യാഥാര്‍ത്ഥ്യമേ..
വേണ്ടിവരുമ്പോള്‍ കരയാന്‍ വച്ച കണ്ണീരും
തിളയ്ക്കുമ്പോള്‍ ഒഴുക്കാന്‍ കരുതിയ ചോരയും
ചൊരുക്കുമ്പോള്‍ വിളിക്കാന്‍ വച്ച തെറികളും
എറിഞ്ഞുകളഞ്ഞാണ്
നിനക്കിരിക്കാനൊരിത്തിരി ഇടം തന്നത്.
ഇടം നിറഞ്ഞ് നിറം മാറിയ
നീയിപ്പോള്‍ തിന്നു തീര്‍ക്കുന്നത്
നാളേയ്ക്കു കാണാന്‍ വച്ച സ്വപ്നങ്ങളും
പണ്ടുണ്ണാതെ വച്ച കുറച്ചു പ്രണയവുമാണ്..
അത്യാവശ്യത്തിനെടുക്കാന്‍ വച്ച അലിവും
ക്ഷാമകാലത്തെടുക്കാന്‍ മാറ്റിവച്ച ഇത്തിരി
മനുഷ്യത്വത്തിലുമാണിപ്പോള്‍ നിന്‍റെ നോട്ടം..
തകരപ്പെട്ടിയിലടച്ച്
ഉളുപ്പിന്‍റെ പിന്നാമ്പുറത്ത്
കുഴിച്ചിട്ടിരിക്കുന്ന
ഇത്തിരി മാനത്തില്‍
നിന്‍റെ കണ്ണെത്തുന്നതിനു മുന്നേ
നിന്നെക്കൊന്ന് ഞാന്‍ ചാവും.
2008, ജൂലൈ 27, ഞായറാഴ്‌ച
യാഥാര്‍ത്ഥ്യമേ..
സമയം: 8:09 PM 36 പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ജൂലൈ 19, ശനിയാഴ്‌ച
വിശ്വമാനവന്‍: പ്രതിഷേധിക്കുക ഈ ക്രൂരതക്കെതിരെ....
വിശ്വമാനവന്‍: പ്രതിഷേധിക്കുക ഈ ക്രൂരതക്കെതിരെ....
മഴകൊള്ളാതിരിക്കാന്‍ പോലും സ്കൂള്‍ വരാന്തയില്‍ കയറിയിട്ടില്ലാത്തവനേ ഇതു ചെയ്യൂ. കടല പൊതിയാനല്ലാതെ കടലാസും ഉപയോഗിച്ചിട്ടുണ്ടാവില്ല.
പുസ്തകം കത്തിക്കുന്നവനും ഗുരുവിനെ ചവിട്ടിക്കൊല്ലുന്നവനും ഇവരുടെ ദൈവം ഏതു നരകമാണോ വിധിച്ചിട്ടുള്ളത്..
ആ അദ്ധ്യാപകന്‍റെ കുടുംബത്തിന്‍റേയും സുഹൃത്തുക്കളുടേയും ദുഃഖത്തില്‍ പങ്കു ചേരുന്നു.
പത്രങ്ങളില്‍:
മാതൃഭൂമി
മനോരമ
ദേശാഭിമാനി
സമയം: 8:42 AM 20 പ്രതികരണങ്ങള്‍
Labels: പ്രതിഷേധം
2008, ജൂലൈ 17, വ്യാഴാഴ്‌ച
കലവറ
കാലത്ത് ബ്രേക്ക്‌ഫാസ്റ്റിന് അച്ഛന്
നാപ്പാം ബോംബു തന്നെ വേണം
മക്കള്‍ക്കോരോരുത്തര്‍ക്കും
വെവ്വേറെ ബോംബുകള്‍ വേണം
മൂത്തവന് ക്ളസ്റ്റര്‍ ബോംബ്,
ഇളയവന് സ്റ്റെല്‍ത്ത് ബോംബ്,
ആകെയുള്ള പെണ്‍കൊച്ചാണെങ്കില്‍
ഐശ്വര്യാറായിയെപ്പോലെ മെലിയാന്‍ വേണ്ടി
ഗ്രനേഡുകള്‍ മാത്രം കഴിച്ചു ഡയറ്റുവാ..
