2008 നവംബർ 30, ഞായറാഴ്‌ച

പനി


ശരീരത്തിനും മനസ്സിനും ഒരുപോലെ പനിപിടിച്ച ഒരു ദിവസമാണിന്ന്‌.

വകയില്‌ ആരോ മരിച്ചുപോയെന്ന്‌ ഫോണ്‍ വന്നിട്ട്‌ കുട്ടികളേം കൂട്ടി ചാടിപ്പുറപ്പെട്ടുപോയതാണ്‌ ഭാര്യ. ഒത്തിരി വിളിച്ചതാണ്‌. പോകാന്‍ തോന്നിയില്ല. ഒരു ടാക്സി പിടിച്ചു കയറ്റിവിട്ടു.
കുറേ നേരം ടീവീയ്ക്കു മുന്നില്‍ ചടച്ചിരുന്നു. അപ്പോഴാണ്‌ ഒരു കുളിരും വിറയും വന്നു കയറിയത്‌. ഒരു ചെറിയ മേലു വേദന പോലെ. ആദ്യം വെറുതേ തോന്നിയതാണെന്നു കരുതി. ഒന്നൊന്നര മണിക്കൂറു കൊണ്ട്‌ നല്ല ക്ഷീണവും ടെമ്പറേച്ചറും തുടങ്ങി.

ഛെ! വൈകിട്ടു ജോണിന്‍റെ അടുത്തു കൂടാമെന്നേറ്റതായിരുന്നു. രണ്ടു പെഗ്ഗും രണ്ടു വില്‍സും. അതാണു കണക്ക്‌. ശനിയാഴ്ച വൈകുന്നേരം, അല്പം തരിപ്പില്‍, അവനോടു കത്തിയും വെച്ച്‌, ഭൂമിയില്‍ നിന്ന്‌ ആകാവുന്നത്ര ഉയരത്തിലൊരു കോണ്‍ക്രീറ്റ്‌ തൂണിനു മുകളില്‍, ഒരു ചാരുകസേരയില്‍, വില്‍സും പുകച്ചുകൊണ്ട്‌ നഗരത്തെ നോക്കി ഇരിക്കുന്നതിന്‍റെ സുഖം! ഇന്നാണെങ്കില്‍ അവളും ഇവിടില്ല. ഒമ്പത്‌ ഒമ്പതരയാവുമ്പോള്‍ രസച്ചരടു മുറിച്ചു കൊണ്ടൂള്ള ആ ഫോണ്‍വിളിയുമുണ്ടാകുമായിരുന്നില്ല. നശിച്ച പനി!

ഒരു ചൂടു ചായ കുടിച്ചാല്‍ ഒരു സമാധാനമുണ്ടാകുമായിരുന്നു. പെട്ടെന്ന്‌ അമ്മ ഉണ്ടാക്കാറുണ്ടായിരുന്ന ചുക്കുകാപ്പി ഓര്‍ത്തു. അതിന്‍റെ മണവും. തിളയ്ക്കുന്ന ഒരു ശനിയാഴ്ചപകല്‍, അതും പച്ചയ്ക്ക്‌, നൊസ്റ്റാള്‍ജിയയ്ക്ക്‌ ഒട്ടും പറ്റിയ സമയമല്ല. ഇവിടിനി ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ലാ.

ടിവി ഓഫ്‌ ചെയ്ത്‌ എണീറ്റു. സന്ധികളിലൊക്കെ വേദന. ഒന്നു മൂരി നിവര്‍ത്തി. പേശികളൊക്കെ വലിയുന്നത്‌ ഓരോന്നായി അറിയുന്നുണ്ട്‌. എന്തൊരു പനിയാണപ്പാ! ഒന്നൊന്നര മണിക്കൂറുകൊണ്ട്‌ അതു കീഴടക്കിക്കളഞ്ഞല്ലോ.

കണ്ണാടിയിലൊന്നു നോക്കി. വയസ്സായിത്തുടങ്ങി. വയറധികം ചാടിയിട്ടില്ലെങ്കിലും ഒരു തൈക്കിളവന്‍റെ ലക്ഷ്ണങ്ങളൊക്കെയുണ്ട്‌. കഷണ്ടിക്കു വിട്ടുകൊടുത്തതില്‍ കവിഞ്ഞുള്ളടിത്ത്‌ നര നോട്ടമിട്ടിരിക്കുന്നു. മുഖത്ത്‌ പനിയുടെ വാട്ടം കാണാനുണ്ട്‌.

തന്നെ ചായയിടാന്‍ വയ്യ. തേയിലയോ മധുരമോ കൂടും. എല്ലാം പാകത്തിനായില്ലെങ്കില്‍ പിന്നെ കുടിക്കാന്‍ കൊള്ളില്ല. ഭക്ഷണമൊക്കെ അവള്‍ കാസ്റോളിലാക്കി വച്ചിട്ടാണു പോയിരിക്കുന്നത്‌. ഒന്നു തുറന്നു നോക്കി. ചിക്കന്‍ കറിയാണെന്നു തോന്നുന്നു. നല്ല എരിവുണ്ടാകണം.

നോട്ടം നേരെ കബോര്‍ഡിലേയ്ക്കാണു ചെന്നത്‌.

തലേ ആഴ്ച വാങ്ങിയ കുപ്പിയാണ്‌. അളിയന്‍ വന്നപ്പോള്‍. ഒരു നാലഞ്ചു പെഗ്ഗു ബാക്കി കാണണം. മനസ്സിനല്ല, കൈകള്‍ക്കാണു നിയന്ത്രണം. ശെരി, പനിച്ചു വിറച്ചൊരു ശനിയാഴ്ച കളയണ്ട. കറിയാച്ചന്‍ പറയാറുള്ളതുപോലെ ഇത്തിരി കുരുമുളകിട്ടൊരെണ്ണം പിടിപ്പിച്ചു നോക്കാം. "പനി പമ്പ കടന്നാലോ"..

സോഡയുണ്ടായിരുന്നില്ല. സാധാരണ ഗതിയില്‍ സോഡയില്ലാതെ അടിക്കാറില്ല. എന്നല്ല, സോഡയില്ലാത്തതുകൊണ്ടു അടിക്കാതിരുന്നിട്ടുണ്ട്‌ പലപ്പോഴും. മടുപ്പ്‌. ഇനിയിപ്പോള്‍ ഷര്‍ട്ടെടുത്തിട്ട്‌ താഴെയിറങ്ങിപ്പോയി, റോഡു ക്രോസു ചെയ്ത്‌.. ക്ളബ്‌ സോഡ കിട്ടുകയില്ല. പിന്നെ സാദാ സോഡ. അതിലും നല്ലത്‌ വെള്ളമൊഴിച്ചു കഴിക്കുകതന്നെ.
തണുത്ത വെള്ളമുണ്ട്‌ ഫ്രിഡ്ജില്‍. വേണ്ട, ഇനി തൊണ്ടകൂടി പ്രശ്നമാക്കണ്ട.

ചാരുകസേര വലിച്ചു നീക്കി ബാല്‍ക്കണിയില്‍ കൊണ്ടിട്ടു. കാലുപൊക്കി ബാല്‍ക്കണിയുടെ ഗ്രില്ലിലേയ്ക്കു വച്ച്‌ നടു നിവര്‍ത്തി.

സമയം രണ്ടു മണി കഴിഞ്ഞുകാണണം.വലിയ വെയിലില്ല. സന്ധ്യയ്ക്കു വഴിമാറികൊടുക്കാന്‍ സൂര്യനു തിടുക്കമുള്ളതുപോലെ.

ഒരു സിപ്പെടുത്തു. ഭയങ്കര കയ്പ്പ്‌! മുഖം കോടിപ്പോയി. ഒത്തിരി നാളായി വെള്ളമൊഴിച്ചു കഴിച്ചിട്ട്‌. അതും തണുപ്പുപോലുമില്ലാതെ.

ഛെ! ടച്ചിംഗ്സ്‌ ഒന്നുമെടുത്തില്ല. ചിക്കന്‍ കറിയെ ഓര്‍ത്തു. എണീറ്റുപോകാന്‍ വയ്യ.

