മാന്യതയുടെ മൂക്കുളുക്കുന്ന മണം
വെട്ടത്തിന്‍റെ കണ്ണുതുളയ്ക്കുന്ന നിറം
പകലൊക്കെ കണ്ണും പൊത്തി മൂക്കുചുളിച്ച് നടന്നിട്ട്
ഇരുട്ടത്തു ഞാനൊരു മണിയനീച്ചയായി വരാം
2008, ഏപ്രിൽ 26, ശനിയാഴ്‌ച
ശവംനാറിപ്പൂവ്
സമയം: 2:17 PM 28 പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ഏപ്രിൽ 19, ശനിയാഴ്‌ച
വെളിച്ചപ്പാടിന്‍റെ പ്രേതം
തുളവീണ തൊണ്ടയില്‍
പതറിപ്പോയ അലര്‍ച്ച
നെറ്റിയില്‍ ഭക്തിയുടെ ചാരം
കാലില്‍ പഴുത്തു പൊള്ളുന്ന ചിലമ്പ്
കയ്യില്‍ ചോരയുണങ്ങിപ്പോയ വാള്
വറ്റുവാരാ കൈ കൊണ്ട്
അനുഗ്രഹമെത്ര വാരിയെറിഞ്ഞു
അന്നമിറങ്ങാ തൊണ്ടകൊണ്ട്
ദേവീഹിതമെത്ര വിളിച്ചു ചൊല്ലി
ചെണ്ടകളില്‍ രൌദ്രതാളമുണര്‍ന്നപ്പോള്‍
തൊലി തുളച്ചു പൊന്തിയ എല്ലിന്‍കൂട്ടില്‍
കരഞ്ഞുറങ്ങിപ്പോയ ജീവതാളം
പേറ്റുനോവില്‍ നിന്നും ചുടു കാട്ടിലേക്കുള്ള
ഒരു കനലാഴി* ദൂരം തികച്ചില്ല
കഞ്ഞിവെള്ളത്തില്‍ തടയുന്ന വറ്റോളം വരുമോ
ഭഗവതീ നിന്‍റെ കണ്ണു തുറക്കല്‍?
വാളു വലിച്ചെറിഞ്ഞ് തിരിഞ്ഞു നടന്നു
വെളിച്ചപ്പാടിന്‍റെ പ്രേതം
-------------
* കനലാഴി - തീകുണ്ഡം. വെളിച്ചപ്പാട് തീയിലൂടെ നടക്കുന്ന ഒരു ചടങ്ങുണ്ട്.
സമയം: 7:35 PM 26 പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
ഇന്നത്തെ പ്‌രാന്ത്: കെ.പി. ബ്രഹ്മാനന്ദന്‍
ഇതാണു ഇന്നത്തെ പ്‌രാന്ത്. ഇന്നു കാലത്തെണീറ്റതു മുതല്‍ ബ്രഹ്മാനന്ദനാണു മനസ്സില്‍. "പ്രിയമുള്ളവളേ.." മനസ്സില്‍ മൂളിക്കൊണ്ടാണെണീറ്റത് (ഉറക്കെ മൂളിയാല്‍ ഫാര്യ ചൂലെടുക്കും.. അതോണ്ടാ.. തെറ്റിദ്ധരിക്കരുത് പ്ളീസ്..)
അപ്പോ പ്‌രാന്തു മുഴുത്തപ്പോള്‍ ഇതെല്ലാം തപ്പിയെടുത്തു കേട്ടു.. അപ്പോ തോന്നി ഇതു നിങ്ങള്‍ക്കും കൂടി തന്നേക്കാമെന്ന്... ഒരു പണിയുമില്ലാത്തവര്‍ ഇരുന്നു കേള്‍ക്കുക. പണിയുള്ളവര്‍ നിന്നോണ്ടും :)
1. പ്രിയമുള്ളവളേ.. ചിത്രം തെക്കന്‍കാറ്റ്(1973).
ഇതാണ് എന്‍റെ ബ്രഹ്മാനന്ദന്‍ ഫേവറേറ്റ്. എംപീ3 കണ്ടു പിടിക്കാന്‍ പറ്റിയില്ല. കയ്യിലുള്ളവരൊന്നു പോസ്റ്റൂ..
