2008, മാർച്ച് 30, ഞായറാഴ്‌ച

'ഇങ്ക്വിലാബ്‌ സിന്ദാബാദ്‌'


വയറ്റത്തടിയേറ്റ പണിയാളന്‍ കൊടിയെടുത്തപ്പം
കൊടിക്കും പാടത്തിനും നിറം ചുവപ്പായി

ഇരിക്കപ്പൊറുതിയില്ലാത്ത കൊടി
കൈകള്‍ മാറിക്കയറി
കൈക്കോട്ടും* വിട്ട്‌ വായ്ക്കോട്ടമിടുന്നവന്‍റെ
അരമില്ലാക്കയ്യിലൂടെ ബെന്‍സിലും
അണ്‍പാര്‍ലമെന്‍ററി ജനാധിപത്യത്തിനു വശപ്പെട്ട്‌ മേടയിലും
മതേതരത്വപ്രീണനത്തിലൂടെ അരമനയിലും ചെന്ന്‌
മദ്യവും മദിരാക്ഷിയും തിന്ന്‌ മഞ്ഞയും
കസേരയും ഗ്രൂപ്പും കളിച്ച്‌ ത്രിവര്‍ണ്ണവും
പച്ചയുടെ കൊങ്ങായ്ക്കു പിടിച്ച്‌ കാവിയും
ആയി മോക്ഷം നേടി

പണിയാളാന്‍ ചെന്ന പണിയാളന്‍
നിറം കെട്ട ചെങ്കൊടി കുറുകെച്ചാടിയതു കണ്ട്‌
വയറ്റത്തടിച്ചു കരഞ്ഞു വിളിച്ചു
'ഇങ്ക്വിലാബ്‌ സിന്ദാബാദ്‌'

-----------------
*തൂംബാ, കൈക്കോട്ട്‌

2008, മാർച്ച് 25, ചൊവ്വാഴ്ച

പൊതിച്ചോറു്‌

ജീവിതപ്പാതയുടെ മൂന്നു വളവുകള്‌
താണ്ടിക്കഴിഞ്ഞപ്പോഴാണറിഞ്ഞത്
അച്ഛന്‍ കെട്ടിത്തന്ന
പൊതിച്ചോറത്രയും തീര്‍ന്നിരിക്കുന്നു

പാതയില്‍ ചതിപ്പാലത്തിന്‍റെ വിടവിലൂടെ
വീണൊടുങ്ങിപ്പോയില്ലെങ്കില്‍
ഇനി നടക്കാനുള്ള ചോറ്
ഞാന്‍ തന്നെ കണ്ടെത്തണം

വാധ്യാന്മാരു വില്ക്കുന്ന കുറേ
ചോറു ഞാനുണ്ടു
വഴിയില്‍ കണ്ടതും കൊണ്ടതും
വയറു നിറച്ചു
നടന്നദൂരത്തിനും അളന്നു കിട്ടി
നുള്ളിപ്പെറുക്കിയും കടംകൊണ്ടും
ഇന്നത്തേക്കുള്ള അന്നം തെകച്ച്‌
പള്ള നിറച്ചിരിക്കുംബോള്‍

ദാ, രണ്ടു കുഞ്ഞു വിശപ്പുകള്‌..

അവര്ക്ക്‌ ഞാന്‍ ചുരത്തിക്കൊടുക്കണ്ടേ?
ഞാന്‍ വീണിടത്തു വിട്ടിട്ടു
പോകാനുള്ളതും പൊതിഞ്ഞു കെട്ടേണ്ടേ?

സ്വയം നടക്കാന്‍ പഠിക്കുംബോഴേക്ക്‌
അവര്‍ സ്വയം നിറയ്ക്കാനും പഠിക്കുമായിരിക്കും

ഇങ്ങനെ അച്ഛനും സമാധാനിച്ചു കാണണം..

2008, മാർച്ച് 16, ഞായറാഴ്‌ച

ശല്യപ്പെടുത്തരുത്‌ പ്ളീസ്‌..

ഇവടെവിടൊക്കെയോ ഇട്ടാണവരെന്നെ വെട്ടിക്കൊന്നത്‌

ഒറ്റവെട്ടിനൊന്നും ചത്തില്ല ഞാന്‍
സംബൂര്‍ണ്ണ സാക്ഷരനായിപ്പോയില്ലേ
(കുടുംബത്തില്‍ പിറന്നോനായിപ്പോയില്ലേ)

മൊത്തം ഇരുനൂറ്റംബത്താറു വെട്ടുകള്‍
കണ്ടതിനൊക്കെ കുത്തുകള്‍
കേട്ടതിനൊക്കെ ചവിട്ടുകള്‍
അറിഞ്ഞതിനൊക്കെ കാര്‍ക്കിച്ചു തുപ്പുകള്‍

എന്നിട്ടും ചോരവാര്‍ത്തങ്ങനെ കിടന്നു ഞാന്‍
നടു റോഡില്‍.. മരിക്കാതെ..

