2009, മേയ് 11, തിങ്കളാഴ്‌ച

മിസ്ഡ്‌ കാള്‍


നിങ്ങളൊരു പെണ്‍കുട്ടിയെ അഗാധമായി സ്നേഹിക്കുന്നു. വെറുതേ എന്തോ ഒരു ചെറിയ പ്രശ്നത്തിന്‍റെ പേരില്‍ നിങ്ങള്‍ അവളുമായി താല്‍ക്കാലികമായി ഒന്നു പിണങ്ങിയെന്നു കരുതുക. പിണക്കം താല്‍ക്കാലികമാണെന്ന്‌ നിങ്ങള്‍ക്കറിയാം. മുഖം വീര്‍പ്പിച്ച്‌ ഇറങ്ങിപ്പോയ അവള്‍ രണ്ടു ദിവസം കഴിഞ്ഞ്‌ വീര്‍പ്പുമുട്ടല്‍ സഹിക്കാനാവാതെ നിങ്ങളുടെ മൊബൈലിലേയ്ക്ക്‌ ഒരു മിസ്സ്‌ഡ്‌ കാള്‍ ഇടുന്നു. നിങ്ങളവളെ തിരിച്ചു വിളിക്കുന്നു, കുറച്ചു നേരം ഇരുവരും ഒന്നും മിണ്ടാതെ ഇരിക്കുന്നു. പിന്നെ ഒരു പൊട്ടിച്ചിരി. അത്‌ പ്രണയത്തെ പുതുക്കുപ്പണിയുന്നു...

പക്ഷെ, ഇത്തവണ, ഈ സാധാരണത്തത്തിനു പകരം നിങ്ങള്‍ക്കു കിട്ടുന്ന കാള്‍ ഒരു സുഹൃത്തിന്‍റേത്‌. സുഹൃത്ത്‌ വാര്‍ത്ത നിങ്ങളോടു പറയാന്‍ ബുദ്ധിമുട്ടുന്നു. പറയാന്‍ പോകുന്നതു ചീത്ത വാര്‍ത്തയാണെന്നും എന്തും നേരിടാനുള്ള ശക്തിയുണ്ടാകട്ടെയെന്നും പറഞ്ഞിട്ട്‌ അവളുടെ മരണം നിങ്ങളെ അറിയിക്കുന്നു. തികച്ചും സാധാരണമായ ഒരു ആക്സിഡന്‍റു്‌. അവളുടെ സ്കൂട്ടറിനു പിറകില്‍ ഒരു ലോറിയോ മറ്റോ..
സുഹൃത്താണവളെ ആശുപത്രിയിലെത്തിച്ചത്‌. ഐസിയുവിലേയ്ക്ക്‌ കയറ്റുമ്പോള്‍ അവള്‍ക്കു ബോധമുണ്ടായിരുന്നു. അവസാനമായി അവള്‍ പറഞ്ഞത്‌ നിങ്ങളെപ്പറ്റിയായിരുന്നു. നിങ്ങള്‍ക്കു തരാന്‍ കഴിയാതെ പോയ ഒരു മിസ്‌ഡ്‌ കാളിനെപ്പറ്റി.