അമ്മയ്ക്കങ്ങനെ ഒരു നിര്‍ബന്ധവുമില്ല
അവസാനം ബാക്കിവരുന്ന
വല്ല കുഴിബോംബോ പള്‍സ് ബോംബോ
കഴിച്ചു വയറു നിറച്ചോളും, പാവം!
ആറ്റം ബോംബും ഹൈഡ്രജന്‍ ബോംബുമൊന്നും
പിള്ളേരെ കാണിക്കാറില്ല
വിരുന്നുകാരാരെങ്കിലും വരുമ്പോള്‍ വിളമ്പാന്‍
അതൊക്കെ ഭരണിയിലാക്കി
അലമാരയില് അടച്ചിരിക്കുകയാണമ്മ.
ഹൊ! ഈ ബോംബുകളില്ലായിരുന്നേല്‍
പട്ടിണി കിടന്ന് നമ്മളൊക്കെ എന്നേ മരിച്ചേനെ.
സമയം: 6:11 AM 26 പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ജൂലൈ 16, ബുധനാഴ്‌ച
അപ്പൂപ്പന്‍താടി
ഓര്‍മ്മയുടെ വീഞ്ഞപ്പെട്ടി കുടഞ്ഞിട്ടപ്പോഴാണ്
കുറെ അപ്പൂപ്പന്‍താടികള്‍ക്കൊപ്പം
നീയും പുറത്തു ചാടിയത്.
സിദ്ധാര്‍ത്ഥന്‍ മാഷിന്‍റെ
വേലിയെ മാനിക്കാതിരുന്നത്
അപ്പൂപ്പന്‍ താടികളും
നീയും മാത്രമായിരുന്നു
സ്വാതന്ത്ര്യാഘോഷത്തിനിടയ്ക്ക്
വഴിതെറ്റി വേലിയില്‍ കുടുങ്ങിപ്പോകുന്ന
അപ്പൂപ്പന്‍ താടികളെ
വേലിക്കപ്പുറത്തെ വാഗ്ദാനങ്ങളിലേയ്ക്ക്
ഊതിപ്പറത്തിയാണ് നമ്മള്
കൂട്ടുകാരായത്.
തുളവീണ മുഷിഞ്ഞ ഷമ്മീസിന്‍റെ
ക്യൂട്ടക്സിളകിപ്പോയ കൈനഖത്തിന്‍റെ
കുത്തിത്തുളപ്പിച്ച കാതില്‍
ഈര്‍ക്കിലിതിരുകിച്ച ഇല്ലായ്മയുടെ
അശരണതയുടെ, ഭീതിയുടേയും
നിന്‍റേതായിരുന്ന മണങ്ങള്
ഖനീഭവിച്ച് മഞ്ചാടികളായി
കിടപ്പുണ്ടെന്‍റെ മനസ്സില്‍
പറന്നുയര്‍ന്നു പോകുന്ന
അപ്പൂപ്പന്‍താടികളെ മാത്രമായിരുന്നോ
നീ സ്നേഹിച്ചത്?
സമയം: 10:30 PM 28 പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ജൂലൈ 13, ഞായറാഴ്‌ച
ഇന്നത്തെ പ്‌രാന്ത്: അത്താവുള്ള ഖാന്‍
ഇന്നിപ്പോ എവിടെന്നോ അത്താവുള്ള ഖാന്‍റെ പാട്ടിന്‍റെ രണ്ടു വരികള് കേട്ടു. ഒത്തിരികാലം മുന്പാണതു കേട്ടിട്ടുള്ളത്. ഒരിക്കല്‍ നോര്‍ത്ത് ഇന്‍ഡ്യയില്‍ ഒരു ട്രയിന്‍ യാത്രയ്ക്കിടയില്‍. ഒരു തെരുവു ഗായകന്‍ തൊണ്ട കീറിപ്പാടുന്നു. എന്തായിരുന്നു ഫീല്! അന്നതു മനസ്സില്‍ വല്ലാതെ പതിഞ്ഞുപോയി.
തിരിച്ചു നാട്ടില്‍ എത്തിയ ഉടനെ അന്വേഷിച്ചു. ഇങ്ങേരുടെ പേരന്ന് ആദ്യമായിട്ടാണു കേള്‍ക്കുന്നത്. 'ബേവഫാ സനം' എന്ന ആല്‍ബമായിരുന്നു ഏറ്റവും ഇഷ്ടപ്പെട്ടത്. സീരീസിലെ ആദ്യ ഭാഗം. എല്ലാം എണ്ണം പറഞ്ഞ പാട്ടുകള്‍.