ഒടുവില്‍ പത്രക്കാരു വന്നു
ടീവിക്കാരു വന്നു
സാംസ്കാരിക 'നായ'ന്‍മാരു വന്നു
എന്‍റെ ചെകിള പൊളിച്ചു നോക്കി
മരിച്ചെന്നു വിധിയെഴുതി

വീണ്ടും വായുവലിച്ചുകേറ്റി എണീറ്റുവരാതിരിക്കാന്‍
മൂക്കില്‍ പഞ്ഞി തിരുകി
ഒടിഞ്ഞ വാരിയെല്ലുകള്‍ക്കിടയില്‍
ഹൃദയം കിടന്നു പിടക്കാതിരിക്കാന്‍
കനമുള്ള പൂച്ചക്രങ്ങള്‍ കയറ്റി വെച്ചു

എന്നിട്ടവരു ഒരോ ബലികുടിരവും ബലിദാന മന്ദിരവും പണിതു
ഞാന്‍ ചുവപ്പായിരുന്നോ കാവിയായിരുന്നോന്നു തര്‍ക്കമായത്രെ
എഴുത്തെന്തായാലും ഒന്നായിരുന്നു:

'മലയാള മനസ്സാക്ഷി
ജനനം: ഇന്നലെ
മരണം: ഇന്ന്‌
റെസ്റ്റ്‌ ഇന്‍ പീസ്‌ (ശല്യപ്പെടുത്തരുത്‌ പ്ളീസ്‌..)'

2008, മാർച്ച് 14, വെള്ളിയാഴ്‌ച

വീണ്ടുമൊരു യാഗം

കണ്ണുനിറച്ചു വെച്ചു
കരളൊഴിച്ചു വെച്ചു
തിരിതെളിച്ചു വെച്ചു
ജപമുരുക്കഴിച്ചു
നേര്‍ച്ച വെച്ചു, പ്രദക്ഷിണം വെച്ചു
കവടി വെച്ചു, നോംബെടുത്തു

കൊതിച്ചതെല്ലാം കിളികൊത്തിപ്പോയ്‌
വെതച്ചതെല്ലാം കളയായും പോയ്‌
കണ്ണെത്തുന്നേടം മരുവായും പോയ്‌
കരളുരുകുന്നേരം നോവായും പോയ്‌
തെളിച്ച തിരി കെട്ടും പോയ്‌
ഉരിച്ച മന്ത്രമലച്ചും പോയ്‌

പഷ്ണികൊണ്ട്‌ തറ്റുടുത്ത്‌
പുണ്ണുകൊണ്ട്‌ കുറിവരച്ച്‌
വീഴ്ചകൊണ്ട്‌ കളമൊരുക്കി
ആധികൊണ്ട്‌ കനലൊരുക്കി
വീണ്ടുമൊരു യാഗം തുടങ്ങി..
തലവര മാറ്റാന്‍..!

2008, മാർച്ച് 9, ഞായറാഴ്‌ച

ഒരിത്തിരി നേരം കൂടി

ഈ മങ്ങിത്തുടങ്ങുന്ന വെളിച്ചക്കീറിലൂടെ
ഞാന്‍ കാണുന്നത്‌ നിന്‍റെ കുഞ്ഞു മുഖമാണ്..
നെഞ്ചില്‍ത്തട്ടുന്നത്‌ നിന്‍റെ ഇളം കയ്യിലെ ചൂടും

വിടരാന്‍ വെംബുന്ന നിന്‍റെ ചിറകുകളെ
വിറക്കുന്ന ഈ കട്ടിലിനടിയില്‍
കണ്ണടച്ചുണ്ടാക്കിയ ഇരുട്ടിന്‍റെ കരിംബടത്തിനടിയിലാണ്‌
ഞാനൊളിച്ചുവച്ചിരിക്കുന്നത്‌

ശരീരത്തിനുമപ്പുറത്തായി കിടക്കുംപോള്‍
നിന്‍റെ തൊണ്ട വരളുന്നതാണോര്‍ക്കുന്നത്
ആരൊക്കെയോ എച്ചിലാക്കിയ മുലക്കണ്ണുകള്‍
ചോര നിറമുള്ള പാലു ചുരത്തുന്നു

ഒരിക്കല്‍ ഞാനുണ്ടാക്കിയ കൊക്കൂണു പൊട്ടിച്ച്‌
ആ വെളിച്ചക്കീറില്‍ നീ അലിഞ്ഞുപോകുമെന്നെനിക്കറിയാം
അതുവരെ, എന്‍റെ ഞാനല്ലായ്മയുടെ ഒരു കുഞ്ഞുമൂലയ്ക്ക്‌
നിന്നെ ഞാനൊളിച്ചു വെക്കട്ടെ, ഒരിത്തിരി നേരം കൂടി.