എനിക്കു ചോദിക്കുവാനുള്ളത്‌ നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ചാണ്‌. ഇത്തരമൊരവസ്ഥയില്‍, പെട്ടെന്ന്‌ എത്തിച്ചേരാവുന്ന ഒരു പരിതസ്ഥിതിയിലല്ല നിങ്ങള്‍. ജോലി സംബന്ധമായ ഒരു യാത്രയിലാണ്‌. പണമുണ്ട്‌. ഏറ്റവും ആദ്യത്തെ ഫ്ലൈറ്റ്‌ ടിക്കറ്റുതന്നെ ഏര്‍പ്പാടാക്കു തരാന്‍ കഴിയുന്ന ബന്ധങ്ങളുണ്ട്‌. പക്ഷേ, മിസ്‌ഡ്‌ കാള്‍ കണ്ട്‌ ഉള്ളില്‍ ഒരു ഊറിച്ചിരിയോടെ ആ നമ്പറില്‍ തിരിച്ചു വിളിച്ച്‌, മറ്റേ അറ്റത്തുനിന്ന്‌ ആ കുലുങ്ങിച്ചിരി കേള്‍ക്കാന്‍ കാത്തിനില്‍ക്കുന്ന ആ ഒരു നിമിഷത്തെ നിശബ്ദതയുണ്ടല്ലോ.. താനാണ്‌ ലോകത്തിലെ ഏറ്റവും ഭാഗ്യവാനെന്ന്‌, താടിയൊന്ന്‌ ചൊറിഞ്ഞ്‌, ഷര്‍ട്ടിന്‍റെ കോളറൊന്നു പൊക്കി വച്ച്‌, നിങ്ങള്‍ അല്‍പം അഹങ്കരിക്കുന്ന ആ നിമിഷം.. അത്‌ പെട്ടെന്ന്‌ പിടി വിട്ട്‌ അത്യഗാധതയിലെവിടേയ്ക്കോ തട്ടിച്ചിതറിത്തെറീച്ചുപോകുന്നു.. അവളെ ആദ്യം കണ്ടതുമുതല്‍, സ്നേഹിച്ചു തുടങ്ങിയതും ആദ്യം കയ്യെത്തിച്ച്‌ അവളുടെ വിരല്‍തുമ്പിലൊന്നു തൊട്ടതും പോലെയുള്ള അനര്‍ഘനിമിഷങ്ങള്‍, ഓടിക്കൊണ്ടിരിക്കുന്ന ഒരു തീവണ്ടിയില്‍ നിന്ന്‌ നോക്കിക്കാണുന്ന ചിത്രങ്ങള്‍ പോലെ, നിങ്ങളവയില്‍ നിന്നകന്നു പോകുകയാണെന്നുള്ള തിരിച്ചറിവ്‌.. അതുണ്ടാക്കുന്ന പരിഭ്രാന്തി..

സുഹൃത്തിന്‌ ആളുമാറിയതാണെന്നോ, അല്ലെങ്കില്‍ അവനു പ്രാന്താണെന്നോ, നിങ്ങള്‍ സ്വപ്നം കാണുകയാണെന്നോ ഒക്കെ, കണ്ണടച്ച്‌, റിയാലിറ്റിയെ കൊന്നുകളയാന്‍ നിങ്ങളുടെ മനസ്സ്‌ നടത്തുന്ന പരിശ്രമങ്ങള്‍..

ചിലപ്പോള്‍, പഴയ എന്തെങ്കിലും തമാശകള്‍ പെട്ടെന്നോര്‍ത്ത്‌ നിങ്ങളറിയാതെ, നിങ്ങള്‍ ചിരിച്ചു പോകും.. സ്ഥലകാലബോധം തിരിച്ചു വന്ന്‌ കൊഞ്ഞനം കുത്തുമ്പോള്‍ ഉള്ളില്‍ ഒരു ആളല്‍. ഒരു പുകച്ചില്‍. അല്ലെങ്കില്‍, എനിക്കറിഞ്ഞുകൂടാ സുഹൃത്തേ, നിങ്ങളാ വേദനയെ എന്തു വിളിക്കുമെന്ന്‌.