2. നീലനിശീഥിനീ.. ചിത്രം സി.ഐ.ഡി. നസീര്‍ (1971)
ഡൌണ്‍ലോഡ് ചെയ്യൂ
3. മാനത്തേ കായലിന്‍.. ചിത്രം കള്ളിച്ചെല്ലമ്മ (1969)
ഡൌണ്‍ലോഡ് ചെയ്യൂ
എന്തൊരു ഭാവം! എന്താ ആലാപനം..! എന്തേ അങ്ങേരു എങ്ങും എത്താതെ പോയത്?
സമയം: 11:55 AM 7 പ്രതികരണങ്ങള്‍
Labels: പ്‌രാന്ത്
2008, ഏപ്രിൽ 16, ബുധനാഴ്‌ച
കവിതേ..
ഞാന്‍ വിത്തെറിയാനൊരുങ്ങുംപോള്‍
വിണ്ടുകീറിയ പാടമായി നീ തിരിഞ്ഞു കിടക്കുന്നു
ആത്മരതിക്കിടെ പിറന്ന്
ആയുസ്സേല്‍ക്കാതെ ഒടുങ്ങിപ്പോകുമോ
കവിതേ, എന്‍റെ മക്കള്‍?
സമയം: 10:09 PM 21 പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
2008, ഏപ്രിൽ 5, ശനിയാഴ്‌ച
നല്ലവന്‍
ദ്രവിച്ച ഓലമറക്കുള്ളിലൂടെ
അയലത്തെ കറുപ്പിന്‍റെ മുഴുപ്പു കാണുംബോള്‍,
ബാങ്കിലെ കൌണ്ടറില്‍
സ്റ്റേപ്പിള്‍ പിന്നാല്‍ അമര്‍ത്തിവെച്ചിരിക്കുന്ന
അല്‍ഭുതലോകം കാണുംബോള്‍,
വിജനതയുടെ ഇരുട്ടില്‍ അനാഥമായി കിടക്കുന്ന
മാസം തികഞ്ഞ പെഴ്സു കാണുംബോള്‍,
ചുണ്ടില്‍ ചുവപ്പു തേച്ച്
കണ്ണിറുക്കിക്കാട്ടുന്ന മാംസക്കഷണത്തിന്‍റെ
പച്ചച്ചിരി കാണുംബോള്‍,
ഉയരത്തിലെ അര്‍ദ്ധപൃഷ്ഠാസനത്തിലേക്കൊരു
ആരുംകാണാ കുറുക്കുവഴി കാണുംബോള്‍
എന്നെയീ കുടത്തിനുള്ളില്‍ തന്നെ
തളച്ചിരുത്താനെനിക്ക് കഴിയുന്നുണ്ട്..
ഒരു വേള, ഞാനും നല്ലവനായിക്കാണുമോ?
സമയം: 4:50 PM 18 പ്രതികരണങ്ങള്‍
Labels: ചിന്തകള്‍
ഒരു അഭിമുഖം
ഞാന്‍ കണ്ടു!!
സത്യം! പറഞ്ഞാല്‍ നിങ്ങള് വിശ്വസിക്കില്ല.
'ഒന്നു പോടാ ഉവ്വേ.. കണ്ടെങ്കില്‍പ്പിന്നെ ഇതുമുഴുവന്‍ എഴുതിത്തൊലച്ച് ഞങ്ങള്‍ക്കു പണിതരാന്‍ നീ ഇവിടെ ഒണ്ടാവുമോ' എന്നതാണ് നിങ്ങള്‍ടെ ആ പുരികക്കൊടി പണ്ടു ശ്രീരാമന്‍ ചേട്ടന്‍ പൊട്ടിച്ച വില്ലു പോലെ വളഞ്ഞിരിക്കുന്നതിന്‍റെ അര്‍ത്ഥമെന്ന് എനിക്കു നന്നായി തെരിയും.
പക്ഷേ, പ്രിയപ്പെട്ട വായനക്കാരാ, ഞാന്‍ താങ്കളുടെ ക്ഷമയേയും സമയലഭ്യതയേയും പരീക്ഷിക്കാനുദ്ദേശിക്കുന്നില്ല. നടന്നതു തെളിച്ചുതന്നെ പറയാം.
