വൈകിട്ടു പതിവുപോലെ ഒന്നു നാട്ടിലേയ്ക്കു വിളിച്ചതാണ്. അങ്ങേത്തലയ്ക്കല്‍ പരിചയമില്ലാത്തൊരു ശബ്ദം.
"മാഷിനെ വേണമെങ്കില്‍ മൊബൈലില്‍ വിളിക്കൂ.."
ങ്ഹേ! ഇതാരപ്പ? ഉടനെ അച്ഛനെ മൊബൈലില്‍ വിളിച്ചു.
"അതാരായിരുന്നു?"
"അതു കവി കുരീപ്പുഴ ശ്രീകുമാര്‍..!"
ഇപ്പോ ഉഗ്രനായിട്ടൊന്നു ഞെട്ടി. കവിതയും സംഗീതവും ഏഴയലത്തുകൂടെപ്പോലും പോയിട്ടില്ലാത്ത ഞങ്ങളുടെ വീട്ടില്‍.. ഇനി വഴിതെറ്റിയോ മറ്റോ വന്നു കയറിയതായിരിക്കുമോ?
"ഇവിടെ വൈ.എഫി.ന്‍റെ ഒരു മീറ്റിങ്ങിനു വന്നതാണ്.. നമ്മുടെ വീട്ടിലായിരുന്നു താമസം.."
അപ്പോ അതാണു സംഗതി. അല്ലാതെ നമ്മുടെ കാരണവര്‍ കവികളുമായി ഒരു ബന്ധവും അബദ്ധത്തില്‍ പോലും ഉണ്ടാക്കാന്‍ വഴിയില്ല.
സ്വാതന്ത്ര്യദിനം പ്രമാണിച്ച് വൈ.എഫ്. 'സ്വാതന്ത്ര്യസംരക്ഷണം' എന്നോ മറ്റോ ഒരു പരിപാടി സംഘടിപ്പിച്ചിട്ടുണ്ടായിരുന്നത്രെ. അതിനു മുഖ്യാതിഥിയായി വന്നതാണ്.
കിട്ട്യ ചാന്‍സല്ലേ കവിയോടൊന്നു സംസാരിക്കാനൊക്കുമോന്നു അച്ഛനെ സോപ്പടിച്ചു നോക്കി. അരമണിക്കൂറു കഴിഞ്ഞു വിളിക്കാന്‍.
അരമണിക്കൂര്‍ കടിച്ചുപിടിച്ചു കാത്തിരുന്നു. റിങ്ങു ചെയ്തപ്പോള്‍ അങ്ങേത്തലയ്ക്ക് ആ പരുപരുത്ത, എന്നാല്‍ പതുപതുത്ത ശബ്ദം!
സംസാരിക്കുമ്പോള്‍ ഒരു ജാടയുമില്ല! പച്ചമനുഷ്യന്‍. വളരെ പതുപതുത്ത സംസാരം. കാനഡയിലെ താമസത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചു. എന്നാണു നാട്ടിലെത്തുന്നതെന്നും നാട്ടിലെത്തുമ്പോള്‍ കോണ്ടാക്റ്റു ചെയ്യണമെന്നും പറഞ്ഞു.
ബ്ളോഗു വിശേഷങ്ങളെക്കുറിച്ചൊക്കെ ഞാനൊരു നീണ്ട പ്രഭാഷണം തന്നെ നടത്തി.
കൂഴൂരിനേയും വിഷ്ണുപ്രസാദ് മാഷിനെയും എനിക്കു ബ്ളോഗുവഴി പരിചയമുണ്ടെന്നൊക്കെ തട്ടിവിട്ടു. ഷൊര്‍ണ്ണൂരിലെ കവി സംഗമത്തെക്കുറിച്ചൊക്കെ പറഞ്ഞു. കൂഴൂരിനെയും വിഷ്ണുമാഷെയും പറ്റി 'വളരെ ശക്തരായ കവികള്‍' എന്നാണദ്ദേഹം പറഞ്ഞത്.
