മുഫീദ ഫയാദിലേയ്ക്ക് ബോര്‍ഡ് വച്ചിരുന്ന ഒരു ബസ്സിലേയ്ക്ക് കയറി. ഒരു പഴഞ്ചന്‍ ബസ്സായിരുന്നു അത്. സ്റ്റെപ്‌ബോര്‍ഡു പോലും 'ഇപ്പോ പൊളിയും' എന്ന മട്ടിലിരിക്കുന്നു. അവള്‍ കാലു വച്ചപ്പോള്‍ അതൊന്നുലഞ്ഞ് വികൃതമായൊരു ശബ്ദമുണ്ടാക്കി.
ഏഴു നിരയും ഏഴു സീറ്റും വിട്ട് എട്ടാമത്തെ സീറ്റില് ഇരുന്നു. പര്‍ദ്ദ പിടിച്ച് നേരെയിട്ടു. മോനുറങ്ങുകയായിരുന്നു. വായിത്തിരി തുറന്നിരിക്കുന്നു. മുഖത്തേയ്ക്കു വീണു കിടന്നിരുന്ന മുടിയിഴകള്‍ അവള്‍ ഒതുക്കി വച്ചു കൊടുത്തു. കുഞ്ഞ് ഉറക്കത്തില്‍ ചിരിച്ചു.
അല്ലാഹ്, നീ എന്തു കിനാവാണ് അവനെ കാട്ടിക്കൊടുക്കുന്നത്!
മുഫീദ അവനെ ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ ഒരു ഉമ്മ കൊടുത്തു. ഒന്നു് അലോസരപ്പെട്ട് ഉറക്കമുണരാതെ കുഞ്ഞിക്കൈകള്‍ കൊണ്ട് അവന്‍ അവളുടെ മുഖം തള്ളിമാറ്റി. പിന്നെ മാറിലേയ്ക്ക് അല്‍പം കൂടി പറ്റിക്കിടന്നു.
ബസ്സില്‍ അവളെക്കൂടാതെ വേറെ രണ്ടോ മൂന്നോ പേരേ ഉണ്ടായിരുന്നുള്ളൂ. ഒരു ചെമ്പന്‍താടിക്കാരനായിരുന്നു ഡ്രൈവര്‍. അയാള്‍ കയറി വന്ന് കണ്ണാടിക്കു താഴെ തൂക്കിയിട്ടിരുന്ന കാ്‌അബയുടെ ചിത്രത്തിനടിയില്‍ മുത്തി. സീറ്റിലിരുന്ന് വണ്ടി സ്റ്റാര്‍ട്ടാക്കാന്‍ ശ്രമിച്ചു തുടങ്ങി.
'എനിക്കിനി വയ്യെ'ന്ന് വയസ്സന്‍ എഞ്ജിന്‍ മുരണ്ടു. പുറകിലെ പുകക്കുഴലിലൂടെ അത് ദീര്‍ഘനിശ്വാസങ്ങളുതിര്‍ത്തു. മൂന്നു നാലു തവണ കഴിഞ്ഞപ്പോള്‍ അതിനു ജീവന്‍ വച്ചു. ഡ്രൈവര്‍ ഒന്നു ഇരപ്പിച്ചു. നഷ്ടപ്പെട്ടുപോയ യൌവ്വനം തിരികെപ്പിടിക്കാന്‍ ശ്രമിച്ച് ബസ്സ് കിതച്ചു.
പുറത്തെ മഞ്ഞില്‍ കലര്‍ന്ന് പുക മാഞ്ഞു പോകാതെ നിന്നു. ഡീസലിന്‍റെ മണം ബസ്സിനുള്ളിലേയ്ക്ക് അടിച്ചു കയറി. മുഫീദ പര്‍ദ്ദയുടെ ഒരറ്റമെടുത്ത് കുഞ്ഞിന്‍റെ മൂക്കു മൂടി, യാത്ര തുടങ്ങുന്നതിനുള്ള ദിക്‌റു് ചൊല്ലി.
മസസ്സില്ലാ മനസ്സോടെ ബസ്സ് ഉലഞ്ഞുലഞ്ഞ് നീങ്ങാന്‍ തുടങ്ങി. അതു കുലുങ്ങിയപ്പോള്‍ മോനുണര്‍ന്നു. ഉറക്കം വിടാതെ ചിണുങ്ങി.
