മുഫീദ ഫയാദിലേയ്ക്ക് ബോര്‍ഡ് വച്ചിരുന്ന ഒരു ബസ്സിലേയ്ക്ക് കയറി. ഒരു പഴഞ്ചന്‍ ബസ്സായിരുന്നു അത്. സ്റ്റെപ്‌ബോര്‍ഡു പോലും 'ഇപ്പോ പൊളിയും' എന്ന മട്ടിലിരിക്കുന്നു. അവള്‍ കാലു വച്ചപ്പോള്‍ അതൊന്നുലഞ്ഞ് വികൃതമായൊരു ശബ്ദമുണ്ടാക്കി.
ഏഴു നിരയും ഏഴു സീറ്റും വിട്ട് എട്ടാമത്തെ സീറ്റില് ഇരുന്നു. പര്‍ദ്ദ പിടിച്ച് നേരെയിട്ടു. മോനുറങ്ങുകയായിരുന്നു. വായിത്തിരി തുറന്നിരിക്കുന്നു. മുഖത്തേയ്ക്കു വീണു കിടന്നിരുന്ന മുടിയിഴകള്‍ അവള്‍ ഒതുക്കി വച്ചു കൊടുത്തു. കുഞ്ഞ് ഉറക്കത്തില്‍ ചിരിച്ചു.
അല്ലാഹ്, നീ എന്തു കിനാവാണ് അവനെ കാട്ടിക്കൊടുക്കുന്നത്!
മുഫീദ അവനെ ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു. ഒന്നു് അലോസരപ്പെട്ട് ഉറക്കമുണരാതെ കുഞ്ഞിക്കൈകള്‍ കൊണ്ട് അവന്‍ അവളുടെ മുഖം തള്ളിമാറ്റി. പിന്നെ മാറിലേയ്ക്ക് അല്‍പം കൂടി പറ്റിക്കിടന്നു.
ബസ്സില്‍ അവളെക്കൂടാതെ വേറെ രണ്ടോ മൂന്നോ പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു ചെമ്പന്‍താടിക്കാരനായിരുന്നു ഡ്രൈവര്‍. അയാള്‍ കയറി വന്ന് കണ്ണാടിക്കു താഴെ തൂക്കിയിട്ടിരുന്ന കാ്‌അബയുടെ ചിത്രത്തിനടിയില്‍ മുത്തി. സീറ്റിലിരുന്ന് വണ്ടി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചു തുടങ്ങി.
'എനിക്കിനി വയ്യെ'ന്ന് വയസ്സന്‍ എഞ്ജിന്‍ മുരണ്ടു. പുറകിലെ പുകക്കുഴലിലൂടെ അത് ദീര്‍ഘനിശ്വാസങ്ങളുതിര്‍ത്തു. മൂന്നു നാലു തവണ കഴിഞ്ഞപ്പോള്‍ അതിനു ജീവന്‍ വച്ചു. ഡ്രൈവര്‍ ഒന്നു ഇരപ്പിച്ചു. നഷ്ടപ്പെട്ടുപോയ യൌവ്വനം തിരികെപ്പിടിക്കാന്‍ ശ്രമിച്ച് ബസ്സ് കിതച്ചു.
പുറത്തെ മഞ്ഞില്‍ കലര്‍ന്ന് പുക മാഞ്ഞു പോകാതെ നിന്നു. ഡീസലിന്‍റെ മണം ബസ്സിനുള്ളിലേയ്ക്ക് അടിച്ചു കയറി. മുഫീദ പര്‍ദ്ദയുടെ ഒരറ്റമെടുത്ത് കുഞ്ഞിന്‍റെ മൂക്കു മൂടി, യാത്ര തുടങ്ങുന്നതിനുള്ള ദിക്‌റു് ചൊല്ലി.
മസസ്സില്ലാ മനസ്സോടെ ബസ്സ് ഉലഞ്ഞുലഞ്ഞ് നീങ്ങാന്‍ തുടങ്ങി. അതു കുലുങ്ങിയപ്പോള്‍ മോനുണര്‍ന്നു. ഉറക്കം വിടാതെ ചിണുങ്ങി.
"നോക്ക് മുത്തേ.. പൊറത്തേക്ക് നോക്ക്.. " പുറത്തെന്തോ കാണാനുണ്ടെന്നുള്ള ഭാവത്തില്‍ അവള്‍ വെറുതേ പുറത്തേയ്ക്ക് ചൂണ്ടിക്കാണിച്ചു. തരിശുഭൂമിയുടെ നരച്ച നിറം അവന്‍റെ കണ്ണിലേയ്ക്കടിച്ചു കയറി.
