ആ വീട്‌. പതിമൂന്നാം വയസ്സില്‍ കെട്ടിക്കൊണ്ടു വരുമ്പ്പോള്‍ ആദ്യം കണ്ട നോട്ടം. അതു മാത്രം. പിന്നെ ഹസ്സനാജി മരിച്ച്‌, കാദര്‍ക്കേന്‍റെ വാപ്പ കലന്തന്‍ മജീദ്‌ ഭരണം ഏറ്റതോടെയാണ്‌ കാര്യങ്ങളൊക്കെ നേരെ തിരിഞ്ഞത്‌.

കാര്യങ്ങളൊക്കെ നേരത്തേ അലുക്കുലുത്തായിരുന്നെന്നാണ്‌ മജീദ്‌ക്ക എല്ലാരോടും പറഞ്ഞത്‌. ഹസ്സനാജി പൊറത്തറിയിക്കാതെ കൊണ്ടു നടക്കുകയായിരുന്നത്രെ. ഒടുവില്‌ ബാദ്ധ്യതകളുടെ പെരുക്കം താങ്ങാനാകാതെ ചങ്കുപൊട്ടി ചാകുകയായിരുന്നത്രെ.

മജീദ്ക്കയ്ക്ക്‌ എട്ട്‌ പെണ്ണുങ്ങളുണ്ടായിരുന്നു. അതിലധികവും ഹസ്സനാജീന്‍റെ കാലശേഷമാണ്‌ കെട്ടിയത്‌. കുടുമ്പത്തിലെ തകര്‍ച്ചയും പിന്നെ ഭാഗം വയ്പ്പും കഴിഞ്ഞപ്പോഴേയ്ക്ക്‌ സ്വന്തമായി ഉരു ഉണ്ടായിരുന്ന കുടുംബത്തിലെ ആണുങ്ങളെല്ലാം ഉരുപ്പണിക്കാരായി മാറി.

പാത്തുത്താത്തയ്ക്ക്‌ സന്തോഷം തന്നെ ആയിരുന്നു. കെട്ടിക്കൊണ്ടോന്നിട്ട്‌ പത്തു കൊല്ലത്തിനു ശേഷം ആ പച്ച നിറത്തിലുള്ള ജയിലില്‍ നിന്ന്‌ ഇറങ്ങിപ്പോരുമ്പോള്‍ ഒന്നു കൂടി തിരിഞ്ഞു നോക്കിയതും ഓര്‍ക്കുന്നുണ്ട്‌ പാത്തുത്താത്ത. പക്ഷേ അപ്പോഴേയ്ക്കും കട്ളയും ജനലുമൊക്കെ ആള്‍ക്കാരു്‌ പൊളിച്ചു കൊണ്ടുപോയിത്തുടങ്ങിയിരുന്നു. പല്ലൊക്കെ പൊഴിഞ്ഞ്‌, തലനരച്ച്‌, ചെവികളിലെ തുളകള്‌ മുറിഞ്ഞ്‌ തൂങ്ങിയ ഒരു വയസ്സത്തിയായിരുന്നു മാളിക അപ്പൊഴേയ്ക്കും. അതുകൊണ്ട്‌ രണ്ടാമത്തെ കാഴ്ച പാത്തുത്താത്ത കണ്ണടച്ച്‌ അങ്ങു മായ്ച്ചു കളഞ്ഞു.

അഞ്ചെട്ടുകൊല്ലം പട്ടിണി തന്നെ ആയിരുന്നു. നല്ല നെയ്ക്കുമ്പളങ്ങപോലെ ഇരുന്ന പാത്തുത്താത്ത കറുത്ത്‌ എല്ലിച്ച്‌ ഇന്നത്തെ കോലത്തിലായി. മൂന്നു ചെക്കന്മാരും പണിക്കുപോയിത്തുടങ്ങതില്‍ പിന്നെയാണ്‌ മൂന്നു നേരവും അടുപ്പു പുകഞ്ഞു തുടങ്ങിയത്‌.