കാവില്‍ ഉല്‍സവമായിരുന്നു. കാവെന്നു പറഞ്ഞാല്‍ വെറുമൊരു സര്‍പ്പക്കാവൊന്നുമല്ല. 'ഘണ്ടാകര്‍ണ്ണന്‍' എന്ന ഉഗ്രമൂര്‍ത്തിയുടെ വാസസ്ഥാനം ('പുരാണത്തില്‍ ഇങ്ങേരു് ആരുടെ അളിയനായിട്ടു വരും' ന്നൊന്നും ചോദിച്ചേക്കല്ലേ.. തെണ്ടിപ്പോകും).
ആണ്ടിലൊരിക്കല്‍ ഗംഭീരമായിത്തന്നെ കൊണ്ടാടാറുള്ള മഹോല്‍സവം.
കറുത്തു മെല്ലിച്ച ഗോവിന്ദമാരാര്‍ അന്നു മുഴുവന്‍ തന്‍റെ അരക്കു സമീപത്തായി കെട്ടിത്തൂക്കിയ ചെണ്ടയുടെ മണ്ടയ്ക്ക് ഘോരഘോരം മര്‍ദ്ദിച്ചു കൊണ്ടിരുന്നു (കണ്ടാല്‍ പാവം ചെണ്ട അങ്ങേര്‍ക്ക് സ്ത്രീധന ബാക്കി കൊടുക്കാനുണ്ടെന്നു തോന്നും). കോരു മൂപ്പരുടെ ആയിരത്തൊന്നു വെടിക്കെട്ടും വടക്കേപ്പുറായി നാണുവിന്‍റെ വെളിച്ചപ്പാടും ആകപ്പാടെ ഒരു ഒന്നൊന്നര ഉല്‍സവം തന്നെ.
കരക്കാരു മുഴുവന്‍ ഉല്‍സവപ്പറംബിലാണ്. വീടുകളെല്ലാം ഇരുട്ടില്‍ കണ്ണടച്ച് സുഖസുഷുപ്തിയില്‍. എനിക്ക് ഇരിക്കപ്പൊറുതി കിട്ടിയില്ല.കാലുകള്‍ കിരുകിരുക്കുന്നു. അകത്ത് മനസ്സ് രണ്ടു ചേരിയായിത്തിരിഞ്ഞ് പട്ടത്താനം നടത്തുന്നു.
"ഛെ.. ഇന്നു വേണ്ട.. നല്ലൊരു ദിവസായിട്ട്.." ഒരുത്തന്‍.
"മണ്ടന്‍.. കാശിനു കൊള്ളാത്തവന്‍.! ഇത്ര നല്ലൊരു ദിവസം ഇനി എവിടെ കിട്ടാന്‍? നാട്ടാരു മുഴുവന്‍ ഉല്‍സവപ്പറംബില്‍.. ഒറ്റ വീട്ടിലും ആളു കാണില്ല.. ഇന്നൊന്നിറങ്ങിയാല്‍ ഒരാഴ്ചത്തേക്കു കുശാല്‍!" മറ്റവന്‍ എരികേറ്റുന്നു..
ഒന്നാലോചിച്ചപ്പോള്‍ ചേരിചേരാ നയം വിട്ട് രണ്ടാമത്തവന്‍റെ ഭാഗം ചേരുന്നതു തന്നെ നല്ലതെന്നു തോന്നി..
'എവരി ഡോഗ് ഹാസ് ഇറ്റ്സ് ഡേ' എന്നാണല്ലോ. അഖിലാണ്ടവന്‍ ഈയുള്ളവന് കല്‍പ്പിച്ചു തന്ന ദെവസമായിരിക്കും ഇതെന്ന് മനസ്സില്‍ കരുതിക്കൊണ്ട് ഉല്‍സവപ്പറംബിനോട് ഗുഡ്‌ബൈ പറഞ്ഞു.
