2010, ഫെബ്രുവരി 24, ബുധനാഴ്‌ച

മൊഞ്ചത്തിപ്പാറ

"അറാമ്പൊറന്നോളേ.. നീറ്റിക്കല്ലെടീ.." പാത്തുത്താത്ത മൊഞ്ചത്തിയെ ചീത്തപറഞ്ഞു തുടങ്ങി.

അങ്ങാടീന്ന്‌ 'രാത്രീത്തതിനുള്ള' മീനും പൊതിഞ്ഞു വാങ്ങി അരീക്കുന്ന്‌ കേറിയതാണ്‌ പാത്തുത്താത്ത. വെയിലടങ്ങീട്ടും ചൂടിനൊരു കുറവും ഇല്ല. അരീക്കുന്നില്‌ ചരിത്രാതീതകാലം മുതല്‍ക്കേ വഴിനടക്കണോര്‍ടെ കാലു പൊള്ളിച്ചു പോന്ന മൊഞ്ചത്തിപ്പാറ ഒരു ദാക്ഷിണ്യവും കാണിക്കുന്നില്ല. ചെരിപ്പിടാത്ത വിണ്ടുപൊട്ടിയ കാലടിള്‌ വല്ലാതെ പൊകയുമ്പോള്‍ പാത്തുത്താത്ത മീന്‍പൊതികൊണ്ടൊന്നു ഉരയ്ക്കും. കാലടിയൊന്നു തണുക്കുമ്പോള്‍ വീണ്ടും ഏന്തി വലിഞ്ഞു നടക്കും.

അരീക്കുന്ന്‌ കയറിമറിഞ്ഞു വേണം പാത്തുത്താത്തയുടെ പൊരയ്ക്കെത്താന്‍. മൊഞ്ചത്തിപ്പാറ കഴിഞ്ഞാല്‍ ഹാജ്യാര്ടെ പറങ്കിമാവിന്‍ തോട്ടം. അതിനു താഴെ വാസുമാഷിന്‍രെ പറമ്പു നനയ്ക്കാനുണ്ടാക്കിയ വെള്ളക്കുഴിയുണ്ട്‌. അടിത്തട്ടില്‍ ചെളികലങ്ങിയ ഇത്തിരി വെള്ളം കാണാതിരിക്കില്ല. കാലൊന്നു മുക്കിപ്പിടിക്കണം. ഇത്തിരി തെളിച്ചയുണ്ടെങ്കില്‍ ഒന്നു കോരി കഴുത്തിലൂടെ ഒഴിക്കണം.

എന്തൊരു ചൂടാ ന്‍റെ ബദ്‌രീങ്ങളേ!

കുപ്പായം മുഴുവന്‍ വിയര്‍ത്തൊഴുകി നനഞ്ഞിരിക്കുന്നു. കണ്ണിന്‍റെ പീലിയിലൂടെപ്പോലും വിയര്‍പ്പുമണികള്‌ കിനിഞ്ഞിറങ്ങുന്നു. കിയാമം നാള്‌ ആയിത്തുടങ്ങ്യതിന്‍റെ എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്‌.

സൂര്യന്‍ പടിഞ്ഞാട്ട്‌ തലതാഴ്ത്തിത്തുടങ്ങി. അരീക്കുന്നിന്‍റെ നെറുകയില്‍ നിന്നു നോക്കിയാല്‍ പടിഞ്ഞാട്ട്‌ അറബിക്കടലിന്‍റെ തിരയിളക്കം കാണാം. ബേപ്പൂരങ്ങാടീലടുക്കണ ഉരുക്കളുടെ കെട്ടുപായകള്‌ തലയുയര്‍ത്തി നില്‍ക്കണതൊക്കെ ഒരു പൊട്ടു പോലെ കാണാം.

പാത്തുത്താത്തേന്‍റെ മൂന്നു മക്കളും ഉരുപ്പണിക്കാരാണ്‌. ഉരൂല്‌ പണിക്കു കേറ്യാല്‍ പിന്നെ അഞ്ചോ ആറോ മാസം കഴിഞ്ഞേ ഒന്നു കാണാന്‍ കിട്ടൂ. പാത്തുത്താത്തേന്‍റെ മാപ്പളയും ഉരുപ്പണിക്കാരനായിരുന്നു. കലന്തന്‍ കാദര്‍ക്ക. കാദര്‍ക്കേന്‍റെ മൂത്തോരും എളയോരുമൊക്കെ ഉരുപ്പണിക്കാരായിരുന്നു. വാപ്പയും വാപ്പേന്‍റെ വാപ്പയും ഒക്കെ.

കാദര്‍ക്കേന്‍റെ വാപ്പേന്‍റെ വാപ്പ കലന്തന്‍ ഹസ്സനാജി ആണ്‌ മക്ക കണ്ട ആദ്യത്തെ അരീക്കുന്നുകാരന്‍. ഹസ്സനാജിക്ക്‌ അന്തകാലത്ത്‌ സ്വന്തമായി ഉരു ഉള്ള ആളായിരുന്നു. ചാലിയാര്‍ പുഴയുടെ വക്കത്ത്‌ കലന്തന്മാര്‍ക്ക്‌ ഒരു തറവാട്ടു വീടുണ്ടായിരുന്നു. പടിപ്പുരയും മാളികയുമൊക്കെ ഉള്ള പച്ചപ്പെയിന്‍റടിച്ച ഒരു കൊട്ടാരം. ഹസ്സനാജീന്‍റെ വാപ്പ കലന്തന്‍ പോക്കുട്ടി കെട്ടിയത്‌.

പാത്തുത്താത്തയ്ക്ക്‌ ചെറ്യ്യേ ഓര്‍മ്മയുണ്ട്‌ ആ വീട്‌. പതിമൂന്നാം വയസ്സില്‍ കെട്ടിക്കൊണ്ടു വരുമ്പ്പോള്‍ ആദ്യം കണ്ട നോട്ടം. അതു മാത്രം. പിന്നെ ഹസ്സനാജി മരിച്ച്‌, കാദര്‍ക്കേന്‍റെ വാപ്പ കലന്തന്‍ മജീദ്‌ ഭരണം ഏറ്റതോടെയാണ്‌ കാര്യങ്ങളൊക്കെ നേരെ തിരിഞ്ഞത്‌.

കാര്യങ്ങളൊക്കെ നേരത്തേ അലുക്കുലുത്തായിരുന്നെന്നാണ്‌ മജീദ്‌ക്ക എല്ലാരോടും പറഞ്ഞത്‌. ഹസ്സനാജി പൊറത്തറിയിക്കാതെ കൊണ്ടു നടക്കുകയായിരുന്നത്രെ. ഒടുവില്‌ ബാദ്ധ്യതകളുടെ പെരുക്കം താങ്ങാനാകാതെ ചങ്കുപൊട്ടി ചാകുകയായിരുന്നത്രെ.

മജീദ്ക്കയ്ക്ക്‌ എട്ട്‌ പെണ്ണുങ്ങളുണ്ടായിരുന്നു. അതിലധികവും ഹസ്സനാജീന്‍റെ കാലശേഷമാണ്‌ കെട്ടിയത്‌. കുടുമ്പത്തിലെ തകര്‍ച്ചയും പിന്നെ ഭാഗം വയ്പ്പും കഴിഞ്ഞപ്പോഴേയ്ക്ക്‌ സ്വന്തമായി ഉരു ഉണ്ടായിരുന്ന കുടുംബത്തിലെ ആണുങ്ങളെല്ലാം ഉരുപ്പണിക്കാരായി മാറി.

പാത്തുത്താത്തയ്ക്ക്‌ സന്തോഷം തന്നെ ആയിരുന്നു. കെട്ടിക്കൊണ്ടോന്നിട്ട്‌ പത്തു കൊല്ലത്തിനു ശേഷം ആ പച്ച നിറത്തിലുള്ള ജയിലില്‍ നിന്ന്‌ ഇറങ്ങിപ്പോരുമ്പോള്‍ ഒന്നു കൂടി തിരിഞ്ഞു നോക്കിയതും ഓര്‍ക്കുന്നുണ്ട്‌ പാത്തുത്താത്ത. പക്ഷേ അപ്പോഴേയ്ക്കും കട്ളയും ജനലുമൊക്കെ ആള്‍ക്കാരു്‌ പൊളിച്ചു കൊണ്ടുപോയിത്തുടങ്ങിയിരുന്നു. പല്ലൊക്കെ പൊഴിഞ്ഞ്‌, തലനരച്ച്‌, ചെവികളിലെ തുളകള്‌ മുറിഞ്ഞ്‌ തൂങ്ങിയ ഒരു വയസ്സത്തിയായിരുന്നു മാളിക അപ്പൊഴേയ്ക്കും. അതുകൊണ്ട്‌ രണ്ടാമത്തെ കാഴ്ച പാത്തുത്താത്ത കണ്ണടച്ച്‌ അങ്ങു മായ്ച്ചു കളഞ്ഞു.

അഞ്ചെട്ടുകൊല്ലം പട്ടിണി തന്നെ ആയിരുന്നു. നല്ല നെയ്ക്കുമ്പളങ്ങപോലെ ഇരുന്ന പാത്തുത്താത്ത കറുത്ത്‌ എല്ലിച്ച്‌ ഇന്നത്തെ കോലത്തിലായി. മൂന്നു ചെക്കന്മാരും പണിക്കുപോയിത്തുടങ്ങതില്‍ പിന്നെയാണ്‌ മൂന്നു നേരവും അടുപ്പു പുകഞ്ഞു തുടങ്ങിയത്‌.

കാദര്‍ക്ക ഉരു കേറിപ്പോയിട്ട്‌ കൊല്ലം കൊറേ ആയി. മാലീലേയ്ക്ക്‌ മണ്ണെണ്ണയുമായി പോക്വാണെന്നാണ്‌ പറഞ്ഞത്‌. ബേപ്പൂരു്‌ വിട്ടേന്‍റെ ശേഷം ആരും ഒന്നും കേട്ടിട്ടില്ല സഫറുള്ളാന്ന്‌ പേരുള്ള ആ ഉരൂനെപറ്റി.

ഉരു കെട്ടഴിച്ചാല്‌ പിന്നെ അഞ്ചോ ആറോ മാസം കഴിഞ്ഞിട്ടേ അതിനെപ്പറ്റി ആരെങ്കിലും ഓര്‍ക്കൂ. കണ്ണിലെണ്ണ ഒഴിച്ച്‌ കൊറേ ജന്മങ്ങള്‌ കുടീല്‌ കാത്തിരിക്കും. ഒന്നൊന്നര കൊല്ലം കഴിഞ്ഞിട്ടും തിരിച്ചു വരവൊന്നും കണ്ടില്ലെങ്കില്‍ ചോദിക്കാനും പറയാനും ആള്‌കളുള്ള പെണ്‍കുട്ടികളെ വേറെ നിക്കാഹ്‌ കഴിപ്പിക്കും. അല്ലാത്തോരു്‌ ജന്മം മുഴുവന്‍ അരീക്കുന്നിന്‍റെ നെറുകേല്‌ നിന്ന്‌ അറബിക്കടലില്‌ ഉരുക്കളട്‌ക്കണതും നോക്കി തീര്‍ക്കും.

അരീക്കുന്നിന്‍റെ നെറുകുംതലയിലാണ്‌ മൊഞ്ചത്തിപ്പാറ. ബ്ലൌസും മുണ്ടും തട്ടവുമിട്ട ഒരു മൊഞ്ചത്തി അകലെ ബേപ്പൂരു്‌ കടപ്പൊറത്തേയ്ക്ക്‌ കണ്ണുംനട്ട്‌ ഇരിക്കണപോലെ തോന്നും താഴേന്നു നോക്കിയാല്‍. ഉരുപ്പണിക്കുപോയ മാപ്പളേന്‍റെ വരവും നോക്കി ഇരുന്നിരുന്നിരുന്ന്‌ പാറയായി ഉറഞ്ഞുപോയതാണ്‌ മൊഞ്ചത്തി.

കാദര്‍ക്ക പോയതിനു ശേഷം ആദ്യത്തെ ഒന്ന്‌ രണ്ട് കൊല്ലമൊക്കെ മൊഞ്ചത്തിയുമായിട്ട്‌ വല്യ ലോഹ്യത്തിലായിരുന്നു പാത്തുത്താത്ത. വെയിലടങ്ങിക്കഴിയുമ്പോള്‍ പാത്തുത്താത്ത കുന്നുകയറി വരും. മൊഞ്ചത്തിപ്പാറ കത്തുന്ന ചൂട്‌ ഉള്ളിലൊതുക്കി താത്തയ്ക്ക്‌ ഇരിക്കാനിടം കൊടുക്കും. പടിഞ്ഞാട്ട്‌ ഉരുക്കളടുക്കണത്‌ കാട്ടിക്കൊടുക്കും.

കാദര്‍ക്ക ഉരൂന്‍റെ തുഞ്ചീല്‌ കയറി നിന്ന്‌ "പാത്ത്വോ.." ന്ന്‌ നീട്ടി വിളിക്കണത്‌ പലതവണ കണ്ടിട്ടുണ്ട്‌ പാത്തുത്താത്ത. അപ്പോഴേയ്ക്ക്‌ അസൂയക്കാരി മൊഞ്ചത്തി ചന്തി പൊള്ളിച്ച്‌ കിനാവില്‍ നിന്ന്‌ ഉണര്‍ത്തിക്കളയും.

ചെവീലെ അവസാനത്തെ അലുക്കത്തും വിറ്റു തിന്നു കഴിഞ്ഞപ്പോഴാണ്‌ കനവ്‌ വെച്ചാല്‌ ചോറുണ്ടാവൂലാന്ന്‌ പാത്തുത്താത്ത തിരിച്ചറിഞ്ഞത്‌. അന്നു സലാം പറഞ്ഞതാണ്‌ മൊഞ്ചത്തിയോട്‌. മൂന്നു ചെക്ക്ന്മാരെ വളര്‍ത്തി പണിക്കുപോകാനാക്കി. അവരും വാപ്പേന്‍റെ പണി തന്നെ തെരെഞ്ഞെടുത്തു. ഇളയോനോട്‌ ഇത്തിരി വാല്‍സല്യം കുടുതലുണ്ടായിരുന്നു പാത്തുത്താത്തയ്ക്ക്‌. ബാടേരിഹാജീന്‍റെ പേര്‍ഷ്യയ്ക്കു പോകുന്ന ഉരൂല്‌ പണികിട്ടിയെന്ന്‌ ഓന്‍ വന്ന്‌ തിമിര്‍ത്ത ദിവസം കരഞ്ഞു കാലു പിടിച്ചതാണ്‌ പാത്തുത്താത്ത. അന്ന്‌ വിണ്ടും മൊഞ്ചത്തീന്‍റെ അടുക്കല്‌ ചെന്നിരുന്ന്‌ കരഞ്ഞു. മൊഞ്ചത്തി ഒന്നും മിണ്ടിയില്ല. അല്ലെങ്കില്‍ തന്നെ ഓളെന്തു പറയാനാണ്‌. ഓള്‌ ഒരു ഉമ്മ ആയിട്ടില്ലല്ലോ.

മൂത്ത ചെക്കന്‍ പൊറങ്ങാട്ടിരീന്ന്‌ ഒരുത്തിയെ കെട്ടിക്കൊണ്ടോന്നു. ദാന്നു പറയുമ്പോഴേയ്ക്ക്‌ ഓള്‌ ഒന്നു പെറ്റു. രണ്ടാമത്തത്‌ വയറ്റിലും ആയി. രണ്ടാമത്തതിന്‌ ഓള്‍ക്ക്‌ കുളിതെറ്റണതിനു മുന്നേ ചെക്കന്‍ ഉരൂല്` കേറിയതാണ്‌. ഇപ്പം മാസം എട്ടായി.

പാത്തുത്താത്ത മൊഞ്ചത്തിയെ അമര്‍ത്തിയൊന്നു ചവുട്ടി. ഓള്‍ക്ക്‌ ദേഷ്യണ്ടാവും. പഴയ പോലെ ഇവിടെ വന്നിരുന്ന്‌ ഒരിക്കലും വരാത്ത പുയ്യാപ്പളേന്‍റെ വഴിയും നോക്കി ഇങ്ങനെ ഇരുന്നാല്‍ പോരല്ലോ പാത്തുത്താത്തയ്ക്ക്‌. ഒരു ചെക്കനും കൂടി വളര്‍ന്ന്‌ വരണ്‌ണ്ട്‌ പെരേല്‌. പത്തു പതിനഞ്ച്‌ കൊല്ലം. അത്‌ കഴിയുമ്പോള്‌ ഓനും പോകും. കലന്തന്മാരുടെ ചരിത്രത്തിന്‌ തുടര്‍ച്ചയാവാന്‍.

പാത്തുത്താത്ത സൂര്യനൊപ്പം കുന്നിറങ്ങി. തട്ടം പൊന്തിച്ച്‌ വാസുമാഷ്ടെ വെള്ളക്കുഴിയില്‍ നിന്ന്‌ കലങ്ങിയ വെള്ളമെടുത്ത്‌ കഴുത്ത്‌ നനച്ചു. വിണ്ടു കീറിയ കാല്‌ ഇത്തിരി നേരം വെള്ളത്തില്‌ ഇറക്കി വച്ചു.

കത്തലിന്‌ ഇത്തിരി ആശ്വാസം കിട്ടിയപ്പോല്‍ മൊഞ്ചത്തിയെ ഓര്‍ത്തു. കാലാകാലങ്ങളായി അങ്ങനെ കത്തിക്കെടക്ക്വല്ലേ ഓള്‌.

തട്ടത്തുണിയെടുത്ത്‌ വെള്ളക്കുഴീലെ കലക്കവെള്ളത്തില്‌ മുക്കി. അതും ചുരുട്ടിപ്പിടിച്ച്‌ പാത്തുത്താത്ത തിരിച്ച്‌ കുന്നുകയറി.

2010, ഫെബ്രുവരി 15, തിങ്കളാഴ്‌ച

ഇര

നിങ്ങള്‍ക്കറിയാമല്ലോ, ഒരാളെ കൊല്ലുകയെന്നത്‌ വളരെ എളുപ്പമുള്ള കാര്യമാണ്‌. പക്ഷേ, കൊല്ലുകയും നിയമത്തിനു മുന്നില്‍ നിന്നു രക്ഷപ്പെടുകയും ചെയ്യുക എന്നത്‌ അല്‍പം വിഷമകരവുമാണ്‌. എങ്ങനെ കൊല്ലണമെന്നുള്ളതിലുമുണ്ട്‌ ചിന്തിക്കാന്‍ ഒരു പാടു കാര്യങ്ങള്‍. ഉദാഹരണത്തിന്‌ നിങ്ങള്‍ക്ക്‌ കൊല്ലേണ്ടത്‌ ഒരു വഴിമുടക്കിയെ ആണെങ്കില്‍, അതായത്‌ നിങ്ങള്‍ക്കു പ്രത്യേകിച്ചു വിരോധമൊന്നുമില്ലാത്തഒരാളെ , എന്നാല്‍ അയാളെ ഇല്ലായ്മ ചെയ്യേണ്ടത്‌ നിങ്ങളുടെ വിജയത്തിനോ, നിലനില്‍പ്പിനോ ആവശ്യമാണെന്നു വരികില്‍, ഒരു ഗുണ്ടാ സംഘത്തേയോ പ്രൊഫഷണല്‍ അസ്സാസിനെയോ കാര്യം ഏല്‍പ്പിക്കുന്നതാകും ബുദ്ധി. കാശുകൊടുത്താല്‍ അവര്‍ ഭംഗിയായി കാര്യം നടത്തിക്കൊള്ളും. നിങ്ങളാകെ ചെയ്യേണ്ടത്‌ പണം കൊടുക്കുക, കഴിയുന്നത്ര അദൃശ്യനായിരിക്കുക എന്നതു മാത്രം.