ഇപ്പോള്‍ കൊല്ലത്താണു താമസം. തിരുവനന്തപുരത്ത് വിദ്യാഭ്യാസ ഡയറക്റ്ററേറ്റില്‍ ജോലി.
നാട്ടില്‍ വന്നാല്‍ കോണ്ടാക്റ്റു ചെയ്യണമെന്നും ഫോണ്‍നമ്പര്‍ അച്ഛന്‍റെ കയ്യില്‍ കൊടുക്കാമെന്നും പറഞ്ഞു.
ജെസ്സിയുടെ കാവ്യകാരനുമായി നേരില്‍ സംസാരിക്കാന്‍ പറ്റിയത് ഒരു ഭാഗ്യമായി കരുതുന്നു.
ദേ എന്‍റെ സന്തോഷം നിങ്ങളുമായി പങ്കു വയ്ക്കുന്നു. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ..!
2008, ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച
കവിയുമായൊരു വിര്‍ച്വല്‍ അഭിമുഖം
സമയം:
6:51 PM
23
പ്രതികരണങ്ങള്‍
Labels: അഭിമുഖം
2008, ഓഗസ്റ്റ് 12, ചൊവ്വാഴ്ച
അക്ഷമ
എത്ര നേരമായി
'അങ്ങോട്ടുമില്ല' 'എങ്ങോട്ടുമില്ലെന്ന'
ഞരക്കം മാത്രം കേട്ട്,
ഒരു നെഞ്ഞത്തടിയും നിലവിളിയും
അടുത്തനിമിഷമെങ്കിലും
പുറത്തേക്കിറങ്ങിവരുമെന്ന്
പ്രതീക്ഷിച്ച്,
അക്ഷമ തിന്ന്,
ഞാനീ ഉമ്മറത്തിണ്ണയിലിരിക്കുന്നു..
കിണറ്റുവക്കില്‍ വച്ചിട്ടു പോന്ന കുഞ്ഞ്,
ക്ഷമയുടെ നെല്ലിപ്പടിക്കല്‍ വച്ചിട്ടുപോന്ന ബില്ലുകള്‍,
ബോസിന്‍റെ അരവാതിലിനകത്ത്
പിടിച്ചുതിന്നാന്‍ ആളെ കാത്തിരിക്കുന്ന ശകാരങ്ങള്‍,
അടുക്കളപ്പുറത്തെ ആവലാതികള്‍,
ചീട്ടുകളിക്ക് കോറം തികയാതെപോയതിന്‍റെ
മലയാണ്മവിടാത്ത തെറികള്‍,
മുതലയുടെ വീട്ടില്‍ സദ്യയ്ക്കുപോയ
കുരങ്ങനെപ്പോലെ
ഹൃദയം മരക്കൊമ്പില്‍ മറന്നു വച്ചിട്ടു വന്നതാണു ഞാന്‍.
ഇനിയും വൈകിയാല്‍..
ഈ പൊക്കിള്‍കൊടിയുടെ ഇങ്ങേയറ്റം മുറിച്ചുകളഞ്ഞ്
ഞാനെന്‍റെ പാട്ടിനുപോകും, പറഞ്ഞേക്കാം..
സമയം:
7:48 AM
39
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ഓഗസ്റ്റ് 11, തിങ്കളാഴ്‌ച
സംഗീതം കിട്ടി!
പണിക്കര്‍ സാറിന് ഒരായിരം നന്ദി.
എന്‍റെ ഒരു പൊട്ടപ്പാട്ടിനു കൂടി അദ്ദേഹം ജീവനൂതിത്തന്നിരിക്കുന്നു..
പാട്ട് ഇവിടെ കേള്‍ക്കൂ..
സമയം:
7:29 PM
4
പ്രതികരണങ്ങള്‍
Labels: സംഗീതം
2008, ഓഗസ്റ്റ് 7, വ്യാഴാഴ്‌ച
ദാ ഇതു കണ്ടിട്ടെന്തു തോന്നുന്നു?