കലുങ്കുകള്‍ ചാടിക്കടക്കാന്‍ എന്നോളം സാമര്‍ത്ഥ്യമുള്ളവര്‍ അടുത്തപ്രദേശത്തൊന്നും ആരും തന്നെയില്ലെന്നുള്ളത് ഗിന്നസ്‌ബുക്കുകാര്‍ക്കുപോലും അറിയാവുന്ന ഒരു രഹസ്യമാണ്. ആ സാമര്‍ത്ഥ്യം സ്വയം ആസ്വദിച്ച്, ആത്മപ്രശംസ ചെയ്തുകൊണ്ട് കിഴക്കേക്കണ്ടി രാമന്‍നായരുടെ കോക്കനട്ട് എസ്റ്റേറ്റിന്‍റെ അരമതിലിനെ ലക്ഷ്യമാക്കി വിട്ടടിച്ചു. മതില് ചാടിക്കടന്നപ്പോഴാണ്..
"പ്ധിം.." ഒരു ഭയങ്കര ശബ്ദം.
സിരകളില്‍ രക്തചംക്രമണം മലംബുഴ ഡാം തൊറന്നു വിട്ട പോലെ സ്പീഡുകൂടി. കാലുകള്‍ക്കൊരു സ്റ്റര്‍ട്ടിംഗ് ട്രബിള്‍.. താടിയെല്ലുകള്‍ കൂട്ടിയിടിച്ചു.
"കുലദേവതേ.." പെട്ടന്ന് രാമന്‍നായരും കുടുംബവും വെളിച്ചപ്പാടിന്‍റെ കോപ്രായങ്ങള്‍ നോക്കി വായും പൊളിച്ചു നിന്നിരുന്ന രംഗം ഓര്‍മ്മ വന്നു... അവരവിടേന്നു പോന്നാലും ഇങ്ങെത്താറായിട്ടില്ല. ഇതു പിന്നാരു്? നേരത്തേ കേട്ട ശബ്ദം വീണ്ടും..
ഇത്തവണ അത്ര പേടി തോന്നിയില്ല. ഒന്നു കൂടികേട്ടപ്പോള്‍.. ഹതെ! ചിരപരിചിതമായ തേങ്ങ നിപതിക്കുന്ന സംഗീതാത്മകമായ ശബ്ദം തന്നെ!
ഹെന്‍റമ്മേ.. നമുക്കൊരെതിരാളിയോ? കടുവയെ പിടിക്കുന്ന കിടുവയോ? ഏതുരംഗത്തും ഒരു എതിരാളി നല്ലതാണെന്നു കേട്ടിട്ടുണ്ട്. പക്ഷേ വളരെക്കാലത്തെ സേവനപാരംബര്യം ഉള്ളതുകൊണ്ട് പറയുകയാണ്.. ഈ തൊഴിലിലതു നല്ലതല്ല. എന്നാലും എന്നേക്കള്‍ മുന്പേ ഈ ദിവസത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കിയ വിരുതനെ ഒന്നു പരിചയപ്പെടണമല്ലോ.. മാത്രവുമല്ല ഇതു നമ്മുടെ ജൂറിസ്‌ഡിക്ഷനില്‍ പെട്ട ഏരിയയാണെന്ന് ലവനെ ഒന്നു മനസ്സിലാക്കിക്കൊടുക്കുകയും വേണം.
മതിലിനെ പിന്നിലാക്കി ഞാന്‍ മാര്‍ച്ചടിച്ചു. അടുത്തെത്തിയപ്പോള്‍.. കണ്ണുകളെ വിശ്വസിക്കാനെനിക്ക് സ്വല്‍പം പ്രയാസമുണ്ടായി.
അതേ. ഒരു ഭീമാകാരന്‍ പോത്തിന്‍റെ പിന്‍കാലില്‍ ചാരിയിരുന്ന് കരിക്കിന്‍ വെള്ളം മോന്തുകയാണൊരു വിരുതന്‍!
ആരാന്നല്ലേ? മി. കാലന്‍ തന്നെ! സാക്ഷാല്‍ യമധര്‍മ്മദേവന്‍! പറ്റുമെങ്കില്‍ വിശ്വസിച്ചാല്‍ മതി.
എന്‍റെ തൊണ്ട വറ്റിവരണ്ടു. ഞാന്‍ കുലദേവതയുടെ കാലില്‍ മുത്തമിട്ടു (മനസ്സില്‍!).