പക്ഷേ, പ്രതികാരമോ, ദേഷ്യം തീര്‍ക്കലോ ആണു നിങ്ങളുടെ ലക്ഷ്യമെങ്കില്‍, സംഗതി നിങ്ങളുടെ കൈകൊണ്ടുതന്നെ വേണമല്ലോ നടത്താന്‍. പക്ഷേ റിസ്ക്‌ വളരെ വലുതാണെന്ന്‌ മനസ്സിലാക്കണം. എത്ര നന്നായി പ്ളാന്‍ ചെയ്താലും എവിടെയെങ്കിലും നിങ്ങള്‍ക്കു പിഴയ്ക്കുമെന്നുറപ്പാണ്‌. നിങ്ങളിലേയ്ക്കെത്താനുള്ള ഒരു തുരുമ്പ്‌, ഒരു വഴി, എപ്പോഴും തുറന്നിരിക്കുകതന്നെ ചെയ്യും. ബുദ്ധിമാനും നിരീക്ഷണകുതുകിയുമായഒരു ഉദ്യോഗസ്ഥന്‌ അതു തുറന്നു കിട്ടും. ഒക്കെ നിങ്ങളുടെ ഭാഗ്യം പോലിരിക്കും. വളരെയൊന്നും ശ്രദ്ധാലുവല്ലാത്ത ഒരു പോലീസുകാരന്‍ അന്വേഷിക്കാന്‍ നിയുക്തനാവുക, സാഹചര്യത്തെളിവുകള്‍ മറ്റേതെങ്കിലുമൊരാളിലേയ്ക്ക്‌ വിരല്‍ ചൂണ്ടുക, നിങ്ങള്‍ക്ക്‌ അത്രപെട്ടെന്നൊന്നും പൊളിയ്ക്കാനാവാത്ത ഒരു അലീബിയുണ്ടാവുക, അങ്ങനെ ചിലത്‌ ചിലപ്പോള്‍ നിങ്ങളെ രക്ഷിച്ചേക്കും.

ശരി, നമുക്കു കാര്യത്തിലേയ്ക്കു വരാം. കഥാപാത്രത്തെ നമുക്ക്‌ 'ഇര'യെന്നു വിളിക്കാം. ഇയാള്‍ ഒരു വഴിമുടക്കി മാത്രമാണെന്നായിരുനു ഞാന്‍ അതുവരെ വിചാരിച്ചിരുന്നത്‌. ഇന്ദിരയെ അവന്‍ കരുതിക്കൂട്ടി കുരുക്കാന്‍ തുടങ്ങിയപ്പോഴാണ്‌ സത്യത്തില്‍ എനിക്ക്‌ അവനെ ചിത്രത്തില്‍നിന്നുതന്നെ മായ്ച്ചുകളയേണ്ടത്‌ അത്യാവശ്യമാണെന്നു തോന്നിത്തുടങ്ങിയത്‌. അതിലേയ്ക്കു നയിച്ച സംഭവങ്ങളെക്കുറിച്ച്‌ നിങ്ങളോടു ചര്‍ച്ചചെയ്യാന്‍ എനിക്കു താല്‍പ്പര്യക്കുറവുണ്ട്‌. ഞാന്‍ അതൊക്കെ പറയാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ അതിലെ ന്യായാന്യായങ്ങളെക്കുറിച്ചെന്നോടു തര്‍ക്കിക്കുകയും നമ്മള്‍ വിഷയത്തില്‍ നിന്നകന്നു പോകുകയും ചെയ്യുമെന്ന്‌ ഞാന്‍ ഭയക്കുന്നു.

അടുത്ത ചില ദിവസങ്ങളിലായി ഞാന്‍ ഇരയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവന്‍റെ ഓരോ ദിവസത്തെയും റുട്ടീന്‍, ഭക്ഷണക്രമം, ആരോടൊക്കെ ഇടപെഴകുന്നു, എപ്പോഴുറങ്ങുന്നു, എപ്പോഴുണരുന്നു അങ്ങനെ ഒട്ടനവധി ഡാറ്റ ഞാന്‍ കളക്ടുചെയ്തു കഴിഞ്ഞു.

ഒരു വിശദമായ പ്ളാനും ഞാന്‍ തയ്യാറാക്കിയിട്ടുണ്ട്‌. എല്ലാ പഴുതുകളുമടച്ച ഒരു ഉശിരന്‍ പ്ളാനാണെന്‍റേത്‌. പക്ഷേ ഞാന്‍ നേരത്തേ സൂചിപ്പിച്ചതുപോലെ, എവിടെയോ ഒരു തുരുമ്പ്‌, എന്നിലേയ്ക്കു തുറന്നേക്കാവുന്ന ഒരു വഴി ബാക്കിയുണ്ടാവുമല്ലോ. അതുകൂടി എനിക്ക്‌ അടച്ചേ തീരൂ. അതിനാണ്‌, എനിക്കു വിശ്വസിക്കാന്‍ കൊള്ളാവുന്ന ഒരാളെന്ന നിലയ്ക്ക്‌ നിങ്ങളോട്‌ ഈ പ്ലാനിന്‍റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നു കരുതിയത്‌. മുഴുവന്‍ കേട്ടിട്ട്‌ എവിടെയാണ്‌ ഒബ്‌വിയസ്‌ ആയ ആ മിസ്റ്റേയ്ക്ക്‌, അങ്ങനെയൊന്നുണ്ടെങ്കില്‍, എന്നൊന്നു പറഞ്ഞു തരൂ.

മുപ്പത്തെട്ടു നിലകളുള്ള ഒരു സ്കൈസ്ക്രെയ്പ്പറിലെ പതിനേഴാമത്തെ നിലയിലാണ്‌ അവന്‍റെ താമസം. കൂടെ പ്രായമായ അമ്മ മാത്രം. കിളവിക്ക്‌ ഇരുട്ടിയാല്‍ പിന്നെ കണ്ണുകാണില്ല. പക്ഷേ അപാര കേള്‍വിശക്തിയാണ്‌.

പതിനേഴാമത്തെ നിലയിലേയ്ക്ക്‌ വലിഞ്ഞു കയറുക എളുപ്പമല്ലെന്നറിയാമല്ലോ. മൂന്നു ലിഫ്റ്റുകളാണ്‌ കെട്ടിടത്തിലുള്ളത്‌. രണ്ടു ഗോവണികളും. ലിഫ്റ്റുകളിലും ലോബിയിലും വീഡീയോ സര്‍വേയ്‌ലന്‍സുണ്ട്‌. അതായത്‌ മുഖം മറച്ചില്ലെങ്കില്‍ നിങ്ങള്‍ അവിടെപോയതിനു തെളിവുണ്ടാകുമെന്നര്‍ത്ഥം.

അപരിചിതനായ ഒരാള്‍, വീഡിയോക്യാമറയ്ക്കെതിരെ മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നത്‌ ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുമെന്നുറപ്പ്‌. പാതിരാത്രിയില്‍ പോലും ആളുകളുണ്ട്‌ ലിഫ്റ്റിലും ലോബിയിലും. അത്തരത്തില്‍ ശ്രദ്ധിക്കപ്പെടാതിരിക്കണമെങ്കില്‍, ഞാന്‍ അവിടുത്തുകാരനായാലേ പറ്റൂ. അതുകൊണ്ടാണ്‌, ഒരു ഗള്‍ഫുകാരന്‍ എന്‍ആര്‍ഐയുടെ പൂട്ടിക്കിടക്കുന്ന ഫ്ലാറ്റ്‌ ഞാന്‍ വാടകയ്ക്കെടുത്ത്‌ അങ്ങോട്ടു മാറിയത്‌. ഇരുപതാം നിലയിലാണ്‌ എന്‍റെ ഫ്ലാറ്റ്‌. പക്ഷേ അവിടെയുമുണ്ട്‌ പ്രശ്നം. ലിഫ്റ്റിനു സെക്യൂരിറ്റി ഉണ്ട്‌. എന്‍റെ കയ്യിലുള്ള സെക്യൂരിറ്റി ടാഗുപയോഗിച്ച്‌ ഇരുപതാം നിലയിലേ ഇറങ്ങാന്‍ പറ്റൂ. പിന്നെ പാര്‍ക്കേഡ്‌, ലോബി, ജിം തുടങ്ങിയ കോമണ്‍ സ്ഥലങ്ങളിലും.

സ്റ്റെയര്‍കേസിലൂടെ താഴേയ്ക്കിറങ്ങാം. പക്ഷേ ഉള്ളിലേയ്ക്കു കടക്കാനൊക്കില്ല. സ്റ്റെയര്‍കേസിന്‍റെ വാതില്‍ ഉള്ളില്‍ നിന്നേ തുറക്കാനൊക്കൂ. അതായത്‌ ഇരുപതാം നിലയില്‍ നിന്നും ഞാന്‍ പടികളിറങ്ങി പതിനേഴാം നിലയിലെത്തിയാലും സ്റ്റെയര്‍കേസില്‍ നിന്നും അവന്‍റെ ഫ്ലാറ്റിനു മുന്നിലെത്തണമെങ്കില്‍ സ്റ്റെയര്‍കേസിന്‍റെ വാതില്‍ ഉള്ളില്‍ നിന്നാരെങ്കിലും തുറന്നു തരണം. പതിനേഴാം നിലയ്ക്കുള്ളില്‍ നിന്നുമാത്രമേ അതു തുറക്കാന്‍ പറ്റൂ.

ഞാന്‍ ആദ്യം ചെയ്തത്‌ അവന്‍റെ കാര്‍ ഒരു ദിവസം കടം വാങ്ങിയ്ക്കുകയാണ്‌. എന്‍റെ കാറിന്‌ ചെറിയൊരു പണിയുണ്ടായിരുന്നു. അത്യാവശ്യമായി ഒരിടം വരെ പോകണമെന്നു പറഞ്ഞപ്പോള്‍ അവന്‍ തന്നെ ആണ്‌ വണ്ടി ഓഫര്‍ ചെയ്തത്‌.

അതെന്തായാലും ഭാഗ്യമായി. കാറിന്‍റെ കീയുടെ കൂടെ അവന്‍റെ ഫ്ലാറ്റിന്‍റെ താക്കോലുമുണ്ടായിരുന്നു. ഞാന്‍ അതിന്‍റെ രണ്ടു കോപ്പി എടുത്തു. അതിനു വേണ്ടി മാത്രം അകലെയുള്ള മറ്റൊരു പട്ടണത്തില്‍ പോയി. ഫ്ലാറ്റിന്‍റെ താക്കോലിനൊപ്പം മറ്റു ചില ഒരു ആവശ്യവുമില്ലാത്ത താക്കോലുകളുടേയും കോപ്പി എടുപ്പിച്ചു, ആ സ്റ്റോറുകാരനു സംശയത്തിനിടകൊടുക്കാതിരിക്കാന്‍.

ആയിടയ്ക്കാണ്‌ ഒരു കുപ്രസിദ്ധ മോഷ്ടാവ്‌ ജയിലില്‍നിന്നിറങ്ങിയ വിവരമറിയുന്നത്‌. നഗരപ്രാന്തത്തിലെ ഒരു ചേരിയിലാണ്‌ അവന്‍റെ വാസമെന്നു കേട്ടിട്ടുണ്ട്‌. അവനെ കണ്ടുപിടിക്കാന്‍ തീരുമാനിച്ചു. മാന്യമായി വസ്ത്രം ധരിച്ച ഒരാള്‍ ആ ചേരിയില്‍ ചെല്ലുമ്പോഴേ പലകണ്ണുകളും സംശയം മണക്കുമെന്ന്‌ എനിക്കറിയാം. അതുകൊണ്ട്‌ ഞാന്‍ മറ്റൊരു അടവെടുത്തു. മുഷിഞ്ഞുനാറിയ ഒരു ലുങ്കിയും ടീഷര്‍ട്ടുമിട്ട്‌, ഷേവു ചെയ്യാത്ത മുഖവുമായി ചേരിയിലെ കള്ളുഷാപ്പില്‍ പോയിത്തുടങ്ങി. ഒന്നു രണ്ടു ദിവസത്തിനിടയില്‍ രാജനെ പരിചയപ്പെടാനെനിക്കു കഴിഞ്ഞു.

എന്നെക്കുറിച്ച്‌ കാര്യമായ വിവരങ്ങളൊന്നും ഞാന്‍ അവനു കൊടുത്തില്ല. മോഷണത്തെക്കുറിച്ചൊന്നും അവന്‍ ഒന്നും വിട്ടു പറഞ്ഞതുമില്ല.

ഒന്നുരണ്ടു ദിവസം കൂട്ടുകുടിയന്മാരായതോടെ ഞങ്ങള്‍ അടുത്തു. അങ്ങനെയാണ്‌ പതിനേഴാമത്തെ നിലയിലെ ഫ്ലാറ്റിന്‍റെ കീ കൈവശമുള്ളതിനെപ്പറ്റി ഞാന്‍ അവനോടു പറഞ്ഞത്‌. അവന്‍റെ കണ്ണിലെ തിളക്കം ഞാന്‍ വായിച്ചെടുത്തു. കിട്ടുന്നതിന്‍റെ മുക്കാല്‍ പങ്ക്‌ വനും കാല്‍പാതി എനിക്കും. അതായിരുന്നു തീരുമാനം. ഞാന്‍ ഒന്നിലുമില്ല. കീയുടെ പകര്‍പ്പിനും വിവരങ്ങള്‍ക്കുമുള്ള പ്രതിഫലമാണ്‌ കാല്‍പ്പങ്ക്‌. പ്രതിഫലത്തെക്കുറിച്ച്‌ കുറേ വാശി പിടിച്ച്‌ ഞാന്‍ അവന്‍റെ വിശ്വാസം അരക്കിട്ടുറപ്പിച്ചു.

പദ്ധതി തയ്യാറാക്കിയതൊക്കെ അവനായിരുന്നു. നല്ല വസ്ത്രങ്ങളൊക്കെ അണിഞ്ഞ്‌ അവന്‍ ഫ്ളാറ്റിനു പുറത്തു കാത്തു നില്‍ക്കും. ഇര വൈകിട്ടു ജോലി കഴിഞ്ഞു വരുമ്പോള്‍ അയാള്‍ക്കൊപ്പം ലിഫ്റ്റില്‍ കയറും. എന്നിട്ട്‌ പതിനേഴാം നിലയില്‍ അയാള്‍ക്കുവേണ്ടി നിര്‍ത്തുമ്പോള്‍ അവനുമിറങ്ങും. നേരെ എതിര്‍വശത്തേയ്ക്കു നടക്കും. ഇര അവനെ ശ്രദ്ധിക്കുകയാണെങ്കില്‍ പോലും അതേ നിലയിലുള്ള മറ്റേതോ ഫ്ളാറ്റിലേയ്ക്കു വന്ന സന്ദര്‍ശകനാണെന്നു കരുതിക്കൊള്ളും. (അതുമല്ലെങ്കില്‍ 'നില മാറിപ്പോയി' എന്നു പറഞ്ഞൊഴിയാം.) എന്നിട്ട്‌ നേരെ സ്റ്റെയര്‍കേസിലേയ്ക്കുള്ള വാതില്‍ തുറന്ന്‌ പുറത്തിറങ്ങും. വാതില്‍ അടയുന്നതിനു മുന്പ്‌ അല്‍പം സെല്ലോടേപ്പ്‌ ഉപയോഗിച്ച്‌ അതിന്‍റെ ലോക്കിംഗ്‌ ലിവര്‍ ബ്ലോക്കു ചെയ്യും. അതായത്‌ വാതില്‍ അടഞ്ഞിരിക്കുമെങ്കിലും, ലോക്ക്‌ വീഴില്ല. പിന്നെ വാതില്‍ സ്റ്റെയര്‍കേസില്‍ നിന്നും തുറക്കാന്‍ കഴിയും.

അതുകഴിഞ്ഞാല്‍ സ്റ്റെയര്‍കേസുവഴി താഴെ ഇറങ്ങി തിരിച്ചുപോകും. ഏതാണ്ടൊരു പുലര്‍ച്ച രണ്ടു മണിയോടെ തിരിച്ചു വരും. മദ്യമുപയോഗിച്ച്‌ നന്നായി വായ്‌ കഴുകി, ദേഹത്തൊക്കെ മദ്യമൊഴിച്ച്‌ മണം വരുത്തി, ബാറില്‍ നിന്ന്‌ വൈകി ഉന്മ്മത്തനായി വരുന്ന ഒരാളെപ്പോലെയാണ്‌ കയറി വരിക. ലിഫ്റ്റില്‍ വച്ച്‌ ഓക്കാനിക്കുകയൊക്കെ ചെയ്ത്‌ ആരുടെയെങ്കിലുമൊക്കെ ശ്രദ്ധയാകര്‍ഷിക്കും. പിന്നെ ഏതെങ്കിലുമൊരാളുടെ കൂടെ ഏതെങ്കിലുമൊരു നിലയില്‍ ഇറങ്ങും. അല്‍പ്പനേരം ചുറ്റിക്കറങ്ങി നിന്ന ശേഷം ഫ്ലോര്‍ മാറിപ്പോയെന്നു പറഞ്ഞ്‌ ഉറക്കെ ചമ്മിച്ചിരിച്ച്‌ സ്റ്റെയര്‍ കേസിറങ്ങും. ആരും പിന്‍തുടരുന്നില്ലെന്ന്‌ ഉറപ്പു വരുത്തിയ ശേഷം പതിനേഴാം നിലയിലെ വാതില്‍ തുറന്ന്‌ അകത്തുകടക്കും. ഫ്ലാറ്റിന്‍റെ കീ കയ്യില്‍ ഉള്ളതുകൊണ്ട്‌ ശബ്ദമൊന്നുമുണ്ടാക്കാതെ അകത്തു കടക്കാം.

ആദ്യം ചെയ്യേണ്ടത്‌ കെളവിയെ നിശബ്ദയാക്കുകയാണ്‌. ഭയങ്കര കേള്‍വിശക്തിയാണതിന്‌. അതുണര്‍ന്നാല്‍ പദ്ധതി പൊളിയും. അധികം ബുദ്ധിമുട്ടുണ്ടാവില്ല. മൂക്കും വായും ഒരിത്തിരി നേരം പൊത്തിപ്പിടിച്ചാല്‍ നിലയ്ക്കാവുന്ന ജീവനേ ആ ശരീരത്തില്‍ അവശേഷിക്കുന്നുള്ളൂ.

ഇര നല്ല ഉറക്കമായിരിക്കും. പ്രത്യേകിച്ചും കമ്പനിയിലെ പാര്‍ട്ടിയുടെ ദിവസമായതിനാല്‍. ഓസിനു കിട്ടുന്നതുകൊണ്ട്‌ കുറേയധികം പെഗ്ഗുകള്‍ വിഴുങ്ങിയിട്ടുണ്ടാകും. (വളരെ വിദഗ്ദ്ധമായാണ്‌ രാജനെക്കൊണ്ട്‌ ആ ദിവസം തന്നെ തെരഞ്ഞെടുപ്പിച്ചത്‌.)

അവന്‍ ഉണരുകയാണെങ്കില്‍ ബുദ്ധിമുട്ടാകും. ഒരു കാളക്കൂറ്റന്‍റെ ശക്തിയാണവന്‌. അശുപോലിരിക്കുന്ന രാജന്‍ അവന്‍റെ ഒരു ചവിട്ടിനു തികയില്ല. (പക്ഷേ, പഴയ നൊസ്റ്റാള്‍ജിയ ഒക്കെ കുത്തിപ്പൊക്കി അവനെ അന്നു രാത്രി ഒത്തിരി കുടിപ്പിക്കാനെനിക്കു സാധിക്കും).