ഫ്ലൈറ്റില്‍ കാലുകള്‍ വിറപ്പിച്ചുകൊണ്ട്‌, കയ്യിലുള്ള കുഞ്ഞു ബാഗിനെ മുകളിലെ ബാഗേജ്‌ ഏരിയയില്‍ വയ്ക്കാതെ, ഇപ്പോള്‍ ലാന്‍ഡ്‌ ചെയ്യും, നിര്‍ത്തിയാല്‍ ഉടനേ ബെല്‍ട്ട്‌ ഊരണം, അടുത്തിരിക്കുന്ന ആളോട്‌, ക്ഷമ പറഞ്ഞ്‌, അയാളെ മറികടന്ന്‌ ഡോറിലേയ്ക്ക്‌ ഓടണം.. വാതില്‍ തുറന്നാലുടനെ, ആദ്യം പുറത്തിറങ്ങുന്ന ആള്‍ നിങ്ങളാകണം.. എന്നിങ്ങനെ അടുത്ത നിമിഷങ്ങളെ പ്ളാന്‍ ചെയ്ത്‌.. പെട്ടെന്ന്‌ ചിന്തകളുടെ കണ്‍ട്വിന്യുയിറ്റി നഷ്ടപ്പെട്ട്‌, നിങ്ങള്‍ക്ക്‌ ഒരു മൂത്രശങ്ക, അല്ലെങ്കില്‍ ടോയിലെറ്റിലൊന്നു പോകണമെന്ന തോന്നല്‍, അല്ല, ഒന്നു ഛര്‍ദ്ദിക്കണോ? ശെരിക്കും എന്താണതെന്ന്‌ നിങ്ങള്‍ കുറേ നേരം ആലോചിച്ചിരിക്കും. പെട്ടെന്ന്‌, വെളുത്ത തുണിയില്‍ കടും ചുവപ്പു നിറത്തില്‍ ചോരപ്പാടുകള്‍ കാണുന്ന ഒരു ചിത്രം ഒരു ഫ്ളാഷ്‌ പോലെ മനസ്സില്‌ തെളിഞ്ഞു മറയുന്നു. അത്‌ വീണ്ടും മനസ്സില്‍ തീയ്‌ കോരിയിടുന്നു. പലതവണ അതിങ്ങനെ ആവര്‍ത്തിക്കും.. ഫ്ളൈറ്റ്‌ ലാന്‍ഡ്‌ ചെയ്യുകയാണെന്ന അറിയിപ്പ്‌ വരുവോളം..

എയര്‍പോര്‍ട്ടില്‍ നിന്ന്‌ ഓടിയിറങ്ങി ഒരു ടാക്സിയില്‍ കയറിപ്പറ്റുന്നതുവരെ ചെക്കൌട്ടില്‍ നഷ്ടപ്പെട്ടുപോയ നാലു നിമിഷങ്ങളെക്കുറിച്ചായിരിക്കും നിങ്ങളോര്‍ക്കുന്നത്‌. ആ ഹിന്ദിക്കാരന്‍ പോലീസിന്‍റെ 'ഉല്ലൂ കാ പഠാ' വിളി..

ടാക്സിയില്‍ കയറി നിങ്ങള്‍ വീണ്ടും കാലു വിറപ്പിച്ചുകൊണ്ടിരിക്കും. വാതിലിനോട്‌ ചേര്‍ന്നേ നിങ്ങളിരിക്കൂ. ഒരു കൈകൊണ്ട്‌ ബാഗിനെ ചേര്‍ത്തു പിടിച്ചിരിക്കും. മറ്റേ കൈ ഡോറിന്‍റെ ഹാന്‍ഡിലില്‍, അതു തുറക്കാന്‍ റെഡിയായി..

ടാക്സി നിര്‍ത്തിയപാടെ ഓടിയിറങ്ങുമ്പോള്‍ ഡ്രൈവര്‍ പുറകില്‍ നിന്ന്‌ കാശു തന്നില്ലെന്ന്‌ വിളിച്ചു കൂവും. പേഴ്സു വലിച്ചെടുത്ത്‌ ആദ്യം കാണുന്ന അഞ്ഞൂറിന്‍റെയോ ആയിരത്തിന്‍റെയോ നോട്ടെടുത്ത്‌ അവന്‍റെ കയ്യിലേല്‍പ്പിച്ചീട്ട്‌ നിങ്ങള്‍ ഓടി ചെല്ലുമ്പോഴും, അവള്‍ ഉമ്മറത്തു ചിരിച്ചുകൊണ്ട്‌ നില്‍പ്പുണ്ടാവും എന്നൊരു തോന്നല്‍ നിങ്ങളുടെ ഉള്ളിലുണ്ടാവും.. പറമ്പിലെവിടെനിന്നോ ശവം ദഹിപ്പിക്കുന്നതിന്‍റെ രൂക്ഷഗന്ധം യാഥാര്‍ത്ഥ്യത്തിനെതിരെയുള്ള നിങ്ങളുടെ മനസ്സിന്‍റെ അവസാനത്തെ ചെറുത്തുനില്‍പ്പിനേയും കരിച്ചുകളയുന്നതുവരെ..