കാദര്‍ക്ക ഉരു കേറിപ്പോയിട്ട്‌ കൊല്ലം കൊറേ ആയി. മാലീലേയ്ക്ക്‌ മണ്ണെണ്ണയുമായി പോക്വാണെന്നാണ്‌ പറഞ്ഞത്‌. ബേപ്പൂരു്‌ വിട്ടേന്‍റെ ശേഷം ആരും ഒന്നും കേട്ടിട്ടില്ല സഫറുള്ളാന്ന്‌ പേരുള്ള ആ ഉരൂനെപറ്റി.

ഉരു കെട്ടഴിച്ചാല്‌ പിന്നെ അഞ്ചോ ആറോ മാസം കഴിഞ്ഞിട്ടേ അതിനെപ്പറ്റി ആരെങ്കിലും ഓര്‍ക്കൂ. കണ്ണിലെണ്ണ ഒഴിച്ച്‌ കൊറേ ജന്മങ്ങള്‌ കുടീല്‌ കാത്തിരിക്കും. ഒന്നൊന്നര കൊല്ലം കഴിഞ്ഞിട്ടും തിരിച്ചു വരവൊന്നും കണ്ടില്ലെങ്കില്‍ ചോദിക്കാനും പറയാനും ആള്‌കളുള്ള പെണ്‍കുട്ടികളെ വേറെ നിക്കാഹ്‌ കഴിപ്പിക്കും. അല്ലാത്തോരു്‌ ജന്മം മുഴുവന്‍ അരീക്കുന്നിന്‍റെ നെറുകേല്‌ നിന്ന്‌ അറബിക്കടലില്‌ ഉരുക്കളട്‌ക്കണതും നോക്കി തീര്‍ക്കും.

അരീക്കുന്നിന്‍റെ നെറുകുംതലയിലാണ്‌ മൊഞ്ചത്തിപ്പാറ. ബ്ലൌസും മുണ്ടും തട്ടവുമിട്ട ഒരു മൊഞ്ചത്തി അകലെ ബേപ്പൂരു്‌ കടപ്പൊറത്തേയ്ക്ക്‌ കണ്ണുംനട്ട്‌ ഇരിക്കണപോലെ തോന്നും താഴേന്നു നോക്കിയാല്‍. ഉരുപ്പണിക്കുപോയ മാപ്പളേന്‍റെ വരവും നോക്കി ഇരുന്നിരുന്നിരുന്ന്‌ പാറയായി ഉറഞ്ഞുപോയതാണ്‌ മൊഞ്ചത്തി.

കാദര്‍ക്ക പോയതിനു ശേഷം ആദ്യത്തെ ഒന്ന്‌ രണ്ട് കൊല്ലമൊക്കെ മൊഞ്ചത്തിയുമായിട്ട്‌ വല്യ ലോഹ്യത്തിലായിരുന്നു പാത്തുത്താത്ത. വെയിലടങ്ങിക്കഴിയുമ്പോള്‍ പാത്തുത്താത്ത കുന്നുകയറി വരും. മൊഞ്ചത്തിപ്പാറ കത്തുന്ന ചൂട്‌ ഉള്ളിലൊതുക്കി താത്തയ്ക്ക്‌ ഇരിക്കാനിടം കൊടുക്കും. പടിഞ്ഞാട്ട്‌ ഉരുക്കളടുക്കണത്‌ കാട്ടിക്കൊടുക്കും.

കാദര്‍ക്ക ഉരൂന്‍റെ തുഞ്ചീല്‌ കയറി നിന്ന്‌ "പാത്ത്വോ.." ന്ന്‌ നീട്ടി വിളിക്കണത്‌ പലതവണ കണ്ടിട്ടുണ്ട്‌ പാത്തുത്താത്ത. അപ്പോഴേയ്ക്ക്‌ അസൂയക്കാരി മൊഞ്ചത്തി ചന്തി പൊള്ളിച്ച്‌ കിനാവില്‍ നിന്ന്‌ ഉണര്‍ത്തിക്കളയും.