പിന്നെ രാജനു പണി തുടങ്ങാം. ഒത്തിരി കാലം ദുബായില്‍ സ്വര്‍ണ്ണം കൊയ്തിട്ടുണ്ടവന്‍. പലിശയ്ക്കുകൊടുപ്പും ഒക്കെയായി കാശായിത്തന്നെ നല്ലൊരു സംഖ്യ വീട്ടില്‍ എപ്പോഴും കാണും. പിന്നെ അവന്‍റെ മരിച്ചുപോയ ഭാര്യയുടെ ആഭരണങ്ങള്‍. രാജനോടു പ്രത്യേകം പറഞ്ഞിട്ടുണ്ട്‌ ആക്രാന്തം കാണിക്കരുതെന്ന്‌. പണവും ആഭരണങ്ങളും തുടങ്ങി പോക്കറ്റില്‍ കൊള്ളാവുന്നത്രയേ എടുക്കാവൂ. വിലപിടിച്ച ഇലക്ട്രോണിക്സ്‌ ഉപകരണങ്ങളും മറ്റും ധാരാളമായുണ്ടാവും അവിടെ. പക്ഷേ ആരുടെയും കണ്ണില്‍ പെടാതെ അവ പുറത്തെത്തിക്കുക എളുപ്പമല്ല.

സ്റ്റെയര്‍കേസിലേയ്ക്കിറങ്ങിയാലുടന്‍ സെല്ലോറ്റേപ്പ്‌ പറിച്ചെടുക്കണം. വാതില്‍ വിണ്ടും ലോക്കാവും. പുറത്തിറങ്ങി നേരേ റോഡുമുറിച്ചു കടന്നാല്‍ റെയില്‍വേസ്റ്റേഷന്‍. റ്റൈമിംഗ്‌ ഒക്കെ കൃത്യമായിരുന്നാല്‍ രാജന്‍ രണ്ട്‌ മുപ്പത്തഞ്ചോടെ റെയില്‍വേസ്റ്റേഷനിലെത്തും. പുലര്‍ച്ചെ രണ്ടരമുതല്‍ മൂന്നുമണിവരെയുള്ള സമയത്തിനിടയ്ക്ക്‌ വടക്കോട്ടുള്ള മൂന്നു വണ്ടികളാണ്‌ സ്റ്റേഷനിലെത്തുക. ഏതെങ്കിലുമൊന്നില്‍ കയറി കോഴിക്കോട്ടിറങ്ങുക. ഒരു ലോഡ്ജില്‍ മുറിയെടുത്ത്‌ കുളിച്ചു വൃത്തിയായതിനു ശേഷം കാലത്ത്‌ ഒന്‍പതുമണിയോടെ തിരിച്ച്‌ റെയില്‍വേസ്റ്റേഷനിലെത്തുക. മൂന്നാമത്തെ പ്ളാറ്റ്‌ഫോമില്‍ ക്ളോക്കിനു സമീപം ഞാന്‍ കാത്തു നില്‍ക്കുന്നുണ്ടാവും.

ഒരു ഭീഷണിയെന്ന നിലയില്‍ ഇതുകൂടിപറഞ്ഞു - പത്തുമണിയോടെ എത്തിയില്ലെങ്കില്‍, ഞാന്‍ പോലീസിനു കീഴടങ്ങും. കുപ്രസിദ്ധ കുറ്റവാളി ആയതുകൊണ്ട്‌ രാജന്‍ പിടിക്കപ്പെടുമെന്നുറപ്പ്‌. (ചുമ്മാ, കൊള്ളമുതലില്‍ എനിക്കു താല്‍പ്പര്യമുണ്ടെന്നു കാണിക്കാന്‍ വേണ്ടി മാത്രം.)

ഇനി ഞാന്‍ എന്താണു ചെയ്യാന്‍ പോകുന്നതെന്നു പറയാം. രണ്ടു മണിയ്ക്ക്‌ രാജന്‍ എത്തുന്നതിനു മുന്നേ ഞാന്‍ പതിനേഴാം നിലയിലെത്തുന്നു. കിളവിയെ അല്‍പം കൂടിയ ഡോസ്‌ നിക്കോട്ടിന്‍ ഉപയോഗിച്ച്‌ ബോധരഹിതയാക്കുന്നു. ഒരു ട്രിക്കാണത്‌. കെളവി ബീഡി പുകയ്ക്കുമെന്ന്‌ എനിക്കറിയാം. വല്ലപ്പോഴും ഞാനവിടെ പോകുമ്പോള്‍ കെളവി എന്‍റെ കയ്യില്‍ നിന്നും മകന്‍ കാണാതെ സിഗരറ്റ്‌ ഇരന്നു മേടിക്കും. പുകവലിക്കുന്ന ഒരാളിന്‍റെ ശരീരത്തില്‍ നിക്കോട്ടിന്‍ കാണുമെന്നുറപ്പാണല്ലോ. അപ്പോള്‍ പോസ്റ്റ്‌മോര്ട്ടത്തിലും ഒരു സംശയത്തിനു കാരണമില്ല. ക്ളോറോഫോമോ മറ്റോ ഉപയോഗിച്ചാല്‍ അത്‌ ലാബ്‌ടെസ്റ്റുകളില്‍ കണ്ടു പിടിക്കപ്പെടും. കിളവിയുടെ ആരോഗ്യാവസ്ഥ കാരണം തട്ടിപ്പോകാന്‍ ചാന്‍സുണ്ടു താനും. (പുകയിലയില്‍ നിന്ന്‌ നിക്കോട്ടിന്‍ വേര്‍തിരിച്ചെടുക്കാന്‍ എളുപ്പമാണ്‌. വെള്ളത്തിലിട്ടു തിളപ്പിച്ചാവര്‍ത്തിച്ച്‌ ഫില്റ്റെര്‍ പേപ്പര്‍ ഉപയോഗിച്ച്‌ എളുപ്പത്തില്‍ വേര്‍തിരിച്ചെടുക്കാം)

കിളവിയെ കൊല്ലണമെന്ന്‌ എനിക്കുദ്ദേശമില്ല. രാജന്‍ അകത്തുകടന്നാല്‍ ആദ്യം ചെയ്യുക കിളവിയുടെ മൂക്കുംവായും പൊത്തിപ്പിടിക്കുകയാണ്‌. രാജന്‍റെ കൈകൊണ്ടുതന്നെ വേണം കിളവി ചാവാന്‍. എന്നാലേ അവന്‌ ചെറിയൊരു പേടിയുണ്ടാവൂ. ആകാവുന്നത്ര പിടികൊടുക്കാതിരിക്കാന്‍ ശ്രമിക്കൂ.

പിന്നെ, അവന്‍. അവനെ കൊല്ലുന്നത്‌ എനിക്ക്‌ ശരിക്കൊന്ന്‌ ആസ്വദിക്കണം. കട്ടിലിനോട്‌ ചേര്‍ത്തുകെട്ടി, അവന്‍റെ വായില്‍ തുണി തിരുകണം. അവന്‍റെ കയ്യിലേയും കാലിലേയും നഖങ്ങള്‍ ഓരോന്നായി പിഴുതെടുക്കണം. തുണിപറിച്ചു കളഞ്ഞ്‌ അവന്‍റെ ജനനേന്ദ്രിയത്തില്‍ അല്‍പം മദ്യമൊഴിച്ച്‌ തീകൊളുത്തണം. ഒന്നു കരയാന്‍ പോലും കഴിയാതെ കണ്ണുതുറിപ്പിച്ച്‌ ഞരമ്പുകള്‍ വലിഞ്ഞു മുറുകി അവന്‍ ബെഡ്ഡില്‍ വിസര്‍ജ്ജിക്കുന്നത്‌ കണ്ട്‌ ഒന്ന്‌ അട്ടഹസിക്കണം... ഹ ഹ ഹാ!

ക്ഷമിക്കണം അത്രയും വിശദാംശങ്ങളിലേയ്ക്ക്‌ കടക്കണമെന്നു കരുതിയതല്ല. വല്ലാതെ എക്സൈറ്റെഡ്‌ ആയിപ്പോയി.

തുടരട്ടെ. അവനെ ഞാന്‍ അപ്പോഴും കൊല്ലാനുദ്ദേശിക്കുന്നില്ല. അവന്‍ പണവും ആഭരണങ്ങളുമൊക്കെ വച്ചിരിക്കുന്നത്‌ വിദേശത്തുനിന്നു കൊണ്ടു വന്ന പ്രത്യേക സേഫിലാണെന്നെനിക്കറിയാം. അവനുമാത്രമറിയാവുന്ന പാസ്‌കോഡ്‌ ഉപയോഗിച്ചേ അതു തുറക്കാന്‍ കഴിയൂ. ആ വിവരമൊന്നും ഞാന്‍ രാജനോടു പറഞ്ഞിട്ടില്ല. ആ പാസ്സ്‌കോഡ്‌ അവനോട്‌ എഴുതികാണിക്കാന്‍ പറയണം. അതുപയോഗിച്ച്‌ സേഫ്‌ തുറന്നു വയ്ക്കണം. രാജന്‍ വരുമ്പോള്‍ സേഫ്‌ തുറന്നുകിടക്കുന്നതു കണ്ട്‌ പണി എളുപ്പമായെന്നു കരുതി മുതലും എടുത്ത്‌ സ്ഥലം കാലിയാക്കിക്കൊള്ളും.

ഇര നല്ല മദ്യലഹരിയില്‍ ഉറങ്ങുകയായിരിക്കുമെന്നാണ്‌ രാജനോടു പറഞ്ഞിട്ടുള്ളത്‌. അതുകൊണ്ട്‌ ഒരു തുണിയെടുത്ത്‌ അവന്‍റെ തലവഴിമൂടിയാല്‍ രാജന്‍ സംശയിക്കില്ലതന്നെ. മാത്രവുമല്ല, തുണിപൊക്കിനോക്കി ഉറങ്ങുന്ന വീട്ടുകാരനെ ഒരു കള്ളനും ഉണര്‍ത്താന്‍ മെനക്കെടില്ലല്ലോ.

രാജന്‍ പോയിക്കഴിഞ്ഞ ശേഷമാണ്‌ ഞാന്‍ അവനെ കൊല്ലാന്‍ പോകുന്നത്‌. ഓരോ അവയവവും അടിച്ചു ചതച്ച്‌ അവനെക്കൊണ്ട്‌ മരണം യാചിപ്പിക്കും. ഒടുക്കം തുടയിലെ ആര്‍ട്ടെറിയില്‍ ആഴത്തിലൊരു മുറിവുണ്ടാക്കും. അതിലൂടെ ചോര വാര്‍ന്ന്‌ വാര്‍ന്ന്‌ ശബ്ദമുയര്‍ത്താന്‍ വയ്യാതാവുമ്പോള്‍ ഞാനവന്‍റെ വായിലെ കെട്ടഴിയ്ക്കും. മരിക്കുന്നതിനു മുന്പ്‌ അവനു പറയാനുള്ളതൊന്നു കേള്‍ക്കാന്‍. അവന്‍ രക്ഷിക്കാന്‍ കെഞ്ചുകയൊന്നുമില്ല. എന്നെ തെറിവിളിക്കുമായിരിക്കും. ആണാണെങ്കില്‍ അഴിച്ചു വിട്ടിട്ട്‌ പൊരുതെടാ എന്നു പറയുമായിരിക്കും. ഹ ഹ ഹ! ആണാണെങ്കില്‍ എന്ന്‌! ഇന്ദിരയെ ഞാന്‍ അറിയിച്ചുകൊടുക്കുന്നുണ്ട്‌ എന്‍റെ ആണത്തം. അതിനു മുന്പ്‌ അവന്‍റെ ആണത്തം കരിഞ്ഞ ഒരു മാംസത്തുണ്ടായി മാറിയിരിക്കും.

ക്ഷമിക്കണം, ഞാന്‍ വീണ്ടും കാടുകയറുന്നുണ്ടല്ലേ. ഇനി ചുരുക്കിപ്പറയാം. രാജനെ പ്രതിയായി കാണിച്ചു കൊടുക്കുക എന്നതാണ്‌ എന്‍റെ ഉദ്ദേശമെന്ന്‌ ഇതിനകം നിങ്ങള്‍ മനസ്സിലാക്കിയിരിക്കുമല്ലോ.

മോഷണം പുറത്തറിയാതിരിക്കാന്‍ ആദ്യമവന്‍ കിളവിയെ കൊല്ലുന്നു. പിന്നെ സേഫ്‌തുറക്കാനുള്ള പാസ്‌കോഡറിയാന്‍ ഇരയെ ഭേദ്യം ചെയ്യുന്നു. തല്‍ഫലമായി ചോരവാര്‍ന്ന്‌ ഇര പിന്നീടു മരിക്കുന്നു. വിദഗ്ദ്ധനായൊരു മോഷ്ടാവാണ്‌ അവന്‍. തെളിവുകളൊന്നും അവശേഷിപ്പിക്കാതിരിക്കാന്‍ അവന്‍ ശ്രദ്ധിച്ചോളും.

എങ്കിലും ബുദ്ധിമാനായ ഒരു അന്വേഷകന്‍ അവനിലേയ്ക്ക്‌ എത്തിച്ചേര്‍ന്നുകുടെന്നില്ല. എന്നാല്‍പോലും ഷാപ്പില്‍ വച്ചു പരിചയപ്പെട്ട മറ്റൊരു കള്ളന്‍ എന്നതിലുപരി ഒരു ലിങ്കും എന്നിലേയ്ക്കവനില്ല. ഒന്‍പതുമണിക്ക്‌ സ്റ്റേഷനില്‍ എന്നെക്കണ്ടില്ലെങ്കില്‍ അവന്‍ തീര്‍ച്ചയായും പരിഭ്രാന്തനാവും. ഉടനേ ദൂരെയെവിടേയ്ക്കെങ്കിലും സ്ഥലം വിടുകയും ചെയ്തുകൊള്ളും.

ഇതാണു പ്ളാന്‍. ഇനി പറയൂ, എന്താണ്‌ ആ മിസ്റ്റേക്ക്‌? എല്ലാ കുറ്റവാളിയും ഇട്ടിട്ടുപോലുന്ന ആ ഫൂട്ട്‌പ്രിന്റ്‌? ഒന്നു പറഞ്ഞു തരൂ.

ഒന്നും കണ്ടുപിടിക്കാന്‍ കഴിയുന്നില്ല അല്ലേ? ഹ ഹ ഹാ! എനിക്കറിയാമായിരുന്നു. അത്രയ്ക്ക്‌ ആലോചിച്ചുറപ്പിച്ചതാണ്‌ ഞാനീ പ്ലാന്‍. പക്ഷേ ഒന്നുകൂടിയുണ്ട്‌. ഇത്രയൊക്കെ പ്ളാന്‍ ചെയ്തിട്ടും കൊലപാതകി രാജന്‍ അല്ലെന്ന്‌ ഒരു അതിബുദ്ധിമാനായ പോലീസുകാരന്‍ മനസ്സിലാക്കിയെന്നിരിക്കട്ടെ. അയാള്‍ക്കു ഞാന്‍ ഒരു ഒബ്‌വിയസ്സായ ഇരയെ ഇട്ടുകൊടുക്കുന്നുണ്ട്‌. വണ്‍ ലാസ്റ്റ്‌ലൈന്‍ ഓഫ്‌ ഡിഫന്‍സ്‌!

ആരെന്നല്ലേ? ഹ ഹ ഹ! അതാണു നിങ്ങള്‍! ഞെട്ടെണ്ട. നിങ്ങള്‍ തന്നെ. പെട്ടെന്ന്‌ നിങ്ങളുടെ മുഖത്ത്‌ രക്തമിരച്ചു കയറുന്നതും ഞരമ്പുകള്‍ തുടിക്കുന്നതും ഞാന്‍ കാണുന്നുണ്ട്‌. എനിക്കു നിങ്ങളോടൊരു വിരോധവുമില്ല സുഹൃത്തേ. പക്ഷേ എന്‍റെ രക്ഷ ഞാന്‍ നോക്കണ്ടേ?

ഹ ഹ ഹ! നിങ്ങള്‍ വിയര്‍ക്കുന്നു! ഞാനീ പറഞ്ഞതൊക്കെ സത്യമാണ്‌. വിശദാംശങ്ങളില്‍ ചില തിരുത്തുകള്‍ വേണമെന്നു മാത്രം. നിങ്ങള്‍ക്കറിയാമോ, ഇര താമസിക്കുന്നത്‌ ഇതേ ബില്‍ഡിംഗിലാണ്‌. എന്നു പറഞ്ഞാല്‍ നിങ്ങളും ഞാനും ഇപ്പോള്‍ ഇരിക്കുന്ന നിങ്ങളുടെ ഈ ബില്‍ഡിംഗില്‍. ഓര്‍ക്കുന്നോ, രണ്ട്മാസമേ ആയുള്ളൂ നിങ്ങളിങ്ങോട്ടു താമസം മാറിയിട്ട്‌.‌. "ഗള്‍ഫുകാരന്‍ എന്‍ആര്‍ഐയുടെ ഫ്ലാറ്റിലേയ്ക്ക്‌" ഞാന്‍ വാടകയ്ക്കുകയറി എന്നത്‌ "അമേരിക്കക്കാരന്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറുടെ ഫ്ലാറ്റ്" എന്നു തിരുത്തിയാല്‍ ആള്‍ നിങ്ങളാവും. ഇരുപതാമത്തെ നില എന്നതിനു പകരം പന്ത്രണ്ടാമത്തേതായാല്‍ ഈ ഫ്ലാറ്റാവും. പതിനാറാമത്തെ ഫ്ളാറ്റിലെ നിങ്ങളുടെ സുഹൃത്ത്‌ പ്രദീപാകും എന്‍റെ 'ഇര'. ഹ ഹ ഹ! എങ്ങനെയുണ്ടാ ബുദ്ധി?

സോറി, ഞാന്‍ ഇനി പാസ്റ്റ്‌ടെന്‍സ്‌ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അതായത്‌ 'പ്രദീപായിരുന്നു ഇര' എന്ന്‌. അവനെ ഞാന്‍ മായ്ച്ചുകളഞ്ഞിരിക്കുന്നു. രക്തം വാര്‍ന്നൊഴുകി വിളറിവെളുത്ത ഒരു പ്രേതമായി പതിനാറാമത്തെ നിലയിലെ കട്ടിലില്‍ അവന്‍ ഉറങ്ങുന്നുണ്ട്‌. അവന്‍ ജോലിസ്ഥലത്ത്‌ എന്നുമെനിക്കൊരു പാര ആയിരുന്നു. ഇപ്പോള്‍ ഇന്ദിരയുടെ കാര്യത്തിലും.

ഈ കഥ പൂര്‍ണ്ണമാക്കാന്‍ ഒന്നു കൂടി എനിക്ക്‌ ചെയ്യേണ്ടതുണ്ട്‌. ഇതാ ഞാന്‍ നിങ്ങളുടെ മേശവലിപ്പില്‍ വയ്ക്കാന്‍ പോകുന്ന ഈ സ്റ്റിക്കി നോട്ടിലാണ്‌ പ്രദീപിനെക്കൊണ്ട്‌ അവന്‍റെ പാസ്‌കോഡെഴുതിച്ചത്‌.. ഇതു നിങ്ങളെ ഒരു ഇരയാക്കിക്കൊള്ളും. കൂടാതെ നിങ്ങളുടെ ഗാര്‍ബേജ്‌ ബിന്നില്‍ നിക്കോട്ടിന്‍ പുരണ്ട ഒരു ഫില്റ്റെര്‍ പേപ്പറും ഞാന്‍ നിക്ഷേപിക്കുന്നുണ്ട്‌.