യാത്രപുറപ്പെടുമ്പോള്‍മുതല്‍ നിങ്ങള്‍ ചേര്‍ത്തുപിടിച്ചിരുന്ന കുഞ്ഞു ബാഗ്‌ അപ്പോഴേയ്ക്കും നിങ്ങളറിയാതെ താഴെയിട്ടിട്ടുണ്ടാവും. അപ്പോഴാണ്‌ നിങ്ങള്‍ക്കൊന്നു കരയണമെന്നു തോന്നുക. കാരണം, നിങ്ങളുടെ ഉള്ളിന്‍റെ ഉള്ളില്‍, ഞാന്‍ പറയാന്‍ പോകുന്ന കാര്യം കള്ളമാണെന്ന്‌, അല്ലെങ്കില്‍ എനിക്കു തെറ്റുപറ്റിയതാണെന്ന്‌, അത്‌ അവള്‍ ആയിരുന്നില്ലെന്ന്‌ വിശ്വസിക്കുന്ന ഏതോ ഒരു കോശം, ഒരു കോശമെങ്കിലും, അതുവരെ ബാക്കിയുണ്ടാകും..

ഇനി പറയൂ, ഞാന്‍ നിങ്ങള്‍ക്കൊരു മിസ്ഡ്‌ കാള്‍ തരട്ടെ? മൊബൈല്‍ ലോറിക്കടിയില്‍ ഞെരിഞ്ഞുപോയെങ്കിലും അവളുടെ സിം ഭദ്രമായെനിക്കു കിട്ടിയിട്ടുണ്ട്‌. ഇത്തിരി നിശബ്ദത അതില്‍ ബാക്കിയുണ്ടായിരിക്കണമല്ലോ..

48 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഒരിക്കല്‍ സംഭവിച്ചതാണ്‌.

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഔ...

നല്ല ഫീല്‍.
പക്ഷെ അതൊന്ന് സങ്കല്‍പ്പിക്കാനാവുന്നില്ല.

ഗന്ധർവൻ പറഞ്ഞു...

വായിക്കുമ്പോൾ നന്നായി ഫീൽ ചെയ്യുന്നു.

നിരക്ഷരൻ പറഞ്ഞു...

മനുസേമ്മാരെ മക്കാറാക്കാന്‍ ബേണ്ടി മാത്രം എറങ്ങീരിക്കേക്ക് പഹയന്‍.

ഹലാക്കാക്കാണ്ട് പോകണുണ്ടോ അബടന്ന്.

കാപ്പിലാന്‍ പറഞ്ഞു...

പ്യാടിപ്പിക്കരുത് പാമൂ :)

Jayasree Lakshmy Kumar പറഞ്ഞു...

പറഞ്ഞ രീതിയിലാണു വ്യത്യസ്തത. വളരെ നന്നായിരിക്കുന്നു

ശ്രീ പറഞ്ഞു...

“നിങ്ങളുടെ ഉള്ളിന്‍റെ ഉള്ളില്‍, ഞാന്‍ പറയാന്‍ പോകുന്ന കാര്യം കള്ളമാണെന്ന്‌, അല്ലെങ്കില്‍ എനിക്കു തെറ്റുപറ്റിയതാണെന്ന്‌, അത്‌ അവള്‍ ആയിരുന്നില്ലെന്ന്‌ വിശ്വസിക്കുന്ന ഏതോ ഒരു കോശം, ഒരു കോശമെങ്കിലും, അതുവരെ ബാക്കിയുണ്ടാകും.”

