2008, ഓഗസ്റ്റ് 3, ഞായറാഴ്‌ച

കഥയില്‍ നിന്ന്‌ ധിക്കരിച്ചിറങ്ങിപ്പോയ കഥാപാത്രം

കൌസേടത്തി.
(കഥയില്‍ നിന്ന്‌ ധിക്കരിച്ചിറങ്ങിപ്പോയ
കഥാപാത്രം.)

കണ്ണുകളില്‍ ഖനീഭവിച്ച ഉപ്പുരസം
കൈകളില്‍ വിശപ്പുരുട്ടിയ തഴമ്പ്‌
മുഖത്തിനു ചേരാത്ത മേല്‍മീശ പോലൊരു ചിരി

തലതെറിച്ച സന്താനങ്ങളുടേയും,
നെഞ്ചുംകൂടു പൊളിച്ച്‌
പുറത്തു ചാടുന്ന ജീവശ്വാസത്തെ
ചുമച്ചാശ്വസിപ്പിക്കുന്ന കയറ്റുകട്ടിലിന്‍റേയും
കറവ വറ്റിപ്പോയ അകിട്‌.

കണ്ണീച്ചോരയില്ലാഞ്ഞ പ്രപിതാക്കന്മാരു്‌
പറമ്പിലെ കല്‍വിളക്കിന്‍റെ ചോട്ടില്‍
'തൊട്ടാല്‍ പ്രാന്തെന്ന്‌' കുഴിച്ചിട്ടേച്ചും പോയ
നിധിക്കു മുകളില്‍
വിശന്നു തളര്‍ന്നുറങ്ങുന്ന ഭൂതം.

മക്കള്‍ക്ക്‌ വറ്റില്ലാക്കഞ്ഞിയൂട്ടി,
ഭീതിയുടെ മുകളില്‍
കീറപ്പായ വിരിച്ച്‌, പൂച്ചയുറക്കം.
കല്‍വിളക്കിലെ തിരിയണയുന്നുണ്ടോ?
കഥയറിയാത്ത കള്ളന്മാരെങ്ങാന്‍
തറ മാന്തുന്നുണ്ടോ?

ചാവിന്നു നല്ലനാള്‍ നോക്കിക്കിടന്നിരുന്ന
കെട്ട്യോനെന്ന പേക്കോലത്തെക്കൊണ്ടോ
തലതിരിഞ്ഞ്‌ വീടിനും നാടിനും വേണ്ടാതായ
ആണ്‍മക്കളെക്കൊണ്ടോ നിധിയെടുപ്പിച്ച്‌,
കീറിപ്പറിഞ്ഞ ബ്ലൌസിനും
ഹുക്കില്ലാത്ത ബോഡീസിനും ഇടയിലൂടെ
തലനീട്ടി അലോസരപ്പെടുത്തിക്കൊണ്ടിരുന്ന
ഉണങ്ങിച്ചപ്പിയ മുലക്കണ്ണുകളെ
ഒരു കോടിത്തുണികൊണ്ടു മറച്ച്‌,
എന്നെങ്കിലുമൊരിക്കല്‍,
വേദന തീണ്ടി വെടക്കാക്കാത്ത ഒരു ചിരിയും തന്ന്‌
എന്‍റെ ദുഃസ്വപ്നങ്ങളില്‍ നിന്നും
ഇറങ്ങിപ്പോകുമെന്ന്‌,
വെറുതേ ആശിച്ചു.

ഒടുക്കം,
കുതിരവട്ടത്തെ 6' X 8' സെല്ലില്‍
'അയ്യോ എന്‍റെ നിധികൊണ്ടുപോണേ'
എന്ന്‌ അഴിയില്‍ തലതല്ലിപ്പൊളിച്ച്‌
പിടഞ്ഞൊടുങ്ങിപ്പോകുമ്പോള്‍
നിധിയിരിക്കുന്ന കല്‍വിളക്കില്‌ തിരിവയ്ക്കാന്‍
ആളില്ലാതെ പോകുമെന്നെങ്കിലും
ഓര്‍ക്കാഞ്ഞതെന്തേ?

26 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

കഥയില്‍ നിന്ന്‌ ധിക്കരിച്ചിറങ്ങിപ്പോയ കഥാപാത്രം.

