2008, സെപ്റ്റംബർ 2, ചൊവ്വാഴ്ച

ഭാഗം


http://noorish.spaces.live.com/
സര്‍വ്വേക്കാരുടെ ചങ്ങലയിഴഞ്ഞുപോയ
മുറിപ്പാടിനിരുപുറവുമാണ്‌
നീ നിനക്കു വേണ്ടിയും
ഞാന്‍ എനിക്കുവേണ്ടിയുമായി മാത്രം
മണ്ണപ്പം ചുട്ടുതുടങ്ങിയത്‌.

പകുതി നിറച്ച്‌
നീ ചുടാനൊരുങ്ങിയ
രണ്ടു കുഞ്ഞ്‌ മണ്ണപ്പങ്ങള്‌
"അശ്രീകരങ്ങള്‌! എണീറ്റുപോ.."
എന്ന മുറിക്കിത്തുപ്പലില്‌
കണ്ണാഞ്ചിരട്ടയില്‍ത്തന്നെ
ചോരച്ച്‌ കിടപ്പായത്‌.

മുറിക്കിപ്പുറത്തെ പുളിയന്‍മാങ്ങ
നിനക്കില്ലെന്ന്‌ ഞാനും
അപ്പുറത്തെ പേരയ്ക്ക
"ഇച്ചിരി പുളിയ്ക്കും" എന്ന്‌ നീയും
തീര്‍ച്ചയാക്കിയത്‌.

ഒന്നിരുട്ടി വെളുത്തപ്പോഴേയ്ക്കും
മുളച്ചുപൊങ്ങിയ മതിലെങ്ങനെയാ
നിന്നെ മായ്ച്ചു കളഞ്ഞത്‌?

ആണ്ടോടാണ്ട്‌ മാങ്ങയെല്ലാം
പഴുത്ത്‌ വീണു ചീഞ്ഞുപോയിട്ടും,
കല്ലുകൊണ്ടു കോറിവച്ച
ക്ഷമാപണങ്ങളൊക്കെ
മതില്‍പ്പച്ച വിഴുങ്ങിയിട്ടും,
എന്തേ നിന്‍റെ 'ഉണ്ടാക്കിച്ചുമ' മാത്രം
ഇപ്പുറത്തേയ്ക്ക്‌ കേള്‍ക്കാതിരുന്നത്‌?

27 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഇന്നത്തെ ചിന്തകള്‍: നെഞ്ചില്‍പാതി അന്നേ പകുത്തുതന്നതല്ലേ ഞാന്‍?

ഭൂമിപുത്രി പറഞ്ഞു...

തലങ്ങുംവിലങ്ങും എല്ലായിടവും മതിലുകളുയരും കാലം പാമരന്റെ ചിന്തകളേറെ അർത്ഥവത്ത്!

തണല്‍ പറഞ്ഞു...

പാമര്‍ജീ,
ആരാണിവള്‍..?
അതോ അവനോ?
നാട്ടിലേക്കുള്ള യാത്രയ്ക്കു മുമ്പേ മനസ്സു ചുട്ടുപൊള്ളുന്ന ഇത്തരം ചിന്തകള്‍ നല്ലത് തന്നെ ചങ്ങാതീ..!
:)
-വേനലറുതി കഴിഞ്ഞ് ഒരു മഴ നനഞ്ഞ സുഖമുണ്ട് കേട്ടോ..!!

ശ്രീവല്ലഭന്‍. പറഞ്ഞു...

മതിലുകളിലൂടെ മുറിയുന്ന ബന്ധങ്ങള്‍! വളരെ ഇഷ്ടപ്പെട്ടു കവിത.

Unknown പറഞ്ഞു...

ചിത്രത്തിലെ മതിലി‍ല്‍ മൂന്നുവട്ടം continuous vertical joint! ബലക്ഷയം മനഃപൂര്‍വ്വം പ്ലാന്‍ ചെയ്തതാവുമല്ലേ? :)

Sarija NS പറഞ്ഞു...

“നീ നിനക്കു വേണ്ടിയും
ഞാന്‍ എനിക്കുവേണ്ടിയുമായി മാത്രം“

“ഇന്ത്യ ഇന്ത്യയുടേതെന്നും ചൈന ചൈനയുടേതെന്നും പറയുന്ന ...” എന്ന വാചകം ഓര്‍ത്തു പോയി.