അയ്യോ, നിങ്ങള്‍ വല്ലാതെ വിയര്‍ക്കുന്നുണ്ടല്ലോ! നിങ്ങള്‍ ചിന്തിക്കുന്നത്‌ ശരിയാണ്‌. എന്നിലേയ്ക്കെത്താന്‍ ഒരു വഴികൂടിയുണ്ട്‌. എനിക്കതും അടച്ചേ തീരൂ. അതിന്‌ തയ്യാറായിത്തന്നെയാണ്‌ ഞാന്‍ വന്നിരിക്കുന്നത്‌. ഈ സിലിണ്ടര്‍ നോക്കൂ. കാര്‍ബണ്‍ മോണോക്സൈഡാണതിനുള്ളില്‍. ദ സൈലന്‍റു്‌ കില്ലര്‍. ഒരു ഉറുമ്പു കടിക്കുന്ന വേദനപോലുമുണ്ടാവില്ല. നിങ്ങള്‍ പോലുമറിയുന്നതിനുമുന്പ്‌ നിങ്ങള്‍.. എനിക്കു നിങ്ങളെ വേദനിപ്പിക്കണമെന്നില്ല സുഹൃത്തേ..

ഗുഡ്‌ബൈ നൌ!

2009, സെപ്റ്റംബർ 18, വെള്ളിയാഴ്‌ച

പറവ

കുറേ കാലമായി അബ്ദുവിന്‍റെ കഥ പറയണമെന്നു വിചാരിക്കാന്‍ തുടങ്ങിയിട്ട്‌. എന്നെ സംബന്ധിച്ചിടത്തോളം അബ്ദു അഗാധതയ്ക്കപ്പുറമുള്ളൊരു ലക്ഷ്യമാണ്‌. ഒരിക്കല്‍കൂടി പോകണമെന്നും പോകേണ്ടെന്നും ഒരേ സമയം തോന്നിപ്പിക്കുന്ന ഒരു വിചിത്രമായ ഇടം. കാടുകയറി നിങ്ങളെ മുഷിപ്പിക്കാന്‍ ഞാനുദ്ദേശിക്കുന്നില്ല. കഥ കേട്ടിട്ട്‌ നിങ്ങള്‍ സ്വന്തം നിഗമനങ്ങളിലെത്തിക്കോളൂ.

കഥ തുടങ്ങുന്നത്‌ തൊണ്ണൂറുകളുടെ അവസാനത്തില്‍, ഒരു സെപ്റ്റംബര്‍ സന്ധ്യയിലാണ്‌. തെളിഞ്ഞ ആകാശം. നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. കോളേജ്‌ ഹോസ്റ്റലിന്‍റെ ടെറസ്സില്‍ അസ്തമിച്ചു തുടങ്ങിയ കഞ്ചാവിന്‍റെ ലഹരിയില്‍ മാനം നോക്കി കിടക്കുകയായിരുന്നു ഞാനും അബ്ദുവും. ഇട്ടിരുന്ന ടീഷര്‍ട്ട്‌ അഴിച്ച്‌ നിലത്തു വിരിച്ച്‌ അതിലാണ്‌ കിടപ്പ്‌. ദിവസം മുഴുവന്‍ വിഴുങ്ങിയ വെയിലിനെ കോണ്‍ക്രീറ്റ്‌ ഞങ്ങളുടെ പുറത്തേയ്ക്ക്‌ ശര്‍ദ്ദിക്കുന്നുണ്ടായിരുന്നിരിക്കണം.

മാനത്തേയ്ക്ക്‌ നോക്കിക്കിടന്ന്‌ കുര്‍-ആനിലെ ഏതൊക്കെയോ ആയത്തുകള്‍ ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു അബ്ദു. ഇടയ്ക്ക്‌ എന്‍റെ നേരെ നോക്കും.

"എടാ കാഫിറെ, അനക്കു വല്ലതും മനസ്സിലായോ?"

അതിനു മറുപടി പറയാതെ ഞാന്‍ ഉച്ഛത്തില്‍ ഒരു കവിത ചൊല്ലാന്‍ തുടങ്ങും. കിളിപ്പാട്ടോ കൃഷ്ണഗാഥയോ അങ്ങനെ പഴയതു വല്ലതും. അബ്ദു ഉറക്കെ ചിരിക്കും.

"കള്ള സുവറേ.."

"ഉം?"

"ഇജ്ജ്‌ ഇന്‍റൊപ്പം കൂടണോ? മ്മക്ക്‌ പറക്കാം.."

"എങ്ങോട്ട്‌?"

"എടാ വൃത്തനിബദ്ധമല്ല ലോകം. തുണിയഴിച്ചിട്ട്‌ കമന്ന്‌ കെടക്കണ ഒരു പെണ്ണിനേപ്പോലെ അതിന്‌ നിമ്നോന്നതങ്ങളുണ്ട്‌. ഇടുക്കുകളും ചുഴികളുമുണ്ട്‌.. ഇജ്ജിങ്ങനെ കുയ്യാനേനെപ്പോലെ അന്‍റെ കുയ്യാണ്‌ ലോകം ന്നും വിചാരിച്ച്‌ കെടന്നോ.."

വീണ്ടും ചിരി. കുറേ കേട്ടിട്ടുള്ളതാണ്‌. മത്തു പിടിച്ചു കഴിയുമ്പോള്‍ അബ്ദൂന്‌ പറക്കണം. കുത്തബ്‌ മീനാരത്തിന്‍റെ മുകളിലൂടെ, കൊല്‍ക്കൊത്തായിലെ അഴുക്കുചാലുകളിലൂടെ, ചുവന്നതും അല്ലാത്തതുമായ അസഖ്യം തെരുവുകളിലൂടെ, മാനസരോവരത്തിനും കൃഷ്ണഗിരിക്കും മുകളിലൂടെ അലയണം.

"ഇല്ലാണ്ടാവണം.."

"അതിന്‌ എനിക്ക്‌ ഒരു കഞ്ചാവു ബീഡി പോര. നീ പൊയ്ക്കോ.."

"എനിവണ്‍ ഹൂ ലിവ്സ്‌ വിതിന്‍ ദെയര്‍ മീന്‍സ്‌ സഫേഴ്സ്‌ ഫ്രം എ ലാക്ക്‌ ഓഫ്‌ ഇമാജിനേഷന്‍.."

എന്‍റെ താല്‍പ്പര്യമില്ലായ്മയെ കാര്യമാക്കാതെ അവന്‍ പിന്നെയും ഉറക്കെ സ്വപ്നം കണ്ടുകൊണ്ടിരിക്കും.

അന്ന്‌, ആ സെപ്റ്റംബര്‍ മാസത്തിലെ രാത്രി അല്പം വ്യത്യസ്തമായിരുന്നു. പതിവില്ലാതെ കുറച്ച്‌ മത്തു കൂടിയതാണോ എന്തോ, അവന്‍റെ ചിന്തകള്‍ എന്‍റെ തലച്ചോറിലേയ്ക്കും കുടിയേറാന്‍ തുടങ്ങി. ഭാരമില്ലാതാവുന്നതിനെക്കുറിച്ച്‌, കൈകള്‍ വീശിയാല്‍ ഭൂഗുരുത്വത്തെ നിഷേധിക്കാനാവുന്നതിനെക്കുറിച്ച്‌, കണ്ണാടിയില്‍ കാണുന്ന പ്രതിബിംബത്തെ തിരിച്ചറിയാനാവാതാവുന്നതിനെക്കുറിച്ച്‌, ഞാനും തെല്ല്‌ അല്‍ഭുതത്തോടെ ചിന്തിച്ചു തുടങ്ങി.

കണ്ണിമയ്ക്കാതെ മാനത്തോട്ടു നോക്കിക്കിടക്കുകയായിരുന്നിരിക്കണം ഞാന്‍. അബ്ദു ഒരു പാട്ടു പാടുകയായിരുന്നു. അതിലെ വാക്കുകളും വരികളുമൊന്നും ഓര്‍മ്മ വരുന്നില്ല. പറക്കുന്ന ഒരു തോണിയില്‍ ചന്ദ്രനിലേയ്ക്കു പോകുന്നതിനെ പറ്റി ആയിരുന്നു ആ പാട്ട്‌. 'വേഗം വന്നു കയറൂ, നേരം പോകുന്നു' എന്ന്‌ അവന്‍ എന്നോടു പറഞ്ഞു കൊണ്ടിരുന്നു.

തിരിഞ്ഞ്‌ അവന്‍റെ അടുത്തേയ്ക്ക്‌ ചേര്‍ന്നു കിടന്ന്‌ ഞാന്‍ അവന്‍റെ കയ്യില്‍ പിടിച്ചു. തലയുയര്‍ത്തി അവിശ്വസനീയതയോടെ അവന്‍ എന്‍റെ കണ്ണിലേയ്ക്കു നോക്കി.

ടെറസ്സില്‍ നിന്ന്‌ ചാടിയെണീറ്റ്‌ ഞങ്ങള്‍ കൈകള്‍ വീശി. അവനാണ്‌ ആദ്യം നിലത്തു നിന്നുയര്‍ന്നത്‌. ഒരു പറവയെപ്പോലെ ഒരു കൈ മാത്രം വീശി വായുവിലുയര്‍ന്നു നിന്ന്‌ അവന്‍ മറുകൈകൊണ്ട്‌ എന്നെ ഉയരാന്‍ സഹായിച്ചു.

എന്‍റെ കൈകള്‍ക്ക്‌ തളര്‍ച്ച തോന്നുന്നുണ്ടായിരുന്നു. പക്ഷേ മനസ്സ്‌ തുടിച്ചു കൊണ്ടിരുന്നു. കാലുകള്‍ ആദ്യമായി നിലത്തുനിന്നുയര്‍ന്നത്‌ വല്ലാത്തൊരനുഭവമായിരുന്നു. തളര്‍ച്ചയെ ഞാന്‍ മറന്നു. ഒരു കൈ അവന്‍റെ കയ്യില്‍ കോര്‍ത്തു പിടിച്ച്‌ മറ്റേക്കൈ ആഞ്ഞു വീശി ഞാന്‍ വീണ്ടും ഉയര്‍ന്നു. താഴെ ഹോസ്റ്റല്‍ കെട്ടിടം ചെറുതായി ചെറുതായി വന്നു. ഒന്നും മനസ്സിലാകാത്തതുപോലെ ഞങ്ങളെ മിഴിച്ചു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു കാല്‍കീഴില്‍ നഗരം. അബ്ദു അതിന്‍റെ നേരെ നോക്കി കോക്രി കാണിച്ചു. മുണ്ടുപൊക്കി പെടുത്തു.

പിന്നെ, കഥയുടെ പകുതിയിലെവിടെയോ, ഞങ്ങള്‍ നൈനിറ്റാളിലെ ഒരു ചായക്കടയിലിരിക്കുകയായിരുന്നു. നനുത്ത തണുപ്പ്‌. അബ്ദു ഒരു കീറിയ തോര്‍ത്താണു ചുറ്റിയിരുന്നത്‌. ഞാനെന്തെങ്കിലും ധരിച്ചിരുന്നോ എന്നുതന്നെ ഓര്‍മ്മയില്ല. ചെറിയചൂടുള്ള മസാലച്ചായ ഒന്ന്‌ ഊതിക്കുടിച്ചിട്ട്‌ ഗ്ളാസ്‌ അവന്‍ എന്‍റെ നേരെ നീട്ടി. ഒറ്റവലിക്ക്‌ ചായ മുഴുവന്‍ കുടിച്ചിട്ട്‌ ഞാന്‍ കാലിഗ്ളാസ്‌ അവനു തിരിച്ചു കൊടുത്തു.

"കള്ള സുവറേ.. " അവന്‍ ചിരിച്ചുകൊണ്ട്‌ കാലുയര്‍ത്തി എന്നെ തൊഴിച്ചു. കാറ്റുനിറച്ച ഒരു ബലൂണിനെപ്പോലെ ഞാന്‍ ഉയര്‍ന്നുപൊങ്ങി. ചായക്കടയുടെ മേല്‍ക്കൂരയില്‍ അല്പ്പനേരം തങ്ങി നിന്നതിനു ശേഷം ഞാന്‍ സ്വയം സ്വതന്ത്രനായി മുകളിലേയ്ക്കുയര്‍ന്നു. അബ്ദു പിറകേയും.

നല്ല രസമായിരുന്നു പറക്കാന്‍. ഞങ്ങള്‍ മേഘങ്ങളെ ചുരുട്ടി എറിഞ്ഞു കളിച്ചു. ക്ഷീണം തോന്നിയപ്പോള്‍ ഭൂമിയിലേയ്ക്കിറങ്ങി. മാടുകളേപ്പോലെ കുളത്തിലെ വെള്ളവും മരത്തിലെ പഴങ്ങളും കഴിച്ചു. വവ്വാലുകളേപ്പോലെ തലകീഴായി തെരുവുകളില്‍ അന്തിയുറങ്ങിയപ്പോള്‍ ചുറ്റിലും വെള്ളിനാണയങ്ങള്‍ നിറഞ്ഞു.

കഥ മടുപ്പില്ലാതെ അങ്ങനെ നീങ്ങിക്കൊണ്ടിരുന്നു. എല്ലാത്തിനും ഒരു അവസാനം വരുമല്ലോ. മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞെന്നു കരുതിക്കോളൂ. നല്ല വെയിലുള്ള ഒരു ദിവസമായിരുന്നു അത്‌.

വെയിലണയ്ക്കുന്നതിനു മുന്‍പേ പ്രത്യക്ഷപ്പെട്ടതിന്‌ ചന്ദ്രക്കലയുടെ തന്തയ്ക്കു വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു അബ്ദു. ഒരു നനുത്ത മേഘത്തിനുള്ളിലേയ്ക്ക്‌ ഊളിയിട്ട്‌ ഒന്നു ചുരുണ്ടു നിവര്‍ന്നതായിരുന്നു ഞാന്‍. കൈകള്‍ക്കൊരു കഴപ്പ്‌. ഒരു തലകറക്കം പോലെ. എന്‍റെതന്നെ മുടിയിഴകള്‍, കൈനഖങ്ങള്‍ ഒക്കെ എന്നെ താഴേയ്ക്കു പിടിച്ചു വലിക്കുന്നതുപോലെ ഒരു തോന്നല്‍. പതിയെപ്പതിയെ കൈകാലുകള്‍ക്കും ശരീരത്തിനും ഭാരം വച്ചു തുടങ്ങി. അവസാനത്തെ ചെറുത്തുനില്‍പ്പും കഴിഞ്ഞ്‌ മനസ്സും ഭൂഗുരുത്വത്തോട്‌ അടിയറവു പറഞ്ഞു കഴിഞ്ഞപ്പോഴാണ്‌ ഞാന്‍ അതിവേഗം പതിച്ചുകൊണ്ടിരിക്കുകയാണെന്ന വെളിപാടുണ്ടായത്‌. ദൂരെ, മേഘങ്ങള്‍ക്കു മുകളില്‍ അബ്ദു നക്ഷത്രങ്ങള്‍ പെറുക്കി ചന്ദ്രനെ എറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

പിന്നെ, ദാ ഇന്നലെ. എന്‍റെ രണ്ടു വയസ്സുകാരി മോളുടെ പിറന്നാളാഘോഷിക്കാന്‍ കുടജാദ്രി കയറിയതായിരുന്നു ഞാനും ഭാര്യയും. പട്ടുപാവാടയുമിട്ട്‌ കൊച്ചു സുന്ദരി കണ്ണുകളും വിടര്‍ത്തി എന്‍റെ തോളിലിരിക്കുകയായിരുന്നു. വഴിയില്‍ കാണുന്നവരോടെല്ലാം കോക്രികാണിച്ച്‌, അണ്ണാനോടും കാക്കയോടുമൊക്കെ കൊഞ്ചിക്കുഴഞ്ഞ്‌, കുസൃതിക്കുടുക്ക.

കയറ്റം കയറി ക്ഷീണിച്ചെന്ന്‌ പറഞ്ഞ്‌ ഭാര്യ കിതപ്പാറ്റാനൊരു മരത്തില്‍ ചാരി നിന്നു. തൊട്ടപ്പുറത്ത്‌ മറ്റൊരു മരത്തിനടിയില്‍ ഒരു യാചകന്‍ കിടക്കുന്നുണ്ടായിരുന്നു. കാലുകള്‍ മരത്തിലേയ്ക്കുയര്‍ത്തി വച്ച്‌ കൈകള്‍ വിരിച്ച്‌..

എനിക്ക്‌ മനസ്സിലാകാതിരിക്കുമോ? ഞാനോടിച്ചെന്നു. അവന്‍ പറക്കുകയായിരുന്നു. വായകോട്ടി ചിരിക്കുന്നു. അവനിപ്പോള്‍ എന്തായിരിക്കും കാണുന്നതെന്ന്‌ ഞാന്‍ അല്‍ഭുതപ്പെട്ടു.

"കള്ള സുവറേ.."

അവന്‍ കണ്ണു തുറന്നു. ഭാരമില്ലായ്മയില്‍ അല്‍പമുയര്‍ന്നു. കൌതുകത്തോടെ എന്‍റെ മകളെ നോക്കി.

"കൊക്കാമണ്ട്യേയ്‌.. ഇജ്ജങ്ങട്ട്‌ വളര്‍ന്നുപോയല്ലോടീ.." അവന്‍ നേരത്തേ കണ്ടിട്ടുള്ളതുപോലെ.

കുസൃതിക്കുടുക്ക നാണിച്ചു.

"അബ്ദൂ.. നിന്നെത്തനിച്ചാക്കിയോടാ ഞാന്‍?"

"ഹ ഹ ഹ! പോടാ സുവറേ.. നീയായിരുന്നു എന്‍റെ അവസാനത്തെ ഭാരം.. ഐ ഷെഡ്‌ യൂ റ്റൂ..!"

ചിരിച്ചു ചിരിച്ച്‌ അവന്‍ നിലത്തേയ്ക്കു മറിഞ്ഞു വീണു. കാലുകളുയര്‍ത്തി മരത്തിനു മുകളിലെയ്ക്കു ചാരി. വിണ്ടും പറന്നു തുടങ്ങിയിരിക്കണം.

ഭാര്യ കയറി വന്നു. ഞങ്ങള്‍ മലകയറ്റം തുടര്‍ന്നു.

"സാര്‍, ഒരു രണ്ടുര്‍പ്യ തെര്വോ.. ചായ് കുടിക്കാന്‍?" താഴേ നിന്നു ഒരു വിളി ചോദിക്കുന്നു.

"അതാരാച്ഛാ..?" കുസൃതിക്കുടുക്ക കിലുങ്ങി ചോദിക്കുന്നു.

"അതോ.. അത്‌ ഒരു മാമന്‍.." ഞാനവള്‍ക്കൊരുമ്മ കൊടുത്തു.

"അച്ഛന്‍ കൊഞ്ചിച്ചു വഷളാക്കിക്കോ പെണ്ണിനെ.."

"നിന്‍റെ അമ്മയ്ക്ക്‌ അസൂയയാടീ.."

മലയുടെ മുകളില്‍ മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും പറക്കുന്ന തോണിക്കാരന്‍റെ പരിചിതമായ ആ പാട്ട്‌ കേട്ടുകൊണ്ടിരുന്നു.

കഥയവസാനിച്ചോ?

2009, ഓഗസ്റ്റ് 13, വ്യാഴാഴ്‌ച

നഷ്ടപ്പെട്ടുപോയ ഒരു ചെരിപ്പിന്‍റെ കഥ

Courtesy: http://www.flickr.com/photos/maveric2003/13520245/

"ഷൈല്‍, നീ ഗേ ആണോ?"

സാറയുടെ ചോദ്യം എന്നെ ഞെട്ടിക്കാതിരുന്നില്ല. വായിച്ചുകൊണ്ടിരുന്ന പുസ്തകത്തില്‍ നിന്നു തലയുയര്‍ത്തി നോക്കുമ്പോള്‍ പതിവുപോലെ പെത്തഡിന്‍ ഷോട്ടെടുത്ത്‌ തുണിയൊക്കെ ഉരിഞ്ഞെറിഞ്ഞ്‌ ബെഡ്ഡില്‍ മലര്‍ന്നു കിടക്കുകയായിരുന്നു സാറ.