ചെവീലെ അവസാനത്തെ അലുക്കത്തും വിറ്റു തിന്നു കഴിഞ്ഞപ്പോഴാണ്‌ കനവ്‌ വെച്ചാല്‌ ചോറുണ്ടാവൂലാന്ന്‌ പാത്തുത്താത്ത തിരിച്ചറിഞ്ഞത്‌. അന്നു സലാം പറഞ്ഞതാണ്‌ മൊഞ്ചത്തിയോട്‌. മൂന്നു ചെക്ക്ന്മാരെ വളര്‍ത്തി പണിക്കുപോകാനാക്കി. അവരും വാപ്പേന്‍റെ പണി തന്നെ തെരെഞ്ഞെടുത്തു. ഇളയോനോട്‌ ഇത്തിരി വാല്‍സല്യം കുടുതലുണ്ടായിരുന്നു പാത്തുത്താത്തയ്ക്ക്‌. ബാടേരിഹാജീന്‍റെ പേര്‍ഷ്യയ്ക്കു പോകുന്ന ഉരൂല്‌ പണികിട്ടിയെന്ന്‌ ഓന്‍ വന്ന്‌ തിമിര്‍ത്ത ദിവസം കരഞ്ഞു കാലു പിടിച്ചതാണ്‌ പാത്തുത്താത്ത. അന്ന്‌ വിണ്ടും മൊഞ്ചത്തീന്‍റെ അടുക്കല്‌ ചെന്നിരുന്ന്‌ കരഞ്ഞു. മൊഞ്ചത്തി ഒന്നും മിണ്ടിയില്ല. അല്ലെങ്കില്‍ തന്നെ ഓളെന്തു പറയാനാണ്‌. ഓള്‌ ഒരു ഉമ്മ ആയിട്ടില്ലല്ലോ.

മൂത്ത ചെക്കന്‍ പൊറങ്ങാട്ടിരീന്ന്‌ ഒരുത്തിയെ കെട്ടിക്കൊണ്ടോന്നു. ദാന്നു പറയുമ്പോഴേയ്ക്ക്‌ ഓള്‌ ഒന്നു പെറ്റു. രണ്ടാമത്തത്‌ വയറ്റിലും ആയി. രണ്ടാമത്തതിന്‌ ഓള്‍ക്ക്‌ കുളിതെറ്റണതിനു മുന്നേ ചെക്കന്‍ ഉരൂല്` കേറിയതാണ്‌. ഇപ്പം മാസം എട്ടായി.

പാത്തുത്താത്ത മൊഞ്ചത്തിയെ അമര്‍ത്തിയൊന്നു ചവുട്ടി. ഓള്‍ക്ക്‌ ദേഷ്യണ്ടാവും. പഴയ പോലെ ഇവിടെ വന്നിരുന്ന്‌ ഒരിക്കലും വരാത്ത പുയ്യാപ്പളേന്‍റെ വഴിയും നോക്കി ഇങ്ങനെ ഇരുന്നാല്‍ പോരല്ലോ പാത്തുത്താത്തയ്ക്ക്‌. ഒരു ചെക്കനും കൂടി വളര്‍ന്ന്‌ വരണ്‌ണ്ട്‌ പെരേല്‌. പത്തു പതിനഞ്ച്‌ കൊല്ലം. അത്‌ കഴിയുമ്പോള്‌ ഓനും പോകും. കലന്തന്മാരുടെ ചരിത്രത്തിന്‌ തുടര്‍ച്ചയാവാന്‍.

പാത്തുത്താത്ത സൂര്യനൊപ്പം കുന്നിറങ്ങി. തട്ടം പൊന്തിച്ച്‌ വാസുമാഷ്ടെ വെള്ളക്കുഴിയില്‍ നിന്ന്‌ കലങ്ങിയ വെള്ളമെടുത്ത്‌ കഴുത്ത്‌ നനച്ചു. വിണ്ടു കീറിയ കാല്‌ ഇത്തിരി നേരം വെള്ളത്തില്‌ ഇറക്കി വച്ചു.

കത്തലിന്‌ ഇത്തിരി ആശ്വാസം കിട്ടിയപ്പോല്‍ മൊഞ്ചത്തിയെ ഓര്‍ത്തു. കാലാകാലങ്ങളായി അങ്ങനെ കത്തിക്കെടക്ക്വല്ലേ ഓള്‌.