സ്വയം മതിലുണ്ടാക്കി വച്ച് പിന്നെ അതോര്‍ത്ത് ദുഖിക്കുന്ന ഞാന്‍ ഇവിടെ നിശബ്ദയാകുന്നു.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഇന്നത്തെ ചിന്തകള്‍: നെഞ്ചില്‍പാതി അന്നേ പകുത്തുതന്നതല്ലേ ഞാന്‍?

അത്രയല്ലേ കൊടുത്തുള്ളൂ ..സമയം കളയാതെ മനസും കൂടി അങ്ങു പകുത്തു കൊടുക്കൂ മാഷേ.. അവള്‍ ഓടി വരുന്നതു കാണാം !!

ചന്ദ്രകാന്തം പറഞ്ഞു...

"...കല്ലുകൊണ്ടു കോറിവച്ച
ക്ഷമാപണങ്ങളൊക്കെ
മതില്‍പ്പച്ച വിഴുങ്ങിയിട്ടും..."

കെട്ടിപ്പൊക്കിയ മറയ്ക്കിപ്പുറം...നിശ്ശബ്ദം..കോറിവയ്ക്കലുകള്‍.
അതെല്ലാം മനസ്സിന്റെ മതില്‍‌പ്പുറത്തല്ലേ....... ഉള്ളിലേയ്ക്കെത്തില്ലല്ലോ.
പിന്നെങ്ങനെ.....

കാപ്പിലാന്‍ പറഞ്ഞു...

മനസ്സില്‍ മതില്‍ കെട്ടുകള്‍ കെട്ടാതിരിക്കാന്‍ ശ്രമിക്കുക പാമ്ജി .തണല്‍ പറഞ്ഞു നാട്ടില്‍ പോകുന്നെന്ന്.എന്നാണാവോ ആ യാത്ര ?

കുറ്റ്യാടിക്കാരന്‍|Suhair പറഞ്ഞു...

നെഞ്ചില്‍ പാതി കൊടുത്തതുകൊണ്ടായിരിക്കും ചിലപ്പോള്‍...

മുഴുവനും കൊടുക്കണമായിരിക്കും.

smitha adharsh പറഞ്ഞു...

നന്നായി ശ്രദ്ധിക്കാഞ്ഞിട്ടാ ആ "ഉണ്ടാക്കിചുമ" കേള്‍ക്കാതിരിക്കുന്നത്...!!!

അല്ഫോന്‍സക്കുട്ടി പറഞ്ഞു...

"ഇച്ചിരി പുളിയ്ക്കും" :)

GLPS VAKAYAD പറഞ്ഞു...

പാമരന്‍ ജീ,
എനിക്കൊരുപാടിഷ്ടപ്പെട്ടു,
പകുത്തെടുക്കുന്ന മതിലുകള്‍

ഹരിത് പറഞ്ഞു...

excellent.:)

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

സര്‍വ്വേക്കാരുടെ ചങ്ങലയിഴഞ്ഞുപോയ
മുറിപ്പാടിനിരുപുറവുമാണ്‌
നീ നിനക്കു വേണ്ടിയും
ഞാന്‍ എനിക്കുവേണ്ടിയുമായി മാത്രം
മണ്ണപ്പം ചുട്ടുതുടങ്ങിയത്‌.


വരികളില്‍ എല്ലാമുണ്ട്.

സര്‍വ്വേക്കാരുടെ ചങ്ങല മനസ്സിനേയും ഭാഗം വക്കുമൊ? വക്കുമായിരിക്കും, മന്‍സ്സു അവനവനിലേക്കു ചുരുങ്ങുമ്പോള്‍.

ശ്രീ പറഞ്ഞു...

മതിലുകള്‍ മനസ്സിലെങ്കിലും ഉയരാതിരിയ്ക്കട്ടേ മാഷേ

Sharu (Ansha Muneer) പറഞ്ഞു...

വളരെ ഇഷ്ടമായി...

മതില്‍പ്പുറത്ത് കോറിയെഴുതുകയല്ല, ആ മതിലു തന്നെ തകര്‍ത്താലേ രക്ഷയുള്ളു.