ഞാനുറക്കെ ചിരിച്ചു. പിന്നെ ചിരിയില്‍ അവള്‍ പങ്കു ചേരുന്നില്ലെന്നു കണ്ട്‌ ചിരി പിടിച്ചു നിര്‍ത്തി.

"എന്തേ ഇപ്പോ അങ്ങനെ തോന്നാന്‍?"

"അല്ല, എന്നേപ്പോലൊരു സുന്ദരി, മയക്കുമരുന്നുമടിച്ച്‌ വിവസ്ത്രയായി ഇങ്ങനെ നിന്‍റെ കട്ടിലില്‍ കിടക്കുന്നതു കണ്ടിട്ട്‌ നിനക്കൊന്നും തോന്നുന്നില്ലേ?"

എന്‍റെ ചിരി തിരിച്ചു വന്നു. സാറ ഗൌരവമായിത്തന്നെയാണ്‌ അതു ചോദിച്ചതെന്ന്‌ മനസ്സിലായി. ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. അവളുടെ കണ്ണുകള്‍ കൂമ്പിത്തുടങ്ങിയിരുന്നു. പെത്തഡിന്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കണം.

സാറയെ പരിചയപ്പെട്ടിട്ട്‌ ഒരു മാസം കഴിഞ്ഞു കാണണം.. മിക്കവാറും രാവിലെ ആണു കക്ഷി കയറി വരിക. ചിലപ്പോള്‍ പേപ്പറെടുക്കാന്‍ വാതില്‍ തുറക്കുമ്പോള്‍ പുറത്ത്‌ കോണിപ്പടിയില്‍ ഇരുന്നുറങ്ങുന്നതു കാണാം.

ഓഫീസില്‍ പോകുന്ന വഴിക്ക്‌ ഒരു ബസ്റ്റോപ്പിന്‍റെ ബഞ്ചിലാണ്‌ അവളെ ആദ്യം കാണുന്നത്‌. ഡീഹൈഡ്രേറ്റഡ്‌ ആണെന്നു കണ്ടപ്പോഴേ തോന്നി. എന്നേക്കൂടാതെ നാലഞ്ചു പേരുണ്ടായിരുന്നു ബസ്റ്റോപ്പില്‍. ആരും തിരിഞ്ഞുനോക്കുന്നുണ്ടായിരുന്നില്ല. പകുതി അഴിഞ്ഞ നിലയിലായിരുന്നു കാല്‍സരായി. ഒരു കാലിലേ ചെരിപ്പുണ്ടായിരുന്നുള്ളൂ. തല ബെഞ്ചു കവിഞ്ഞ്‌ താഴേയ്ക്കു തൂങ്ങിക്കിടക്കുകയായിരുന്നു. നീലിച്ച ചുണ്ടുകളില്‍ ചോരപൊടിഞ്ഞത്‌ ഉണങ്ങിപ്പിടിച്ചു കിടന്നു.

ബാഗില്‍ വാട്ടര്‍ ബോട്ടിലുണ്ടായിരുന്നു. പക്ഷേ ഒന്നു മടിച്ചു. ബസ്റ്റോപ്പിലുണ്ടായിരുന്ന ഒരാളും അങ്ങനെ ഒരു മനുഷ്യജീവി അവിടെ കിടക്കുന്നുണ്ടെന്നു കാണുന്നേയില്ലെന്നു തോന്നി. രണ്ടു പയ്യന്മാര്‍ മാറി നിന്ന്‌ ഊര്‍ന്നുവീണ കാപ്രിക്കടിയിലൂടെ എന്തോ കാണുന്നുണ്ടെന്നു ഭാവിച്ച്‌ തമ്മില്‍ത്തമ്മില്‍ പറഞ്ഞു ചിരിച്ചു.

ഒന്നു തിരിഞ്ഞ്‌ അവളുടെ മുഖത്തെയ്ക്ക്‌ അറിയാതെ നോക്കിപ്പോയപ്പോഴാണ്‌ അവള്‍ കണ്ണുതുറന്ന്‌ എന്നെത്തന്നെ നോക്കിക്കിടക്കുകയാണെന്ന്‌ മനസ്സിലായത്‌. അത്‌ ഉള്ളിലൊരു പിടച്ചിലുണ്ടാക്കി. മറ്റുള്ളവരുടെ മുന്നില്‍ വച്ച്‌ ഒരു ഹുക്കറിനെ സഹായിക്കാന്‍ അല്‍പം ജാള്യതയുണ്ടായിരുന്നു. ബസ്‌ വരുന്നതുവരെ കാത്തിരുന്നു.

എല്ലാവരും ബസ്സില്‍ കയറുമ്പോള്‍ അല്‍പം മാറി നിന്നു. പയ്യന്മാര്‍ ബസ്സില്‍ നിന്നും ഒളിഞ്ഞു നോക്കി ചിരിക്കുന്നുണ്ടായിരുന്നു.

ബസ്സ്‌ വിട്ടുകഴിഞ്ഞപ്പോള്‍ വാട്ടര്‍ബോട്ടിലു തുറന്ന്‌ അല്‍പം വെള്ളം തുറന്നു കിടന്ന വായിലൊഴിച്ചു കൊടുത്തു. തല തൂങ്ങിക്കിടക്കുകയായിരുന്നതുകൊണ്ട്‌ അതു ശിരസ്സില്‍ കയറി. ചുമയ്ക്കാന്‍ പോലും ത്രാണിയില്ലായിരുന്നു.

മെല്ലെ തലതാങ്ങിപ്പിടിച്ച്‌ എണീപ്പിച്ചിരുത്തി. വെള്ളം കുടിപ്പിച്ചു. അല്‍പം ജീവന്‍ വീണെന്നു തോന്നി. വിറയ്ക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ച്‌ നന്ദി പറഞ്ഞു. ഊര്‍ന്നുകിടന്ന കാപ്രി വലിച്ചു കയറ്റാന്‍ സഹായിച്ചു.

അടുത്ത ബസ്സ്‌ വരുന്നുണ്ടായിരുന്നു. മെല്ലെ ബസ്റ്റോപ്പിന്‍റെ ചുവരിനോട്‌ ചാരിയിരുത്തിയിട്ട്‌ ബസ്സില്‍ കയറി രക്ഷപ്പെട്ടു.

പിറ്റേദിവസം കാലത്ത്‌ ഒരു ആറു്‌ ആറരയാപ്പോഴാണ്‌ വാതിലില്‍ മുട്ടു കേട്ടത്‌. അവളായിരുന്നു. തലേന്നു കണ്ടതുപോലെയല്ല. ചുണ്ടുകളില്‍ ചായം, എരിയുന്ന സിഗററ്റ്‌. നന്നായി കുടിച്ചതിന്‍റെ ഹാങ്ങോവറുണ്ട്‌. ആടുന്നു. ഒരു കൈകൊണ്ട്‌ ചുവരില്‍ താങ്ങിയാണ്‌ നില്‍പ്പ്‌.

പുക എന്‍റെ മുഖത്തേയ്ക്ക്‌ ഊതി വിട്ടു. ഞാന്‍ വലിക്കാറില്ല. അതുകൊണ്ടുതന്നെ എനിക്കതിന്‍റെ മണം അരോചകമായിരുന്നു. വെറുപ്പു പ്രകടിച്ചപ്പോള്‍ സിഗററ്റ്‌ നിലത്തിട്ടു ചവിട്ടി. തോളിലെ ചെറിയ പഴ്സു തുറന്ന്‌ ഒരു പിടി ചുരുട്ടിക്കൂട്ടിയ നോട്ടുകളെടുത്ത്‌ എന്‍റെ നേരെ നീട്ടി. നന്ദിയായിരിക്കണം.

ഞാന്‍ അവളുടെ കണ്ണുകളിലേയ്ക്ക്‌ തുറിച്ചു നോക്കി. ചുവന്നു കലങ്ങിയിരിക്കുന്നു. ചായം തേച്ച ചുണ്ടുകളില്‍ അവിടവിടെ കറുത്തു കല്ലിച്ച പാടുകള്‍. നീട്ടിപ്പിടിച്ച കയ്യില്‍ മുഷിഞ്ഞ നോട്ടുകള്‍. അറപ്പുതോന്നിയപ്പോള്‍ ഞാന്‍ വാതില്‍ വലിച്ചടച്ചു. സോഫയില്‍ പോയിരുന്ന്‌ ടീവി ഉറക്കെ വച്ചു.

പത്തിരുപതു മിനുട്ടു കഴിഞ്ഞ്‌ വാതില്‍ തുറന്നു നോക്കിയപ്പോള്‍ അവള്‍ പോയിക്കഴിഞ്ഞിരുന്നു.

ഒരു വീക്കെന്‍റിന്‍റെ ആലസ്യത്തില്‍ കിടക്കയില്‍ നിന്നെണീക്കാതെ കിടക്കുകയായിരുന്നു ശനിയാഴ്ച. വാതിലില്‍ മുട്ടു കേട്ടു. അവളെപ്പറ്റി കുറച്ചു ദിവസങ്ങളായി ഓര്‍ക്കാറില്ലാതിരുന്നതുകൊണ്ട്‌ വാതില്‍ തുറക്കുമ്പോള്‍ പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു.

എന്നെ തള്ളിമാറ്റി അകത്തു കയറി. എനിക്കു ദേഷ്യം വന്നു. ഒരു പരിചയവുമില്ലാത്ത ഒരു സ്ത്രീ, അതും ഒരു വേശ്യ..

'വേശ്യ' എന്ന വാക്ക്‌ ചിന്തയില്‍ വന്നപ്പോള്‍ തന്നെ ഒരു ഓക്കാനം വന്നു. പക്ഷേ അവളോട്‌ ഇറങ്ങിപ്പോകാന്‍ പറയാന്‍ തോന്നിയതുമില്ല.

നേരെ അടുക്കളയിലേയ്ക്കായിരുന്നു പോയത്‌. ഒരു ഒറ്റമുറി ബാച്ചിലര്‍ സ്വീറ്റായിരുന്നു എന്‍റെ വാസസ്ഥാനം. അടുക്കള ഒരു അര മതില്‍ കൊണ്ടു വേര്‍തിരിച്ചിട്ടുണ്ട്‌, അത്രമാത്രം. സോഫയിലിരുന്ന്‌ അവളെന്താണു ചെയ്യുന്നതെന്ന്‌ എനിക്കു കാണാമായിരുന്നു.

ചിരപരിചിതയേപ്പോലെ പൊടിയും ഫില്‍ട്ടറുമൊക്കെ ക്യാബിനെറ്റു തുറന്ന്‌ കണ്ടു പിടിച്ചെടുത്ത്‌ മൂന്നുനാലു മിനിട്ടിനകം കാപ്പിയുമായി വന്നു.

ഒരു കപ്പ്‌ എന്‍റെ നേരെ നീട്ടി. ഞാന്‍ മടിക്കാതെ അതു വാങ്ങി കുടിക്കാന്‍ തുടങ്ങി. അവളുടെ മുഖത്തു തന്നെയായിരുന്നു എന്‍റെ കണ്ണ്‌.

സോഫയില്‍ എനിക്കെതിരെ ഇരുന്ന്‌ കാപ്പി ഒന്നു മൊത്തിക്കുടിച്ച ശേഷം കൈ നീട്ടി.

"ഹലോ. ഞാന്‍ സാറ. എന്താണു പേരു്‌?"

ഞാന്‍ പേരു പറഞ്ഞു.

അവളെന്നെ ഷൈല്‍ എന്നു വിളിക്കാന്‍ തുടങ്ങി. എന്‍റെ ഫസ്റ്റ്‌നെയിം ശരിക്കുച്ഛരിക്കാന്‍ അവള്‍ക്കു ബുദ്ധിമുട്ടായിരിക്കും എന്നറിയാമായിരുന്നതുകൊണ്ട്‌ തിരുത്താനൊന്നും പോയില്ല.

എനിക്ക്‌ അവളോടുള്ള ആറ്റിട്യൂഡില്‍ പതിയെ മാറ്റം വന്നു തുടങ്ങിയിരുന്നു. ഒന്നു രണ്ട്‌ ആഴ്ചകള്‍കൊണ്ട്‌ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഇടക്കിടെ ഒരു മുന്നറിയിപ്പുമില്ലാതെ സാറ കയറി വരാന്‍ തുടങ്ങി. വീക്കെന്‍റുകളില്‍ ഞങ്ങളൊരുമിച്ച്‌ പുറത്തു പോയി. ഒരുമിച്ച്‌ ഭക്ഷണം കഴിച്ചു. ഡ്രിങ്ക്സ്‌ കഴിച്ചു.

സാറ എവിടെപ്പോകുന്നെന്നോ, എപ്പോള്‍ വരുന്നുവെന്നോ ഞാന്‍ തിരക്കാറില്ലായിരുന്നു. താക്കോലിന്‍റെ ഒരു കോപ്പിയെടുത്ത്‌ അവള്‍ക്കു കൊടുത്തു. അതുകൊണ്ടൊരു ഗുണമുണ്ടായി. വൈകിട്ട്‌ ഞാന്‍ ജോലി കഴിഞ്ഞെത്തുമ്പോള്‍ അവളുണ്ടെങ്കില്‍ കാപ്പി റെഡിയായിരിക്കും. ഫ്രിഡ്ജില്‍ സാന്‍ഡ്‌വിച്ചോ പിസ്സയോ മറ്റോ ഉണ്ടാവും. അത്താഴത്തിന്‌.

വീക്കെന്‍റാകുമ്പോഴേയ്ക്ക്‌ അവള്‍ക്ക്‌ പെത്തഡിന്‍ പ്രാന്തുവരും. ഒന്നും മിണ്ടുകയില്ല. മുഖം കൂര്‍പ്പിച്ചങ്ങനെ നടക്കും. കാശുണ്ടെങ്കില്‍ സാധനം വാങ്ങി ബാഗില്‍ വച്ചിരിക്കും. ശനിയാഴ്ച ഉച്ചയോടെ ഒരു ഷോട്ടെടുക്കും. പിന്നെ ഭയങ്കര ഹാപ്പി ആണ്‌. ഒത്തിരി സംസാരിക്കും. പാടും.

എന്‍റെ പഴയ നോട്ടുബുക്കിന്‍റെ താളുകളില്‍ മനോഹരങ്ങളായ ചിത്രങ്ങള്‍ കണ്ടു തുടങ്ങിയപ്പോഴാണ്‌ സാറ വരയ്ക്കുമെന്ന്‌ മനസ്സിലാക്കിയത്‌. മിക്കവാറുമൊക്കെ ചുഴികളിലേയ്ക്ക്‌ അലിഞ്ഞു ചേരുന്ന മുഖങ്ങളായിരുന്നു അവള്‍ വരച്ചു കൊണ്ടിരുന്നത്‌. ചിലപ്പോള്‍ മൂക്ക്‌, അല്ലെങ്കില്‍ കണ്ണ്‌, അങ്ങനെ ചില ശരീരഭാഗങ്ങള്‍ മാത്രവും.

ഞാന്‍ ബ്രഷുകളും പെയിന്‍റുകളും ഒരു ഡ്രായിംഗ്‌ ബോര്‍ഡും വാങ്ങിക്കൊണ്ടുവന്നു വച്ചു. തിങ്കളാഴ്ച വൈകിട്ട്‌ ജോലി കഴിഞ്ഞു വന്നു കയറിയപ്പോള്‍ സാറ മുറിയിലുണ്ടായിരുന്നില്ല. പക്ഷേ കാന്‍വാസില്‍ ഒരു ചിത്രമുണ്ടായിരുന്നു. ഓയിലില്‍ ചെയ്ത ഒരു അപൂര്‍ണ്ണ ചിത്രം. ഒരു മുറിയുടെ മൂലയ്ക്ക്‌ വിവസ്ത്രയായിരിക്കുന്ന മുഖമില്ലാത്ത ഒരു സ്ത്രീ. കാഴ്ചക്കാരന്‍റെ നേര്‍ക്ക്‌ കൈ ചൂണ്ടിപ്പിടിച്ചിരിക്കുന്നു.

വെയിസ്റ്റുബിന്നില്‍ ഒത്തിരി ഫേഷ്യല്‍ ടിഷ്യൂകള്‍ കിടപ്പുണ്ടായിരുന്നു. മൂക്കു ചീറ്റിയതും കണ്ണു തുടച്ചതും.

ഞാനാ പെയ്‌ന്‍റിംഗ്‌ ഫ്രെയിം ചെയ്യിച്ചെടുത്തു. വാതില്‍ തുറന്ന്‌ കയറി വരുമ്പോള്‍ തന്നെ കാണാവുന്ന വിധത്തില്‍ ചുവരില്‍ തൂക്കി.

കുറച്ചു ദിവസത്തേയ്ക്ക്‌ സാറയെ കണ്ടില്ല. പിന്നെ ഇന്നാണു കയറി വരുന്നത്‌. ചിത്രം കണ്ടയുടനെ ഒന്നു ഞെട്ടി. എന്‍റെ നേരെ നോക്കി. പ്രത്യേകിച്ച്‌ ഒന്നും സംഭവിക്കാത്ത പോലെ ഞാന്‍ പുസ്തകത്തിലേയ്ക്ക്‌ തലയും കുനിച്ചിരുന്നു.

കുറേ നേരം കട്ടിലില്‍ കമഴ്ന്നു കിടന്നു കരയുന്നുണ്ടായിരുന്നെന്നു തോന്നുന്നു. ഞാന്‍ ശ്രദ്ധിക്കാത്തെപോലെയിരുന്നു. തുണിയൊക്കെ പറിച്ചെറിഞ്ഞ്‌ ഷോട്ടെടുക്കാന്‍ തുടങ്ങുന്നതൊക്കെ ഞാന്‍ അറിയുന്നുണ്ടായിരുന്നു. മിണ്ടിയില്ല.

"ഷൈല്‍, ചിരിക്കാതെ കാര്യം പറയൂ.. നീ ഗേയാണോ?"

ഞാന്‍ വീണ്ടും ചിരിച്ചു.

"ഞാന്‍ ഗേയൊന്നുമല്ല. മയക്കുമരുന്നടിച്ച്‌ തിരിച്ചറിവില്ലാതെ കിടക്കുന്ന ഒരുത്തിയെ ഭോഗിക്കാന്‍ മാത്രം പെര്‍വെര്‍ട്ടുമല്ല."

ഇത്തവണ ചിരി തുടങ്ങിയത്‌ അവളാണ്‌.

"ഹ ഹ ഹ! നീയൊരു നുണയനാണ്‌. ഒന്നാന്തരം നുണയന്‍. ഒരു ഹുക്കറെ പ്രാപിക്കാന്‍ അറപ്പാണെന്നു തുറന്നു പറയൂ.."

സാറ നിര്‍ത്താതെ ചിരിച്ചു കൊണ്ടിരുന്നു. ഞാന്‍ മറുപടി പറഞ്ഞില്ല. ആ ചോദ്യത്തെ അവഗണിച്ചെന്നു വരുത്താന്‍ പുസ്തകത്തിലേയ്ക്കു തലകുമ്പിട്ടു.

അവള്‍ കട്ടിലില്‍ നിന്നെണീറ്റ്‌ എന്നെ പ്രകോപിപ്പിക്കാനെന്നവണ്ണം നൃത്തം ചെയ്തു തുടങ്ങി. എക്സോട്ടിക്‌ നൃത്തം.
ഒന്നും തോന്നിയില്ല. വെറുതേ പുസ്തകത്തിലേയ്ക്ക്‌ മനസ്സുറപ്പിക്കാന്‍ ശ്രമിച്ചു. പറ്റുന്നില്ലെന്നു കണ്ടപ്പോള്‍ ഒരു ഷര്‍ട്ടെടുത്തിട്ട്‌ പുറത്തേയ്ക്കിറങ്ങി.