തട്ടത്തുണിയെടുത്ത്‌ വെള്ളക്കുഴീലെ കലക്കവെള്ളത്തില്‌ മുക്കി. അതും ചുരുട്ടിപ്പിടിച്ച്‌ പാത്തുത്താത്ത തിരിച്ച്‌ കുന്നുകയറി.

32 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

തെരക്കു പിടിക്കണ്ടല്ലേ :)

സുനീഷ് പറഞ്ഞു...

തെരക്ക് പിടിക്കണ്ട മൊഞ്ചത്തീ ങ്ങള് :)

ബിനോയ്//HariNav പറഞ്ഞു...

തൊട്ടറിഞ്ഞു മൊഞ്ജത്തിയുടെ പൊള്ളിക്കുന്ന ചൂട്. നല്ല കഥ മാഷേ :)

പട്ടേപ്പാടം റാംജി പറഞ്ഞു...

തട്ടത്തുണിയെടുത്ത്‌ വെള്ളക്കുഴീലെ കലക്കവെള്ളത്തില്‌ മുക്കി

നാടന്‍ ഭാഷയോടെയുള്ള അവതരണം കൊള്ളാം.
പാത്തുത്ത പെറ്റിട്ട മൂന്നെണ്ണത്തിന്റെ കഥ....

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

"അരീക്കുന്നിന്‍റെ നെറുകുംതലയിലാണ്‌ മൊഞ്ചത്തിപ്പാറ. ബ്ലൌസും മുണ്ടും തട്ടവുമിട്ട ഒരു മൊഞ്ചത്തി അകലെ ബേപ്പൂരു്‌ കടപ്പൊറത്തേയ്ക്ക്‌ കണ്ണുംനട്ട്‌ ഇരിക്കണപോലെ തോന്നും താഴേന്നു നോക്കിയാല്‍. ഉരുപ്പണിക്കുപോയ മാപ്പളേന്‍റെ വരവും നോക്കി ഇരുന്നിരുന്നിരുന്ന്‌ പാറയായി ഉറഞ്ഞുപോയതാണ്‌ മൊഞ്ചത്തി."
ഈ `കവിത'പോലെ മനോഹരിയായ മൊഞ്ചത്തിയെ ഒത്തിരി ഇഷ്ടമായി.

നന്ദ പറഞ്ഞു...

സുന്ദരം.

smitha adharsh പറഞ്ഞു...

പാവം മൊഞ്ചത്തി..മനസ്സില്‍ തൊട്ടു...നല്ല കഥ......നന്നായി പറഞ്ഞിരിക്കുന്നു..

എതിരന്‍ കതിരവന്‍ പറഞ്ഞു...

സുന്ദരമായ കഥ. കാത്തിരിപ്പിന്റെ അമർഷം. ജീവിതവ്യഥകളുടെ ചൂട്. ഒരു പാറ മൊഞ്ചത്തിയായി ഇതിനിടയ്ക്ക്. അല്ലെങ്കിൽ ഇതൊക്കെത്തന്നെയല്ലേ ആ പാറ?

ശ്രീനന്ദ പറഞ്ഞു...

പാമരന്‍ ജീ,
എന്താ പറയ്കാ, അതിമനോഹരം. തൊട്ടറിഞ്ഞു മൊഞ്ചത്തിയുടെ മനസ്സിന്റെ ചൂട്.

അഭി പറഞ്ഞു...

വളരെ ഇഷ്ടമായി മാഷെ .....ഈ നടന്‍ ഭാഷയിലുള്ള ഈ അവതരണം കഥയെ കൂടുതല്‍ മനോഹരമാക്കി
ആശംസകള്‍

കാവലാന്‍ പറഞ്ഞു...

നല്ല കഥ.

കുശുമ്പു കൊണ്ടു പറയുകയാ "വാഷു മാഷ്ടെ" അല്ല 'വാസു' മാഷ്ടെ :)

പാമരന്‍ പറഞ്ഞു...

സുനീഷ്ജി നന്ദി :)
ബിനോയ്, റാംജി, ജിതേന്ദ്രകുമാര്‍ജി, നന്ദ, സ്മിത, എതിരന്‍ജി, ശ്രീനന്ദ, അഭി, കാവലാന്‍ജി, വളരെ നന്ദി.