"നോക്ക് മുത്തേ.. പൊറത്തേക്ക് നോക്ക്.. " പുറത്തെന്തോ കാണാനുണ്ടെന്നുള്ള ഭാവത്തില്‍ അവള്‍ വെറുതേ പുറത്തേയ്ക്ക് ചൂണ്ടിക്കാണിച്ചു. തരിശുഭൂമിയുടെ നരച്ച നിറം അവന്‍റെ കണ്ണിലേയ്ക്കടിച്ചു കയറി.
"മ്മക്ക് മാമാടെ അടുത്ത് പോകണ്ടേ?"
കുഞ്ഞു കരച്ചില്‍ നിര്‍ത്തിയില്ല.
മുഫീദ തിരിഞ്ഞു ചുറ്റും നോക്കി. അടുത്ത സീറ്റുകളിലൊന്നും ആരും ഇരിക്കുന്നില്ല. അവള്‍ പര്‍ദ്ദയുടെ മുന്‍ഭാഗത്തെ ബട്ടന്‍സുകളഴിച്ച് കുഞ്ഞിനു മുലകൊടുത്തു.
കരച്ചില് നിര്‍ത്തി അവന്‍ മുല വലിച്ചു കുടിച്ചു. മുഫീദ അവന്‍റെ തലയില്‍ തലോടിക്കൊണ്ട് ജനലിലൂടെ പുറത്തേയ്ക്കു നോക്കി.
മഞ്ഞ് കാഴചയെ അധിക ദൂരം കടത്തി വിടുന്നുണ്ടായിരുന്നില്ല. നോക്കെത്തുന്നിടമെല്ലാം നരച്ച മണ്ണ്. ജീവന്‍റെ ഒരു പച്ചപ്പുപോലുമില്ലാതെ അതു കാഴ്ചയുടെ അതിരുകളെ വിഴുങ്ങി പരന്നു കിടന്നു.
ബസ്സ് എവിടെയോ കിതച്ചു കിതച്ച് നിന്നു. രണ്ടു പട്ടാളക്കാര്‍ കയറി വന്നു. ഒരാള്‍ യാത്രക്കാരെ ഓരോരുത്തരെയായി മുഖത്തേയ്ക്കു ടോര്‍ച്ചടിച്ചു നോക്കി. മുഫീദ മുലകൊടുക്കുന്നത് കണ്ട് അയാളൊരു വഷളന്‍ ചിരി ചിരിച്ചു. കുഞ്ഞിന്‍റെ മുഖത്തേയ്ക്കെന്ന മട്ടില്‍ അയാള്‍ അവളുടെ മുലയിലേയ്ക്ക് ടോര്‍ച്ച് മിന്നിച്ചു.
അയാളുടെ മുഖത്തേയ്ക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നതല്ലാതെ അവള്‍ മാറു മറയ്ക്കാന്‍ മെനക്കെട്ടില്ല. സീറ്റിനടില്‍ വച്ചിരുന്ന അവളുടെ ബാഗില്‍ തോക്കിന്‍റെ പാത്തികൊണ്ട് ഒന്നു കുത്തി നോക്കി ബോദ്ധ്യപ്പെട്ട് അയാള്‍ സ്ഥലം വിട്ടു.
ബസ്സ് വീണ്ടും മുരണ്ടു തുടങ്ങി. കുഞ്ഞ് ശബ്ദം കേട്ടുണര്‍ന്നു. ഉറക്കം വിട്ട് അവന്‍ പുറത്തേയ്ക്കു നോക്കിക്കൊണ്ടിരുന്നു.
കാഴ്ചയുടെ നരപ്പ് വിട്ടു തുടങ്ങിയിരുന്നു. അവിടവിടെയായി ചില വീടുകളും കടകളും കണ്ടു തുടങ്ങി. ആണുങ്ങള്‍ ഹുക്കയും വലിച്ച് കയറ്റുകട്ടിലുകളില്‍ സൊറ പറഞ്ഞിരിക്കുന്നു. സ്ത്രീകള്‍ തുണിയുടുക്കാത്ത കുഞ്ഞുങ്ങളെ കുളിപ്പിക്കുന്നു. ആടുകളെ തീറ്റുന്നു.