രാത്രി വൈകിയാണ്‌ തിരിച്ചു വന്നത്‌. സാറ പുറത്തുപോയിക്കാണുമെന്ന്‌ കരുതി. പക്ഷേ അവള്‍ കട്ടിലില്‍ തന്നെ കിടപ്പുണ്ടായിരുന്നു. ഡ്രോയിംഗ്‌ ബോര്‍ഡില്‍ മനോഹരമായ ഒരു ഓയില്‍ ചിത്രം. കടല്‍ തീരത്ത്‌ ഉപേക്ഷിക്കപ്പെട്ട ഒരു ചെരിപ്പിന്‍റേത്‌. താഴെ നിലത്ത്‌ ഒന്നു രണ്ടു കാന്‍വാസുകള്‍ ചുരുണ്ടു കിടക്കുന്നു. ഒന്നില്‍ കരിനീല നിറത്തില്‍ ഒരു സ്ത്രീയുടെ (അവളുടെതന്നെ?) മുഖം. മറ്റൊന്നില്‍ വരച്ചു മുഴുമിക്കാത്ത എന്‍റെ മുഖത്തിന്‍റെ ഔട്ട്‌ലൈനും.

ചിത്രങ്ങള്‍ അയയില്‍ പിന്‍ ചെയ്ത്‌ ഉണങ്ങാനിട്ടു. ഒരു പുതപ്പെടുത്ത്‌ അവളുടെ നഗ്നത മറച്ചു കൊടുത്തു. ഉറക്കത്തില്‍ ചിരിക്കുന്നുണ്ടായിരുന്നു. പെത്തഡിന്‍ അവളെയും കൊണ്ട്‌ ഏതോ സ്വപ്നങ്ങള്‍ക്കു മീതെ പറക്കുകയാവണം.

ലൈറ്റിട്ട്‌, നോട്ടുബുക്കു തുറന്ന്‌ ഞാന്‍ നഷ്ടപ്പെട്ടുപോയ ഒരു ചെരിപ്പിന്‍റെ കഥ എഴുതിത്തുടങ്ങി.

"ഏതോ ബസ്റ്റോപ്പില്‍ ഇരുന്നുറങ്ങിപ്പോയ കാലുകള്‍ക്ക്‌ നഷ്ടപ്പെട്ട ഒരു ചെരുപ്പ്‌. ജോഡി തികച്ചില്ലാത്തതുകൊണ്ട്‌ അതിനെ ആരും എടുത്തുകൊണ്ടു പോയില്ല. വെയിലും മഞ്ഞുമേറ്റ്‌ അതവിടെത്തന്നെ കിടന്നു. ഇടയ്ക്ക്‌ വെയിലു മൂക്കുമ്പോള്‍ രണ്ടുകാലിലും ചെരിപ്പില്ലാത്ത ആരൊക്കെയോ അതിനെ ഒരു കാലില്‍ കയറ്റിക്കൊണ്ടുപോയി. മറ്റേതോ സ്റ്റോപ്പുകളില്‍ ഉപേക്ഷിച്ചിട്ടു പോയി. പിന്നെ.."

അവസാനം എങ്ങനെയായിരിക്കും ആ ചെരിപ്പിന്‍റെ കഥ തീരുക? അതോ അതിനു തന്‍റേതായി ഒരു കഥയില്ലെന്നു തന്നെ വരുമോ?
എഴുത്ത്‌ ഇടയ്ക്കുവച്ച്‌ മുറിഞ്ഞുപോയി. കഥയുടെ ഗതിയെപ്പറ്റി ആലോചിച്ചാലോചിച്ച്‌ എപ്പോഴോ ഇരുന്നുറങ്ങിപ്പോയി.

കാലത്തെണീറ്റപ്പോള്‍ സാറ പോയിരുന്നു. പിന്നെ രണ്ടു ദിവസത്തേയ്ക്ക്‌ കണ്ടതേയില്ല.

മൂന്നാം ദിവസം നഗരത്തിലെ പോലീസ്‌ സ്റ്റേഷനില്‍ നിന്നു ഒരു കാളു വന്നു. മോര്‍ച്ചറിയില്‍ വന്ന്‌ ഒരു ജഡം തിരിച്ചറിയാമോ എന്നു നോക്കാന്‍.

സാറ തന്നെയായിരുന്നു. മയക്കുമരുന്ന്‌ ഓവര്‍ഡോസ്‌. ശരീരം ആകെ നീലിച്ച്‌.. അവള്‍ തന്നെ വരച്ച ചിത്രത്തിലെ മുഖം ഓര്‍മ്മ വന്നു.

ആകെ ഒരു നിസ്സംഗതയാണു തോന്നിയത്‌. തണുപ്പായിരുന്നു മോര്‍ച്ചറിക്കുള്ളില്‍. സാറ നഗ്നത പ്രകടിപ്പിക്കുമ്പോഴത്തേപ്പോലെ വിരക്തിയുണ്ടാക്കുന്ന തണുപ്പ്‌. വെളുത്ത ചുവരില്‍ ചാരി നിന്നു. ബോഡി വേണമെങ്കില്‍ ക്ലെയിം ചെയ്യാമെന്ന്‌ പോലീസുകാരന്‍ പറഞ്ഞു. വേണ്ടെന്നു തലയാട്ടി. എവിടെയൊക്കെയോ ഒപ്പിട്ടു കൊടുത്തു. പോകാന്‍ നേരം അവളുടെ സാധനങ്ങള്‍ ഒരു പ്ളാസ്റ്റിക്‌ കവറിലാക്കി കയ്യില്‍ തന്നു.

വീട്ടില്‍ ചെന്ന്‌ രണ്ടു കവിള്‍ ബ്രാണ്ടി വിഴുങ്ങിക്കഴിഞ്ഞാണ്‌ അതു തുറന്നു നോക്കാനുള്ള മനോധൈര്യമുണ്ടായത്‌. പ്ളാസിക്‌ കമ്മലും മാലയും ബ്രെയ്സ്ലെറ്റും. പിന്നെ എപ്പോഴും കൊണ്ടു നടക്കാറുള്ള, തോളില്‍ തൂങ്ങുന്ന കുഞ്ഞു പെഴ്സും. ഒരു ജീവിതകാലത്തെ സമ്പാദ്യം.

പെഴ്സു തുറന്നു നോക്കി. എതാനും മുഷിഞ്ഞ നോട്ടുകളും ചില്ലറയും. ഉള്ളിലെ ചെറിയൊരു സിപ്പു തുറന്നപ്പോള്‍ ചെറുതായി മടക്കിക്കൂട്ടിയ ഒരു ഡ്രായിംഗ്‌ പേപ്പര്‍. പുറം ഭാഗത്ത്‌ വലിയ അക്ഷരത്തില്‍ ലിപ്സ്റ്റിക്കുകൊണ്ട്‌ എന്‍റെ ഫോണ്‍ നമ്പര്‍ കുറിച്ചിട്ടിരിക്കുന്നു.

ഒരു ചാര്‍ക്കോള്‍ ചിത്രമായിരുന്നു അതില്‍. രണ്ടു കാലുകള്‍. ഒന്നില്‍ മാത്രം ചെരിപ്പണിഞ്ഞിരിക്കുന്നു.

"...നഷ്ടപ്പെട്ടുപോയ ചെരിപ്പിന്‍റെ ജോഡി."

2009, ജൂലൈ 30, വ്യാഴാഴ്‌ച

തദേവി


courtesy: http://painterskeys.com/pal/barbara_ware/

(തദേവി ഒരു ചെറിയ കാറ്റാണ്‌. മനസ്സാകെ ചുട്ടുപൊള്ളി നമ്മളിങ്ങനെ ഇരിക്കുമ്പോള്‍, തോളത്ത്‌ കയ്യിട്ട്‌, ചെറുതായി ഒന്നു തഴുകി, 'സാരമില്ലെടോ..' എന്നൊന്ന്‌ ആശ്വസിപ്പിച്ചു പോകുന്ന ഒരു കരിയിലക്കാറ്റ്‌. )

തദേവി വെറും കയ്യോടെ വരാറില്ല. വരുമ്പോഴൊക്കെ വല്ല ഉണക്കിയ സാല്‍മണ്‍ മീനോ, ചോളം പുഴുങ്ങിയതോ ഒക്കെ കാണും കയ്യില്‍. നേറ്റീവ്‌ ഇന്‍ഡ്യാക്കാരുടെ വേഷവിധാനമൊന്നുമില്ല അവള്‍ക്ക്‌. ഒരു ജീന്‍സും അയഞ്ഞ ടീഷര്‍ട്ടും ആണു മിക്കപ്പോഴും. മെടഞ്ഞിട്ടിരിക്കുന്ന ആ നീണ്ട തലമുടിയും ജനിച്ചിട്ടധികമായിട്ടില്ലാത്ത പൂച്ചക്കുഞ്ഞുങ്ങളുടേതുപോലെയുള്ള കൂമ്പിയ കണ്ണുകളും കാണുമ്പോഴാണ്‌ അവളൊരു നേറ്റീവാണെന്ന്‌ നമ്മളറിയുകതന്നെ.

ഇംഗ്ളീഷൊക്കെ കഷ്ടിയാണ്‌. അല്ലെങ്കില്‍ തന്നെ അവളധികമൊന്നും സംസാരിക്കാറില്ല. ആ ചിരിയുണ്ടല്ലോ, അതാണ്‌ പ്രധാന സംവേദനോപാധി. ദേവൂനെ വലിയ ഇഷ്ടമായിരുന്നു അവള്‍ക്ക്‌. ദേവൂനാണെങ്കില്‍ അവളെ ജീവനാണ്‌. ഇപ്പോ വയസ്സു ഒന്നര കഴിഞ്ഞതേയുള്ളൂ. പക്ഷേ രാവിലെ ഉണര്‍ന്നാലുടനെ "താദാ.. താദാ.." എന്നിങ്ങനെ വാതിലിനടുത്തേയ്ക്കു കൈചൂണ്ടി പറഞ്ഞുകൊണ്ടേയിരിക്കും.

ദേവൂന്‌ കൊടുക്കാന്‍ വേണ്ടി വരുന്ന വഴിയ്ക്ക്‌ കുറേ വൈല്‍ഡ്‌ ബെറി പറിച്ച്‌ ഒരു കൊച്ചു കൂടയില്‍ കൊണ്ടുവരും. 'തദേവിയെയാണോ ബെറിയെ ആണോ ദേവൂന്‌ കൂടുതല്‍ ഇഷ്ടം' എന്ന്‌ ഇടയ്ക്കിടെ അവളുടെ ഭാഷയില്‍ ചോദിക്കുന്നതു കേള്‍ക്കാം. ദേവു ആരാ മോള്‌! അവള്‌ നന്നായി ചിരിച്ചു മയക്കിക്കൊടുക്കും. എല്ലാ ആഴ്ചയും ഇങ്ങനെ ബെറി കിട്ടണ്ടേ.

ദേവൂന്‍റെ അച്ഛന്‍ മിക്കവാറും ഉച്ചവരെ ഉറക്കമായിരിക്കും. രാത്രി ക്ളബ്ബിലെ കളിയൊക്കെ കഴിഞ്ഞ്‌ ഒത്തിരി രാത്രിയാവും വീട്ടിലെത്തുമ്പോള്‍. ദേവൂന്‍റച്ചന്‍ ഉണര്‍ന്നിരിക്കുവാണെങ്കില്‍ തദേവി വേഗം സ്ഥലം കാലിയാക്കും. അല്ലെങ്കില്‍ കുറേ നേരം ദേവൂനെ കളിപ്പിച്ചു കഴിഞ്ഞാല്‍ അവള്‍ എന്നെ കുറച്ച്‌ പണിയിലൊക്കെ സഹായിക്കും. സാല്‍മണ്‍ മീനിനെ വൃത്തിയാക്കിയെടുക്കാനും അതിനെ കേടുവരാതെ കുറേകാലത്തേയ്ക്ക്‌ എങ്ങനെ ഫ്രീസ്‌ ചെയ്തു സൂക്ഷിക്കാമെന്നുമൊക്കെ കാണിച്ചുതന്നതവളാണ്‌.

ഞാന്‍ ചോദിക്കുന്നതിനൊക്കെ മിക്കവാറും ചിരിയും തലയാട്ടലുമൊക്കെ ആയിരിക്കും മറുപടി. കുറേ തനിയെ സംസാരിച്ചു കഴിയുമ്പോള്‍ വല്ലതും തിരിച്ചു കേള്‍ക്കാന്‍ വേണ്ടി ഞാന്‍ അവളുടെ നേരെ നോക്കും. അപ്പോഴും വെറുതേ ചിരിച്ചുകൊണ്ടിരിക്കുകയാവും തദേവി.

കുറച്ചുനേരം ഇരിക്കുന്ന ദിവസങ്ങളിലാണെങ്കില്‍ എന്‍റെ മുടിയൊക്കെ മെടഞ്ഞുതരും. കുറേ മുടി ഉണ്ടായിരുന്നു എനിക്ക്‌. ഇവിടെ വന്ന്‌ വെള്ളം മാറി കുളിക്കാന്‍ തുടങ്ങിയതോടെ പകുതിയും കൊഴിഞ്ഞുപോയി. നന്നായി വരിഞ്ഞു മുറുക്കി മെടയാനറിയാം തദേവിയ്ക്ക്‌. മുടിനന്നായി വരിഞ്ഞുമുറുക്കിക്കെട്ടിയാല്‍ അതു വളരും എന്നാണു തദേവി പറയുന്നത്‌.

ഇത്രയൊക്കെ അടുപ്പമുണ്ടെങ്കിലും സ്വന്തം വീട്ടുകാരെക്കുറിച്ചൊന്നും തദേവി ഇതുവരെ പറഞ്ഞിട്ടില്ല. ഭര്‍ത്താവുണ്ടായിരുന്നു. ആളിപ്പോള്‍ വേറൊരു പെണ്ണിന്‍റെ കൂടെയാണ്‌. കുഞ്ഞുങ്ങളൊന്നും ഇല്ല. അതാവും ദേവൂനോട്‌ ഇത്രയും സ്നേഹം.

കഴിഞ്ഞ ശനിയാഴ്ച തദേവി നേരത്തെ വന്നതുകൊണ്ട്‌ ദേവൂനെ അവളുടെ കൂടെ വിട്ടിട്ട്‌ ഞാന്‍ കുളിക്കാന്‍ കയറി. അല്ലെങ്കില്‍ എന്‍റെ കുളി ഒക്കെ കണക്കാണ്‌. രാത്രി ദേവു ഉറങ്ങിക്കഴിഞ്ഞാണ്‌ കുളിയൊക്കെ. പകലുറക്കം വളരെ കുറവാണ്‌ പെണ്ണിന്‌.

കുളിക്കാന്‍ കയറുമ്പോള്‍ ദേവൂന്‍റച്ഛന്‍ പതിവുപോലെ ഉറക്കമായിരുന്നു. മുടിനനയ്ക്കാന്‍ തുടങ്ങിയതും താഴേനിന്ന്‌ ഉറക്കെ ശബ്ദം കേട്ടു. ദേവൂന്‍റച്ഛനാണ്‌. തദേവിയോടെന്തിനാ ഇങ്ങനെ ദേഷ്യപ്പെടുന്നേ എന്നു വിചാരിച്ചു ഒരു സാരിയൊക്കെ വലിച്ചുചുറ്റി ഞാനോടിച്ചെല്ലുമ്പോഴുണ്ട്‌ തദേവി പേടീച്ചരണ്ട്‌ ഒരു മൂലയ്ക്കു നില്‍ക്കുന്നു. കരയുന്നുമുണ്ട്‌. ദേവൂന്‍റച്ഛന്‍ കലിതുള്ളി നില്‍ക്കുകയാണ്‌. അല്ലെങ്കിലേ മൂക്കത്താണ്‌ ദേഷ്യം. ഇനിയിവിടെ കണ്ടുപോകരുതെന്നൊക്കെ ഇംഗ്ളീഷില്‍ അലറുന്നുണ്ടായിരുന്നു.

തദേവി എന്തു വിഡ്ഢിത്തരമാണ്‌ ഒപ്പിച്ചതെന്ന്‌ അന്നേരം മനസ്സിലായില്ല. ദേവുവും കരച്ചിലായിരുന്നു. ഒരുവിധത്തില്‌ ദേവൂന്‍റച്ഛനെ മുകളിലേയ്ക്കു തള്ളി വിട്ടു. തദേവി ഒന്നും പറഞ്ഞില്ല. കരഞ്ഞുകൊണ്ടിരുന്നു. ദേവു കൂടി ഇന്‍വോള്‍വ്ഡായ സംഭവമായിട്ടും എനിക്കെന്തോ ഒരു പേടിയും തോന്നിയില്ല.

കൈകൂപ്പി മാപ്പുപറയുന്നതുപോലെ കാണിച്ചിട്ട്‌ അവളിറങ്ങിപ്പോയപ്പോഴാണ്‌ എനിക്കെന്തോ വല്ലായ്മ തോന്നിയത്‌. അന്നേരം കരയാന്‍ തുടങ്ങിയതാണ്‌ ദേവു. പിന്നെയിങ്ങോട്ട്‌ കരച്ചിലും വാശിയുംതന്നെയായിരുന്നു.

രാത്രി ഉറങ്ങാന്‍ കിടക്കുന്നതുവരെ സംഭവമെന്താണെന്നൊന്നും ഞാന്‍ തിരക്കിയതേയില്ല. അല്ലെങ്കിലും ചൂടായിരിക്കുന്ന സമയത്തു എന്തേലും ചോദിക്കാന്‍ ചെന്നാല്‍ എന്‍റെ മേക്കിട്ട്‌ കേറാന്‍ വരും. അതുകൊണ്ടാണ്‌ ഒന്ന്‌ ആറുന്നതുവരെ ക്ഷമിക്കാമെന്നു കരുതിയത്‌.

ഒന്നു സോപ്പിട്ട്‌ ആള്‌ കൂളാണെന്നു ഉറപ്പുവരുത്തിയിട്ടാണ്‌ വിഷയമെടുത്തിട്ടതു തന്നെ. സംഗതി പറയാതെ ഒഴിഞ്ഞുമാറാന്‍ ഒത്തിരി നോക്കി. വളരെ നിര്‍ബന്ധം പിടിച്ചപ്പോഴാണ്‌ അവസാനം കാര്യം പറഞ്ഞത്‌. അറിഞ്ഞപ്പോള്‍ വല്ലാണ്ടെ ആയി. ദേവൂന്‍റച്ഛന്‍ താഴെയിറങ്ങിച്ചെല്ലുമ്പോള്‍ തദേവി സോഫയിലിരുന്ന്‌ ടീഷര്‍ട്ടുപൊക്കി ദേവൂനെ മുലയൂട്ടുകയായിരുന്നത്രെ..!

രാത്രി ഞാനൊട്ടും ഉറങ്ങിയില്ല. ദേവു ഇടയ്ക്കിടെ തള്ളവിരല്‌ കുടിക്കുന്നുണ്ടായിരുന്നു. ഇടയ്ക്ക്‌ കണ്ണൊന്നടഞ്ഞുപോയപ്പോഴൊക്കെ തദേവിയുടെ വലിയമുലകള്‍ക്കിടയില്‍ ദേവു ഞെരുങ്ങിപ്പോകുന്നതും ശ്വാസം കിട്ടാതെ അവള്‍ കാലിട്ടടിക്കുന്നതും സ്വപ്നം കണ്ട്‌ ഞെട്ടിയുണര്‍ന്നു.

രാത്രി മുഴുവന്‍ ഞാന്‍ ദേവുവിനെ മുറുകെ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു. കയ്യയച്ചാല്‍ അവള്‍ എണീറ്റുപൊയ്ക്കളയുമെന്ന്‌ ഞാന്‍ പേടിച്ചു. എങ്ങനെ നേരം വെളുപ്പിച്ചെന്ന്‌ ഒരു പിടിയുമില്ല. ദേവൂന്‍റച്ഛന്‍ പിന്നെ ആ സംഭവത്തെക്കുറിച്ചൊന്നും സംസാരിച്ചതേയില്ല. ഞാനും മനഃപൂര്‍വ്വം ആ വിഷയം സംസാരത്തിലൊന്നും കടന്നുവരാതെ സൂക്ഷിച്ചു.

