2008, ജൂലൈ 16, ബുധനാഴ്‌ച

അപ്പൂപ്പന്‍താടി



ഓര്‍മ്മയുടെ വീഞ്ഞപ്പെട്ടി കുടഞ്ഞിട്ടപ്പോഴാണ്‌
കുറെ അപ്പൂപ്പന്‍താടികള്‍ക്കൊപ്പം
നീയും പുറത്തു ചാടിയത്‌.

സിദ്ധാര്‍ത്ഥന്‍ മാഷിന്‍റെ
വേലിയെ മാനിക്കാതിരുന്നത്‌
അപ്പൂപ്പന്‍ താടികളും
നീയും മാത്രമായിരുന്നു

സ്വാതന്ത്ര്യാഘോഷത്തിനിടയ്ക്ക്‌
വഴിതെറ്റി വേലിയില്‍ കുടുങ്ങിപ്പോകുന്ന
അപ്പൂപ്പന്‍ താടികളെ
വേലിക്കപ്പുറത്തെ വാഗ്ദാനങ്ങളിലേയ്ക്ക്‌
ഊതിപ്പറത്തിയാണ്‌ നമ്മള്‌
കൂട്ടുകാരായത്‌.

തുളവീണ മുഷിഞ്ഞ ഷമ്മീസിന്‍റെ
ക്യൂട്ടക്സിളകിപ്പോയ കൈനഖത്തിന്‍റെ
കുത്തിത്തുളപ്പിച്ച കാതില്‍
ഈര്‍ക്കിലിതിരുകിച്ച ഇല്ലായ്മയുടെ
അശരണതയുടെ, ഭീതിയുടേയും
നിന്‍റേതായിരുന്ന മണങ്ങള്‌
ഖനീഭവിച്ച്‌ മഞ്ചാടികളായി
കിടപ്പുണ്ടെന്‍റെ മനസ്സില്‍

പറന്നുയര്‍ന്നു പോകുന്ന
അപ്പൂപ്പന്‍താടികളെ മാത്രമായിരുന്നോ
നീ സ്നേഹിച്ചത്‌?

28 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഇന്നത്തെ ചിന്തകള്‍.. വേലിക്കപ്പുറത്തേക്കു പറന്നു പോയ ഒരു അപ്പൂപ്പന്‍താടിക്ക്‌.

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

"തുളവീണ മുഷിഞ്ഞ ഷമ്മീസിന്‍റെ
ക്യൂട്ടക്സിളകിപ്പോയ കൈനഖത്തിന്‍റെ
കുത്തിത്തുളപ്പിച്ച കാതില്‍
ഈര്‍ക്കിലിതിരുകിച്ച ഇല്ലായ്മയുടെ
അശരണതയുടെ, ഭീതിയുടേയും
നിന്‍റേതായിരുന്ന മണങ്ങള്‌
ഖനീഭവിച്ച്‌ മഞ്ചാടികളായി
കിടപ്പുണ്ടെന്‍റെ മനസ്സില്‍"

ഈ പാമുവണ്ണനെക്കൊണ്ട്
തോറ്റു, രവിലെത്തന്നെ ഇങ്ങനെ ഓരോന്ന്
പറഞ്ഞ് കൊതിപ്പിക്കും

ഹാരിസ്‌ എടവന പറഞ്ഞു...

പറന്നുയര്‍ന്നു പോകുന്ന
അപ്പൂപ്പന്‍താടികളെ മാത്രമായിരുന്നോ
നീ സ്നേഹിച്ചത്‌?
ശരിക്കും ഭാരമില്ലാത്ത മോഹങ്ങള്‍ ആണു
അപൂപ്പന്‍ താടികള്‍

ശ്രീ പറഞ്ഞു...

അപ്പൂപ്പന്‍ താടിയും മഞ്ചാടിയും... കൊള്ളാം മാഷേ.

ചന്ദ്രകാന്തം പറഞ്ഞു...

അപ്പൂപ്പന്‍‌താടിയുടെ സ്വാതന്ത്ര്യം വേലിയ്ക്കലോളം..
അവിടെനിന്നും ഊതിപ്പറത്തുന്ന വഴിയേ....അപ്പുറത്തേയ്ക്കോ..ഇപ്പുറത്തേയ്ക്കോ..അതോ കയ്യെത്താത്ത ഉയരത്തിലേയ്ക്കോ..