അഭിമന്യു, സോറി സുഹൃത്തേ, നിങ്ങള്‍ക്കാളുമാറിയതായിരിക്കും.

തണല്‍ പറഞ്ഞു...

സ്വപ്നയാഥാര്‍ത്ഥ്യങ്ങളുടെ അലുക്കുകളിട്ട
ഈ മൊഞ്ചത്തിയെ തൊട്ടിരുന്നപ്പോള്‍
സത്യത്തില്‍ ചന്തിപൊള്ളിപ്പോകുന്നുണ്ട് അളിയാ..!

പിന്നെ തിരക്കിന്റെ കാര്യത്തില്‍,
“അശോകന് ധൃതിയാകാം............:)“

Rare Rose പറഞ്ഞു...

ആഹാ.ഇതു ഒരുപാടിഷ്ടായി മാഷേ.വായിച്ചു തീര്‍ന്നത് പോലുമറിഞ്ഞില്ല.
ഒരുപാട് പാത്തുത്താമാരുടെ കാത്തിരിപ്പിന്റെ പൊള്ളിക്കുന്ന ചൂടും പേറി,കടപ്പുറത്തേക്ക് കണ്ണും നട്ട് ഒരു വെയിലത്തും വാടാതെ മൊഞ്ചത്തിപ്പാറ അവിടെ തന്നെ എന്നും കത്തി നില്‍പ്പുണ്ടാവും അല്ലേ..

മാണിക്യം പറഞ്ഞു...

മൊഞ്ചത്തിപ്പാറ ::“ചെരിപ്പിടാത്ത വിണ്ടുപൊട്ടിയ കാലടിള്‌ വല്ലാതെ പൊകയുമ്പോള്‍ പാത്തുത്താത്ത മീന്‍പൊതികൊണ്ടൊന്നു ഉരയ്ക്കും. കാലടിയൊന്നു തണുക്കുമ്പോള്‍ വീണ്ടും ഏന്തി വലിഞ്ഞു നടക്കും.” ഇതു വായിച്ചപ്പോള്‍ മൈനസ് പതിനഞ്ചു ഡിഗ്രിയിലും പറഞ്ഞു പോയി "എന്തൊരു ചൂടാ ന്‍റെ ബദ്‌രീങ്ങളേ!" പാത്തുതാത്തയെ തൊട്ടടുത്ത് കൊണ്ടിരുത്താനായി അതോ ഞാനും മൊഞ്ചത്തിപ്പാറയില്‍ എത്തിയോ? കാലാകാലങ്ങളായി അങ്ങനെ കത്തിക്കെടക്ക്വല്ലേ ഓള്‌. ! അതെ പാമരന്‍ ആ കത്തല്‍ വാക്കുകളിലൂടെ മനസ്സിലെത്തിച്ചു ..പാമരന്റെ മറ്റൊരു നല്ല കഥ!!

ഗീത പറഞ്ഞു...

ആ മൊഞ്ചത്തിപ്പാറയുടെ മൊഞ്ചും ചൂടുമുള്ള കഥ.

എല്ലാം ഒരു ചിത്രം പോലെ മനസ്സില്‍ തെളിയത്തക്കവണ്ണമുള്ള എഴുത്ത്. പാമൂ, വളരെ ഇഷ്ടപ്പെട്ടു.

റോസാപ്പൂക്കള്‍ പറഞ്ഞു...

ഈ നല്ല കഥ ഒരുപാടിഷ്ടമായി

പൊറാടത്ത് പറഞ്ഞു...

വായിക്കുകയല്ലായിരുന്നു., പാത്തുത്താത്തയെയും മൊഞ്ചത്തിയെയും ശരിക്കും അനുഭവിച്ചു തന്നെ അറിഞ്ഞു മാഷേ...

“ചെരിപ്പിടാത്ത വിണ്ടുപൊട്ടിയ കാലടിള്‌ വല്ലാതെ പൊകയുമ്പോള്‍ പാത്തുത്താത്ത മീന്‍പൊതികൊണ്ടൊന്നു ഉരയ്ക്കും....” ഹൌ....ഇത്തരം ഒരു കഥാപാത്രത്തെ എപ്പോഴെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ ?അല്ലാതെ, ഇങ്ങനൊക്കെ എങ്ങനെ എഴുതുന്നു!!