ബസ്സ് തിരക്കിലേയ്ക്കാണു പാഞ്ഞു കൊണ്ടിരുന്നത്. ഓരോ നാഴിക കഴിയുംതോറൂം കാഴ്ചകള്‍ക്കു നിറവും ജീവനും വച്ചു. ബസ്സില്‍ തളം കെട്ടിയിരുന്ന നിശ്ശബ്ദതയൊഴിഞ്ഞുപോയി ചിരികളും കലപിലകളും കൊച്ചുവര്‍ത്തമാനങ്ങളും നിറഞ്ഞു.
മോന്‍ പുറത്തെ കാഴ്ചകള്‍ കണ്ണീമയ്ക്കാതെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ഇടയ്ക്ക് അല്‍ഭുതം പങ്കു വയ്ക്കാന്‍ അവന്‍ ഉമ്മയുടെ മുഖത്തേയ്ക്കു നോക്കും.
"മ്മള്ളെവിടേയ്ക്കാ മുത്തേ പോണദ്?"
തലകുലുക്കി താളത്തില്‍ അവള്‍ തന്നെ ഉത്തരവും പറയും.. "മാമാടെ അട്ത്തേയ്ക്ക്.. മാമാടെ.."
താഴത്തെ നിരയില്‍ പുതുതായി വന്ന രണ്ടു കുഞ്ഞരിപ്പല്ലുകള്‍ ചിരിക്കും. കണ്ണുകള്‍ അപ്പോഴും പുറത്തെ നിറങ്ങളെ ആര്‍ത്തിയോടെ വിഴുങ്ങുകയാവും.
ബസ്സ് പട്ടണത്തിലെ തിരക്കില് അലിഞ്ഞു തുടങ്ങിയിരുന്നു. ആകാശത്തെ ചുംബിച്ചു നില്‍ക്കുന്ന കെട്ടിടങ്ങളെ മുഫീദ പുറത്തേയ്ക്കു തലയിട്ടു നോക്കി. ബസ്സിന്‍റെ ജനല്‍ചതുരത്തില്‍ അവയുടെ കൂര്‍ത്ത മുഖങ്ങള്‍ പിടികൊടുക്കുന്നുണ്ടായിരുന്നില്ല.
ബസ്സ് ബസ്റ്റാന്‍ഡിനകത്തു കയറി കിതപ്പാറ്റി.
"ഫയാദ്.. ഫയാദ്.. ഇറങ്ങിക്കോളീ.. " ചെമ്പന്‍താടിക്കാരന്‍ ഡ്രൈവര്‍ തിരിഞ്ഞു നോക്കി വിളിച്ചു പറഞ്ഞു.
കുഞ്ഞിനെ വാരിപ്പിടിച്ച് മുഫീദ അപരിചിതത്വത്തിലേയ്ക്ക് ചവിട്ടുപടിയിറങ്ങി. മുന്നുനാലടി മുന്നോട്ടു നടന്നു.
"പെങ്ങളേ.. ദാ ങ്ങളെ ബാഗ്.. " സീറ്റിനടിയില്‍ മറന്നു വെച്ച ബാഗുമായി ഡ്രൈവര്‍ ഓടി വന്നു.
മുഫീദ അയാളുടെ കണ്ണിലേയ്ക്കു നോക്കി. ചുറ്റിലുമുള്ള അപരിചിതത്വമല്ലാത്ത എന്തോ ഒന്ന്.. ബാഗ് വാങ്ങി ഒന്നു ചിരിച്ചു.
തിരിഞ്ഞു നിന്ന് കുഞ്ഞിന്‍റെ കണ്ണിലേയ്ക്ക് നോക്കി.
"മാമാടെ അടുത്തു പോണ്ടേ.. ?" അവന്‍ തൊണ്ണുകാട്ടി ചിരിച്ചു. കാലിട്ടടിച്ചു.
മുഫീദ പര്‍ദ്ദയുടെ ബട്ടനുകള്‍ക്കിടയിലൂടെ കയ്യിട്ട് എന്തിലോ അമര്‍ത്തി.
ഫയാദ് ബസ്റ്റാന്‍റില്‍ ഒരു അഗ്നിപുഷ്പം വിരിഞ്ഞു.
