വടക്കുമ്പാട്ടെ ഇടവഴി മൂന്നുതവണ വളഞ്ഞു നൂരുമ്പൊഴേയ്ക്കും നീ ഒറ്റയ്ക്ക് എന്‍റെ മുന്നില്‍ വന്നു പെടും.
നിന്‍റെ കൂട്ടുകാരികളൊക്കെ അതിനുമുന്നേ വഴിപിരിഞ്ഞു അവരവരുടെ വീടുകളിലേയ്ക്കു കയറിപ്പോയിട്ടുണ്ടാവും. മാറത്ത് ചേര്‍ത്തുപിടിച്ച നോട്ടുബുക്കുകളും ഇടത്തേക്കൈയില്‍ ഇത്തിരി പൊക്കിപ്പിടിച്ച പാവാടത്തുമ്പും നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പില്‍ അലിഞ്ഞുതുടങ്ങിയ ചന്ദനക്കുറിയും.. അല്ലെങ്കില്‍ത്തന്നെ എത്രപ്രാവശ്യം നിന്നെ ഇതേ വളവില്‍, ഈ മുറ്റിമുല്ലയുടെ മറവില്‍ ഇതുപോലെ നോക്കി നിന്നിരിക്കുന്നു! കുപ്പായത്തിന്‍റെ നിറവും പുസ്തകങ്ങളുടെ പൊതിയും മാത്രം മാറും. നിന്‍റെ വിയര്‍പ്പിന്‍റെ മണവും, കൂട്ടുകാരികള്‍ കൂടെയില്ലാതെ വിജനമായ ഈ ഇടവഴി താണ്ടുന്നതിന്‍റെ ഇത്തിരി പരിഭ്രമവും, മൂന്നു മണികള്‍ കൊഴിഞ്ഞുപോയ ഇടത്തേ വെള്ളിക്കൊലുസിന്‍റെ കുണുങ്ങിച്ചിരിയും, എല്ലാം എന്നും ഒരുപോലെ.
നിനക്കറിയാമോ, കഴിഞ്ഞയാഴ്ച നീ രണ്ടു ദിവസം ഈ വഴി പോകാതിരുന്നിട്ടുകൂടി നിന്‍റെ മണവും കൊലുസിന്‍റെ നനുത്ത ചിലമ്പലും ഇവിടെയുണ്ടായിരുന്നു. രണ്ടു ദിവസം നിന്നെക്കാണാതെ എങ്ങനെ ശ്വാസം കഴിക്കുമെന്നു എനിക്കാലോചിക്കണ്ടി വന്നതേയില്ല! ഇവിടെയീ കുറ്റിമുല്ലയുടെ ചോട്ടില്‍ പടിഞ്ഞിരുന്ന് ഒന്നു മൂക്കു വട്ടം പിടിച്ചാല്‍ എപ്പോവേണമെങ്കിലും നിന്‍റെ മണമെനിക്കു കിട്ടും. കണ്ണടച്ചിരുന്നാല്‍ മുന്നില്‍ നിന്‍റെ പാവാടയുലയും.
നീ സുന്ദരിയാണെന്നും നാട്ടിലെ ആണുങ്ങളെല്ലാം നിന്നെക്കാണുമ്പോള്‍ വെള്ളമിറക്കുന്നുണ്ടെന്നും പ്രാഞ്ചിത്തള്ള പൈപ്പിന്‍റെ ചോട്ടില്‍ ചവച്ചു തുപ്പുന്നതു കേട്ടു. നീയെങ്ങനെയാ സുന്ദരിയായത്? സ്ത്രീസൌന്ദര്യത്തിന്‍റെ വ്യാകരണം ചമച്ചതാരാണ്? പൊളിച്ച കുമ്പളങ്ങാപോലെ വെളുത്തിരിക്കുന്നതാണോ സൌന്ദര്യം? മുട്ടിനൊപ്പം മുടിയും പട്ടുപാവാടയിലും ബ്ലൌസിലുമൊതുങ്ങാത്ത ശരീരവുമാണോ സൌന്ദര്യം? നീ സുന്ദരിയാവണ്ട.
മുട്ടോളം നീണ്ടമുടിയും കൂമ്പിയ താമരക്കണ്ണുകളുമില്ലാതെയും നീ സുന്ദരിയാണ്. മാംസമുരുകിയൊലിച്ചിറങ്ങി, കണ്ണുകളുടെ സ്ഥാനത്ത് രണ്ടു കുഴികള്‍ മാത്രമായി, ചുവന്നു തുടുത്ത ചുണ്ടുകള്‍ അടര്‍ന്നുമാറി വെളുത്ത മുല്ലമൊട്ടുകള്‍ പുറത്തേയ്ക്കു തലനീട്ടി, മുടിയത്രയും കൊഴിഞ്ഞ്... എന്നാലും നീ സുന്ദരിയായിരിക്കും. നിന്‍റെ അടര്‍ന്നു തൂങ്ങിയ ചുണ്ടുകളില്‍ ഇതേ പാരവശ്യത്തോടെ അമര്‍ത്തിയമര്‍ത്തി ചുംബിക്കാനെനിക്കു കഴിയും. കണ്‍കുഴികളില്‍ നിന്നൂറിയെത്തുന്ന ഉപ്പുദ്രാവകത്തെ നക്കിയെടുത്ത് നുണച്ചിറക്കി അതിനു മധുരമുണ്ടെന്നു ഭാവിക്കാനും, മാംസമുരുകിയ നിന്‍റെ കവിളുകള്‍ എന്‍റെ മുഖത്തെ കുറ്റിരോമങ്ങളിലുരസി ഇക്കിളിപ്പെടുത്താനും കഴിയും. എനിക്ക്.. എനിക്കു മാത്രമേ നിന്‍റെ സൌന്ദര്യം കാണാന്‍ കഴിയൂ.