"മ്മക്ക് മാമാടെ അടുത്ത് പോകണ്ടേ?"
കുഞ്ഞു കരച്ചില്‍ നിര്‍ത്തിയില്ല.
മുഫീദ തിരിഞ്ഞു ചുറ്റും നോക്കി. അടുത്ത സീറ്റുകളിലൊന്നും ആരും ഇരിക്കുന്നില്ല. അവള്‍ പര്‍ദ്ദയുടെ മുന്‍ഭാഗത്തെ ബട്ടന്‍സുകളഴിച്ച് കുഞ്ഞിനു മുലകൊടുത്തു.
കരച്ചില് നിര്‍ത്തി അവന്‍ മുല വലിച്ചു കുടിച്ചു. മുഫീദ അവന്‍റെ തലയില്‍ തലോടിക്കൊണ്ട് ജനലിലൂടെ പുറത്തേയ്ക്കു നോക്കി.
മഞ്ഞ് കാഴചയെ അധിക ദൂരം കടത്തി വിടുന്നുണ്ടായിരുന്നില്ല. നോക്കെത്തുന്നിടമെല്ലാം നരച്ച മണ്ണ്. ജീവന്‍റെ ഒരു പച്ചപ്പുപോലുമില്ലാതെ അതു കാഴ്ചയുടെ അതിരുകളെ വിഴുങ്ങി പരന്നു കിടന്നു.
ബസ്സ് എവിടെയോ കിതച്ചു കിതച്ച് നിന്നു. രണ്ടു പട്ടാളക്കാര്‍ കയറി വന്നു. ഒരാള്‍ യാത്രക്കാരെ ഓരോരുത്തരെയായി മുഖത്തേയ്ക്കു ടോര്‍ച്ചടിച്ചു നോക്കി. മുഫീദ മുലകൊടുക്കുന്നത് കണ്ട് അയാളൊരു വഷളന്‍ ചിരി ചിരിച്ചു. കുഞ്ഞിന്‍റെ മുഖത്തേയ്ക്കെന്ന മട്ടില്‍ അയാള്‍ അവളുടെ മുലയിലേയ്ക്ക് ടോര്‍ച്ച് മിന്നിച്ചു.
അയാളുടെ മുഖത്തേയ്ക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നതല്ലാതെ അവള്‍ മാറു മറയ്ക്കാന്‍ മെനക്കെട്ടില്ല. സീറ്റിനടില്‍ വച്ചിരുന്ന അവളുടെ ബാഗില്‍ തോക്കിന്‍റെ പാത്തികൊണ്ട് ഒന്നു കുത്തി നോക്കി ബോദ്ധ്യപ്പെട്ട് അയാള്‍ സ്ഥലം വിട്ടു.
ബസ്സ് വീണ്ടും മുരണ്ടു തുടങ്ങി. കുഞ്ഞ് ശബ്ദം കേട്ടുണര്‍ന്നു. ഉറക്കം വിട്ട് അവന്‍ പുറത്തേയ്ക്കു നോക്കിക്കൊണ്ടിരുന്നു.
കാഴ്ചയുടെ നരപ്പ് വിട്ടു തുടങ്ങിയിരുന്നു. അവിടവിടെയായി ചില വീടുകളും കടകളും കണ്ടു തുടങ്ങി. ആണുങ്ങള്‍ ഹുക്കയും വലിച്ച് കയറ്റുകട്ടിലുകളില്‍ സൊറ പറഞ്ഞിരിക്കുന്നു. സ്ത്രീകള്‍ തുണിയുടുക്കാത്ത കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നു. ആടുകളെ തീറ്റുന്നു.
ബസ്സ് തിരക്കിലേയ്ക്കാണു പാഞ്ഞു കൊണ്ടിരുന്നത്. ഓരോ നാഴിക കഴിയുംതോറൂം കാഴ്ചകള്‍ക്കു നിറവും ജീവനും വച്ചു. ബസ്സില്‍ തളം കെട്ടിയിരുന്ന നിശ്ശബ്ദതയൊഴിഞ്ഞുപോയി ചിരികളും കലപിലകളും കൊച്ചുവര്‍ത്തമാനങ്ങളും നിറഞ്ഞു.
മോന്‍ പുറത്തെ കാഴ്ചകള്‍ കണ്ണീമയ്ക്കാതെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്ക് അല്‍ഭുതം പങ്കു വയ്ക്കാന്‍ അവന്‍ ഉമ്മയുടെ മുഖത്തേയ്ക്കു നോക്കും.