ഇതു കഥയും കവിതയുമൊന്നുമല്ല. കുറേ നാളായി കൌസേടത്തിയെ മനസ്സില്‍ നിന്നിറക്കി വിടാന്‍ ശ്രമിക്കുന്നു. അവരെപ്പറ്റി ഒരു കഥയോ കവിതയോ എഴുതാന്‍ എനിക്കു കഴിവില്ല. എനിക്കെഴുതാനറിയാവുന്നതിന്‍റെ അതിരില്‍ പിടിച്ചു കെട്ടാനും കഴിയുന്നില്ല. കഥാപാത്രത്തെ മാത്രം ഇവിടെ ഇറക്കിവിടുന്നു.

കാവലാന്‍ പറഞ്ഞു...

പന്നപ്പാമരാ........

നീ കവിതയുടെ തൊണ്ടില്‍ വെടിയുപ്പും ഗന്ധകവും നിറച്ച് എന്നെ എറിഞ്ഞങ്ങു കൊല്ല്.

നിന്റെ കവിത പകരുന്ന ഭാവത്തിന്
എപ്പൊഴും മനുഷ്യത്വത്തിന്റെ അവശേഷിക്കുന്ന സ്പന്ദനങ്ങള്‍.
കണ്ണീരും വിയര്‍പ്പും കലര്‍ന്ന ഉപ്പു ചൊവ,
രോദനങ്ങളുടെ ഈണം....
പറഞ്ഞു പറഞ്ഞ് പാമരാ നീ ഉള്ളും തുരന്ന് പോകുന്നു...

അതങ്ങനെ തന്നെ വേണം :) അഭിനന്ദനങ്ങള്‍.

പിന്നെ,
കീറിപ്പറിഞ്ഞ ബ്ലൌസിനും
ഹുക്കില്ലാത്ത 'ബ്രെയിസറിനും' ഇടയിലൂടെ
തലനീട്ടി അലോസരപ്പെടുത്തിക്കൊണ്ടിരുന്ന..."

അവിടെ ബോഡീസ് എന്നാക്കിയാല്‍ ചേരുമോ?

പാമരന്‍ പറഞ്ഞു...

എപ്പോ ആക്കീന്നു ചോദിച്ചാപ്പോരെ? 'ബോഡീസ്‌' ലോക്കലായതുകൊണ്ട്‌ മനസ്സിലാവുമോ എന്നു പേടിച്ചു.. നന്ദി.. നിങ്ങളു വന്നില്ലായിരുന്നേല്‍ ഞാനിതു ഡിലീറ്റിപ്പോയേനെ..

കരീം മാഷ്‌ പറഞ്ഞു...

നിധിയിരിക്കുന്നിടം കിളക്കാൻ നട്ടപ്പാതിരക്കു മണ്ണെണ്ണ വിളക്കും കൊളുത്തി പറമ്പിന്റെ മൂലയിൽ കരിമ്പാറയിൽ പിക്കാസുകൊണ്ടു ആഞ്ഞുവെട്ടിയിരുന്ന ഒരു പിരാന്തന്റെ ഓർമ്മ തിരിച്ചു തന്നതിനു നന്ദി.
എന്റെ അടുത്ത കഥയിലെക്കു ഞാൻ അയാളെ ആവാഹിക്കട്ടെ!
പാമരൻ (നന്ദി... ഒരായിരം)

കാവലാന്‍ പറഞ്ഞു...

ലോക്കലില്‍നിന്നുയിരാതെ റോയലുണ്ടാവുന്നില്ല പാമരാ...
മനസ്സിലാവാത്തവരെ മനസ്സിലാക്കിക്കൊടുക്കാനും ആര്‍ക്കുമാവില്ല.

തെരഞ്ഞെടുക്കപ്പെട്ട വര്‍ക്കു വേണ്ടിയല്ല എല്ലാവര്‍ക്കും തെരഞ്ഞെടുക്കാന്‍ വേണ്ടി എഴുതൂ.

ശ്രീവല്ലഭന്‍. പറഞ്ഞു...

കവിത വളരെ ഇഷ്ടപ്പെട്ടു. ഒരു നൊമ്പരം സമ്മാനിച്ചു.

Rare Rose പറഞ്ഞു...