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

പറക്കുന്ന അപ്പൂപ്പന്‍‌താടികളെ എന്നിക്കിഷ്ടമാണ്.

വേലിയ്ക്കപ്പുറത്തെ അപ്പൂപ്പന്‍‌താടിയ്ക്ക് നല്ല ഭംഗി

കാപ്പിലാന്‍ പറഞ്ഞു...

പറന്നുയര്‍ന്നു പോകുന്ന
അപ്പൂപ്പന്‍താടികളെ മാത്രമായിരുന്നോ
നീ സ്നേഹിച്ചത്‌?


ഇതെനിക്കിഷ്ടമായി ..ഒരുപാട് ...കവിത പൊതുവേ നന്നായിരിക്കുന്നു :)
എന്നെ ബാല്യ കാലങ്ങളിലേക്ക് കൂട്ടികൊണ്ടുപോകുന്നു ഈ വരികള്‍

Sanal Kumar Sasidharan പറഞ്ഞു...

തുളവീണ മുഷിഞ്ഞ ഷമ്മീസിന്‍റെ
ക്യൂട്ടക്സിളകിപ്പോയ കൈനഖത്തിന്‍റെ
കുത്തിത്തുളപ്പിച്ച കാതില്‍
ഈര്‍ക്കിലിതിരുകിച്ച ഇല്ലായ്മയുടെ......

മനോഹരം..നിങ്ങളെഴുതിയതിൽ ഏറ്റവും മനോഹരം
ഇവിടെയും ഉണ്ട് ഒരു ചെറിയ അപ്പൂപ്പൻ താടി.

Sharu (Ansha Muneer) പറഞ്ഞു...

കവിത വളരെ ഇഷ്ടമായി....പ്രത്യേകിച്ച് ഈ വരികള്‍
“തുളവീണ മുഷിഞ്ഞ ഷമ്മീസിന്‍റെ
ക്യൂട്ടക്സിളകിപ്പോയ കൈനഖത്തിന്‍റെ
കുത്തിത്തുളപ്പിച്ച കാതില്‍
ഈര്‍ക്കിലിതിരുകിച്ച ഇല്ലായ്മയുടെ
അശരണതയുടെ, ഭീതിയുടേയും
നിന്‍റേതായിരുന്ന മണങ്ങള്‌
ഖനീഭവിച്ച്‌ മഞ്ചാടികളായി
കിടപ്പുണ്ടെന്‍റെ മനസ്സില്‍"

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

അപ്പൂപ്പന്‍ താടിയിലുപ്പിട്ടു വെക്കുന്ന ചെപ്പടി വിദ്യ കാണാം എന്നു പാടാന്‍ തോന്നണൂ..
അപ്പൂപ്പന്‍ താടികളെ എനിക്കൊത്തിരി ഇഷ്ടമാണ്.ഈ പ്രായത്തിലും അപ്പൂപ്പന്‍ താടി കിട്ടിയാല്‍ മക്കളോടൊപ്പം അതു ഊതി പറത്തി കളിക്കാന്‍ എന്തു രസമാ
നല്ല കവിത

തണല്‍ പറഞ്ഞു...

പാമരാ,
ഇമ്മിണി ബല്യ ഒന്നിലേക്ക് ഇങ്ങള് കേറികൊണ്ടേയിരിക്കുന്നു.:)
“അശരണതയുടെ, ഭീതിയുടേയും
നിന്‍റേതായിരുന്ന മണങ്ങള്‌
ഖനീഭവിച്ച്‌ മഞ്ചാടികളായി
കിടപ്പുണ്ടെന്‍റെ മനസ്സില്‍“
കൂടുതകര്‍ത്ത് എന്തൊക്കെയോ പറന്നുയരുന്നല്ലോ കൂട്ടുകാരാ..
:(

ജ്യോനവന്‍ പറഞ്ഞു...

'മനോഹരം' എന്ന ഒറ്റവാക്ക്
അതിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുന്നു.

