2008, ഓഗസ്റ്റ് 12, ചൊവ്വാഴ്ച

അക്ഷമ


http://quitsmoking.about.com/od/relapse/ss/roadtorelapse_5.htm
എത്ര നേരമായി
'അങ്ങോട്ടുമില്ല' 'എങ്ങോട്ടുമില്ലെന്ന'
ഞരക്കം മാത്രം കേട്ട്‌,
ഒരു നെഞ്ഞത്തടിയും നിലവിളിയും
അടുത്തനിമിഷമെങ്കിലും
പുറത്തേക്കിറങ്ങിവരുമെന്ന്‌
പ്രതീക്ഷിച്ച്‌,
അക്ഷമ തിന്ന്‌,
ഞാനീ ഉമ്മറത്തിണ്ണയിലിരിക്കുന്നു..

കിണറ്റുവക്കില്‍ വച്ചിട്ടു പോന്ന കുഞ്ഞ്‌,
ക്ഷമയുടെ നെല്ലിപ്പടിക്കല്‍ വച്ചിട്ടുപോന്ന ബില്ലുകള്‍,
ബോസിന്‍റെ അരവാതിലിനകത്ത്‌
പിടിച്ചുതിന്നാന്‍ ആളെ കാത്തിരിക്കുന്ന ശകാരങ്ങള്‍,
അടുക്കളപ്പുറത്തെ ആവലാതികള്‍,
ചീട്ടുകളിക്ക്‌ കോറം തികയാതെപോയതിന്‍റെ
മലയാണ്മവിടാത്ത തെറികള്‍,
മുതലയുടെ വീട്ടില്‍ സദ്യയ്ക്കുപോയ
കുരങ്ങനെപ്പോലെ
ഹൃദയം മരക്കൊമ്പില്‍ മറന്നു വച്ചിട്ടു വന്നതാണു ഞാന്‍.

ഇനിയും വൈകിയാല്‍..
ഈ പൊക്കിള്‍കൊടിയുടെ ഇങ്ങേയറ്റം മുറിച്ചുകളഞ്ഞ്‌
ഞാനെന്‍റെ പാട്ടിനുപോകും, പറഞ്ഞേക്കാം..

39 പ്രതികരണങ്ങള്‍:

പാമരന്‍ പറഞ്ഞു...

ഇന്നത്തെ ചിന്തകള്‍..

അനില്‍@ബ്ലോഗ് // anil പറഞ്ഞു...

ഹൃദയം മരക്കൊമ്പില്‍‍ മറന്നു വച്ചോ?

കള്ളാ, അതവിടെ ലോക്കറിലാക്കി പൂട്ടി സൂക്ഷിച്ചിരിക്കുകയല്ലെ?

ഗോപക്‌ യു ആര്‍ പറഞ്ഞു...

കുരങ്ങനെപ്പോലെ
ഹൃദയം മരക്കൊമ്പില്‍ മറന്നു വച്ചിട്ടു വന്നതാണു ഞാന്‍.
ok good...

കാപ്പിലാന്‍ പറഞ്ഞു...

എന്നാല്‍ പിന്നെ മുറിച്ചു കളഞ്ഞേക്കൂ ..എന്തിനീ ആവശ്യമില്ലാത്ത ബന്ധങ്ങള്‍ ആന്‍ഡ് ബന്ധനങ്ങള്‍ ?

നിരക്ഷരൻ പറഞ്ഞു...

“ബോസിന്‍റെ അരവാതിലിനകത്ത്‌
പിടിച്ചുതിന്നാന്‍ ആളെ കാത്തിരിക്കുന്ന ശകാരങ്ങള്‍.”

ആ പ്രയോഗം എനിക്കങ്ങ് പിടിച്ചു.

നിരക്ഷരനായിപ്പോയതുകൊണ്ട് കവിതയെപ്പറ്റി മുഴുവനായി അഭിപ്രായം പറയാന്‍ പറ്റുന്നില്ലിഷ്ടാ..

കാപ്പിലാന്‍ പറഞ്ഞു...