കഥയില്‍ നിന്നിറങ്ങി പോയ ദൈന്യതയുടെ ആ രൂപം മനസ്സില്‍ നിന്നിറങ്ങി പോണില്ലല്ലോ പാമരന്‍ ജീ....:(....അറിയാവുന്നതിന്റെ അതിരു ഒരുപാട് വലുതാണെന്നു മനസ്സിലാകുന്നു........

തണല്‍ പറഞ്ഞു...

വന്നിരുന്നു,,
തരാനായി ഒരു വാക്കുപോലും തൊണ്ടയില്‍ ഉണരാത്തതിനാല്‍ തിരിച്ചു പോകുന്നു..
..ന്നാലുമെന്റെ പാമരാ,
ധിക്കരിച്ചിറങ്ങിവന്ന ഈ കഥാപാത്രം എന്റെ പ്രാണന്റെ ദിക്കുകളെല്ലാം എരിയിച്ചു കൊണ്ടെയിരിക്കുന്നുവല്ലോ....
:(

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

ഞാന്‍ കാണുന്നുണ്ട് പാമുവണ്ണാ
കൗസുവേടത്തിയെ,
നിധിയുടെ സാമീപ്യം കൊണ്ട്
മിന്നലേറ്റ് തല പോയ മണ്ടത്തെങ്ങുകളുള്ള
തെക്കേപ്പറമ്പില്‍,
കൊഴിഞ്ഞു വീഴുന്ന ഓലയും മടലും പെറുക്കി
വെച്ച് പതം പറയുന്ന,
കരിയിലയടിച്ചുകൂട്ടി തീയിട്ട് പിറുപിറുക്കുന്ന.....കൗസുവേടത്തിയെ,

ഖനീഭവിച്ച ഉപ്പുരസം
കറവ വറ്റിപ്പോയ അകിട്‌,
കീറപ്പായ വിരിച്ച്‌, പൂച്ചയുറക്കം,
ഉണങ്ങിച്ചപ്പിയ മുലക്കണ്ണുകള്‍,...

അഴിയില്‍ തലതല്ലിപ്പൊളിച്ച്‌
പിടഞ്ഞൊടുങ്ങിപ്പോകുമ്പോള്‍.....

അയല്പക്കത്തിന്റെ,
സമാന്തരമായ ഗ്രാമീണവിശുദ്ധിയുടെ
നേര്‍ക്കാഴ്ചകളാണ്‌
പടിയിറങ്ങിപ്പോകുന്നത്
ഇങ്ങനെ അക്ഷരങ്ങളിലൂടെ ഊരാംകുടുക്കിട്ട്
നമ്മുടെമേല്‍ മുറുകുന്നത്‍....

Ranjith chemmad / ചെമ്മാടൻ പറഞ്ഞു...

തണലണ്ണാ,
ഒരു "Same പിച്ച്" ഒരേ സമയം കമന്റിയതിന്‌

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

ഇതു പോലൊരു കൌസുവേടത്തി എന്റെ നാട്ടിലും ഉണ്ട്..ഇടക്കിടക്കു മാനസിക വിഭ്രാന്തി വരുന്ന കൌസുവേട്ടത്തി .. ഞങ്ങള്‍ക്കെന്നും നൊമ്പരമാണ്.. അസുഖം ഇല്ലാത്തപ്പോള്‍ നാട്ടിലേ ഏതു ആവശ്യത്തിനും മുന്‍പന്തിയില്‍ ഉണ്ട്..അസുഖം വന്നാലോ ഭക്ഷണം നല്‍കാന്‍ പോലും ആരെയും അടുപ്പിക്കില്ല

നല്ല കവിത പാമരന്‍ ജീ...

പൊറാടത്ത് പറഞ്ഞു...

വന്നു, കണ്ടു.. കീഴടങ്ങി... :)

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

touching! really touching!!

ചന്ദ്രകാന്തം പറഞ്ഞു...

പാമൂജീ,
ഈ വരികളെ കഥയെന്നോ കവിതയെന്നോ വേലികെട്ടിയൊതുക്കാഞ്ഞത്‌ നന്നായി.
ജീവിതത്തിന്റെ ഇടുങ്ങിയ ചുമരിനുള്ളില്‍ നിന്നും ഇറങ്ങി നടക്കട്ടെ കൗസ്വേടത്തി.