ഹൊ! ഇതെന്താണ് മാഷേ... രാവിലെ തന്നെ വെറുതേ സെന്റിയാക്കിക്കളഞ്ഞല്ലോ...

എഴുതിയിരിയ്ക്കുന്ന ശൈലി സമ്മതിയ്ക്കാതെ വയ്യ!

ബാബുരാജ് ഭഗവതി പറഞ്ഞു...

അലോചിക്കാന്‍ വയ്യ...

സുനീഷ് പറഞ്ഞു...

ദൈവമേ ആര്‍ക്കുമൊരിക്കലും ഇങ്ങനെയൊന്നും സംഭവിക്കരുതേ... എങ്ങനെ എഴുതാന്‍ തോന്നിയിത്?

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

സംഭവിച്ചത്? !

ഒന്നു പറയാനില്ല പാമൂജീ. ആ അവസാനത്തെ വരികള്‍ ...

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഒരിക്കൽ സംഭവിച്ചതാണെന്നു പറയുമ്പോൾ എന്തോ വല്ലാതെ തോന്നുന്നു. ആ നിമിഷത്തെ വേദന എങ്ങനെ സഹിക്കാൻ കഴിഞ്ഞു ?ഇനിയിങ്ങനെ ഒന്നു സംഭവിക്കാതിരിക്കട്ടെ.

ബൈജു (Baiju) പറഞ്ഞു...

ഇത്തിരി നിശബ്ദത അതില്‍ ബാക്കിയുണ്ടായിരിക്കണമല്ലോ.. ........


എവിടേയും സംഭവിക്കാതിരിക്കട്ടെ

Calvin H പറഞ്ഞു...

ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ

പ്രയാണ്‍ പറഞ്ഞു...

..............

ചന്ദ്രകാന്തം പറഞ്ഞു...

ആ ഒരു നിമിഷം....
ഇല്ല, ഒന്നുമില്ല ... നിശ്ശബ്ദം.

ബിന്ദു കെ പി പറഞ്ഞു...

സംഭവിച്ചതായാലും അല്ലെങ്കിലും ഈ വരികൾ മനസ്സിനെ വല്ലാതെ ഉലച്ചുകളഞ്ഞു....

ബാജി ഓടംവേലി പറഞ്ഞു...

വായിക്കുമ്പോൾ നന്നായി ഫീൽ ചെയ്യുന്നു...

the man to walk with പറഞ്ഞു...

ishtaayi...

അജ്ഞാതന്‍ പറഞ്ഞു...

നിന്റെ എഴുത്ത്‌ തലയിലേക്ക്‌ എത്താറില്ല. അപ്പോഴേക്കും ഹ്ര്‌ദയം കൈയ്യടക്കും.

ഒരു സുഹ്ര്‌ത്ത്‌... :)

Rare Rose പറഞ്ഞു...

വായിച്ചെന്നറിയാന്‍ മനസ്സിലിപ്പോഴുള്ള നിശബ്ദത ഇവിടെ വെച്ചിട്ടു പോവുന്നു....അത്രേം വിഷമം..:(

ശ്രീവല്ലഭന്‍. പറഞ്ഞു...

എഴുതിയ രീതി ഇഷ്ടപ്പെട്ടു.

:-(

മഞ്ഞുതുള്ളി പറഞ്ഞു...

aarkkum varuthathirikkatte inganoru anubhavam

ഹന്‍ല്ലലത്ത് Hanllalath പറഞ്ഞു...

മനസ്സിലൊരു ശൂന്യത നിറയുന്നു ...
എഴുത്തുകാരാ എന്തിനിങ്ങനെ...
നഷ്ടങ്ങളുടെ വിലയറിയുന്നവരെയല്ലേ അക്ഷരപ്പൊള്ളല്‍ ‍ മനസ്സില്‍ തീയായിപ്പടര്‍ന്ന്
കണ്ണ് നനയിക്കൂ..