താഴെ നഗരം ഉച്ചയുറക്കമെണീറ്റ്‌ സജീവമാകാന്‍ തുടങ്ങിയിരിക്കുന്നു. ശനിയെന്നോ മദ്ധ്യാഹ്നമെന്നോ ഇല്ല അവള്‍ക്ക്‌. തിരക്കു പിടിച്ചില്ലെങ്കില്‍ നഗരം നഗരമല്ലാതെ പോകുമായിരിക്കും.

കണ്ണുമടച്ച്‌ ഗ്ളാസ്സു കാലിയാക്കി. ഇപ്പോഴത്ര പ്രശ്നം തോന്നുന്നില്ല. തൊണ്ടയില്‍ ചെറിയൊരെരിച്ചില്‍ മാത്രം. വീണ്ടും നിറച്ചു കയ്യില്‍ വെച്ചു. ജോണിനെ ഒന്നു വിളിച്ചാലോ? അവനു വര്‍ക്കുണ്ട്‌ ഇന്നും. അഞ്ചരയ്ക്ക്‌ എത്തുമെന്നാണു പറഞ്ഞിരിക്കുന്നത്‌. നേരത്തേ വരാന്‍.. അല്ലെങ്കില്‍ വേണ്ട. ഇനിയിന്നങ്ങോട്ടു കെട്ടിയെടുക്കാന്‍ വയ്യ. പനി മനസ്സിനെ കീഴടക്കിക്കഴിഞ്ഞിരിക്കുന്നു.

റോഡിലൊരു ആള്‍ക്കൂട്ടം. ഒരു ബസ്സും ആട്ടോറിക്ഷയും തട്ടിയതാണെന്നു തോന്നുന്നു. കുറച്ചു പേര്‍ ചേര്‍ന്ന്‌ ഒരു സ്ത്രീയെ താങ്ങിപ്പിടിച്ച്‌ മറ്റൊരു ഓട്ടോയില്‍ കയറ്റുന്നു. ഒരു നല്ല ബ്ളോക്കാവുന്ന ലക്ഷണം കാണുന്നുണ്ട്‌. ഏതാനും മിനുട്ടുകള്‍ മാത്രം. നഗരം പഴയ വേഗം വീണ്ടെടുത്തുകഴിഞ്ഞു. ആര്‍ക്കും നില്‍ക്കാന്‍ നേരമില്ലല്ലോ. ഒരു പോലീസുകാരനെപ്പോലും കണ്ടില്ല. ആളുകള്‍ തന്നെ എല്ലാം സെറ്റില്‍ ചെയ്തു, ട്രാഫിക്കും നിയന്ത്രിക്കുന്നു.

ആഹ്! കുപ്പി തീര്‍ന്നിരിക്കുന്നു! അല്‍പം വേഗത്തിലായിപ്പോയി. സോഡയില്ലാത്തതുകാരണം വലിച്ചു കുടിക്കുകയായിരുന്നെന്നു തോന്നുന്നല്ലോ.
നാലഞ്ചു പെഗ്ഗ്‌ അകത്തു ചെന്നു കാണണം. അത്രേം വേണ്ടായിരുന്നു. ഇനി ഞായറാഴ്ച പോക്കാണ്‌. പോരാത്തതിന്‌ കുപ്പി കഴുകി കമഴ്ത്തിയതിന്‌ പെണ്ണുമ്പിള്ളയുടെ ശീതസമരവും. തലയ്ക്ക്‌ ചെറിയൊരു പെരുപ്പ്‌. പിടിച്ചു തുടങ്ങീ..

ഒന്നു വലിക്കണം. സിഗററ്റ്‌ പായ്ക്ക്‌ എവിടെയാണോ ഇട്ടത്‌. പതുക്കെ ശ്രദ്ധിച്ച്‌ എഴുന്നേറ്റു. ഒരു ചെറിയ ആട്ടമുണ്ട്‌. വല്യ കുഴപ്പമില്ല. ഭക്ഷണം കഴിക്കണം. അല്ലെങ്കില്‍ ഔട്ടായിപ്പോകും. ഒരു പ്ലേറ്റില്‍ രണ്ടു ചപ്പാത്തിയെടുത്തു. കറിയെടുക്കാന്‍ സ്പൂണു കാണുന്നില്ല. ഇവള്‍ക്കതൊക്കെ എടുത്തു വച്ചിട്ടു പോയിക്കൂടെ, നാശം!

അടുക്കളയില്‌ എല്ലാം അലങ്കോലമായി കിടക്കുന്നു. സാധാരണ വല്യ അടുക്കും ചിട്ടയുമുള്ള ആളാണ്‌. പെട്ടെന്നു ഫോണ്‍ വന്നപ്പോള്‍ ഒക്കെ ഇട്ടേച്ചു പോയതാകണം. കുറച്ചു വെള്ളം കുടിച്ചേക്കാം. ഫ്രിഡ്ജ്‌ തുറന്നു. മാമ്പഴം പൂളി വച്ചിരിക്കുന്നു. ഒരു കഷണം എടുത്തു കഴിച്ചു നോക്കി. ഔ! ഭയങ്കര പുളി.

ഫോണ്‍ റിങ്ങു ചെയ്യുന്നുണ്ടോ? ഇല്ല. അപ്പുറത്തെ ഫ്ലാറ്റില്‍ നിന്നായിരിക്കണം. സിഗററ്റു പായ്ക്കറ്റെവിടെയാണോ വച്ചത്‌. ടീപ്പോയില്‍ പേപ്പറുകള്‍ കൂട്ടിയിട്ടിരിക്കുന്നു. അവളു വരുമ്പോള്‍ ഇനി അതിനു വഴക്കാവും. എടുത്തു മടക്കി വച്ചേക്കാം. പനിയ്ക്കുന്നുണ്ടോ ഇപ്പോഴും? ഒരു പാരസെറ്റമോളു കഴിച്ചാലോ? അല്ലെങ്കില്‍ വേണ്ട, കള്ളിന്‍റെ പുറത്തു ഇനി അതുകൂടെ.. വേണ്ട.

പാട്ടു കേട്ടാലോ? റിമോട്ട്‌ കയ്യിലെടുത്തു. ഭൂപീന്ദര്‍സിങ്ങിന്‍റെ 'ഏക്‌ ശഹറൂ്‌ മേം' ഒഴുകിയിറങ്ങി. ഒരു തണുപ്പ്‌. സോഫയില്‍ വിശാലമായി ഇരുന്നു. കാലെടുത്ത്‌ ടീപ്പോയിയുടെ മുകളില്‍ കയറ്റി വെച്ചു. ഫാന്‍ കറങ്ങുന്നുണ്ട്‌. നേരത്തേ ഇട്ടു വച്ചതാകണം.

"ഒന്നും ഓഫാക്കരുത്‌. കറണ്ടു ബില്ലു നമ്മള്‍ തന്നെയാ കൊടുക്കേണ്ടത്‌ എന്നു മറക്കണ്ട.." അടുക്കളയില്‍ നിന്നു ശബ്ദമുയരുന്നില്ല. ചിരി വന്നു. മനസ്സ്‌ ലഘുവായിത്തുടങ്ങി. ബ്രാണ്ടി പണി തുടങ്ങുന്നുണ്ട്‌.

പുറത്തു നിന്നു ബാങ്കു വിളി കേള്‍ക്കുന്നു. സമയം എത്രയായോ ആവോ. ആരോ കതകിനു മുട്ടിയോ? തോന്നിയതായിരിക്കും. ജോണിങ്ങോട്ടു വരില്ല. ഭാര്യ നാട്ടില്‍ പോയത്‌ അവനറിഞ്ഞിട്ടില്ല. കുറച്ചു വെള്ളം വേണം. ശ്ശോ. കാലു പെരുത്തു പോയിരിക്കുന്നു. കുറേ സമയമായോ ഇരുപ്പുതുടങ്ങിയിട്ട്‌? 'ഏക്‌ ശഹറു്‌' വീണ്ടും പാടുന്നു. സീഡീ മുഴുവന്‍ പാടി തീര്‍ന്നിരിക്കണം.

വീണ്ടും മുട്ടു കേള്‍ക്കുന്നല്ലോ. കതകു തുറന്നപ്പോള്‍ അമ്മിണി ആണ്‌. ഇവളെ വിളിച്ചു പറഞ്ഞില്ലേ ഇന്നു വരേണ്ടെന്ന്‌? അടുക്കള വൃത്തികേടായി കിടക്കുന്നത്‌ ഓര്‍ത്തു. ഹും! പണി ചെയ്തിട്ടു പോട്ടെ. തിരികെ സോഫയില്‍ പോയിരുന്നു. പാട്ടു മാറ്റാം. രണ്ടാമത്തെ സീഡീ സെലെക്റ്റു ചെയ്ത്‌ പ്ലേ അടിച്ചു.

