
ഒരു നേര്‍ത്ത പുകച്ചുരുളായാണ്
അവളാദ്യം വന്നത്..
ചത്തുറങ്ങിപ്പോയ രാത്രികളില്‍
അതു പതുക്കെ കനത്തു.
പിന്നെ താഴേക്കൊഴുകാന്‍ വിസമ്മതിച്ച
ഒരു കണ്ണുനീര്‍ത്തുള്ളി,
ജനിക്കാന്‍ സമരം ചെയ്ത ചില വാക്കുകള്‍,
കടിച്ചമര്‍ത്തലില്‍ നിന്ന്
വിടുതല്‍ നേടിയൊരു നീറ്റല്‍.
ഓരോന്നായി യാഥാര്‍ത്ഥ്യത്തിന്‍റെ
കുപ്പായമിട്ടു വന്നു.
കണ്ണുകളായിരുന്നു
ഒടുക്കം തെളിഞ്ഞു വന്നത്.
കണ്ണുകള്‍ക്കു മുന്പേ പിറന്ന ഒരു നോട്ടം
കൊരവള്ളിക്കു പിടിച്ച്
അതിന്‍റെ ആഴത്തിലേക്കു
മുക്കിക്കളഞ്ഞു.
ഇത്തിരി ശ്വാസം വേണമെന്ന്
എനിക്കു വേണ്ടിത്തന്നെ മിടിച്ചുകൊണ്ടിരുന്ന ഹൃദയം
നിലവിളിച്ചു തുടങ്ങിയപ്പോഴേയ്ക്കും
ആഴം പൂര്‍ണ്ണമായും
വിഴുങ്ങിക്കളഞ്ഞിരുന്നു.
മിഥ്യയും യാഥാര്‍ത്ഥ്യവും
കൊമ്പുകോര്‍ത്തിട്ടൊടുവില്‍,
ചിമ്മിത്തുറന്ന കണ്ണില്‍ നിന്നും
തള്ളിപ്പുറത്താക്കപ്പെട്ട ഒരു തുള്ളി
ഞാനായിരുന്നു.
നിലത്തുവീണുടഞ്ഞുപോയ
എന്നെ പെറുക്കിക്കൂട്ടുകയാണു ഞാനിപ്പോള്‍..
2008 ജൂലൈ 12, ശനിയാഴ്‌ച
പ്രണയം
സമയം:
11:26 PM
31
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008 ജൂലൈ 9, ബുധനാഴ്‌ച
തീപ്പെട്ടിക്കൊള്ളി