ഈ തണുത്ത രാത്രിയില്‍ എന്നെ ഉല്‍സവപ്പറംബില്‍നിന്നും ഇവിടേക്ക് ക്ഷണിച്ചു വരുത്തിയത് ഇതിനായിരുന്നോ?.. നമ്മടെ വിസ സ്റ്റാംപ് ചെയ്ത് കിട്ടാറായോ? ങ്ഹാ.. തലവര അതാണെങ്കില്‍ മായ്ച്ചാല്‍ പോകില്ലല്ലോ..
പതുക്കെ പുത്തി വര്‍ക്കു ചെയ്തുതുടങ്ങി. ഒന്നു സോപ്പിട്ടു നോക്കുകതന്നെ. കൈകൂപ്പിക്കൊണ്ട് ആ കറുത്ത 'പാദാരവിന്ദങ്ങളില്‍' നെടുങ്ങനെ വീണു. ആ പര്‍വ്വതാകാരനാകട്ടെ, പേടിച്ച ഒരു ഭാവത്തോടെ കയ്യിലിരുന്ന കരിക്കു താഴെയിട്ട് എണീറ്റു. സ്വല്‍പം ധൈര്യം എവിടെന്നോ വീണു കിട്ടിയപ്പോള്‍ ഞാനും പിടഞ്ഞെണീറ്റു.. ആ മുഖത്തപ്പോഴും പേടി മാറിയിരുന്നില്ല. നമ്മളെ പ്രതീക്ഷിച്ചല്ല ഇരിക്കുന്നതെന്നു മനസ്സിലായപ്പോള്‍ ധൈര്യം കൂടി.
"സാക്ഷാല്‍ യമധര്മ്മദേവന്‍ പോത്തിനാല്‍ അനുഗതനായി കിഴക്കേക്കണ്ടി രാമന്‍ നായരുടെ തെങ്ങിന്‍ തോട്ടത്തില്‍.."
ഞാനൊരു ഭക്തനാണെന്നു മനസ്സിലായപ്പോല്‍ ഭഗവാന്‍റെ ടെന്‍ഷന്‍ അല്‍പം കുറഞ്ഞു. ഒരു ദീര്‍ഘനിശ്വാസം അല്‍പം ദീര്‍ഘമായിത്തന്നെ വിട്ടു. പിന്നെ എളിയില്‍ നിന്ന് ഒരു കെട്ട് ദിനേശ് ബീഡി പുറത്തെടുത്തു.. ഹതെ!.. കണ്ണൂരിലെ സഖാക്കള്‍ തെറുത്തുണ്ടാക്കുന്ന അതേ ബീഡി തന്നെ! അതില്‍ നിന്ന് ഒരെണ്ണം എടുത്ത് ഉരുട്ടി പൊടിയുടെ ഡിസ്ട്രിബൂഷന്‍ ഈക്വലൈസ് ചെയ്ത് ചുണ്ടത്തു വെച്ചു തീ കൊളുത്തി. ഒന്നാഞ്ഞു വലിച്ചു പുക വിട്ട ശേഷം എന്‍റെ നേരെ നോക്കി.
"കലികാല വൈഭവം! അല്ലാതെന്ത്.." എന്ന ഭാവമായിരുന്നു മുഖത്ത്.
പുണ്ണില്‍ കുത്തി നോവിക്കണ ഒരു സൊഹമുണ്ടല്ലോ.. അതൊന്നു രുചിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.
"ഇപ്പോള്‍ മേലെക്ക് കരിക്കു സപ്ളൈ ഇല്ലെന്നുണ്ടോ ആവോ.."
അങ്ങേരു് ബീഡി തുപ്പിക്കളഞ്ഞു.
"ഒന്നും പറയണ്ട. ആ പരമന്‍ നമ്മെ ദഹിപ്പിച്ചു കളയും എന്നും പറഞ്ഞു നടക്കാണ്."
"പര.. മന്‍?"
"ങ്ഹാ.. പരമശിവന്‍"
"കഥയെന്തുണ്ടായി ആവോ?"