അത്താ-ഉള്ളാ ഖാന്‍. വിരഹം പെയ്തു നിറയുന്നു. എന്നെ ഒറ്റക്കാക്കിപ്പോയ നിനക്കും അള്ളാഹ്‌ ഇതേ ശിക്ഷ വാങ്ങിത്തരട്ടെ.

ഇത്തിരി വെള്ളം കുടിക്കാന്‍..

അമ്മിണി അടുക്കളയില്‍ കുന്തിച്ചിരുന്നു നിലം തുടയ്ക്കുന്നു. സാരിമാറിപ്പോയി ബ്ളൌസിനിടയിലൂടെ യൌവ്വനത്തിന്‍റെ ബാക്കിയുള്ള തുടിപ്പ്‌ കാണുന്നുണ്ട്‌. വിയര്‍പ്പുമണികള്‍.

"എന്താ സാര്‍?" പെട്ടെന്നു അവള്‍ മുഖത്തേയ്ക്കു നോക്കുമെന്നു കരുതിയില്ല. ശ്രദ്ധിച്ചു കാണുമോ?

"വെ.. വെള്ളം.." ഇത്തിരി വിക്കിപ്പോയി.

ഓടിപ്പോയി ഗ്ളാസ്സില്‍ വെള്ളമെടുത്തു തന്നു. ഒറ്റവലിയ്ക്ക്‌ കുടിച്ചുതീര്‍ത്തു. ഒരു കടലു കുടിച്ചു വറ്റിക്കാനുള്ള ദാഹം!

"ആ ടംബ്ളറിങ്ങു തന്നേക്കൂ.."

"ഓ.."

അവള്‍ ജോലിയിലേയ്ക്കു തിരിഞ്ഞു. സാരി മുട്ടോളം തെറുത്തു കയറ്റിയിരിക്കുന്നു. നിലം തുടയ്ക്കുന്നതിനനുസരിച്ച്‌ പിന്‍ഭാഗം ഉലയുന്നു. എന്തോ അവിടെത്തന്നെ അവളെ നോക്കിക്കൊണ്ടു നില്‍ക്കാനാണു തോന്നിയത്‌.

അവിടെ നില്‍പ്പുണ്ടെന്നു അറിഞ്ഞ മട്ടില്ല. ഇങ്ങോട്ടാണു നീങ്ങി വരുന്നത്‌. പിന്‍ഭാഗം കാലില്‍ വന്നു മുട്ടും.. ടംബ്ളര്‍ തിരികെ വയ്ക്കാന്‍ വന്നതാണെന്നു പറയാം. എല്ലാം ആദ്യമായിട്ടു കാണുന്ന കൌമാരക്കാരനെപ്പോലെ ഹൃദയം പെരുമ്പറ കൊട്ടുന്നു.

കാലില്‍ ചൂടു തൊട്ടു. ആഹ്! അവള്‍ ഞെട്ടിത്തിരിഞ്ഞു.

"ഝ്‌ലും" ടംബ്ളര്‍ നിലത്തു വീണു പൊട്ടി.

"അയ്യോ സര്‍.." കണ്ണില്‍ ക്ഷമാപണം.

"ദാറ്റ്സ്‌ ഓക്കേ.. പെറുക്കിക്കളഞ്ഞേക്കൂ.."

"ഓ.."

തിരിഞ്ഞു നടക്കേണ്ടതായിരുന്നു. കാലുകളവിടെത്തന്നെ നില്‍ക്കുന്നു. കണ്ണുകള്‍ വേണ്ടാത്തിടങ്ങളില്‍ പരതി നടക്കുന്നു. വിയര്‍പ്പിന്‍റെ മണം! കിതയ്ക്കുന്നുണ്ടോ? കൈനീട്ടി തൊടാന്‍..

"എന്താ സാര്‍?"

"ഹേയ്‌.. ഒന്നുമില്ല.. കറിയെടുക്കാനൊരു സ്പൂണ്‌.."

"ദാ ഇപ്പോത്തരാം.."

അരക്കെട്ടിലെന്തൊക്കെയോ കെട്ടുപൊട്ടിക്കുന്നു. നെഞ്ചിലൂടെ വിയര്‍പ്പുചാലുകള്‍. തൊണ്ട വീണ്ടും വരളുന്നു. സ്പൂണ്‍ നീട്ടിയ കയ്യില്‍ ഉടയാന്‍ തയ്യാറായി നില്‍ക്കുന്ന കുപ്പി വളകള്‍.. പാത്രം കഴുകുന്നതിന്‍റെ തഴമ്പ്‌. ഹൃദയത്തിനു ഭ്രാന്തുപിടിച്ചോ? എന്താണീ ഓട്ടം? കൈ വിറയ്ക്കുന്നു..തൊടാന്‍..

"ദേ ഇങ്ങോട്ടൊന്നു വന്നേ.."

"ങ്ഹേ?.. " സ്പൂണു താഴെ വീണു പോയി. സ്വീകരണമുറീയില്‍ നിന്നാണ്‌.. അവളിത്ര വേഗം..

കാലുകള്‍ ഉദ്ദേശിക്കുന്നതുപോലെ നീങ്ങുന്നില്ല. വേച്ചു വേച്ചു ചെന്ന്‌ സോഫയിലേയ്ക്കു വീണു. ഹൃദയം പെരുമ്പറകൊട്ടി തീര്‍ന്നിട്ടില്ല. ഫാന്‍ ഫുള്‍സ്പീഡീല്‍ കറങ്ങുന്നുണ്ട്‌. എന്നിട്ടും വിയര്‍ത്തൊഴുകുന്നു.

തോന്നിയതാണ്‌. കിതപ്പടങ്ങിത്തുടങ്ങി. അവള്‍ അദൃശ്യമായൊരു പൂട്ടിട്ടുണ്ട്‌.

ടീപ്പോയില്‍ പേപ്പറുകള്‍ കൂമ്പാരമായി കിടക്കുന്നു. അതിനടിയിലൂടെ വില്‍സിന്‍റെ പായ്ക്കറ്റ്‌ കാണാം. ഡൈനിംഗ്‌ ടേബിളില്‍ ഒരു പ്ലേറ്റില്‍ രണ്ടു ചപ്പാത്തി.. തണുത്തു കാണണം. പുറത്ത്‌ വെയിലാറുന്നു. പതുക്കെ കണ്ണുകളടഞ്ഞുപോയി.

"സാര്‍.. ഞാനിനി പൊയ്ക്കോട്ടെ?" വിയര്‍പ്പിന്‍റെ മണം ചോദിക്കുന്നു.

2008 നവംബർ 7, വെള്ളിയാഴ്‌ച

സുന്ദരമനസ്സ്‌


http://www.math.ethz.ch/~hjfurrer/holidays/HongKong/
സൈനൂന്‌ പില്സ്‌ കഴിക്കണ്ടാ.

മമ്മി വായില്‌ പില്ല്‌ ഇട്ടുതന്നിട്ട്‌ വെള്ളം തരണതിനു മുന്പ്‌ സൈനു അതു നാക്കിനടിയിലാക്കും. ഭയങ്കര കൈപ്പാണ്‌. ഓക്കാനം വരും. എന്നാലും വെള്ളം കുടിക്കുമ്പോ വിഴുങ്ങിപ്പോവില്ല. ഓടിപ്പോയി ടോയിലെറ്റ്‌ ബൌളിലേയ്ക്കു തുപ്പും. എന്നിട്ട്‌ മമ്മി കാണുന്നതിനു മുന്നേ ഫ്ളഷ്‌ ചെയ്യും.

എത്ര നാളാച്ചാ ശ്രീജീനെ കാണാണ്ടിരിക്ക്യാ.