ഒരു തീയായി ആളുന്നത്
സ്വപ്നം കണ്ട്
വിധിഹിതത്തിന്‍റെ
നറുക്കു വീഴുന്നതും
കാത്തിരിക്കുന്നു.
ഒരൊറ്റ ആളലേയുള്ളൂ.
നിലവിളക്കിലെ സൌമ്യതയായോ
അടുപ്പിലെ വേവായോ
പുനര്‍ജനിക്കേണ്ടി വരും.
അടക്കിവച്ച അസഹിഷ്ണുതകളെ
കാട്ടുതീയായോ
പൊട്ടിത്തെറിയായോ
പൊലിപ്പിച്ചെടുക്കാന്‍
എല്ലാ കൊള്ളിക്കും ഭാഗ്യമില്ലല്ലോ.
സമയം:
10:05 PM
30
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008 ജൂലൈ 6, ഞായറാഴ്‌ച
സാമൂഹ്യപാഠം
ഏട്ടിലെ പശുവിനെ
തൊഴുത്തില്‍ കെട്ടി,
തീറ്റിത്തടിപ്പിച്ച്,
ഒരു ആനയാക്കിയെടുക്കാമോ
എന്നു നോക്കുകയായിരുന്നു.
ഏട്ടിലെപ്പശു പുല്ലു തിന്നില്ലെന്ന്
ഓര്‍ക്കായ്കയല്ല.
പശുവിനു തുമ്പി മുളയ്ക്കുന്നേയെന്നു കൂവി
കാളപ്രസവത്തിനു കയറുപിരിക്കണോരെക്കൂട്ടി
ഒരാനപ്പന്തിക്കു പിരിവെടുക്കാമെന്നോര്‍ത്തു.
വരിയുടച്ച കാള വേലിചാടിയതും
ചവിട്ടിക്കാതെ വച്ച പശു
നാലാളറിയെ ചെനച്ചതും
നാട്ടാരു മറക്കുമെന്നോര്‍ത്തു.
ഒടുവില്‍, ഏട്ടിലെപ്പശു
അരിയും തിന്ന്,
അപ്പോസ്തലനേം കടിച്ച്,
അരമനപ്പടിക്കെത്തന്നെ
പിണ്ടവും വെച്ചു.
----------------------
ഏട്ടിലെ പശു - കടലാസിലെ (പുസ്തകത്തിലെ) പശു
വരിയുടയ്ക്കുക - വന്ധ്യംകരിക്കുക
ചവിട്ടിക്കുക - പശുവിനെ ഗര്‍ഭിണിയാക്കാന്‍ വിത്തുകാളയുടെ അടുത്തു കൊണ്ടുപോകുന്ന ഏര്‍പ്പാട്.
ചെനയ്ക്കുക - പശു ഗര്‍ഭിണിയാവുന്നത്..
സമയം:
10:10 PM
19
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008 ജൂൺ 30, തിങ്കളാഴ്‌ച
ശംഖ് : ഒരു മാപ്പപേക്ഷ

ഓരോ ശംഖിലും
തന്‍റെ ആത്മാവിനെ ഊതിക്കയറ്റി
തീരത്തേയ്ക്കെറിഞ്ഞു തരികയാണ്
കടല്‍.
സൂനാമിയുടെ ദ്രുതതാളമോ
തിരിച്ചറിയപ്പെടാതെപോയ ആഴങ്ങളുടെ
നിസ്സംഗമായ നിശബ്ദതയോ ഒന്നും
കൂടുപൊട്ടിച്ചിറങ്ങുന്നില്ല
അതില്‍ നിന്നും.
ചെവിയില്‍ ചേര്‍ത്തു പിടിച്ചാല്‍ മാത്രം
ആ നേര്‍ത്ത പിടച്ചിലു കേള്‍ക്കാം.
ചിലവികൃതിക്കുട്ടികള്‍
ഒന്നുകുലുക്കിനോക്കിയിട്ട്
ഒന്നും കേള്‍ക്കുന്നില്ലെന്നു പറഞ്ഞ്
എറിഞ്ഞുടച്ചു കളയും,
എന്നേപ്പോലെത്തന്നെ.
നിലത്തുടഞ്ഞു കിടക്കുമ്പോഴും
ആവിപറന്നു പോകുന്ന ആത്മാവിനെ നോക്കി
വേദനയുടെ ഒരു ചിരിയെറിയാനും
അതിനു കഴിയുന്നതാണാശ്ചര്യം..!
സമയം:
2:19 PM
28
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008 ജൂൺ 18, ബുധനാഴ്‌ച
ഒരു തെണ്ടിയുടെ മരണം