നിരക്ഷര ,
അങ്ങനെയല്ല സംഭവം ..ആകെ കൂടി കിട്ടുന്ന ഒരു ശനിയാഴ്ച ,വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഇളയ മോള്‍ക്ക്‌ നല്ല സുഖം ഇല്ല .കുഞ്ഞിനെയും കൊണ്ട് ആശൂപത്രിയില്‍ പോയ കവി ഓഫീസിലെ ചീത്ത വിളികളുടെയും ,ചീട്ടു കളിക്കാന്‍ പറ്റാതിരുന്ന വിഷമങ്ങളും എല്ലാം മനസ്സില്‍ കിടന്നു തിളച്ചു .പിന്നീട് കവിക്ക്‌ സമയം കിട്ടുന്നത് ഇന്നലെ ( മനസിലാകുന്നുണ്ടോ പറയുന്നത് ).ആ സമയം ഓഫീസില്‍ ഇരുന്നു കവി തന്റെ ആഴ്ച്ചവട്ടത്തെ കുറിച്ച് കുറിച്ച അമൂല്യ കവിതയാണിത് .ഇനിയും മനസിലായില്ലെങ്കില്‍ കവി പറയും .

keralainside.net പറഞ്ഞു...

Your post is being listed by www.keralainside.net.
Thank You

വേണു venu പറഞ്ഞു...

ഈ പൊക്കിള്‍കൊടിയുടെ ഇങ്ങേയറ്റം മുറിച്ചുകളഞ്ഞ്‌......
ബന്ധങ്ങള്‍ സ്വന്തങ്ങള്‍ ജല രേഖകള്‍.:)

പാമരന്‍ പറഞ്ഞു...

കാപ്പിലെ, നിങ്ങളെ ഞാനിടിച്ചു പിഴിഞ്ഞ്‌ .. ങ്ഹാ!

Jithendrakumar/ജിതേന്ദ്രകുമാര്‍ പറഞ്ഞു...

അപ്പോള്‍ അവിടെ ജൂസ്‌ കടയാ??

ചന്ദ്രകാന്തം പറഞ്ഞു...

പൊക്കിള്‍ക്കൊടി മുറിച്ച്‌......
:)
കിണ്ണത്തിന്റെ വക്കിലെ കടുകുമണി, ഇങ്ങ്‌ടാണോ....അങ്ങ്‌ടാണോ...ന്ന്‌ അറിഞ്ഞിട്ടുപോരേ..

വിശാഖ് ശങ്കര്‍ പറഞ്ഞു...

മരനത്തിനു ജനനവും, ജനനത്തിനു മരണവും തന്നെ ഏറ്റവും മികച്ച വ്യാഖ്യാനങ്ങള്‍.

ഈ ‘അക്ഷമ’ ശരിക്കും തൊട്ടു പാമരാ..

ഹരിത് പറഞ്ഞു...

കുരങ്ങന്‍റെ തരികിട ബുദ്ധിയാണല്ലേ!!!:)


“ പോഗാദെ പോഗാദെ പാമരരേ,
പൊല്ലാത്ത സ്വപ്പിനം കണ്ടേനയ്യോ”

അതുകൊണ്ട് ബന്ധങ്ങള്‍ ഒന്നും മുച്ചു കളയല്ലേ!!!

Lathika subhash പറഞ്ഞു...

പാവം!

തണല്‍ പറഞ്ഞു...

"ഒരു നെഞ്ഞത്തടിയും നിലവിളിയും
അടുത്തനിമിഷമെങ്കിലും
പുറത്തേക്കിറങ്ങിവരുമെന്ന്‌
പ്രതീക്ഷിച്ച്‌...."
-വിരല്‍ത്തുമ്പില്‍ നിന്നൂര്‍ന്നു വീഴുന്ന ഇത്തരം അക്ഷമകളോട് പാമര്‍ജീ ആരാധന മുറ്റിയ ഒരു നോട്ടം മാത്രം..:)

ശ്രീ പറഞ്ഞു...