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

"പറന്നുയര്‍ന്നു പോകുന്ന
അപ്പൂപ്പന്‍താടികളെ മാത്രമായിരുന്നോ
നീ സ്നേഹിച്ചത്‌?"
truth is always truth

ഹരിത് പറഞ്ഞു...

പാമൂസ്, ഈയിടെയായി കവിതകളില്‍ താങ്കള്‍ ഒരു പണ്ഡിതനായ പോലൊരു തോന്നല്‍. മെച്ചമായ കവിതകള്‍. കൊള്ളാം.

Typist | എഴുത്തുകാരി പറഞ്ഞു...

അപ്പൂപ്പന്‍താടിയുടെ പടവും കൊള്ളാം, കവിതയും കൊള്ളാം.

സുനീഷ് പറഞ്ഞു...

പാമരന്‍‌ജീ എഴുതിയെഴുതി നിങ്ങള്‍ കവിയായിരിക്കുന്നു. അല്ലെങ്കില്‍ കവിയായ നിങ്ങള്‍ കവിത എഴുതിത്തുടങ്ങിയിരിക്കുന്നു. :)
"തുളവീണ മുഷിഞ്ഞ ഷമ്മീസിന്‍റെ
ക്യൂട്ടക്സിളകിപ്പോയ കൈനഖത്തിന്‍റെ
കുത്തിത്തുളപ്പിച്ച കാതില്‍
ഈര്‍ക്കിലിതിരുകിച്ച ഇല്ലായ്മയുടെ
അശരണതയുടെ, ഭീതിയുടേയും
നിന്‍റേതായിരുന്ന മണങ്ങള്‌
ഖനീഭവിച്ച്‌ മഞ്ചാടികളായി
കിടപ്പുണ്ടെന്‍റെ മനസ്സില്‍"
അപ്പൂപ്പന്‍‌താടികള്‍ ഇനിയും പറക്കട്ടെ; അടുത്ത തലമുറയുടെ വിത്തുകള്‍ പാകാനെങ്കിലും.

Unknown പറഞ്ഞു...

പറന്നുയര്‍ന്നു പോകുന്ന
അപ്പൂപ്പന്‍താടികളെ മാത്രമായിരുന്നോ
നീ സ്നേഹിച്ചത്‌?
പറന്നു പോകുന്ന അപ്പൂപ്പന്‍ താടികളെ കുട്ടികാലത്ത് കൌതുകത്തോടെ നോക്കി നിന്നിട്ടുണ്ട്
ബാല്യത്തിലെ കളികൂട്ടുകാരിക്കൊപ്പം
ആ അപ്പൂപ്പന്‍ താടി പിടിക്കാന്‍ ഓടി നടന്ന ആ ഓര്‍മ്മ ഇപ്പോഴും മനസ്സില്‍ ഉണ്ട്.
കാലം എത്ര മായ്ച്ചാലും മായാത്ത കുറെ ഓര്‍മ്മകള്‍
മനസ്സില്‍ അവ അപ്പൂപ്പന്‍ താടി പോലെ
പറന്നു നടക്കുകയാണ്.
പാമു
മനസ്സില്‍ നിറയുന്നു
മനോഹരമായ
ഒരു കവിത കൂടി
ആശംസകള്‍
സസ്ശേനഹം
പിള്ളേച്ചന്‍

siva // ശിവ പറഞ്ഞു...

എത്ര സുന്ദരമായ ചിന്ത...വരികള്‍...

എന്റെ മനസ്സിലും കിടപ്പുണ്ട് കുറേ മഞ്ചാടികള്‍...

സസ്നേഹം,

ശിവ.

പാമരന്‍ പറഞ്ഞു...

രണ്‍ജിത്തേ, :)

ഹാരിസ്‌, ശ്രീ, ചന്ദ്രകാന്തം, പ്രിയ, നന്ദി.

കാപ്പൂ :) സിന്ധു?

സനാതനന്‍ജി, നന്ദി.

ഷാരു, കാന്താരി, നന്ദി.

തണലേ.. ജ്യോനവന്‍ജീ, ജിതേന്ദ്രന്‍ജി, ഹാരിസിക്ക, നന്ദി.