2008, ഡിസംബർ 31, ബുധനാഴ്‌ച
അഗ്നിപുഷ്പം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
26 പ്രതികരണങ്ങള്‍:
അഭിപ്രായം ഇല്ലാതാക്കി
പുതുവര്‍ഷാശംസകള്‍ .
എഴുത്ത് നന്നായി...
ഒരല്‍പം കൂടെ മെച്ചപ്പെടുത്തിയാല്‍ ഇനിയും നല്ലതാക്കാം എന്നൊരു അഭിപ്രായം കൂടെ...
പതിവു പോലെ നല്ല ഒരു കഥ.പുതുവത്സരാശംസകൾ
എന്നാലും അതു വേണ്ടായിരുന്നു.
സര്‍വ ഐശ്വര്യങ്ങളും
ശാന്തിയും സമാധാനവും
ഇന്നും എന്നും എപ്പോഴും എല്ലാവര്‍ക്കും ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു..!!
ലോകാ സമസ്താ സുഖിനോ ഭവന്തു !
പുതുവര്‍ഷത്തില്‍ ആദ്യം വായിച്ച പോസ്റ്റ്,
ഒറ്റശ്വാസത്തില്‍ വായിച്ചു പോകുന്ന തരത്തില്‍ എഴുതിയ കഥ. ഒടുവില്‍ ചോദിക്കട്ടെ എന്നാലും എന്തിനു വേണ്ടീ?
അബലയും ചപലയും ആയ സ്ത്രീ ക്രൂര ആയാല്‍ അവള്‍ പുരുഷനെക്കാള്‍ പതിന്മടങ്ങ് ക്രൂര ആവും!
കെട്ടി നിന്ന മനസ്സില്‍ നിന്ന് ക്രൂരത മലവെള്ളം പോലെ പായും .... കുഞ്ഞിനെ
താലോലിക്കുന്ന അമ്മമനസ് തന്നെ..
“അയാളുടെ മുഖത്തേയ്ക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നതല്ലാതെ ”...
ഭയം എന്നൊക്കെ പറയുന്നത് വളരെ ലോലം ആണ് അതു മാറിയാല്‍ രക്തരക്ഷസുകള്‍ ആവും!കഥ വന്നു നില്‍ക്കുന്നതും അവിടെ തന്നെ .....
ധനുവീനേയും,[ LTTE suicide bomber] സ്റ്റെഫിയേയും [Sr Abhaya]ഓര്‍ത്തു.......
Aayurarogyasoukkyavum sambalsamrudhiyum niranja"puthuvalsaraashamsakal!!"
katha nannaayirikkunnu mone..
sasneham
vijayalakshmi...
കഥ വായിച്ചു തുടങ്ങിയപ്പോള്‍ ഒരുപാടു പ്രതീക്ഷിച്ചു.സാധാരണ പാമുവിന്‍റെ കഥകളില്‍ കാണാറുള്ള ആര്‍ജ്ജവം ഇല്ലാത്ത കഥയാണിതെന്നു തോന്നി.കഥാവസാനത്തില്‍ എക്സൈറ്റ്മെന്‍ന്‍റ് ഉണ്ടാക്കാനുള്ള വ്യഗ്രതയില്‍ കഥാശില്‍പ്പത്തിനു ശ്വാസം ഊതാന്‍ പാമു വേണ്ടത്ര മിനക്കെട്ടിട്ടില്ലാത്തപോലെ.
മാണിയ്ക്കം ചൂണ്ടിക്കാണിച്ചപോലെ മനോഹര മുഹൂര്‍ത്തങ്ങള്‍ കഥയിലില്ലെന്നല്ല. പക്ഷേ ബസ്സിന്‍റെ വര്‍ണ്ണനപോലെ ഓര്‍ഡിനറിയായ എഴുത്തും ചൂണ്ടിക്കാണിയ്ക്കാം.
2008 ലെ അവസാനത്തെകഥയല്ലേ. 2009 ല്‍ പാമു, സാധാരണ എഴുതാറുള്ളതു പോലെ ശക്തമായകഥകള്‍ വീണ്ടും എഴുതട്ടെ എന്നാശംസിയ്ക്കുന്നു.
നവ വത്സരാശംസകള്‍.
ഇങ്ങനെയൊരു ക്ലൈമാക്സ് തീരെ പ്രതീക്ഷിച്ചില്ല.കേട്ടോ..