....ആണിയടിച്ച്‌ ഒതുക്കി നിര്‍ത്തിയിരുന്ന സമാനമായ ചില രൂപങ്ങളെ വലിച്ചിളക്കിയല്ലോ ഈശ്വരാ...ഈ ധിക്കാരി..!!

കാപ്പിലാന്‍ പറഞ്ഞു...

നന്നായി, ഒരു ചെറിയ നൊമ്പരം ..കൌസു ഏട്ടത്തി ( അമ്മ ) മുന്നില്‍ വന്ന് നില്‍ക്കുന്നുവോ ? അതോ ഉണങ്ങിയ ഒരു ചുള്ളികമ്പായി ആ കയറ്റു കട്ടിലില്‍ കിടക്കുന്നുവോ ..അങ്ങനെ പെട്ടന്ന് ചില രൂപങ്ങള്‍ മനസ്സില്‍ കൂടി മിന്നി മറയുന്നത് പോലെ ..നന്നായി ....

ശ്രീ പറഞ്ഞു...

നൊമ്പരപ്പെടുത്തുന്ന വരികള്‍, മാഷേ

മാണിക്യം പറഞ്ഞു...


കൌസേടത്തിയെ
കുറേ നാളായി
മനസ്സില്‍ നിന്നിറക്കി
വിടാന്‍ ശ്രമിക്കുന്നു...


പാമരാ‍ ശ്രമം വിജയിച്ചു
മറ്റു പല മനസ്സിലേയ്ക്കും
കൊണ്ടു കുടിയിരുത്തിയല്ലേ?

കല്‍വിളക്കിന്‍റെ ചോട്ടില്‍
'തൊട്ടാല്‍ പ്രാന്തെന്ന്‌'
കുഴിച്ചിട്ടേച്ചും പോയ
നിധിക്കു മുകളില്‍ ...

ഇനി ശിഷ്ടകാലം!

മനസ്സ് വിങ്ങുന്നല്ലോ പാമരാ ...

Typist | എഴുത്തുകാരി പറഞ്ഞു...

കൌസേടത്തി, ഞങ്ങള്‍ക്കും ഒരു നൊമ്പരമായല്ലോ.

smitha adharsh പറഞ്ഞു...

നല്ല വരികള്‍...പാമു ജീ
ഇങ്ങനെ മനസ്സില്‍നിന്നു ഇറക്കി വിടണം എന്ന് വിചാരിക്കുന്ന എത്ര കഥാപാത്രങ്ങള്‍..?? പക്ഷെ,ഈ മനസ്സിനൊരു പ്രത്യകതയുണ്ട്..ഇറക്കി വിടുന്തോറും,മനസ്സു തന്നെ അവയെ വിളിച്ചു അടുപ്പിക്കും...

ദിലീപ് വിശ്വനാഥ് പറഞ്ഞു...

കൊള്ളാം, ഒടുക്കം നടുക്കി..

Mahi പറഞ്ഞു...

അവരുടെ ഓര്‍മകളുടെ കല്‍വിളക്കിന്‍ മുമ്പില്‍ ഒരു തിരി വെയ്ക്കുന്നു.അനുഭവങ്ങളുടെ തീവ്രതയെ ഇങ്ങനെ പൊള്ളിക്കുന്ന രീതിയില്‍ എഴുതിയതിന്‌ എന്റെ അഭിനന്ദനങ്ങള്‍

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ പറഞ്ഞു...

വരികള്‍ നന്നായിരിക്കുന്നു, ഇഷ്ടായി...

സന്തോഷ്‌ കോറോത്ത് പറഞ്ഞു...

valare ishtappettu :)

നിരക്ഷരൻ പറഞ്ഞു...

പാമൂ...

കവിത എഴുതാനറിയാമെന്ന് വെച്ച് ഇങ്ങനൊന്നും പിടിച്ച് കുലുക്കരുത് മനുഷ്യമാരെ...

വിജയലക്ഷ്മി പറഞ്ഞു...

nallakavitha,nombarangal varikalilpathiyrikunnu.nanmakal nerunnu.

ഉപ ബുദ്ധന്‍ പറഞ്ഞു...

അക്രമ കവിത