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

പാമൂ, അവതരണം വളരെ നിരീക്ഷണ പാടവമുന്ടെന്നു വിളിച്ചു പറയുന്നു. ഇതുപോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഞാന്‍ പത്തനംതിട്ടയില്‍ ആയിരിക്കുമ്പോള്‍ എനിക്ക് ഒരു കോള്‍ വന്നു. ഗ്രാന്‍ഡ്‌ ഫാദറിനു എന്നോട് എന്തോ പറയാനുണ്ട് അത് മറ്റാരോടും പറയാന്‍ ഐ സി യുവില്‍ കിടക്കുന്ന ഗ്രാന്‍ഡ്‌ ഫാദര്‍ തയ്യാറല്ലായിരുന്നു. ഞാന്‍ ഹോസ്പിറ്റലില്‍ എത്തുന്നത് വരെയെങ്കിലും എന്റെ ഗ്രാന്‍ഡ്‌ ഫാദര്‍ ജീവിച്ചിരിക്കണേ എന്ന ചിന്തയില്‍ ഇതുപോലുള്ള കണക്കു കൂട്ടലുകലുമായാണ് ഞാന്‍ വന്നത്. പക്ഷെ എന്നെ കാത്തു നില്‍ക്കാതെ ഗ്രാന്‍ഡ്‌ ഫാദര്‍ മരിച്ചു പോയി.എന്നോട് പറയാന്‍ ബാക്കി വെച്ചത് എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല! ഒരു ഊഹവുമില്ല!
ആ രംഗങ്ങള്‍ മനസ്സിലൂടെ വീണ്ടും കടന്നു പോയി.

കാവലാന്‍ പറഞ്ഞു...

ആസ്വാദകന്റെ ആകാംഷയുടെ പരിധി ലംഘിച്ചുപോകുന്ന ഉത്കണ്ഠ സൃഷ്ടിക്കുന്ന എഴുത്തിന്റെ ശൈലി
അതില്‍ കുറഞ്ഞ ആവേഗങ്ങളുള്ള എഴുത്തില്‍ നിന്നും എഴുത്തുകാരനെ പിന്തിരിപ്പിച്ചേയ്ക്കാം.

ചുമ്മാ, മനസ്സില്‍ ആഴത്തിലോടിയ നിരര്‍ത്ഥകരമായ ഭയത്തിനെ കുടഞ്ഞുകളയാന്‍ എഴുതിയതായി കരുതിയാലും മതി.
:)

Traveller പറഞ്ഞു...

പിണ്ക്കങ്ങള്ക്കൊടുവിലെ ഇണക്കത്തിനു ഒരു രസമുണ്ട്...പക്ഷെ ഇണങ്ങാന്‍ അയാള്‍ ബാക്കിയില്ലെന്നു വരുമ്പോള്‍... വേണ്ട സ്നേഹിക്കുന്നവരോട് പിണക്കം വേണ്ട.... ആത്മശാന്തി കിട്ടില്ല....

Lathika subhash പറഞ്ഞു...

ഇത്തിരി നിശബ്ദത അതില്‍ ബാക്കിയുണ്ടായിരിക്കണമല്ലോ..

ഹരിത് പറഞ്ഞു...

പാമൂ, നീ എന്നെ അത്ഭുതപ്പെടുത്തുന്നു. ഒരെണ്ണം ചീറ്റിപ്പോയെന്നു ഞാന്‍ പറഞ്ഞാല്‍ അടുത്ത ഒരു അമിട്ടു പൊട്ടിച്ച് നീ എന്നോടു പകരം വീട്ടുന്നു. എനിയ്ക്കു ഇതു വല്ലാതെ അങ്ങു ഇഷ്ടപ്പെട്ടുപോയി.
ഭാവുകങ്ങള്‍.

ഹരിത് പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
smitha adharsh പറഞ്ഞു...

സംഭവിച്ചതായിരിക്കും തീര്‍ച്ച..
അതുകൊണ്ടാണല്ലോ..ഇത്ര നല്ല ഭാഷയില്‍ അത് ഞങ്ങള്‍ക്ക് പകര്‍ന്നു തന്നത്..അല്ലെ,പാമൂ..