കഥ,അസ്സലായി..വാസ്തവം വളചോടിയ്ക്കാതെ പറഞ്ഞിരിക്കുന്നു.
നല്ല എഴുത്ത് മാഷേ..
അവസാനം തീരെ പ്രതീക്ഷിയ്ക്കാത്തത്. മറന്നുവെച്ച് ബാഗ് ഡ്രൈവർ കൊണ്ടുവരുന്നിടത്താണ് അങ്ങനെയൊരു സാദ്ധ്യത ആലോചിച്ചത്..
ആശംസകൾ..
ഒരമ്മക്ക് കുഞ്ഞിനെ കയ്യിലെടുത്തുകൊണ്ട് സൂയിസൈഡ് ബോംബര്‍ അവാന്‍ പറ്റുമെന്ന് വിശ്വസിക്കാന്‍ പ്രയാസം...
:)
നവവത്സരാശംസകള്‍....പാമൂ
കഥ ഇഷ്ടപ്പെട്ടു
പുതുവത്സരാശംസകള്‍...
ഇനിയും ഒരുപാടെഴുതുക
നന്മകള്‍ നേരുന്നു...
അയ്യോ, പാമൂ അതുവേണ്ടായിരുന്നു...
ജോച്ചി പറഞ്ഞതാണോ സത്യം? ഭയം മാറിയാല്‍ രക്തരക്ഷസ്സോ പെണ്ണ്? ചില സംഭവങ്ങള്‍ ആലോചിച്ചാല്‍ അതു ശരിയാണെന്ന് തോന്നും.
അധികം സംസാരിക്കാത്ത ശാലീനസുന്ദരിയായ ഒരു പെണ്‍കുട്ടി, 22 വയസ്സില്‍ കാണുമ്പോള്‍...
വര്‍ഷങ്ങള്‍ കഴിഞ്ഞു കേള്‍ക്കുന്നു, ആ പെണ്‍കുട്ടി സ്വന്തം മകളേയും അമ്മയേയും കൊന്നിട്ട് ആത്മഹത്യ ചെയ്തു എന്ന്.....
വിശ്വസിക്കാനാവാതെ തരിച്ചിരുന്നുപോയി...
അതിഭാവുകത്വം തീരെയില്ലാത്ത,
കഥാ തന്തുവിന് യോജിച്ച ഭാഷ നല്‍കിയ,
ഒരു നല്ല ശില്പ്പം...
പാമുവിന്റെ ഓരോ രചനയും
അതിന്റേതായ വ്യത്യസ്ഥതയില്‍ വേറിട്ടു നില്‍ക്കുന്നു...
ബസിന്റെ വര്‍ണ്ണനയിലെ ഊര്‍ജ്ജമില്ലായ്മ കഥാപാത്രത്തിന്റെ (മുഫീദയുടെ) മനസ്സിന്റെ
റിഫ്ലക്ഷന്‍ തന്നെയാണ് അല്ലേ.., കഥാ സന്ദര്‍ഭ വര്‍ണ്ണന, കഥാപാത്രങ്ങളുടെ
മാനസികവ്യാപാരമനുസരിച്ച് സന്തുലിതമാക്കുന്ന ഒരു
പാമരന്‍ ടച്ച്!!!!
ഇത്തരംകഥകള്‍ കേട്ടിട്ടുണ്ട്, പക്ഷേ മുഫീദയ്ക്ക് പകരം ആണുങ്ങളായിരുന്നു അതിലൊക്കെ...
വളരെ നന്നായീ പറഞ്ഞിര്രിക്കുന്നു
നന്നായിരിക്കുന്നു
പുതുവത്സരാശംസള്‍
മനുഷ്യാ,
എനിക്ക് മതിയായില്ലാ.
:(
അവസാനഭാഗം എന്നെ അമ്പരപ്പിച്ചു കളഞ്ഞു..കൂടുതല്‍ എന്താ പറയേണ്ടെതെന്നും അറിയില്ല...:(
ഒരുപാടൊരുപാട് നല്ല സൃഷ്ടികള്‍ ഈ പുതുവര്‍ഷം പാമൂജിക്ക് ഏകട്ടെ....ആശംസകള്‍..