ദേവു ആകെ ക്രാങ്കി ആയിരുന്നു, ദിവസം മുഴുവനും. ഭക്ഷണം കൊടുത്തിട്ടൊന്നും കഴിച്ചില്ല. ഇടയ്ക്കെനിക്ക്‌ വല്ലാതെ ദേഷ്യം വന്നു. ഞാനവളോട്‌ ഉച്ചത്തില്‍ എന്തൊക്കെയോ പറഞ്ഞെന്നു തോന്നുന്നു. ദേവൂന്‍റച്ഛന്‍ പെട്ടെന്നു വന്ന്‌ അവളെ എടുത്തോണ്ടു പോയപ്പോഴാണ്‌ ബോധം വന്നത്‌.

പതിവില്ലാതെ ദേവു എപ്പോഴും വിരലുകുടിക്കാന്‍ തുടങ്ങി. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാന്‍. എനിക്ക്‌ എന്നോടുതന്നെയായിരുന്നു ദേഷ്യം മുഴുവനും. ദേവൂന്‍റച്ഛന്‍ ഒന്നും പറയാതിരിക്കുന്നതായിരുന്നു ഏറ്റവും സങ്കടം. എന്തെങ്കിലുമൊന്നു സംസാരിച്ചിരുന്നെങ്കില്‍, തദേവിയെ ചീത്തപറഞ്ഞിരുന്നെങ്കില്‍..

മൂന്നാം ദിവസവും ദേവു ഒന്നും കഴിക്കാതിരുന്നപ്പോഴേയ്ക്ക്‌ എനിക്ക്‌ സഹിക്കാന്‍ പറ്റാതെയായിരുന്നു. ഞാനിരുന്ന്‌ കുറേ കരഞ്ഞു. ദേവു വല്ലാതെ ക്ഷീണിച്ചു പോയിരുന്നു. കണ്ണുകളൊക്കെ കൂമ്പി, മുഖമാകെ വാടി, ആകെ ഇല്ലാണ്ടായി.

ദേവൂന്‍റച്ഛന്‍ ജോലിയ്ക്കുപോയിക്കഴിഞ്ഞപ്പോള്‍ വീടുപൂട്ടി അവളെയുമെടുത്ത്‌ ഞാന്‍ കോളനിയിലേയ്ക്കുപോയി. ഒത്തിരി നടക്കാനുണ്ടായിരുന്നു അവിടേയ്ക്ക്‌. മൂന്നുനാലു കിലോമീറ്റര്‍ മലകയറി നടന്നു. ആദ്യമായിട്ടായിരുന്നു കോളണിയിലേയ്ക്ക്‌ കയറി ചെല്ലുന്നത്‌. അങ്ങനെ ചെല്ലാമോ എന്നൊന്നും ഓര്‍ത്തതേയില്ല. വേലികടന്നപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഓടിവന്നു. നേരത്തേ എവിടെയോ അയാളെ കണ്ടിട്ടുണ്ടെന്നു തോന്നി. ദേവു കയ്യിലുണ്ടായതുകൊണ്ടാണോ എന്തോ അയാള്‍ പിടിച്ചു നിര്‍ത്തിയൊന്നുമില്ല. തദേവിയെ കാണാനാണ്‌ വന്നിരിക്കുന്നതെന്ന്‌ ഒരുതരത്തില്‍ പറഞ്ഞു മനസ്സിലാക്കി. അയാള്‌ തദേവിയുടെ കുടില്‌ ചൂണ്ടിക്കാണിച്ചു തന്നു.

മര്യാദയൊന്നും ഓര്‍ത്തില്ല. നേരെ അങ്ങു കയറിച്ചെന്നു. നിലത്ത്‌ പടിഞ്ഞിരിക്കുകയായിരുന്നു തദേവി. ഞാന്‍ ചെന്നുകയറിയത്‌ അറിഞ്ഞില്ലെന്നു തോന്നുന്നു. ടീ ഷര്‍ട്ടുപൊക്കി മാറിടം തുറന്നിട്ട്‌ അവള്‍ പാലു പിഴിഞ്ഞു കളയുകയായിരുന്നു. മുഖത്ത്‌ കണ്ണീര്‍ച്ചാലുകള്‍. അവളെക്കണ്ടതും ദേവു "തദാ.. തദാ" എന്നു നിലവിളിക്കാന്‍ തുടങ്ങി.

ഞങ്ങളെ അവള്‍ അവിടെ തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ടീഷര്‍ട്ടു ശരിയാക്കി കണ്ണുതുടച്ച്‌ വേഗം എണീറ്റുവന്നു. അവളുടെ വെപ്രാളം ഞാന്‍ കാണുന്നുണ്ടായിരുന്നു. കുഞ്ഞിനെ ഞാന്‍ അവളുടെ കയ്യില്‍ കൊടുത്തു. ദേവൂന്‍റെ രണ്ടു കവിളിലും മാറിമാറി ഉമ്മ കൊടുക്കുമ്പോള്‍ തദേവി വിതുമ്പുന്നുണ്ടായിരുന്നെന്നു തോന്നി. ദേവു ആണെങ്കില്‍ അവളുടെ ടീ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചുകൊണ്ടിരിക്കുകയായിരുന്നു.

തദേവി എന്‍റെ നേരെ നോക്കി. എന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുകയായിരുന്നിരിക്കണം. വേഗം കണ്ണുപിന്‍വലിച്ച്‌ ഞാന്‍ കുടിലില്‍ നിന്നു പുറത്തു കടന്നു. വാതില്‍ കടന്ന്‌ പുറത്തിറങ്ങി മണ്‍ചുവരില്‍ ചാരി നില്‍ക്കുമ്പോള്‍ അര്‍ബ്ബുദം സമ്മാനിച്ച റബ്ബര്‍ മുലകള്‍ വിങ്ങുന്നുണ്ടായിരുന്നു.

----
American Indian name "Tadewi" means 'wind' (origin: Omaha)

2009, ജൂൺ 27, ശനിയാഴ്‌ച

ഹാര്‍മോണിയം


"എന്ന്‌ ആ പണ്ടാരപ്പെട്ടി വെട്ടിയറഞ്ഞ് കളയുന്നോ, അന്നേ യ്യ്‌ കൊണം പിടിക്ക്വോള്ളൂ പപ്പനാവാ.."

പോക്കുട്ടി വൈദ്യരു്‌ കടയ്ക്കകത്തിരുന്ന്‌ വിരലുകൂട്ടിപ്പിടിച്ച്‌ പുറത്തേയ്ക്ക്‌ നീട്ടിത്തുപ്പി. മുറുക്കാന്‍ വെള്ളവും തുപ്പലും ചേര്‍ന്ന മിശ്രിതം 'പത്തോ'ന്ന്‌ വൈദ്യശാലയുടെ മുന്നിലെ പടികളില്‍ തന്നെ കൃത്യമായി വീണ്‌ നേരം വൈകിക്കാതെ ഉണക്കം പിടിക്കാന്‍ തുടങ്ങി. വര്‍ഷങ്ങളായി കേള്‍ക്കുന്ന പതിവുപല്ലവിയെ മറുചെവിയിലൂടെ അവഗണിച്ചയച്ചിട്ട്‌, ഒരു പഴയ തമിഴ് നാടകഗാനത്തിന്‍റെ ശീലില്‌ തലകുലുക്കി, പപ്പനാവന്‍ ഭാഗവതരു്‌ മരുന്നു തറയല്‍ തുടര്‍ന്നു.

വൈദ്യശാലയിലെ പുളിമുട്ടി ഭാഗവതരുടെ നെഞ്ഞോളം വരും. ഒരു കൊരണ്ടിപ്പലക അടുത്തിട്ട്‌ അതില്‍ കയറി നിന്നാണ്‌ ഭാഗവതരു്‌ തന്‍റെ ഉയരമില്ലായ്മയെ തോല്‍പ്പിക്കുന്നത്‌. സന്തത സഹചാരിയായ ഹാര്‍മോണിയപ്പെട്ടി അടുത്തൊരു സ്റ്റൂളില്‍ വിശ്രമിക്കുന്നുണ്ടാവും. കയ്യോ കാലോ പോലെ ഭാഗവതരുടെ ശരീരത്തിന്‍റെ ഒരു ഭാഗമാണ്‌ ആ പെട്ടിയും.

കാലത്തെണീറ്റ്‌ കുളിച്ച്‌ തോളത്ത്‌ ഹാര്‍മോണിയപ്പെട്ടിയും തൂക്കിയാണ്‌ വൈദ്യശാലയിലെത്തുന്നത്‌. എട്ടു മണിക്ക്‌ മരുന്നു തറയലും അരയ്ക്കലുമൊക്കെ തുടങ്ങിയാല്‍ അന്തിയാവണവരെ അതങ്ങനെ നീളും. ഏഴുമണിക്ക്‌ വൈദ്യശാലപൂട്ടിക്കഴിഞ്ഞാല്‍ നേരെ തോട്ടുവക്കത്തേയ്ക്കാണു പോകുക. മരുന്നുമണം തോട്ടിലെ വെള്ളത്തിനു കൊടുത്ത്‌, ഉടുമുണ്ട്‌ അലക്കിപ്പിഴിഞ്ഞുടുത്ത്‌ നേരെ ഷാപ്പിലേയ്ക്കു വച്ചടിക്കും.
ഉള്ളില്‍ കയറില്ല. ഷാപ്പിന്‍റെ മുറ്റത്ത്‌ ഇത്തിരിമാറി ഒരു കല്ലു കിടപ്പുണ്ട്‌. അതിലിരിക്കും.

ഹാര്‍മോണിയപ്പെട്ടി മടിയിലു വച്ച്‌ പാട്ടിന്‍റെ കെട്ടഴിക്കും. സൌന്ദരരാജനും കിഷോര്‍ദായും തലത്തും ചുറ്റിലുമിരുന്ന്‌ തലയാട്ടുന്നുണ്ടാവും. ഇടയ്ക്ക്‌ പാടിയ വരി ഒന്നു മുരടനക്കി ശരിയാക്കി, അല്‍പം മാറ്റിയും മറിച്ചുമൊക്കെ മൂന്നുനാലു തവണ പാടി നോക്കും. ഒടുക്കം തൃപ്തിപ്പെട്ടെന്ന്‌ ഒരു പുഞ്ചിരി ചുണ്ടില്‍ വിരിച്ച്‌ അടുത്ത വരിയിലേയ്ക്കു പോലും.

കള്ളുകുടിച്ചാലെങ്കിലും സംഗീതബോധമുണ്ടാവുന്ന ചിലരെങ്കിലും നാട്ടിലുണ്ടെന്ന്‌ പപ്പനാവന്‍ ഭാഗവതര്‍ക്കറിയാം. അതാണവിടെ ചെന്നിരുന്നു പാടുന്നത്‌. ആരെങ്കിലും ഒരു നൂറോ നൂറ്റമ്പതോ വാങ്ങിക്കൊടുക്കും. കാശുള്ള ഏതെങ്കിലും കുടിയന്‍ പുല്ലുപോലെ ഉപേക്ഷിച്ചിട്ടുപോകുന്ന അരപ്പിഞ്ഞാണം കപ്പയില്‍ ഫ്രീ ആയി അല്‍പം മീന്‍ചാറു കുടഞ്ഞൊഴിച്ച്‌ ഷാപ്പു നടത്തുന്ന കുമാരേട്ടന്‍ കൊടുക്കുകയും ചെയ്യും. ചിലദിവസങ്ങളില്‍ ഒന്നും തടഞ്ഞില്ലെങ്കിലും ഷാപ്പ്‌ അടയ്ക്കുന്നതുവരെ സംഗീത സപര്യ അങ്ങനെ തുടരും. ഷാപ്പടയ്ക്കാറാവുമ്പോഴേയ്ക്ക്‌ ദുഃഖഗാനങ്ങളില്‍ ചെന്നെത്തുമെന്നു മാത്രം.

നാലു മക്കളായിരുന്നു ഭാഗവതര്‍ക്ക്‌. മൂന്നു പെണ്ണും ഒരാണും. മൂന്നിനുമിടയ്ക്ക്‌ ഓരോ വര്‍ഷംപോലും തികച്ച്‌ അവധിയെടുത്തിട്ടില്ല ഭാഗവതരുടെ ഭാര്യ മല്ലികേച്ചി. ലോകത്തോടു മുഴുവന്‍ കലിയാണ്‌ മല്ലികേച്ചിയ്ക്ക്‌. എപ്പോഴും ആരെയെങ്കിലും ചീത്ത പറഞ്ഞുകൊണ്ടിരിക്കും.

ഏതൊരു ദുഃഖകഥാപാത്രത്തെയും പോലെ ഭാഗവതര്‍ക്കും വര്‍ണ്ണശബളമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു. നാട്ടിലെ അറിയപ്പെടുന്നൊരു പാട്ടുകാരന്‍. നാടകക്കളരിയിലും ഗാനമേള ക്ളബ്ബുകളിലും തിളങ്ങിനിന്നിരുന്ന യൌവ്വനം. സാമാന്യം ജീവിക്കാന്‍ വകയുണ്ടായിരുന്ന ഒരു വീട്ടില്‍ നിന്ന്‌ നാടകത്തിന്‌ പാട്ടുവാടാന്‍ വന്ന ചെറുപ്പക്കാരന്‍റെ ഒപ്പം ഇറങ്ങിപ്പോന്നതാണ്‌ മല്ലികേച്ചി. ലോകത്തെ വെല്ലുവിളിച്ച്‌ പുറമ്പോക്കിലൊരു കുടിലുകെട്ടി ജീവിതം തുടങ്ങി. തുടരെത്തുടരെ നാലു കുട്ടികളുമുണ്ടായി.

സിനിമയും ടീവിയും വ്യാപകമായതോടെ നാടകവും ക്ളബ്ബിലെ ഗാനമേളയുമൊക്കെ അന്ത്യശ്വാസം വലിച്ചു. ബാക്കിയായ സംഗീതവും തന്‍റെ ഹാര്‍മോണിയപ്പെട്ടിയും കൊണ്ട്‌ ഭാഗവതര്‍ മദിരാശിയ്ക്കു വണ്ടി കയറി. രണ്ടുമൂന്നുകൊല്ലം അലഞ്ഞു തിരിഞ്ഞ്‌ ഒടുവില്‍ രോഗിയായി തിരിച്ചെത്തി.

അന്നു തുടങ്ങിയതാണ്‌ മല്ലികേടത്തിയുടെ രോഷം. കരിങ്കല്‍ ക്വാറിയില്‍ നിന്ന്‌ മക്കളെക്കൊണ്ട്‌ കല്ലെടുപ്പിച്ച്‌കൊണ്ടുവന്ന്‌ വീട്ടിലിരുന്ന്‌ പൊട്ടിച്ച്‌ മെറ്റലാക്കും. അവര്‍ക്ക്‌ അതിലും നല്ലൊരു ജോലി ഇല്ലെന്ന്‌ പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്‌. തന്‍റെ തലവിധിയെ ഇരുമ്പുചിറ്റുകയ്ക്കടിച്ച്‌ പൊട്ടിച്ച്‌ പതം പറഞ്ഞു കൊണ്ടിരിക്കും എപ്പോഴും. മക്കളാരെങ്കിലും ഇടയ്ക്ക്‌ വെള്ളവും കൊണ്ടു ചെന്നാല്‍ തെറി പറഞ്ഞോടിയ്ക്കും.

ഭാഗവതരെ കണ്ടാല്‍ മുഖത്ത്‌ വിശേഷിച്ചൊരു സങ്കടവും തോന്നില്ല. വൈദ്യശാലയിലെ മരുന്നു തറയണ ജോലി കിട്ടിയതിനുശേഷം ജീവിതത്തിന്‌ ഒരു അടുക്കും ചിട്ടയുമൊക്കെ വന്നു. ആഴ്ചയില്‍ മൂന്നു ദിവസമേ അവിടെ പണിയുള്ളൂ. അതുതന്നെ ഉണ്ടായിട്ടല്ല. ഭാഗവതര്‍ക്കൊരു വയറ്റുപ്പിഴപ്പാകട്ടെയെന്നു കരുതി വൈദ്യരു്‌ അവിടെ അങ്ങനെ നിര്‍ത്തിയിരിക്കുന്നെന്നു മാത്രം. ഇടദിവസങ്ങളില്‍ പത്രത്താളുകളില്‍ പെന്‍സിലുകൊണ്ട്‌ മനസ്സില്‍ ചിട്ടപ്പെടുന്ന സംഗീതം പകര്‍ത്തി വയ്ക്കും. ഞായറാഴ്ചകളില്‍ അതൊക്കെ ഒരു നോട്ടുപുസ്തകത്തില്‍ പകര്‍ത്തിയെഴുതി രാവിലെതന്നെ മലകയറി ടൌണിലേയ്ക്കു പോകുന്നതു കാണാം. ഏതോ നാടകക്കമ്പനിക്കാരെ കാണിക്കാനാണത്രെ. എന്നെങ്കിലും തന്‍റെ സംഗീതം ജനം തിരിച്ചറിയുമെന്ന്‌ അങ്ങേരു്‌ വിചാരിച്ചിരിക്കണം.

ഹാര്‍മോണിയം വായന ഓസിനൊന്നു പഠിച്ചെടുക്കാനാണ്‌ ഞാന്‍ ഭാഗവതരുടെ പുറകേ കൂടിയത്‌.
വൈകുന്നേരം പണികഴിഞ്ഞ്‌ ഭാഗവതരു്‌ കുളിക്കാനെത്തുന്ന നേരം കണക്കാക്കി ഞാന്‍ തോട്ടുവക്കത്തുണ്ടാവും. അങ്ങേരു്‌ അലക്കി കുളിച്ച്‌ കയറുന്നതുവരെ ഹാര്‍മോണീയത്തില്‍ പെരുമാറാനുള്ള അനുവാദമുണ്ട്‌.

"സാ.. പാ.. ധാ.." ന്നിങ്ങനെ അലക്കുന്നതിനിടയിലും എനിക്കു ചൊല്ലിത്തരും. ഇടയ്ക്കു കള്ളക്കൈ വായിച്ചാല്‍ ഭാഗവതര്‍ക്കതു തിരിഞ്ഞു നോക്കാതെ തന്നെ പിടി കിട്ടും. ഉറക്കെ തന്തയ്ക്കു വിളിക്കും. എന്നാലും എന്നെ വല്യ കാര്യമായിരുന്നു ഭാഗവതര്‍ക്ക്‌. ഞാന്‍ പെട്ടെന്നു പഠിക്കുന്നുണ്ടെന്ന്‌ ഇടയ്ക്കു അഭിനന്ദിക്കുമായിരുന്നു. മക്കള്‍ക്കാര്‍ക്കും തന്‍റെ സംഗീതപാരമ്പര്യം കിട്ടിയില്ലെന്നതു മാത്രമല്ല, അവരെല്ലാം താന്‍ കാരണം സംഗീത വിരോധികളായിപ്പോയതിലായിരുന്നു അങ്ങേരുടെ മനസ്ഥാപം മുഴുവനും.