ഞരങ്ങി നിന്ന വണ്ടിക്കടിയില്‍
ചെളുങ്ങിയൊരു പിച്ചപ്പാത്രം
ചിതറിത്തെറിച്ച നാലു നാണയങ്ങള്‍
ഒരു തുടം ചോര
ജനിക്കാനിടകിട്ടാതെപോയ ഒരു നിലവിളി
നാണം ചതഞ്ഞു പോയിടം മറയ്ക്കാന്‍
നാണമില്ലാത്തൊരു തുണിക്കഷണം
കാലിവയറു പിഞ്ഞി കാഷ്ഠം പുറത്തു വന്നതിന്
കാല്‍സരായിക്കാരുടെ മനംപിരട്ടല്‍
തിരിച്ചടയ്ക്കാന്‍ വയ്യാത്ത ഉണക്കവായില്
ഈച്ചകളുടെ അനുശോചന സമ്മേളനം
മുനിസിപ്പല്‍ ജീവനക്കാരന്‍റെ
ഓവര്‍ട്ടൈം തെറി
മറവു ചെയ്യാന്‍
ചരമക്കോളത്തില്‍ പോലും
ഒരുതുണ്ടുഭൂമിയില്ലാത്തവനേ,
മരണത്തിലൂടെയും ശല്യമാകാതെ
നിനക്ക് കാഴ്ചയുടെ പിന്നാമ്പുറത്തെങ്ങാന്‍
ജീവിച്ചുകൂടായിരുന്നോ?
സമയം:
10:07 PM
35
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008 ജൂൺ 15, ഞായറാഴ്‌ച
ഭ്രാന്ത്

സ്വാസ്ഥ്യത്തിന്‍റെ നേര്‍ത്ത വരമ്പൊന്ന്
മെത്തിക്കടന്ന് എത്തിനോക്കിയതാണ്
കുത്തിയൊഴുകിയ ചിന്തകളുടെ
സ്ഥൂലശരീരം വരമ്പിടിച്ചു കളഞ്ഞു
തിരിച്ചൊഴുകാമെന്നു വച്ചാല്‍
കെട്ടിക്കിടപ്പിനു അതിരുവയ്ക്കാനൊരു വരമ്പെവിടെ
വരമ്പില്ലായ്മയൊരു ലൈസന്‍സായെടുത്ത്
ആര്‍ത്തലച്ചു
സ്വന്തം വരമ്പില്ലാതായാല്‍
പിന്നേതുവരമ്പുമിടിക്കാമല്ലോ
വരമ്പുകളിടിച്ച് ഒഴുകിപ്പരന്ന്
യൌവ്വനത്തിനാഴം കുറഞ്ഞപ്പോള്‍
വരമ്പുകള്‍ക്കെന്തൊരു ഗര്‍വ്വ്!
ഒടുവിലൊന്നു കെട്ടിക്കിടക്കാനും
അതിരിലൊതുങ്ങാനും ആഗ്രഹിച്ച്
വിസ്തൃതിയുടെ ചങ്ങലയിലുരഞ്ഞ്
വറ്റിത്തീരുന്നു; ഭ്രാന്തപര്‍വ്വം..
സമയം:
9:41 AM
28
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008 ജൂൺ 7, ശനിയാഴ്‌ച
ഇരുട്ട് തിന്നുതുടങ്ങിയ ഒരു നാളം

ഇരുട്ട് പതുക്കെ തിന്നുതുടങ്ങിയ ഒരു നാളം
ഒരു നാളത്തെ പകുത്തൊട്ടിച്ച രണ്ടു കണ്ണുകള്‍
കരളുരുകിയൊലിച്ച രണ്ടു തുള്ളികള്‍
ഇരുട്ടെടുത്തുടുത്ത് നാണം മറച്ച കുഞ്ഞുടുപ്പ്
ഇല്ലായ്മയെ നാടറിയാതമര്‍ത്തിപ്പിടിച്ച പിഞ്ചുവയറു്
ദീനം പിടിച്ച ദൈന്യതയെ ചീറ്റിയൊഴുക്കുന്ന മൂക്ക്
അണകെട്ടിയിട്ട സങ്കടത്തിന്‍റെ തൊണ്ട ഞെക്കിപ്പിടിച്ചൊരേങ്ങല്‍
കറുത്ത കണ്ണട വെച്ചതുകൊണ്ടല്ലേ കുഞ്ഞേ,
നിന്നെ ഞാന്‍ കാണാത്തത്.
സമയം:
9:18 PM
24
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