കബോഡിനു താഴെയുള്ള ഗ്യാപ്പില്‌ സൈനു സ്പൈഡറിനെ വളര്‍ത്തണുണ്ട്‌. ബുക്സ്‌ ഒക്കെ വെച്ച്‌ മറച്ചു വെച്ചിരിക്ക്യാ. ആ അമ്മിണിക്ക്‌ അതു മനസ്സിലായിട്ടുണ്ടെന്നാ തോന്നണത്‌. ഇനി ഹന്‍ഡ്രെഡ്‌ ആന്‍ഡ്‌ ട്വെന്റിഫൈവ്‌ സ്പൈഡെറും കൂടി വേണം. ശ്രീജി പറഞ്ഞിട്ടുണ്ട്‌ റ്റു തൌസന്‍റു്‌ എണ്ണം വേണം ന്ന്‌. അമ്മിണി വന്ന്‌ കണ്ടുപിടിക്കാണ്ടിരുന്നാ മതിയായിരുന്നു.

ഫോര്‍ ഡേയ്സായി ശ്രീജി വന്നിട്ട്‌. സൈനു സ്കൂളീന്നു വന്നാല്‍ ഹോം വര്‍ക്കൊക്കെ പെട്ടെന്നു ഫിനിഷ്‌ ചെയ്തിട്ട്‌ റൂമിന്‍റെ വിന്‍ഡോയിലൂടെ താഴേയ്ക്കു നോക്കി നില്‍ക്കും. അതിലെയാണ്‌ ശ്രീജി സാധാരണ വരാറു്‌. ഫ്ളാറ്റിലാരുമില്ലെങ്കില്‌ ഫ്രണ്ട്‌ ഡോറിലൂടെയും വരും.

ഉറുമ്പു മനുഷ്യരു്‌ അരിച്ചരിച്ചു പോകുന്നുണ്ട്‌ റോഡിലൂടെ. ത്രീ തൌസന്‍റു്‌ വരെ സൈനു എണ്ണീട്ടുണ്ട്‌ ഒരു ദിവസം. ആ അമ്മിണി വന്ന്‌ എണ്ണം തെറ്റിച്ചില്ലായിരുന്നെങ്കില്‌ കറക്ടായിട്ട്‌ അറിയാമായിരുന്നു. ഒരു ദിവസം മുഴുവന്‍ നോക്കിയിട്ടാണ്‌ വൈറ്റ്‌ ഷര്‍ട്ടിട്ടവരൊക്കെ ലെഫ്റ്റില്‍ നിന്ന്‌ റൈറ്റിലേക്കാണു പോകുന്നതെന്നു മനസ്സിലായത്‌. വേറെ കളറില്‌ ഡ്രെസ്‌ ചെയ്തവരു്‌ രണ്ടു സൈഡിലേയ്ക്കും പോകും.

പക്ഷേ ശ്രീജി നേരെ ആണു വരുക. രേണൂന്‍റെം വിനയ്ടേം ഫ്ലാറ്റിന്‍റെ നടുവിലൂടെ നടന്നു വന്ന്‌ സൈനൂന്‍റെ ഫ്ളാറ്റിന്‍റെ അടുത്തെത്തും. വാച്മാന്‍ അവിടെ ഇല്ലങ്കില്‌ ശ്രീജി നേരെ ഇങ്ങു കയറിപ്പോരും. അല്ലെങ്കില്‌ അയാളിരിക്കണ ക്യാബിന്‍റെ ചോട്ടില്‌ അയാള്‌ മാറുന്നതുവരെ ഒളിച്ചിരിക്കും.

കഴിഞ്ഞകൊല്ലം മമ്മീടെ വീട്ടില്‍ പോയപ്പോഴാണ്‌ ശ്രീജീനെ പരിചയപ്പെട്ടത്‌. ശ്രീജി ഒരു മുണ്ടാണ്‌ ഉടുക്കുക. മുട്ടിനു താഴെ നീളമേ ഉള്ളൂ മുണ്ടിന്‌. എപ്പോഴും ഡേര്‍ട്ടി ആയിരിക്കും. മണ്ണില്‌ കളിക്കണതുകൊണ്ടാണത്രെ. സൈനൂന്‌ മണ്ണില്‌ കളിക്കണത്‌ ഇഷ്ടമല്ല. ഡേര്‍ട്ടിയാവും. ശ്രീജിയുടെ കൂടെ മണ്ണില്‍ കളിച്ചതിന്‌ മമ്മിയുടെ കയ്യില്‍ നിന്ന്‌ കിട്ടിയ തല്ലിന്‌ കണക്കില്ല. ശ്രീജിയെ ചീത്തപറഞ്ഞ്‌ ഓടിച്ചു വിടുകയും ചെയ്തു. പാവം ശ്രീജി. പിന്നെ മമ്മിയുള്ളപ്പോ വരാറില്ല.

രേണൂനേം വിനയ്നേം സൈനൂനിഷ്ടമല്ല. വീക്കെന്‍റ്സില്‌ ചിലപ്പോ അവരു്‌ സൈനൂന്റെ ഫ്ളാറ്റില്‌ വരും. രേണു എപ്പോഴും കമ്പ്യൂട്ടറില്‌ ഗെയിം കളിക്കണ കാര്യം പറയും. വിനയ്‌നാണെങ്കില്‌ സൈനൂന്‍റെ ടോയ്സിലാണ്‌ നോട്ടം. വിനയ്‌ വരണുണ്ടെന്നു പറയണ കേട്ടാന്‍ സൈനു ടോയ്സൊക്കെ കബ്ബോഡിനടിയില്‌ ഒളിപ്പിക്കും. അല്ലെങ്കില്‌ ഒരെണ്ണം ബാക്കിയുണ്ടാവില്ല. ശ്രീജിക്കു കൊടുക്കാന്‍ വച്ചിരുന്ന ഹാന്‍ഡില്‌ മുറിഞ്ഞുപോയ വല്യ സ്പൂണ്‌ കഴിഞ്ഞതവണ അവന്‍ കൈക്കലാക്കി. സൈനു കുറേ കരഞ്ഞു ബഹളമുണ്ടാക്കി നോക്കി. അപ്പോ മമ്മി വഴക്കു പറഞ്ഞു. ഷെയറു്‌ ചെയ്യണത്രെ.

പാവം ശ്രീജി. ശ്രീജിടെ വീട്ടില്‌ ടോയ്സൊന്നും ഇല്ല. ശ്രീജിയ്ക്കും വേറെ ഫ്രന്‍റ്സൊന്നും ഇല്ലെന്ന്‌ ശ്രീജി പറഞ്ഞിട്ടുണ്ട്‌. അതോണ്ടാണ്‌ സൈനൂനെ കാണാന്‍ ഇത്രേം ദൂരത്ത്‌ന്ന്‌ ശ്രീജി എന്നും വരണത്‌. പില്‍സ്‌ കഴിച്ചാല്‌ ശ്രീജി വരില്ലാത്രെ. ആദ്യം വിശ്വാസം ണ്ടായില്ല സൈനൂന്‌. അതോണ്ടാ സമ്മതിച്ചെ. പക്ഷെ ഇപ്പോ കൃത്യം ഫോര്‍ഡേയ്സായി ശ്രീജി വന്നിട്ട്‌. ഇന്നലേം ഇന്നും പില്ല്‌ ടോയ്ലെറ്റ്‌ ബൌളില്‌ തുപ്പിക്കളഞ്ഞു. ഇന്നു വരുമായിരിക്കും.

ഇത്തവണേം സ്പൈഡറു്‌ പറ്റിച്ചു. ആകെ ഫോര്‍ട്ടി ഫൈവ്‌ സ്പൈഡര്‍കുഞ്ഞുങ്ങളേയുള്ളൂ. ഇനി എയ്റ്റി എണ്ണം കൂടി വേണം. സൈനൂന്‌ സങ്കടം വരണുണ്ട്‌.

റ്റു തൌസന്‍റു്‌ സ്പൈഡറു്‌ വേണംന്നാ ശ്രീജി പറഞ്ഞത്‌. തലയില്‌ ഇത്തിരി ബ്ളൂ കളറുള്ള സ്പൈഡറു്‌ തന്നെ വേണം. യെല്ലോ സ്പൈഡറിന്‌ പവറില്ലാത്രെ. ഓരോന്നിനേം പിടിച്ച്‌ തല വേര്‍ പെടുത്തണം. സ്പൈഡറു്‌ പെടയ്ക്കില്ല. പക്ഷെ അതിന്‍റെ തലയില്‌ നിന്ന്‌ ബോഡിയിലേയ്ക്ക്‌ ഒരു നൂലു നീണ്ടു വരും. വലിച്ചാലും വലിച്ചാലും അതു പൊട്ടില്ല. ആ നൂലിലാണ്‌ അതിന്‍റെ ജീവന്‍ എന്നാണ്‌ ശ്രീജി പറയുന്നത്‌. ആ നൂലു പൊട്ടിയാലേ അതു മരിക്കൂത്രെ. വിഴുങ്ങുന്നതിനു മുന്‍പ്‌ നൂലു പൊട്ടിപ്പോയാപ്പിന്നെ അതു കൌണ്ടു ചെയ്യാന്‍ പറ്റില്ല. വിഴുങ്ങിക്കഴിയുമ്പോ നൂലു താനെ പൊട്ടും.