"ഹെന്തു പറയാന്‍! കലികാല വൈഭവം.. പാര്‍വ്വതീദേവിയുടെ മനോഹരബിംബം ഒന്നു നോക്കിപ്പോയതുതന്നെ കാര്യം"..
ഞാനുറക്കെ ചിരിച്ചുപോയി. ചിരി നിര്‍ത്താന്‍ കഴിയുന്നില്ല. കാലന്‍ ചാടി എന്‍റെ വായ പൊത്തിപ്പിടിച്ചു.
"തന്‍റെ കൊര കേട്ട് ആ രാമന്‍നായരെങ്ങാന്‍ പാഞ്ഞുവന്നാല്‍..!"
കയ്യില്‍ മരണത്തിന്‍റെ, പാതി വെന്ത പച്ചമാംസത്തിന്‍റെ..മണം.. ഞാനൊരു വിധത്തില്‍ പിടിവിടുവിപ്പിച്ചു.
ഇത്രയുമൊക്കെ ആയപ്പോഴാണ്. എന്നിലെ കര്‍ത്തവ്യ ദാഹം ഉണര്‍ന്നത്. ഇഹ പരലോകങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുവാനുള്ള അപൂര്‍വ്വാവസരം എനിക്ക്! ഈ ഇക്കണ്ടക്കുറുപ്പു മകന്‍ ഗോപാലന്! എന്നിലെ (നാട്ടുകാരു) ചങ്ങലക്കിട്ടു കിടത്തിയിരുന്ന ജേര്‍ണ്ണലിസ്റ്റ് ഉണര്‍ന്നു.
"എങ്കിലും ദേവാ.. എങ്ങനെ ഈ രാമന്‍നായരുടെ തോട്ടത്തില്‍ തന്നെ വന്നു പെട്ടു? നായരുടെ വിസ ഉടനെ ശെരിയാവുമോ?"
മറുപടിയില്ല. എതോ ചിന്തകളില്‍ തെണ്ടിത്തിരിയുകയാണ്.
"ഈ വയസ്സാംകാലത്ത് പാര്‍വ്വതീദേവിയുടെ നേരെ ഒരു കണ്ണ്.." ഞാനൊരു കള്ളച്ചിരി ചിരിച്ചു.
അപ്പഴാണ് അങ്ങോരുടെ കൈ അടുത്തു വെച്ചിരുന്ന കയറിന്‍റെ കെട്ടിലേക്കു നീങ്ങുന്നതും സന്തതസഹചാരി മി. പോത്തന്‍ പതുക്കെ എണീക്കാന്‍ തുടങ്ങിയതും കണ്ണില്‍ പെട്ടത്.
മതിലുകള്‍ നിമിഷനേരം കൊണ്ടു വഴിമാറുന്നതും കലുങ്കുകള്‍ കാലിനടിയിലൂടെ മിന്നിമാഞ്ഞതും ഓര്‍മ്മയുണ്ട്. പിന്നെയിതാ ഈ ഗവര്‍മ്മെണ്ടാശുപത്രി വരാന്തയില്‍ ഒടിഞ്ഞകാലുമായി കെടക്കുന്നതും.
രാമന്‍ നായര്‍ എന്നെ അന്വേഷിച്ച് രണ്ടുതവണ വന്നിരുന്നത്രേ.
നിങ്ങള്‍ക്കൊട്ടും വിശ്വാസം വന്നിട്ടുണ്ടാകില്ലെന്നെനിക്കറിയാം. ഞാന്‍ ഇതു പറയുംബോള്‍ തന്നെ അടുത്ത പായയില്‍ കിടക്കുന്ന മഹോദരക്കാരന്‍റെ കഴുതപ്പുലി കരയുന്നതു പോലെയുള്ള ചിരി എനിക്കു കേള്‍ക്കാം.. തരുണീമണികളായ നേഴ്സുമാര്‍ ചിരിച്ചു കൊണ്ട് സിറിഞ്ചില്‍ മരുന്നു നെറക്കാന്‍ പോകും.. എന്നെ മയക്കിക്കെടത്താന്‍!.
സമയം: 12:20 PM 9 പ്രതികരണങ്ങള്‍
Labels: ചളം