“കിയാമം നാള്‌ ആയിത്തുടങ്ങ്യതിന്‍റെ..” ഈ ‘കിയാമം‘ എന്താന്ന് പിടി കിട്ടീല്ല്യ. ഒന്ന് പറഞ്ഞ് തരാമോ?

പാമരന്‍ പറഞ്ഞു...

തണലേ, റോസെ, മാണിക്യേച്ചി, ഗീതേച്ചി, റോസപൂക്കള്‍, നന്ദി.

പൊറാടത്തേ, കിയാമം നാള്‍ "doomsday" അല്ലേ?

ഹരിത് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഹരിത് പറഞ്ഞു...

അന്നു വായിച്ചു തുടങ്ങുന്നതിനു മുന്‍പേ തന്നെ തമാശയായി പാമൂനെ കളിയാക്കി എന്തെങ്കിലും കമന്‍റിടണമെന്നും കരുതിയിരുന്നു.

കഴിഞ്ഞില്ല. അതു കൊണ്ട് മിണ്ടാതെ പോയി. ഇന്നു വീണ്ടും വായിച്ചു.

ചങ്കു പൊള്ളിക്കുന്ന തീയാണല്ലോടാ ഈ എഴുത്തിനു.
വളരെ ഇഷ്ടമായി

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

പാമൂ,
കുറച്ചു നേരത്തേക്ക് ഞാനും ഇത്തായുടെ കൂടെ തേക്കിലയില്‍ പിടിച്ച
മീമ്പൊതിയും പിടിച്ചു കുന്നു കയറിയിറങ്ങി, അണ്ടിയെണ്ണ മണമുള്ള ഉരുവിന്റെ
അരികുപറ്റി എന്റെ നാടു മണത്തു,....

ചന്ദ്രകാന്തം പറഞ്ഞു...

പൊള്ളലുകള്‍ ഉള്ളിലൊതുക്കിയൊതുക്കി അനങ്ങാപ്പാറകളായിപ്പോകുന്ന മൊന്ചത്തികള്‍!

നാട്ടുഭാഷാ പ്രയോഗം നന്നായി.

ലേഖാവിജയ് പറഞ്ഞു...

എന്തൊരു സങ്കടമാ..:(

jayanEvoor പറഞ്ഞു...

വളരെ വളരെ ഇഷ്ടപ്പെട്ടു.

Sirjan പറഞ്ഞു...

നല്ല കഥ

Jishad Cronic പറഞ്ഞു...

നാടന്‍ ഭാഷയോടെയുള്ള അവതരണം കൊള്ളാം.

sanchari പറഞ്ഞു...

യുക്തിവാദിയുടെ സംസ്കാരം

Gargi പറഞ്ഞു...

പാത്തു താത്ത മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രം തന്നെ.. നല്ല അവതരണം.....നമ്മുടെ നാട്ടിന്‍പുറങ്ങളിലെ ഒരുപാടു താത്തമാരുടെ പ്രതിനിധി...കഥ തീരുന്നതുവരെ ഞാനും അവരോടൊപ്പം നടന്നു, പൊള്ളുന്ന ചൂടിലൂടെ...

Admin പറഞ്ഞു...

പ്രിയ സുഹൃത്തേ..
കഥ വായിച്ചു. കൊള്ളാം.. കൊള്ളാമെന്നുമാത്രമല്ല നമ്മുടെ വടക്കന്‍ ഭാഷയുടെ സമര്‍ത്ഥമായ ഉപയോഗം ഇഷ്ടപ്പെട്ടു. മൊഞ്ചുള്ള ആശംസകള്‍...

അജ്ഞാതന്‍ പറഞ്ഞു...

ഏറെ കാലത്തിനു ശേഷം വന്നതാ പാമര്‍ജി അസ്സല്‍ മൂന്നു തരം

ദേവ തീര്‍ഥ പറഞ്ഞു...

ഏറെ കാലത്തിനു ശേഷം വന്നതാ പാമര്‍ജി അസ്സല്‍ മൂന്നു തരം