കയ്യിലെ ഉള്‍ഭാഗം ചൊറിയണുണ്ട്‌ സൈനൂന്‌. ശ്രീജി പറഞ്ഞിട്ടുണ്ട്‌ അങ്ങനെ ഉണ്ടാവും ന്ന്‌. എന്നിട്ട്‌ സ്കിന്‍ മാറി അവിടെന്ന്‌ വെബ്ബ്‌ വരണ ഗ്ളാന്‍റു്‌ പുറത്തു വരും. ശ്രീജി ഒരിക്കല്‌ തൊട്ടു നോക്കാന്‍ സമ്മതിച്ചിരുന്നു.

കയ്യില്‌ ചൊറിയണ കണ്ടിട്ട്‌ മമ്മി ഒരു ക്രീം വാങ്ങിത്തന്നിട്ടുണ്ട്‌. എത്ര ചൊറിഞ്ഞാലും സൈനു അതു പുരട്ടില്ല. വണ്‍തൌസന്‍റു്‌ എയിറ്റ്‌ഹണ്‍ഡ്രഡ്‌ ആന്‍ഡ്‌ ഫിഫ്റ്റി-ഫൈവ്‌ സ്പൈഡറിന്‍റെ പവറാണിപ്പോള്‍ ഉള്ളത്‌. സൈനൂന്‍റെ ഏജില്‌ പവറു മുഴുവന്‍ കിട്ടണമെങ്കില്‌ റ്റൂ തൌസന്‍റു്‌ എണ്ണം വേണം.

കബോര്‍ഡിനു താഴേന്ന്‌ ഒരു അനക്കം കേക്കണുണ്ട്‌. ഇനി ശ്രീജി മുന്നിലൂടെ വന്നു കാണുമോ? അല്ല. അമ്മ സ്പൈഡറു്‌ പുറത്തു കടക്കാന്‍ നോക്കുവാ. ചിലപ്പോള്‍ അമ്മ സ്പൈഡറു തന്നെ പവറു കൂട്ടാന്‍ വേണ്ടി കുഞ്ഞുങ്ങളെ തിന്നു കളയും എന്നു ശ്രീജി പറഞ്ഞിട്ടുണ്ട്‌. എന്നും എണ്ണിനോക്കണം.

സൈനു വീണ്ടും വിന്‍ഡൊവിനടുത്തെത്തി. ഉറുമ്പു മനുഷ്യരു്‌ റോഡിലൂടെ തിരക്കിട്ട്‌ പൊയ്ക്കൊണ്ടിരിക്കുന്നു. വൈറ്റ്‌ ഷര്‍ട്ടിട്ട്‌ ലെഫ്റ്റിലേയ്ക്കു പോകുന്ന ഒരാള്‌ മുകളിലേയ്ക്കു നോക്കി കൈ വീശുന്നുണ്ട്‌. സൈനൂനെ ആയിരിക്കില്ല. സൈനു വിന്‍ഡോയിലൂടെ താഴേയ്ക്ക്‌ തുപ്പി. തുപ്പല്‌ കുറേ നേരം നേരെ താഴേയ്ക്കു പോയി പിന്നെ സുമത്യാന്‍റീടെ ഫ്ളാറ്റില്‌ ചെന്നിടിച്ചു.

അതാ ശ്രീജി വരണുണ്ട്‌! വാച്മാനെ പറ്റിച്ച്‌ സൈനൂന്‍റെ വിന്‍ഡോവിന്‍റെ നേരെ താഴെ വന്നിട്ടുണ്ട്‌. എന്നിട്ട്‌ ശബ്ദമൊന്നുമുണ്ടാക്കാതെ വാളിലൂടെ കയറി വരുന്നുണ്ട്‌. എന്തു ഫാസ്റ്റാണീ ശ്രീജി!

ഇത്രേം ദിവസം എവിടെ ആരുന്നു?

2008 ഒക്‌ടോബർ 28, ചൊവ്വാഴ്ച

പുഴയൊഴുക്കിക്കളഞ്ഞത്‌


പള്ളനെറഞ്ഞ പനങ്കള്ള്‌ രാഘവേട്ടനെക്കൊണ്ട്‌ ഒരു പെശക്‌ പാട്ടാണ്‌ പാടിപ്പിച്ചത്‌. രണ്ടു വരി അബദ്ധത്തിലാണെങ്കിലും മുറുക്കാന്‍ കുത്തിനിറച്ച കടവായിലൂടെ ഒലിച്ചിറങ്ങിയപ്പോള്‍ രാഘവേട്ടനൊന്നു ചൂളി. ആരേലും കേക്കുന്നുണ്ടോന്നു ചുറ്റുമൊന്നു പരതി.

ആരു കേള്‍ക്കാന്‍! നാലുപുറവും കൊയ്ത്തുകഴിഞ്ഞ പാടം പായ നീര്‍ത്തി കൂര്‍ക്കം വലിച്ചുറങ്ങുന്നു. മിന്നാമ്മിന്നികളും ചീവീടുകളും മാത്രം തങ്ങളുടെ നൈറ്റ്‌ഡ്യൂട്ടിയെ ശപിച്ച്‌ ജോലിയില്‍ വ്യാപൃതരായിരിക്കുന്നു. മാനത്താണെങ്കില്‌ ചന്ദ്രനും അഞ്ചാറു്‌ നക്ഷത്രങ്ങളും മാത്രം. അവടവിടെയായി അഞ്ചാറു്‌ മേഘങ്ങളും.

ഒരു ഇളിഭ്യച്ചിരി ചിരിച്ച്‌ രാഘവേട്ടന്‍ പാട്ടിന്‍റെ ബാക്കി മൂളാന്‍ തുടങ്ങി. ഓരോ ഈരടിയും കഴിഞ്ഞുള്ള നിറുത്തില്‌ ചൂണ്ടാണിവിരലുകൂട്ടിപ്പിടിച്ച്‌ മുറുക്കാന്‍ വെള്ളം ചീറ്റിത്തെറിപ്പിച്ചു. പെശക്‌ പാട്ടിന്‍റെ നിഗൂഢാര്‍ത്ഥങ്ങളോര്‍ത്ത്‌ കുലുങ്ങിച്ചിരിച്ചു.

പുഴ, നിലാവില്‌ സുന്ദരി ചമഞ്ഞു കിടന്നു. മുറുക്കാന്‍ തുപ്പിക്കളഞ്ഞ്‌, ഉടുമുണ്ട്‌ പറിച്ച്‌ പൊന്തക്കാട്ടിനു മേലേക്കെറിഞ്ഞ്‌, രാഘവേട്ടന്‍ അവളിലേയ്ക്കൂളിയിട്ടു. ഒന്നു മുങ്ങി നിവര്‍ന്ന്‌, അവളുടെ ഗാഢാലിംഗനത്തിനെ വിടുവിച്ച്‌, നിന്നു കിതച്ചു. മുറുക്കാന്‍ കറ കടന്ന്‌ ഒരു പ്രണയഗാനത്തിന്‍റെ വരികളുതിര്‍ന്നു. കൈകള്‍ വിടര്‍ത്തി താളത്തില്‌ വെള്ളം ചെപ്പിത്തെറിപ്പിച്ചു.

ഒന്നുകൂടി മുങ്ങി നിവര്‍ന്നത്‌ ഒരു ആശ്ചര്യത്തിലേയ്ക്കായിരുന്നു. അടിവയറില്‌ ഉമ്മവച്ചുകൊണ്ടിരുന്ന പുഴ കൂടി നിശ്ചലയായി. ധൈര്യവാനെന്ന്‌ പേരെടുത്തു പോയതുകൊണ്ട്‌ തികട്ടിവന്ന അലര്‍ച്ചയെ കടിച്ചമര്‍ത്തി. വായില്‍കൊണ്ടിരുന്ന പുഴവെള്ളത്തെ കുടിച്ചിറക്കി വരണ്ടുപോയ തൊണ്ടയെ ഉണര്‍ത്തി.