Mahi പറഞ്ഞു...

കാലത്തിന്റെ മതിലില്‍ തട്ടി അതെല്ലാം ചിതറി വീണു പോയിട്ടുണ്ടാവാം പാമര്‍ജീ

ബൈജു (Baiju) പറഞ്ഞു...

മാഷേ കവിത ഇഷ്ടമായി .അഭിനന്ദനങ്ങള്‍ :)

നന്ദ പറഞ്ഞു...

ഒക്കെ ഉയര്‍ന്നു വന്ന മതിലിനെ അതിജീവിക്കാന്‍ കഴിയാതെ മടങ്ങിക്കാണും അല്ലേ?
അവസാന വരികള്‍ പറഞ്ഞു വന്നതില്‍ നിന്ന് നേരിയ തോതില്‍ വഴുതിയോ എന്നൊരു ചെറിയ സംശയവും ഉണ്ട് കൂട്ടത്തില്‍!(മതില്‍ കാണാഞ്ഞല്ല, എങ്കിലും)

കാവലാന്‍ പറഞ്ഞു...

മനുഷ്യത്വം ചാലിച്ചു നിറച്ച പാമരന്റെ തൂലികയിലെ മഷിപതിഞ്ഞതിനെല്ലാം പത്തരമാറ്റ്.
പാമരാ( ഇങ്ങനെ വിളിക്കാനാവുന്നില്ല ശിക്ഷയണോ?) ഓര്‍മ്മകളുടെ, നോവിന്റെ ഒരലയ്ക്കാണു താങ്കളുടെ പല കവിതയും തുടക്കമിടുന്നത്.

നജൂസ്‌ പറഞ്ഞു...

മതിലുകള്‍ക്കപ്പുറമിപ്പുറമുള്ള കെട്ടിവെക്കലുകള്‍... നെരിപ്പോടുകള്‍... മതിലൊന്നെന്നുള്ളത്‌ വെറും മിത്യയാണോ പാമരന്‍. ആയിരിക്കും.

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

nannaayirikkunnu!! ishttapettu.

മാണിക്യം പറഞ്ഞു...

മതിലുകള്‍
ഭൂമിയില്‍ അല്ലേ പണിയൂ
മനസ്സില്‍ മതില്‍ ഇല്ലാത്തിടത്തൊളം...
ഇല്ലാ! അതുകൊണ്ടാണല്ലോ
ഇപ്പോള്‍ ഈ “ഭാഗം”
ബൂലോലത്ത് എത്തിയത്
ആ മതില്‍ പച്ച ഒന്നിളക്കി നോക്കു
ഒരു മയൂരസന്ദേശം അവിടില്ലന്നാരു കണ്ടൂ?

മന്ത്രജാലകം പറഞ്ഞു...

മനസ്സില്‍ മതിലുകള്‍ ഉയരുന്നതല്ലേ ഏറ്റവും വേദനാജനകം...........

Unknown പറഞ്ഞു...

“നീ നിനക്കു വേണ്ടിയും
ഞാന്‍ എനിക്കുവേണ്ടിയുമായി മാത്രം“

ഇല്ല മാഷേ, ഒന്നും പറയാനില്ല.. എല്ലാം ആ വരികളില്‍ ഉണ്ട്..
ആശംസകള്‍.. സ്നേഹപൂര്‍വം മുരളിക

നിരക്ഷരൻ പറഞ്ഞു...

കോരിത്തരിച്ചുപോയി ഇഷ്ടാ...ട്രാജിക്കായ ഒരു പ്രേമകാവ്യം എങ്ങനെ അവതരിപ്പിക്കാമെന്ന് കാണിച്ച് തന്നിരിക്കുന്നു. നന്ദി.

ഓ:ടോ: - നെന്റെ കയ്യിലിരിപ്പ് ശരിയല്ലാഞ്ഞിട്ടല്ലേ അതിലേ സര്‍വ്വേക്കാരുടെ ചങ്ങല വലിഞ്ഞതും, മതില് പൊങ്ങിവന്നതുമെല്ലാം. അങ്ങനെ തന്നെ വേണം :)