വികടശിരോമണി പറഞ്ഞു...

ഈ ദുഷ്ടനായ പാമുവിന്റെ തലയിലാണ് ലോകാവസാനനാളിൽ ഇടിമിന്നലേൽക്കുക.ഭീകരൻ!
ഈ പോസ്റ്റിനു മുകളിൽ “മനസ്ഥൈര്യമുള്ളവർ മാത്രം വായിക്കുക”എന്നൊന്ന് എഴുതിവെക്കുകയെങ്കിലും ചെയ്യോ....

Typist | എഴുത്തുകാരി പറഞ്ഞു...

ശരിക്കും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും ആ മനസ്സിലെ വികാരങ്ങള്‍.അവസാനം വരെ ഒരു ചെറിയ കണികയെങ്കിലും പ്രതീക്ഷ ബാക്കിയുണ്ടാവും.

ബിനോയ്//HariNav പറഞ്ഞു...

നല്ല എഴുത്ത്. ഈ വിഷയം ഇതിലും വെടിപ്പായി എങ്ങനെ പറയാന്‍ :)

Babu Kalyanam പറഞ്ഞു...

ദുഷ്ടന്‍. എങ്ങിനെ എഴുതാന്‍ തോന്നി :-(

Mahesh Cheruthana/മഹി പറഞ്ഞു...

വളരെ നന്നായി അവതരണം!"സംഭവിച്ചത്?????"

കനല്‍ പറഞ്ഞു...

മൊത്തം വായിക്കാന്‍ കുറെ സമയമെടുത്തു.

പ്രശ്നം എന്റേതു തന്നെയാ... ഓരോ വാചകങ്ങളിലും മനസ് എരിയുന്നു.....

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

missed it...

ഹരിശ്രീ പറഞ്ഞു...

മാഷേ,

വല്ലാതെ ഫീല്‍ ചെയ്തു...

കുക്കു.. പറഞ്ഞു...

സംഭവിച്ചത് ആണെന്ന് പറഞ്ഞു.....അത് തിരുത്താന്‍ നമ്മുക്ക് പറ്റില്ല....

ഒരു പ്രാര്‍ത്ഥന....മാത്രം...

ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കരുതേ..

Unknown പറഞ്ഞു...

കോള്ളാമല്ലോ ഇത് വായിച്ചിട്ട് വീണ്ടും ഒന്ന്
പ്രണയിച്ചാലോ എന്നാലോചിക്കുവാ

ഗീത പറഞ്ഞു...

ഇതിനേക്കാളും നല്ലത് നമ്മളെയൊക്കെയങ്ങു കൊന്നുകളയുന്നതാണ് പാമൂ‍ൂ‍ൂ‍ൂ‍ൂ.

അജ്ഞാതന്‍ പറഞ്ഞു...

sarikku sambhavichathano?

Bhavya.B പറഞ്ഞു...

വായിച്ചപ്പോ എവിടെയോ എന്തോ ഒരിത് ...

hi പറഞ്ഞു...

വളരെ നന്നായി അവതരണം :)

poor-me/പാവം-ഞാന്‍ പറഞ്ഞു...

You made my heart bleeding...

poor-me/പാവം-ഞാന്‍ പറഞ്ഞു...

You made my heart bleeding...

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഒരു മണ്ടൻ പാമരനെ അന്വേഷിച്ചു വന്നപ്പോൾ അവിടെ ഒരു പണ്ഡിതൻ ഇരിക്കുന്നൂ...

KS Binu പറഞ്ഞു...

ദൈവമേ...!!

നെഞ്ചിലേക്ക് ഒരു കനല് കോരിയിട്ട പോലെ ഉണ്ടല്ലോ.. തട്ടിക്കളയുന്നതിന് മുന്‍പുള്ള ഒരു നിമിഷാര്‍ദ്ധം കൊണ്ട് ചുറ്റുമുള്ളതൊക്കെ പൊള്ളിച്ച് കളഞ്ഞു..