"ഹാരാ...?"

കടവില്‌ വെളുത്തേടന്മാരു്‌ ഉപേക്ഷിച്ചുപോയ ഒരു അലക്കുകല്ലില്‌ കുന്തിച്ചിരിക്കുന്നു, ഒരു സ്ത്രീ രൂപം. മുങ്ങിച്ചത്ത വയറ്റുകണ്ണി മീനാക്ഷിയേടത്തി. വിളറിയ വെളുപ്പ്‌. നിറവയറു്‌. നീല കണ്ണുകള്‌. നനഞ്ഞു കുതിര്‍ന്ന മുണ്ടും നേര്യതും.

പരലുകൊത്തിത്തിന്ന നാക്കിന്‍റെ ബാക്കി പകുതി പുറത്ത്‌ കാണിച്ച്‌ മീനാക്ഷിയേടത്തി ശബ്ദമില്ലാതെ ചിരിച്ചു. പൊന്തക്കാട്ടിലെ ചീവീടുകള്‌ രാഘവേട്ടന്‍റെ കടുക്കനിട്ട ചെവിയില്‌ അതേറ്റുപറഞ്ഞു.

"ഹെനിക്ക്‌.. പെറണം.."

അല്‍പ്പനേരത്തെ അന്ധാളിപ്പ്‌ മാറിയപ്പോള്‍ രാഘവേട്ടന്‍ കടവിനെതിരേ തിരിഞ്ഞു നിന്നു. നെഞ്ഞുനിറച്ചു ശ്വാസം പിടിച്ച്‌ ഒന്നുകൂടി മുങ്ങി. രാഘവേട്ടനും ഒരു മേഘക്കീറിലേയ്ക്കു മുഖം മറച്ച്‌ ചന്ദ്രനും പണിഞ്ഞുകൊടുത്ത സ്വകാര്യതയില്‍ മീനാക്ഷിയേടത്തി ആഗ്രഹങ്ങളൊന്നും ബാക്കിവയ്ക്കാതെ, മുക്രയിട്ടു പെറ്റു.

പുഴയുടെ മടിയില്‌ കണ്ണടച്ച്‌ കിടന്ന്‌ രാഘവേട്ടന്‍ പ്രേമഗാനത്തിന്‍റെ ബാക്കി നീട്ടിപ്പാടി. വേളികഴിഞ്ഞ്‌ അറയില്‍ കയറിയ ഭാഗമെത്തിയപ്പോഴേയ്ക്കും പുഴ അടിവയറ്റില്‌ ഇക്കിളിയിട്ട്‌ ചിരിച്ചു. രാഘവേട്ടനെ ഒന്നു കൂടെ വട്ടം പിടിച്ചു. അവളുടെ ചുംബനത്തില്‌ ശ്വാസം മുട്ടാറായപ്പോഴേയ്ക്ക്‌ പിടി വിടുവിച്ച്‌ മുകളിലേയ്ക്കു പൊന്തി.

കടവത്ത്‌ അലക്കുകല്ലിന്‍റെ മീതെയിരുന്ന്‌ ചാപ്പിള്ളയുടെ തുറക്കാത്ത വായിലേയ്ക്ക്‌ മുലക്കണ്ണ്‌ കുത്തിച്ചീരുകയായിരുന്നു മീനാക്ഷിയേടത്തി. മുലകുടിക്കാന്‍ കൂട്ടാക്കാത്ത 'തല്ലുകൊള്ളായ്കയെ' പതം പറഞ്ഞ്‌, അതിനെ ഉറക്കാനെന്ന വണ്ണം ചന്തിക്ക്‌ പതുക്കെ തട്ടിക്കൊണ്ടിരുന്നു.

"ഞ്ഞിപ്പം ഒരെറക്ക്‌ ചാരായം എവിടെന്ന്‌ കിട്ടും?" ന്ന്‌ തലപൊകച്ച്‌, പെട്ടെന്നു കരയ്ക്കു കയറി ഉടുമുണ്ടെടുത്ത്‌ അരയ്ക്കു ചുറ്റി ധിറുതിയില്‍ നടക്കാന്‍ തുടങ്ങി ധൈര്യവാന്‍ രാഘവേട്ടന്‍. പൂര്‍ത്തിയാവാത്തൊരു സുരതത്തിന്‍റെ വിങ്ങലില്‌ പുഴ കിതച്ചു. ദേഷ്യം പൂണ്ട്‌ മീനാക്ഷിയേടത്തിയെ ഒന്നുകൂടി തന്നിലേയ്ക്ക്‌ വലിച്ചാഴ്ത്തി.

പിറ്റേന്ന്‌ കാലത്തേ അലക്കാനെത്തിയ വെളുത്തേടത്തികള്‌ കടവില്‌ മുറുക്കിത്തുപ്പിയതും മഞ്ഞവെള്ളവും കണ്ട്‌, "ഇന്നലേം കമത്ത്യോ ആ എമ്പോക്കി രാഹവന്‍.." ന്ന്‌ കാര്‍ക്കിച്ചു തുപ്പി. പുഴയില്‍ നിന്ന്‌ വെള്ളം കോരിയൊഴിച്ച്‌ പടവു വൃത്തിയാക്കി.

പുഴയില്‍ മലര്‍ന്നു കിടന്ന്‌ ചാപ്പിള്ളയെ നെഞ്ഞത്തു കിടത്തി നീന്തല്‌ പഠിപ്പിക്കുകയായിരുന്ന മീനാക്ഷിയേടത്തിയ്ക്കു പനങ്കള്ള്‌ മണത്തു. ബ്രാണ്ടി മണമുള്ള ഗോവിന്ദവാര്യരുടെ ശരീരത്തില്‌ രാഘവേട്ടന്‍റെ മുഖം വരച്ചു ചേര്‍ത്ത്‌ കുഞ്ഞിനോട്‌ 'അച്ച' എന്നു ചൂണ്ടിക്കാണിച്ചു. പുഴയ്ക്ക്‌ ദേഷ്യം വന്നു. ചെമ്മണ്ണു കലക്കി കണ്ണുചുവപ്പിച്ച്‌, ഓളം വെട്ടിച്ച്‌ അവളതു മായ്ച്ചു കളഞ്ഞു. പിന്നെ പടിഞ്ഞാറോട്ട്‌ കുളിച്ചൊരുങ്ങാന്‍ പോയി.

2008 ഒക്‌ടോബർ 24, വെള്ളിയാഴ്‌ച

മരണത്തിനപ്പുറം


courtesy: http://www.billbuxton.com/multitouchOverview.html
മഴപെയ്യുന്ന രാത്രികളില്‌
മിന്നല്‍ വെളിച്ചത്തില്‌ മാത്രമേ
മരണത്തിനപ്പുറത്തുള്ളവരെ കാണാന്‍ പറ്റൂ

ഒരു മിന്നലില്‍ കണ്ടിടത്തല്ല
അടുത്ത മിന്നലില്‍ കാണുക
ഒരു മിന്നലില്‍ കണ്ടതിനെയല്ല
അടുത്ത മിന്നലില്‍ കാണുക

മഴനനഞ്ഞു കുതിര്‍ന്ന
വിരല്‍ത്തുമ്പുകൊണ്ട്‌
അവര്‍ നമ്മെ
സ്പര്‍ശിക്കാന്‍ ശ്രമിക്കും

മരണത്തിന്‍റെ നേര്‍മ്മയോളം
അടുക്കുമ്പോഴേയ്ക്കും
മിന്നലവസാനിച്ചിട്ടുണ്ടാവും

മരണത്തോളം അടുത്തുവന്ന്‌
ജീവിതത്തോളം അകലത്തായിപ്പോകും,
മിന്നല്‍ വേഗത്തില്‍.

മരിച്ചവര്‍ ജീവിക്കുന്നവരെ
സ്നേഹിക്കുന്നതുകൊണ്ടാകണം
മിന്നലിന് ദൈര്‍ഘ്യമിത്ര കുറഞ്ഞുപോയത്‌

അല്ലായിരുന്നെങ്കില്‍ മരണത്തിന്‍റെ പാലത്തിലൂടെ
നമ്മളെത്ര യാത്ര നടത്തിയേനേ..
അറിയണമെന്നാഗ്രഹിക്കാത്ത
വിചിത്രമായൊരിഷ്ടം
മരണത്തോടില്ലാതെ പോയേനേ..