പിന്നല്ലാതെ!
:)

അല്ഫോന്‍സക്കുട്ടി പറഞ്ഞു...

മുതലയുടെ വീട്ടില്‍ സദ്യയ്ക്കുപോയ
കുരങ്ങനെപ്പോലെ
ഹൃദയം മരക്കൊമ്പില്‍ മറന്നു വച്ചിട്ടു വന്നതാണു ഞാന്‍

പാവം മുതല

Gopan | ഗോപന്‍ പറഞ്ഞു...

പാമരന്‍സെ,
ചിന്തകളും വരികളും അസ്സലായി..
കാപ്പില്‍സിനു ഈയെടെയായി മുറിക്കുക എന്നത് മാത്രമെ തലയിലുള്ളൂ..കാര്യാക്കേണ്ട.. :)

Rare Rose പറഞ്ഞു...

ആദ്യ വായനയില്‍ ഉള്ളിലിരുന്നു പല്ലിളിച്ച അക്ഷമ കാരണമാ‍ണോ പെട്ടെന്നൊന്നും മനസിലായില്ല...പിന്നീട് ഊന്നിവായിച്ചപ്പോള്‍ ബന്ധങ്ങളെ വലിച്ചെറിഞ്ഞ് , ജീവിതത്തിലേക്കോ മരണത്തിലേക്കോ എന്നറിയാതെ ചാഞ്ചാടുന്ന ആ ജീവനെ പോലും മറന്ന് ഇറങ്ങിപ്പോകാനുള്ള വെമ്പല്‍..തനിക്കായി താന്‍ തന്നെഉണ്ടാക്കി വെച്ചിരിക്കുന്ന തിരക്കുകള്‍ അവര്‍ക്കറിയില്ലല്ലോ..അതെ..ഇനിയും വൈകിയാല്‍ ബന്ധങ്ങളെ കൂട്ടിയിണക്കി വെച്ച ആ പൊക്കിള്‍ക്കൊടി തന്നെ അങ്ങട്ട് മുറിച്ചു കളഞ്ഞേക്കാം ല്ലേ.....ഉപമകളൊക്കെ ഇഷ്ടായീ പാമൂജീ...:)

മായാവതി പറഞ്ഞു...

പാവം!

Mahi പറഞ്ഞു...

ഇനിയും വൈകിയാല്‍..
ഈ പൊക്കിള്‍കൊടിയുടെ ഇങ്ങേയറ്റം മുറിച്ചുകളഞ്ഞ്‌
ഞാനെന്‍റെ പാട്ടിനുപോകും, പറഞ്ഞേക്കാം
ജീവിതത്തിന്റെ ത്രിശങ്കുവില്‍ കിടന്ന്‌ പിടഞ്ഞ്‌ ക്ഷമ കെടുന്ന മടുപ്പ്‌ ശരിക്കും ഇതില്‍ നിറഞ്ഞു നില്‍ക്കുന്നു

കരീം മാഷ്‌ പറഞ്ഞു...

അമ്മക്കത്യാസന്നം എന്നു പറഞ്ഞു അനുവദിച്ച അവധിയിൽ കൂടുതലെടുത്തു വർഷത്തിൽ രണ്ടു തവണ നാട്ടിൽ പോയിരുന്ന ഒരു ബോംബെക്കാരനുണ്ട്‌ എന്റെ ഓഫീസിൽ.
അയാളുടെ മാതാവിനോടുള്ള സ്നേഹം ഞങ്ങളെ ഇത്തിരി അസൂയാലുക്കളുമാക്കിയിരുന്നു.
എന്നാൽ ഈയിടെയാണറിഞ്ഞത്‌ അയാളുടെ ഇങ്ങേയറ്റത്തെ പൊക്കിൾക്കൊടി മുറിഞ്ഞിട്ട്‌ അഞ്ചാണ്ടായെന്ന്‌.
പക്ഷെ അയാൾ നാട്ടിൽ വെച്ചു പോന്ന ഹൃദയം മിടിക്കുന്നുണ്ടോ ഇപ്പോഴുമെന്നു തെരക്കാനാണു ഈ കള്ളം പറഞ്ഞുള്ള യാത്രയെത്രേ!