ഹരിത്തേ :)

എഴുത്തുകാരി, നന്ദി.

സുനീഷ്ജി, ലൈഫിലൊരിക്കലെങ്കിലും നല്ല നാലുവരിയെഴുതാന്‍ ഏതു പാമരനും കഴിയുമായിരിക്കും :) ഈ കമന്‍റിലെ ആത്മാര്‍ത്ഥയ്ക്ക്‌ എങ്ങനെ നന്ദി പറയണമെന്നറിയില്ല.

പിള്ളേച്ചാ, ശിവ, നന്ദി.

കരീം മാഷ്‌ പറഞ്ഞു...

പറന്നുയര്‍ന്നു പോകുന്ന
അപ്പൂപ്പന്‍താടികളെ മാത്രമായിരുന്നോ
നീ സ്നേഹിച്ചത്‌?
സത്യം!
നനഞ്ഞൊട്ടിയവയെ മുടിച്ചു ദൂരെക്കളയുകയും!!

കാവലാന്‍ പറഞ്ഞു...

പാമരാാ ആ വീഞ്ഞപ്പെട്ടി ഇടയ്ക്കിടയ്ക്കിങ്ങനെ കുടഞ്ഞു നോക്കണേ,അതിലെകുന്നിമണികളും,വളപ്പൊട്ടുകളും,
ഉണങ്ങിയ ചെമ്പകപ്പൂവിതളുകളും പറയുന്ന കഥകള്‍ ഞങ്ങളുമായിനിയും പങ്കുവെയ്ക്കണേ.

Sarija NS പറഞ്ഞു...

അപ്പൂപ്പന്‍താടികളെ കണ്ടു വളര്‍ന്ന ബാല്യത്തിണ്ടെ ഓര്‍മ്മകളെ നീ പൊടി തട്ടി തിരിച്ചു തന്നല്ലൊ പാമര. പക്ഷെ നിണ്ടെ കവിത അപ്പുപ്പന്‍‌താടി പോലല്ലാ അതിണ്ടെ കടുപ്പമുള്ള പുറന്തോട് പോലെയാണ്. അഭിനന്ദനങ്ങള്‍

മൂര്‍ത്തി പറഞ്ഞു...

പാമരാ വായിക്കുന്നുണ്ടേ...

മാണിക്യം പറഞ്ഞു...

ഘനമില്ലാതെ
അപ്പൂപ്പന്‍‌ താടി പോലെ
ഓര്‍മകള്‍ പാറുന്നു
സ്വതന്ത്രമായ് പറക്കുന്നു
എന്നിട്ടും .....

അരുണ്‍ രാജ R. D പറഞ്ഞു...

ഒരിക്കല്‍ അപ്പൂപ്പന്‍ താടി പറത്തി, താടി പൊട്ടിയുട്ടുല്ലതിന്റെ ബലത്തില്‍ പറയുകയാണ്‌. മേലോട്ട് പോകുന്ന അപ്പോപ്പന്‍ താടിയേക്കാള്‍ സ്നേഹിക്കാന്‍ കൊള്ളാവുന്നത് താടി പോയ അപ്പൂപ്പന്‍ താടികളെയാണ്...

അതാവുമ്പോള്‍ മേലോട്ട് പറപ്പിക്കാന്‍ Isro യില്‍ നിന്ന് റോക്കറ്റ് വാങ്ങേണ്ടി വരും...

aneeshans പറഞ്ഞു...

:) നല്ല കവിത.ഇഷ്ടമായി പ്രത്യേകിച്ചും നല്ല തെളിച്ചമുണ്ട് വരികള്‍ക്ക് എവിടെയും തടയാതെയുള്ള ഒരു ഒഴുക്ക്. ഇഷ്ടമായി

നിരക്ഷരൻ പറഞ്ഞു...

അല്ല പാമൂ...
നിന്നെയും അവളന്ന് സ്നേഹിച്ചിരുന്നു :)അതിന് തെളിവായി അവളിപ്പോഴും നിന്റെ കൂടെയില്ലേ ? :)

nazarmalolmuku പറഞ്ഞു...

dear Pamaran,
i honour your true words of life.
(i coudnt write in malayalam.)
thanks for share.
nazarmalolmuku.