"മ്മള്ളെവിടേയ്ക്കാ മുത്തേ പോണദ്?"
തലകുലുക്കി താളത്തില്‍ അവള്‍ തന്നെ ഉത്തരവും പറയും.. "മാമാടെ അട്ത്തേയ്ക്ക്.. മാമാടെ.."
താഴത്തെ നിരയില്‍ പുതുതായി വന്ന രണ്ടു കുഞ്ഞരിപ്പല്ലുകള്‍ ചിരിക്കും. കണ്ണുകള്‍ അപ്പോഴും പുറത്തെ നിറങ്ങളെ ആര്‍ത്തിയോടെ വിഴുങ്ങുകയാവും.
ബസ്സ് പട്ടണത്തിലെ തിരക്കില് അലിഞ്ഞു തുടങ്ങിയിരുന്നു. ആകാശത്തെ ചുംബിച്ചു നില്‍ക്കുന്ന കെട്ടിടങ്ങളെ മുഫീദ പുറത്തേയ്ക്കു തലയിട്ടു നോക്കി. ബസ്സിന്‍റെ ജനല്‍ചതുരത്തില്‍ അവയുടെ കൂര്‍ത്ത മുഖങ്ങള്‍ പിടികൊടുക്കുന്നുണ്ടായിരുന്നില്ല.
ബസ്സ് ബസ്റ്റാന്‍ഡിനകത്തു കയറി കിതപ്പാറ്റി.
"ഫയാദ്.. ഫയാദ്.. ഇറങ്ങിക്കോളീ.. " ചെമ്പന്‍താടിക്കാരന്‍ ഡ്രൈവര്‍ തിരിഞ്ഞു നോക്കി വിളിച്ചു പറഞ്ഞു.
കുഞ്ഞിനെ വാരിപ്പിടിച്ച് മുഫീദ അപരിചിതത്വത്തിലേയ്ക്ക് ചവിട്ടുപടിയിറങ്ങി. മുന്നുനാലടി മുന്നോട്ടു നടന്നു.
"പെങ്ങളേ.. ദാ ങ്ങളെ ബാഗ്.. " സീറ്റിനടിയില്‍ മറന്നു വെച്ച ബാഗുമായി ഡ്രൈവര്‍ ഓടി വന്നു.
മുഫീദ അയാളുടെ കണ്ണിലേയ്ക്കു നോക്കി. ചുറ്റിലുമുള്ള അപരിചിതത്വമല്ലാത്ത എന്തോ ഒന്ന്.. ബാഗ് വാങ്ങി ഒന്നു ചിരിച്ചു.
തിരിഞ്ഞു നിന്ന് കുഞ്ഞിന്‍റെ കണ്ണിലേയ്ക്ക് നോക്കി.
"മാമാടെ അടുത്തു പോണ്ടേ.. ?" അവന്‍ തൊണ്ണുകാട്ടി ചിരിച്ചു. കാലിട്ടടിച്ചു.
മുഫീദ പര്‍ദ്ദയുടെ ബട്ടനുകള്‍ക്കിടയിലൂടെ കയ്യിട്ട് എന്തിലോ അമര്‍ത്തി.
ഫയാദ് ബസ്റ്റാന്‍റില്‍ ഒരു അഗ്നിപുഷ്പം വിരിഞ്ഞു.
2008, ഡിസംബർ 31, ബുധനാഴ്‌ച
അഗ്നിപുഷ്പം
സമയം:
11:16 AM
26
പ്രതികരണങ്ങള്‍
Labels: കഥ
2008, ഡിസംബർ 8, തിങ്കളാഴ്‌ച
വീണ്ടുമൊരു ബഹു-സംഗീതം
ബഹുവ്രീഹി എന്‍റെ ഒരു പൊട്ടപ്പാട്ടിനു കൂടി ജീവനൂതിതന്നിരിക്കുന്നു.
മാനത്തെല്ലാം വിത്തുവിതച്ചതു..
(അത്യുഗ്രനൊരു ഈണം ലിറിക്സെഴുതി എങ്ങനെ കൊളമാക്കാം എന്നിവിടെ അനുഭവിച്ചറിയൂ.. :) )
ബഹു, പുള്ളി, ശ്രീകാന്ത് പുലിത്രയത്തിന് എന്‍റെ അകൈതവമായ നന്ദി കുപ്പിയിലാക്കി അയക്കുന്നു..
സമയം:
8:19 AM
10
പ്രതികരണങ്ങള്‍
Labels: സംഗീതം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)