വിരഹവും വഞ്ചിതനായതിലുള്ള ദുഃഖവും കണ്ണീരില്‍ ചാലിച്ചെടുത്ത വരികള്‍. ശരിക്കും തൊണ്ടപൊട്ടിത്തന്നെ പാടുന്ന നാടന്‍ (ഉറ്ദു ഫോക്ക്) ശൈലി. നിങ്ങളുടെ മൂഡീനെ വല്ലാതെ സ്വാധീനിക്കും ഈ പാട്ടുകള്‍.
അറിയാത്തവര്‍ക്കായി: അത്താവുള്ള ഖാന്‍ ഇശഖെല്‍വി പാകിസ്ഥാനിയാണ്, പത്താന്‍. എല്ലാ ഗാനങ്ങളും എഴുതുന്നതും സംഗീതം നല്‍കുന്നതും പാടുന്നതും അദ്ദേഹം തന്നെ. അറിയപ്പെടുന്നൊരു ഉറ്ദു കവിയാണ് അദ്ദേഹം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആഡിയോ ആല്‍ബങ്ങളിറക്കിയതിന്‍റെ റെക്കോര്‍ഡ് ഇദ്ദേഹത്തിന്‍റെ പേരിലാണെന്ന് വിക്കി പറയുന്നു.
'ബേവഫാ സനം' എന്ന ബോളിവുഡ് ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ പാട്ട് സോനു നിഗാം ആലപിച്ചതോടെയാണ് അദ്ദേഹം ഇന്‍ഡ്യക്കുള്ളിലും പ്രസിദ്ധനായത്.
ഈ പാട്ടുകള്‍ കേള്‍ക്കുന്നതിനു മുന്പൊരു കാര്യം. ഇതു കേട്ടിട്ട് ഡെസ്പടിച്ച് എന്നെ തെറി വിളിക്കരുത്. അല്‍പം സെന്റി മൂഡില്‍, ഒരു പെഗ്ഗിന്‍റെ കൂടെ, ഒറ്റയ്ക്കിരുന്ന് കേക്കണ്ടതാണീ സാധനം. (കേട്ടിട്ടുള്ളവരോടു മാപ്പ്) :)
1. ബേദര്‍ദീ സേ പ്യാര്‍ കാ
കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡൌണ്‍ലോഡൂ..
2. അഛാ സില്ലാ ദിയാ തൂനേ
കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡൌണ്‍ലോഡൂ..
3. ഓ ദില് തോട്‌കെ
കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡൌണ്‍ലോഡൂ..
4. മുഝ്കോ യേ തേരീ ബേവഫായീ
കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡൌണ്‍ലോഡൂ..
5. മേം ദുനിയാ തേരീ ഛോഡ് ചലാ
കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഡൌണ്‍ലോഡൂ..
അത്താവുള്ളയെപ്പറ്റി കൂടുതലറിയാന്‍:
1. വിക്കി
2. ഫാന്‍സ് ക്ളബ്ബ്
സമയം: 8:28 PM 22 പ്രതികരണങ്ങള്‍
Labels: പ്‌രാന്ത്
2008, ജൂലൈ 12, ശനിയാഴ്‌ച
പ്രണയം
ഒരു നേര്‍ത്ത പുകച്ചുരുളായാണ്
അവളാദ്യം വന്നത്..
ചത്തുറങ്ങിപ്പോയ രാത്രികളില്‍
അതു പതുക്കെ കനത്തു.
പിന്നെ താഴേക്കൊഴുകാന്‍ വിസമ്മതിച്ച
ഒരു കണ്ണുനീര്‍ത്തുള്ളി,
ജനിക്കാന്‍ സമരം ചെയ്ത ചില വാക്കുകള്‍,
കടിച്ചമര്‍ത്തലില്‍ നിന്ന്
വിടുതല്‍ നേടിയൊരു നീറ്റല്‍.
ഓരോന്നായി യാഥാര്‍ത്ഥ്യത്തിന്‍റെ
കുപ്പായമിട്ടു വന്നു.
കണ്ണുകളായിരുന്നു
ഒടുക്കം തെളിഞ്ഞു വന്നത്.