അവസാനം ഒരു അഗ്നിപുഷ്പം വിരിയുമെന്ന് കഥയുടെ പോക്ക് കണ്ടപ്പോൾ തോന്നിയിരുന്നു. പക്ഷെ അത് മുഫീദയിലൂടെ ആകുമെന്ന് പ്രതീക്ഷിച്ചില്ല. ഒരു പുനർ വായനയിൽ ‘ഏഴു നിരയും ഏഴു സീറ്റും വിട്ട്’ തുടങ്ങിയ യുദ്ധാരംഭം കണ്ടു. ‘അയാളുടെ മുഖത്തേയ്ക്ക് തുറിച്ചു നോക്കിക്കൊണ്ടിരുന്നതല്ലാതെ അവള്‍ മാറു മറയ്ക്കാന്‍ മെനക്കെട്ടില്ല‘ എന്ന വരിയിൽ അവളുടെ അവസാന തീരുമാനവും കണ്ടു. പക്ഷെ അവസാനം മുഫീദ ബാഗ് മറന്നു വച്ചതെന്തേ?!! ഒരു നിമിഷം മനസ്സൊന്നുചഞ്ചലപ്പെട്ടോ?! മുഫീദയും മകനും അവസാനം മാമാടെ അടുത്തേക്ക് ഒരു യാത്ര...പോകാൻ തീരുമാനിച്ചാൽ മാർഗ്ഗം ഒരു പ്രശ്നമാണോ?! ഇത്രയും എഴുതിയത്, ഈ പോസ്റ്റ് അത്ര കണ്ടു ഇഷ്ടപ്പെട്ടതു കൊണ്ടാണ്
ഇപ്പോള്‍ ഈ ലിങ്ക് ഇട്ടില്ലായിരുന്നെങ്കില്‍ ഈ കഥ കാണില്ലായിരുന്നു. അവസാനം വായിച്ചപ്പോള്‍ 'മാച്ചീസ്" എന്ന ഹിന്ദിസിനിമയിലെ(ഗുത്സാറിണ്റ്റെ) ഒരു രംഗം ഒാര്‍മ്മിച്ചു. (ഒാം പുരി ബോധപൂര്‍വ്വം ക്യാമറ ബോംബ് ബസില്‍ മറന്നു വെച്ചു കൊണ്ട് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നസീന്‍). നന്നായി എഴുതിയിട്ടുണ്ട്.
പുതുവത്സരാശംസകൾ!!!
എല്ലാ സുഹൃത്തുക്കള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. ഇഷ്ടമായില്ലെന്നു തുറന്നു പറഞ്ഞതിന് ഹരിത്തിനും തണലിനും പ്രത്യേക നന്ദി. ഇനി എഴുതുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാം.
ലക്ഷ്മി, വിശദമായ വായനയ്ക്ക് വളരെ നന്ദി. നുറുങ്ങുകള്‍ തിരിച്ചറിഞ്ഞതിന്.. ബാഗ് മുഫീദയ്ക്ക് സ്വന്തം ശരീരം പോലെ ഇനി ആവശ്യമില്ലാത്തൊരു ഭാരമല്ലേ.. അതായിരിക്കണം ഇറങ്ങുമ്പോള്‍ അതിനെ ഓര്‍ക്കാതിരുന്നത്..
ജിതേന്ദ്രകുമാര്‍ജി, മാച്ചീസിലെ ആ സീന്‍ ഞാനും ഓര്‍ക്കുന്നു. ചന്ദ്രചൂര്‍സിംഗ്, ഓംപുരി ക്യാമറ മനഃപ്പൂര്‍വ്വം വെച്ചിട്ടുപൊകുന്നത് നോട്ടുചെയ്യുന്നതും.. ഇവിടെ ബാഗിന് അങ്ങനെ ഒരു ദൌത്യം വിചാരിച്ചിട്ടുണ്ടായിരുന്നില്ല. 'ഉപേക്ഷിക്കപ്പെടേണ്ട ഒരു ഭാരം' എന്നാണു ഉദ്ദേശിച്ചത്.
പുതുവല്‍സരാശംസകള്‍!
lakshmi vazhiyaanu ethiyath ishtamaayi
നന്ദി. ലക്ഷ്മിക്ക് ഇങ്ങോട്ടു വഴി കാട്ടിയതിന്.
നല്ല വായനാനുഭവം.കണ്ടെത്താൻ അൽപം വൈകിയോ എന്നു സംശയം
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