നന്നായിരിക്കുന്നു പാമരൻ.
പൊക്കിൾകൊടിയെന്ന അമ്മയും
ഹൃദയം എന്ന ഭാര്യയും

smitha adharsh പറഞ്ഞു...

ഹൊ! ഇതെനിക്കിഷ്ടപ്പെട്ടു....
നന്നായിരിക്കുന്നു.

Typist | എഴുത്തുകാരി പറഞ്ഞു...

‘ചിന്ത’ യിലാദ്യത്തേതായി ഇതു കണ്ടപ്പോള്‍, ഒരു തേങ്ങ ഉടക്കാനായി ഓടിവന്നതാണ്. അപ്പോള്‍ ദാ 23 പേര്‍ തേങ്ങ ഉടക്കലും പ്രതികരിക്കലും ഒക്കെ കഴിഞ്ഞിരിക്കുന്നു.

ഇന്നത്തെ ചിന്തകള്‍ അസ്സലായിട്ടുണ്ട്‌.

Sanal Kumar Sasidharan പറഞ്ഞു...

കിണറ്റുവക്കില്‍ വച്ചിട്ടുപോന്ന കുഞ്ഞ്!

Sharu (Ansha Muneer) പറഞ്ഞു...

ആ അക്ഷമയുടെ അറ്റം തൊടാനുള്ള ധൈര്യം ആര്‍ക്കാണുള്ളത്, എല്ലാ ബന്ധങ്ങളും മുറിച്ചുകളയുമെന്ന് പറയാനല്ലാതെ....

mmrwrites പറഞ്ഞു...

പാട്ടിനുപോക്കൊക്കെ ത്തിരി പ്രയാസമാണേ..
നന്നായിട്ടുണ്ട്.

ജിജ സുബ്രഹ്മണ്യൻ പറഞ്ഞു...

കാപ്പിലാന്‍ ചേട്ടന്റെ കമന്റ് കണ്ടപ്പോളാണു കാര്യങ്ങളുടെ കിടപ്പു മനസ്സിലായത്..ഇന്നത്തെ ചിന്താവിഷയം കൊള്ളാം..കിണറ്റു വക്കത്തെ കുഞ്ഞേ ..

ഭൂമിപുത്രി പറഞ്ഞു...

പാമരാ,മറ്റ് കല്‍പ്പനകളൊക്കെ കിണറ്റ്വക്കിലിരിയ്ക്കുന്ന കുഞ്ഞിന്റെ ബിംബംപോലെ,തീവ്രമായിരുന്നെങ്കിൽ എന്ന് മോഹിച്ച് പോയി...
കവിത പോസ്റ്റ് ചെയ്യാൻ അക്ഷമയായി അപ്പോഴെയ്ക്കും,അല്ലെ?

ബാബുരാജ് പറഞ്ഞു...

ഇനി ഈ പരിസരത്തു കണ്ടു പോകരുതെന്നു പറഞ്ഞ്‌ ഒരു കവിസംഘം വിരട്ടിയോടിച്ചതിനു ശേഷം ഞാന്‍ അങ്ങിനെ കവിതകള്‍ വായിക്കാറില്ലായിരുന്നു. ആദ്യത്തെ ഒഴുക്കന്‍ വായനയില്‍ ഒന്നും തോന്നിയതുമില്ല. ഇത്രയധികം കമന്റുകള്‍ കണ്ടാണ്‌ വീണ്ടും മനസ്സിരുത്തി വായിച്ചത്‌. അപ്പോള്‍ വീണ്ടും സംശ്യം, ഭൂരിപക്ഷം വരുന്ന കമന്റന്മാരും ഞാനും ഒന്നു തന്നെയാണോ മനസ്സിലാക്കിയതെന്ന്.
താങ്കളോട്‌ ആരാധന മാത്രമല്ല, അല്‍പ്പം ആസൂയയും തോന്നുന്നുണ്ട്‌.