2008 സെപ്റ്റംബർ 7, ഞായറാഴ്‌ച

'പ്രണയത്തിന്‍റെ വ്യാകരണം'


http://www.democraticunderground.com/discuss/duboard.php?az=view_all&address=132x6012993
വടക്കുമ്പാട്ടെ ഇടവഴി മൂന്നുതവണ വളഞ്ഞു നൂരുമ്പൊഴേയ്ക്കും നീ ഒറ്റയ്ക്ക്‌ എന്‍റെ മുന്നില്‍ വന്നു പെടും.

നിന്‍റെ കൂട്ടുകാരികളൊക്കെ അതിനുമുന്നേ വഴിപിരിഞ്ഞു അവരവരുടെ വീടുകളിലേയ്ക്കു കയറിപ്പോയിട്ടുണ്ടാവും. മാറത്ത്‌ ചേര്‍ത്തുപിടിച്ച നോട്ടുബുക്കുകളും ഇടത്തേക്കൈയില്‍ ഇത്തിരി പൊക്കിപ്പിടിച്ച പാവാടത്തുമ്പും നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പില്‍ അലിഞ്ഞുതുടങ്ങിയ ചന്ദനക്കുറിയും.. അല്ലെങ്കില്‍ത്തന്നെ എത്രപ്രാവശ്യം നിന്നെ ഇതേ വളവില്‍, ഈ മുറ്റിമുല്ലയുടെ മറവില്‍ ഇതുപോലെ നോക്കി നിന്നിരിക്കുന്നു! കുപ്പായത്തിന്‍റെ നിറവും പുസ്തകങ്ങളുടെ പൊതിയും മാത്രം മാറും. നിന്‍റെ വിയര്‍പ്പിന്‍റെ മണവും, കൂട്ടുകാരികള്‍ കൂടെയില്ലാതെ വിജനമായ ഈ ഇടവഴി താണ്ടുന്നതിന്‍റെ ഇത്തിരി പരിഭ്രമവും, മൂന്നു മണികള്‍ കൊഴിഞ്ഞുപോയ ഇടത്തേ വെള്ളിക്കൊലുസിന്‍റെ കുണുങ്ങിച്ചിരിയും, എല്ലാം എന്നും ഒരുപോലെ.

നിനക്കറിയാമോ, കഴിഞ്ഞയാഴ്ച നീ രണ്ടു ദിവസം ഈ വഴി പോകാതിരുന്നിട്ടുകൂടി നിന്‍റെ മണവും കൊലുസിന്‍റെ നനുത്ത ചിലമ്പലും ഇവിടെയുണ്ടായിരുന്നു. രണ്ടു ദിവസം നിന്നെക്കാണാതെ എങ്ങനെ ശ്വാസം കഴിക്കുമെന്നു എനിക്കാലോചിക്കണ്ടി വന്നതേയില്ല! ഇവിടെയീ കുറ്റിമുല്ലയുടെ ചോട്ടില്‍ പടിഞ്ഞിരുന്ന്‌ ഒന്നു മൂക്കു വട്ടം പിടിച്ചാല്‍ എപ്പോവേണമെങ്കിലും നിന്‍റെ മണമെനിക്കു കിട്ടും. കണ്ണടച്ചിരുന്നാല്‍ മുന്നില്‍ നിന്‍റെ പാവാടയുലയും.

നീ സുന്ദരിയാണെന്നും നാട്ടിലെ ആണുങ്ങളെല്ലാം നിന്നെക്കാണുമ്പോള്‍ വെള്ളമിറക്കുന്നുണ്ടെന്നും പ്രാഞ്ചിത്തള്ള പൈപ്പിന്‍റെ ചോട്ടില്‍ ചവച്ചു തുപ്പുന്നതു കേട്ടു. നീയെങ്ങനെയാ സുന്ദരിയായത്‌? സ്ത്രീസൌന്ദര്യത്തിന്‍റെ വ്യാകരണം ചമച്ചതാരാണ്‌? പൊളിച്ച കുമ്പളങ്ങാപോലെ വെളുത്തിരിക്കുന്നതാണോ സൌന്ദര്യം? മുട്ടിനൊപ്പം മുടിയും പട്ടുപാവാടയിലും ബ്ലൌസിലുമൊതുങ്ങാത്ത ശരീരവുമാണോ സൌന്ദര്യം? നീ സുന്ദരിയാവണ്ട.

മുട്ടോളം നീണ്ടമുടിയും കൂമ്പിയ താമരക്കണ്ണുകളുമില്ലാതെയും നീ സുന്ദരിയാണ്‌. മാംസമുരുകിയൊലിച്ചിറങ്ങി, കണ്ണുകളുടെ സ്ഥാനത്ത്‌ രണ്ടു കുഴികള്‍ മാത്രമായി, ചുവന്നു തുടുത്ത ചുണ്ടുകള്‍ അടര്‍ന്നുമാറി വെളുത്ത മുല്ലമൊട്ടുകള്‍ പുറത്തേയ്ക്കു തലനീട്ടി, മുടിയത്രയും കൊഴിഞ്ഞ്‌... എന്നാലും നീ സുന്ദരിയായിരിക്കും. നിന്‍റെ അടര്‍ന്നു തൂങ്ങിയ ചുണ്ടുകളില്‍ ഇതേ പാരവശ്യത്തോടെ അമര്‍ത്തിയമര്‍ത്തി ചുംബിക്കാനെനിക്കു കഴിയും. കണ്‍കുഴികളില്‍ നിന്നൂറിയെത്തുന്ന ഉപ്പുദ്രാവകത്തെ നക്കിയെടുത്ത്‌ നുണച്ചിറക്കി അതിനു മധുരമുണ്ടെന്നു ഭാവിക്കാനും, മാംസമുരുകിയ നിന്‍റെ കവിളുകള്‍ എന്‍റെ മുഖത്തെ കുറ്റിരോമങ്ങളിലുരസി ഇക്കിളിപ്പെടുത്താനും കഴിയും. എനിക്ക്‌.. എനിക്കു മാത്രമേ നിന്‍റെ സൌന്ദര്യം കാണാന്‍ കഴിയൂ.

തട്ടാന്‍ ഗോപാലനോട്‌ ഇരന്നു വാങ്ങിയതാണ്‌ ഈ മഷിക്കുപ്പിയിലെ ആസിഡ്‌. ഒട്ടും വേദനിക്കില്ല നിനക്ക്‌. വേദനിക്കാന്‍ തലച്ചോറിനോടു പറയാന്‍ കഴിയുന്നതിനു മുന്പേ ഞരമ്പുകളൊക്കെ കരിഞ്ഞുപോകും. ഒരു നിമിഷം. ഒരേ ഒരു നിമിഷം മാത്രമേ വേണ്ടൂ. എനിക്കു മാത്രം കാണാന്‍ അര്‍ഹതപ്പെട്ട നിന്‍റെ സൌന്ദര്യം എന്‍റേതു മാത്രമാവാന്‍.

പ്രതീക്ഷിക്കാതെ ഇടവഴിയുടെ ഈ വളവില്‍ എന്നെക്കാണുമ്പോള്‍ നീ ഒന്നു ഞെട്ടും, എനിക്കറിയാം. ഒന്നു ചിരിക്കുമായിരിക്കും. നിന്‍റെ ചിരിയുടെ ഇടത്തേയറ്റത്തു നിന്ന്‌ പതുക്കെ തല വെളിയില്‍ കാണിക്കുന്ന സ്ഥാനം തെറ്റിയ കുഞ്ഞിപ്പല്ലിനുപോലും എന്നെ അറിയാം. ഫോട്ടോഫ്ളാഷില്‍ പതിഞ്ഞുപോകുന്ന ഒരു നിമിഷത്തെപ്പോലെ നിന്‍റെ ചിരിയും മുഖവും എന്‍റെ മനസ്സിലൊട്ടിച്ചുവച്ച ഒരു ചിത്രം മാത്രമായിത്തീരും. മാംസമടര്‍ന്നുപോയ വൈരൂപ്യത്തില്‍ നിന്ന്‌ എനിക്കു മാത്രം വായിച്ചെടുക്കാനാവുന്ന സൌന്ദര്യത്തിന്‍റെ പുതിയ വ്യാകരണം.