തട്ടാന്‍ ഗോപാലനോട് ഇരന്നു വാങ്ങിയതാണ് ഈ മഷിക്കുപ്പിയിലെ ആസിഡ്. ഒട്ടും വേദനിക്കില്ല നിനക്ക്. വേദനിക്കാന്‍ തലച്ചോറിനോടു പറയാന്‍ കഴിയുന്നതിനു മുന്പേ ഞരമ്പുകളൊക്കെ കരിഞ്ഞുപോകും. ഒരു നിമിഷം. ഒരേ ഒരു നിമിഷം മാത്രമേ വേണ്ടൂ. എനിക്കു മാത്രം കാണാന്‍ അര്‍ഹതപ്പെട്ട നിന്‍റെ സൌന്ദര്യം എന്‍റേതു മാത്രമാവാന്‍.
പ്രതീക്ഷിക്കാതെ ഇടവഴിയുടെ ഈ വളവില്‍ എന്നെക്കാണുമ്പോള്‍ നീ ഒന്നു ഞെട്ടും, എനിക്കറിയാം. ഒന്നു ചിരിക്കുമായിരിക്കും. നിന്‍റെ ചിരിയുടെ ഇടത്തേയറ്റത്തു നിന്ന് പതുക്കെ തല വെളിയില്‍ കാണിക്കുന്ന സ്ഥാനം തെറ്റിയ കുഞ്ഞിപ്പല്ലിനുപോലും എന്നെ അറിയാം. ഫോട്ടോഫ്ളാഷില്‍ പതിഞ്ഞുപോകുന്ന ഒരു നിമിഷത്തെപ്പോലെ നിന്‍റെ ചിരിയും മുഖവും എന്‍റെ മനസ്സിലൊട്ടിച്ചുവച്ച ഒരു ചിത്രം മാത്രമായിത്തീരും. മാംസമടര്‍ന്നുപോയ വൈരൂപ്യത്തില്‍ നിന്ന് എനിക്കു മാത്രം വായിച്ചെടുക്കാനാവുന്ന സൌന്ദര്യത്തിന്‍റെ പുതിയ വ്യാകരണം.
മൂന്നാമത്തെ വളവിനപ്പുറത്തുനിന്നും നിന്‍റെ പൊട്ടിച്ചിരിയും കൂട്ടുകാരിയുടെ യാത്ര പറച്ചിലും ഞാന്‍ കേള്‍ക്കുന്നുണ്ട്. അവളോടു കൈവീശിക്കാണിച്ച്, തീരാത്ത ഏതോ വിശേഷത്തിലെ തമാശച്ചിരി ചുണ്ടില്‍നിന്നൊഴുക്കി, വളവു തിരിഞ്ഞ് നീ വരുന്നുണ്ട്. കൊലുസിന്‍റെ കിലുക്കം. വിയര്‍പ്പിന്‍റെ മണം. ഉലയുന്ന പട്ടുപാവാടയുടെ ശബ്ദം. നീ..
ഹെന്‍റെ സുന്ദരീ..!
2008, സെപ്റ്റംബർ 7, ഞായറാഴ്‌ച
'പ്രണയത്തിന്‍റെ വ്യാകരണം'
സമയം:
8:53 PM
54
പ്രതികരണങ്ങള്‍
Labels: കഥ
2008, സെപ്റ്റംബർ 2, ചൊവ്വാഴ്ച
ഭാഗം
സര്‍വ്വേക്കാരുടെ ചങ്ങലയിഴഞ്ഞുപോയ
മുറിപ്പാടിനിരുപുറവുമാണ്
നീ നിനക്കു വേണ്ടിയും
ഞാന്‍ എനിക്കുവേണ്ടിയുമായി മാത്രം
മണ്ണപ്പം ചുട്ടുതുടങ്ങിയത്.
പകുതി നിറച്ച്
നീ ചുടാനൊരുങ്ങിയ
രണ്ടു കുഞ്ഞ് മണ്ണപ്പങ്ങള്
"അശ്രീകരങ്ങള്! എണീറ്റുപോ.."
എന്ന മുറിക്കിത്തുപ്പലില്
കണ്ണാഞ്ചിരട്ടയില്‍ത്തന്നെ
ചോരച്ച് കിടപ്പായത്.
മുറിക്കിപ്പുറത്തെ പുളിയന്‍മാങ്ങ
നിനക്കില്ലെന്ന് ഞാനും
അപ്പുറത്തെ പേരയ്ക്ക
"ഇച്ചിരി പുളിയ്ക്കും" എന്ന് നീയും
തീര്‍ച്ചയാക്കിയത്.
ഒന്നിരുട്ടി വെളുത്തപ്പോഴേയ്ക്കും
മുളച്ചുപൊങ്ങിയ മതിലെങ്ങനെയാ
നിന്നെ മായ്ച്ചു കളഞ്ഞത്?
ആണ്ടോടാണ്ട് മാങ്ങയെല്ലാം
പഴുത്ത് വീണു ചീഞ്ഞുപോയിട്ടും,
കല്ലുകൊണ്ടു കോറിവച്ച
ക്ഷമാപണങ്ങളൊക്കെ
മതില്‍പ്പച്ച വിഴുങ്ങിയിട്ടും,
എന്തേ നിന്‍റെ 'ഉണ്ടാക്കിച്ചുമ' മാത്രം
ഇപ്പുറത്തേയ്ക്ക് കേള്‍ക്കാതിരുന്നത്?
സമയം:
9:57 PM
27
പ്രതികരണങ്ങള്‍
Labels: ചിന്തകള്‍