പ്രിയ ഉണ്ണികൃഷ്ണന്‍ പറഞ്ഞു...

ഇനിയും വൈകിയാല്‍..
ഈ പൊക്കിള്‍കൊടിയുടെ ഇങ്ങേയറ്റം മുറിച്ചുകളഞ്ഞ്‌
ഞാനെന്‍റെ പാട്ടിനുപോകും, പറഞ്ഞേക്കാം

ഹൊ ഞെട്ടിപ്പിച്ചല്ലൊ.

പാമരന്‍ പറഞ്ഞു...

എല്ലാവര്‍ക്കും പെരുത്ത നന്ദി..

ഭൂമിപുത്രിയ്ക്ക്‌ ഒരു ഡബിള്‍ നന്ദി.. ക്ഷമയുടെ കാര്യത്തില്‍ പണ്ടേ പിമ്പിലാ.. :) ഇനിയും ഇതുപോലെ മനസ്സുതുറന്ന വിമര്‍ശനങ്ങള്‍ക്കു കാതോര്‍ക്കുന്നു..

അനിലൻ പറഞ്ഞു...

പാമരാ
നല്ല കവിത.

കിണറ്റുവക്കില്‍ വച്ചിട്ടു പോന്ന കുഞ്ഞ്‌,
പേടിയാകുന്നു!

ഭൂമിപുത്രി പറഞ്ഞു...

സന്തോഷം പാമരാ.ഇഷ്ട്ടപ്പെട്ടില്ലെങ്കിലോയെന്ന്
സംശയിച്ചാൺ അതെഴുതിയത്.
ഇനീം സമയമുണ്ടല്ലൊ..
സ്വന്തം കൃതിയല്ലെ,
ആരോടും ഉത്തരം പറയേണ്ടല്ലൊ

GLPS VAKAYAD പറഞ്ഞു...

വൈകി എപ്പോഴും അങ്ങനെയാ
പിന്നെ
ചീട്ടുകളിക്ക്‌ കോറം തികയാതെപോയതിന്‍റെ
മലയാണ്മവിടാത്ത തെറികള്‍,
പൊലയാട്ടുകള്‍ എന്ന ഒരു വാക്കു പോരായിരുന്നോ?
പാമരേട്ടാ.. ചുമ്മാ പറഞ്ഞതാണേ

നജൂസ്‌ പറഞ്ഞു...

കിണറ്റുവക്കില്‍ വച്ചിട്ടു പോന്ന കുഞ്ഞ്‌,

അക്ഷമയുടെ നെല്ലിപ്പലക കാണുന്നു..

ഇത്‌ ഇഷ്ടായി പാമര,,,

സജീവ് കടവനാട് പറഞ്ഞു...

കിണറ്റുവക്കില്‍ വച്ചിട്ടു പോന്ന കുഞ്ഞ്‌,

തുടര്‍ന്നുവന്ന വരികള്‍ തന്ന നിരാശയെ മറച്ചത് ആ വരിയുടെ തീക്ഷണതന്നെയാകാം.

ഈ വരികള്‍ വരും വരെ

ഈ പൊക്കിള്‍കൊടിയുടെ ഇങ്ങേയറ്റം മുറിച്ചുകളഞ്ഞ്‌
ഞാനെന്‍റെ പാട്ടിനുപോകും, പറഞ്ഞേക്കാം..

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

ഇഷ്ടപ്പെട്ടു. ഇനിയും വരാം

നരിക്കുന്നൻ പറഞ്ഞു...

ചീട്ടുകളിക്ക്‌ കോറം തികയാതെപോയതിന്‍റെ
മലയാണ്മവിടാത്ത തെറികള്‍,
മുതലയുടെ വീട്ടില്‍ സദ്യയ്ക്കുപോയ
കുരങ്ങനെപ്പോലെ
ഹൃദയം മരക്കൊമ്പില്‍ മറന്നു വച്ചിട്ടു വന്നതാണു ഞാന്‍.

വരികള്‍ വല്ലാതെ ഇഷടമായി.