ഓ.ടോ. മാമുക്കോയയെപ്പറ്റി അല്ല! :)
സമയം:
9:34 PM
18
പ്രതികരണങ്ങള്‍
Labels: മതം.. മതം
2008, ഓഗസ്റ്റ് 3, ഞായറാഴ്‌ച
കഥയില്‍ നിന്ന് ധിക്കരിച്ചിറങ്ങിപ്പോയ കഥാപാത്രം
കൌസേടത്തി.
(കഥയില്‍ നിന്ന് ധിക്കരിച്ചിറങ്ങിപ്പോയ
കഥാപാത്രം.)
കണ്ണുകളില്‍ ഖനീഭവിച്ച ഉപ്പുരസം
കൈകളില്‍ വിശപ്പുരുട്ടിയ തഴമ്പ്
മുഖത്തിനു ചേരാത്ത മേല്‍മീശ പോലൊരു ചിരി
തലതെറിച്ച സന്താനങ്ങളുടേയും,
നെഞ്ചുംകൂടു പൊളിച്ച്
പുറത്തു ചാടുന്ന ജീവശ്വാസത്തെ
ചുമച്ചാശ്വസിപ്പിക്കുന്ന കയറ്റുകട്ടിലിന്‍റേയും
കറവ വറ്റിപ്പോയ അകിട്.
കണ്ണീച്ചോരയില്ലാഞ്ഞ പ്രപിതാക്കന്മാരു്
പറമ്പിലെ കല്‍വിളക്കിന്‍റെ ചോട്ടില്‍
'തൊട്ടാല്‍ പ്രാന്തെന്ന്' കുഴിച്ചിട്ടേച്ചും പോയ
നിധിക്കു മുകളില്‍
വിശന്നു തളര്‍ന്നുറങ്ങുന്ന ഭൂതം.
മക്കള്‍ക്ക് വറ്റില്ലാക്കഞ്ഞിയൂട്ടി,
ഭീതിയുടെ മുകളില്‍
കീറപ്പായ വിരിച്ച്, പൂച്ചയുറക്കം.
കല്‍വിളക്കിലെ തിരിയണയുന്നുണ്ടോ?
കഥയറിയാത്ത കള്ളന്മാരെങ്ങാന്‍
തറ മാന്തുന്നുണ്ടോ?
ചാവിന്നു നല്ലനാള്‍ നോക്കിക്കിടന്നിരുന്ന
കെട്ട്യോനെന്ന പേക്കോലത്തെക്കൊണ്ടോ
തലതിരിഞ്ഞ് വീടിനും നാടിനും വേണ്ടാതായ
ആണ്‍മക്കളെക്കൊണ്ടോ നിധിയെടുപ്പിച്ച്,
കീറിപ്പറിഞ്ഞ ബ്ലൌസിനും
ഹുക്കില്ലാത്ത ബോഡീസിനും ഇടയിലൂടെ
തലനീട്ടി അലോസരപ്പെടുത്തിക്കൊണ്ടിരുന്ന
ഉണങ്ങിച്ചപ്പിയ മുലക്കണ്ണുകളെ
ഒരു കോടിത്തുണികൊണ്ടു മറച്ച്,
എന്നെങ്കിലുമൊരിക്കല്‍,
വേദന തീണ്ടി വെടക്കാക്കാത്ത ഒരു ചിരിയും തന്ന്
എന്‍റെ ദുഃസ്വപ്നങ്ങളില്‍ നിന്നും
ഇറങ്ങിപ്പോകുമെന്ന്,
വെറുതേ ആശിച്ചു.
ഒടുക്കം,
കുതിരവട്ടത്തെ 6' X 8' സെല്ലില്‍
'അയ്യോ എന്‍റെ നിധികൊണ്ടുപോണേ'
എന്ന് അഴിയില്‍ തലതല്ലിപ്പൊളിച്ച്
പിടഞ്ഞൊടുങ്ങിപ്പോകുമ്പോള്‍
നിധിയിരിക്കുന്ന കല്‍വിളക്കില് തിരിവയ്ക്കാന്‍
ആളില്ലാതെ പോകുമെന്നെങ്കിലും
ഓര്‍ക്കാഞ്ഞതെന്തേ?
സമയം:
11:27 PM
26
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