കണ്ണുകള്‍ക്കു മുന്പേ പിറന്ന ഒരു നോട്ടം
കൊരവള്ളിക്കു പിടിച്ച്
അതിന്‍റെ ആഴത്തിലേക്കു
മുക്കിക്കളഞ്ഞു.
ഇത്തിരി ശ്വാസം വേണമെന്ന്
എനിക്കു വേണ്ടിത്തന്നെ മിടിച്ചുകൊണ്ടിരുന്ന ഹൃദയം
നിലവിളിച്ചു തുടങ്ങിയപ്പോഴേയ്ക്കും
ആഴം പൂര്‍ണ്ണമായും
വിഴുങ്ങിക്കളഞ്ഞിരുന്നു.
മിഥ്യയും യാഥാര്‍ത്ഥ്യവും
കൊമ്പുകോര്‍ത്തിട്ടൊടുവില്‍,
ചിമ്മിത്തുറന്ന കണ്ണില്‍ നിന്നും
തള്ളിപ്പുറത്താക്കപ്പെട്ട ഒരു തുള്ളി
ഞാനായിരുന്നു.
നിലത്തുവീണുടഞ്ഞുപോയ
എന്നെ പെറുക്കിക്കൂട്ടുകയാണു ഞാനിപ്പോള്‍..
സമയം: 11:26 PM 31 പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ജൂലൈ 9, ബുധനാഴ്‌ച
തീപ്പെട്ടിക്കൊള്ളി
ഒരു തീയായി ആളുന്നത്
സ്വപ്നം കണ്ട്
വിധിഹിതത്തിന്‍റെ
നറുക്കു വീഴുന്നതും
കാത്തിരിക്കുന്നു.
ഒരൊറ്റ ആളലേയുള്ളൂ.
നിലവിളക്കിലെ സൌമ്യതയായോ
അടുപ്പിലെ വേവായോ
പുനര്‍ജനിക്കേണ്ടി വരും.
അടക്കിവച്ച അസഹിഷ്ണുതകളെ
കാട്ടുതീയായോ
പൊട്ടിത്തെറിയായോ
പൊലിപ്പിച്ചെടുക്കാന്‍
എല്ലാ കൊള്ളിക്കും ഭാഗ്യമില്ലല്ലോ.
സമയം: 10:05 PM 30 പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ജൂലൈ 6, ഞായറാഴ്‌ച
സാമൂഹ്യപാഠം
ഏട്ടിലെ പശുവിനെ
തൊഴുത്തില്‍ കെട്ടി,
തീറ്റിത്തടിപ്പിച്ച്,
ഒരു ആനയാക്കിയെടുക്കാമോ
എന്നു നോക്കുകയായിരുന്നു.
ഏട്ടിലെപ്പശു പുല്ലു തിന്നില്ലെന്ന്
ഓര്‍ക്കായ്കയല്ല.
പശുവിനു തുമ്പി മുളയ്ക്കുന്നേയെന്നു കൂവി
കാളപ്രസവത്തിനു കയറുപിരിക്കണോരെക്കൂട്ടി
ഒരാനപ്പന്തിക്കു പിരിവെടുക്കാമെന്നോര്‍ത്തു.
വരിയുടച്ച കാള വേലിചാടിയതും
ചവിട്ടിക്കാതെ വച്ച പശു
നാലാളറിയെ ചെനച്ചതും
നാട്ടാരു മറക്കുമെന്നോര്‍ത്തു.
ഒടുവില്‍, ഏട്ടിലെപ്പശു
അരിയും തിന്ന്,
അപ്പോസ്തലനേം കടിച്ച്,
അരമനപ്പടിക്കെത്തന്നെ
പിണ്ടവും വെച്ചു.
----------------------
ഏട്ടിലെ പശു - കടലാസിലെ (പുസ്തകത്തിലെ) പശു
വരിയുടയ്ക്കുക - വന്ധ്യംകരിക്കുക
ചവിട്ടിക്കുക - പശുവിനെ ഗര്‍ഭിണിയാക്കാന്‍ വിത്തുകാളയുടെ അടുത്തു കൊണ്ടുപോകുന്ന ഏര്‍പ്പാട്.
ചെനയ്ക്കുക - പശു ഗര്‍ഭിണിയാവുന്നത്..
സമയം: 10:10 PM 19 പ്രതികരണങ്ങള്‍
Labels: ചിന്തകള്‍