ഭാഗവതരു്‌ ഒരിക്കല്‍ രണ്ടു ദിവസം പനിപിടിച്ചു കിടന്നപ്പോഴേയ്ക്ക്‌ മൂത്തമോന്‍ അച്ഛന്‍റെ ജീവനായ ഹാര്‍മോണിയപ്പെട്ടി കൊണ്ടുപോയി അന്‍പതു രൂപയ്ക്ക്‌ പണയം വച്ചു. പനിക്കിടക്കയില്‍ നിന്ന്‌ എണീറ്റ ഭാഗവതരു്‌ മൂന്നുനാലു ദിവസം ഉണ്ണാതെ ഉറങ്ങാതെ പെട്ടി അന്വേഷിച്ചു നടന്നു. ഭാര്യയോ മക്കളോ തരം കിട്ടിയാല്‍ അതെടുത്തു കളയുമെന്ന്‌ അങ്ങേര്‍ക്കറിയാമായിരുന്നു. ആളാംവീതം കരഞ്ഞു കാലുപിടിച്ചു. ഒടുക്കം നാട്ടുകാരാരോ പറഞ്ഞറിഞ്ഞാണ്‌ അത്‌ ഹുസ്സൈനാജീന്‍റെ പീട്യേല്‌ പണയം ഇരിപ്പുണ്ടെന്നറിഞ്ഞത്‌.

വൈദ്യരോട്‌ കരഞ്ഞുകാലുപിടിച്ച്‌ ശമ്പളത്തില്‍ നിന്ന്‌ അഡ്വാന്‍സ്‌ മേടിച്ച അന്പതുരൂപകൊടുത്ത്‌ തന്‍റെ ജീവന്‍തിരിച്ചുമേടിച്ച ദിവസം തോട്ടുവക്കത്തിരുന്ന്‌ അതിനെ കെട്ടിപ്പിടിച്ച്‌ ഒത്തിരി കരഞ്ഞു. അന്ന്‌ ഞാനും ഭാഗവതരും രാത്രി ഏറെ ഇരുട്ടുന്നതുവരെ തോട്ടുവക്കത്തു തന്നെയിരുന്നു. പതിവില്ലാതെ തോട്ടുവക്കത്തിരുന്ന്‌ സൌന്ദരരാജന്‍ തൊണ്ടകീറി പാടി.

"നാന്‍ ഒരു രാസിയില്ലാ രാജാ.."

അന്നാണ്‌ അങ്ങേരുടെ മരണശേഷം ഹാര്‍മോണിയപ്പെട്ടി എന്നോട്‌ എടുത്തോളാണ്‍ പറഞ്ഞത്‌. മക്കളെക്കൊണ്ട്‌ തൊടീക്കരുതെന്ന്‌ പ്രത്യേകം പറഞ്ഞു. അങ്ങനെയാണ്‌ ഭാഗവതര്‍ ഉടനേ മരിക്കണേയെന്ന്‌ ഞാന്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയത്‌. പ്രാര്‍ത്ഥനയ്ക്ക്‌ ശക്തിപോരാഞ്ഞിട്ടാണോ എന്തോ ഭാഗവതര്‍ ഉടനെയൊന്നും മരിച്ചില്ല. സൌന്ദരരാജനും കിഷോര്‍ദായും പിന്നെയും ഒത്തിരിക്കാലം തോട്ടുവക്കത്തിരുന്നു പാടി.

മൂത്തമകളെ ചാടിച്ചുകൊണ്ടുപോയ ചെത്തുകാരന്‍ കുഞ്ഞന്‍ വയറ്റുകണ്ണിയായ അവളെ വീട്ടില്‍ തിരിച്ചുകൊണ്ടുവന്നാക്കിയ ദിവസമാണ്‌ ഭാഗവതരെ കാണാതായത്‌. ഞായറാഴ്ചകളിലെ ഭാഗവതരുടെ ടൌണില്‍ പോക്ക്‌ ടൌണില്‍ ബസ്സുകളില്‍ പാട്ടുപാടി തെണ്ടാനാണെന്നും അല്ലാതെ നാടകക്കാരെ കാണാനൊന്നുമല്ലെന്നും കുഞ്ഞന്‍ അങ്ങാടിയില്‍ നിന്ന്‌ വിളിച്ചു പറഞ്ഞ ദിവസം.

സ്വയം കണ്ടെത്തിയ ചെക്കന്‍ കൂടി കൈവെടിഞ്ഞ വിഷമത്തില്‍ മകള്‌ ഉത്തരത്തില്‍ തൂങ്ങി. വഴിപോക്കരാരോ കണ്ടതുകൊണ്ട്‌ രക്ഷപ്പെട്ടു. ഗവര്‍മെണ്ടാശുപത്രിയില്‍ കിടന്ന്‌ ചാപിള്ളയെ നൊന്ത്‌ പ്രസവിക്കുമ്പോള്‍ അവള്‌ ഭാഗവതരെയും ഹാര്‍മോണിയത്തെയും പ്രാകി.

ഭാഗവതരെ ആശുപത്രിപരിസരത്തൊന്നും കണ്ടില്ല. ആരും തിരക്കിയില്ല. ഞാനൊഴികെ. തോട്ടിലെവിടെയെങ്കിലും ചത്തുകിടക്കുന്നുണ്ടാവുമെന്ന്‌ കരുതി. എവിടെയും കണ്ടില്ല. പതിവു സങ്കേതങ്ങളിലൊക്കെ പോയിനോക്കി. ഒടുക്കം മൂന്നുനാലു ദിവസം കഴിഞ്ഞപ്പോളാണ്‌ മലയിലെ ഒരു പറങ്കിമാവില്‍ തൂങ്ങിയാടുന്നെന്ന്‌ ആരോ കണ്ടത്‌.

കേട്ടപാടെ ഞാനോടിച്ചെന്നു നോക്കി. പെട്ടി അവിടെയൊന്നും കണ്ടില്ല. തോട്ടുവക്കത്തുള്ള പൊന്തക്കാടുകളിലും മലയിലുമൊക്കെ കുറേ ഞാന്‍ തപ്പിനടന്നു. കണ്ടുകിട്ടിയില്ല.

പപ്പനാവന്‍ ഭാഗവതര്‍ക്കു പകരം വൈദ്യ ശാലയില്‍ ചാര്‍ജ്ജെടുത്ത സുരേഷേട്ടനാണ്‌ ഒടുക്കം ഒരു തുമ്പുണ്ടാക്കിയത്‌. ദശമൂലത്തിന്‌ തറഞ്ഞു കൂട്ടിയ വേരുകളുടെ കൂടെ കാലിഞ്ചു കഷണങ്ങളായി കിടക്കുന്നു സൌന്ദരരാജനും തലത്തും കിഷോര്‍ദായും.



2009, മേയ് 11, തിങ്കളാഴ്‌ച

മിസ്ഡ്‌ കാള്‍


നിങ്ങളൊരു പെണ്‍കുട്ടിയെ അഗാധമായി സ്നേഹിക്കുന്നു. വെറുതേ എന്തോ ഒരു ചെറിയ പ്രശ്നത്തിന്‍റെ പേരില്‍ നിങ്ങള്‍ അവളുമായി താല്‍ക്കാലികമായി ഒന്നു പിണങ്ങിയെന്നു കരുതുക. പിണക്കം താല്‍ക്കാലികമാണെന്ന്‌ നിങ്ങള്‍ക്കറിയാം. മുഖം വീര്‍പ്പിച്ച്‌ ഇറങ്ങിപ്പോയ അവള്‍ രണ്ടു ദിവസം കഴിഞ്ഞ്‌ വീര്‍പ്പുമുട്ടല്‍ സഹിക്കാനാവാതെ നിങ്ങളുടെ മൊബൈലിലേയ്ക്ക്‌ ഒരു മിസ്സ്‌ഡ്‌ കാള്‍ ഇടുന്നു. നിങ്ങളവളെ തിരിച്ചു വിളിക്കുന്നു, കുറച്ചു നേരം ഇരുവരും ഒന്നും മിണ്ടാതെ ഇരിക്കുന്നു. പിന്നെ ഒരു പൊട്ടിച്ചിരി. അത്‌ പ്രണയത്തെ പുതുക്കുപ്പണിയുന്നു...

പക്ഷെ, ഇത്തവണ, ഈ സാധാരണത്തത്തിനു പകരം നിങ്ങള്‍ക്കു കിട്ടുന്ന കാള്‍ ഒരു സുഹൃത്തിന്‍റേത്‌. സുഹൃത്ത്‌ വാര്‍ത്ത നിങ്ങളോടു പറയാന്‍ ബുദ്ധിമുട്ടുന്നു. പറയാന്‍ പോകുന്നതു ചീത്ത വാര്‍ത്തയാണെന്നും എന്തും നേരിടാനുള്ള ശക്തിയുണ്ടാകട്ടെയെന്നും പറഞ്ഞിട്ട്‌ അവളുടെ മരണം നിങ്ങളെ അറിയിക്കുന്നു. തികച്ചും സാധാരണമായ ഒരു ആക്സിഡന്‍റു്‌. അവളുടെ സ്കൂട്ടറിനു പിറകില്‍ ഒരു ലോറിയോ മറ്റോ..
സുഹൃത്താണവളെ ആശുപത്രിയിലെത്തിച്ചത്‌. ഐസിയുവിലേയ്ക്ക്‌ കയറ്റുമ്പോള്‍ അവള്‍ക്കു ബോധമുണ്ടായിരുന്നു. അവസാനമായി അവള്‍ പറഞ്ഞത്‌ നിങ്ങളെപ്പറ്റിയായിരുന്നു. നിങ്ങള്‍ക്കു തരാന്‍ കഴിയാതെ പോയ ഒരു മിസ്‌ഡ്‌ കാളിനെപ്പറ്റി.

എനിക്കു ചോദിക്കുവാനുള്ളത്‌ നിങ്ങളുടെ മാനസികാവസ്ഥയെക്കുറിച്ചാണ്‌. ഇത്തരമൊരവസ്ഥയില്‍, പെട്ടെന്ന്‌ എത്തിച്ചേരാവുന്ന ഒരു പരിതസ്ഥിതിയിലല്ല നിങ്ങള്‍. ജോലി സംബന്ധമായ ഒരു യാത്രയിലാണ്‌. പണമുണ്ട്‌. ഏറ്റവും ആദ്യത്തെ ഫ്ലൈറ്റ്‌ ടിക്കറ്റുതന്നെ ഏര്‍പ്പാടാക്കു തരാന്‍ കഴിയുന്ന ബന്ധങ്ങളുണ്ട്‌. പക്ഷേ, മിസ്‌ഡ്‌ കാള്‍ കണ്ട്‌ ഉള്ളില്‍ ഒരു ഊറിച്ചിരിയോടെ ആ നമ്പറില്‍ തിരിച്ചു വിളിച്ച്‌, മറ്റേ അറ്റത്തുനിന്ന്‌ ആ കുലുങ്ങിച്ചിരി കേള്‍ക്കാന്‍ കാത്തിനില്‍ക്കുന്ന ആ ഒരു നിമിഷത്തെ നിശബ്ദതയുണ്ടല്ലോ.. താനാണ്‌ ലോകത്തിലെ ഏറ്റവും ഭാഗ്യവാനെന്ന്‌, താടിയൊന്ന്‌ ചൊറിഞ്ഞ്‌, ഷര്‍ട്ടിന്‍റെ കോളറൊന്നു പൊക്കി വച്ച്‌, നിങ്ങള്‍ അല്‍പം അഹങ്കരിക്കുന്ന ആ നിമിഷം.. അത്‌ പെട്ടെന്ന്‌ പിടി വിട്ട്‌ അത്യഗാധതയിലെവിടേയ്ക്കോ തട്ടിച്ചിതറിത്തെറീച്ചുപോകുന്നു.. അവളെ ആദ്യം കണ്ടതുമുതല്‍, സ്നേഹിച്ചു തുടങ്ങിയതും ആദ്യം കയ്യെത്തിച്ച്‌ അവളുടെ വിരല്‍തുമ്പിലൊന്നു തൊട്ടതും പോലെയുള്ള അനര്‍ഘനിമിഷങ്ങള്‍, ഓടിക്കൊണ്ടിരിക്കുന്ന ഒരു തീവണ്ടിയില്‍ നിന്ന്‌ നോക്കിക്കാണുന്ന ചിത്രങ്ങള്‍ പോലെ, നിങ്ങളവയില്‍ നിന്നകന്നു പോകുകയാണെന്നുള്ള തിരിച്ചറിവ്‌.. അതുണ്ടാക്കുന്ന പരിഭ്രാന്തി..

സുഹൃത്തിന്‌ ആളുമാറിയതാണെന്നോ, അല്ലെങ്കില്‍ അവനു പ്രാന്താണെന്നോ, നിങ്ങള്‍ സ്വപ്നം കാണുകയാണെന്നോ ഒക്കെ, കണ്ണടച്ച്‌, റിയാലിറ്റിയെ കൊന്നുകളയാന്‍ നിങ്ങളുടെ മനസ്സ്‌ നടത്തുന്ന പരിശ്രമങ്ങള്‍..

ചിലപ്പോള്‍, പഴയ എന്തെങ്കിലും തമാശകള്‍ പെട്ടെന്നോര്‍ത്ത്‌ നിങ്ങളറിയാതെ, നിങ്ങള്‍ ചിരിച്ചു പോകും.. സ്ഥലകാലബോധം തിരിച്ചു വന്ന്‌ കൊഞ്ഞനം കുത്തുമ്പോള്‍ ഉള്ളില്‍ ഒരു ആളല്‍. ഒരു പുകച്ചില്‍. അല്ലെങ്കില്‍, എനിക്കറിഞ്ഞുകൂടാ സുഹൃത്തേ, നിങ്ങളാ വേദനയെ എന്തു വിളിക്കുമെന്ന്‌.

ഫ്ലൈറ്റില്‍ കാലുകള്‍ വിറപ്പിച്ചുകൊണ്ട്‌, കയ്യിലുള്ള കുഞ്ഞു ബാഗിനെ മുകളിലെ ബാഗേജ്‌ ഏരിയയില്‍ വയ്ക്കാതെ, ഇപ്പോള്‍ ലാന്‍ഡ്‌ ചെയ്യും, നിര്‍ത്തിയാല്‍ ഉടനേ ബെല്‍ട്ട്‌ ഊരണം, അടുത്തിരിക്കുന്ന ആളോട്‌, ക്ഷമ പറഞ്ഞ്‌, അയാളെ മറികടന്ന്‌ ഡോറിലേയ്ക്ക്‌ ഓടണം.. വാതില്‍ തുറന്നാലുടനെ, ആദ്യം പുറത്തിറങ്ങുന്ന ആള്‍ നിങ്ങളാകണം.. എന്നിങ്ങനെ അടുത്ത നിമിഷങ്ങളെ പ്ളാന്‍ ചെയ്ത്‌.. പെട്ടെന്ന്‌ ചിന്തകളുടെ കണ്‍ട്വിന്യുയിറ്റി നഷ്ടപ്പെട്ട്‌, നിങ്ങള്‍ക്ക്‌ ഒരു മൂത്രശങ്ക, അല്ലെങ്കില്‍ ടോയിലെറ്റിലൊന്നു പോകണമെന്ന തോന്നല്‍, അല്ല, ഒന്നു ഛര്‍ദ്ദിക്കണോ? ശെരിക്കും എന്താണതെന്ന്‌ നിങ്ങള്‍ കുറേ നേരം ആലോചിച്ചിരിക്കും. പെട്ടെന്ന്‌, വെളുത്ത തുണിയില്‍ കടും ചുവപ്പു നിറത്തില്‍ ചോരപ്പാടുകള്‍ കാണുന്ന ഒരു ചിത്രം ഒരു ഫ്ളാഷ്‌ പോലെ മനസ്സില്‌ തെളിഞ്ഞു മറയുന്നു. അത്‌ വീണ്ടും മനസ്സില്‍ തീയ്‌ കോരിയിടുന്നു. പലതവണ അതിങ്ങനെ ആവര്‍ത്തിക്കും.. ഫ്ളൈറ്റ്‌ ലാന്‍ഡ്‌ ചെയ്യുകയാണെന്ന അറിയിപ്പ്‌ വരുവോളം..

എയര്‍പോര്‍ട്ടില്‍ നിന്ന്‌ ഓടിയിറങ്ങി ഒരു ടാക്സിയില്‍ കയറിപ്പറ്റുന്നതുവരെ ചെക്കൌട്ടില്‍ നഷ്ടപ്പെട്ടുപോയ നാലു നിമിഷങ്ങളെക്കുറിച്ചായിരിക്കും നിങ്ങളോര്‍ക്കുന്നത്‌. ആ ഹിന്ദിക്കാരന്‍ പോലീസിന്‍റെ 'ഉല്ലൂ കാ പഠാ' വിളി..

ടാക്സിയില്‍ കയറി നിങ്ങള്‍ വീണ്ടും കാലു വിറപ്പിച്ചുകൊണ്ടിരിക്കും. വാതിലിനോട്‌ ചേര്‍ന്നേ നിങ്ങളിരിക്കൂ. ഒരു കൈകൊണ്ട്‌ ബാഗിനെ ചേര്‍ത്തു പിടിച്ചിരിക്കും. മറ്റേ കൈ ഡോറിന്‍റെ ഹാന്‍ഡിലില്‍, അതു തുറക്കാന്‍ റെഡിയായി..

ടാക്സി നിര്‍ത്തിയപാടെ ഓടിയിറങ്ങുമ്പോള്‍ ഡ്രൈവര്‍ പുറകില്‍ നിന്ന്‌ കാശു തന്നില്ലെന്ന്‌ വിളിച്ചു കൂവും. പേഴ്സു വലിച്ചെടുത്ത്‌ ആദ്യം കാണുന്ന അഞ്ഞൂറിന്‍റെയോ ആയിരത്തിന്‍റെയോ നോട്ടെടുത്ത്‌ അവന്‍റെ കയ്യിലേല്‍പ്പിച്ചീട്ട്‌ നിങ്ങള്‍ ഓടി ചെല്ലുമ്പോഴും, അവള്‍ ഉമ്മറത്തു ചിരിച്ചുകൊണ്ട്‌ നില്‍പ്പുണ്ടാവും എന്നൊരു തോന്നല്‍ നിങ്ങളുടെ ഉള്ളിലുണ്ടാവും.. പറമ്പിലെവിടെനിന്നോ ശവം ദഹിപ്പിക്കുന്നതിന്‍റെ രൂക്ഷഗന്ധം യാഥാര്‍ത്ഥ്യത്തിനെതിരെയുള്ള നിങ്ങളുടെ മനസ്സിന്‍റെ അവസാനത്തെ ചെറുത്തുനില്‍പ്പിനേയും കരിച്ചുകളയുന്നതുവരെ..

യാത്രപുറപ്പെടുമ്പോള്‍മുതല്‍ നിങ്ങള്‍ ചേര്‍ത്തുപിടിച്ചിരുന്ന കുഞ്ഞു ബാഗ്‌ അപ്പോഴേയ്ക്കും നിങ്ങളറിയാതെ താഴെയിട്ടിട്ടുണ്ടാവും. അപ്പോഴാണ്‌ നിങ്ങള്‍ക്കൊന്നു കരയണമെന്നു തോന്നുക. കാരണം, നിങ്ങളുടെ ഉള്ളിന്‍റെ ഉള്ളില്‍, ഞാന്‍ പറയാന്‍ പോകുന്ന കാര്യം കള്ളമാണെന്ന്‌, അല്ലെങ്കില്‍ എനിക്കു തെറ്റുപറ്റിയതാണെന്ന്‌, അത്‌ അവള്‍ ആയിരുന്നില്ലെന്ന്‌ വിശ്വസിക്കുന്ന ഏതോ ഒരു കോശം, ഒരു കോശമെങ്കിലും, അതുവരെ ബാക്കിയുണ്ടാകും..

ഇനി പറയൂ, ഞാന്‍ നിങ്ങള്‍ക്കൊരു മിസ്ഡ്‌ കാള്‍ തരട്ടെ? മൊബൈല്‍ ലോറിക്കടിയില്‍ ഞെരിഞ്ഞുപോയെങ്കിലും അവളുടെ സിം ഭദ്രമായെനിക്കു കിട്ടിയിട്ടുണ്ട്‌. ഇത്തിരി നിശബ്ദത അതില്‍ ബാക്കിയുണ്ടായിരിക്കണമല്ലോ..