മൂന്നാമത്തെ വളവിനപ്പുറത്തുനിന്നും നിന്‍റെ പൊട്ടിച്ചിരിയും കൂട്ടുകാരിയുടെ യാത്ര പറച്ചിലും ഞാന്‍ കേള്‍ക്കുന്നുണ്ട്‌. അവളോടു കൈവീശിക്കാണിച്ച്‌, തീരാത്ത ഏതോ വിശേഷത്തിലെ തമാശച്ചിരി ചുണ്ടില്‍നിന്നൊഴുക്കി, വളവു തിരിഞ്ഞ്‌ നീ വരുന്നുണ്ട്‌. കൊലുസിന്‍റെ കിലുക്കം. വിയര്‍പ്പിന്‍റെ മണം. ഉലയുന്ന പട്ടുപാവാടയുടെ ശബ്ദം. നീ..

ഹെന്‍റെ സുന്ദരീ..!

2008 സെപ്റ്റംബർ 2, ചൊവ്വാഴ്ച

ഭാഗം


http://noorish.spaces.live.com/
സര്‍വ്വേക്കാരുടെ ചങ്ങലയിഴഞ്ഞുപോയ
മുറിപ്പാടിനിരുപുറവുമാണ്‌
നീ നിനക്കു വേണ്ടിയും
ഞാന്‍ എനിക്കുവേണ്ടിയുമായി മാത്രം
മണ്ണപ്പം ചുട്ടുതുടങ്ങിയത്‌.

പകുതി നിറച്ച്‌
നീ ചുടാനൊരുങ്ങിയ
രണ്ടു കുഞ്ഞ്‌ മണ്ണപ്പങ്ങള്‌
"അശ്രീകരങ്ങള്‌! എണീറ്റുപോ.."
എന്ന മുറിക്കിത്തുപ്പലില്‌
കണ്ണാഞ്ചിരട്ടയില്‍ത്തന്നെ
ചോരച്ച്‌ കിടപ്പായത്‌.

മുറിക്കിപ്പുറത്തെ പുളിയന്‍മാങ്ങ
നിനക്കില്ലെന്ന്‌ ഞാനും
അപ്പുറത്തെ പേരയ്ക്ക
"ഇച്ചിരി പുളിയ്ക്കും" എന്ന്‌ നീയും
തീര്‍ച്ചയാക്കിയത്‌.

ഒന്നിരുട്ടി വെളുത്തപ്പോഴേയ്ക്കും
മുളച്ചുപൊങ്ങിയ മതിലെങ്ങനെയാ
നിന്നെ മായ്ച്ചു കളഞ്ഞത്‌?

ആണ്ടോടാണ്ട്‌ മാങ്ങയെല്ലാം
പഴുത്ത്‌ വീണു ചീഞ്ഞുപോയിട്ടും,
കല്ലുകൊണ്ടു കോറിവച്ച
ക്ഷമാപണങ്ങളൊക്കെ
മതില്‍പ്പച്ച വിഴുങ്ങിയിട്ടും,
എന്തേ നിന്‍റെ 'ഉണ്ടാക്കിച്ചുമ' മാത്രം
ഇപ്പുറത്തേയ്ക്ക്‌ കേള്‍ക്കാതിരുന്നത്‌?

2008 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

കവിയുമായൊരു വിര്‍ച്വല്‍ അഭിമുഖം



വൈകിട്ടു പതിവുപോലെ ഒന്നു നാട്ടിലേയ്ക്കു വിളിച്ചതാണ്‌. അങ്ങേത്തലയ്ക്കല്‍ പരിചയമില്ലാത്തൊരു ശബ്ദം.

"മാഷിനെ വേണമെങ്കില്‍ മൊബൈലില്‍ വിളിക്കൂ.."

ങ്ഹേ! ഇതാരപ്പ? ഉടനെ അച്ഛനെ മൊബൈലില്‍ വിളിച്ചു.

"അതാരായിരുന്നു?"

"അതു കവി കുരീപ്പുഴ ശ്രീകുമാര്‍..!"

ഇപ്പോ ഉഗ്രനായിട്ടൊന്നു ഞെട്ടി. കവിതയും സംഗീതവും ഏഴയലത്തുകൂടെപ്പോലും പോയിട്ടില്ലാത്ത ഞങ്ങളുടെ വീട്ടില്‍.. ഇനി വഴിതെറ്റിയോ മറ്റോ വന്നു കയറിയതായിരിക്കുമോ?

"ഇവിടെ വൈ.എഫി.ന്‍റെ ഒരു മീറ്റിങ്ങിനു വന്നതാണ്‌.. നമ്മുടെ വീട്ടിലായിരുന്നു താമസം.."

അപ്പോ അതാണു സംഗതി. അല്ലാതെ നമ്മുടെ കാരണവര്‍ കവികളുമായി ഒരു ബന്ധവും അബദ്ധത്തില്‍ പോലും ഉണ്ടാക്കാന്‍ വഴിയില്ല.

സ്വാതന്ത്ര്യദിനം പ്രമാണിച്ച്‌ വൈ.എഫ്‌. 'സ്വാതന്ത്ര്യസംരക്ഷണം' എന്നോ മറ്റോ ഒരു പരിപാടി സംഘടിപ്പിച്ചിട്ടുണ്ടായിരുന്നത്രെ. അതിനു മുഖ്യാതിഥിയായി വന്നതാണ്‌.

കിട്ട്യ ചാന്‍സല്ലേ കവിയോടൊന്നു സംസാരിക്കാനൊക്കുമോന്നു അച്ഛനെ സോപ്പടിച്ചു നോക്കി. അരമണിക്കൂറു കഴിഞ്ഞു വിളിക്കാന്‍.

അരമണിക്കൂര്‍ കടിച്ചുപിടിച്ചു കാത്തിരുന്നു. റിങ്ങു ചെയ്തപ്പോള്‍ അങ്ങേത്തലയ്ക്ക്‌ ആ പരുപരുത്ത, എന്നാല്‍ പതുപതുത്ത ശബ്ദം!

സംസാരിക്കുമ്പോള്‍ ഒരു ജാടയുമില്ല! പച്ചമനുഷ്യന്‍. വളരെ പതുപതുത്ത സംസാരം. കാനഡയിലെ താമസത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചുമൊക്കെ ചോദിച്ചു. എന്നാണു നാട്ടിലെത്തുന്നതെന്നും നാട്ടിലെത്തുമ്പോള്‍ കോണ്ടാക്റ്റു ചെയ്യണമെന്നും പറഞ്ഞു.

ബ്ളോഗു വിശേഷങ്ങളെക്കുറിച്ചൊക്കെ ഞാനൊരു നീണ്ട പ്രഭാഷണം തന്നെ നടത്തി.

കൂഴൂരിനേയും വിഷ്ണുപ്രസാദ്‌ മാഷിനെയും എനിക്കു ബ്ളോഗുവഴി പരിചയമുണ്ടെന്നൊക്കെ തട്ടിവിട്ടു. ഷൊര്‍ണ്ണൂരിലെ കവി സംഗമത്തെക്കുറിച്ചൊക്കെ പറഞ്ഞു. കൂഴൂരിനെയും വിഷ്ണുമാഷെയും പറ്റി 'വളരെ ശക്തരായ കവികള്‍' എന്നാണദ്ദേഹം പറഞ്ഞത്‌.

ഇപ്പോള്‍ കൊല്ലത്താണു താമസം. തിരുവനന്തപുരത്ത്‌ വിദ്യാഭ്യാസ ഡയറക്റ്ററേറ്റില്‍ ജോലി.

നാട്ടില്‍ വന്നാല്‍ കോണ്ടാക്റ്റു ചെയ്യണമെന്നും ഫോണ്‍നമ്പര്‍ അച്ഛന്‍റെ കയ്യില്‍ കൊടുക്കാമെന്നും പറഞ്ഞു.

ജെസ്സിയുടെ കാവ്യകാരനുമായി നേരില്‍ സംസാരിക്കാന്‍ പറ്റിയത്‌ ഒരു ഭാഗ്യമായി കരുതുന്നു.

ദേ എന്‍റെ സന്തോഷം നിങ്ങളുമായി പങ്കു വയ്ക്കുന്നു. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ..!